Friday, March 3, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 17)

കഴിഞ്ഞ ഭാഗത്തിൽ 2: 42 മുതൽ 2: 44 വരെയുള്ള ശ്ലോകങ്ങളാണ് പഠിച്ചത്. ഈ മൂന്നു ശ്ലോകങ്ങളുടെയും അതിനു മുൻപിലെ കർമ്മയോഗത്തെ സംബന്ധിക്കുന്ന മറ്റു ശ്ലോകങ്ങളുടെയും ആത്യന്തികമായ താത്പര്യം ഇതാണ്; ഫലേച്ഛ കൂടാതെ ചെയ്യുന്ന കർമ്മം മഹത്തരമാണ്. അതിനായിട്ടാണ് മനുഷ്യർ ശ്രമിക്കേണ്ടത്. ഭാഗ്യം വാഗ്ദാനം ചെയ്യുന്ന പലവിധ പ്രലോഭനങ്ങൾ ചുറ്റിലുമുണ്ടാകും. ഈശ്വരസാക്ഷാത്ക്കാരം ലക്ഷ്യമാക്കുന്നവർ ഈ പ്രലോഭനങ്ങളിലൊന്നും ചെന്നു വീണ് ജീവിതം നരകസമാനമാക്കരുത്. സ്വാർത്ഥമോഹപ്രേരിതമായ കർമ്മം ആത്മസംതൃപ്തി നൽകില്ല, ആത്മസംഘർഷമേ നൽകൂ. ഒന്നും തന്നെ വെറുതെ കിട്ടില്ല. അർപ്പണ മനോഭാവത്തോടെയുള്ള കർമ്മമാണാവശ്യം. ഈശ്വരാർപ്പിതമായ നിഷ്ക്കാമകർമ്മമാണ്‌ ആനന്ദത്തിന്റെ ആണിക്കല്ല്.

ഇനി ചിന്തിക്കാം, ഈ ഭഗവത്‌ ഗീതാ സന്ദേശം വച്ചു നോക്കിയാൽ നമ്മുടെ അദ്ധ്യാത്മികനിലവാരം എന്താണ് ? ഭഗവത് ഗീത എഴുതിയ കാലഘട്ടത്തിലെ സമൂഹത്തിന്റെ അപഥസഞ്ചാരങ്ങളെയാണ് മുകളിൽ പരാമർശിച്ച മൂന്നു ശ്ലോകങ്ങളിലും ഗീതാകാരൻ വിമർശിക്കുന്നതെങ്കിലും, മനുഷ്യന്റെ സ്വാർത്ഥതക്കും അതൊക്കെ നേടിയെടുക്കാൻ ഈശ്വരനെ കൂട്ടുപിടിക്കാം എന്നുമുള്ള വ്യാമോഹത്തിനും ഇന്നും കുറവൊട്ടും വന്നിട്ടില്ല. നമ്മുടെ ആരാധനാസമ്പ്രദായങ്ങളിലത്രയും നിഴലിക്കുന്നത് സ്വാർത്ഥതയാണ്. പ്രാർത്ഥനകളും വഴിപാടുകളും എല്ലാം തന്നെ സ്വാർത്ഥലാഭങ്ങൾ നേടാൻ വേണ്ടിയുള്ളതാണ്. ഗീത കാണിച്ചു തന്ന വഴിയിലൂടെയാണോ നാം നടക്കുന്നത്? സ്വാർത്ഥലക്ഷ്യങ്ങളോടെയല്ലാതെ, ഇത്രയെങ്കിലും സുഖത്തോടെയും സന്തോഷത്തോടെയും ഭൂമിയിൽ ജീവിക്കാനുള്ള ഭാഗ്യം കിട്ടിയതിന് ഈശ്വരനു നന്ദി രേഖപ്പെടുത്തിക്കൊണ്ടു പൂജകളും വഴിപാടുകളും ദാനങ്ങളും കർമ്മങ്ങളും ചെയ്യാൻ നമുക്കാവുന്നുണ്ടോ? അതാണ് ലളിതമായിപ്പറഞ്ഞാൽ ഭഗവത് ഗീത പറയുന്ന കർമ്മയോഗം. ഭഗവത് ഗീതയാണ് നമ്മുടെ പ്രമാണഗ്രന്ഥമെങ്കിൽ നാം നമ്മുടെ കർമ്മങ്ങളുടെയും പ്രാർത്ഥനകളുടെയും ചിന്തകളുടെയും ശൈലി തന്നെ മാറ്റേണ്ടിയിരിക്കുന്നു. പ്രകൃതിയിൽ നിന്നും അകന്നുമാറിക്കൊണ്ടിരിക്കുന്ന നമ്മൾ പ്രകൃതിയിലേക്ക് കൂടുതലായി അടുക്കേണ്ടിയിരിക്കുന്നു. ഇനി വരുന്ന ഭാഗങ്ങളിൽ ഇതേക്കുറിച്ചൊക്കെ ഗീത വിശദമാക്കുന്നുതു നമ്മൾ പഠിക്കും.      

ശരി, നമുക്കിനി അടുത്ത ശ്ലോകത്തിലേക്കു കടക്കാം.

ത്രൈഗുണ്യ വിഷയാ വേദാ: നിസ്‌ത്രൈഗുണ്യോ ഭവാർജ്ജുനാ
നിർദ്വന്ദോ നിത്യസത്വസ്ഥ: നിര്യോഗക്ഷേമ ആത്മവാൻ (ശ്ലോകം 2:45)

(വേദങ്ങൾ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങൾ ഗണിക്കാത്തവനും ആത്മനിഷ്ഠനുമായിത്തീരുക)


നശ്വരമായ ഈ പ്രപഞ്ചവും മനസ്സും ബുദ്ധിയുമെല്ലാം തന്നെ സത്വരജസ്തമോഗുണങ്ങളിൽ നിന്നുണ്ടായതാണെന്നു മുൻപു നമ്മൾ പഠിച്ചതാണ്. തമോഗുണം മാന്ദ്യത്തെയും ചിന്തയില്ലായ്മയെയും രജോഗുണം ആസക്തിയെയും ചുറുചുറുക്കിനെയും സത്വഗുണം അനാസക്തിയെയും ശാന്തിയെയും പ്രതിനിധാനം ചെയ്യുന്നു. എല്ലാവരിലും ഈ മൂന്നുഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ സമ്മേളിക്കുന്നു. വേദങ്ങളിൽ (വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ എന്നു വിവക്ഷ) പറയുന്ന വിധികളെല്ലാം തന്നെ ഈ ത്രിഗുണാത്മികമായ ഭൗതികവിഷയങ്ങൾ മാത്രമാണ്. ഈശ്വരസാക്ഷാത്ക്കാരത്തിനാഗ്രഹിക്കുന്നവർ വേദങ്ങളുടെ ഈ ത്രിഗുണാത്മകമായ തലം കടന്ന് അതിനപ്പുറമുള്ള ആത്മതലത്തിൽ (trans-satvic state) എത്തിച്ചേരേണ്ടതുണ്ട്. ആത്മീയതലത്തിൽ ഉയരണമെന്നാഗ്രഹിക്കുന്നവർ വേദങ്ങൾ വിധിക്കുന്ന ആചാരാനുഷ്ഠാനങ്ങളിലും അതുകൊണ്ടുണ്ടാകുമെന്നു ചിന്തിക്കുന്ന ഗുണദോഷഫലങ്ങളിലൊന്നുമല്ല ശ്രദ്ധിക്കേണ്ടത്; ആത്മജ്ഞാനപരമായ വേദാന്തത്തിലായിരിക്കണം എന്നു സാരം. പാർത്ഥാ, നീ അതിനായി ശ്രമിക്കൂ എന്നാണു കൃഷ്ണൻ പറയുന്നത്. ആത്മജ്ഞാനിക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയാണെന്നാണ് ഭഗവാൻ അർജ്ജുനനെ ഓർമ്മിപ്പിക്കുന്നത്. ആത്മജ്ഞാനി, സത്യനിഷ്ഠനും ആത്മനിഷ്ഠനും വിപരീതഭാവങ്ങളെ സമമായി കാണുന്നവനും യോഗക്ഷേമങ്ങളിൽ താത്പര്യമില്ലാത്തവനും ആകണം.  ഈ വിഷയങ്ങളെക്കുറിച്ചൊക്കെ മുൻപു നമ്മൾ വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്. കൈവശമില്ലാത്തതിനെ സമ്പാദിക്കുന്നതു യോഗം. കൈവശമുള്ളതിനെ സംരക്ഷിക്കുന്നതു ക്ഷേമം. അപ്പോൾ യോഗക്ഷേമം എന്നാൽ  acquisition & preservation എന്നർത്ഥം. ഈശ്വരസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നവർ ഇവ രണ്ടിലും അതിരുകടന്ന ആഗ്രഹം വച്ചു പുലർത്തരുതത്രെ.

യാവാനർത്ഥ ഉദപാനേ സർവ്വത: സംപ്ലൂതോദകേ
താവാൻ സർവേഷൂ വേദേഷൂ ബ്രാഹ്മണസ്യ വിജാനത: (ശ്ലോകം 2:46)

(എല്ലായിടവും വെള്ളം നിറഞ്ഞിരിക്കുമ്പോൾ  കിണറുകൊണ്ട് എന്തു പ്രയോജനമുണ്ടാകുമോ അത്രയ്ക്ക് പ്രയോജനമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളെല്ലാം കൊണ്ടും ഉണ്ടാവുകയുള്ളൂ)  

കിണർ കുഴിക്കുന്നത് വെള്ളമെടുക്കാനാണ്. വെള്ളപ്പൊക്കം വന്നെല്ലായിടവും വെള്ളം നിറഞ്ഞു കഴിഞ്ഞാൽ പിന്നെ കിണറുകൊണ്ടെന്തു പ്രയോജനം? ഇതുപോലെയാണ് ബ്രഹ്മജ്ഞാനിക്ക് വേദങ്ങൾ കൊണ്ടുള്ള പ്രയോജനവും. വെള്ളത്തിനായി കിണറു കുഴിക്കണം എന്നപോലെ ജ്ഞാനമുണ്ടാകാനായി വേദങ്ങൾ  പഠിക്കണം. വേദങ്ങളെ ശരിയാംവണ്ണം പഠിച്ചു, ബ്രഹ്മജ്ഞാനം നേടിക്കഴിഞ്ഞാൽ പിന്നെ വേദങ്ങളെക്കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാനില്ല തന്നെ. വിദ്യ പഠിക്കുന്നതിനാണ് ഗ്രന്ഥങ്ങളുടെ ആവശ്യം വരുന്നത്. വിദ്യ ശരിക്കും പഠിച്ചു കഴിഞ്ഞാൽ പിന്നെ ആ ഗ്രന്ഥങ്ങളെക്കൊണ്ടു പഠിച്ചവനു യാതൊരു പ്രയോജനവും ഇല്ല തന്നെ. കുട്ടിയായിരിക്കുമ്പോൾ എഞ്ചുവടി ഉപയോഗിച്ച് ഗുണനവും ഹരണവുമൊക്കെ പഠിക്കും. പക്ഷേ ബിരുദമെടുത്തയാളിന് എഞ്ചുവടിയുടെ ആവശ്യമുണ്ടോ?

ഇവിടെ ഇതു പറയുന്നതിന്റെ സാംഗത്യമെന്താണ്? ത്രിഗുണാത്മകമായ, അതായത് ഭൗതികതലത്തിലുള്ള, വിഷയങ്ങളെക്കുറിച്ചാണ് വേദങ്ങൾ പറയുന്നതെന്നും അവിടം വിട്ട് അതിനു മുകളിലുള്ള ആത്മീയതലത്തിലേക്കാണ് അർജ്ജുനൻ പോകേണ്ടതെന്നുമാണല്ലോ കഴിഞ്ഞ ശ്ലോകത്തിൽ പറഞ്ഞത്. വേദങ്ങളും ധർമ്മശാസ്ത്രങ്ങളും പറയുന്നതൊക്കെ വിശ്വസിച്ചു നരകാദിഭയങ്ങളും പേറി, വിഷാദചിത്തനായി, ബാദ്ധ്യസ്ഥമായ കർമ്മം ചെയ്യാൻ മടിക്കുന്ന അർജ്ജുനനോടാണ് കൃഷ്ണൻ ഇപ്പറയുന്നതെന്നോർക്കണം. വികാരതലത്തിൽ നിൽക്കുന്നവരെയാണ് ഇങ്ങനെയൊക്കെയുള്ള ഭയാശങ്കകൾ അലട്ടുന്നത്. ആത്മീയതലത്തിൽ സമബുദ്ധിയോടെ നിലകൊണ്ടാൽ ഇമ്മാതിരി ചിന്തകൾക്ക് മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിയില്ല. പാർത്ഥാ, ആത്മജ്ഞാനമെന്ന സമുദ്രം നിന്നിലാകെ നിറഞ്ഞു കഴിഞ്ഞാൽ പിന്നെ വേദങ്ങളിൽ നിന്നും നീയാർജ്ജിച്ച അറിവുകളാകുന്ന കിണറ്റുവെള്ളവും അതു നിന്നിലുളവാക്കുന്ന വിഷാദചിന്തകളും അപ്രസക്തമായിക്കൊള്ളും. നിന്നിലെ ബോധത്തെ, ആത്മീയതയെയാണ്‌ ഉണർത്തേണ്ടത്; അതു സംഭവിച്ചാൽ നിന്നെ കർമ്മവിമുഖനാക്കുന്ന ഇവ്വിധ ചിന്തകളെല്ലാം താനേ അടങ്ങിക്കൊള്ളും.

Saturday, February 25, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 16)

കഴിഞ്ഞ ഭാഗത്തിൽ തുടങ്ങിവച്ച ശ്ലോകത്തെ വിശദമായി മനസ്സിലാക്കാൻ ഇന്നു ശ്രമിക്കാം.

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യദസ്തീതി വാദിനഃ                   (2 : 42)
കാമാത്മാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി        (2 : 43) 
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാത്മികാ ബുദ്ധി: സമാധൗ ന വിധീയേതേ       (2 : 44)  

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് വാദിക്കുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു പുനർജന്മമാകുന്ന കർമ്മഫലത്തെ കൊടുക്കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തേയും ലക്ഷ്യമാക്കിയുള്ളതുമായ അനേകം സകാമകർമ്മങ്ങളെ പ്രദിപാദിക്കുന്ന വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി സംഭവിക്കുന്നില്ല).

ഈ ശ്ലോകങ്ങൾ വെളിച്ചം വീശുന്നത് ഭഗവദ് ഗീത എഴുതപ്പെട്ട കാലത്തെ സാമൂഹിക വ്യവസ്ഥിതിയിലേക്കാണ്. വേദങ്ങളെ അടിസ്ഥാന പ്രമാണമാക്കിയുള്ള മതം മാത്രമായിരുന്നു അന്നു ഭാരതത്തിൽ ഉണ്ടായിരുന്നത്. വേദങ്ങൾക്കു കർമ്മകാണ്ഡം (ritualistic ceremonies), ഉപാസനാകാണ്ഡം (devotional section), ജ്ഞാനകാണ്ഡം (knowledge section) എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ടെന്നും ഈ ഭാഗങ്ങൾ പ്രതിപാദിക്കുന്ന കാര്യങ്ങളെന്തൊക്കെയാണെന്നും ഇതൊക്കെ ഭഗവദ് ഗീതയുടെ പശ്ചാത്തലമാകുന്നത് എങ്ങനെയാണെന്നും മറ്റുമുള്ള പൊതുവായ കാര്യങ്ങൾ ഈ ലേഖനപരമ്പരയുടെ ആമുഖത്തിൽ (ഭാഗം 2 & 3) വിശദീകരിച്ചിരുന്നു. പല തരത്തിലുള്ള ഭൗതികസുഖഭോഗങ്ങൾ നേടാനും സ്വർഗ്ഗപ്രാപ്തി വരെ ലഭിക്കാനും വേണ്ടി ചെയ്യേണ്ട യജ്ഞാദികർമ്മങ്ങളെ വിശദീകരിക്കുന്ന വേദഭാഗമാണ് കർമ്മകാണ്ഡം. വേദപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ, ധർമ്മശാസ്ത്രങ്ങൾ രചിച്ചു, സമൂഹത്തിൽ ചാതുർവർണ്യം നടപ്പിലാക്കി, വേദങ്ങൾ പഠിക്കാനും പ്രയോഗിക്കാനുമുള്ള അർഹത വൈദികമതത്തിലുള്ളവർക്കു മാത്രമായി നീക്കിവയ്ക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. അങ്ങിനെ വേദാധികാരികളായിത്തീർന്ന വൈദിക ബ്രാഹ്മണർ, വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറയുന്ന സ്വർഗ്ഗപ്രാപ്തി ഉൾപ്പെടെയുള്ള സുഖഫലങ്ങളിൽ കണ്ണുംനട്ട് യാഗങ്ങളിലും ഹോമങ്ങളിലും യജ്ഞങ്ങളിലും മുഴുകിക്കഴിഞ്ഞതിനെയാണ് ഗീതാകാരൻ ശ്ലോകം 42 - 44ൽ പരിഹസിക്കുന്നത്. വേദത്തിന്റെ കർമ്മകാണ്ഡത്തിലെ പ്രസ്താവങ്ങൾ അർത്ഥരഹിതമായ കോമളപദാവലികൾ മാത്രമാണെന്നും അതൊക്കെ വിശ്വസിച്ചു കഴിഞ്ഞു കൂടുന്നവർ മൂഢസ്വർഗ്ഗത്തിലാണു ജീവിക്കുന്നതെന്നും അവർക്കതൊന്നും തന്നെ കിട്ടുകയില്ല എന്നു മാത്രമല്ല, സ്വാർത്ഥപരമായ വിഷയങ്ങളിൽ മാത്രം അവരുടെ മനസ്സു വ്യാപാരിക്കയാൽ ഈശ്വരസാക്ഷാത്ക്കാരത്തിനനുപേക്ഷണീയമായ ഏകാഗ്രത മനസ്സിനു ലഭിക്കാതെ ഈശ്വരനിൽ നിന്നും അവർ അകന്നു പോകുകയും ചെയ്യുന്നു എന്നുമാണ് കൃഷ്ണൻ പറഞ്ഞിരിക്കുന്നത്. ഒരുവന്റെ ജന്മത്തിന്റെ ശ്രേഷ്ഠതയല്ല, മറിച്ച്, കർമ്മത്തിന്റെ സ്വഭാവമാണ് അവനെ ഈശ്വരനിലേക്ക് അടുപ്പിക്കുകയോ ഈശ്വരനിൽ നിന്ന് അകറ്റുകയോ ചെയ്യുന്നതെന്നർത്ഥം. ഈശ്വരനോട് ഏറ്റവും അടുത്തു നിൽക്കുന്നവർ എന്നു സാധാരണ ജനം അന്നു ചിന്തിച്ചിരുന്നവർ, അവരുടെ തെറ്റായ കർമ്മങ്ങളാൽ യഥാർത്ഥത്തിൽ ഈശ്വരനിൽ നിന്നും വളരെ അകന്നു നിൽക്കുന്നവരാണെന്നാണ് കൃഷ്ണൻ പറഞ്ഞിരിക്കുന്നത്. വ്യാസമഹർഷിയെപ്പോലെ സമത്വവാദിയായ ഒരു സന്യാസിവര്യൻ ഇങ്ങനെ പറയണമെങ്കിൽ അക്കാലത്തെ പുരോഹിതമതത്തിന്റെ സ്ഥിതി എന്തായിരിക്കാമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ.

