Friday, September 30, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 3

അർജ്ജുനൻ ആവശ്യപ്പെട്ടതനുസരിച്ചു കൃഷ്ണൻ രഥം രണ്ടു സൈന്യങ്ങൾക്കും നടുവിൽ, ഭീക്ഷ്മർക്കും ദ്രോണർക്കും  അഭിമുഖമായി നിർത്തി, 'ചേർന്നു നിൽക്കുന്ന ഈ കുരുക്കളെ കണ്ടുകൊൾക' എന്നു പറഞ്ഞതിൽ ഒരു മനഃശ്ശാസ്ത്രസമീപനമുണ്ടെന്നു പറഞ്ഞാണ് കഴിഞ്ഞ ഭാഗം നിർത്തിയത്. ആ  മനഃശ്ശാസ്ത്രത്തിന്റെ മറ്റൊരു തലം കൂടി മനസ്സിലാക്കിയിട്ടു മുൻപോട്ടു പോകാം. കൃഷ്ണനിലൂടെ അർജ്ജുനന് ആത്മജ്ഞാനപരമായ തത്‍വോപദേശം നൽകുകയാണല്ലോ ഗീതാകാരന്റെ ലക്ഷ്യം? ഇതുപോലൊരു വിഷയത്തെ മനസ്സിലേക്ക് ആവാഹിക്കണമെങ്കിൽ ജ്ഞാനാർത്ഥിയുടെ മനസ്സിന്റെ നില അതിനു പരിപാകമായിരിക്കണം. എന്നാൽ മാത്രമേ ആ ജ്ഞാനം മനസ്സിലും ബുദ്ധിയിലും പ്രവർത്തിച്ചു അതുകൊണ്ടു പഠിതാവിനു ഗുണമുണ്ടാകൂ. വിത്തുവിതയ്ക്കുന്നതിനു നിലം ഒരുക്കേണ്ടതുണ്ടെന്നതുപോലെ വിദ്യ സ്വീകരിക്കാൻ വിദ്യാർത്ഥിയുടെ മനസ്സിനെയും ഒരുക്കേണ്ടതുണ്ട്. ഇനി നൽകാൻ പോകുന്ന ഉപദേശം സ്വീകരിക്കാൻ അർജ്ജുനൻ സർവഥാ യോഗ്യനാണെങ്കിലും അദ്ദേഹത്തിൻറെ മനസ്സിനെ അതിനായി ഒരുക്കേണ്ടതുണ്ട്. തന്റെ കഴിവിൽ അൽപ്പം ഗർവിഷ്ടനായ കഥാപാത്രമാണ് അർജ്ജുനൻ. അഹംഭാവമുള്ള മനസ്സിലേക്ക് ജ്ഞാനം പ്രവേശിക്കില്ല. അതുകൊണ്ട് അർജ്ജുനന്റെ മനസ്സിനെ ജ്ഞാനസമ്പാദനത്തിനായി അഹംഭാവരഹിതമാക്കേണ്ടതുണ്ട്. യുദ്ധത്തിനു തയ്യാറായി നിൽക്കുന്ന ഗർവ്വിഷ്ടനായ അർജ്ജുനനെ, തന്നെക്കാൾ എല്ലാക്കഴിവുകളിലും ഉയർന്നു നിൽക്കുന്നവരും മഹാത്മാക്കളും അഭിവന്ദ്യരുമായ ഭീക്ഷ്മരുടേയും ദ്രോണരുടെയും മുൻപിൽ മുഖാമുഖം കൊണ്ടു നിർത്തിയാൽ, ആ അഹംഭാവം നീങ്ങി മനസ്സു ശുദ്ധമാകും എന്ന് കൃഷ്ണനറിയാം. അർജ്ജുനന്റെ അസാമാന്യശക്തികൾക്ക് പ്രതിബന്ധമായി നിൽക്കുന്ന ഈ അഹംഭാവത്തെ ഉന്മൂലനം ചെയ്യാനുദ്ദേശിച്ചുള്ള പല കഥകളും പുരാണങ്ങളിലുണ്ട്. 'സന്താനഗോപാല'ത്തിൽ ശ്രീകൃഷ്ണനും 'കിരാത'ത്തിൽ പരമശിവനും അർജ്ജുനഗർവ്വനാശനത്തിലൂടെ അദ്ദേഹത്തെ കൂടുതൽ ഊർജ്ജ്വസ്വലനാക്കുന്നതു കാണാം.  'കല്യാണസൗഗന്ധിക'ത്തിൽ ഹനുമാൻ ഗർവിഷ്ടനായ ഭീമനു  നൽകുന്നതും ഇതേ ചികിത്സയാണ്. മനുഷ്യന്റെ ആർജ്ജിതമായ ശക്തികൾ പ്രകാശിതമാകുന്നതിന് അഹംഭാവം തടസ്സമാകുമെന്നും അതിനാൽ തന്നെ അതിനെ ബോധപൂർവം ഒഴിവാക്കണം എന്നുമേ ഇക്കഥകളെല്ലാം കൊണ്ട് ഉദ്ദേശിക്കുന്നുള്ളൂ. വീര്യവാനായ അർജ്ജുനനിനി കുരുക്ഷേത്രത്തിൽ സംഭവിക്കുന്ന ഭാവപ്പകർച്ചയിൽ നിന്നും കൃഷ്ണൻ ചിന്തിച്ചപ്രകാരത്തിൽ തന്നെയാണ് കാര്യങ്ങൾ മുന്നോട്ടു നീങ്ങുന്നതെന്ന്  കാണാം.

തത്രാപശ്യൽ സ്ഥിതാൻ പാർത്ഥ: പിത്രൂനഥ  പിതാമഹാൻ
ആചാര്യന്മാതുലൻ ഭ്രാതൂൻ പുത്രാൻ പൗത്രാൻ സഖീം സ്തഥാ
ശ്വശുരാൻ സുഹൃദശ്ചയ്വ സേനയോരുഭയോരപി  (ശ്ലോകം: 1- 26)

(അപ്പോൾ അർജ്ജുനൻ അവിടെ രണ്ടു സൈന്യങ്ങളിലും നിൽക്കുന്ന പിതാക്കന്മാരെയും മുത്തച്ഛന്മാരെയും ഗുരുക്കന്മാരെയും അമ്മാവന്മാരെയും സഹോദരന്മാരെയും പുത്രന്മാരെയും പൗത്രന്മാരെയും അപ്രകാരം തന്നെ ഭാര്യാപിതാക്കന്മാരെയും സുഹൃത്തുക്കളെയും കണ്ടു)

ആ കുന്തീപുത്രൻ ബന്ധുക്കളെ എല്ലാം നോക്കിക്കൊണ്ട് വളരെ ദയയോടുകൂടിയവനും ദുഖിതനുമായിട്ട് ഇങ്ങനെ പറഞ്ഞു (ശ്ലോകം: 1- 27)

അല്ലയോ കൃഷ്ണാ, ദുഃഖം ചെയ്യാനിച്ഛയോടെ വന്നിരിക്കുന്ന എന്റെ അംഗങ്ങൾ തളരുന്നു, വായ വരണ്ടു പോകുന്നു. എന്റെ ശരീരം വിറയ്ക്കുകയും രോമാഞ്ചം ഉണ്ടാവുകയും ചെയ്യുന്നു. ഗാന്ധീവം കയ്യിൽ നിന്നും വഴുതി വീഴുന്നു. ദേഹമാസകാലവും ചുട്ടു നീറുന്നു. തേരിൽ ഇരിക്കുന്നതിനു തന്നെ എനിക്ക് ശക്തിയില്ലാതെയാകുന്നു. എന്റെ മനസ്സ് വല്ലാതെ പരിഭ്രമിച്ചപോലെ തോന്നുന്നു. അല്ലയോ കേശവാ, ഞാൻ പല ദുർന്നിമിത്തങ്ങളും കാണുന്നു (ശ്ലോകം: 1-28 മുതൽ 1-31വരെ).

സ്വജനങ്ങളെ കൊന്നിട്ട് ഒരു ശുഭഫലത്തെയും ഞാൻ കാണുന്നില്ല. ഹേ, കൃഷ്ണ, ജയത്തെയോ രാജ്യത്തെയോ സുഖത്തെയോ ഞാനിച്ഛിക്കുന്നില്ല. ഹേ, ഗോവിന്ദ, ഞങ്ങൾക്ക് രാജ്യം കൊണ്ടാവട്ടെ, ഭോഗങ്ങൾ കൊണ്ടാവട്ടെ, ജീവിതം കൊണ്ടുതന്നെയാവട്ടെ  എന്തൊരു പ്രയോജനമാണുള്ളത്?(ശ്ലോകം: 32).

ആർക്കുവേണ്ടിയാണോ രാജ്യവും ഭോഗങ്ങളും സുഖങ്ങളും ഞങ്ങൾ ആഗ്രഹിച്ചത്, ആ ആചാര്യന്മാരും പിതുക്കളും പുത്രന്മാരും അതുപോലെ മുത്തച്ഛന്മാരും അമ്മാവന്മാരും ശ്വശുരന്മാരും പൗത്രന്മാരും ഭാര്യാസഹോദരന്മാരും അപ്രകാരം ബന്ധുക്കൾ ഇവരെല്ലാവരും പ്രാണനെയും ധനത്തെയും ഉപേക്ഷിച്ചു യുദ്ധക്കളത്തിൽ നിൽക്കുന്നു.(ശ്ലോകം: 33 & 34).

ഹേ , മധുസൂദനാ, എന്നെക്കൊന്നാൽപ്പോലും മൂന്നുലോകത്തിന്റെയും അധിപത്യത്തിനു വേണ്ടിപ്പോലും ഇവരെ കൊല്ലാൻ ഞാൻ ആഗ്രഹിക്കുന്നില്ല. പിന്നെയാണോ ഈ ഭൂമിക്കു വേണ്ടി ?(ശ്ലോകം: 35)

(ഇവിടെ നൽകിയിരിക്കുന്ന മലയാള പരിഭാഷയോടൊപ്പം തന്നെ ശ്ലോകങ്ങളെ നിങ്ങളുടെ കയ്യിലിരിക്കുന്ന പുസ്തകത്തിൽ നിന്നും സംസ്കൃതഭാഷയിൽ (മലയാളലിപികളിൽ എഴുതിയിട്ടുള്ളത്) മനസ്സിലാക്കാൻ  ശ്രമിക്കുന്നത് ഉത്തമമായിരിക്കും. ശ്ലോകങ്ങളുടെ ശക്തി ശരിക്കും തോന്നണമെങ്കിൽ അത് സംസ്കൃതത്തിൽ തന്നെ വായിക്കണമെന്നതിനാലാണ് ഇങ്ങനെ പറയുന്നത്. ടൈപ്പ് ചെയ്തെടുക്കാനുള്ള ബുദ്ധിമുട്ടു കാരണം അതെല്ലാം എനിക്കിവിടെ ഉദ്ധരിക്കാൻ കഴിയുന്നില്ല).


ഇനി മുകളിൽ കണ്ട ശ്ലോകങ്ങളെ മനസ്സിലാക്കാൻ ശ്രമിക്കാം.  'ഈ കൗരവന്മാരെ കണ്ടുകൊൾക' എന്ന് കൃഷ്ണൻ പറഞ്ഞതിനെ തുടർന്നു വില്ലുയർത്തിപ്പിടിച്ചു സാമാന്യം ധാർഷ്ട്യത്തോടെ യുദ്ധോത്സുകനായി നിന്ന അർജ്ജുനൻ കൗരവപക്ഷത്തെ ഒന്നു നോക്കിയതേയുള്ളൂ, അതേത്തുടർന്നുണ്ടായ  അർജ്ജുനന്റെ ഭാവപ്പകർച്ചയാണ് 28 മുതൽ 30 വരെയുള്ള ശ്ലോകങ്ങളിൽ വർണ്ണിച്ചിരിക്കുന്നത്. ഒരു നോട്ടം കൊണ്ട് ആത്മവിശ്വാസത്തിന്റെ കൊടുമുടിയിൽ നിന്നും ബലഹീനതയുടെ  തമോഗർത്തത്തിലേക്കു ആ ക്ഷാത്രവീരൻ പതിച്ചു പോയി. മനുഷ്യമനസ്സിന്റെ പ്രകൃതമാണിവിടെ ഗീതാകാരൻ വരച്ചു കാണിക്കുന്നത്. ഏതു ബലവാനെയും  ഒരു നിമിഷം കൊണ്ട് അവന്റെ മനസ്സ് വീഴ്ത്തും. കാരണങ്ങൾ പലർക്കും പലതാകാം എന്നുമാത്രം. ആ വീഴ്ചയിൽ നിന്നും കരകയറണമെങ്കിൽ ആത്മവിശ്വാസമാകുന്ന കൃഷ്ണന്റെ സഹായം അനിവാര്യമാണ്. അല്ലെങ്കിൽ വീണിടത്തു തന്നെ കിടന്നു പോകും. ഈ ആത്മബലം എങ്ങിനെ നേടാനാവും എന്നതാണ് ഗീതാവിഷയം തന്നെ.

മനുഷ്യനെ അവന്റെ മനസ്സു വീഴ്‌ത്തുന്നതിന്റെ  ഒരുദാഹരണം എന്റെ അനുഭവത്തിൽ നിന്നും പറയാം.

