Saturday, April 29, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 21)

കഴിഞ്ഞ കുറെ ശ്ലോകങ്ങളായി കർമ്മയോഗത്തെപ്പറ്റിയാണ് നമ്മൾ പഠിച്ചു കൊണ്ടിരുന്നത്. സമചിത്തതയോടുകൂടി ചെയ്യുന്ന കർമ്മത്തിലുള്ള കുശലതയാണ്‌ യോഗമെന്നും ഫലേച്ഛകൂടാതെ ചെയ്യുന്ന കർമ്മം ഏറ്റവും നല്ല കർമ്മഫലം നൽകുന്നതും ആനന്ദദായകവുമായിരിക്കുമെന്നും നാം കണ്ടു കഴിഞ്ഞതാണ്. സമചിത്തത യെന്നാൽ ഒന്നിലും തന്നെ വിപരീതഭാവങ്ങളെ (pair of opposites) കാണാതെ പ്രജ്ഞ സ്ഥിരമായി നിൽക്കുന്ന അവസ്ഥയായാണെന്നും ഈശ്വരസാക്ഷാത്ക്കാരത്തിനർഹനാകുന്ന (God realisation) കർമ്മയോഗിക്ക്‌ അവശ്യം വേണ്ട ഗുണമാണിതെന്നും പറഞ്ഞു കഴിഞ്ഞു. കൃഷ്ണന്റെ ഈ പുതിയ സിദ്ധാന്തം അർജ്ജുനനു വളരെ ഇഷ്ട്ടപ്പെട്ടുവെന്നു തോന്നുന്നു. കർമ്മയോഗത്തിലൂടെ ഈശ്വരസാക്ഷാത്ക്കാരം നേടുന്ന വ്യക്തിയുടെ ലോകവുമായുള്ള ബന്ധം എങ്ങിനെയായിരിക്കും എന്നറിയാനുള്ള അർജ്ജുനന്റെ ജിജ്ഞാസയും അതിനുള്ള  കൃഷ്ണന്റെ മറുപടികളുമാണ് ഇനി വരുന്ന 18 ശ്ലോകങ്ങളുടെ ഉള്ളടക്കം. ഒരു ideal human being എങ്ങനെയായിരിക്കണം എന്ന കൃഷ്ണന്റെ ഈ വിവരണം ഭഗവത് ഗീതയുടെ ഒരു മാസ്റ്റർപീസ് ആണ്. ഇതു ദൈവവിശ്വാസവിഷയമൊന്നുമല്ല, ശുദ്ധസത്യം മാത്രമാണ്. ഇതു മനസ്സിലാക്കുവാൻ ശ്രമിക്കുന്നതിനു മുൻപായി, ഇതേക്കുറിച്ചു ഗുരു നിത്യചൈതന്യ യതി പറഞ്ഞിട്ടുള്ള വാക്കുകൾ നമുക്കൊന്നു ശ്രദ്ധിക്കാം.

"ഒരു കാര്യം മറന്നു പോകരുത്. ഈ പറയുന്ന വാക്കുകളൊന്നും ഇതിഹാസത്തിലുള്ള അർജ്ജുനന്റെയോ കൃഷ്ണന്റെയോ അല്ല, ഭാരതീയ സാഹിത്യസൃഷ്ടിയുടെ പിതാവായ വ്യാസന്റെ സർഗ്ഗാത്മകമായ രചനാസാമർഥ്യം വേണം ഇവിടെ ദർശിക്കുവാൻ. അർജ്ജുനനെക്കൊണ്ട് വ്യാസൻ ഇവിടെ മന:പൂർവം ചോദിപ്പിക്കുകയാണ്...... ഇനി ഇപ്പോൾ സൗകര്യമായി ഈ ചോദ്യങ്ങളുടെ ഉത്തരമായി അർജ്ജുനനെ ഭാവിയിൽ വാർത്തെടുക്കേണ്ടതായ ഒരു യോഗിയുടെ മൂശ ഇവിടെ വച്ച് കാച്ചാമല്ലോ? ഇതുകൊണ്ട് ശ്രീകൃഷ്ണൻ അർജ്ജുനനെ ചതിച്ചു യുദ്ധം ചെയ്യിച്ചു എന്നൊന്നും ധരിച്ചുകളയരുത്. വ്യവഹാരത്തിലും ചിന്തനയിലും ധ്യാനത്തിലും സമാധിയിലും പരിപൂർണ്ണ യോഗനില പാലിക്കുന്ന പൂർണ്ണപ്രജ്ഞനെ സിദ്ധാന്തപക്ഷത്ത്
അവതരിപ്പിക്കേണ്ടതത്യാവശ്യമാണ്. അത് തന്നെയാണിവിടെ ചെയ്തിരിക്കുന്നതും".