ധർമ്മശാസ്ത്രങ്ങളെ പ്രമാണമാക്കിയ പുരോഹിതമതം സമൂഹത്തിൽ തിന്മയുടെ വിളയാട്ടം നടത്തി, ഹൈന്ദവദർശനങ്ങൾക്ക് വലിയ ആഘാതം ഏൽപ്പിച്ച കാലത്തിനു ശേഷം നാസ്തികമതങ്ങളായ ബുദ്ധമതവും ജൈനമതവും ഉണ്ടായി ഭാരതത്തിലുടനീളം പ്രചരിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌ മഹാഭാരതവും അതിൽ ഉൾപ്പെടുന്ന ഭഗവദ് ഗീതയും രചിക്കപ്പെട്ടിട്ടുള്ളതെന്നത് ചരിത്രമാണ് (ആമുഖം 2 & 3). സ്വാർത്ഥലക്ഷ്യങ്ങൾ നേടാൻ ലക്ഷ്യമാക്കിയുള്ള യജ്ഞങ്ങളുടെ പേരിൽ നരഹത്യയടക്കം നടത്തി, ഹിംസ സാമൂഹിക സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റി, അധികാരിവർഗ്ഗം സാധാരണ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്ന അക്കാലം സമൂഹത്തിൽ സൃഷ്ട്ടിച്ച അശാന്തിയും അതുമൂലം സനാതനധർമ്മത്തിനു വന്നു പിണഞ്ഞ അപകീർത്തിയും ഇതൊക്കെ കാരണം സാധാരണ ജനങ്ങൾ നാസ്തികമതങ്ങളുടെ പിറകെ പോയി സമൂഹത്തിൽ ഈശ്വരചിന്ത കുറഞ്ഞതുമെല്ലാം വ്യാസമുനിയെപ്പോലെ സാത്വികരായ മനുഷ്യരിൽ ഉണ്ടാക്കിയ വ്യഥയും അമർഷവും എല്ലാം പ്രതിഫലിക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച മൂന്നു ഗീതാശ്ലോകങ്ങളും. "ഗാന്ധാരം മുതൽ വിദേഹം വരെ തിങ്ങി നിറഞ്ഞ യാഗധൂമം കൊണ്ടും എങ്ങും പൊങ്ങിയ പശുരോദനം കൊണ്ടും ഇന്ത്യയുടെ ആകാശം അന്ന് ഏറ്റവും കലുഷിതമായിരുന്നു" എന്നാണ് പ്രൊഫ. സുകുമാർ അഴീക്കോട് ഈ കാലഘട്ടത്തെപ്പറ്റി 'തത്ത്വമസി" എന്ന തന്റെ ഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നത് (പേജ് 81).   ഇന്ദ്രിയാരാമന്മാരായ മനുഷ്യരെ ഈശ്വരോന്മുഖമാക്കി നിർത്തി, ഈശ്വരസാക്ഷാത്ക്കാരത്തിന്  അർഹരാക്കാനുള്ള ബൃഹത് പദ്ധതിയാണ് വേദങ്ങളുടെ ഉള്ളടക്കമെന്നും അതിനാൽ പ്രത്യക്ഷത്തിൽ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനായിട്ടുള്ളതെന്നു തോന്നിപ്പിക്കുന്ന കർമ്മകാണ്ഡമടക്കമുള്ള എല്ലാ വേദഭാഗങ്ങളും ആ ഒരു  ലക്ഷ്യത്തിലേക്കു മനുഷ്യനെ നയിക്കാനായുള്ള വിവിധതലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അഭിജ്ഞർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇങ്ങിനെ ചിന്തിച്ചാൽ ഗീതാകാരൻ വിമർശിക്കുന്നത് വേദങ്ങളെയല്ല, സ്വാർത്ഥലക്ഷ്യങ്ങൾ നേടാമെന്ന തെറ്റിദ്ധാരണയിൽ വേദങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കുന്ന വൈദികസമൂഹത്തെയാണ്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്; സ്വാർത്ഥരഹിതമായ കർമ്മം അനുഷ്ഠിക്കുവാനാണ്  വേദങ്ങൾ ഉപദേശിക്കുന്നതെങ്കിൽ, പിന്നെന്തിനാണ് 'ഇതു ചെയ്താൽ അതു കിട്ടും' എന്ന മട്ടിലുള്ള പ്രലോഭനത്തിന്റെ ഭാഷ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ ഉപയോഗിച്ചിരിക്കുന്നത്? ഈ ചോദ്യത്തിന് ഒരിക്കൽ പൂജ്യശ്രീ. ഭൂമാനന്ദ സ്വാമികൾ  പറഞ്ഞ ഒരുത്തരം മുൻപ്‌ ഞാനിവിടെ എഴുതിയിട്ടുള്ളത് ഈ ലേഖനത്തിനു താഴെ എടുത്തെഴുതിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്ക് അതു വായിക്കാം. 


കഴിഞ്ഞ രണ്ടുമൂന്നു ശ്ലോകങ്ങളായി നമ്മൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്നതു ബുദ്ധിയോഗ (കർമ്മയോഗം) മാണല്ലോ? കർമ്മയോഗത്തിനും ഇപ്പോൾ നാം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന മൂന്നു ശ്ലോകങ്ങൾക്കുമുള്ള ബന്ധമെന്താണ്? ഫലേച്ഛ കൂടാതെ ചെയ്യുന്ന കർമ്മങ്ങൾ മനുഷ്യരെ കർമ്മബന്ധനങ്ങളിൽ നിന്നും മുക്തരാക്കി ഈശ്വരസാക്ഷാത്ക്കാരത്തിനു പ്രാപ്തരാക്കും എന്നും അങ്ങനെയുള്ള നിഷ്ക്കാമകർമ്മം ചെയ്യാൻ ബുദ്ധിപൂർവ്വകമായി ചിന്തിക്കേതുണ്ട് (intellectual discrimination) എന്നും നമ്മൾ കഴിഞ്ഞ ചില ശ്ലോകങ്ങളിൽ നിന്നും മനസ്സിലാക്കിയാണ്. അതേ തുടർന്നുവരുന്ന ഈ മൂന്ന് ശ്ലോകങ്ങളെയും അതുകൊണ്ടുതന്നെ ഗീതാകൃഷ്ണൻറെ കർമ്മയോഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നാം മനസ്സിലാക്കണം. സ്വാർത്ഥപരമായ കർമ്മങ്ങൾ മനസ്സിന്റെ ഏകാഗ്രത നശിപ്പിക്കുന്നതാണെന്നു  പറഞ്ഞു കഴിഞ്ഞതാണ് (ശ്ലോകം 2:43). വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സുഖദായകങ്ങളായ ഫലങ്ങൾക്കായി യജ്ഞം ചെയ്യുമ്പോൾ അത് മനോതലത്തിലുള്ള സ്വാർത്ഥകർമ്മം മാത്രമാകുകയാണ്. കർമ്മയോഗത്തിന്റെ അടിസ്ഥാന സിദ്ധാന്തപ്രകാരം സ്വാർത്ഥകർമ്മങ്ങൾ മോക്ഷപ്രാപ്തിക്കു വിരുദ്ധവും പുനർജ്ജന്മത്തിനു കാരണവുമാണ്. ചുരുക്കത്തിൽ നിസ്വാർത്ഥമായി, യജ്ഞഭാവത്തിൽ കർമ്മം ചെയ്തുകൊണ്ട്  മോക്ഷത്തിന് യോഗ്യനാകേണ്ടവർ സ്വാർത്ഥമോഹത്തോടെ യജ്ഞകർമ്മങ്ങൾ ചെയ്ത് ജനിമരണങ്ങളാണ് (പുനർജ്ജന്മം) സമ്പാദിച്ചു കൂട്ടുന്നത്. ജനിമരണങ്ങൾ എന്നാൽ പാപനരകങ്ങളിലേക്കുള്ള വഴിയാണെന്ന് നേരത്തെ തന്നെ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. യജ്ഞഭാവത്തിൽ കർമ്മം ചെയ്യുക എന്നു പറഞ്ഞാൽ തന്നെ സ്വാർത്ഥരഹിതമായി കർമ്മം ചെയ്യുക എന്നാണ് അർത്ഥം എന്നിരിക്കേ  യജ്ഞങ്ങളെത്തന്നെ സ്വാർത്ഥലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക എന്നു പറയുന്നതിലെ വിരോധാഭാസം എത്ര കഷ്ടമാണ്? നമ്മുടെ നാട്ടിൽ ഒരു കാലത്തു നടന്നിരുന്നത് അതായിരുന്നു, ഇന്നും നടക്കുന്നതും.

മേലുദ്ധരിച്ച മൂന്നു ശ്ലോകങ്ങളിൽ നിന്നും ഭഗവദ് ഗീത, അത് രചിക്കപ്പെട്ടതിനും അതിനു മുൻപേയുമുള്ള കാലഘട്ടങ്ങളിലെ ഭാരതീയ സമൂഹത്തിനു നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണെന്നു കാണാം. ഹൈന്ദവ സമൂഹത്തിൽ പ്രകടമായിക്കണ്ട ബോധരാഹിത്യത്തെയും തിന്മകളെയും നിശിതമായി വിമർശിക്കുന്നതിൽ ഗീതാകാരൻ തെല്ലും മടി കാണിച്ചിട്ടില്ല എന്നു കാണിക്കുന്നതാണ് മേലുദ്ധരിച്ച മൂന്നു ശ്ലോകങ്ങളും. എന്നാൽ ഗീതയുടെ ഈ സാമൂഹിക വിമർശനങ്ങളെയും അതിൽ നിഴലിക്കുന്ന സാമൂഹിക പ്രതിബദ്ധതയെയും അവയർഹിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചു ജനങ്ങളിൽ എത്തിക്കുന്നതിൽ ഗീതാവ്യാഖ്യാതാക്കളിൽ പലരും വേണ്ടത്ര ശുഷ്ക്കാന്തി കാണിച്ചിട്ടില്ല എന്നാണ് പല ഗീതാവ്യാഖ്യാനങ്ങളും വായിച്ചപ്പോൾ എനിക്കു തോന്നിയത്. ആത്മ (ഭക്തി) വിഷയങ്ങൾക്കു പ്രാധാന്യം കൊടുത്തുകൊണ്ട്, ഭക്തിയുടേതു മാത്രമായ ഒരു പരിവേഷം ഗീതയ്ക്കു ചാർത്തി നൽകാനുള്ള വ്യഗ്രതയിൽ ഇതിനൊക്കെ ചേരാത്തതെന്ന് തോന്നിയ ഗീതാവിഷയങ്ങളെ വ്യാഖ്യാതാക്കൾ കണ്ടില്ലെന്നു നടിച്ചതാകാം. ഇതു ഗീതയുടെ സമഗ്രസ്വഭാവത്തിനു ദോഷം വരുത്തുവാനും ഗീതക്കെതിരെ പല അനാവശ്യ ആരോപണങ്ങളും ഉയർന്നു വരുവാനും അവയെ ഫലവത്തായി പ്രതിരോധിക്കാൻ കഴിയാതിരിക്കാനും കാരണമാക്കിയിട്ടുണ്ടെന്നാണ് എനിക്കു തോന്നുന്നത്. ഈ വിഷയത്തെപ്പറ്റി "ഭഗവദ് ഗീതാ സ്വാദ്ധ്യായം" എന്ന തന്റെ കൃതിയിൽ പണ്ഡിതാഗ്രേസരനായ ഗുരു നിത്യചൈതന്യയതി എഴുതിയിട്ടുള്ള വാക്കുകൾ ഇത്തരുണത്തിൽ വളരെ പ്രസക്തവും ചിന്തനീയവുമാണ്. അതിൽ നിന്നും പ്രസക്തമായ ഏതാനും ചില വരികൾ താഴെ കുറിക്കുന്നു.

"ഭാരതത്തിലെ ദാർശനികചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം വേദത്തെ സംബന്ധിക്കുന്ന ഈ പരാമർശങ്ങൾ മനസ്സിലാക്കേണ്ടത്. പൗരോഹിത്യവും രാജകീയവാഴ്ചയും അന്യോന്യം കൈകോർത്തുപിടിച്ചുകൊണ്ട് ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. സ്വാർത്ഥമതികളായ പുരോഹിതവർഗ്ഗം വേദത്തെയും അവരുടെ ചൂഷണത്തിന്റെ മുഖ്യോപായമായി ഒരു കാലത്ത് ഉപയോഗിച്ചു വന്നിരുന്നു........ശ്രേയസ്സിനെയും പ്രേയസ്സിനെയും ഒരുപോലെ കണ്ടുകൊണ്ട് നിസ്രേയസ്സിലേക്ക് ഉയരുവാൻ പഠിപ്പിക്കുന്ന ഋഷിപ്രോക്തമായ ഗീതോപദേശം കണ്ടില്ലെന്നു നടിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ല. ജീവിതലക്ഷ്യമായ മോക്ഷത്തെ മാറ്റിവച്ചുകൊണ്ട് ഭോഗൈശ്വര്യങ്ങൾ കർമ്മഫലമായി സിദ്ധിക്കും എന്നു കരുതി സങ്കീർണ്ണമായ യാഗാദികർമ്മങ്ങളിൽ മുഴുകിയിരിക്കുന്നവരെയും ഗീത സത്യസരണിയിൽ നിന്നു വ്യഭിചരിക്കുന്നവരായി എണ്ണിയിരിക്കുന്നു".

"വൈദികതയുടെ മുഖം മൂടിവച്ച് ആര്യന്മാരെന്ന് അഭിമാനംപൂണ്ടു നടക്കുന്ന പല വ്യാഖ്യാതാക്കൾക്കും ഗീതയുടെ ദാക്ഷിണ്യമില്ലാത്ത സത്യാവബോധം വളരെ അസൗകര്യമായി തോന്നിയിട്ടുണ്ട്. ഇവിടെ പുഷ്പ്പിതമായ വാക്കുകൾ പറയുന്നവരായി എടുത്തു കാട്ടിയിരിക്കുന്നവരുടെ പട്ടികയിൽ അവരെയും പെടുത്താം. ആധുനിക ഭാരതത്തിലെ സാർവഭൗമന്മാരെന്നു കരുതപ്പെടുന്ന ചില മഹാന്മാർ പോലും ഗീതയുടെ ഈ മനോഭാവം കാണാത്തമട്ടു നടിക്കുന്നതിന് ഒരുദാഹരണമാണ് ഡോ. രാധാകൃഷ്ണന്റെ ഭഗവദ് ഗീതാ വ്യാഖ്യാനം".