കുറെ വർഷങ്ങൾക്കു മുൻപ് ഞാനും എന്റെ ഒരു സുഹൃത്തും ബോംബയിൽ പ്രൊമോഷൻ ഇന്റർവ്യൂവിനു പങ്കെടുക്കാൻ പോയി. നല്ല ഗവേഷകനും അൽപ്പം യുക്തിവാദിയുമായ എന്റെ സുഹൃത്തിനു ആ പ്രമോഷൻ കാലയളവിൽ ധാരാളം journal publications ഉണ്ടായിരുന്നു. ഇന്റർവ്യൂവിൽ  ഇതിനു വലിയ വിലയുണ്ടെന്നുള്ളതു കാരണം സുഹൃത്ത്  അമിതമായ ആത്മവിശ്വാസത്തിലായിരുന്നു. പക്ഷെ ഇന്റർവ്യൂവിൽ എന്തോ അടിസ്ഥാനപരമായ ഒരു തെറ്റ് അദ്ദേഹം വരുത്തിയതുകാരണം നിർഭാഗ്യവശാൽ പ്രൊമോഷൻ കൊടുത്തില്ല. ഇന്റർവ്യൂ നടക്കുന്ന മുറിയുടെ വെളിയിൽ നിൽക്കുകയായിരുന്നു ഞാൻ. തികഞ്ഞ ആത്മവിശ്വാസത്തോടെ ഉള്ളിലേക്ക് പോയ എന്റെ സുഹൃത്ത് ആകെ തകർന്ന നിലയിൽ വെളിയിലേക്കു വരുന്നതാണ് ഞാൻ കണ്ടത്. എന്ത് പറ്റിയെന്ന എന്റെ ചോദ്യത്തിനുത്തരം നൽകാതെ കരഞ്ഞുകൊണ്ട് അദ്ദേഹം ചുവരിൽ നെറ്റി കൊണ്ടു ആഞ്ഞടിക്കാൻ തുടങ്ങി. 'എനിക്കിതു സഹിക്കാൻ കഴിയില്ലെന്നും ഞാൻ എല്ലാ ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം നൽകിയിട്ടും അവർ മന:പൂർവം എന്റെ പ്രൊമോഷൻ തടഞ്ഞുവെന്നും' മറ്റും അദ്ദേഹം പുലമ്പിക്കൊണ്ടേയിരുന്നു. ഒരുവിധത്തിൽ ഞാൻ പുള്ളിക്കാരനെ സമാധാനിപ്പിച്ചു റൂമിൽ എത്തിച്ചു. എന്നിട്ടും തീർന്നില്ല. "മോഹൻദാസ്, ഇന്നുവരെ ഞാൻ മദ്യം കഴിച്ചിട്ടില്ല. ഇന്നു സംഭവിച്ചത് എനിക്ക് സഹിക്കാൻ കഴിയുന്നതിലും അപ്പുറമാണ്. എനിക്കിന്ന് കുടിച്ചു പൂസ്സാകണം. യു മസ്റ്റ്‌ ഗിവ് മീ കമ്പനി". അടുത്തൊരു ബാറിൽ കൊണ്ടുപോയി സുഹൃത്തിനെ കുശാലായി സേവിപ്പിച്ചു. ഒരു വിധത്തിൽ ഒരു ടാക്സിയിൽ പിടിച്ചിട്ടു റൂമിൽ എത്തിച്ചുവെന്നു പറഞ്ഞാൽ മതിയല്ലോ!. എന്നെപ്പോലൊരാൾ അന്നവിടില്ലായിരുന്നുവെങ്കിൽ ഇദ്ദേഹം വല്ല കടുംകൈയും ചെയ്തുപോയേനെ! ഇതാണ് മനസ്സിന്റെ കളി.

അമിതമായ ആത്മവിശ്വാസത്തിലാണ് അർജ്ജുനൻ യുദ്ധരംഗത്തേക്കു പോയത്. ദുര്യോധനാദികളോടു പ്രതികാരം ചെയ്യാൻ ഈ ഒരവസരത്തിനു വേണ്ടി വളരെ നാളുകളായി തയ്യാറെടുത്തിരുന്ന വീര്യവാനായ യോദ്ധാവാണ് അർജ്ജുനൻ. പിന്നെന്തേ ആ കൗരവരെ ഒന്നു കണ്ടു കഴിഞ്ഞപ്പോഴേക്കും ഈ ക്ഷാത്രവീരന് ഇത്ര പതർച്ച വരാൻ? ഞാൻ, എന്റെ തുടങ്ങിയ ചിന്തകളാൽ അർജ്ജുനന്റെ ഹൃദയം നുറുങ്ങിയെന്നാണ് പല വ്യാഖ്യാതാക്കളും പറയുന്നത്. അതെങ്ങിനെ ശരിയാകും? തന്റെ എതിർപക്ഷത്തുള്ളവർ ആരൊക്കെയാകുമെന്നും അവരോട് തനിക്കുള്ള ബന്ധമെന്തെന്നും ഒക്കെ നന്നായി അറിഞ്ഞിരുന്നയാളല്ലേ അർജ്ജുനൻ? അതിപ്പം അറിഞ്ഞ കാര്യമൊന്നുമല്ലല്ലോ? അര്ജ്ജുനന് യുദ്ധത്തെ നേരിടാനുള്ള ഭയം ഏതായാലും കാണില്ല. എന്റെ സുഹൃത്തിനെപ്പോലെയൊരു ദുർബ്ബലഹൃദയനായിരുന്നു വില്ലാളി വീരനായ അർജ്ജുനനെന്നു കരുതുന്നതും ശരിയല്ല. പിന്നെങ്ങനെ 'ക്ഷത്രിയന് ചേരാത്ത അപമാനകരമായ'  ഈ വികാരവേലിയേറ്റം അർജ്ജുനനുണ്ടായി? എന്റെ ചിന്തയിൽ  കിട്ടിയ ചില ഉത്തരങ്ങൾ ഇവിടെ പങ്കു വയ്ക്കാം. തീയ്ക്കു ചൂടുണ്ടെന്നത്  ഒരറിവാണ് (ജ്ഞാനം). പക്ഷേ തീകൊണ്ടു കൈപൊള്ളുമ്പോഴാണ് അത് നമുക്ക് അനുഭവവേദ്യമാകുന്നത് (വിജ്ഞാനം). അതുപോലെ അടികിട്ടിയാൽ വേദനിക്കും എന്നറിയാമെങ്കിലും അടിയുടെ വേദന മനസ്സിലാകുന്നത് അത്‌ ശരീരത്തിൽ പതിക്കുമ്പോൾ മാത്രമാണ്. ബന്ധുക്കളും മിത്രങ്ങളുമൊക്കെയാണ് എതിർപക്ഷത്തുള്ളന്നതെന്നും യുദ്ധത്തിൽ ഇവരെല്ലാം നശിക്കുമെന്നുമെല്ലാം അർജ്ജുനന് അറിയാമായിരുന്നെങ്കിലും കുരുക്ഷേത്രയുദ്ധക്കളത്തിൽ മുഖത്തോടു മുഖം നിന്ന് അവരെനോക്കിക്കണ്ടപ്പോഴാണ് ആ അറിവ് അർജ്ജുനന് അനുഭവപ്പെട്ടത്. നല്ലൊരടി കിട്ടിയാൽ വേദനയിൽ പുളയും എന്നപോലെ സത്യത്തെ മുഖത്തോട് മുഖം കണ്ട അർജ്ജുനനിൽ ഈ അനുഭവം വികാരവേലിയേറ്റത്തിനു കാരണമായി.  ഇത് കൂടാതെ,ഹിന്ദുമതത്തിൽ അക്കാലത്തു പ്രബലമായിരുന്നു ധർമ്മശാസ്ത്രചിന്തകൾ അർജ്ജുനന്റെ വ്യക്തിത്വത്തിൽ അടിച്ചേൽപ്പിച്ചിരുന്ന മതപരമായ ചില തെറ്റിദ്ധാരണകൾ ഈ വികാരവേലിയേറ്റത്തിന്റെ ആക്കം കൂട്ടാൻ കാരണമായിട്ടുണ്ടെന്ന്, തുടർന്നു വരുന്ന ചില ശ്ലോകങ്ങളിൽ നിന്നും മനസ്സിലാക്കാം. മതം മനുഷ്യനിൽ ചെലുത്തുന്ന തെറ്റായ സ്വാധീനശക്തികൾ, ചില സന്ദർഭങ്ങളിൽ വീര്യവാനായ ഒരു വ്യക്തിയുടെ കർമ്മശേഷിയെ തന്നെ നശിപ്പിക്കാൻ കാരണമായേക്കാമെന്ന സന്ദേശവും ഈ അർജ്ജുനവിഷാദചിന്തകളിൽ  നിന്നും നമുക്കു വായിച്ചെടുക്കാം. ഈ വിഷയങ്ങളെല്ലാം അതാതിന്റെ സമയം വരുമ്പോൾ നമുക്കു വിശദമായി ചർച്ച ചെയ്യാം. ലൗകികസുഖങ്ങൾ പലതും നേടണമെന്നും അനുഭവിക്കണമെന്നും ആഗ്രഹമുണ്ടെങ്കിലും വിധി അതിനൊന്നും അനുവദിക്കുന്നില്ല എന്നറിയുമ്പോൾ അർജ്ജുനനുണ്ടാകുന്ന അസംതൃപ്തിയും അമർഷവും അസഹ്യതയും നിസ്സഹായതയും വിഷാദരൂപത്തിൽ ഇവിടെ പ്രകടമാകുന്നുവെന്നും ചിന്തിക്കാം. ഇതെല്ലം തന്നെ ഇഹലോകവാസിയായ ഏതൊരു മനുഷ്യനും സംഭവിക്കാവുന്ന മാനസിക പ്രശ്നങ്ങളായതുകൊണ്ടു, യുദ്ധക്കളത്തിലെ അർജ്ജുനന്റെ ഭാവപ്പകർച്ചയെ മനഃശ്ശാസ്ത്രപരമായി വ്യാഖ്യാനിക്കാൻ പല വ്യാഖ്യാതാക്കളും ശ്രമിച്ചിട്ടുണ്ട്. ഏതായാലും ബഹുമുഖതലങ്ങളുള്ള ഗീത ആദ്യമായി അനാവരണം ചെയ്യാൻ ശ്രമിക്കുന്നത് മനുഷ്യ മനസ്സിനെയും അതിന്റെ സങ്കീർണ്ണ സ്വഭാവത്തെയും തന്നെയാണെന്ന് നമുക്ക് ന്യായമായും ചിന്തിക്കാം. ഒരു ആത്മീയഗ്രന്ഥമെന്ന നിലയിൽ ഭക്തിയോടെ മാത്രം ഗീതയെ നോക്കിക്കാണുന്ന ഒരാളിന് ഗീതയുടെ ഈ മനശ്ശാസ്ത്രതലം ഒരുപക്ഷേ മനസ്സിലാക്കാൻ കഴിയാതെ പോയേക്കാം. മഹാദേവ് ദേശായി പ്രസിദ്ധീകരിച്ച 'മഹാത്മാ ഗാന്ധിയുടെ ഗീതാ വ്യാഖ്യാനത്തിന്റെ' ആമുഖത്തിൽ (III. THE BOOK AND THE THEME) പറഞ്ഞിരിക്കുന്ന കാര്യം ഇത്തരുണത്തിൽ പ്രസക്തമാണ്.

'Is Gita anything in the nature of a historical narrative, forming as it does, part of the great War-epic? Gandhiji has challenged the description of the Mahabharata as a historical war-epic. In support of the challenge, I venture to enforce its argument by a few more considerations to show that the Gita can, in no sense of the term, be regarded as a historical dialogue. That a war named the Mahabharata War or some other took places need not be disputed, but that the author of the epic and the Gita had anything like the object of a historical narrative in mind is certainly disputed'.

അർജ്ജുനവിഷാദത്തിന്റെ ആഴക്കയങ്ങളിലേക്ക്‌ നമുക്കിനി ഇറങ്ങിച്ചെല്ലേണ്ടതുണ്ട്, അത് ചെയ്യാം, വരും ആഴ്ചകളിലാവട്ടെ. 

Friday, September 23, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 2

തസ്യ സഞ്ജനയന് ഹർഷം കുരുവൃദ്ധ പിതാമഹഃ       (ശ്ലോകം 1:12)
സിംഹനാദം വിനദ്യോചൈ: ശംഖം ദധൗ പ്രതാപവാൻ

(കുരുവൃദ്ധനായ  ഭീഷ്മപിതാമഹൻ, ദുര്യോധനനു സന്തോഷം ജനിക്കത്തക്കവണ്ണം, സിംഹഗർജ്ജനം ചെയ്തു ശംഖു വിളിച്ചു)

തതഃ ശംഖാശ്ച ഭേര്യശ്ച പണവാനക ഗോമുഖാ:              (ശ്ലോകം 1:13)
സഹസൈവാഭ്യഹന്യന്ത സ ശബ്ദസ്തു മൂലോഭവത്

(അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നു തന്നെ മുഴക്കപ്പെട്ടു. ആ ശബ്ദം ഒരു കോലാഹലമായിത്തീർന്നു)

വലിയൊരു സൈന്യവും ഭീക്ഷ്മരെയും ദ്രോണരെയും പോലെയുള്ള അതികായന്മാരും സ്വപക്ഷത്തുണ്ടെങ്കിലും  ചെയ്തുകൂട്ടിയ തെറ്റുകളുടെയും അധർമ്മത്തിന്റെയും കുറ്റബോധം ദുര്യോധനനെ പരാജയഭീതിയിലാക്കി പലതും പുലമ്പാൻ പ്രേരിപ്പിക്കുന്നതു കണ്ട്, ഈ നില തുടരുന്നതു നന്നല്ല എന്നു മനസ്സിലാക്കിയ പ്രതാപവാനും കുരുവൃദ്ധനായ  ഭീഷ്മപിതാമഹൻ, ദുര്യോധനനു സന്തോഷം ജനിക്കത്തക്കവണ്ണം സിംഹഗർജ്ജനം ചെയ്തു ശംഖു വിളിച്ചു. അനന്തരം ശംഖുകളും പെരുമ്പറകളും പലതരം വാദ്യങ്ങളും പെട്ടന്നു തന്നെ മുഴക്കപ്പെട്ടു. ആ  ശബ്ദം ഒരു കോലാഹലമായിത്തീർന്നു.

തതഃ ശേതൈർ ഹയൈർയുക്തോ മഹതി സ്യന്ദനേ സ്ഥിതൗ (ശ്ലോകം 1:14)
മാധവഃ പാണ്ഡവഃശ്ചയവ ദിവ്യ ശംഖൗ പ്രദധ്മതു:

(അതിനുശേഷം വെളുത്തകുതിരകളെപ്പൂട്ടിയ മഹത്തായ തേരിലിരുന്നുകൊണ്ട് ശ്രീകൃഷ്ണനും അർജ്ജുനനും ദിവ്യശംഖങ്ങളെ ഉറക്കെ മുഴക്കി).

കൃഷ്ണൻ പാഞ്ചജന്യവും അർജ്ജുനൻ ദേവദത്തവും ഭീമൻ പൗണ്ഡ്രവും യുധിഷ്ഠിരൻ അനന്തവിജയവും നകുലൻ സുഘോഷവും സഹദേവൻ മണിപുഷ്പ്പകവും മുഴക്കി (ശ്ലോകം 1:15  &1:16).

പിന്നെ വില്ലാളി വീരനായ കാശി രാജാവും മഹാരഥനായ ശിഖണ്ഡിയും സാത്യകിയും ദൃഷ്ടദ്യുമ്നനും വിരാടനും തോല്ക്കാത്ത സാത്യകിയും പാഞ്ചാലനും പാഞ്ചാലീപുത്രന്മാരും കയ്യൂക്കുള്ള അഭിമന്യുവും പ്രത്യേകം പ്രത്യേകം ശംഖുകൾ മുഴക്കി (ശ്ലോകം 1:17&1:18).

ആ ഗംഭീരശബ്ദം ആകാശത്തെയും ഭൂമിയെയും പ്രതിധ്വാനിപ്പി ച്ചു കൊണ്ട് ധൃതരാഷ്ട്രപുത്രന്മാരുടെ ഹൃദയം പിളർന്നു (ശ്ലോകം 1:19).

ഹേ, മഹാരാജാവേ, പിന്നീട് ആയുധപ്രയോഗത്തിനുള്ള കാലമായപ്പോൾ യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ധൃതരാഷ്ട്ര പുത്രന്മാരെക്കണ്ടു വില്ലുയർത്തിപ്പിടിച്ചു കൊണ്ടു അർജ്ജുനൻ കൃഷ്ണനോടിങ്ങനെ പറഞ്ഞു (ശ്ലോകം 1:20). 

സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയ മേച്യുതാ (ശ്ലോകം:21)
യവദേതാന്നിരീക്ഷേഹം യോദ്ധകാമാനവസ്ഥിതാൻ
കൈർമയാ സഹയോദ്ധവ്യമസ്മിൻ രണസമുദ്യമേ (ശ്ലോകം:22 )
യോത്സ്യ മാനാനവേക്ഷേഹം യ ഏതേത്ര സമാഗതഃ
ധാർതരാഷ്ട്രസ്യ ദുർബുദ്ധേ: യുദ്ധേ പ്രിയചികീർഷവ: (ശ്ലോകം:23)

(ഹേ അച്യുതാ, ദുഷ്ടബുദ്ധിയായ ദുര്യോധനന് പ്രിയം ചെയ്യുവാനിച്ഛയോടുകൂടി ആരെല്ലാം ഈ യുദ്ധക്കളത്തിൽ വന്നിരിക്കുന്നുവോ അവരെയും ഈ യുദ്ധാരംഭത്തിൽ ഞാൻ ആരോടെല്ലാമാണോ യുദ്ധം  ചെയ്യേണ്ടത് അവരെയും അതിന്നും പുറമെ ഇപ്പോൾ യുദ്ധത്തിനായി ഒരുമ്പെട്ടവരെയും ഞാൻ നല്ലവണ്ണം നോക്കിക്കണ്ടറിയുന്നതു വരെ രണ്ടു സേനകൾക്കും നടുവിൽ എൻറെ രഥത്തെ നിർത്തിയാലും).

സഞ്ജയൻ പറഞ്ഞു: ഭരതവംശജനായ രാജാവേ , അർജ്ജുനൻ  ഇപ്രകാരം പറഞ്ഞപ്പോൾ  ശ്രീകൃഷ്ണൻ, രണ്ടു സേനയുടെയും മദ്ധ്യത്തിൽ, ഭീക്ഷ്മർ, ദ്രോണർ മുതലായ എല്ലാ രാജാക്കന്മാരുടെയും മുന്പിലായിട്ട് ശ്രേഷ്ഠമായ രഥത്തെ നിർത്തിയിട്ട് "ഹേ അർജ്ജുനാ, ചേർന്നു നിൽക്കുന്ന ഈ കൗരവസൈന്യത്തെക്കണ്ടാലും" എന്നു പറഞ്ഞു (ശ്ലോകം: 24 & 25).

(മുകളിൽ പരാമർശിച്ച ചില ആരംഭശ്ലോകങ്ങൾ താരതമ്യേന അപ്രധാനമാകയാലും ടൈപ്പ് ചെയ്തെടുക്കാനുള്ള ബുദ്ധിമുട്ടിനാലും പകർത്തി എഴുതിയിട്ടില്ലെന്നേയുള്ളൂ. അവ കയ്യിലുള്ള ഗീതാ ഗ്രന്ഥത്തിൽ നിന്നും വായിച്ചെടുക്കാം. അതുപോലെ നമ്മുടെ ആത്മീയപഠനത്തിൽ താരതമ്യേന പ്രാധാന്യം കുറഞ്ഞ ആരംഭശ്ലോകങ്ങളുടെ പഠനം അൽപ്പം വേഗത്തിലാക്കിയിരിക്കുകയുമാണ്. ഇനി വരുന്ന 'അർജ്ജുന വിഷാദ രോഗവും' അതിനുള്ള 'കൃഷ്ണചികിത്സയും' ആണ് ഭഗവത് ഗീതയുടെ കാതൽ. അതൊക്കെ സാവകാശത്തിലേ ചർച്ച ചെയ്യാൻ കഴിയൂ).


ഇനി മുകളിൽ ഉദ്ധരിച്ച 12 മുതൽ 25 വരെയുള്ള ശ്ലോകങ്ങളെ ഒന്നു വിശകലനം ചെയ്യാം.

കുരുക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ദിവ്യദൃഷ്ടി കൊണ്ട് നോക്കി ധൃതരാഷ്ട്രരോട് പറഞ്ഞു കൊടുക്കുക മാത്രമാണ് സഞ്ജയനിവിടെ ചെയ്യൂന്നതെങ്കിലും ഈ ഭാഗത്തെ ശ്ലോകങ്ങൾ ശരിക്കും വിശകലനം ചെയ്‌താൽ പാണ്ഡവപക്ഷത്തേക്കു ഒരൽപ്പം ചാഞ്ഞുനിന്നുകൊണ്ടാണ് സഞ്ജയൻ ദൃക്‌സാക്ഷിവിവരണം നൽകുന്നതെന്നു മനസ്സിലാക്കാം. കൗരവപക്ഷത്തു ഭീക്ഷ്മപിതാമഹൻ ശംഖു വിളിച്ചു, അതിനു ശേഷം മറ്റുള്ളവർ പെരുമ്പറകളും മറ്റും മുഴക്കി ഒരു ശബ്ദകോലാഹലമുണ്ടാക്കി എന്നു പറയുന്ന സഞ്ജയൻ, പക്ഷേ,  പാണ്ഡവപക്ഷത്തെക്കുറിച്ചു പറയുമ്പോൾ വാചാലനാവുന്നതു കാണാം. പാണ്ഡവപക്ഷത്തിന്റെ ശംഖനാദം 'ആകാശത്തെയും ഭൂമിയെയും പ്രതിധ്വാനിപ്പി ച്ചു കൊണ്ട് ധൃരാഷ്ട്രപുത്രന്മാരുടെ ഹൃദയം പിളർന്നു (ശ്ലോകം 1:19)' എന്നാണു സഞ്ജയൻ പറയുന്നത്. വെള്ളകുതിരകളെ പൂട്ടിയ തേരിന്റെ കാര്യത്തിലാണെങ്കിലും മഹാരഥന്മാർ ഓരോരുത്തരും മുഴക്കിയ ശംഖുകളുടെ കാര്യത്തിലാണെങ്കിലും അതിന്റെയൊക്കെ മഹത്വവും തന്മൂലം അത് കൈകാര്യം ചെയ്യുന്നവരുടെ മഹത്വവും സഞ്ജയൻ ധൃതരാഷ്ട്രരോട് ഭംഗ്യന്തരേണ സൂചിപ്പിക്കുകയാണ് ചെയ്യുന്നത്. വെള്ളക്കുതിരകളെ പൂട്ടിയ തേരിനെ 'മഹതി സ്യന്ദനെ' അല്ലെങ്കിൽ 'മഹത്തായ തേരിൽ' എന്നാണു പറഞ്ഞിരിക്കുന്നത്. അഗ്നിദേവൻ അർജ്ജുനന്നു നൽകിയ തേരാണത്. ശൈബ്യം, സുഗ്രീവം,മേഘപുഷ്‌പം, വലാഹകം എന്ന് സുപ്രസിദ്ധങ്ങളായ ആ നാലു വെള്ളക്കുതിരകൾ വലിക്കുന്ന രഥത്തിനു സ്വർഗ്ഗത്തിലും ഭൂമിയിലും  എവിടെയും സഞ്ചരിക്കാനുള്ള കഴിവുണ്ടത്രേ!. ഇനി ശംഖുകളുടെ പേരൂ നോക്കിയാലോ, കൃഷ്ണന്റെ പാഞ്ചജന്യം, പഞ്ചജനൻ  എന്ന അതിബലവാനായ അസുരനെ നിഗ്രഹിച്ചു അവന്റെ എല്ലുകൊണ്ടുണ്ടാക്കിയതാണ്. അർജ്ജുനന്റെ ദേവദത്തമോ ഇന്ദ്രനിൽ നിന്നും കിട്ടിയതാണ്, ധർമ്മപുത്രരുടെ 'അനന്തവിജയം' എന്ന ശംഖനാമം സൂചിപ്പിക്കുന്നത് തന്നെ അദ്ദേഹം നേടിയ എണ്ണമറ്റ വിജയങ്ങളെയാണ്. വൃകോദരന്റെ പൗണ്ഡ്രത്തിനും മറ്റെല്ലാ ശംഖുകൾക്കും അതിന്റേതായ കഥകളും മഹത്വവുമുള്ളതാണ്. പാഞ്ചജന്യം ഹൃഷീകേശനും ദേവദത്തം ധനഞ്ജയനും മുഴക്കി എന്നാണു പറയുന്നത്; കൃഷ്ണനും അർജ്ജുനനും എന്നല്ല (ഹൃഷീകേശനെന്നാൽ ഇന്ദ്രിയങ്ങളെ നിയന്ത്രിച്ചവൻ (controller of senses). രാജസൂയയാഗാവസരത്തിൽ സർവ്വരാജാക്കന്മാരെയും ജയിച്ചു ധാരാളം ധനം നേടിയതിനാൽ  'ധനഞ്ജയ'നാണ് അർജ്ജുനൻ. നിദ്രയെ അല്ലെങ്കിൽ ആലസ്യത്തെ ജയിച്ചവൻ എന്ന അർത്ഥത്തിൽ അർജ്ജുനനെ 'ഗുഡാകേശ'നെന്നും സംബോധന ചെയ്തിരിക്കുന്നു). കൃഷ്ണന്റെയും അർജ്ജുനന്റെയും വലിപ്പത്തെയും മഹത്വത്തെയും ഈ വിശേഷണപദങ്ങളിലൂടെ എടുത്തുകാട്ടുകയാണ് സഞ്ജയൻ ചെയ്യുന്നത് (സന്ദർഭങ്ങളുടെ പ്രസക്തിക്കും അർത്ഥവിപുലീകരണത്തിനും വേണ്ടി  വ്യക്തികളുടെയും വസ്തുക്കളുടെയും പ്രത്യേകനാമങ്ങൾ വ്യാസമുനി  ഇങ്ങനെ ഉപയോഗിക്കുന്നതു ഭഗവത് ഗീതയിലുടനീളം കാണാവുന്നതാണ്). ഇങ്ങനെ മഹത്വമുള്ള എത്ര പേർ  കൗരവപക്ഷത്തുണ്ട് എന്നാണു സഞ്ജയൻ, ധൃതരാഷ്ട്രരോട് പരോക്ഷമായി ചോദിക്കുന്നത്. അതിനാൽ പാണ്ഡവസൈന്യത്തോടു യുദ്ധം ചെയ്തു ജയം നേടുക എന്നത് ദുര്യോധനാദികൾക്കു അസാദ്ധ്യമായ കാര്യമാണെന്നും അതിനാൽ ഈ വൈകിയവേളയിലെങ്കിലും അതു മനസ്സിലാക്കി ധൃതരാഷ്ട്രർ യുദ്ധം ഒഴിവാക്കിയിരുന്നെങ്കിൽ എന്നുമുള്ള ആഗ്രഹമാണ്  ഈ പാണ്ഡവപക്ഷവർണ്ണനകളിലൂടെ സഞ്ജയൻ ലക്ഷ്യമാക്കുന്നതെന്നു മനസ്സിലാക്കാം.

നല്ല ആത്മവിശ്വാസത്തോടെയാണ് 'രണ്ടു സേനകൾക്കും മദ്ധ്യത്തിലായി രഥം നിർത്തിയാലും' എന്ന് അർജ്ജുനൻ  കൃഷ്ണനോടാവശ്യപ്പെടുന്നത്. തങ്ങളോട് കൗരവർ ചെയ്ത അനീതികൾക്കും അധർമ്മത്തിനും ഉചിതമായ ഒരു മറുപടി കൊടുക്കാൻ കൊതിക്കുന്ന അർജ്ജുന മനസ്സ് ആ പ്രസ്താവനയിൽ ശരിക്കും നിഴലിക്കുന്നുണ്ട്. 'ദുർബുദ്ധിയായ ദുര്യോധനന് പ്രിയം ചെയ്യാൻ ആഗ്രഹിക്കുന്നവരായി ആരൊക്കെയാണോ ഇവിടെ വന്നിരിക്കുന്നവർ, യുദ്ധാഭിലാഷികളായ അവരെ ഞാൻ കാണട്ടെ' എന്നു പറയുന്നതിലും അർജ്ജുനന്റെ പ്രതികാരവാഞ്ചയുള്ള മനസ്സാണ് കാണാൻ കഴിയുക. 'വില്ലാളി വീരനായ തന്നെ വെല്ലാൻ ആരുണ്ട്' എന്നൊരു വെല്ലുവിളിപോലും ഈ വാക്കുകളിൽ നിഴലിക്കുന്നുണ്ട്. തികഞ്ഞ ആത്മവിശ്വാസത്തോടെ യുദ്ധം ചെയ്യാൻ തയ്യാറായി നിൽക്കുന്ന ക്ഷാത്രവീരനായ അർജ്ജുനനെ തന്നെയാണ് നമ്മൾ ഈ നിമിഷം വരെ കാണുന്നത്.

കൃഷ്ണൻ രഥം കൊണ്ടുപോയി ഭീക്ഷ്മരുടെയും ദ്രോണാചാര്യരുടെയും നേരേ നിർത്തി, 'ഈ കൗരവന്മാരെ കണ്ടുകൊൾക' എന്ന് അർജ്ജുനനോട്‌ പറഞ്ഞതിൽ ഒരു മനശ്ശാസ്ത്രം കാണാൻ കഴിയുമോ? ഉണ്ടെന്നാണ് എന്റെ അഭിപ്രായം. എന്റെ ചിന്ത ശരിയാകാം, തെറ്റാകാം. ഏതു വീരന്റെയും ഉള്ളിൽ ഒരു ദൗർബല്യം പതുങ്ങിക്കിടപ്പുണ്ടാകും. യുദ്ധരംഗത്തു കർത്തവ്യവിമുഖനാക്കാൻ പോന്ന എന്തെങ്കിലും ദൗർബല്യം അർജ്ജുനനുണ്ടെങ്കിൽ അതു യുദ്ധത്തിനു മുൻപ് വെളിവായിക്കിട്ടണം. അതല്ല യുദ്ധത്തിന്റെ നടുവിലാണ് യോദ്ധാവിന്റെ ദൗർബല്യം മറനീക്കി പുറത്തു വരുന്നതെങ്കിൽ, അത് യോദ്ധാവിനും ആ യുദ്ധപക്ഷത്തിനും വിനാശകരമായിരിക്കും. ഭീഷ്മർ അർജ്ജുനന്റെ പിതാമഹനും ദ്രോണർ ഗുരുവുമാണ്. ഈ രണ്ടുപേരും അർജ്ജുനന്റെ ആരാദ്ധ്യപാത്രങ്ങളാണ്. ഇവരോട് യുദ്ധം ചെയ്യാൻ  വൈഷമ്യം ഉണ്ടെങ്കിൽ ഇപ്പോഴതു പുറത്തു വരും. ഇവിടം താണ്ടിക്കിട്ടിയാൽ പിന്നെ വിജയനു ജയിക്കാൻ  കഴിയാത്തതായി ഈ കുരുക്ഷേത്രത്തിൽ ഒന്നുമുണ്ടാകില്ലെന്നു കൃഷ്ണനറിയാം. രോഗിയുടെ ഉള്ളിലെ വിഷം ഛർദ്ദിപ്പിച്ചു പുറത്തെടുക്കാൻ വിഷഹാരി ചെയ്യുന്ന ചികിത്സപോലെയൊരു പ്രയോഗമാണ് ആ രഥം അങ്ങിനെ കൊണ്ടു നിർത്തിയതിന്റെ പിന്നിലെ കൃഷ്ണചിന്ത എന്നു ചിന്തിക്കാം. 