അതെ, ഭഗവത് ഗീത എന്നത് വ്യാസന്റെ സർഗ്ഗാത്മകമായ ഒരു സൃഷ്ടിയാണ്, മനുഷ്യസമൂഹത്തെ നല്ലവഴിക്കു  നയിക്കുന്നതിലേക്കായി രചിക്കപ്പെട്ട മഹനീയ സൃഷ്ട്ടി. ഇതിഹാസപരമായ  വിശ്വാസം കലർത്തി ഈ ഗ്രന്ഥം പഠിച്ചാൽ ഇതിൽ പറയുന്ന സത്യങ്ങളൊന്നും മനസ്സിലാവുകയില്ല. അർജ്ജുനനെക്കൊണ്ടു യുദ്ധം ചെയ്യിച്ച ഹിംസാവാദിയാണ് കൃഷ്ണൻ എന്നൊക്കെ ധരിക്കേണ്ടി വരുന്നത് കഥയിലെ കാര്യം മനസ്സിലാക്കാത്തതു കൊണ്ടാണ്.

ശരി, നമുക്കിനി അർജ്ജുനന്റെ ചോദ്യത്തിലേക്ക് കടക്കാം.

അർജ്ജുന ഉവാച:

സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവഃ
സ്ഥിതധീം: കിം പ്രഭാഷേത കിമാസീത വ്രജതേ കിം (ശ്ലോകം 2:54)

(അർജ്ജുനൻ ചോദിച്ചു, ഹേ, കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞൻ എങ്ങിനെ സംസാരിക്കും? എങ്ങിനെ സ്ഥിതി ചെയ്യും? എങ്ങിനെ സഞ്ചരിക്കും?)

കിം ആസീത, കിം വ്രജതേ എന്നീ പ്രയോഗങ്ങൾക്ക് എങ്ങിനെ ഇരിക്കും? എങ്ങിനെ നടക്കും? എന്നുള്ള അർത്ഥങ്ങളും ഗ്രന്ഥങ്ങളിൽ കാണാം. ആചാര്യസ്വാമികളുടെ അഭിപ്രായത്തിൽ ഈ ശ്ലോകത്തിലെ  'നടക്കുക, ഇരിക്കുക' എന്നീ വാക്കുകളെ നാം അക്ഷരാത്ഥത്തിലല്ല മനസ്സിലാക്കേണ്ടത്,  സ്ഥിതപ്രജ്ഞന്റെ പൊതുസ്വഭാവത്തെയും അയാളുടെ ലോകവുമായുള്ള ബന്ധത്തെയും എടുത്തു കാണിക്കാനുദ്ദേശിച്ചുള്ള അർത്ഥവ്യാപ്തിയുള്ള പദങ്ങളാണിവയത്രെ.

ശ്രീ ഭഗവാനുവാച:

പ്രജഹാതി യദാ കാമാൻ സർവ്വാൻ പാർത്ഥ മനോഗതാൻ
ആത്മന്യേവാത്മന തുഷ്ട സ്ഥിതപ്രജ്ഞസ്തദൊച്യതേ   (ശ്ലോകം 2:55)

(ശ്രീ ഭഗവാൻ പറഞ്ഞു, ഹേ പാർത്ഥ, മനുഷ്യൻ തന്നാൽതന്നെ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും (വാസനകളെയും) എപ്പോൾ ഉപേക്ഷിക്കുന്നുവോ, അപ്പോൾ അയാളെ സ്ഥിതപ്രജ്ഞൻ എന്നു പറയുന്നു)

ദുഃഖേഷ്വനദ്‌വിഗ്നമനാ: സുഖേഷു വിഗതസ്‌പൃഹഃ
വീതരാഗഭയക്രോധ: സ്ഥിതതീർമുനിരുച്യതേ     (ശ്ലോകം 2:56)