ശങ്കരാചാര്യ സ്വാമികൾ ഉൾപ്പെടെയുള്ള ആര്യന്മാരായ വ്യാഖ്യാതാക്കൾ മാത്രമല്ല, അനാര്യന്മാരായ പല വ്യാഖ്യാതാക്കളും ഇക്കൂട്ടരിൽപ്പെടും എന്നു കൂടി ഞാൻ കൂട്ടിച്ചേർക്കട്ടെ.

****************************************************************************************************
വേദത്തിലെ കർമ്മകാണ്ഡത്തെക്കുറിച്ചു പൂജ്യ ഭൂമാനന്ദ സ്വാമികൾ പറഞ്ഞത്:

ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലു കുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ച്‌ അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്നു കുഞ്ഞു പറയും. അപ്പോ അമ്മ പറയും, "എങ്കിലീ പാലു മുഴുവൻ മക്കള് കുടിച്ചേ'. 
ഇഷ്ടമല്ലെങ്കിലും ഹേമമാലിനിയാകാൻ കൊതിച്ച്  കുഞ്ഞ്  ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡ പദ്ധതികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ ആത്മവിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കുകയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary school level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. ഹേമമാലിനിയുടെ മുടിയുണ്ടാകാനായി പാലു കുടിക്കുന്ന കുഞ്ഞിനെപ്പോലെയാണ് ഭോഗൈശ്വര്യങ്ങൾക്കും സ്വർഗ്ഗപ്രാപ്തിക്കുമായി കർമ്മകാണ്ഡത്തിന്റെ പിറകെ പോകുന്നവരുടെയും കഥ.
*****************************************************************************

Friday, January 20, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 11)

ആശ്ചര്യവത് പശ്യതി കശ്ചിദേനം 
ആശ്ചര്യവത് വദതി തഥൈവ ചാന്യ: 
ആശ്ചര്യവച്ചൈനമന്യ: ശൃണോതി 
ശൃത്വാപ്യേനം വേദ ന  ചൈവ കശ്ചിത്  (ശ്ലോകം: 2 :29) 

(ഒരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ കാണുന്നു. അപ്രകാരം തന്നെ മറ്റൊരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ പറയുന്നു. വേറൊരുവൻ ഈ ആത്മാവിനെ ഒരാശ്ചര്യവസ്തുവെന്നപോലെ കേൾക്കുന്നു. കേട്ടാലും (കണ്ടാലും, പറഞ്ഞാലും) ആരും തന്നെ ആത്മാവിനെ സൂക്ഷ്മമായി അറിയുന്നില്ല)

നമുക്കു സങ്കൽപ്പിക്കാൻ പോലും കഴിയാത്ത ഒരു വസ്തുവിനെ, അല്ലെങ്കിൽ ഒരു പ്രകടനത്തെ, യദൃശ്ചയാ കാണുമ്പോഴാണ് നമ്മിൽ ആശ്ചര്യം എന്ന വികാരം ജനിക്കുന്നത്. ആത്മാവിനെക്കുറിച്ചു നമ്മൾ ധാരാളം ചർച്ച ചെയ്തു കഴിഞ്ഞു. ഇന്ദ്രിയങ്ങളെ പ്രവർത്തനക്ഷമമാക്കുന്ന ആത്മാവിനെ ഇന്ദ്രിയങ്ങൾ കൊണ്ട് അറിയാൻ കഴിയുന്നതല്ല എന്ന് നാം കണ്ടു കഴിഞ്ഞു. അപ്പോൾ പിന്നെ "ആത്മാവിനെ ഒരാശ്ചര്യവസ്തുപോലെ കാണുന്നു" എന്ന് പറയുന്നതിന്റെ താത്പര്യം എന്താണ്? 'കാണുന്നു' എന്നിവിടെ പറഞ്ഞിരിക്കുന്നതിനെ 'ചിന്തിക്കുന്നു' എന്നു കരുതിയാൽപ്പോലും ആത്മാവിനാൽ മാത്രം സചേതനമാകുന്ന മനസ്സുകൊണ്ടുള്ള ഈ 'ചിന്ത'യ്ക്കും അതീതനാണ് ആത്മാവെന്നു നേരത്തെ പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് (ശ്ലോകം 25) അതും ശരിയാകില്ല. ചുരുക്കത്തിൽ ഇന്ദ്രിയാതീതനായ, കാഴ്ചക്കും കേൾവിക്കും വാക്കിനുമൊന്നും ഉൾക്കൊള്ളാൻ കഴിയാത്ത ആത്മാവ് എന്ന് നേരത്തെ പറഞ്ഞത് മറ്റൊരു വിധത്തിൽ ഇവിടെ പറയുന്നുവെന്നേയുള്ളൂ എന്നു കരുതാം. ആത്മസാക്ഷാത്ക്കാരം നേടിയിട്ടുള്ള തത്വദർശികൾ ആത്മമഹിമയെ പുരാണേതിഹാസങ്ങളിൽ വർണ്ണിക്കുന്നുണ്ട്. ശരീരാദ്യുപാധികളുടെ പിടിയിൽ നിന്നും വിട്ടകന്ന് പൂർണ്ണസ്വതന്ത്രനായി ആത്മചൈതന്യത്തെ അനുഭവിച്ചിട്ടുള്ള ആ മഹാത്‌മാക്കൾക്കുണ്ടായ ആശ്ചര്യമാകാം അവർ പങ്കുവച്ചിരിക്കുന്നത്. പക്ഷേ അതെല്ലാം തന്നെ സാധാരണ ജനങ്ങളുടെ ചിന്തക്കതീതമായ കാര്യങ്ങളാണ്. അങ്ങിനെ നമ്മുടെ ഇന്ദ്രിയങ്ങളും മനസ്സും ബുദ്ധിയും ഒന്നും കൊണ്ട് ഗ്രഹിക്കാൻ കഴിയാത്ത ഒരു വസ്തുവിനെ ആശ്ചര്യത്തോടെയല്ലാതെ പിന്നെയെങ്ങിനെയാണ് നോക്കിക്കാണാൻ നമുക്കു കഴിയുക? അതേപ്പറ്റി ആശ്ചര്യത്തോടെയല്ലാതെ എങ്ങിനെയാണ് കേൾക്കാൻ കഴിയുക? പറയാൻ കഴിയുക? 'കുരുടൻ ആനയെ കാണുന്ന' പോലെ മനുഷ്യർ ആത്മാവിനെയും 'കാണുന്നു'വെന്നു മാത്രം. തന്റെ അറിവിന്റെ ഉപകരണങ്ങളെയെല്ലാം അപ്രസക്തമാക്കുന്ന ആ പൂർണ്ണവസ്തു, അപൂർണ്ണനായ മനുഷ്യനിൽ ആശ്ചര്യം ജനിപ്പിച്ചില്ലെങ്കിലല്ലേ ആശ്ചര്യപ്പെടേണ്ടതുള്ളൂ!   

ദേഹീ നിത്യമവധ്യോയം ദേഹേ സർവസ്യ ഭാരത:
തസ്മാത്സർവ്വാണി ഭൂതാനി ന ത്വം ശോചിതുമർഹസി  (ശ്ലോകം: 2:30)

(അർജ്ജുനാ, എല്ലാവരുടെയും ദേഹത്തിലുള്ള ഈ ദേഹി വധിക്കപ്പെടത്തക്കവനല്ല. അതുകൊണ്ടു യാതൊരു പ്രാണിയെപ്പറ്റിയും നീ വ്യസനിക്കേണ്ടതില്ല)


അർജ്ജുനന്റെ വിഷാദചിന്തകൾക്കുള്ള പരിഹാരമാർഗ്ഗമായി, 11-)o ശ്ലോകത്തിൽ തുടങ്ങിയ താത്വികമായ ഉപദേശങ്ങളെ കൃഷ്ണൻ ഈ 30-)o ശ്ലോകത്തോടു കൂടി ഉപസംഹരിക്കുകയാണ്. ജഡ വസ്തുക്കളായ ശരീര-മനോ-ബുദ്ധികളല്ല; ഇവയെയൊക്കെ തന്നെ പ്രവർത്തനക്ഷമമാക്കുന്ന നിത്യനായ ആത്മാവാണ് മനുഷ്യരെന്നും എല്ലാ ജീവജാലങ്ങളിലും കുടി കൊള്ളുന്നത് ഈ ആത്മാവ് തന്നെയാണെന്നും ആത്മാവിന്റെ കേവലമായ ആവരണം മാത്രമാണ് ജഢമായ ശരീരമെന്നും സദ്വസ്തുവായ ആത്മാവിനെ ഒന്നിനും തന്നെ നശിപ്പിക്കാൻ കഴിയില്ല എന്നും നേരത്തെ പറഞ്ഞത് "ആയതിനാൽ ഒരു പ്രാണിയെയും നശിപ്പിക്കാൻ ആർക്കും തന്നെ കഴിയില്ലെന്നും അതുകൊണ്ട് ഭീക്ഷ്‌മ-ദ്രോണർ തുടങ്ങി താഴേക്കിടയിലുള്ള യാതൊരു പ്രാണിയുടെയും ജീവനെക്കുറിച്ചോർത്തു അർജ്ജുനൻ വ്യസനിക്കേണ്ടതില്ലെന്നും" പറഞ്ഞുകൊണ്ട് കൃഷ്ണൻ ഉപസംഹരിക്കുകയാണീ ശ്ലോകത്തിൽ. 

ആത്മാവിന്റെ മേൽപ്പറഞ്ഞ സവിശേഷതകൾ കാരണം ബന്ധുജനങ്ങളെ കൊല്ലേണ്ടിവരും എന്ന അർജ്ജുനന്റെ ചിന്ത ആസ്ഥാനത്താണെന്നും, ആയതിനാൽ തന്നെ ശങ്ക കൂടാതെ ബാദ്ധ്യസ്ഥമായ യുദ്ധം ചെയ്തോളൂ എന്നും കൃഷ്ണൻ ഉപദേശിച്ചു കഴിഞ്ഞു. താത്വിക തലത്തിലുള്ള ഈ ഉപദേശം കൊണ്ട് അർജ്ജുനൻറെ വിഷാദചിത്തത്തിനിളക്കം വരുന്നില്ലെന്നു കണ്ടതിനാലാകാം,  കൃഷ്ണൻ ഇടയ്ക്കൊന്നു താഴോട്ടിറങ്ങി, ഭൗതികതലത്തിലേക്കും ഉപദേശത്തെ കൊണ്ടുപോയി; ജനിച്ചാൽ മരിക്കും എന്ന എല്ലാവർക്കു അറിയാവുന്ന സത്യത്തിൽ വിശ്വസിച്ചാലും അർജ്ജുനന് ദു:ഖിക്കേണ്ട കാര്യമില്ലെന്നു പറഞ്ഞു നോക്കി. എന്നിട്ടും അർജ്ജുനനിളക്കം വരുന്നില്ലെന്നു തോന്നുന്നു. കർത്തവ്യവിമുഖതയിൽ ഉറച്ചു നിൽക്കുന്ന അർജ്ജുനനെ (എല്ലാ മനുഷ്യരെയും) മറിച്ചു ചിന്തിപ്പിക്കാനായി കൃഷ്ണൻ ഇനി മറ്റു വഴികളിലൂടെയുള്ള  ഉപദേശം തുടരുകയാണ്. അർജ്ജുന വിഷാദത്തിനുള്ള പരിഹാരമായി പ്രശ്നത്തെ ആദ്യം വേദാന്തതത്വചിന്തയുടെ ഔന്നിത്യത്തിൽ വീക്ഷിച്ച കൃഷ്ണൻ അവിടെ നിന്നും ഭൗതിക തലത്തിലേക്കും പിന്നെ അവിടവും വിട്ട് സാധാരണ മനുഷ്യരുടെ ചിന്താതലത്തിലേക്കും ഇറങ്ങി വരുന്നതായാണ് കാണുന്നത്. തികച്ചും പ്രയോഗികമായതും ആർക്കും എളുപ്പം മനസ്സിലാക്കാവുന്നതുമായ ഭാഷയിലാണിനി ഭഗവാൻ സംസാരിക്കുന്നത്.

 സ്വധർമ്മമപി ചാവേക്ഷ്യ ന വികമ്പിതുമർഹസി 
 ധർമ്മ്യാദ്ധി യുദ്ധാത് ശ്രേയോന്യത് ക്ഷതിയസ്യ ന വിദ്യതേ (ശ്ലോകം: 2 :31)

(സ്വധർമ്മത്തെക്കുറിച്ചു ആലോചിച്ചിട്ടും നീ കുലുങ്ങേണ്ടതില്ല. എന്തെന്നാൽ ക്ഷത്രിയന് ധർമ്മ്യമായ യുദ്ധത്തിനെക്കാൾ ശ്രേയസ്‌ക്കരമായി മറ്റൊന്നുമില്ല)

യദൃച്ഛയാ ചോപപന്നം സ്വർഗ്ഗദ്വാരമപാവൃതം 
സുഖിനഃ ക്ഷത്രിയാഃ ലഭന്തേ യുദ്ധമീദൃശം  (ശ്ലോകം: 2 :32) 

(ഈ യുദ്ധം അപ്രതീക്ഷിതമായി തുറന്നു കിട്ടിയ സ്വർഗ്ഗവാതിൽ പോലെയാണ്. ഹേ, അർജ്ജുനാ, ഭാഗ്യവാന്മാരായ ക്ഷത്രിയർക്കു മാത്രമാണ് ഈ വിധത്തിലുള്ള യുദ്ധം ലഭിക്കുന്നത്) 

അർജ്ജുനാ, ഇനി സ്വധർമ്മത്തെക്കുറിച്ചാലോചിച്ചാലും നിനക്കിങ്ങനെയൊരു ദുഖത്തിന് കാരണമില്ല. നീ ക്ഷത്രിയനാണ്. രാജ്യരക്ഷയും പ്രജാരക്ഷയും ക്ഷത്രിയധർമ്മമാണ്. അതിനായി വേണ്ടിവരുന്ന യുദ്ധത്തിനേക്കാൾ ശ്രേയസ്കരമായി മറ്റെന്താണ് ക്ഷത്രിയനുള്ളത്? ഒന്നും തന്നെയില്ല. എല്ലാ യുദ്ധങ്ങളും ധർമ്മസംസ്ഥാപനത്തിനു വേണ്ടിയുള്ളതായിരിക്കില്ല. അധികാരത്തിനും പകപോക്കലിനുമൊക്കെയാണ് പലപ്പോഴും യുദ്ധങ്ങൾ നടക്കുന്നത്. പക്ഷെ ഈ യുദ്ധം അങ്ങിനെയുള്ളതല്ല, അധർമ്മത്തെ തോൽപ്പിച്ചു, ധർമ്മത്തെ പുനഃ സ്ഥാപിക്കാനായി നടക്കുന്ന ഒരു മഹായുദ്ധമാണിത്. അധാർമ്മിക പ്രവർത്തികളിലൂടെ മാതൃരാജ്യത്തിന്റെ ക്ഷേമവും സമാധാനവും നശിപ്പിച്ചു, അതിന്റെ യശസ്സിനു കളങ്കമേൽപ്പിക്കുകയാണ് കൗരവർ ചെയ്തത്. ആ അധാർമ്മികതയോട് പൊരുതി രാജ്യത്തെ രക്ഷിക്കാൻ നിനക്ക് കിട്ടുന്ന മഹാഭാഗ്യമാണീ യുദ്ധം. സാധാരണ ക്ഷത്രിയയോദ്ധാക്കളോടല്ല, നിന്നെപ്പോലെ തന്നെ വീരശൂരപരാക്രമികളായ അനേകം ക്ഷത്രിയവീരന്മാരോടാണ് നീ ഈ ധർമ്മയുദ്ധത്തിൽ പൊരുതി ജയിക്കാൻ പോകുന്നത്. മഹാഭാഗ്യവാനായ ഒരു ക്ഷത്രിയന് മാത്രമേ ഇതുപോലൊരു യുദ്ധം ചെയ്യാനുള്ള ഭാഗ്യം സിദ്ധിക്കൂ. പ്രത്യേകിച്ച് പരിശ്രമമൊന്നും കൂടാതെ, അപ്രതീക്ഷിതമായി, സ്വർഗ്ഗവാതിൽ മുൻപിൽ തുറക്കപ്പെടുകയാണെങ്കിൽ മനുഷ്യർക്ക് എത്ര സന്തോഷമാകും ഉണ്ടാവുക? അതുപോലെയുള്ള സന്തോഷമാണ് ഈ യുദ്ധം നിന്നിലും ഉളവാക്കേണ്ടത്; അല്ലാതെ നീയിപ്പോൾ കാണിക്കുന്ന ഈ മൗഢ്യവും കർത്തവ്യവിമുഖതയുമല്ല. ഇതു മനസ്സിലാക്കാതെ, ബാദ്ധ്യസ്ഥമായ ഈ ധാർമ്മിക യുദ്ധത്തിനോട് നീ മുഖം തിരിച്ചു നിന്നാൽ  നിനക്കെന്താണ് സംഭവിക്കാൻ പോകുന്നതെന്നറിയാമോ?

എന്തായിരിക്കും അത്? പറയാം, അടുത്തയാഴ്ചയാട്ടെ! 

