Friday, January 20, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 11)

ആശ്ചര്യവത് പശ്യതി കശ്ചിദേനം 
ആശ്ചര്യവത് വദതി തഥൈവ ചാന്യ: 
ആശ്ചര്യവച്ചൈനമന്യ: ശൃണോതി 
ശൃത്വാപ്യേനം വേദ ന  ചൈവ കശ്ചിത്  (ശ്ലോകം: 2 :29) 

(ഒരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ കാണുന്നു. അപ്രകാരം തന്നെ മറ്റൊരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ പറയുന്നു. വേറൊരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുവെന്നപോലെ കേൾക്കുന്നു. കേട്ടാലും (കണ്ടാലും, പറഞ്ഞാലും) ആരും തന്നെ ആത്മാവിനെ സൂക്ഷ്മമായി അറിയുന്നില്ല)

നമുക്കു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു വസ്തുവിനെ, അല്ലെങ്കിൽ ഒരു പ്രകടനത്തെ, യദൃശ്ചയാ കാണുമ്പോഴാണ് നമ്മിൽ ആശ്ചര്യം എന്ന വികാരം ജനിക്കുന്നത്. ആത്മാവിനെക്കുറിച്ചു നമ്മൾ ധാരാളം ചർച്ച ചെയ്തു കഴിഞ്ഞു. ഇന്ദ്രിയങ്ങളെ പ്രവർത്തനക്ഷമമാക്കുന്ന ആത്മാവിനെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നതല്ല എന്ന് നാം കണ്ടു കഴിഞ്ഞു. അപ്പോൾ പിന്നെ "ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ കാണുന്നു" എന്ന് പറയുന്നതിന്റെ താത്പര്യം എന്താണ്? 'കാണുന്നു' എന്നിവിടെ പറഞ്ഞിരിക്കുന്നതിനെ 'ചിന്തിക്കുന്നു' എന്നു കരുതിയാൽപ്പോലും ആത്മാവിനാൽ മാത്രം സചേതനമാകുന്ന മനസ്സുകൊണ്ടുള്ള ഈ 'ചിന്ത'യ്ക്കും അതീതനാണ് ആത്മാവെന്നു നേരത്തെ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് (ശ്ലോകം 25) അതും ശരിയാകില്ല. ചുരുക്കത്തിൽ ഇന്ദ്രിയാതീതനായ, കാഴ്ചക്കും കേൾവിക്കും വാക്കിനുമൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത ആത്മാവ് എന്ന് നേരത്തെ പറഞ്ഞത് മറ്റൊരു വിധത്തിൽ ഇവിടെ പറയുന്നുവെന്നേയുള്ളൂ എന്നു കരുതാം. ആത്മസാക്ഷാത്ക്കാരം നേടിയിട്ടുള്ള തത്വദർശികൾ ആത്മമഹിമയെ പുരാണേതിഹാസങ്ങളിൽ വർണ്ണിക്കുന്നുണ്ട്. ശരീരാദ്യുപാധികളുടെ പിടിയിൽ നിന്നും വിട്ടകന്ന് പൂർണ്ണസ്വതന്ത്രനായി ആത്മചൈതന്യത്തെ അനുഭവിച്ചിട്ടുള്ള ആ മഹാത്‌മാക്കൾക്കുണ്ടായ ആശ്ചര്യമാകാം അവർ പങ്കുവച്ചിരിക്കുന്നത്. പക്ഷേ അതെല്ലാം തന്നെ സാധാരണ ജനങ്ങളുടെ ചിന്തക്കതീതമായ കാര്യങ്ങളാണ്. അങ്ങിനെ നമ്മുടെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഒന്നും കൊണ്ട് ഗ്രഹിക്കാൻ കഴിയാത്ത ഒരു വസ്തുവിനെ ആശ്ചര്യത്തോടെയല്ലാതെ പിന്നെയെങ്ങിനെയാണ് നോക്കിക്കാണാൻ നമുക്കു കഴിയുക? അതേപ്പറ്റി ആശ്ചര്യത്തോടെയല്ലാതെ എങ്ങിനെയാണ് കേൾക്കാൻ കഴിയുക? പറയാൻ കഴിയുക? 'കുരുടൻ ആനയെ കാണുന്ന' പോലെ മനുഷ്യർ ആത്മാവിനെയും 'കാണുന്നു'വെന്നു മാത്രം. തന്റെ അറിവിന്റെ ഉപകരണങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ആ പൂർണ്ണവസ്തു, അപൂർണ്ണനായ മനുഷ്യനിൽ ആശ്ചര്യം ജനിപ്പിച്ചില്ലെങ്കിലല്ലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ!   