ഇതുകൊണ്ടാണ് കൃഷ്ണനെപ്പോലൊരു തേരാളിയുടെ കൈയ്യിൽ പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിക്കുന്ന നമ്മുടെ ജീവിതരഥത്തിന്റെ നിയന്ത്രണം കൊടുക്കണം എന്നു പറയുന്നത്. ബുദ്ധിയാകുന്ന കൃഷ്ണൻ മനസ്സാകുന്ന കടിഞ്ഞാണിലൂടെ, ശരീരമാകുന്ന രഥത്തെ നിയന്ത്രിച്ചു, രഥത്തിന്റെ ഉടമയായ ആത്മാവാകുന്ന അർജ്ജുനനു വേണ്ട പരിരക്ഷ നൽകിക്കൊള്ളും.

അഞ്ചുകുതിരകൾ വലിക്കുന്ന ഭഗവത് ഗീതയുടെ നമുക്കറിയുന്ന രഥചിത്രം, കഠോപനിഷത്തിലെ  'രഥകല്പന' യിൽ നിന്നും കടം കൊണ്ടതാണ്. 

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധി തു സാരഥി വിദ്ധി
മനഃ പ്രഗ്രഹമേവ ച         (കഠം 3:3)

(ശരീരത്തെ ഒരു രഥമായിട്ടും ആത്മാവിനെ രഥത്തിന്റെ ഉടമയായിട്ടും ബുദ്ധിയെ സാരഥിയായിട്ടും മനസ്സിനെ കടിഞ്ഞാൺ ആയിട്ടും അറിയുക. ഇതിനെ തുടർന്നുള്ള ശ്ലോകത്തിൽ ശരീരരഥത്തിൽ കെട്ടിയിരിക്കുന്ന അഞ്ചു കുതിരകൾ പഞ്ചേന്ദ്രിയങ്ങളാണെന്നും പറഞ്ഞിട്ടുണ്ട്).

(തുടരും)

Friday, September 16, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 1

നമൂക്കു ഗീതാ പഠനം തുടങ്ങാം.

ഭഗവത് ഗീതയെന്ന അനന്തസാഗരത്തിൽ നിന്നും ഒരു കൈക്കുടുന്ന വെള്ളമെടുക്കാനുള്ള ഒരെളിയ ശ്രമം മാത്രമാണിത്. സ്വന്തം വ്യക്തിത്വവികാസവും അതുമൂലം സാധ്യമാകുന്ന വിശാലമായ കാഴ്ചപ്പാടുമാണ് ഉപനിഷദ് ദർശനങ്ങളിൽ നിലകൊള്ളുന്ന ഭഗവത് ഗീതയുടെ പഠനം കൊണ്ടു നേടാനുള്ളതെന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിച്ചു കൊള്ളട്ടെ.

കൗരവ-പാണ്ഡവ സേനകൾക്കിടയിൽ മഹാഭാരതയുദ്ധം നടന്നത് 18 ദിവസങ്ങളിലായാണ്. യുദ്ധത്തിന്റെ പത്താം ദിവസം ശിഖണ്ഡിയുടെ അമ്പേറ്റു ഭീക്ഷ്മർ നിലംപതിച്ച ശേഷം, അക്കാര്യം പറയാൻ ധൃതരാഷ്ട്ര സമീപത്തെത്തിയ സഞ്ജയനോട് ഇതുവരെ നടന്ന യുദ്ധവിവരങ്ങൾ വിവരിക്കാൻ ധൃതരാഷ്ട്രർ ആവശ്യപ്പെട്ടപ്പോൾ, കുരുക്ഷേത്രത്തിൽ യുദ്ധാരംഭത്തിൽ നടന്ന കാര്യങ്ങൾ ദിവ്യദൃഷ്ടിയിലൂടെക്കണ്ടു വർണ്ണിക്കുന്ന രൂപത്തിലാണ് ഗീത രചിച്ചിരിക്കുന്നത്.

ശ്ലോകങ്ങളുടെ അർഥം പല ഗീതാവ്യാഖ്യാനങ്ങളിലും ഉള്ളത്, അതേപടി പകർത്തുകയാണ് ഞാൻ ചെയ്തിട്ടുള്ളത്. അവയുടെ വിശകലനമാണ്‌ ഞാൻ ചെയ്യുന്നത്. പണ്ഡിതന്മാരായ പല ഗീതാവ്യാഖ്യാതാക്കളുടെയും, ശാസ്ത്രബുദ്ധിക്കും യുക്തിക്കും നിരക്കുന്ന വീക്ഷണങ്ങളിൽ, എന്റെ ചിന്തകൾ കൂടി ചേർത്തു വിളക്കിയ  വിശകലനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ശ്ലോകങ്ങളിലെ ചില കൂട്ടക്ഷരങ്ങൾ ടൈപ്പ് ചെയ്യുമ്പോൾ തെറ്റുകൾ വരാൻ  സാധ്യതയുണ്ട്. അതുകൊണ്ട്, കയ്യിലുള്ള ഗീതാപുസ്തകത്തിൽ നിന്നും ഇവിടെ പരാമർശിക്കുന്ന ശ്ലോകത്തെ തെറ്റുകൂടാതെ മനസ്സിലാക്കാൻ ശ്രമിക്കണം എന്നഭ്യർഥിക്കുന്നു. 

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം ഒന്ന് (അർജ്ജുനവിഷാദയോഗം) - ഭാഗം 1


(ശ്ലോകം 1:1) ധൃതരാഷ്ട്ര ഉവാച:

ധർമ്മക്ഷേത്രേ കുരുക്ഷേത്രേ സമവേതാ യുയുത്സവഃ
മാമകാ: പാണ്ഡവാശ്ചയവ കിമകുർവത സഞ്ജയാ   (ശ്ലോകം 1:1)

(ധൃതരാഷ്ട്രർ പറഞ്ഞു : സഞ്ജയ, ധർമ്മക്ഷേത്രമായ കുരുക്ഷേത്രത്തിൽ യുദ്ധം ചെയ്യാൻ ഉൽസുകാരായ എന്റെ മക്കളും പാണ്ഡുവിന്റെ മക്കളും ഒത്തുചേർന്നിട്ടു അവരെന്തു ചെയ്തു?).

സഞ്ജയൻ ഉവാച:

ദൃഷ്ട്വ തു പാണ്ഡവാനീകം വ്യൂഡം ദുര്യോധനസ്തദാ
ആചാര്യമുപസംഗമ്യ രാജാ വചനമബ്രവീത്                (ശ്ലോകം 1:2)

(സഞ്ജയൻ പറഞ്ഞു : അണിനിരന്ന പാണ്ഡവ സൈന്യത്തെ കണ്ടിട്ട് രാജാവായ ദുര്യോധനൻ ദ്രോണാചാര്യരെ സമീപിച്ചു പറഞ്ഞു)

പശൈശ്യതാം പാണ്ഡ്യപുത്രാണമാചാര്യ മഹതീം ചമൂം
വ്യൂഡം ദ്രുപദപുത്രേണ തവ ശിഷ്യേണ ധീമതാ         (ശ്ലോകം 1:3 )

(ഹേ, ആചാര്യാ, അങ്ങയുടെ ശിഷ്യനും ബുദ്ധിമാനുമായ ദ്രുപദപുത്രനാൽ അണിനിരത്തപ്പെട്ട പാണ്ഡവന്മാരുടെ ഈ വലിയ സൈന്യത്തെ കണ്ടാലും)

അത്ര ശൂരാഃ   മഹേശ്വാസാ ഭീമാർജ്ജുനസമാ യുധി
യുയുധാനോ വിരാടശ്ച ദ്രുപദശ്ച മഹാരഥ:                    (ശ്ലോകം 1:4)
ധൃഷ്ടകേതുസ്‌ചേകിതാന: കാശിരാജശ്ച വീര്യവാൻ
പുരുജിത് കുന്തിഭോജശ്ച ശൈബഃയശ്ച നരപുംഗവഃ (ശ്ലോകം 1:5)
യുധാമന്യുശ്ച വിക്രാന്ത ഉത്തമൗജാശ്ച വീര്യവാൻ
സൗഭദ്രോ ദ്രൗപദേയാശ്ച സർവ ഏവ മഹാരഥ:            (ശ്ലോകം 1:6) 

(പാണ്ഡവസൈന്യത്തിൽ ഭീമാർജ്ജുന തുല്യരും ശൂരരും വലിയ വില്ലാളികളുമായ യുയുധാനനും വിരാടനും മഹാരഥനായ ദ്രുപദനും ദൃഷ്ടകേതുവും ചേകിതാനനും വീര്യവാനായ കാശിരാജാവും പുരുജിത്തും കുന്തിഭോജനും നരശ്രേഷ്ഠനായ ശൈബ്യ്നും വിക്രമനായ യുധാമന്യുവും വീര്യവാനായ ഉത്തമൗജസ്സും സുഭദ്രാതനയനായ അഭിമന്യുവും ദ്രൗപദീപുത്രന്മാരും ഉണ്ട്. അവർ എല്ലാവരും തന്നെ മഹാരഥന്മാരുമാണ്)

അസ്മാകം തു വിശിഷ്ടാ യേ താന്നിബോധ ദ്വിജോത്തമ 
മാമകാ മമ സൈന്യസ്യ സംജ്ഞാർത്ഥം താൻ ബ്രവീമി തേ  (ശ്ലോകം 1:7)

(ബ്രാഹ്മണശ്രേഷ്ട, ഇനി നമുക്കു വിശിഷ്ടന്മാരായി ആരൊക്കെയുണ്ടോ അവരെ അറിഞ്ഞു കൊള്ളുക. എന്റെ സൈന്യത്തിൽ നായകന്മാരായ അവരുടെ പേരുകൾ അങ്ങയെ ഓർമ്മിപ്പിക്കുവാനായി ഞാൻ പറയാം) 

ഭവാൻ ഭീഷ്മശ്ച കർണശ്ച കൃപശ്ച സമിതിഞ്ജയ
അശ്വഥാമാ വികർണശ്ച സൗമദത്തിസ്തധൈവ ച       (ശ്ലോകം 1:8)
അന്യേ  ച  ബഹവ: ശൂര മദർഥേ ത്യക്തജീവിതാ:
നാനാശാസ്ത്രപ്രഹരണാ: സർവ്വേ യുദ്ധ വിശാരദാ:         (ശ്ലോകം 1:9) 

(ഭവാനും ഭീക്ഷ്മരും കർണ്ണനും  ജയശാലിയായ കൃപരും വികർണ്ണനും ഭൂരിശ്രവസ്സും ജയദ്രഥനും മറ്റനേകം ശൂരന്മാരും എനിക്കുവേണ്ടി ജീവനുപേക്ഷിക്കാൻ സന്നദ്ധരാണ്. എല്ലാവരും പലവിധ ആയുധങ്ങൾ പ്രയോഗിക്കുന്നവരും യുദ്ധം ചെയ്യാൻ സമർത്ഥരുമാണ്)

അപര്യാപ്തം തദസ്മാകം ബലം ഭീക്ഷ്മാഭിരക്ഷിതം
പര്യാപ്തം ത്വിദമേതേശാം ബലം ഭീമാഭിരക്ഷിതം        (ശ്ലോകം1:10)

(ഭീക്ഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപര്യാപ്തവും ഭീമൻ രക്ഷിക്കുന്ന അവരുടെ സൈന്യം പര്യാപ്തവുമാണ്. അതുകൊണ്ടു എല്ലാവരും അവരവരുടെ സ്ഥാനത്തു നിലയുറപ്പിച്ചു ഭീക്ഷ്മരെ കാത്തു രക്ഷിക്കണം)

മുകളിൽ പരാമർശിച്ച പത്തു ശ്ലോകങ്ങളെ ഒന്നു വിശകലനം  ചെയ്യാം.


ഗീതയുടെ തുടക്കശ്ലോകത്തിൽ തന്നെ വ്യാസമഹർഷി ധൃതരാഷ്ട്രരെക്കൊണ്ട് 'കുരുക്ഷേത്രത്തി (field of action)'നെ 'ധർമ്മക്ഷേത്രം' എന്നാണ് വിളിപ്പിച്ചിരിക്കുന്നത്. അതെന്തിനായിരിക്കാം? പല പ്രമുഖരും പല വ്യാഖ്യാനങ്ങളും ഇതിനു നൽകിയിട്ടുണ്ടെങ്കിലും 'ആത്യന്തികമായി ധർമ്മം വിജയിക്കുന്ന ഇടം (The field of righteousness or truth)' എന്ന ലളിതമായ വ്യാഖ്യാനം നമുക്കു സ്വീകരിക്കാം. പക്ഷെ ഈ ആശയത്തോടു യോജിച്ചാലും വീണ്ടും ഒരു ചോദ്യം ബാക്കിയാവുന്നു. പുത്രസ്നേഹത്താൽ എല്ലാ അധർമ്മങ്ങൾക്കും കൂട്ടു നിന്ന ധൃതരാഷ്ട്രരെക്കൊണ്ട് വ്യാസമഹിർഷി എന്തിനാണ് ധർമ്മത്തിന്റെ കാര്യം പറയിക്കുന്നത്? എൻറെ ചിന്തയിൽ ഇതിനൊരു കാരണമുണ്ട്. യുദ്ധം തുടങ്ങുന്നതിനു മുൻപ് വ്യാസമഹർഷി ജന്മാന്ധനായ ധൃതരാഷ്ട്രരെ സന്ദർശിച്ചു, വരാൻ പോകുന്ന യുദ്ധം സർവ്വനാശകരമായിരിക്കുമെന്നും തൻറെ മക്കളെല്ലാം ആ യുദ്ധത്തിൽ മരിക്കുമെന്നും അദ്ദേഹത്തിനെ അറിയിച്ചിരുന്നു. താനും മക്കളും ചെയ്തുകൂട്ടിയ അധർമ്മത്തിന്റെ അന്ത്യം കുരുക്ഷേത്രത്തിൽ സംഭവിച്ചു, ധർമ്മം പുലരുക തന്നെ ചെയ്യും എന്നു മനസ്സിലാക്കിയ ധൃതരാഷ്ട്രമനസ്സിന്റെ ഉൾവിളിയാണോ കുരുക്ഷേത്രത്തിനെ 'ധർമ്മക്ഷേത്ര'മായി വിശേഷിപ്പിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്?  ഇനി ധർമ്മക്ഷേത്ര' ത്തിനു 'the field of piety' എന്ന അർത്ഥവും 'കുരുക്ഷേത്ര' ത്തിനു 'the field of conflict' എന്ന അർത്ഥവും കൊടുത്താൽ മനുഷ്യർ, അവരുടെ കർമ്മദോഷങ്ങൾ കാരണം, സ്വാഭാവികവും ഉദാത്തവും ദൈവീകവുമായ ധാർമ്മികാവസ്ഥയിൽ നിന്നും ദുഖഃ-ഭയാശങ്കകളുടെയും പിരിമുറുക്കങ്ങളുടേതുമായ സംഘർഷാവസ്ഥയിലക്കു നിലം പതിക്കുന്നു എന്ന അർത്ഥവും ഗീതാകാരൻ ഉദ്ദേശിച്ചിരുന്നതായി ചിന്തിക്കാം. നിങ്ങൾക്കും ചിന്തിച്ചു നിങ്ങളുടേതായ മറ്റൊരു വ്യാഖ്യാനം കണ്ടെത്താവുന്നതേയുള്ളൂ. ബഹുമുഖമാനങ്ങളുള്ള ഗീതയെപ്പോലൊരു ആത്മീയഗ്രന്ഥ വ്യാഖ്യാനത്തിന്റെ അതിരുകൾ നിർണ്ണയിക്കുന്നത് വ്യാഖ്യാതാവിന്റെ കഴിവൊന്നു മാത്രമാണ്.