Sunday, August 14, 2016

രാമായണമാസക്കുറിപ്പ് - ഭാഗം1 മുതൽ 4 വരെ

രാമായണമാസക്കുറിപ്പ് - 1

കഴിഞ്ഞ വർഷം രാമായണമാസത്തിൽ ഞാൻ ഇട്ട ഒരു പോസ്റ്റിനെ ഇന്ന് എന്റെ സുഹൃത്ത് 'like' ചെയ്ത് ഓർമ്മയിൽ കൊണ്ടുവന്നു. അന്നത്തെ സാഹചര്യത്തിൽ എഴുതിയ വരികൾ ഇന്നും പ്രസക്തമായി നിൽക്കുന്നു; ഭരണം മാറിയാലും മനുഷ്യമനസ്സുകൾക്കു വലിയ മാറ്റം വരില്ല. അതിനു രാമായണം വായിക്കുകതന്നെ വേണം; വെറുതെ വായിക്കയല്ല; അതിലെ വരികളിൽ നിറഞ്ഞിരിക്കുന്ന അർത്ഥം മനസ്സിലാക്കി. അർത്ഥസമ്പൂർണ്ണമായ ഒരു രാമായണ പഠന മാസം എല്ലാവർക്കും നേരുന്നു.
                                                ********    *******     ******    
''ചക്ഷുശ്രവണ ഗളസ്ഥമാം ദുർദ്ദുരം
ഭക്ഷണത്തിന്നപേക്ഷിക്കുന്നതുപോലെ
കാലാഹിനാ പരിഗ്രസ്തമാം ലോകവും
ആലോലചേതസ്സാ ഭോഗങ്ങൾ തേടുന്നു .........''

(പാമ്പിന്റെ വായിൽ അകപ്പെട്ടിരിക്കുമ്പോഴും തവള ഭക്ഷണം തിരയുന്നതു പോലെ കാലമെന്ന പാമ്പിനാൽ ഗ്രസിക്കപ്പെട്ട മനുഷ്യർ മോഹങ്ങളുടെ പിറകേ പോകുന്നു).

ഇന്നലത്തെ 'മനോരമ' പത്രത്തിൽ ഈ 'രാമായണ' പദങ്ങൾ കണ്ടപ്പോൾ അതെത്രമാത്രം സത്യമാണെന്ന് തോന്നിപ്പോയി. മോഹങ്ങളുടെ പിറകെ പോയി നമ്മൾ മനുഷ്യർ എന്തൊക്കെയാണിവിടെ കാട്ടിക്കൂട്ടുന്നത്? പിതാവിനെ 'പും നാമ നരകത്തിൽ നിന്നും ത്രാണനം' ചെയ്യിക്കേണ്ട 'പുത്രൻ', പിതാവിന്റെ കാലും കയ്യും തല്ലിയൊടിക്കാൻ ക്വോട്ടേഷൻ കൊടുക്കുന്നു. തിരുവന്തപുരത്ത് ഭർത്താവിനടുത്തു നിന്ന ഭാര്യയെ അനാശാസ്യക്കാരിക്കാരിയായി മുദ്രകുത്തി സന്മാർഗ്ഗബോധമുള്ള കുട്ടിസഖാക്കൾ വിപ്ലവം നടത്തുന്നു. കേരളത്തിലല്ലാതെ അന്ധവിശ്വാസങ്ങളിൽ ഇത്രമാത്രം അഭിരമിച്ച് വാഴുന്ന ഒരു 'സാക്ഷര ജനത' ലോകത്തിൽ വേറെ എവിടെയെങ്കിലും കാണുമോ? ചിന്തിക്കൂ. മുകളിൽ എഴുതിയ നാലു വരികൾ മനസ്സിലേറ്റിയാൽ മതി, നമ്മൾക്കു കുറേക്കൂടി നല്ലവരാകാം. ഇതിനു ജാതി-മത വേർതിരിവുകൾ ഒന്നും ബാധകമല്ല.

എല്ലാവർക്കും എന്റെ 'രാമായണമാസ' ആശംസകൾ

രാമായണമാസക്കുറിപ്പ് - 2

രാമായണ മാസം തുടങ്ങി. സോഷ്യൽ മീഡിയകളിൽ രാമായണ പാരായണഫലങ്ങൾ വിവരിച്ചുകൊണ്ടുള്ള പല പോസ്റ്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്. ഇന്നലെ എനിക്കു കിട്ടിയ ഒരു പോസ്റ്റിൽ 'ഏകശ്ലോകി രാമായണ' മാഹാത്മ്യങ്ങളാണ് പറഞ്ഞിരുന്നത്. രാമായണത്തിന്റെ അന്തസ്സാരം മുഴുവനും ഒരു ശ്ലോകത്തിൽ അടക്കിയിരിക്കുന്നത്രെ! ഇതു നിത്യവും പാരായണം ചെയ്താൽ രാമായണം സമ്പൂർണ്ണമായി പാരായണം ചെയ്താൽ കിട്ടുന്ന ഫലം കിട്ടുമത്രേ! ഇനി മറ്റൊരു പോസ്റ്റിൽ കാണുന്നത് സമ്പൂർണ്ണ രാമായണം എങ്ങിനെ വായിക്കണമെന്നും ഓരോരോ കാര്യലാഭത്തിനായി ഏതൊക്കെ സർഗ്ഗങ്ങൾ വായിക്കണമെന്നുമാണ്; 'ഇഷ്ടകാര്യ സിദ്ധി പൂജ' എന്ന അതേ ലൈൻ.

സത്യത്തിൽ ഇതൊക്കെ വായിക്കുമ്പോൾ വിഷമം തോന്നാറുണ്ട്. പ്രകൃതിയുടെയും അതിൽ ഉൾപ്പെടുന്ന സർവ്വചരാചരങ്ങളുടെയും സന്തുലിതമായ നിലനിൽപ്പിനെയും തദ്വാരാ സൃഷ്ടിക്കപ്പെടുന്ന ലോകക്ഷേമത്തെയും ലക്ഷ്യമാക്കുന്ന ഒരു മഹനീയ സംസ്കാരം ഇന്നെവിടെയാണ് എത്തി നിൽക്കുന്നത് ! മനുഷ്യനും ഈശ്വരനും രണ്ടല്ല ഒന്നാണെന്നും അതു മനസ്സിലാക്കാൻ തടസ്സമായി നിൽക്കുന്നത് ഇന്ദ്രിയനിയന്ത്രിതമായ മനോവൃത്തികളാലാണെന്നും മനോനിയന്ത്രണത്തിലൂടെ നമുക്കും ശുദ്ധസ്വരൂപമായ ഈശ്വരനായി മാറാൻ കഴിയുമെന്നും ഉദ്‌ഘോഷിക്കുന്ന ഒരു വലിയ സംസ്കാരത്തിന്റെ പിന്മുറക്കാരാണ് നമ്മളൊക്കെ. ഒരുവൻ മനോനിയന്ത്രണത്തിലൂടെ തന്നിലെ ഈശ്വരനെ തിരിച്ചറിഞ്ഞു കഴിയുമ്പോൾ അയാളുടെ കാഴ്ചപ്പാടുകൾ എല്ലാം തന്നെ മാറി മറിയും. ഈശ്വരപ്രകൃതമാർന്ന മനുഷ്യന് ഭേദഭാവചിന്തകൾ ഉണ്ടാകില്ല. എല്ലാത്തിനെയും ഒന്നുപോലെ കണ്ട് സ്നേഹിക്കാനും ബഹുമാനിക്കാനും അയാൾക്ക്‌ കഴിയും. 'ലോകാസമസ്താ സുഖിനോ ഭവന്തു' - സമസ്ത ലോകത്തിനും സുഖം ഭവിക്കട്ടെ എന്ന ആശയത്തിലേക്കാണ് ആത്യന്തികമായി അയാൾ എത്തിച്ചേരുക. വേദോപനിഷത്തുക്കളും അതിലെ ഗൂഢമായ ഈ ആശയം പഠിപ്പിക്കാനായി ചമച്ചിട്ടുള്ള പുരാണങ്ങളും ഉദ്ഘോഷിക്കുന്നത് ഈ സനാതന ദർശനമാണ്.

നമ്മുടെ ഇതിഹാസപുരാണങ്ങളുടെയെല്ലാം അന്തസ്സത്ത ഇതാണ്. മനസ്സിന്റെ നിയന്ത്രണവും അതുമൂലം സാധ്യമാകുന്ന സ്വഭാവ പരിവർത്തനവും ആണ് ഇവിടെ ലക്ഷ്യമാക്കുന്നത്. സാധാരണ മനുഷ്യന് മനസ്സിലാക്കാൻ കഥാരൂപത്തിൽ കാര്യങ്ങൾ പറയുന്നു എന്നേയുള്ളൂ. ഇതു മനസ്സിലാക്കാതെ, ഒരായിരം പ്രാവശ്യം രാമായണം വായിച്ചാലും എന്തെങ്കിലും ഗുണം ഉണ്ടാകാൻ സാധ്യതയില്ല. ഇതു മനസ്സിലാക്കി വായിക്കുന്നയാൾക്ക് കൂടുതൽ തുടർവായനയുടെ ആവശ്യവും വരുന്നില്ല.

സ്വാർത്ഥ താത്പര്യങ്ങൾക്കായി ആരൊക്കെയോ ഈ മഹനീയ ദർശനത്തെ പണ്ടേ വികലമാക്കിയാണ്. അതിന്നും തുടരുകയാണ്. തന്നെ നല്ലവനാക്കാൻ ഉദ്ദേശിച്ചുള്ള ഒരു ദർശനത്തെ, തൻറെ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനുള്ള മാർഗ്ഗമായി തെറ്റിദ്ധരിക്കപ്പെട്ടിരിക്കയാണിപ്പോൾ. രാമായണം സർഗ്ഗം തിരിച്ചു വായിക്കുന്നതോ ഒറ്റ ശ്ലോകത്തിൽ ഒതുക്കുന്നതോ ഒന്നുമല്ല കാര്യം, അതിൽ അന്തർഭവിച്ചിരിക്കുന്ന നന്മയുടെ സന്ദേശം വായിക്കുന്നയാളിൽ എത്തിച്ചേർന്ന് അതുകൊണ്ട് അയാൾക്കുണ്ടാകുന്ന സ്വഭാവപരിവർത്തനവും സാമൂഹികാവബോധവുമാണ്‌ കാര്യം. ഒരിക്കൽ സന്ദീപാനന്ദ ഗിരി സ്വാമി ഭഗവത് ഗീതയെക്കുറിച്ചു പറഞ്ഞതുപോലെ, ഇതു നേടിക്കഴിഞ്ഞാൽ പിന്നെ രാമായണം വായിച്ചിട്ടു വലിയ കാര്യമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് - 3

രാമായണമാസമായതിനാൽ അൽപ്പം ആത്മീയ ചിന്ത  അസ്ഥാനത്താകില്ലെന്നു കരുതുന്നു. ആകെ മൊത്തം താറുമാറായി കിടക്കുന്ന ആത്മീയ മണ്ഡലത്തിന്റെ എവിടെ നിന്നു ചിന്തിച്ചു തുടങ്ങണം എന്നതാണ് പ്രയാസമുള്ള കാര്യം. ഉള്ള അറിവു വെച്ചു എന്തെങ്കിലും പറഞ്ഞു തുടങ്ങാം എന്നു വിചാരിച്ചാൽ തന്നെ ഭൂരിപക്ഷം ജനങ്ങൾക്കും  ഇതു കേൾക്കാനുള്ള താത്പര്യം ഇന്നില്ല. പലരുടെയും ചിന്ത ഇതിലിത്ര പറയാനും കേൾക്കാനും പഠിക്കാനും എന്തിരിക്കുന്നു എന്നതാണ്. ചെറുപ്പ കാലം മുതൽ കണ്ടും കേട്ടും വളർന്ന് 'ഞങ്ങൾക്കറിയാവുന്നതും ഞങ്ങൾ ചെയ്യുന്നതുമാണ് ആത്യന്തിക സത്യം' എന്ന മൂഢചിന്തയിൽ അഭിരമിക്കുന്ന ധാരാളം ഭക്തർ നമ്മുടെ ഇടയിലുണ്ട്. നിങ്ങളുടെ ചിന്ത തികച്ചും അശാസ്ത്രീയമാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചാലും അവരതു സമ്മതിക്കില്ല. കാലാകാലങ്ങളായി സമൂഹം അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈശ്വര ചിന്തകളുടെ അടിമകളാണവർ. അതല്ലതിന്റെ സത്യം  എന്നാരെങ്കിലും പറയുന്നതു കേൾക്കുന്നതു പോലും പാപമാണ് എന്നീ പാവം ഭക്തർ ധരിച്ചു വശായിരിക്കുന്നു.

പറഞ്ഞു വരുന്നത് ഞാനുൾപ്പെടുന്ന ഹിന്ദുമത വിശ്വാസികളെക്കുറിച്ചാണ്. ഈ മതത്തിന് ഇപ്പേരു കിട്ടിയതിന്റെ ചരിത്രം പലരും പറഞ്ഞു വച്ചിട്ടുണ്ട്. അതുകൊണ്ട് അതിലേക്കൊന്നും ഞാൻ പോകുന്നില്ല. ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാൻ ഹിന്ദുവാണ് എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? മറ്റു മതക്കാർക്ക് അവരുടെ മതത്തിലേക്ക് പ്രവേശിക്കുന്നതിന് ചില വ്യവസ്ഥാപിതമായ കർമ്മ പരിപാടികളുണ്ട്; ഉദാഹരണത്തിന് ക്രിസ്ത്യാനിയുടെ മാമോദിസാ തന്നെ എടുത്തോളൂ. മതത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ മതസംഹിതയിൽ കൃത്യമായ വിദ്യാഭ്യാസം നൽകുന്നു. ബൈബിൾ അറിയാത്ത ഒരു ക്രിസ്ത്യാനിയെയോ ഖുറാൻ പഠിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിനെയോ കാണാൻ കഴിയില്ല. പക്ഷെ ഭഗവത് ഗീത പഠിച്ച എത്ര ഹിന്ദുക്കൾ ഇവിടെ ഉണ്ട്? ഹിന്ദുമതത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുക്കളുടെ സാമാന്യജ്ഞാനം എങ്കിലും ഉള്ള എത്ര ഹിന്ദുക്കൾ ഇവിടെയുണ്ട്?  പിന്നെ നമ്മൾ ഹിന്ദുക്കളാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ചിന്തിക്കൂ. എന്റെ കാര്യം പറഞ്ഞാൽ ഞാനൊരു നായർ കുടുംബത്തിൽ ജനിച്ചു. എന്റെ വീട്ടുകാരൊക്കെ അമ്പലത്തിൽ പോകുമായിരുന്നു. അമ്പലത്തിൽ പോകുന്നവരൊക്കെ ഹിന്ദുക്കളായതിനാൽ ഞാനും ഹിന്ദുവാണ് എന്നെനിക്കു മനസ്സിലായി. അത്ര തന്നെ. എന്റെ മതപഠനം കഴിഞ്ഞു. നാളിതുവരെ ഒരു പണ്ഡിതനും പാമരനും ഞാൻ എങ്ങിനെയാണ് ഹിന്ദുവായത് എന്നെനിക്കു പറഞ്ഞു തന്നിട്ടിട്ടില്ല.

എങ്ങിനെയുണ്ട് എൻറെ മതപഠനം? പഠിക്കാത്തവന്റെ പ്രശ്നം എന്താണ്? മറ്റുള്ളവർ പറയുന്നതെല്ലാം ശരിയെന്നു തോന്നി അണുവിട വിടാതെ അനുസരിക്കും. ഈ അനുസരണാശീലം ശീലം വളർന്നു വളർന്നതു സ്വന്തം സംസ്‌കാരമാകും. നമ്മുടെ അദ്ധ്യാത്മികതയുടെ അപചയം നിലനിൽക്കുന്നത് ഈ സംസ്കാരത്തിലാണ്. രാമായണം അങ്ങിനെ വായിച്ചാൽ ഇതു കിട്ടുമെന്നും ഇങ്ങനെ വായിച്ചാൽ അതു കിട്ടുമെന്നും ഗണപതി പാലു  കുടിച്ചെന്നും ഒക്കെ കേട്ടാൽ അതിന്റെയൊക്കെ  പിറകേ ഓടുന്നത് ഈ അന്ധത്വത്താലാണ്.  അജ്ഞാന തമസ്സിൽ നിന്നും സത്യത്തിന്റെ, ബോധത്തിന്റെ വെളിച്ചത്തിലേക്കു (അസതോമാ സദ്ഗമയാ തമസോമാ ജ്യോതിർഗമയാ) ഉണർന്നെണീക്കൂ  എന്നാഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ പിന്മുറക്കാർക്കു ചേർന്നതാണോ ഈ അന്ധത്വം? ചിന്തിക്കൂ. നമ്മൾ ചിന്തിച്ചാൽ അടുത്ത തലമുറയെങ്കിലും ബോധമുള്ള ഹിന്ദുവായിവളരും.