ദേഹീ നിത്യമവധ്യോയം ദേഹേ സർവസ്യ ഭാരത:
തസ്മാത്സർവ്വാണി ഭൂതാനി ന ത്വം ശോചിതുമർഹസി  (ശ്ലോകം: 2:30)

(അർജ്ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി വധിക്കപ്പെടത്തക്കവനല്ല. അതുകൊണ്ടു യാതൊരു പ്രാണിയെപ്പറ്റിയും നീ വ്യസനിക്കേണ്ടതില്ല)


അർജ്ജുനന്റെ വിഷാദചിന്തകൾക്കുള്ള പരിഹാരമാർഗ്ഗമായി, 11-)o ശ്ലോകത്തിൽ തുടങ്ങിയ താത്വികമായ ഉപദേശങ്ങളെ കൃഷ്ണൻ ഈ 30-)o ശ്ലോകത്തോടു കൂടി ഉപസംഹരിക്കുകയാണ്. ജഡ വസ്തുക്കളായ ശരീര-മനോ-ബുദ്ധികളല്ല; ഇവയെയൊക്കെ തന്നെ പ്രവർത്തനക്ഷമമാക്കുന്ന നിത്യനായ ആത്മാവാണ് മനുഷ്യരെന്നും എല്ലാ ജീവജാലങ്ങളിലും കുടി കൊള്ളുന്നത് ഈ ആത്മാവ് തന്നെയാണെന്നും ആത്മാവിന്റെ കേവലമായ ആവരണം മാത്രമാണ് ജഢമായ ശരീരമെന്നും സദ്വസ്തുവായ ആത്മാവിനെ ഒന്നിനും തന്നെ നശിപ്പിക്കാൻ കഴിയില്ല എന്നും നേരത്തെ പറഞ്ഞത് "ആയതിനാൽ ഒരു പ്രാണിയെയും നശിപ്പിക്കാൻ ആർക്കും തന്നെ കഴിയില്ലെന്നും അതുകൊണ്ട് ഭീക്ഷ്‌മ-ദ്രോണർ തുടങ്ങി താഴേക്കിടയിലുള്ള യാതൊരു പ്രാണിയുടെയും ജീവനെക്കുറിച്ചോർത്തു അർജ്ജുനൻ വ്യസനിക്കേണ്ടതില്ലെന്നും" പറഞ്ഞുകൊണ്ട് കൃഷ്ണൻ ഉപസംഹരിക്കുകയാണീ ശ്ലോകത്തിൽ. 

ആത്മാവിന്റെ മേൽപ്പറഞ്ഞ സവിശേഷതകൾ കാരണം ബന്ധുജനങ്ങളെ കൊല്ലേണ്ടിവരും എന്ന അർജ്ജുനന്റെ ചിന്ത ആസ്ഥാനത്താണെന്നും, ആയതിനാൽ തന്നെ ശങ്ക കൂടാതെ ബാദ്ധ്യസ്ഥമായ യുദ്ധം ചെയ്തോളൂ എന്നും കൃഷ്ണൻ ഉപദേശിച്ചു കഴിഞ്ഞു. താത്വിക തലത്തിലുള്ള ഈ ഉപദേശം കൊണ്ട് അർജ്ജുനൻറെ വിഷാദചിത്തത്തിനിളക്കം വരുന്നില്ലെന്നു കണ്ടതിനാലാകാം,  കൃഷ്ണൻ ഇടയ്ക്കൊന്നു താഴോട്ടിറങ്ങി, ഭൗതികതലത്തിലേക്കും ഉപദേശത്തെ കൊണ്ടുപോയി; ജനിച്ചാൽ മരിക്കും എന്ന എല്ലാവർക്കു അറിയാവുന്ന സത്യത്തിൽ വിശ്വസിച്ചാലും അർജ്ജുനന് ദു:ഖിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു നോക്കി. എന്നിട്ടും അർജ്ജുനനിളക്കം വരുന്നില്ലെന്നു തോന്നുന്നു. കർത്തവ്യവിമുഖതയിൽ ഉറച്ചു നിൽക്കുന്ന അർജ്ജുനനെ (എല്ലാ മനുഷ്യരെയും) മറിച്ചു ചിന്തിപ്പിക്കാനായി കൃഷ്ണൻ ഇനി മറ്റു വഴികളിലൂടെയുള്ള  ഉപദേശം തുടരുകയാണ്. അർജ്ജുന വിഷാദത്തിനുള്ള പരിഹാരമായി പ്രശ്നത്തെ ആദ്യം വേദാന്തതത്വചിന്തയുടെ ഔന്നിത്യത്തിൽ വീക്ഷിച്ച കൃഷ്ണൻ അവിടെ നിന്നും ഭൗതിക തലത്തിലേക്കും പിന്നെ അവിടവും വിട്ട് സാധാരണ മനുഷ്യരുടെ ചിന്താതലത്തിലേക്കും ഇറങ്ങി വരുന്നതായാണ് കാണുന്നത്. തികച്ചും പ്രയോഗികമായതും ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതുമായ ഭാഷയിലാണിനി ഭഗവാൻ സംസാരിക്കുന്നത്.