(ദുഖങ്ങളിൽ കുലുങ്ങാത്തവനും സുഖങ്ങളിൽ താത്‌പര്യമില്ലാത്തവനും, രാഗം, ഭയം, കോപം ഇവയില്ലാത്തവനുമായ മുനി സ്ഥിതപ്രജ്ഞൻ എന്നു പറയപ്പെടുന്നു)

കൃഷ്ണന്റെ രണ്ടു മറുപടി ശ്ലോകങ്ങളും വായിക്കുമ്പോൾ ആദ്യം തോന്നും, ഇദ്ദേഹം പറഞ്ഞ വലിയ കർമ്മയോഗസിദ്ധാന്തം കൊണ്ടുണ്ടാകുന്ന നേട്ടം ഇതാണോ? യാതൊരു ആഗ്രഹങ്ങളും വികാരവുമില്ലാത്ത കുറെ മനുഷ്യരെ സൃഷ്ടിച്ചെടുക്കുകയാണോ ലോകത്തിലെ വലിയ കാര്യം? നമ്മളിവിടെ  ജീവിക്കുന്നത് തന്നെ സുഖിക്കാനല്ലേ? പക്ഷേ വേറൊരു കൂട്ടർ കൃഷ്ണൻ പറഞ്ഞതിനെ അക്ഷരാർത്ഥത്തിലെടുത്തു കൊണ്ട് പൊടുന്നനെ വീടും നാടും ഉത്തരവാദിത്തങ്ങളും സർവ്വതും ഉപേക്ഷിച്ചു സന്യസിക്കാൻ പോയിട്ടുണ്ട്. പക്ഷേ സന്യാസിയായോ? ഇല്ല. ഈ ശ്ലോകങ്ങളുടെ അർത്ഥം മനസ്സിലാക്കാത്തതാണ് രണ്ടു കൂട്ടരുടെയും പ്രശ്നം. ഇങ്ങനെ പറയാൻ കാരണം എന്താണെന്നു നോക്കാം.

അർജ്ജുനന്റെ ചോദ്യത്തിൽ വരുന്ന മൂന്നു പദങ്ങളെ ശ്രദ്ധിക്കുക, സ്ഥിതപ്രജ്ഞൻ, സമാധിഷ്ട, സ്ഥിതഥി. ഈശ്വര സാക്ഷത്ക്കാരം നേടുന്ന കർമ്മയോഗിയുടെ ലക്ഷണങ്ങളാണ് ഇവ. സ്ഥിതപ്രജ്ഞൻ എന്നു പറഞ്ഞാൽ 'a person of steady wisdom'; സമാധിഷ്ട എന്നാൽ 'one whose mind is in absolute tranquility'; സ്ഥിതഥി എന്നാൽ 'one whose intellect is firmly established in reality'. 'ചിന്താവിഷ്ടയായ ശ്യാമള സിനിമ'യിലെ ഭാര്യേം മക്കളേം ബന്ധുക്കളേം കഷ്ടത്തിലാക്കി ഒരു ദിവസം രാവിലെ സന്യസിക്കാൻ പോയ നായകനു ചേർന്ന ലക്ഷണങ്ങളാണോ ഇവയൊക്കെ? അല്ല, അതുകൊണ്ടാണ് ആ സിനിമയിൽ തന്നെ ഒരു സന്യാസിവര്യൻ നായകനെ ഉപദേശിക്കുന്നത്, 'ജീവിത യാഥാർഥ്യങ്ങളിൽ നിന്നുമുള്ള ഒളിച്ചോട്ടമല്ല സന്യാസം'. ഭഗവത് ഗീത പറഞ്ഞത് ഇപ്പറഞ്ഞതിലും വളരെ മുകളിലാണ്, 'ജീവിതത്തിന്റെ സകല യാഥാർഥ്യങ്ങളെയും അഭിമുഖീകരിച്ചുകൊണ്ടു, സമൂഹമദ്ധ്യത്തിൽ തന്നെ നിന്നുകൊണ്ട്, തൻറെ ബാധ്യസ്ഥമായ കർമ്മം സമചിത്തതയോടും കുശലതയോടും കൂടി ആര് അനുഷ്ഠിക്കുന്നുവോ അവനാണ് യഥാർത്ഥ  മുനി'. പലരും സന്യസിക്കാൻ പോയിട്ട് ഒന്നുമാകാതിരുന്നതിന്റെ കാരണം അവർക്കാർക്കും തന്നെ മുനിക്ക്‌ ഗീത കൽപ്പിച്ച,  മൂന്നു ഗുണങ്ങളും ഇല്ലാതിരുന്നതിനാലാണ്.