രാമായണമാസക്കുറിപ്പ് - 4

പത്തൻപതു വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണ്. എയർഫോഴ്‌സിൽ ജോലിനോക്കിയിരുന്ന എന്റെ ചിറ്റപ്പൻ (അച്ഛന്റെ അനിയൻ) വർഷത്തിലൊരിക്കൽ നാട്ടിൽ വരുമ്പോൾ വെളിയിലെങ്ങാനും യാത്ര കൊണ്ടു പോകൂ എന്നു പറഞ്ഞു ഞങ്ങൾ കുട്ടികൾ ശല്യപ്പെടുത്തുമായിരുന്നു. അങ്ങിനെ ശല്യം സഹിക്ക വയ്യാതെ അദ്ദേഹം എന്നെയും പെങ്ങളെയും  പായിപ്പാട്ടു വള്ളംകളി കാണാൻ കൊണ്ടുപോകാൻ സമ്മതിച്ചു. രസികനായ ഞങ്ങളുടെ മറ്റൊരു ബന്ധുവും ചേർന്ന നാൽവർ സംഘം ഹരിപ്പാട് വരെ ബസ്സിൽ  യാത്ര ചെയ്തു. അവിടെ നിന്നും പായിപ്പാട്ടേക്ക്‌ മൂന്നു കിലോമീറ്ററിൽ കുറയാതെ ദൂരമുള്ളത് നടന്നു തന്നെ പോകയേ മാര്ഗ്ഗമുണ്ടായിരുന്നുള്ളൂ.  ഞങ്ങൾ നടത്തം ആരംഭിച്ചു. പട്ടണം വിട്ടു ഉൾപ്രദേശത്തേക്കു കയറി നടത്തം തുടങ്ങി. ആദ്യമായി അവിടൊക്കെ കാണുകയല്ലേ, അതിന്റെ വലിയ സന്തോഷത്തിലായിരുന്ന ഞങ്ങളെ വഴിയരികത്തുണ്ടായിരുന്ന ഒരു സർവേക്കല്ല്  ചൂണ്ടിക്കാണിച്ചു ചിറ്റപ്പൻ പറഞ്ഞു; വലിയ ശക്തിയുള്ള ദേവിയാ, തൊഴുതോ. ഞങ്ങൾ ചിറ്റപ്പൻ പറഞ്ഞതു പോലെ ഭക്ത്യാദരങ്ങളോടെ സർവ്വേക്കല്ലു ദേവിയെ തൊഴുതു നമിച്ചു. കുറെ നടന്നു കഴിഞ്ഞപ്പോൾ അതുപോലെ മറ്റൊരു കല്ലു  കണ്ടു ചിറ്റപ്പൻ പറഞ്ഞു, ഉഗ്രമൂർത്തിയാ, എന്താഗ്രഹിച്ചാലും നടത്തി തരും, തൊഴുതോ. ഞങ്ങൾ തൊഴുതു, സാഷ്ട്ടാംഗ നമസ്‌ക്കാരവും ചെയ്തു. ചിറ്റപ്പനും  രസികൻ ബന്ധുചേട്ടനും എന്തോ പറഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു. പായിപ്പാട്ടു് എത്തുന്നതിനു മുൻപ് രണ്ടു പ്രാവശ്യം കൂടി ഇങ്ങനെ ഞങ്ങൾ സർവ്വേക്കല്ലു ദൈവങ്ങളെ തൊഴുതു നമസ്‌കരിച്ചു എന്നാണെന്റെ ഓർമ്മ. തിരിച്ചു വീട്ടിൽ എത്തിയ ശേഷം രസികൻ ബന്ധു ഈ കഥ വീട്ടിലുള്ളവരോട്  പറഞ്ഞു ചിരിച്ചപ്പോഴാണ് കഥയുടെ ഗുട്ടൻസ് ഞങ്ങൾക്കു പിടികിട്ടിയത്. വള്ളം കളിയും കാണിപ്പിച്ചു കുശാലായി ശാപ്പാടും മേടിച്ചു തന്ന ചിറ്റപ്പനോട് ഞങ്ങൾക്ക് ഒരു ദേഷ്യവും തോന്നിയില്ല. ചിറ്റപ്പന്റെ ഒരു കളിതമാശ!

നമ്മുടെ പല ആത്മീയ വിഷയങ്ങളുടെയും കാര്യം ഇങ്ങനെയാണ്. ആരൊക്കെയോ എന്തൊക്കെയോ ചെയ്യാൻ പറയുന്നു. എന്തൊക്കെയോ കിട്ടുമെന്ന് മോഹിച്ചു പറയുന്നതെല്ലാം ചെയ്യുന്നു. എന്നിട്ടു കിട്ടിയോ?

രാമായണമാസക്കുറിപ്പ് - ഭാഗം 5 മുതൽ 7 വരെ

രാമായണമാസക്കുറിപ്പ് - 5

 രണ്ടു വർഷങ്ങൾക്കു മുൻപ് ജ്ഞാനസ്ഥനായ ഒരു സന്യാസിശ്രേഷ്ട്ടനെ പ്രഭാഷണം  കഴിഞ്ഞു വിശ്രമിക്കുന്ന വേളയിൽ ഞാൻ പോയിക്കണ്ടു. എനിക്കൊരൂട്ടം ചോദ്യങ്ങൾ ചോദിക്കാനുണ്ടെന്നു പറഞ്ഞു. ആകട്ടെ എന്നായി അദ്ദേഹം. അങ്ങയുടെ പ്രഭാഷണം മുഴുവൻ ഞാൻ സാകൂതം കേട്ടു. സനാതനധർമ്മമാണ് ഹിന്ദുമതത്തിന്റെ ആണിക്കല്ലെന്നാണല്ലോ അങ്ങു പറഞ്ഞത്, അങ്ങിനെയെങ്കിൽ (1) നമുക്ക് ചുറ്റും ഇന്നു കാണുന്ന ഹൈന്ദവാരാധനാ ശീലത്തിൽ എവിടെയാണ് ഈ ധർമ്മത്തോട് ബന്ധമുള്ളത്? (2) ഈശ്വരനും എനിക്കുമിടയിൽ മധ്യസ്ഥനായി ഒരാളെ നിർത്തി അദ്ദേഹത്തിലൂടെ ഈശ്വരനെ സ്വാധീനിച്ചു എന്റെ സ്വാർത്ഥതാത്പര്യങ്ങൾ നേടിയെടുക്കാം എന്ന് ഇന്നു  പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്ന സമ്പ്രദായത്തിന് സനാതനധർമ്മശാസ്ത്രപ്രകാരം സാധുതയുണ്ടോ? (3)  ശാസ്ത്രം ശരിക്കും പഠിച്ചു, അതു ജനങ്ങൾ മനസ്സിലാക്കണമെന്ന ആഗ്രഹത്തോടെ അങ്ങും അങ്ങയെപ്പോലുള്ളവരും അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം പ്രഭാഷണം  നടത്തിയിട്ട് ഭക്തജനങ്ങളുടെ സ്വാർത്ഥമോഹപ്രേരിതമായ ഈശ്വരവിശ്വാസത്തിനും അന്ധവിശ്വാസത്തിനും എന്തെങ്കിലും മാറ്റം ഉണ്ടായിട്ടുണ്ടോ? (4) നമ്മുടെ ക്ഷേത്രങ്ങളിൽ ദർശനത്തിനു വരുന്ന ഭക്തരുടെ എണ്ണം അടുത്തകാലത്തായി അഭൂതപൂർവമായി ഉയരുകയാണ്. മുൻപെങ്ങും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത പൂജകളും യജ്ഞങ്ങളും സദ്യകളും മറ്റു പരിപാടികളും ഒക്കെയായി ക്ഷേത്രാന്തരീക്ഷം കൊഴുക്കുകയാണ്. ഇതിനെ കലികാലത്തെ ഭക്തിയുടെ ഉയർച്ചയായി കാണാൻ കഴിയുമോ? (5) ഭക്തിയും ഈശ്വരവിശ്വാസവും കൂടുന്നതിന്റെ അളവുകോലാണ് ഈ സമൃദ്ധികളെങ്കിൽ ശാസ്ത്രവിധി പ്രകാരം ഇതുകൊണ്ടൊക്കെ ഉണ്ടാകേണ്ടിയിരുന്ന സമാധാനവും നന്മയും മാനവികതയും സാമൂഹികപ്രതിബദ്ധതയും ഭക്തർക്കിടയിൽ ഇന്നു കുറഞ്ഞു വരുന്നത് എന്തുകൊണ്ടാണ്?

ചോദ്യമെല്ലാം കേട്ടു സ്വാമി എന്നെയൊന്നു നോക്കി, അദ്ദേഹം പറഞ്ഞു; വളരെപ്രസക്തവും ചിന്തനീയവുമായ ചോദ്യങ്ങൾ. ചിന്തയുടെയും വിവേകത്തിന്റെയും സംസ്കാരമാണ് നമ്മുടേത്, നിർഭാഗ്യവശാൽ ഇന്ന് അങ്ങിനെയല്ല. ഇതെല്ലാം അറിഞ്ഞു കൊണ്ടാണ് ഞാനും പ്രഭാഷണം നടത്തുന്നത്; ആൾക്കൂട്ടത്തിനിടയിൽ ആരെങ്കിലും ചിലരെങ്കിലും ഈ പറയുന്നതെന്തെങ്കിലും ഗ്രഹിക്കും എന്ന ആഗ്രഹത്തിൽ. ഇതല്ലാതെ നമുക്ക് എന്താണ് ചെയ്യാൻ കഴിയുക? പൗരോഹിത്യം ഈ മതത്തെ വികലമാക്കി ഉഴുതു മറിച്ചിട്ടിരിക്കയാണ്. ഇവിടെ ഞാൻ പറയുന്നതൊക്കെ കേട്ടു ജനം തല കുലുക്കും, പക്ഷേ അവരുടെ ഉള്ളിലേക്ക് അതു കയറുന്നില്ല. അവർ പിന്നെയും പഠിച്ചത് തന്നേ പാടൂ. എങ്കിലും അടുത്തകാലത്തായി ചെറുപ്പക്കാർക്കിടയിൽ ചെറുതെങ്കിലും അൽപ്പം അവബോധമുണ്ടാക്കാൻ ഇങ്ങിനെയുള്ള സത്രങ്ങൾ കൊണ്ടു കഴിയുന്നുണ്ട് എന്നാണ് എനിക്കു തോന്നുന്നത്. ശബരിമലയിൽ  പ്രഭാഷണത്തിനായി എന്നെ ഒരിക്കൽ വിളിച്ചു. അവിടെ ചെന്നപ്പോൾ താങ്കൾ പറഞ്ഞതുപോലെയുള്ള ചില വിശ്വാസവിഷയങ്ങൾ  ഞാൻ കൈകാര്യം ചെയ്യണം എന്ന അഭിപ്രായം ഉയർന്നു വന്നു. ഞാൻ വിനീതനായി പറഞ്ഞു; 'ഞാൻ അതിന്റെ ആളല്ല. ശാസ്ത്രമേ ഞാൻ പറയൂ. മാറ്റാരെക്കൊണ്ടെങ്കിലും അതു നിർവഹിച്ചോളൂ'.

രാമായണമാസക്കുറിപ്പ് - 6

ഈ പരമ്പരയുടെ  നാലാം ഭാഗത്തിൽ ഒരു കഥയും അഞ്ചാം ഭാഗത്തിൽ ഒരു കാര്യവുമായിരുന്നു ഞാൻ പറഞ്ഞത്. കഥക്ക് കിട്ടിയ ലൈക്ക് 40, കാര്യത്തിന് കിട്ടിയത്15! കഥയിലൂടെ ഞാൻ പറഞ്ഞു വച്ച  കാര്യത്തിനും - അറിവില്ലാത്തവനെ ആർക്കും കുരങ്ങു കളിപ്പിക്കാം - വലിയ ശ്രദ്ധ കിട്ടിയതായി തോന്നിയില്ല.

ഇതു തന്നെയാണ് നമ്മുടെ അദ്ധ്യാത്‌മിക വിഷയങ്ങളുടെയും സ്ഥിതി. പുരാണ കഥകളിൽ നാം അതീവ തത്പരരാണ്. അതിന്റെ ഉള്ളിൽ കിടക്കുന്ന കാര്യമാത്രപ്രസക്തമായ സന്ദേശത്തെ നാം കാണുന്നുമില്ല. 'മാനവനെ മാധവനാ'ക്കാനുള്ള ആത്മവിദ്യ അടക്കം ചെയ്തു വച്ചിരിക്കുന്നത് ആ സന്ദേശങ്ങളിലാണ്.  'വേദാദിഷു നിഗൂഢാർത്ഥ, പുരാണേഷു പ്രകീർത്തിതാ' എന്നതാണ് പ്രമാണം. വേദോപനിഷത്തുക്കളിലെ ഗൂഢമായ അർത്ഥത്തെ (ബ്രഹ്മവിദ്യ) കഥകളിലൂടെ പറഞ്ഞു വച്ചിരിക്കുന്നു എന്നർത്ഥം. ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഉപനിഷദ് ചിന്തകൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണെന്നും ആയതിനാൽ ആർക്കും മനസ്സിലാകുന്ന പുരാണകഥകളിലൂടെ അതു മനസ്സിലാക്കിക്കാൻ ശ്രമിച്ചിരിക്കുന്നു  എന്നും സാരം. ഒന്നുകൂടി ലളിതമായിപ്പറഞ്ഞാൽ നാളികേരത്തിന്റെ തൊണ്ടിനും ചകിരിക്കും ഉള്ളിൽ വെണ്മയാർന്ന ഫലം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ മഹത്തായ ഉപനിഷദ് ദർശനങ്ങളെ പുരാണകഥകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. തൊണ്ടിനും ചകിരിക്കും അതിന്റെതായ ഉപയോഗം ഉണ്ടെങ്കിലും അതു നാളീകേരഫലമാകുന്നില്ലല്ലോ? തേങ്ങയുടെ തൊണ്ടും ചകിരിയുമെടുത്തിട്ട് ഉള്ളിലെ ഫലം കളയുന്നതിനു തുല്യമാണ്, പുരാണകഥകളിൽ ഭ്രമിച്ചു് അതിന്റെ പിറകെ കൂടി അതിനുള്ളിലെ സന്ദേശത്തെ കാണാതിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നാളീകേരം കഴിക്കാതെ തൊണ്ടും ചകിരിയും കഴിച്ചാൽ  ശരീരത്തിന് എന്തു ഗുണം ലഭിക്കുമോ ആ ഗുണമേ പുരാണകഥകളിൽ ഭ്രമിച്ചു അതിലെ സന്ദേശം മറക്കുന്ന ഭക്തമനസ്സിനും ലഭിക്കൂ. നാളീകേരം ശരീരത്തിന് പോഷകമാകും എന്നതുപോലെ പുരാണ കഥകളിലെ സന്ദേശങ്ങൾ മനസ്സിനും ബുദ്ധിക്കും പോഷകമേകാൻ ഉദ്ദേശിച്ചുള്ളതാണ്. മനോബുദ്ധികൾ നേരെയാക്കുക എന്നതാണ് ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യപടി. അതുകൊണ്ട് കേവല പുരാണപാരായണമല്ല, പുരാണപഠനമാണ് വേണ്ടത്.

സനാതനധർമ്മമാണ് നമുക്ക് അടിസ്ഥാനമെങ്കിൽ 'ശ്രദ്ധ' അല്ലെങ്കിൽ വിവേകപൂർണ്ണമായ ചിന്ത അതിന്റെ ആണിക്കല്ലാണ്‌. 'കരളിൽ വിവേകം കൂടാതെ കണ്ടരനിമിഷം ബത കളയരുതാരും' എന്നാണ് ഭാഗവതം ആദ്യപാദ കീർത്തനം തുടങ്ങുന്നതു തന്നെ. ഗീതോപദേശം കഴിഞ്ഞു ഭഗവാൻ അർജ്ജുനനോട് പറഞ്ഞത്

'ഇതി തേ  ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈശ്യതദേശേഷണ യഥേച്ഛസി തഥാ കുരു'         (ഗീത 18:63)

(ഇപ്രകാരം രഹസ്യങ്ങളിൽ വെച്ച് രഹസ്യമായ ജ്ഞാനം നിനക്ക്  ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യുക) എന്നാണ്.

ഭഗവാൻ പറയുന്നത് ശ്രദ്ധിക്കുക; നീ ചിന്തിച്ചു ചെയ്യുക, ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞത് അതേപടി ചെയ്യുക എന്നല്ല പറഞ്ഞത്. ബുദ്ധിക്കും വിവേകത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് നമ്മളെന്ന ബോധം നമുക്കുണ്ടാവണം.  ആരെങ്കിലുമൊക്കെ പറയുന്നത് അന്ധമായി  വിശ്വസിച്ചു, ആ വിശ്വാസത്തെ പ്രചരിപ്പിക്കുന്നത് നമ്മുടെ മഹനീയ സംസ്കാരത്തോട് ചെയ്യുന്ന തെറ്റാണ്; മന:പൂർവമല്ലെങ്കിലും.

എന്തുകൊണ്ടാണ് നാം ഇങ്ങനെയാകുന്നത്? ഉത്തരം നാളെ പറയാം.