 സ്വധർമ്മമപി ചാവേക്ഷ്യ ന വികമ്പിതുമർഹസി 
 ധർമ്മ്യാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷതിയസ്യ ന വിദ്യതേ (ശ്ലോകം: 2 :31)

(സ്വധർമ്മത്തെക്കുറിച്ചു ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാൽ ക്ഷത്രിയന് ധർമ്മ്യമായ യുദ്ധത്തിനെക്കാൾ ശ്രേയസ്‌ക്കരമായി മറ്റൊന്നുമില്ല)

യദൃച്ഛയാ ചോപപന്നം സ്വർഗ്ഗദ്വാരമപാവൃതം 
സുഖിനഃ ക്ഷത്രിയാഃ ലഭന്തേ യുദ്ധമീദൃശം  (ശ്ലോകം: 2 :32) 

(ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നു കിട്ടിയ സ്വർഗ്ഗവാതിൽ പോലെയാണ്. ഹേ, അർജ്ജുനാ, ഭാഗ്യവാന്മാരായ ക്ഷത്രിയർക്കു മാത്രമാണ് ഈ വിധത്തിലുള്ള യുദ്ധം ലഭിക്കുന്നത്) 

അർജ്ജുനാ, ഇനി സ്വധർമ്മത്തെക്കുറിച്ചാലോചിച്ചാലും നിനക്കിങ്ങനെയൊരു ദുഖത്തിന് കാരണമില്ല. നീ ക്ഷത്രിയനാണ്. രാജ്യരക്ഷയും പ്രജാരക്ഷയും ക്ഷത്രിയധർമ്മമാണ്. അതിനായി വേണ്ടിവരുന്ന യുദ്ധത്തിനേക്കാൾ ശ്രേയസ്കരമായി മറ്റെന്താണ് ക്ഷത്രിയനുള്ളത്? ഒന്നും തന്നെയില്ല. എല്ലാ യുദ്ധങ്ങളും ധർമ്മസംസ്ഥാപനത്തിനു വേണ്ടിയുള്ളതായിരിക്കില്ല. അധികാരത്തിനും പകപോക്കലിനുമൊക്കെയാണ് പലപ്പോഴും യുദ്ധങ്ങൾ നടക്കുന്നത്. പക്ഷെ ഈ യുദ്ധം അങ്ങിനെയുള്ളതല്ല, അധർമ്മത്തെ തോൽപ്പിച്ചു, ധർമ്മത്തെ പുനഃ സ്ഥാപിക്കാനായി നടക്കുന്ന ഒരു മഹായുദ്ധമാണിത്. അധാർമ്മിക പ്രവർത്തികളിലൂടെ മാതൃരാജ്യത്തിന്റെ ക്ഷേമവും സമാധാനവും നശിപ്പിച്ചു, അതിന്റെ യശസ്സിനു കളങ്കമേൽപ്പിക്കുകയാണ് കൗരവർ ചെയ്തത്. ആ അധാർമ്മികതയോട് പൊരുതി രാജ്യത്തെ രക്ഷിക്കാൻ നിനക്ക് കിട്ടുന്ന മഹാഭാഗ്യമാണീ യുദ്ധം. സാധാരണ ക്ഷത്രിയയോദ്ധാക്കളോടല്ല, നിന്നെപ്പോലെ തന്നെ വീരശൂരപരാക്രമികളായ അനേകം ക്ഷത്രിയവീരന്മാരോടാണ് നീ ഈ ധർമ്മയുദ്ധത്തിൽ പൊരുതി ജയിക്കാൻ പോകുന്നത്. മഹാഭാഗ്യവാനായ ഒരു ക്ഷത്രിയന് മാത്രമേ ഇതുപോലൊരു യുദ്ധം ചെയ്യാനുള്ള ഭാഗ്യം സിദ്ധിക്കൂ. പ്രത്യേകിച്ച് പരിശ്രമമൊന്നും കൂടാതെ, അപ്രതീക്ഷിതമായി, സ്വർഗ്ഗവാതിൽ മുൻപിൽ തുറക്കപ്പെടുകയാണെങ്കിൽ മനുഷ്യർക്ക് എത്ര സന്തോഷമാകും ഉണ്ടാവുക? അതുപോലെയുള്ള സന്തോഷമാണ് ഈ യുദ്ധം നിന്നിലും ഉളവാക്കേണ്ടത്; അല്ലാതെ നീയിപ്പോൾ കാണിക്കുന്ന ഈ മൗഢ്യവും കർത്തവ്യവിമുഖതയുമല്ല. ഇതു മനസ്സിലാക്കാതെ, ബാദ്ധ്യസ്ഥമായ ഈ ധാർമ്മിക യുദ്ധത്തിനോട് നീ മുഖം തിരിച്ചു നിന്നാൽ  നിനക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാമോ?

എന്തായിരിക്കും അത്? പറയാം, അടുത്തയാഴ്ചയാട്ടെ! 

1 comment:

  1. Wonderful message.It is also a call to its readers to fight against the Adharmas of the present day society in their own means and our inactivity may land us in an inferno..

    ReplyDelete