ഈ വിഷയങ്ങൾ കൂടുതൽ ആഴത്തിൽ ചിന്തിക്കേണ്ടവയാണ്. ഇതേ ശ്ലോകങ്ങളെത്തന്നെ ഇനിയും വിശകലനം ചെയ്യേണ്ടതുണ്ട്. അടുത്ത കുറിപ്പിലാകട്ടെ'

---------------------------------------------------------------------------------------------------------------------------------       ഈ  ഗീതാ പഠന പരമ്പര ആദ്യം മുതൽ  വായിക്കാൻ കഴിയാതെ പോയവർക്കായി ആത്മീയവിഷയങ്ങളുടെയും ഭഗവത് ഗീതയുടെയും ഒരു ഹൃസ്വപശ്ചാത്തലം താഴെ കൊടുത്തിരിക്കുന്നു. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ പ്രസക്തി ശരിക്കും മനസ്സിലാക്കാൻ ഈ അറിവു സഹായകമാകും.
--------------------------------------------------------------------------------------------------------------------------

തങ്ങളുടെ നിലനിൽപ്പിനു പ്രകൃതി കനിഞ്ഞു നൽകുന്ന സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടും അതുപോലെ തന്നെ തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാത്ത പ്രകൃതിഭാവങ്ങളെക്കണ്ടു ഭയന്ന് അതിൽ നിന്നും രക്ഷ നേടാനുമായി പ്രാകൃത  മനുഷ്യർ ഈശ്വരസങ്കൽപ്പങ്ങളും അവയ്ക്കുള്ള ആരാധനാസമ്പ്രദായങ്ങളും സഹസ്രാബ്ദങ്ങൾക്കു മുൻപു തന്നെ സൃഷ്ടിച്ചു. ഇക്കാലത്തിന് ശേഷം ബോധപൂർവം ചിന്തിയ്ക്കുന്ന മനുഷ്യരുടെ കാലമായപ്പോൾ അവർ പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യ ജീവിതത്തെയും ജീവിതത്തിനു ശേഷമുള്ള ലോകത്തെയും മറ്റും മറ്റും പറ്റി ചിന്തിക്കാൻ തുടങ്ങി. ഈ പ്രപഞ്ചാവലോകനമാണ് വേദോപനിഷത്തുക്കളിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്ദ്രിയപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, അപരിഷ്കൃത ജീവിതം നയിക്കുന്ന മനുഷ്യരെ, ബോധപൂർവം ചിന്തിപ്പിച്ചു പരിഷ്കൃതചിത്തരായ സാമൂഹികമനുഷ്യരാക്കാനുദ്ദേശിച്ചുള്ള ചിന്തകളും പ്രയോഗരീതികളുമാണ് ഈ ജ്ഞാനസ്രോതസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. വേദത്തിന്റെ അന്ത്യഭാഗവും വേദസാരവുമായ വേദാന്തത്തിൽ (ഉപനിഷത്തുക്കളിൽ), പ്രപഞ്ചകർത്താവെന്ന ഈശ്വരസങ്കൽപ്പം (ഏകദൈവസങ്കൽപ്പം) പ്രബലമായി പ്രതിഷ്ഠിക്കപ്പെട്ടിiട്ടുണ്ട്. വേദകാലത്തിനു ശേഷവും ഭാരതീയ തത്വചിന്തകന്മാർ ഈ പ്രപഞ്ച വിഷയങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുകയും അവരവരുടേതായ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങിനെയുണ്ടായ നിരവധി തത്വചിന്താശാഖകളിൽ ചിലതാണ് ചാർവാക മഹർഷിയുടെ ലോകായത മതം, കപിലമുനിയുടെ സാംഖ്യയോഗം, പതഞ്ജലി മഹർഷിയുടെ യോഗം, ശ്രീബുദ്ധന്റെ ബുദ്ധമതം, മഹാവീരന്റെ ജൈനമതം തുടങ്ങിയവ. ഈ തത്വചിന്തകളിലേറെയും ജഗന്നിയന്താവായ ഈശ്വരൻ എന്ന വേദാന്തദർശനത്തോടു യോജിക്കുന്നില്ല എന്നു തന്നെയല്ല ഈശ്വരസങ്കൽപ്പത്തെ നിരാകരിക്കുന്നുമുണ്ട്. വേദത്തിന്റെ അധികാരികളായി സ്വയം അവരോധിച്ച അക്കാലത്തെ കുറെ മനുഷ്യർ (പിൽക്കാലത്തു വൈദികമതം എന്നറിയപ്പെട്ടു) വേദത്തിന്റെ ലോകക്ഷേമകരമായ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമല്ലാത്ത രീതിയിൽ വ്യാഖ്യാനങ്ങൾ നടത്തുകയും ചാതുർവർണ്യ വ്യവസ്ഥിതി സൃഷ്ടിച്ചു സമൂഹത്തെ വിഭജിക്കുകയും വേദവിധിപ്രകാരം മനുഷ്യർ എങ്ങിനെയാണ് സാമൂഹികജീവിതം നയിക്കേണ്ടതെന്നു നിർദ്ദേശിക്കുന്ന