രാമായണമാസക്കുറിപ്പ് - 7

എന്റെ കുറിപ്പുകൾ വായിച്ചു കുറേപ്പേരെങ്കിലും ഇതിനകം വിഷമവൃത്തത്തിലായിട്ടുണ്ടാകും. പല രീതിയിലായിരിക്കും നിങ്ങളിൽ പലരും ചിന്തിക്കുക. നിരീശ്വരവാദിയായ ഈ മനുഷ്യൻ എഴുതുന്നതൊക്കെ വായിച്ചു ഞങ്ങൾ ഈശ്വരകോപത്തിനു പാത്രമാകുമോ?  ഭഗവാനെ, ക്ഷമിക്കണേ;  ഇദ്ദേഹം എഴുതുന്നതിൽ ചില കാര്യങ്ങളൊക്കെയുണ്ട്. പക്ഷെ അതു സമ്മതിച്ചാൽ നമ്മളൊക്കെ ചെയ്തുകൊണ്ടിരിക്കുന്നത് ശരിയല്ലെന്ന് നമ്മൾ തന്നെ പറയുന്നതിന് തുല്യമാകില്ലേ, അതു വേണ്ടാ? ഈ ചേട്ടൻ പറയുന്നതു കൊള്ളാമല്ലോ? ഹിന്ദുക്കളാണെന്നും പറഞ്ഞു ജീവിച്ചിട്ട് ഇതുവരെയും അതിൻറെ  അർത്ഥം പിടികിട്ടിയിരുന്നില്ലല്ലോ. ഭാഗ്യമായി  ഇതു വായിക്കാൻ തോന്നിയത്;  ഇപ്പറയുന്നതെല്ലാം വിഷയം അറിയാതെ പറയുന്ന വെറും ജൽപ്പനങ്ങളാണെന്നേ. നമുക്കൊക്കെ അറിയാവുന്നതിൽ കൂടുതൽ അറിയാൻ ഇങ്ങേരാരാ, ശങ്കരാചാര്യരോ?

പേടിക്കേണ്ട. ഞാൻ നിരീശ്വരവാദിയൊന്നും അല്ല. രാവിലെ അമ്പലത്തിൽ പോയി രാമായണം വായിച്ചു വന്നിട്ടാ ഈ എഴുത്തു തുടങ്ങിയത് തന്നെ. 'എന്നെ ഭക്തജനങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ എന്തെങ്കിലും ചെയ്യണം' എന്നു രാമനാ എന്നോട് മന്ത്രിച്ചത്‌. ഗുരുവായൂർ പോലെ പരിശുദ്ധമായ ഓണാട്ടുകരയിലെ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിനടുത്തു ജനിച്ചു വളർന്നയാളാണ് ഞാൻ. ഞാനും കണ്ണനും ആത്മബന്ധുക്കളാണ്. അദ്ദേഹം പൂർണ്ണനും ഞാൻ അപൂർണ്ണനും എന്ന വ്യത്യാസം മാത്രം. ഞാൻ എന്തു ചെയ്യുന്നതിന് മുൻപും ചോദിക്കും, ഇതു ശരിയാണോ? ശരിയല്ലെങ്കിൽ നീ പറയണേ. ഇന്നലേം ചോദിച്ചു, കണ്ണാ, രാമൻ പറഞ്ഞത് കേട്ടു ഞാൻ അൽപ്പം ആത്മീയവിഷയം എഴുതാൻ തുടങ്ങി. പോക്കു കണ്ടിട്ട് ഭക്തജനങ്ങൾക്ക്‌ അത്ര സുഖിക്കുന്നില്ലെന്നാ തോന്നുന്നേ, ഞാൻ എഴുത്തു തുടരണോ, നിർത്തണോ? ഇതേ തുടർന്ന് ഞങ്ങൾ തമ്മിൽ ഒരു ചർച്ച തന്നെ നടന്നു.

കണ്ണൻ: നീ എഴുതി എന്നാരു പറഞ്ഞു? നീ ഒന്നും എഴുതിയിട്ടില്ല. അതൊക്കെ ഞാൻ നിന്നെക്കൊണ്ടു എഴുതിച്ചതാ. നിന്റെ ചിന്തയും ബുദ്ധിയും എല്ലാം ഞാനാണെന്ന് പണ്ടേ ഞാൻ പറഞ്ഞത് നീ മറന്നോ?

ഞാൻ: ഇല്ല, ഭഗവൻ. എനിക്കതറിയാം. പക്ഷെ ജനങ്ങൾ വിചാരിക്കുന്നത് ഞാൻ അനാവശ്യമായി ഓരോന്നെഴുതി അവരെ നിന്നിൽ നിന്നും അകറ്റുവാണെന്നാ. നീ കോപിക്കുമെന്നു വിചാരിച്ചു,  അവരിപ്പം എന്റെ കുറിപ്പിന് 'ലൈക്ക്'  അടിക്കാൻ പോലും പേടിച്ചിരിക്കയാ.

കണ്ണൻ : വത്സാ. മനുഷ്യർ പല ഗുണത്തിൽ പെടുന്നവരാണ്. ഇതൊക്കെ ഞാൻ ഗീതയിൽ പറഞ്ഞിട്ടുണ്ട്. എന്നെ എല്ലാവർക്കും അത്ര പെട്ടന്നൊന്നും മനസ്സിലാക്കാനോ പ്രാപിക്കാനോ ഒക്കില്ല. നീ നിന്റെ കർമ്മം ആത്മാർത്ഥമായി ചെയ്യുക. നീ ചെയ്യുന്ന കർമ്മം എല്ലാവർക്കും ചെയ്യാൻ കഴിയുന്നതല്ലെന്നും മനസ്സിലാക്കണം. എന്നെ കാണാനും മറ്റുള്ളവർക്ക് കാണിച്ചുകൊടുക്കാനുമുള്ള ബോധം വളരെ ചുരുക്കം പേർക്കേ ഞാൻ നൽകിയിട്ടുള്ളൂ കുഞ്ഞേ.

ഞാൻ: അപ്പൊ ഇതുവരെ ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ലന്നാണോ അങ്ങു പറയുന്നത്?

കണ്ണൻ: തെറ്റൊന്നും ചെയ്തിട്ടില്ല, ശരി തന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നത്. മാലോകരെ പേടിച്ചു ഞാൻ പറയുന്നത്  നീ ചെയ്യാതിരുന്നാൽ അതാണ് തെറ്റു്. അങ്ങിനെ ചെയ്ത് എന്റെ അപ്രീതിക്ക് നീ പാത്രമാകരുത്.

ഞാൻ: ഇല്ല, കണ്ണാ. എനിക്കറിയാവുന്ന വിധത്തിലൊക്കെ നിന്നെ മറ്റുള്ളവർക്ക് കാണിച്ചു കൊടുക്കാൻ ഞാൻ ശ്രമിക്കാം.      

കണ്ണൻ: തഥാസ്തു.

ഭഗവാൻ പറഞ്ഞതു കേട്ടല്ലോ? ആശങ്ക വേണ്ടാ, വായിച്ചു ലൈക്കുമിട്ട് സ്നേഹിതർക്കൊക്കെ ഷെയറും ചെയ്തോളൂ.

രാമായണമാസക്കുറിപ്പ് - ഭാഗം 8 മുതൽ 11 വരെ

രാമായണമാസക്കുറിപ്പ് - 8

പുരാണങ്ങളുടെ ആത്മീയവിഷയ പ്രസക്തി ചർച്ച ചെയ്യുന്നതിനിടയിൽ കണ്ണനെ കണ്ടൽപ്പനേരം ഇരുന്നുപോയി. മഹനീയവും ഉൽകൃഷ്ടവുമായ സനാതന ദർശനങ്ങൾ ഉണ്ടായിട്ടും ആത്മീയവിഷയത്തിൽ ഹിന്ദുക്കൾ എങ്ങിനെയാണ് രണ്ടാം തരക്കാരാകുന്നത് എന്നാണ് ഞാൻ ചോദിച്ചു നിർത്തിയത്. അതിന്റെ ഉത്തരം നോക്കാം. വിശദമായി ഈ വിഷയം ചർച്ച ചെയ്യണമെങ്കിൽ ഒരു പത്തു കുറിപ്പുകൾ എങ്കിലും എഴുതണം. അതിപ്പം നടക്കുന്ന കാര്യമല്ല. അതുകൊണ്ടു 'കല്യാണസൗഗന്ധികത്തിലെ ഹനുമാൻ തന്റെ വിശ്വരൂപം അങ്ങേയറ്റം ചുരുക്കി ഭീമനെ' കാണിച്ചതുപോലെ, ഞാനും അങ്ങേയറ്റം ചുരുക്കുകയാണ്.

വേദങ്ങളും ഉപനിഷത്തുക്കളും ആണ് സനാതനധർമ്മത്തിന്റെയും അത് അടിസ്ഥാനമാക്കുന്ന ഹിന്ദുമതത്തിന്റെയും അസ്ഥിവാരം എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പ്രകൃതിശക്തികളെ ദേവതകളായിക്കണ്ടു അവയുടെ പ്രീതിക്കായി ചെയ്യേണ്ട പൂജകളും ഹോമങ്ങളും യജ്ഞങ്ങളും അതിന്റെയൊക്കെ ആചാരാനുഷ്ഠാന ക്രമങ്ങളും പ്രതിപാദിച്ചിരിക്കുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡത്തിൽ ഇതൊക്കെ ചെയ്ത മനുഷ്യന് ഉണ്ടാകേണ്ട ഉന്നത ദർശനങ്ങളെ, മൂല്യങ്ങളെ, ബോധ തലത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. വേദ (അറിവ്) ത്തിന്റെ അന്ത്യം അല്ലെങ്കിൽ വേദപഠനം കൊണ്ട് ഉണ്ടാകേണ്ടത് ഉൽകൃഷ്ടമായ ജ്ഞാനം ആണെന്നതിനാൽ ഈ ഉൽകൃഷ്ട ആശയങ്ങളെ വേദാന്തം അല്ലെങ്കിൽ ഉപനിഷത്തുക്കൾ എന്നറിയപ്പെടുന്നു. മനുഷ്യന് മനഃ പരിവർത്തനം ഉണ്ടാകാൻ ഈ ഉപനിഷദ് ജ്ഞാനം ആണ് ആവശ്യം. കുരുക്ഷേത്രയുദ്ധത്തിൽ ബന്ധുമിത്രാദികളെ കണ്ടു തളർന്നു തേർത്തട്ടിലിരുന്ന അർജ്ജുനനെ മന:പരിവർത്തനം ചെയ്തുണർത്തി ധർമ്മയുദ്ധം ചെയ്യിക്കാൻ ഭഗവാൻ കൃഷ്ണൻ (വ്യാസൻ) പ്രയോഗിക്കുന്നത് ഈ ഉപനിഷദ് ജ്ഞാനമാണ്. ഭഗവത് ഗീതയിൽ നിറഞ്ഞു നിൽക്കുന്നത് ഉപനിഷദ്ജ്ഞാനം തന്നെയാണെന്ന് ഗീതയുടെ ധ്യാനശ്ലോകത്തിൽ പറഞ്ഞിട്ടുണ്ട്.

സർവോപനിഷദോ ഗാവോ ദൊഗ്ദ്ധാ ഗോപാലാനന്ദന:
പാർഥോ വത്സ: സുധീർ ഭോക്താ ദുഗ്‌ദ്ധം ഗീതാമൃതം മഹത്.

(പശുക്കളാകുന്ന എല്ലാ ഉപനിഷത്തുക്കളെയും പശുക്കിടാവായ അർജുനന്റെ സാന്നിദ്ധ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന മഹത്തായ പാൽ വിദ്വാൻമാർ ഭുജിക്കുന്നു).

അതായത് വേദത്തിന്റെ കർമ്മകാണ്ഡത്തിലല്ല, ജ്ഞാനകാണ്ഡത്തിലാണ് മനുഷ്യനെ സംസ്കാരചിത്തനാക്കാനുള്ള വിദ്യകൾ നിറഞ്ഞിരിക്കുന്നത് എന്നർത്ഥം. വേദത്തിലെ കർമ്മകാണ്ഡം വേദാന്തത്തിലേക്കുള്ള വഴി മാത്രമാണ്. പക്ഷെ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളായി സ്വീകരിച്ചിട്ടുള്ളതെല്ലാം തന്നെ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ കാണുന്ന മന്ത്രതന്ത്രങ്ങളെ മാത്രമാണ്. അതായത് നാളീകേരത്തിൻറെ തൊണ്ടും ചിരട്ടയും സ്വീകരിച്ചിട്ട് വെണ്മയാർന്ന ഫലത്തെ ദൂരെക്കളഞ്ഞതുപോലെ. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു വച്ചിരിക്കുന്ന വേദഭാഗത്തെ നാം സ്വീകരിച്ചു, അതിൻറെ മേലെയുള്ള ജ്ഞാനഭാഗത്തെ ദൂരെയും കളഞ്ഞു. നമ്മുടെ ആത്മീയവിഷയത്തിന്റെ അപചയത്തിന്റെ തുടക്കമിവിടെയാണ്.

ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലുകുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ചു അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്ന് കുഞ്ഞു പറയും. അപ്പൊ അമ്മ, "എങ്കിലീ പാല് മുഴുവൻ മക്കള് കുടിച്ചേ'. ഹേമമാലിനിയാകാൻ കൊതിച്ചു കുഞ്ഞു ഇഷ്ടമല്ലെങ്കിലും ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു കഴിയുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡപരിപാടികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ വിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. നമ്മൾ ഈ primary class ൻറെ മുകളിലുള്ളതൊന്നും മനസ്സിലാക്കിയിട്ടില്ല. പിന്നെങ്ങനെ മതം നന്നാകും, മനുഷ്യൻ നന്നാകും?
വേദത്തിലെ കർമ്മകാണ്ഡത്തിനു മുകളിൽ മറ്റൊന്നും ഇല്ലെന്നു പറയുന്നവരെ എത്ര നിശിതമായാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ (വ്യാസൻ) വിമർശിക്കുന്നതെന്നു നോക്കാം, നാളെയാകട്ടെ .

രാമായണക്കുറിപ്പ് - 9

വേദങ്ങളെ (കർമ്മകാണ്ഡത്തെ) ക്കുറിച്ചു  ശ്രീകൃഷ്ണൻ (വ്യാസൻ)  ഭഗവത് ഗീതയിൽ പറയുന്നു:

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യ ദസതീതി വാദിനഃ                (ഗീത 2 : 42  )
കാമാൽമാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം  ഭോഗൈശ്വര്യഗതിം പ്രതി        (ഗീത 2 : 43 )
ഭോഗൈശ്വര്യ പ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാൽമികാ  ബുദ്ധി:  സമാധൗ ന വിധീയേത       (ഗീത 2 : 43 )

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു ---------- വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു മാത്രം വിശ്വസിച്ചിരിക്കുന്നവർ അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകി ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്ന് സാരം.

ഇത് മാത്രമല്ല, ഗീതാകാരൻ ഇനിയും പറയുന്നുണ്ട്,

യാവാനർഥ  ഉദപാനേ സര്വതഃ സംപ്ലൂദോതകേ
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ        (ഗീത 2 : 46)

(എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ കിണറുകൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമോ അത്രക്കു പ്രയോജനം മാത്രമേ ബ്രാഹ്മണന് വേദങ്ങളാസകലവും കൊണ്ടുണ്ടാകൂ).

ഇതാണ് വേദങ്ങളെക്കുറിച്ചു ശ്രീകൃഷ്ണന്റെ (വ്യാസന്റെ) അഭിപ്രായം. വേദമല്ല, വേദാന്തദർശനങ്ങളാണ് പ്രധാനം എന്നതാണ് ഇപ്പറഞ്ഞതിന്റെയർത്ഥം. എന്നാൽ നമ്മുടെ ഹിന്ദുമതപണ്ഡിതന്മാരുടെ അഭിപ്രായവും  പോക്കുമോ,  ഇതിനു നേരെ എതിരും!  ഹിന്ദുമതവും ഉപനിഷത്തിലും ഗീതയിലും വർണ്ണിക്കുന്ന സനാതനഃധർമ്മവും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നത് ഇതുകൊണ്ടാണ്‌. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ അടിസ്ഥാനകാരണങ്ങളിൽ ഒന്നാമത്തേതും പ്രധാനപ്പെട്ടതുമാണീ പറഞ്ഞത്. ഇനിയും വേറെ പല കാരണങ്ങളും പറയാം.  

രാമായണമാസക്കുറിപ്പ് - 10

ശ്രീകൃഷ്ണൻ വേദവിഷയത്തെക്കുറിച്ചു പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് പല സന്ദർഭങ്ങളിലും എനിക്കു തോന്നിയിട്ടുണ്ട്. വേദവിഷയത്തിൽ പണ്ഡിതനായി പറയപ്പെട്ടിരുന്ന ഒരു മനുഷ്യനുമായുള്ള എന്റെ ഒരനുഭവം താഴെ വിവരിക്കുന്നത് ഒന്നു വായിച്ചോളൂ.  ജീവിതം മുഴുവൻ വേദങ്ങൾ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്ത് ജ്ഞാനമാണ് ഈ മനുഷ്യനുണ്ടായത് എന്നോർത്തു എനിക്കു ദുഖമാണ് അന്നു തോന്നിയത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ അർത്ഥം ശരിക്കും അറിയാതെ പഠിക്കയും പഠിപ്പിക്കുകയും ചെയ്യന്നതതിലല്ല കാര്യം; വിഷയത്തിലടങ്ങിയിരിക്കുന്ന മഹനീയ സന്ദേശങ്ങളെ മനസ്സിലേക്ക് ആവാഹിച്ചു സ്വയം സംസ്കാരചിത്തനാകുക എന്നതിലാണ്. വ്യക്തിക്കും സമൂഹത്തിനും അതുകൊണ്ടേ ഗുണമുണ്ടാകയുള്ളൂ.