ധർമ്മം എന്ന വാക്കിനു കടമ, നീതി, സത്യം, ന്യായം തുടങ്ങിയ അർത്ഥങ്ങളാണ് നാം സാധാരണ കൽപ്പിക്കുന്നത്. മുകളിൽ നൽകിയ 'ധർമ്മക്ഷേത്ര' വ്യാഖ്യാനത്തിൽ ഈ അർത്ഥതലങ്ങളാണ് ഉദ്ദേശിച്ചിട്ടുള്ളത്. പക്ഷെ  'ധർമ്മ'മെന്ന സംസ്കൃത പദത്തിനു ഇതിലും വലിയ അർത്ഥങ്ങളാണ് നമ്മുടെ സംസ്കാരത്തിൽ കൽപ്പിച്ചിട്ടുള്ളത്. ലളിതമായിപ്പറഞ്ഞാൽ 'ഒരു വസ്തുവിനെ അതാക്കുന്നത്‌ അതിന്റെ ഏതു ഗുണമാണോ അതാണതിന്റെ ധർമ്മം'. അഗ്നിയുടെ ധർമ്മം ചൂടും വെളിച്ചവുമാണ്. സൂര്യന്റേതും അങ്ങിനെ തന്നെ. ചൂടും വെളിച്ചവും ഇല്ലാത്ത ഒരഗ്നിയേയും സൂര്യനെയും ചിന്തിക്കാൻ കഴിയില്ലല്ലോ? അപ്പോൾ മനുഷ്യന്റെ ധർമ്മം എന്താണ്? എന്തില്ലെങ്കിലാണ് നാം ഇല്ലാത്തത്? ഉത്തരം സ്പഷ്ടമാണ്; മനുഷ്യത്വം. പരിണാമപ്രക്രിയയിൽ മറ്റു ജന്തുജാലങ്ങൾക്കില്ലാത്ത ഒരു സവിശേഷഗുണം മനുഷ്യനു സിദ്ധമായി. ബുദ്ധിപൂർവ്വം ചിന്തിക്കാനുള്ള കഴിവ്. ശരിയായ ദിശയിൽ ഈ കഴിവ് ഉപയോഗിക്കുന്നയാൾ ആത്മബോധത്തിലേക്കുണരും, തെറ്റായ ദിശയിൽ ഉപയോഗിക്കുന്നയാൾ ആത്മനാശത്തിലേക്കും. ആത്മബോധത്തിലേക്കുണരുന്ന മനുഷ്യനിൽ മനുഷ്യത്വം തുടിച്ചു നിൽക്കും. ഭഗവത് ഗീത തുടങ്ങുന്നത് 'ധർമ്മ' ത്തിലും അവസാനിക്കുന്നത് 'മമ' യിലും ആണ്. അപ്പോൾ 'മമ ധർമ്മം (എന്റെ ധർമ്മം)' ആണ് ഗ്രന്ഥവിഷയം എന്നു ന്യായമായും ചിന്തിക്കാം. ചുരുക്കത്തിൽ സനാതനധർമ്മ വിഷയമായ ആത്മഗവേഷണമാണ് ഗീതയുടെ ഉള്ളടക്കം എന്നതു സ്പഷ്ടം.

ഇനി മുകളിൽ പരാമർശിച്ച ശ്ലോകങ്ങളിലെ ദുര്യോധനന്റെ വാക്കുകളെ ഒന്നു വിശകലനം ചെയ്യാം. 'എന്റെ സൈന്യത്തിൽ വിശിഷ്ടന്മാരായുള്ള നായകന്മാരുടെ  പേരുകൾ അങ്ങയെ ഓർമ്മിപ്പിക്കുവാനായി പറയാം', 'ഭവാനും കർണ്ണനും ഭീക്ഷ്മരും കൃപരും അശ്വഥാമാവും മറ്റനേകം ശൂരരും എനിക്കു വേണ്ടി ജീവൻ ഉപേക്ഷിക്കാൻ സന്നദ്ധരാണ്' എന്നൊക്കെ ആചാര്യനായ ദ്രോണരോടു പറയുന്നതു കാണിക്കുന്നത് താൻ രാജാവാണെന്നുള്ള ദുര്യോധനന്റെ അഹങ്കാരവും അതിനും ഉപരിയായി യുദ്ധത്തിൽ പരാജയപ്പെടുമോ എന്ന ഭയാശങ്കയുമാണ്. ഭീക്ഷ്മരും ദ്രോണാചാര്യരും കൃപരും മറ്റും ദുര്യോധനപക്ഷത്തു നിൽക്കുന്നത് ദുര്യോധനനോടുള്ള മമത കൊണ്ടൊന്നുമല്ല, മറിച്ചു ഭീക്ഷ്മപിതാമഹനോടുള്ള കൂറുകൊണ്ടു മാത്രമാണെന്ന് മഹാഭാരതം വായിച്ചിട്ടുള്ളവർക്കെല്ലാം അറിയാം. ഇരുട്ടിൽ നടക്കുമ്പോൾ ഭയമകറ്റാനായി ചൂളം വിളിക്കുന്നതുപോലെ ചെയ്തു കൂട്ടിയ അധർമ്മങ്ങളുടെ കുറ്റബോധത്താൽ ഉള്ളിൽ നിറയുന്ന ഭയമകറ്റാനായി ദുര്യോധനൻ നടത്തുന്ന ജൽപ്പനങ്ങളാണ് ഇതൊക്കെയെന്നാണ് ചിന്മയാനന്ദ സ്വാമികളുടെ അഭിപ്രായം. 'ഭീക്ഷ്മരക്ഷിതമായ നമ്മുടെ സൈന്യം അപര്യാപ്തവും (inadequate or insufficient ) ഭീമൻ രക്ഷിക്കുന്ന അവരുടെ സൈന്യം പര്യാപ്തവുമാണ് (adequate or sufficient)' എന്നു പറയുന്നതിലൂടെ ഈ പരാജയബോധം മറനീക്കി പുറത്തു വരികയാണ്. നമ്മുടെ സൈന്യം പാണ്ഡവസൈന്യത്തേക്കാൾ വളരെ വലുതാണെങ്കിലും അപര്യാപ്തമാണെന്നാണ്‌ ദുര്യോധനനു തോന്നുന്നത്. കാരണം സ്വന്തം സൈന്യത്തിൽ എണ്ണമല്ലാതെ വണ്ണമില്ലെന്നു ദുര്യോധനറിയാം. അധർമ്മത്തിന്റെ കൂടെ നിൽക്കുന്ന ആ വലിയ സൈന്യത്തിന് തന്നോട് വലിയ കൂറില്ലെന്നും അദ്ദേഹത്തിനറിയാം. യുദ്ധവിജയത്തിന് അവശ്യം വേണ്ടതതാണല്ലോ? എന്നാൽ ഏത്ര വലിയ സൈന്യത്തെയും നിഷ്പ്രഭനാക്കാൻ കഴിയുന്ന കൃഷ്ണനെപ്പോലൊരു മഹാത്‌മാവ് ഉൾപ്പെടെ നിരവധി മഹാരഥന്മാർ അപ്പുറത്തുണ്ട് എന്നും ദുര്യോധനറിയാം (11000 പേരുള്ള സൈന്യവിഭാഗത്തിന്റെ നായകനാണ് മഹാരഥൻ. ഏഴു അക്ഷൗഹിണികളുള്ള പാണ്ഡവപ്പടയിൽ ഇരുപതോളം മഹാരഥന്മാർ ഉണ്ടെന്നാണ് ദുര്യോധനൻ മുൻപേ പറഞ്ഞത്. പതിനൊന്നു അക്ഷൗഹിണികളുള്ള കൗരവപ്പടയിലും മഹാരഥന്മാരുണ്ടെങ്കിലും അവരുടെ എണ്ണം കുറവാണ്). ഇതിനേക്കാളൊക്കെ ഉപരിയായി സത്യവും ന്യായവും ഉള്ളതപ്പുറത്താണല്ലോ? പാണ്ഡവസേനയുടെ നായകന്മാരുടെ പേരുകൾ പറയുന്ന സമയത്ത് അവരുടെ കഴിവുകളെ കാണിക്കുന്ന വിശേഷണ പ്രയോഗങ്ങൾ ഉൾപ്പെടുത്തുമ്പോൾ സ്വന്തം പക്ഷത്തിന്റെ നായകന്മാരുടെ പേരുകൾക്കൊപ്പം അങ്ങിനെയൊന്നും ദുര്യോധനൻ പ്രയോഗിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്. അധർമ്മത്തിന്റെ ഫലം വിനാശമായിരിക്കും എന്ന് നന്നായറിയാവുന്ന ദുര്യോധനൻറെ കുറ്റബോധത്താലുള്ള ഭയമാണ് വാക്കുകളിലാകെ നിഴലിക്കുന്നത്.

പത്താം ശ്ലോകത്തിലെ  'അപര്യാപ്തം' എന്നതിനെ അപരിമിത (unlimited) മെന്നും 'പര്യാപ്തത്തി'നെ പരിമിതമെന്നും (limited) ചില പ്രമുഖ ഗീതാപണ്ഡിതർ വ്യാഖ്യാനിച്ചിട്ടുണ്ട്. ഇതു ശരിയാണെന്നെനിക്കഭിപ്രായമില്ല. ഇങ്ങനെയായാൽ ദുര്യോധനൻ പറയുന്നത് തന്റെ സൈന്യം വളരെ വലുതും പാണ്ഡവസൈന്യം ചെറുതും എന്ന അർഥം വരും. പക്ഷേ മുകളിൽ പരാമർശിച്ച പല ശ്ലോകങ്ങളിലും ദുര്യോധനൻ പ്രകടമാക്കുന്ന ഭയാശങ്ക വെച്ചു നോക്കിയാൽ ആദ്യത്തെ വ്യാഖ്യാനമാണ് ശരി എന്നാണെന്റെ പക്ഷം. 

ചുരുക്കത്തിൽ ഇന്നു പഠിച്ച ഭാഗത്തിൽ നിന്നും നമുക്കൊന്നു മനസ്സിലാക്കാം. ഭഗവത് ഗീതയുടെ തുടക്കത്തിൽ തന്നെ ധർമ്മത്തിന്റെ (സത്യം, ന്യായം,നീതി തുടങ്ങിയ അർത്ഥങ്ങൾ) മഹത്വത്തെക്കുറിച്ചു വ്യാസമുനി നമ്മെ ഓർമ്മിപ്പിച്ചു തുടങ്ങിയിരിക്കുന്നു. ആത്യന്തികമായി ധർമ്മമേ വിജയിക്കൂ എന്ന് അധർമ്മികൾക്കു പോലും അറിയാം; അതവർ വെളിയിൽ കാണിക്കില്ലെങ്കിലും. ദുര്യോധനന്റെ ജൽപ്പനങ്ങളിലൂടെ ഗീതാകാരൻ നമ്മെ ഓർമ്മിപ്പിക്കുന്നതതാണ്. അധർമ്മചിന്തകളെ അകറ്റിനിർത്താനുള്ള ഏകമാർഗ്ഗം ഉള്ളിലെ ധർമ്മബോധത്തെ ഉണർത്തുക എന്നതാണ്. അതാണു ഗീതാ വിഷയവും സന്ദേശവും.

(ലോകക്ഷേമത്തിലൂന്നിയുള്ള സനാതനധർമ്മത്തെ മനുഷ്യരിലെത്തിക്കുന്നതിലും മഹനീയമായ മറ്റൊരു സത് കർമ്മം മനുഷ്യനു ചെയ്യാനാവില്ല എന്ന് വിവേകാനന്ദ സ്വാമികൾ അഭിപ്രായപ്പെട്ടിട്ടുണ്ട്. വളരെ ബുദ്ധിമുട്ടുകൾ സഹിച്ചാണെങ്കിലും ഈ പരമ്പര എഴുതി പ്രസിദ്ധീകരിക്കാൻ ഞാൻ ശ്രമിക്കുന്നത് ആ മഹാത്മാവിന്റെ ഉപദേശത്തെ ഉൾക്കൊണ്ടാണ്. എന്നെപ്പോലെ നിങ്ങൾക്കും എന്തെങ്കിലുമൊക്കെ ഈ ധർമ്മത്തിനു വേണ്ടി ചെയ്യാവുന്നതേയുള്ളൂ . കുറഞ്ഞ പക്ഷം ഈ കുറിപ്പുകൾ ഷെയർ ചെയ്‌ത്‌ സമാനതാത്പര്യമുള്ളവരിൽ എത്തിക്കാനുള്ള താൽപ്പര്യമെങ്കിലും എല്ലാവരും കാണിക്കണമെന്ന് അഭ്യർത്ഥിക്കുന്നു). 

Friday, September 9, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - ആമുഖം 4

കഴിഞ്ഞ മൂന്ന് ആമുഖക്കുറുപ്പുകളിലൂടെ  മഹാഭാരതരചനയുടെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കിയ സ്ഥിതിക്ക്, ഇനി ഈ ഇതിഹാസത്തിന്റെ ഭാഗമായ ഭഗവത് ഗീതയുടെ വിഷയത്തിലേക്കു കടക്കാം. കുരുക്ഷേത്രഭൂമിയിൽ വച്ച് പാർത്ഥസാരഥിയായ ശ്രീകൃഷ്ണൻ, തന്റെ സ്നേഹഭാജനമായ അർജ്ജുനന് നൽകുന്ന ഉപദേശങ്ങൾ, മഹാഭാരതം ഭീഷ്മപർവ്വത്തിലെ 25  മുതൽ 42 വരെയുള്ള 18 അദ്ധ്യായങ്ങളിലായി വർണ്ണിക്കപ്പെട്ടിരിക്കുന്നതാണ് ഭഗവത് ഗീതയെന്ന പേരിൽ അറിയപ്പെടുന്നതെന്നു മുൻപു പറഞ്ഞുവല്ലോ. 18 അദ്ധ്യായങ്ങളിലായി 700 ശ്ലോകങ്ങളാണു ഗീതയിലുള്ളത്.