ധർമ്മശാസ്ത്രങ്ങൾ (ഉദാ: മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി) രചിച്ചു നടപ്പിൽ വരുത്തുകയും ചെയ്തു. ഈശ്വരന്റെ പേരിൽ  സമൂഹത്തിൽ നിരവധി അനാചാരങ്ങളും ജന്തുഹിംസയടക്കമുള്ള ദുരാചാരങ്ങളും ഇവർ നടപ്പിൽ വരുത്തുകയും അതെല്ലാം ജനങ്ങളിൽ  അടിച്ചേൽപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഹൈന്ദവമതം നാശോന്മുഖമാവുകയും അതിന്റെ സ്ഥാനത്തു ബുദ്ധമതവും ജൈനമതവും ഭാരതത്തിലുടനീളം വളർന്നു വികസിക്കുകയും ചെയ്തു. ഈ രണ്ട് അവൈദികമതങ്ങളും വേദങ്ങളിലെ യജ്ഞസംസ്കാരത്തെയും ഈശ്വരസങ്കൽപ്പത്തെയും നിരാകരിക്കുകയും സ്നേഹം, കരുണ  തുടങ്ങിയ മാനുഷിക വികാരങ്ങൾക്ക് ഊന്നൽകൊടുക്കുന്ന ചിന്തകൾക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്തു. ഈ രണ്ടുമതങ്ങളും സ്വാഭാവികമായും വൈദികമതത്തിന്റെ കണ്ണിലെ കരടായിത്തീർന്നു. വൈദികമതത്തിന്റെ ഈ ദോഷകാലത്ത്, സനാതനധർമ്മത്തെ ഉയർത്തിപ്പിടിച്ചു സമൂഹത്തിൽ അതിനു സ്ഥാനമുണ്ടാക്കാനുള്ള നല്ല ശ്രമങ്ങളുടെ ഭാഗമായുണ്ടായിട്ടുള്ള കൃതികളാണ് രാമായണവും മഹാഭാരതവും. മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവത് ഗീത. ഇതേ ലക്ഷ്യത്തിലേക്കായി തന്നെ പിൽക്കാലത്ത് പുരാണങ്ങളും രചിക്കപ്പെട്ടു. ഇതിഹാസങ്ങളും പുരാണങ്ങളും കൂടി സനാതനധർമ്മത്തെ സമൂഹത്തിൽ സുസ്ഥിരമായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ഉപനിഷദ് ദർശനങ്ങളാണ് ഭഗവത് ഗീതയുടെ വിഷയം എന്നു ഗീതയുടെ ധ്യാനശ്ലോകത്തിൽ പറയുന്നുണ്ട്. ഗീതയുടെ കാലഘട്ടത്തിനു മുൻപ് ഭാരതത്തിൽ ഉടലെടുത്തിട്ടുള്ള എല്ലാ തത്വദർശനശാഖകളുടെയും നല്ല വശങ്ങൾ, ഗീതയുടെ നിർമ്മിതിയിലേക്ക് ഗീതാകാരൻ ഉപയോഗിച്ചിട്ടുണ്ടെന്നു ഗീത ശ്രദ്ധാപൂർവം പഠിക്കുന്നവർക്കു മനസ്സിലാക്കാവുന്നതാണ്. അതായത് നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ജഗന്നിയന്താവായി പ്രതിഷ്ഠിച്ച  ഉപനിഷദ് ദർശനങ്ങളോടൊപ്പം തന്നെ, ഈശ്വരസങ്കല്പത്തെ നിരാകരിക്കുന്ന തത്വചിന്തകളുടെ നല്ല വശങ്ങൾ കൂടി വിളക്കിച്ചേർത്തു സൃഷ്ട്ടിച്ച ആത്മീയകൃതിയാണ് ഭഗവത് ഗീത. പ്രപഞ്ചകർത്താവായി ഈശ്വരനെ പ്രതിഷ്ഠിക്കുന്ന വേദാന്തചിന്തകളിലടക്കം മേൽപ്പറഞ്ഞ ഒരു ഭാരതീയ ദർശനശാഖയിലും നാം ഇന്നറിയുന്ന വിധത്തിലുള്ള, നമ്മിൽ നിന്നന്യനായ, നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരീശ്വരസങ്കൽപ്പം ഇല്ല. പുരാണകഥകളിൽ അങ്ങിനെയുള്ള ഈശ്വരസങ്കൽപ്പങ്ങളെ പ്രകീർത്തിക്കുന്ന നിരവധി കഥകൾ ഉണ്ടെങ്കിലും അവയൊക്കെ തന്നെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന ആത്മജ്ഞാനത്തിലേക്കു സാധാരണ മനുഷ്യരെ നയിക്കാൻ വേണ്ടിയുണ്ടാക്കിയ പദ്ധതികളുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ചിന്താശക്തിയുള്ള മനുഷ്യർ മെനഞ്ഞെടുത്ത കഥകളാണിതെല്ലാം എന്നർത്ഥം. ഇതിൽ തന്നെ പല കൃതികളുടെയും ഉദ്ദേശ്യം ചാതുർവർണ്യ വ്യവസ്ഥയെ സമൂഹത്തിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും പലരും  ഉന്നയിച്ചിട്ടുണ്ട്. നമുക്കു തൽക്കാലം ആ വിഷയത്തിലേക്കു പോകാതിരിക്കാം. പുരാണകഥകളിൽ രസിച്ചു, അവയിൽ അന്തർഭവിച്ചിരിക്കുന്ന ആത്മബോധപരമായ കാര്യങ്ങളെ മറന്നു ജീവിക്കുന്നവരാണ് കൂടുതൽ പേരും എന്നു മാത്രം ഇപ്പോൾ മനസ്സിലാക്കാം.