ഒരു  കമ്പിയുടെ മന:ശശാസ്‌ത്രം :  http://dhanyaasi.blogspot.in/2014/06/blog-post.html

രാമായണമാസക്കുറിപ്പ് - 11  

ഹിന്ദു മതത്തിന്റെ അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അതിലെ ജാതിവ്യവസ്ഥയാണ്. ഇന്നലത്തെ ന്യൂസിലും കേട്ടു; തമിഴ്‌നാടിന്റെ തെക്കൻ ജില്ലയിലെ ഒരു പ്രദേശത്തു 250 പേർ ഹിന്ദുമതം വിട്ടു ക്രിസ്തുമതത്തിലേക്ക് ചേക്കേറാൻ പോകുന്നുവെന്നും ഇതിൽ വേവലാതി പൂണ്ട ഹിന്ദുസംഘടനകൾ അതു തടയാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണെന്നും. ഈ നാട്ടിൽ നടക്കുന്ന ഭൂരിഭാഗം മതം മാറ്റങ്ങളും എന്തെങ്കിലും ആദർശങ്ങളുടെയോ വിശ്വാസങ്ങളുടെയോ പേരിൽ നടക്കുന്നതല്ല, മറിച്ചു സ്വന്തം മതത്തിൽ അടിമകളായി കഴിയുന്നതിലും ഭേദം മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നതല്ലേ എന്ന ചിന്തയിൽ നിന്നും ഉണ്ടാകുന്നതാണ്. പോകുന്നിടത്ത് സ്വർഗ്ഗം ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിയാമെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപെടാനെങ്കിലും കഴിയുമല്ലോ എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. ഇപ്പുറത്തു സ്വർഗ്ഗവാഗ്ദാനങ്ങളും കൂടിയാകുമ്പോൾ പിന്നെ ഒഴുക്കു കൂടുകയല്ലേ ഉള്ളൂ, കുറയില്ലല്ലോ? ഹിന്ദുക്കൾ തന്നെ ഹിന്ദുമതത്തിനേൽപ്പിച്ച ആഘാതത്തിന്റെ തിരിച്ചടിയാണിത്. തൊലിപ്പുറത്തെ ചികിത്സകൊണ്ടൊന്നും തടയാവുന്ന രോഗമല്ല ഇത്. ഇന്നത്തെ മതം മാറ്റം മാത്രമല്ല, ഈ നാടിന്റെ എക്കാലത്തെയും പുരോഗതിക്കു തടസ്സം സൃഷ്ട്ടിച്ചതും നൂറ്റാണ്ടുകളോളം ഭാരതത്തെ വിദേശ ശക്തികളുടെ അടിമയാക്കി നിർത്തിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇവിടുത്തെ ജാതിവ്യവസ്ഥയും അതിന്റെ പേരിൽ ഹിന്ദുസമൂഹത്തിൽ ഉണ്ടായ ശൈഥില്യങ്ങളുമായിരുന്നു. സനാതന ധർമ്മത്തിന്റെ മഹനീയ ആദർശങ്ങളെ കുഴിച്ചു മൂടി അതിനുമുകളിൽ സ്വാർത്ഥമോഹങ്ങളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ സങ്കുചിതമനസ്കരായ കുറെ പൂർവികർ നമ്മുടെ നാടിനു സമ്മാനിച്ചിട്ടു പോയതാണ് ജാതിവ്യവസ്ഥ എന്ന തീരാശാപം.

ജാതിവ്യവസ്ഥയുടെ വ്യക്താക്കൾ പറയുന്നത്, ഈശ്വരഹിതം നടപ്പിലാക്കുക മാത്രമാണവർ ചെയ്യുന്നതെന്നാണ്. ചാതുർവർണ്യം മനുഷ്യർക്കിടയിൽ നടപ്പാക്കണം എന്ന് വേദോപനിഷത്തുക്കളിലും പുരാണങ്ങളിലും എല്ലാം ഈശ്വരൻ കൽപ്പിച്ചിട്ടുണ്ടത്രേ ! ഇങ്ങനെ ചിന്തിച്ചു വായിച്ചാൽ ഇങ്ങനെ തന്നെ അർത്ഥം തോന്നുന്ന ചില ശ്ലോകങ്ങളും പരാമർശങ്ങളും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലൊക്കെ ഉണ്ട് എന്നതൊരു സത്യമാണ്. ഉദാഹരണത്തിന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നത്,

ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം

(ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ചു് ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ട്ടാവായി അറിയുക) എന്നാണ്‌.

ഈ ശ്ലോകത്തെ അവലംബമാക്കിയാണ് ഭഗവാനാണ് ഇവിടെ ജാതിവ്യവസ്ഥ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതെന്ന് പറയുന്നത്. ഇതേത്തുടർന്ന് മനുസ്മൃതിയടക്കം മറ്റു പലരും ഇതേ ലൈനിൽ ഭഗവാന്റെ പേരിൽ ചാതുർവർണ്യം നടപ്പാക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 'പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും സുഖവും സമാധാനവും നേരുന്ന' (ലോകസമസ്താ സൂഖിനോഭവന്തു), 'അജ്ഞാനാന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് ഇല്ലാതാക്കാൻ' ആഹ്വാനം ചെയ്യുന്ന (അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞാന ശലാകയാ), 'അസത്തിൽ നിന്നും സത്തിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മുന്നേറുവാൻ' (അസതോമാ സദ്ഗമയാ തമസ്സോമാ ജ്യോതിർഗമയാ) ലോകത്തോട് മുഴുവൻ ആഹ്വാനം ചെയ്യുന്ന ഒരു മഹനീയമായ സംസ്കാരത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണ് ഇങ്ങിനെ മനുഷ്യനെ മനുഷ്യൻ അടിമയാക്കുന്ന ചാതുർവർണ്യം നടപ്പിലാക്കാൻ ഈശ്വരനാമത്തിൽ നിർദ്ദേശിക്കുന്നത് എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു വലിയ അപാകത തോന്നുന്നില്ലേ? ബോധം തീർത്തും നശിച്ചിട്ടില്ലാത്ത ആർക്കും തോന്നണം. എനിക്കും അങ്ങിനെ തോന്നി. എവിടെയാണ് പ്രശ്നം, നമുക്ക് നോക്കാം.

രാമായണമാസക്കുറിപ്പ് - ഭാഗം 12 മുതൽ 15 വരെ

രാമായണമാസക്കുറിപ്പ് - 12  

പ്രപഞ്ചത്തോടൊപ്പം വിരാട് പുരുഷൻ ചാതുർവർണ്യവും സൃഷ്ടിച്ചെന്ന് ഋഗ്വേദം പറയുന്നു. സൃഷ്ടിയെക്കുറിച്ചു പുരുഷസൂക്തത്തിൽ പറഞ്ഞിരിക്കുന്നത്

ബ്രാഹ്മണോസ്യ മുഖമാസീദ്
ബാഹുരാജന്യ : കൃത:
ഊരു തദസ്യ യഥൈശ്യ:
പദ്ഭ്യാം ശൂദ്രോ അജായത

(ആ പ്രജാപതിക്ക്‌ ബ്രാഹ്മണൻ മുഖമായി (മുഖത്തിൽ നിന്നും ഉണ്ടായി). ക്ഷത്രിയൻ കൈകളിൽ നിന്നും തുടകളിൽ നിന്നും വൈശ്യനും പാദങ്ങളിൽ നിന്നും ശൂദ്രനും ജനിച്ചു. ഇതേ ആശയം ചില യജുർവേദ ശ്ലോകങ്ങളിലും കാണാം (ചില അക്ഷരങ്ങൾ ടൈപ്പ് ചെയ്യുന്നതിൽ ബുദ്ധിമുട്ടുകാരണം തെറ്റുണ്ടാകാം. ക്ഷമിക്കുക).

വേദങ്ങൾ പോലെയുള്ള പ്രാചീന ഗ്രന്ഥങ്ങളുടെ ഭാഷയും അതിൽ അടങ്ങിയിരിക്കുന്ന ഗൂഢഅർത്ഥതലങ്ങളും സാധാരണ വായനയിൽ ഒരുവനു കിട്ടുന്നതല്ല. സംസ്കൃത ഭാഷയിലും പരാമർശിച്ചിരിക്കുന്ന വിഷയത്തിലും നല്ല പാണ്ഡിത്യം ഉള്ള ഒരാൾക്ക് മാത്രമേ അത് വായിച്ചു അർത്ഥം ഗ്രഹിക്കാൻ കഴിയൂ. മുകളിൽ പരാമർശിച്ച ശ്ലോകം തന്നെ എടുത്തു നോക്കൂ. അന്ധവിശ്വാസത്തിന് അടിമപ്പെട്ടിട്ടില്ലാത്ത ഒരു ബുദ്ധി കൊണ്ട് വായിച്ചാൽ അതിൽ പറഞ്ഞിരിക്കുന്നത് ശുദ്ധ അസംബന്ധമാണ്. കൈയ്യിൽ നിന്നും കാലിൽ നിന്നുമൊന്നും മനുഷ്യൻ ഉണ്ടാകില്ലല്ലോ? എന്നാൽ ഇതൊക്കെ എഴുതി വെച്ചവർ അത്ര ബുദ്ധിശൂന്യരോ സ്വാർത്ഥതാത്പര്യക്കാരോ അല്ലെന്നു മനസ്സിലാക്കുമ്പോൾ എഴുതിയതിനു നമ്മൾ കാണുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമായ അർത്ഥമാണ് ഉദ്ദേശിച്ചിട്ടുള്ളതെന്നും മനസ്സിലാക്കാം. പക്ഷേ പിൽക്കാലത്തു വേദത്തെ വ്യാഖ്യാനിച്ച പലരും അവരുടെ താത്പര്യം വ്യാഖ്യാനങ്ങളിൽ കുത്തി നിറക്കയും അതാണ് സത്യമെന്നു മനുഷ്യരെ ബോധിപ്പിക്കുകയും ആയിരുന്നു. ദേവന്മാരുടെ പോലും ദൈവമാണ് ബ്രാഹ്മണനെന്നും ബ്രാഹ്മണന്റെ ദാസ്യവേലക്കാണ് ശൂദ്രനെ സൃഷ്ട്ടിച്ചിരിക്കുന്നതെന്നും സ്ത്രീകൾ സ്വാതന്ത്ര്യം അർഹിക്കുന്നില്ല എന്നും വേദം കേൾക്കുന്ന ശൂദ്രന്റെ ചെവിയിൽ ഇരുമ്പ് ഉരുക്കി ഒഴിക്കണമെന്നും ഇപ്പറയുന്നതെല്ലാം ഈശ്വരൻ പറഞ്ഞിട്ടുള്ളതാണെന്നും മറ്റും പുലമ്പിയ മനുസ്മൃതിപോലെയുള്ള അബദ്ധപഞ്ചാംഗങ്ങൾ കാണിക്കുന്നതിതാണ്. ഞങ്ങൾ കുറച്ചു പേർ മാത്രമാണ് വേദങ്ങൾക്കു അധികാരികളെന്നും ഞങ്ങളല്ലാതെ ആരെങ്കിലും അതു പഠിച്ചാൽ ഈശ്വരനിന്ദയാകുമെന്നും അങ്ങനെയുള്ളവർ ഈശ്വരകോപത്തിനു പാത്രമായി നശിച്ചു പോകുമെന്നും മറ്റും പറഞ്ഞു ഭയപ്പെടുത്തി വിദ്യാഭ്യാസം നിഷേധിച്ചു ബഹുഭൂരിപക്ഷം ജനങ്ങളെ ഇതൊക്കെ പഠിക്കുന്നതിൽ നിന്നും അകറ്റിനിർത്താനും ഇക്കൂട്ടർക്കു കഴിഞ്ഞു. മഹനീയ ആദർശങ്ങൾ ഉൾക്കൊള്ളുന്ന ഉപനിഷത്തുക്കൾ ഉൾപ്പെടുന്ന വേദങ്ങൾ രചിച്ച മനുഷ്യർ (വേദങ്ങൾ അപൗരുഷേയമാണ്‌, അതായത് മനുഷ്യനാൽ സൃഷ്ടിക്കപ്പെട്ടതല്ല, ഈശ്വരനാൽ സൃഷ്ടിക്കപ്പെട്ടതാണ് എന്നൊക്കെ പറയുന്നത് യുക്തിക്കു നിരക്കുന്നതല്ല) മനുഷ്യനെ മനുഷ്യന്റെ അടിമയാക്കി സമൂഹത്തെ നശിപ്പിക്കുന്ന ചാതുർവർണ്യത്തെ സൃഷ്ട്ടിച്ചു എന്നു ചിന്തിക്കുന്നതിൽ അസ്വാഭാവികതയുണ്ട്. ഇതൊന്നും ദൈവം ചെയ്ത തെറ്റുകളല്ല, സ്വാർത്ഥലക്ഷ്യങ്ങളോടെ പ്രവർത്തിച്ച മനുഷ്യരുടെ തെറ്റുകളാണ് എന്ന് സാരം.

ഭഗവത് ഗീതയിൽ ശ്രീകൃഷ്ണൻ (വ്യാസൻ) വേദങ്ങളെ നിശിതമായി വിമർശിച്ചിരിക്കുന്ന പശ്ചാത്തലത്തിൽ, വേദങ്ങളിൽ ഉദയം കൊണ്ട ചാതുർവർണ്യം എന്ന ആശയത്തെ ഭഗവാൻ 'ചാതുർവർണ്യം മയാ സൃഷ്ട്ടം ഗുണ കർമ്മ വിഭാഗശയ:' എന്ന് പറയുന്നതിൻറെ പൊരുളെന്താണെന്നു ചിന്തിക്കാം, ഇന്നല്ല, നാളെ.

(ഇവിടെ പരാമർശിക്കുന്ന വിഷയം ഇന്നുള്ളവർ ചെയ്തു നടപ്പാക്കിയതല്ല. പണ്ടുള്ളവർ ചെയ്തു വച്ചത് ഇന്നുള്ളവരും തുടർന്നു പോകുന്നൂ എന്നുമാത്രം).

രാമായണമാസക്കുറിപ്പ് -13

ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം (ഗീത: 4 : 13)

(ഗുണകർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു നാല് വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കർത്താവാണെങ്കിലും വികാരരഹിതനായ എന്നെ കർത്തൃത്തമില്ലാത്തവനെന്നറിഞ്ഞാലും).