മഹാഭാരതം രചിക്കപ്പെട്ടത് ബി.സി. 400 നും എ.ഡി. 800നും ഇടയ്ക്കായിരിക്കണം എന്നാണ്‌ മിക്ക ഗവേഷകരുടെയും അഭിപ്രായം. ഇതിൽ തന്നെ ഭഗവത് ഗീതയുടെ  രചന നടന്നിരിക്കുന്നത് എ.ഡി. ഒന്നാം നൂറ്റാണ്ടിലാണെന്നും കണക്കാക്കപ്പെട്ടിരിക്കുന്നു; അതായത് ഇന്നേക്ക് രണ്ടായിരം വർഷങ്ങൾക്കു മുൻപ്. ബുദ്ധ-ജൈന മതങ്ങളുടെ ആവിർഭാവത്തോടെ ഹിന്ദുമതത്തിനുണ്ടായ തകർച്ചയും ആ തകർച്ചയിൽ നിന്നും ഹിന്ദുമതത്തെ രക്ഷിച്ചു സനാതനധർമ്മത്തെ ജനമനസ്സുകളിൽ പുനഃ:പ്രതിഷ്ഠിക്കുവാനുമായി നടത്തിയ യത്നത്തിൻറെ ഭാഗമായുണ്ടായ കാവ്യങ്ങളാണ് ഇതിഹാസങ്ങളെന്നും അതുകൊണ്ടു വേദസത്തയായ ധർമ്മത്തെയും ബ്രഹ്മത്തെയും ഇതിന്റെയൊക്കെ  മഹത്വത്തെയും പ്രകീർത്തിക്കുന്നതരത്തിലാകാം ഗീതാരചനയെന്നും കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞു കഴിഞ്ഞു.

ഹിന്ദുക്കൾ ഗീതയെ പരമാത്മാവായ ശ്രീകൃഷ്ണന്റെ വാക്കുകളായി ഭക്ത്യാദരപൂർവ്വം നോക്കിക്കാണുമ്പോൾ അഹിന്ദുക്കളും വിദേശീയരും ഈ ഗ്രന്ഥത്തിന്റെ ഭക്ത്യേതര തലങ്ങൾക്കാണ് പ്രാധാന്യം കൊടുക്കുന്നത്. ആത്മീക, താത്വിക, മനശശാസ്ത്ര, ഭക്തി, കർമ്മ,  ബുദ്ധിതലങ്ങളിൽ........ അങ്ങിനെ പഠിക്കുന്നയാളുടെ കഴിവിനും താത്പര്യത്തിനനുസരിച്ചു എങ്ങിനെ  വേണമെങ്കിലും നോക്കിക്കാണാവുന്ന ഒരു ബഹുമുഖഗ്രന്ഥമാണ് ഗീതയെന്നാണ് അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നത്. ഗീതയുടെ ധ്യാനശ്ലോകത്തിൽ പറയുന്നതു പോലെ ഇതിന്റെ പ്രമേയം ഉപനിഷൽസാരമായ സനാതനധർമ്മവും ഉദ്ദേശ്യം സനാതനധർമ്മപ്രചരണവും ആണെന്നാണ്‌ എനിക്കു  തോന്നിയിട്ടുള്ളത്.

സർവോപനിഷദോ ഗാവോ ദോഗ്ദ്ധാ ഗോപാലാനന്ദന:
പാർഥോ വത്സ: സുധീർ ഭോക്താ ദുഗ്‌ദ്ധം ഗീതാമൃതം മഹത്.

(ഉപനിഷത്തുക്കളാകുന്ന പശുവിനെ പശുക്കിടാവായ അർജുനന്റെ സാന്നിദ്ധ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന മഹത്തായ പാൽ വിദ്വാൻമാർ ഭുജിക്കുന്നു).

കർമ്മമാർഗ്ഗത്തിലൂടെ മനസ്സിന്റെ വാസനാമാലിന്യം തുടച്ചു മാറ്റി, അന്ത:കരണ ശുദ്ധി വരുത്തി,  ജ്ഞാനമാർഗ്ഗത്തിലൂടെ അവിടെ ഈശ്വരനെ ദർശിച്ചു, തന്നിലും വെളിയിലും പ്രകാശിക്കുന്ന ഈശ്വരചൈതന്യം ഒന്നു തന്നെയാണെന്ന തിരിച്ചറിവോടെ, ഭേദഭാവമകന്നു ജീവിക്കുവാനുള്ള ആഹ്വാനമാണ് സനാതനധർമ്മം. ലോകാനുഗ്രഹകാരിയായ സനാതനധർമ്മത്തിന്റെ പരിമളം പലർക്കും പലവിധത്തിൽ അനുഭവപ്പെടുന്നതു കൊണ്ടാകാം ഗീതക്ക് ബഹുതലശോഭകൾ കൈവരുന്നത്.  ഈ ധർമ്മം ജാതിമതഭേദമെന്യേ മനുഷ്യരാശിക്കാകമാനം അവകാശപ്പെട്ടതാകയാൽ ഭഗവത് ഗീതയും മതദേശഭാഷാവർണ്ണ ചിന്തകൾക്കുപരിയായി മനുഷ്യരാശിക്കാകമാനം അവകാശപ്പെട്ടതാണ്. ഭാരതമാണ് ഈ മഹൽഗ്രന്ഥം ലോകത്തിനു സംഭാവന ചെയ്തതെന്നതിൽ നമുക്കു ന്യായമായും അഭിമാനിക്കാം.

മഹാഭാരതയുദ്ധത്തിന്റെ പശ്ചാത്തലം അറിയാത്തവർ ഉണ്ടാകില്ലെന്നു വിശ്വസിക്കുന്നു. യുദ്ധം തീരുമാനിച്ചു കഴിഞ്ഞപ്പോൾ, തന്റെ മക്കളുടെ വിജയത്തിനായി പാണ്ഡവപക്ഷത്തിലെ ഏറ്റവും കരുത്തനായ അർജ്ജുനനെ നിർവീര്യനാക്കേണ്ടതുണ്ട് എന്ന് അന്ധനായ ധൃതരാഷ്ട്രർക്കു മനസ്സിലായി. അതുകൊണ്ട് അർജ്ജുനനിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനായി മനശ്ശാസ്ത്രപരമായ വിവക്ഷകളും ദുഷ്ടമായ സ്വയം പ്രത്യായനങ്ങളുമടങ്ങിയ  ഒരു രഹസ്യസന്ദേശം ധൃതരാഷ്ട്രർ, തന്റെ സാരഥി സഞ്ജയൻ വശം അർജ്ജുനനു കൊടുത്തയച്ചു. യുദ്ധക്കളത്തിൽ വച്ച് അർജ്ജുനനുണ്ടായ വിഷാദരോഗത്തിന്റെ പ്രധാനകാരണം ഈ ധൃതരാഷ്ട്രസന്ദേശമത്രെ! യുദ്ധത്തിൽ ജയിക്കാൻ അണുബോംബിടുന്നതിലും നന്ന് പ്രതിയോഗിയെ ആശയക്കുഴപ്പത്തിലാക്കുകയാണ് വേണ്ടത് എന്ന തന്ത്രമാണ് ധൃതരാഷ്ട്രർ പ്രയോഗിച്ചു നോക്കിയത്. ശ്രീകൃഷ്ണനെപ്പോലൊരു ബുദ്ധിമാൻ പാണ്ഡവപക്ഷത്തില്ലായിരുന്നുവെങ്കിൽ മഹാഭാരതയുദ്ധത്തിന്റെ ഗതി തന്നെ ഒരു പക്ഷെ മറ്റൊരു വിധത്തിലായേനെ.


കുരുക്ഷേത്രയുദ്ധം തുടങ്ങുന്നതിനു മുൻപ് വ്യാസമഹർഷി അന്ധനായ ധൃതരാഷ്ട്രരെ സമീപിച്ചു, യുദ്ധം നേരിൽ കാണുന്നതിലേക്കായി ദിവ്യചക്ഷുസ്സുകൾ വരമായി നൽകാം എന്നു പറഞ്ഞെങ്കിലും തിന്മയുടെ വിനാശം ഉറപ്പാണെന്നദ്ദേഹത്തിനറിയാമായിരുന്നതിനാൽ  അത് കാണാനുള്ള ശക്തിയില്ലായ്മ കാരണം അതു നിരസിക്കുകയാണുണ്ടായത്. വ്യാസമുനി പിന്നീടു ദിവ്യചക്ഷുസ്സുകൾ സഞ്ജയന് നൽകി. യുദ്ധത്തിന്റെ പത്താം ദിവസം ഭീക്ഷ്മർ നിലംപതിച്ച ശേഷം, അക്കാര്യം പറയാൻ ധൃതരാഷ്ട്ര സമീപത്തെത്തിയ സഞ്ജയനോട് ഇതുവരെ നടന്ന യുദ്ധവിവരങ്ങൾ പറയൂ എന്ന് ധൃതരാഷ്ട്രർ ആവശ്യപ്പെട്ടപ്പോൾ, കുരുക്ഷേത്രത്തിൽ യുദ്ധാരംഭത്തിൽ നടന്ന കാര്യങ്ങൾ ദിവ്യദൃഷ്ടിയാൽ നോക്കി flashback  എന്ന പോലെ സഞ്ജയൻ നൽകുന്ന വർണ്ണനയുടെ രൂപത്തിലാണ് ഗീത രചിച്ചിരിക്കുന്നത്.

ഭഗവത് ഗീത തുടങ്ങുന്നത് ധ്യാനശ്ലോകങ്ങളോടെയാണ്. ഇത് വ്യാസരചിതമായ ഗീതയുടെ ഭാഗമല്ല. നമ്മുടെ സംസ്കാരത്തിൽ ഏതു മംഗളകർമ്മത്തിനും തുടക്കം കുറിക്കേണ്ടത് ഈശ്വരാരാധനയിലാണ് എന്നതിനാൽ  ഗീതയ്ക്കും അതു നിഷ്ക്കർഷിച്ചിരിക്കുന്നു. വ്യാസഭഗവാനെയും ശ്രീകൃഷ്ണനെയും ഭക്തിപൂർവ്വം സ്മരിക്കുന്നതാണ് ധ്യാനശ്ലോകങ്ങളുടെ ഉള്ളടക്കം. തുടർന്ന് ഗീതാമാഹാത്മ്യം കുറെ ശ്ലോകങ്ങളിലൂടെ വർണ്ണിക്കുന്നുണ്ട്. ഇതും വ്യാസരചിതമല്ല. ഈ ആത്മീയഗ്രന്ഥത്തോടുള്ള മതപരമായ ആദരവാണ് ശ്ലോകങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. താൽപ്പര്യമുള്ളവർക്ക് ഏതെങ്കിലും ഗീതാഗ്രന്ഥത്തിൽ നിന്നും ഈ തുടക്ക ഭാഗം വായിച്ചു മനസ്സിലാക്കാവുന്നതേയുള്ളൂ.

ഗീതയെ ഹിന്ദുമതത്തിന്റെ പുണ്യഗ്രന്ഥമായിക്കണ്ടു ഭക്തിപുരസ്സരം അതിനെയും ഗ്രന്ഥകാരനായ വ്യാസമുനിയെയും ശ്രീകൃഷ്ണനെയും വണങ്ങുമ്പോൾ തന്നെ ബഹുമുഖമാനങ്ങളുള്ള ഗീത വെറുമൊരു ഭക്തി ഗ്രന്ഥമല്ലെന്നും നാം മനസ്സിലാക്കണം. ശരിയായ ഭക്തി എന്തെന്ന് മനസ്സിലാക്കാതെയാണ് പലരും 'ഭക്തിപൂർവ്വം' ഗീതയടക്കമുള്ള ആത്മീയഗ്രന്ഥങ്ങളെ നോക്കിക്കാണുന്നതെന്നാണ് പലപ്പോഴും എനിക്കു തോന്നിയിട്ടുള്ളത്. ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന നല്ല കാര്യങ്ങൾ മനസ്സിലാക്കാൻ ഈ 'ഭക്തി' തടസ്സമാണ്. ശരിക്കുള്ള ഭക്തിയെന്തെന്നു ഗീത പറയുന്നതു നമുക്കു പിന്നീടു  മനസ്സിലാക്കാം. സനാതനധർമ്മ സംസ്കാരത്തിൽ അന്ധവിശ്വാസങ്ങൾക്കോ വൈകാരികമായ ഭക്തിക്കോ അല്ല സ്ഥാനം; ബുദ്ധിപൂർവമുള്ള ചിന്തക്കും ബോധത്തിനുമാണെന്നുള്ളതും നാം മനസ്സിലാക്കണം. ഈശ്വരവിഷയങ്ങളിൽ നാം ശീലിച്ചു പോരുന്ന അടിസ്ഥാനമില്ലാത്ത വിശ്വാസങ്ങൾക്കും മറ്റു മതപരിമിതികൾക്കും മേലേ നിൽക്കുന്ന മനസ്സോടു കൂടി നോക്കിയാലേ ഗീതയെപ്പോലൊരു ബഹുമുഖ ആത്മീയഗ്രന്ഥത്തിൻറെ സമഗ്രത അതിന്റെ സമസ്തശോഭകളോടും കൂടി ആസ്വദിക്കാൻ കഴിയൂ. അതുകൊണ്ട് സാധാരണ ഭക്തരായല്ലാതെ, ജ്ഞാനാർത്ഥികളായി ഈ മഹനീയ ഗ്രന്ഥം പഠിക്കുന്നതാകും ഉത്തമമെന്നാണ് എന്റെ വിനീതമായ അഭിപ്രായം. ഈ മഹൽഗ്രന്ഥം ലോകത്തിനു സമ്മാനിച്ചത് വ്യാസമുനിയോ മറ്റാരെങ്കിലുമോ ആകട്ടെ, ആ മഹത്വത്തിനു മുൻപിൽ ശിരസ്സു നമിച്ചു കൊണ്ട്, ഒരസാമാന്യ ആത്മീയകൃതിയുടെ പഠനത്തിന് നൽകേണ്ട ഗൗവരവസ്വഭാവത്തോടെയാകണം ഇതിനെ പഠിക്കാൻ ശ്രമിക്കുന്നത് എന്നു കൂടി പറഞ്ഞുകൊള്ളട്ടെ. ഇന്നുള്ളതിലും നല്ലൊരു കാഴ്ചപ്പാടുണ്ടാക്കുക എന്നതാണ് ഗീതയടക്കമുള്ള ഏത് ആത്മീയവിഷയപഠനങ്ങളുടെയും ലക്ഷ്യം. ഗുരുത്വമുണ്ടെങ്കിലേ പഠിക്കുന്നതുള്ളിൽ കയറി അതുകൊണ്ടു ഭാവിയിൽ ഗുണമുണ്ടാകൂ എന്നതൊരു സത്യമാണ്.

ആഹാ, ദാ അങ്ങോട്ടു നോക്കിയേ; നമ്മളിവിടെ ഗീതയുടെ കാര്യവും പറഞ്ഞുകൊണ്ടിരുന്നപ്പോഴേക്കും കുരുക്ഷേത്രയുദ്ധക്കളം മനുഷ്യരെയും മൃഗങ്ങളെയും രഥങ്ങളെയും ഒക്കെക്കൊണ്ടു നിറഞ്ഞു കഴിഞ്ഞല്ലോ? ഒന്നു കൂടി സൂക്ഷിച്ചു നോക്കിക്കേ, യുദ്ധക്കളം അങ്ങനെ അലങ്കോലമായി നിറഞ്ഞിരിക്കയല്ല; യുദ്ധത്തിനു തയ്യാറായി നിൽക്കുന്ന രണ്ടുസേനാവിഭാഗങ്ങളെ വളരെ ക്രമമായവിടെ വിന്യസിച്ചിരിക്കയാണ്. പാണ്ഡവപക്ഷത്തേക്കാൾ വളരെ വലുതാണ് കൗരവപക്ഷം. കൗരവസേനയുടെ വ്യൂഹത്തെ ഒരു പക്ഷിയുടെ രൂപത്തിലും പാണ്ഡവസേനയുടെ വ്യൂഹത്തെ ചക്രാകാരത്തിലുമാണ് വിന്യസിച്ചിരിക്കുന്നത്. അഞ്ചു വെളുത്ത കുതിരകളെപ്പൂട്ടിയ അഴകാർന്നൊരു രഥം കണ്ടോ? കുതിരകളുടെ കടിഞ്ഞാണും കയ്യിൽ പിടിച്ചു, മന്ദസ്മേരവദനനായിരിക്കുന്ന തേജസ്‌വിയായ സാരഥിയെക്കണ്ടോ? അദ്ദേഹമാണ് സാക്ഷാൽ ശ്രീകൃഷ്ണൻ. രഥത്തിനുള്ളിൽ ഗാന്ധീവധാരിയായ ഫൽഗുനന്റെ  ഇരിപ്പൊന്നു നോക്കിക്കേ? 'എത്രയോ കാലമായി ഞങ്ങൾ അനുഭവിച്ചു കൊണ്ടിരിക്കുന്ന നിന്ദയ്ക്കും പരിഹാസത്തിനും അപമാനത്തിനും അവഗണനക്കുമുള്ള ചുട്ട മറുപടി ഇന്നു ഞാൻ നിനക്കു നൽകും ദുര്യോധനാ' എന്നു വിളിച്ചു പറയേണ്ട ആ മുഖത്തെന്തേ അസാധാരണമായി ആശങ്കയുടെയും വിഷാദത്തിന്റെയും കരിനിഴൽ കാണുന്നൂ?

മഹാഭാരതയുദ്ധം നമ്മുടെ എല്ലാവരുടെടെയും ഉള്ളിൽ നിരന്തരം നടന്നുകൊണ്ടിരിക്കയാണ്. കൗരവന്മാർ നൂറ്റൊന്നു പേർ മനുഷ്യമനസ്സിലെ ദുർവാസനകളെയും പഞ്ചപാണ്ഡവന്മാർ അവയ്ക്കു വിപരീതമായ സദ്‌വാസനകളെയും പ്രതിനിധാനം ചെയ്യുന്നു. ഈ വിരുദ്ധശക്തികൾ തമ്മിലുള്ള വടംവലിയിൽ എണ്ണത്തിൽ കുറഞ്ഞ സദ്‌വാസനകൾക്കു ശക്തികുറഞ്ഞു, മനസ്സു വിഷാദമഗ്നമാകുന്നു. പക്ഷേ നിരാശരാവേണ്ടതില്ല, സദ്‌വാസനകളെ ബോധത്തിൽ (ശ്രീകൃഷ്ണനിൽ) ഉറപ്പിച്ചു നിർത്തിയാൽ അസദ്‌വാസനാസമൂഹത്തെ - കാമാദിവികാരങ്ങളെ - നിശ്ശേഷം നശിപ്പിച്ചു പരിപൂർണ്ണ വിജയം നേടാനാവുമെന്നു ഭഗവത്‌ഗീത നമുക്ക് ഉറപ്പുതരുന്നു.

അടുത്തയാഴ്ച : ഒന്നാം അദ്ധ്യായം: അർജ്ജുനവിഷാദയോഗം തുടങ്ങാം.

(എല്ലാവരും  ഭഗവത് ഗീതയുടെ ഒരു കോപ്പി കയ്യിലോ കമ്പ്യൂട്ടറിലോ കരുതണം എന്ന് അഭ്യർത്ഥിക്കുന്നു. ശ്ലോകങ്ങൾ മലയാളത്തിൽ കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്തെടുക്കുമ്പോൾ തെറ്റുകളുണ്ടാകാൻ സാദ്ധ്യതയുണ്ട്. ഗീത കയ്യിലുണ്ടെങ്കിൽ വ്യാഖ്യാനിക്കുന്ന ശ്ലോകഭാഗം അപ്പോൾ തന്നെ നോക്കി മനസ്സിലാക്കുകയും താത്പര്യമുണ്ടെങ്കിൽ ഹൃദിസ്ത്വമാക്കുകയും ചെയ്യാം. ആത്മീയവിഷയത്തിൽ ജിജ്ഞാസുക്കളും എന്നാൽ വിഷയപരിചയം കുറഞ്ഞവരുമായവരെ ഉദ്ദേശിച്ചുള്ള ഒരു ഓൺലൈൻ ഗീതാപഠനമാണ് ഇവിടെ ഉദ്ദേശിക്കുന്നതെന്നു കൂടി പറഞ്ഞു കൊള്ളട്ടെ). 

Saturday, September 3, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - ആമുഖം 3

ബി.സി. 500-)o ആണ്ടിനടുത്തു ഹിന്ദുമതത്തിൽ ആധിപത്യം സ്ഥാപിച്ച ഹിംസാത്മകമായ യജ്ഞസംസ്കാരത്തോടുള്ള പ്രതികരണമെന്ന നിലയ്ക്കാണ് ബുദ്ധജൈനമതങ്ങളുടെ ഉൽപ്പത്തിയെന്നതും ആ അവൈദിക മതങ്ങളെ നിഷ്പ്രഭമാക്കി സനാതനധർമ്മത്തെ പുനഃപ്രതിഷ്ഠിക്കാൻ വാത്മീകിയും വ്യാസനും നടത്തിയ ശ്രമങ്ങളിലെ പ്രകടന പത്രികകളായിരുന്നു രാമായണവും മഹാഭാരതവും എന്നും പറഞ്ഞാണല്ലോ കഴിഞ്ഞയാഴ്ച നിർത്തിയത്. സ്മൃതിശാസനങ്ങളുടെ ദൂഷിതവലയത്തിൽപ്പെട്ട് ഹിന്ദുമതം അക്കാലത്തെങ്ങിനെയാണ് നാശോന്മുഖമായതെന്നും നമ്മൾ കണ്ടുകഴിഞ്ഞതാണ്. അപ്പോൾ വേദവിധികളെ തള്ളിപ്പറഞ്ഞുകൊണ്ടു ശക്തിയാർജ്ജിച്ച ബുദ്ധജൈനമതങ്ങളെ നിഷ്പ്രഭമാക്കണമെങ്കിൽ ആ മതങ്ങളുടെ ഉൽപ്പത്തിക്കു തന്നെ കാരണമായ ഹിന്ദുമതദോഷങ്ങളെ നിഷ്പ്രഭമാക്കി, ജനസഞ്ചയത്തിന്റെ ശ്രദ്ധ സനാതനധർമ്മത്തിലേക്കു തിരിക്കേണ്ടത് അവശ്യമായിരുന്നു. അതിനാൽ വാത്മീകിയുടെയും വ്യാസന്റെയും ഇതിഹാസരചനകൾ ഇക്കാര്യങ്ങളെ കേന്ദ്രീകരിച്ചായിരിക്കണം എന്നു നമുക്കു ന്യായമായും ചിന്തിക്കാം.

ഹിന്ദുസമൂഹത്തിൽ  സൃഷ്ടിക്കപ്പെട്ട അരാജകത്വത്തിന്റെ കാരണങ്ങൾ വ്യക്തമായി മനസ്സിലാക്കിയാലേ അതിനെയൊക്കെ എങ്ങിനെയാണ് രാമായണ-ഭാരത ഇതിഹാസങ്ങളിലൂടെ ഇതിഹാസകാരന്മാർ കൈകാര്യം ചെയ്ത്, ഹിന്ദുസമൂഹത്തിന്റെ വിശ്വാസ്യത തിരികെപിടിച്ചതെന്നു മനസ്സിലാക്കാൻ കഴിയൂ. അക്കാരണങ്ങൾ  ഒന്നു കൂടി ചുരുക്കിപ്പറയാം. (i) വേദങ്ങളുടെ തെറ്റായ വ്യാഖ്യാനവും അതുമൂലം വേദദർശനങ്ങളുടെ മാഹാത്മ്യവും അതുകൊണ്ടുണ്ടാകാമായിരുന്ന സാമൂഹിക നന്മയും ശാന്തിയും സമൂഹത്തിൽ പ്രതിഫലിക്കാൻ കഴിയാതെ പോയത്, (ii) ഹിംസാത്മകമായ യജ്ഞങ്ങളോടുള്ള വിരോധം, (iii) സ്ത്രീകളെ രണ്ടാം തരക്കാരാക്കി നിർത്തി അവരോടു കാണിച്ച അവഗണന,  (iv) ജാതിവ്യവസ്ഥ സൃഷ്ടിച്ചു ബഹുഭൂരിപക്ഷം വരുന്ന ശൂദ്രരോടു കൈക്കൊണ്ട നിർദ്ദാക്ഷിണ്യത...... അങ്ങിനെ  തിന്മകളാൽ ഗ്രസിക്കപ്പെട്ട സമൂഹത്തെ രക്ഷിക്കാനായി സൽഗുണസമ്പന്നരും സ്നേഹനിധികളുമായ ശ്രീ ബുദ്ധനും മഹാവീരനും രംഗത്തെത്തിയതോടെയാണല്ലോ ഹിന്ദുമതത്തിന്റെ പതനം പൂർണ്ണമായത്.  അപ്പോൾ സനാതനധർമ്മത്തിന്റെ  പുനഃ:സ്ഥാപനം ലക്ഷ്യമിട്ടു രചിച്ച ഇതിഹാസങ്ങളിൽ ഇപ്പറഞ്ഞ കാര്യങ്ങളെയെല്ലാം ശരിയാക്കി ജനങ്ങളുടെ മനം കവരാനുള്ള വിദ്യകളായിരിക്കണം ഇതിഹാസകാരന്മാർ പ്രയോഗിച്ചിരിക്കുന്നത് എന്നു സ്പഷ്ടം. കഴിഞ്ഞ രണ്ടു സഹസ്രാബ്ദങ്ങളായി പല വിദേശീയ മതങ്ങളും ഇന്നാട്ടിൽ വന്നവരുടെ കടന്നാക്രമണങ്ങൾ പലതും നടത്തിയിട്ടും സനാതനധർമ്മത്തിനും ഹിന്ദുമതത്തിനും വലിയ കോട്ടമൊന്നും സംഭവിക്കാതിരുന്നത്,  ദീർഘദർശികളായ വാത്മീകിയും വ്യാസനും ഇതിഹാസനിർമ്മിതിയിലൂടെ ഹിന്ദുമതത്തെ തകർക്കാൻ കഴിയാത്ത അസ്ഥിവാരത്തിൽ ഉറപ്പിച്ചു നിർത്തിയതാണ് കാരണം എന്നു  കാണാം. അതെങ്ങിനെ അവർ നിർവഹിച്ചു എന്നു നോക്കാം.