ജാതിവ്യവസ്ഥയെന്ന സാമൂഹികക്രൂരതയെ ഉയർത്തിപ്പിടിക്കുന്നവരാൽ ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയോടെ വേണം ഇതിനെ വിശകലനം ചെയ്യാൻ. ഹിന്ദുമതത്തിന്റെ ആത്മീയഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻറെ (വ്യാസന്റെ) വാക്കുകളാണിതെന്നും അതുകൊണ്ടു തന്നെ അതിൻറെ അർത്ഥതലം മഹനീയമായിരിക്കണമെന്നും ആദ്യം തന്നെ ധരിക്കണം. പറയുന്നയാളിന്റെ ബോധതലം വാക്കുകളിൽ നിഴലിക്കും എന്നതൊരു സത്യമാണല്ലോ?
വർണ്ണം എന്നാൽ നിറം എന്നർത്ഥം. പുറമേയ്ക്ക് ഒരുപോലെ തോന്നിയേക്കാമെങ്കിലും വ്യക്തികളുടെ ചിത്തവൃത്തികൾക്കു വ്യത്യാസം ഉണ്ട്‌. ഒരാളുടെ ഗുണത്തിനനുസരിച്ചാകും അയാളുടെ സ്വഭാവം. ഗുണങ്ങൾ മൂന്നു തരത്തിലാണ്, സത്വഗുണം (വെളുപ്പ്‌ ), രജോഗുണം (ചുകപ്പ്), തമോഗുണം (കറുപ്പ്). മനുഷ്യനിൽ സമ്മേളിക്കുന്ന ഈ ത്രിഗുണങ്ങളുടെ വ്യത്യസ്ത ചേരുവകളിൽ (different combination) നിന്നും നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത്. വിചാരങ്ങളും പ്രവൃത്തികളും സ്വാത്വികമായിരിക്കുന്നവനെ ബ്രാഹ്മണൻ എന്നും രജോഗുണപ്രധാനിയെ ക്ഷത്രിയൻ എന്നും രജസ്തമോഗുണങ്ങൾ മുന്നിട്ടു നിൽക്കുന്നവനെ വൈശ്യൻ എന്നും ഇതിൽ മൂന്നിലും പെടാതെ, താമസികമായ വിചാരങ്ങളിലും പ്രവൃത്തികളിലും ഔത്സുക്യം കാണിക്കുന്നവനെ ശൂദ്രൻ എന്നുമാണ് ഈ ചാതുർവർണ്യ വിഭജനം. അതായത് ലോകത്ത് എവിടെയുമുള്ള ഒരു സമൂഹത്തെ ഉദാഹരണമായി എടുത്താൽ, അതിൽപ്പെടുന്നവരുടെ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ഭഗവാൻ ഉദ്ദേശിച്ച വിധത്തിൽ കുറേപ്പേർ ബ്രാഹ്മണരും കുറേപ്പേർ ക്ഷത്രിയരും ബാക്കിയുള്ളവർ വൈശ്യരും ശൂദ്രരും ആയിരിക്കും. ഭഗവാൻ ഉദ്ദേശിച്ച വർണ്ണം നമ്മൾ ഉദ്ദേശിക്കുന്ന ശരീരത്തിന്റെ നിറമോ ജാതിയോ അല്ല. ഇത് ജന്മം കൊണ്ട് നേടാവുന്നതല്ല, കർമ്മം കൊണ്ടേ നേടാൻ കഴിയൂ. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ ഇന്ന് നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും ഈ നാലു വർണ്ണങ്ങളിലും ഉള്ളവർ ഉണ്ടാകും എന്നർത്ഥം. ഭഗവാൻറെ വർണ്ണസങ്കൽപ്പപ്രകാരം ആത്മീയവിഷയത്തിൽ ഉന്നതനായ, സാത്വികനായ ഇന്നത്തെ ഒരു കീഴ്‍ജാതിക്കാരൻ (ശൂദ്രൻ) യഥാർത്ഥത്തിൽ ബ്രാഹ്മണനും ബ്രാഹ്മണജാതിക്കാരനെങ്കിലും താമസപ്രകൃതം മുന്നിട്ടു നിൽക്കുന്നവനെങ്കിൽ അയാൾ യഥാർത്ഥത്തിൽ ശൂദ്രനും ആണ്.

ഒരേ തരത്തിലുള്ള ചിന്താഗതിയും കർമ്മശേഷിയും ഉള്ളവരെ തരംതിരിച്ചു ഒരു വർണ്ണത്തിൻ കീഴിൽ നിരത്തുമ്പോൾ അത് അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കയും അതു സമൂഹത്തിനു ഗുണകരമാകുകയും ചെയ്യും എന്നതായിരിക്കണം ചാതുർവർണ്യം സൃഷ്ട്ടിച്ചതിൽ കൂടി ഭഗവാൻ ഉദ്ദേശിച്ചത്. ഒരു ഗ്രാമത്തിലെ ചിലർക്കു ഗ്രാമത്തെ നയിക്കാനുതകുന്ന നല്ല ചിന്തകളും ആത്മീയ സ്വഭാവവും ഉണ്ടാകും. അവരാണ് അവിടുത്തെ ബ്രാഹ്മണർ. ആ ഗ്രാമത്തെ വെളിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ട ഗുണങ്ങളുള്ള ഒരു കൂട്ടം ആളുകളും വേണം. അവരാണവിടുത്തെ ക്ഷത്രിയർ. ചിന്തയും രക്ഷയും കൊണ്ട് മാത്രം ജീവിക്കാനൊക്കില്ലല്ലോ? അതിനു ആഹാരം വേണം. അതുണ്ടാക്കാനുള്ള പ്രവൃത്തികളിൽ ചിലർക്ക് അതീവ താത്പര്യവും കഴിവും കാണും. അവർ അവിടുത്തെ വൈശ്യരാണ്. ഈ മൂന്നു വിഭാഗക്കാരും അവരവരുടെ കഴിവുകൾ കൊണ്ട് ഗ്രാമത്തിന്റെ നിലനിൽപ്പിനെ സഹായിക്കുമ്പോൾ അവരുടെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ നോക്കാനും മറ്റൊരു കൂട്ടർ വേണ്ടേ? അമ്മാതിരി ഗുണങ്ങളുള്ള കുറേപ്പേർ അത് നിർവഹിക്കും അവർ ആ ഗ്രാമത്തിലെ ശൂദ്രർ ആണ്. ഈ നാല് വിഭാഗത്തിലുള്ളവരുടെയും ഒത്തു ചേർന്നുള്ള പ്രവർത്തനം കൊണ്ടേ ആ ഗ്രാമം നിലനിൽക്കയും പുരോഗമിക്കുകയും ഉള്ളൂ. ഇതാണ് ഭഗവാന്റെ വർണ്ണ സങ്കൽപ്പം. ഇവിടെ എല്ലാവരും തുല്യരാണ്, ഒരാളും മറ്റൊരാളിന്റെ അടിമയല്ല. ഈ ഗ്രാമത്തിനെ ഒരു മനുഷ്യ ശരീരമായി കണ്ടാൽ അതിന്റെ തല ബ്രാഹ്മണനും മാറിടം ക്ഷത്രിയനും ഉദരവും വസ്തിപ്രദേശവും വൈശ്യനും പാദങ്ങൾ ശൂദ്രനും ആണെന്ന് കാണാം. ശരീരം സുന്ദരവും ബലവത്തായതും ആകണമെങ്കിൽ നാലുഭാഗങ്ങളും ചേർന്നിരിക്കണം. അതാണ് ഭഗവാന്റെ വർണ്ണസങ്കല്പം.

പക്ഷെ നമ്മുടെ കുറെ പൂർവികർ ഈ ആശയത്തെ മലിനപ്പെടുത്തി മനുഷ്യനെ മനുഷ്യന്റെ അടിമയാക്കുന്ന, ഉച്ചനീചത്വങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയാക്കി ചാതുർവർണ്യത്തെ മാറ്റി; അതും ഈശ്വരന്റെ പേരിൽ തന്നെ !

രാമായണമാസക്കുറിപ്പ് -14

ഈ കുറിപ്പ് എഴുതുമ്പോൾ തെല്ലു വിഷമത്തിലാണ് ഞാൻ. രാവിലെ മുതൽ എൻറെ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല എന്നതാണ് കാര്യം. ഗഹനമായ വേദാന്തചിന്തകൾ ചർച്ച ചെയ്യുന്നതിനിടയിലാണോ ഈ നിസ്സാര പൂച്ചക്കാര്യം വിളമ്പുന്നത് എന്നു നിങ്ങൾക്കു തോന്നാം. ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം!. എന്നാലും ഞാൻ ഒന്നു പറഞ്ഞോട്ടെ.

എൻറെ വീട്ടു വളപ്പിൽ രണ്ടു പൂച്ചകൾ ഉണ്ട്. ഇവിടെ തന്നെ പിറന്നതാണ്. കുഞ്ഞിലേ മുതൽ അവർക്കു ഞാൻ അന്നദാതാവാണ്‌. രണ്ടു പേരിൽ ഒരാൾ (കുക്കു) വിചാരിച്ചിരിക്കുന്നത് ഞാൻ അവളുടെ കളിക്കൂട്ടുകാരനോ മറ്റോ ആണെന്നാ. വെളിയിലോട്ടിറങ്ങാൻ ബൈക്കെടുത്താൽ അതിൽ കയറി നിൽക്കും. ഇറങ്ങാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കില്ല. മൂന്നു നാല് മാസം മുൻപ് ഇവൾക്കു രണ്ടു കുട്ടികൾ പിറന്നു. കണ്ടൻ പൂച്ചകളുടെയും നായ്ക്കളുടെയും ശല്യം ഇല്ലാതെ കഴിയാൻ വീട്ടിനുള്ളിലെ ഒരു ഒതുങ്ങിയ സ്ഥലത്ത് ഇവർക്ക് ഇടം നൽകി. കുഞ്ഞുങ്ങൾ ഒരുമാതിരി വളർച്ചയെത്തിയപ്പോൾ മൂന്നു പേരെയും വീടിനു വെളിയിൽ വിട്ടു. രാത്രികാലത്തു കഴിയാൻ കാർ ഷെഡ്‌ഡിൽ സൗകര്യവും നൽകി. ആദ്യത്തെ ദിവസം തന്നെ ഒരു കുഞ്ഞിനെ കണ്ടൻ പൂച്ച പിടിച്ചു തിന്നു. ബാക്കിയുള്ള ഒരു കുഞ്ഞിനെ, കണ്ണിലെ കൃഷ്ണമണിപോലെയാണ് കുക്കുപ്പൂച്ചയമ്മ നോക്കി വളർർത്തിയത്. ഇന്നലെ കാർ ഷെഡ്‌ഡിൽ മലവിസർജ്ജനം നടത്തിയതിനു ദേഷ്യപ്പെട്ടു ഞാൻ കാർ ഷെഡ് അടച്ചിട്ടു. രാവിലെ മുതൽ പൂച്ചക്കുഞ്ഞിനെ കാണുന്നും ഇല്ല. എൻറെ ഒരു തെറ്റുകൊണ്ടു ഒരു സാധു ജന്തുവിന്റെ ജീവൻ നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. ആ കുഞ്ഞിന്റെ അമ്മയുടെ ദുഖത്തിന് ഞാനല്ലേ കാരണക്കാരൻ ?

നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളിൽ ബ്രഹ്‌മത്തെ കാണുന്നവനാണ് സനാതനധർമ്മശാസ്ത്ര പ്രകാരം യഥാർത്ഥ ആത്മീയവാദി. തൻറെയുള്ളിൽ നിറയുന്ന ചൈതന്യം തന്നെയാണ് അപരന്റെയും എല്ലാ ജന്തുജാലങ്ങളുടെയും ഉള്ളിലും നിറയുന്നതെന്നും അതുകൊണ്ട് തന്നെ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' പൂച്ചയേയും പുഴുവിനെയും സ്‌നേഹിക്കണം എന്നും തിരിച്ചറിയുന്നവൻ. പഞ്ചഭൂതാൽമകമായ ശരീരം എന്ന നശ്വരമായ പുറം ചട്ടക്കേ വ്യത്യാസമുള്ളൂ. ഈ ജ്ഞാനം ലഭിക്കാനുള്ള പദ്ധതികൾ മാത്രമാണ് നമ്മുടെ ആത്മീയഗ്രന്ഥങ്ങൾക്കുള്ളിൽ അടക്കം ചെയ്തു വച്ചിരിക്കുന്നത്.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ: സമദർശിനഃ (ഭഗവത് ഗീത: 5 -18)

(വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും (ചണ്ഡളനിലും) ആത്മജ്ഞാനികൾ സമദൃഷ്ടികളാവുന്നു).

ഹിന്ദുമതത്തിൽ നടപ്പിലാക്കിയ ചാതുർവർണ്യവും ഈശ്വരസങ്കൽപ്പവുമെല്ലാം 'സമദർശിനഃ' എന്ന ഉപനിഷദ് സങ്കൽപ്പത്തിനു നേരെ വിപരീതമാണ്. അതുകൊണ്ടു തന്നെ ഹിന്ദുമതം സനാതന ധർമ്മശാസ്ത്രത്തെ അടിസ്ഥാനമാക്കിയുള്ള മതമാണ് എന്നു പറയുന്നത് തെറ്റാണ്. നമ്മളറിയുന്ന ഹിന്ദുമതം യഥാർത്ഥത്തിൽ വൈദികമതം ആണ്. അതിന് സനാതന ദർശനങ്ങളുമായി വലിയ ബന്ധമൊന്നുമില്ല.

രാമായണമാസക്കുറിപ്പ് -15

നമ്മൾ പിന്തുടരുന്ന ഹിന്ദുമതത്തിനു സനാതനധർമ്മവുമായി വലിയ ബന്ധമൊന്നും ഇല്ലെന്നും അത് യഥാർത്ഥത്തിൽ വൈദികമതമാണെന്നുമാണല്ലോ കഴിഞ്ഞ കുറിപ്പിൽ പറഞ്ഞു നിർത്തിയത്. സനാതനമതവും വൈദികമതവും തികച്ചും വ്യത്യസ്തമാണെങ്കിലും സനാതനദർശനങ്ങളുടെ പ്രമാണഗ്രന്ഥങ്ങളെയാണ് വൈദികമതവും തങ്ങളുടേതെന്നു പറഞ്ഞു ഉയർത്തിക്കാണിക്കുന്നത്. ആദർശത്തിന്റെ പരിവേഷം കിട്ടാനായിട്ടാകാം ഇങ്ങനെ ചെയ്യുന്നത്. പക്ഷേ ഈ വിരോധാഭാസമാണ് ചിന്തിക്കുന്ന ഹിന്ദുവിനുള്ളിൽ കുഴപ്പം സൃഷ്ടിക്കുന്നത്. ഗ്രന്ഥത്തിൽ പറയുന്നതൊന്നും തന്നെയല്ല, പ്രവൃത്തികളിൽ കാണുന്നത്. ഇങ്ങനെയുള്ള എഴുത്തുകളും വിശകലനങ്ങളും ഉണ്ടാകുന്നത് തന്നെ അതുകൊണ്ടാണ്.

സനാതനമതവും വൈദികമതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ഒന്നു ചിന്തിച്ചു നോക്കാം.

1. മനുഷ്യനെ ഇന്ദ്രിയപരമായ മനോതലത്തിൽ നിന്നും ബുദ്ധിതലത്തിലേക്കുയർത്തി സംസ്കാരചിത്തനാക്കി, സമൂഹത്തിനു മുതൽക്കൂട്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സനാതനമതം. ബുദ്ധിയുള്ള മനുഷ്യന്റെ പോലും ബുദ്ധി പ്രലോഭനങ്ങളിൽ കൂടി നശിപ്പിച്ചു അവനെ മനോതലത്തിലേക്ക്‌ എത്തിപ്പിക്കുന്നതാണ് വൈദികമതം.

2. ചില പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യർക്കു മാത്രം ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് വൈദികമതം. എല്ലാ മനുഷ്യരുടെയും (ജന്തുജാലങ്ങളുടെയും) നന്മയെയാണ് സനാതനമതം ലക്ഷ്യമാക്കുന്നത്.

3. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു വ്യക്തിരൂപം ആണ് വൈദികമതത്തിലെ ഈശ്വരൻ. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ചൈതന്യവത്താക്കി നിർത്തുന്ന ഒരു ശക്തിവിശേഷം മാത്രമാണ് സനാതനമതത്തിലെ ബ്രഹ്മം അല്ലെങ്കിൽ ഈശ്വരൻ.

4 . ഈശ്വരന്റെ പേരിൽ മനുഷ്യനെ ഭയപ്പെടുത്തിയും അടിമപ്പെടുത്തിയും നിർത്തുന്നതിലാണ് വൈദികമതത്തിന്റെ നിലനിൽപ്പ്. ബന്ധനങ്ങളിൽ നിന്നുളള മനുഷ്യന്റെ മുക്തി ഒന്നുമാത്രമാണ് സനാതനമതത്തിന്റെ ലക്‌ഷ്യം.

5 . പൂജകളിലൂടെയും വഴിപാടുകളിലൂടെയും സ്വാധീനിച്ചാൽ നമ്മുടെ സ്വാർത്ഥകാര്യങ്ങൾ നേടിത്തരുന്ന ഈശ്വരനാണ് വൈദികമതത്തിലേത്. മനുഷ്യരെല്ലാം ഈശ്വരന്മാർ തന്നെയാണെന്ന് സ്ഥാപിക്കുന്ന സനാതനമതത്തിൽ ഈശ്വരനെ സ്വാധീനിക്കാനുള്ള വഴി മറ്റൊന്നിനെയും ദ്രോഹിക്കാതെ മര്യാദക്കു ജീവിക്കുക എന്നത് മാത്രമാണ്.

6 . വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ദൈവാനുഗ്രഹം കിട്ടാനുള്ള പല വഴികളും വൈദികമതത്തിലുണ്ട്. സനാതനമതത്തിലെ ഈശ്വരനെ പ്രാപിക്കാൻ വലിയ ത്യാഗങ്ങളും സഹനവും ആവശ്യമാണ്.

7 . വൈദികമതത്തിൽ ഭക്തന് ഈശ്വരാനുഗ്രഹം നേടിത്തരാൻ ഇടനിലക്കാർ ഉണ്ട്. സനാതനമതത്തിലെ ഈശ്വരനെ നേടണമെങ്കിൽ വ്യക്തി തന്നെ ശ്രമിക്കണം. ഇടനിലക്കാർക്ക് ഇവിടെ റോളില്ല.

വൈദികമതം ഇവിടെ മാത്രമാണുള്ളതെന്നു വിചാരിക്കരുത്. ലോകത്തിലെ എല്ലാ മതങ്ങളിലും ദാർശനികമതത്തോടൊപ്പം തന്നെ വൈദികമതവും ആവിർഭവിച്ചിട്ടുണ്ട്. ദാർശനികമതത്തെ നിഷ്പ്രഭമാക്കി വളർന്ന വൈദികമതത്തിന്റെ പൊതുരീതികൾ ലോകത്തെവിടെയും ഏതാണ്ട് ഒരുപോലെ തന്നെയാണ്.