വേദത്തിനു പരഭാഗശോഭ നൽകുന്നത് അതിലെ  നിസ്വാർത്ഥമായ, സമർപ്പണ മനോഭാവത്തിലൂടെയുള്ള യജ്ഞസംസ്കാരവും താത്വികമായ പ്രപഞ്ചാവലോകനവുമാണ്. കർമ്മമാർഗ്ഗത്തിലൂന്നിയ യജ്ഞസംസ്കാരം 'ധർമ്മ'ത്തെയും ബോധത്തിലൂന്നിയ ഉപനിഷദ് സംസ്കാരം 'ബ്രഹ്മ' ത്തെയും സനാതനധർമ്മരഥത്തിന്റെ രണ്ടു ചക്രങ്ങളാക്കിയത് വേദസംസ്കാരത്തിൽ നിന്നാണ്. കള്ളക്കണ്ണുകളോടെ സ്വാർത്ഥരായ മനുഷ്യർ, സ്വാർത്ഥരഹിതമായ ഈ സംസ്കാരത്തിൽ ഇടപെട്ടപ്പോഴാണ് ഈ മഹനീയസംസ്കാരം ജനങ്ങളിൽ നിന്നും അകന്നു പോയത്. അതിനാൽ തന്നെ വേദസംസ്കാരത്തിന്റെ ഈ രണ്ടു മഹനീയ വശങ്ങളാണ് രാമായണ-ഭാരത ഇതിഹാസങ്ങളിലുടനീളം ഇതിഹാസകാരന്മാർ പ്രതിഫലിപ്പിക്കാൻ ശ്രമിക്കുന്നതെന്ന് ഇവ നിഷ്ക്കർഷയോടെ പഠിക്കുന്ന ആർക്കും മനസ്സിലാകും. ബ്രഹ്മ-ധർമ്മ വാദങ്ങൾ അന്യോന്യം സ്പർദ്ധയോടെ കഴിഞ്ഞിരുന്ന കാലത്ത്, ബ്രഹ്മമാണ് പരമമായ ലക്ഷ്യമെങ്കിലും ധർമ്മമാണ് അതിലെത്താനുള്ള വഴിയെന്ന്  മഹാഭാരതത്തിലൂടെ വ്യാസൻ വ്യക്തമാക്കിയപ്പോൾ രണ്ടും തമ്മിലുള്ള അകൽച്ച കുറയാനതു ഹേതുവായി.  ഇതിഹാസങ്ങളിലും പിന്നീടുണ്ടായ പുരാണങ്ങളിലും യജ്ഞങ്ങൾക്കും യാഗങ്ങൾക്കും പ്രാധാന്യം കല്പിച്ചിരിക്കുന്നതിതുകൊണ്ടാണ്. 'ധർമ്മ' മാർഗ്ഗത്തെ കൂടുതൽ പ്രോജ്വലമാക്കാനായി ധർമ്മത്തിന്റെയും അധർമ്മത്തിന്റെയും മൂർത്തിമത് രൂപങ്ങളെയും അവർ തമ്മിലുള്ള യുദ്ധകോലാഹലങ്ങളെയും സൃഷ്‌ടിച്ചു, ആത്യന്തിക വിജയം ധർമ്മത്തിനാകും എന്നു രണ്ടിതിഹാസങ്ങളും ഉദ്‌ഘോഷിക്കുകയാണ്. എന്തിനേറെ പറയുന്നു; 'ധർമ്മക്ഷേത്ര'മായ കുരുക്ഷേത്രത്തിലാണല്ലോ യുദ്ധം നടക്കുന്നതു തന്നെ. ഇങ്ങനെ വാത്മീകിയും വ്യാസനും, സ്മൃതിശാസനങ്ങളാൽ ചവിട്ടിയരക്കപ്പെട്ട, യജ്ഞസംസ്കാരത്തെയും അതിൽ നിന്നുരുത്തിരിഞ്ഞു വരുന്ന ധർമ്മബോധത്തെയും ഉപനിഷത്തുക്കളിലെ  ജ്ഞാനബോധത്തെയും  ഇതിഹാസങ്ങളിലൂടെ ജനമനസ്സുകളിൽ പുനഃ:പ്രതിഷ്ഠിച്ചു.
ഇനി സ്ത്രീ വിഷയമെടുക്കാം. വേദകാലത്തു സ്ത്രീകൾക്കു സമൂഹത്തിലുണ്ടായിരുന്ന മാന്യമായ സ്ഥാനമാണ് പിന്നീടു വന്നവർ സ്മൃതികളിലൂടെയും കൽപ്പങ്ങളിലൂടെയും ഇല്ലാതെയാക്കിയത്. സൽഗുണസമ്പന്നകളും ധീരോദാത്തഗുണഗണങ്ങളുള്ള സ്ത്രീരത്‌നങ്ങളുടെ ഒരു പരമ്പര തന്നെ സൃഷ്ടിച്ചാണ് ഇതിഹാസകാരന്മാർ ഇപ്രവണതയെ പ്രതിരോധിച്ചത്. ശ്രീരാമനെപ്പോലും നിഷ്പ്രഭമാക്കുന്ന സീതയും രാവണനെ നിയന്ത്രിക്കുന്ന മണ്ഡോദരിയും തന്റേടക്കാരിയായ കൈകേയിയും പഞ്ചപാണ്ഡവരെ നിലയ്ക്കു നിർത്തുന്ന പാഞ്ചാലിയും  ദൃഢചിത്തയും ത്യാഗിനിയും വീരപ്രസുവുമായ കുന്തിയും ചഞ്ചലമനസ്കനായ ഭർത്താവിനെ സഭാമദ്ധ്യത്തിൽ സധൈര്യമധിക്ഷേപിച്ച  ശകുന്തളയും പതിവൃതാരത്നങ്ങളായ ദമയന്തീസാവിത്രിമാരുമെല്ലാം സ്ത്രീയ്ക്കു പതിത്വം കൽപ്പിച്ചു സമൂഹത്തിൽ നിന്നകറ്റിനിർത്തിയ മനുസ്മൃതികൾക്കുള്ള മറുപടിയാണ്.

ചാതുർവർണ്യത്തിനും ശൂദ്രന്റെ പദവിക്കും അവികലമായ വ്യാഖ്യാനങ്ങളും തെളിവുകളും നിരത്തിക്കൊണ്ടാണ് ജാതിവ്യവസ്ഥയുടെ തിന്മയെ ഇതിഹാസകാരന്മാർ പ്രതിരോധിച്ചത്. ബ്രാഹ്മണ്യം ജന്മാധിഷ്ഠിതമല്ല, ഗുണാധിഷ്ഠിതമാണെന്ന് യുധിഷ്ഠിരൻ, ശ്രീ പരമേശ്വരൻ, ശ്രീകൃഷ്ണൻ എന്നീ പരമോന്നതരെക്കൊണ്ട് വ്യാസൻ  മഹാഭാരതത്തിൽ വീണ്ടും വീണ്ടും പറയിക്കുന്നുണ്ട്. ശബരി, ഗുഹൻ തുടങ്ങിയ നീചജാതിക്കാർ രാമന്റെ പ്രീതിക്ക് പാത്രമായവരാണ്. മഹാഭാരതത്തിലെ വിജ്ഞാനഭണ്ഡാഗാരവും ധർമ്മമൂർത്തിയുമാണ് ശൂദ്രനായ വിദുരർ. സൂതജനെന്ന പേരിൽ യാഥാസ്ഥിതികരാൽ അധിക്ഷേപിക്കപ്പെട്ട കർണ്ണനെ, ബാഹുബലം കൊണ്ട് സൂതനും ക്ഷത്രിയനാകാം, എന്നതിന് തെളിവായി ഉയർത്തിക്കൊണ്ടുവരികയാണ് കൗരവജ്യേഷ്ഠനായ ദുര്യോധനൻ ചെയ്‌തത്‌. എന്തിനു പറയുന്നു സാക്ഷാൽ ശ്രീകൃഷ്ണൻ തന്നെ ബ്രാഹ്മണന്റെ കീഴ് ജാതിക്കാരനായ യാദവനാണ്. വാത്മീകിയോ നീചജാതിയിൽപ്പെട്ട നിഷാദനും, വ്യാസനോ ദാസീപുത്രനും.....  അങ്ങിനെ സകലജാതിക്കാരെയും മഹാത്മാക്കളാക്കി ജാതിവ്യവസ്ഥയെന്ന ക്രൂരതയ്ക്കും ഇതിഹാസകാരന്മാർ മറുപടി നൽകി.

ഇങ്ങനെ ഹിന്ദുമതത്തെ ശോഷിപ്പിച്ച പല പ്രവണതകളെയും തിരുത്തി എഴുതുമ്പോഴും, ജനമനസ്സുകളിൽ പ്രതിഷ്ഠിക്കപ്പെട്ട ശ്രീബുദ്ധമഹാവീര വിഗ്രഹങ്ങളെ ഇളക്കാതെ സനാതനധർമ്മ പുനഃ:സ്ഥാപനം അസാദ്ധ്യമാണെന്ന് വാത്മീകിക്കും വ്യാസനും നന്നായി അറിയാമായിരുന്നുവെന്നു വേണം കരുതാൻ. ബുദ്ധജൈനന്മാരുടെ വ്യക്തിത്വങ്ങൾക്കു സമാനമോ അവരെക്കാൾ ശ്രേഷ്ഠമോ ആയ സുചരിതത്വമുള്ളവർ ആർഷഭാരതപാരമ്പര്യത്തിലുണ്ടെന്നു കാണിച്ചാണ് ഇതിഹാസകാരന്മാർ ചരിത്രപുരുഷന്മാരായ ഈ രണ്ടു മഹാത്മാക്കളെയും നിഷ്പ്രഭരാക്കിയത്. വാത്മീകിയുടെ രാമൻ സൽഗുണസമ്പന്നനും മര്യാദാപുരുഷോത്തമനും സർവോപരി ധർമ്മത്തിന്റെ മൂർത്തിമദ് ഭാവവും ആണ് (രാമോ:വിഗ്രഹവാൻ ധർമ്മ:). പരമാത്മാവ് തന്നെയാണ് മഹാഭാരതത്തിലെ ശ്രീകൃഷ്ണൻ. ദൈവശക്തി അവതരിച്ചു ഭൂമിയിൽ മനുഷ്യനായതാണു ശ്രീകൃഷ്ണനെന്ന വ്യാസഭാവന ജനഹൃദയങ്ങളിലുണ്ടാക്കിയ വിശ്വാസത്തിരതള്ളലിൽ ശ്രീബുദ്ധമഹാവീരവിഗ്രഹങ്ങൾക്ക്  സ്ഥാനചലനം സംഭവിക്കുക തന്നെ ചെയ്തു. ഇതാണ് കാവ്യകലയുടെ ശക്തി*. വേദോപനിഷത്തുക്കളും ധർമ്മശാസ്ത്രങ്ങളും ബുദ്ധിയെ പ്രകാശിപ്പിക്കുന്നതും വിചാരലോകത്തെ വികസിപ്പിക്കുന്നതുമായിരുന്നു. അതുകൊണ്ടു തന്നെ ചിന്താശക്തിയില്ലാത്ത സാധാരണ ജനങ്ങൾക്കു അവയൊന്നും അത്ര ഇഷ്ട്ടപ്പെടുന്നതുമായിരുന്നില്ല. എന്നാൽ കഥകളിലൂടെ, വികാരത്തിന്റെയും ഹൃദയത്തിന്റെയും ഭാഷയിൽ വാത്മീകിയും വ്യാസനും സംസാരിച്ചപ്പോൾ അവർക്കതിഷ്ടപ്പെട്ടു. ഒരു തമാശരൂപത്തിൽ പറയുകയാണെങ്കിൽ വേദവിഷയങ്ങളിലെ ചിന്താബന്ധുരങ്ങളായ വലിയകാര്യങ്ങൾ ഇന്നത്തെ നമ്മുടെ 'ടി.വി. സീരിയൽ' ലൈനിൽ പറഞ്ഞുകൊടുത്ത് ജനസഹസ്രങ്ങളെ സനാതനധർമ്മത്തിലേക്ക് ആനയിക്കുന്ന കർമ്മമാണ്‌ ഇതിഹാസകാരന്മാർ ചെയ്തതെന്നർത്ഥം. ആദ്യമാദ്യം കഥ കേട്ടു കേട്ട്, പോകെപ്പോകെ അതിനുള്ളിലെ ഗുണകരങ്ങളായ ആത്മവിഷയത്തിലേക്കു മനുഷ്യർ ശ്രദ്ധ തിരിക്കുമെന്നവർ ചിന്തിച്ചിരിക്കാം. പക്ഷെ, അതു സംഭവിക്കാതെ, ബഹുഭൂരിപക്ഷം ഹിന്ദുമതവിശ്വാസികളും 'സീരിയലി'ന്റെ വികാരതലത്തിൽ ആണ്ടുപോയി, അതിനു മുകളിൽ ഒന്നും കാണാൻ കഴിയാത്തവരായിപ്പോയി എന്നതാണ് ഈ മതത്തിന്റെ ദുര്യോഗം.

നമ്മുടെ വിഷയം മഹാഭാരതത്തിൽ ഉൾപ്പെടുന്ന ഉപനിഷൽസാരമായ ഭഗവത് ഗീതയാണല്ലോ? വേദോപനിഷത്തുക്കളും മഹാഭാരതരചനയുടെ മേൽവിവരിച്ച  പശ്ചാത്തലവും ഗീതയുടെ പല ശ്ലോകങ്ങളിലും പ്രതിഫലിക്കുമെന്നതിനാൽ അതൊക്കെ നിങ്ങൾക്കേവർക്കും നന്നായി മനസ്സിലാകുവാൻ  വേണ്ടിമാത്രം ഇത്ര ദീർഘമായ ഒരാമുഖം ഞാൻ എഴുതിയെന്നേ ഉള്ളൂ. മുൻപു പറഞ്ഞത് വീണ്ടും ആവർത്തിക്കട്ടെ; ആത്മീയവിഷയതത്പരനായ ഒരു ശാസ്ത്രഗവേഷകൻ മാത്രമാണ് ഞാൻ; ആത്മീയാചാര്യനല്ല. ഗീതയെക്കുറിച്ചും മറ്റ് ആത്മീയവിഷയങ്ങളെക്കുറിച്ചും ആധികാരികമായി സംസാരിക്കാൻ  കഴിവുള്ള പ്രഗത്ഭരായ സന്യാസിവര്യന്മാർ നമുക്കിടയിൽ ഉണ്ട്. പക്ഷെ, അവരൊക്കെ പറയുന്നതു മനസ്സിലാക്കണമെങ്കിൽ ആത്മവിഷയത്തെക്കുറിച്ചുള്ള ചെറിയ അവബോധമെങ്കിലും നിങ്ങൾക്കുണ്ടാകണം. എൻറെ ലേഖനങ്ങൾ കൊണ്ടു ഞാൻ ഉദ്ദേശിക്കുന്നത് അതു മാത്രമാണ്; വിഷയത്തെക്കുറിച്ചു ഒരു introduction നൽകുക, അത്രമാത്രം. ആത്മവിഷയത്തിൽ ചിറകുമുളച്ചു കിട്ടിയാൽ, വിശ്വാസത്തിന്റെയും അന്ധവിശ്വാസത്തിന്റെയും ബന്ധനങ്ങളിൽ നിന്നും മുക്തരായി, വിശാലമനസ്ക്കരായി സ്വതന്ത്ര്യബോധത്തിന്റെ അനന്തവിഹായുസ്സിലേക്കു നിങ്ങൾക്കു പറന്നുയരാൻ കഴിയും. അങ്ങിയുള്ള കുറേപ്പേരെയാണ് ഇന്നത്തെ നമ്മുടെ സമൂഹത്തിനാവശ്യം.


*മഹാഭാരതവും രാമായണവും സംഭവചരിത്രങ്ങളാണെന്നും, അതല്ല വെറും കെട്ടുകഥകളാണെന്നുമുള്ള അഭിപ്രായങ്ങൾ നിലവിലുണ്ട്. സംഭവചരിത്രങ്ങളാണെന്നു പറയാനുള്ള ശാസ്ത്രീയമായ തെളിവുകൾ വളരെയൊന്നും ഇല്ലെങ്കിലും വേദോൽപ്പത്തിക്കു സഹസ്രാബ്ദങ്ങൾക്കു മുൻപും ഭാരതത്തിൽ മനുഷ്യസംസ്കാരം നിലവിലുണ്ടായിരുന്നു എന്നു ചിന്തിക്കാനുതകുന്ന തെളിവുകൾ പല പഠനങ്ങളിലും നിഴലിക്കുന്നുണ്ട്. അങ്ങിനെ നിലനിന്നിരുന്ന മഹത്തായ രണ്ടു രാജവംശങ്ങളുടെ ചരിത്രം, വാഴ്‌മൊഴിയായി ഭാരതത്തിൽ പ്രചരിച്ചിരുന്നതിൽ, തങ്ങളുടെ ലക്ഷ്യമായ സനാതനധർമ്മസ്ഥാപനവും കൂടി യോജിപ്പിച്ചു വാത്മീകിയും വ്യാസനും സൃഷ്ടിച്ചതാകാം രാമായണവും മഹാഭാരതവും എന്നു ചിന്തിക്കാം.

(വായിച്ചതിനുശേഷം ലേഖനങ്ങൾ 'ഷെയർ' ചെയ്യണം എന്നഭ്യർഥിക്കുന്നു. അങ്ങനെ ചെയ്താൽ ഹൈന്ദവസംസ്കാരത്തെക്കുറിച്ചുള്ള ശരിയായ അറിവു പലർക്കും ലഭിക്കാനും അറിവില്ലായ്മകൊണ്ട് പലരും പറഞ്ഞു പരത്തുന്ന അബദ്ധങ്ങൾ ഒരു പരിധിവരെയെങ്കിലും നിയന്ത്രിക്കാനും കഴിയും)