ക്രിസ്തുവർഷത്തിന്റെ തുടക്കകാലത്തിനടുത്താണ് ഗീത രചിക്കപ്പെട്ടതെന്നാണു  പാശ്ചാത്യരും പൗരസ്ത്യരുമായ ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഗീതയ്ക്ക് 5000ൽപ്പരം വർഷത്തെ പഴക്കമുണ്ടെന്ന അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇതെന്തുതന്നെയായാലും ദ്വാപരയുഗത്തിൽ ജീവിച്ചിരുന്നതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന വാസുദേവകൃഷ്ണനു ഗീതയുടെ കാലത്തു ജീവിച്ചിരിക്കാൻ കഴിയില്ലല്ലോ? അതായത്, ഗീത അവതരിപ്പിക്കുന്നത് ഭഗവാൻ കൃഷ്ണനല്ല, കൃഷ്ണനെന്ന കഥാപാത്രമാണ്. ഗീതയുടെ കാലത്തിനു മുൻപു തന്നെ ഭാരതത്തിലെ ജനങ്ങൾ ആരാധിച്ചിരുന്ന തേജസ്വിയായ കൃഷ്ണനിലൂടെ, ലോകസമ്മതിയിലേക്കായി ഗീതാകാരൻ, ഗീതാശ്ലോകങ്ങളെ  അവതരിപ്പിക്കുകയാണ്. നല്ലൊരു സംരംഭം തുടങ്ങാൻ പോകുമ്പോൾ നാം സ്ഥലത്തെ പ്രധാനിയും പൊതുസമ്മതനുമായ ആളെക്കൊണ്ട് അതു നിർവഹിപ്പിക്കുന്നതുപോലെ. ഭാരതീയ തത്വചിന്താധാരകളിൽ നിന്നും ഗീതാകാരൻ എഴുതിയുണ്ടാക്കിയ ഗീതാശ്ലോകങ്ങൾ ഭഗവാൻ കൃഷ്ണനെക്കൊണ്ട് അവതരിപ്പിക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു. അതായതു ഗീതയിൽ നാം കാണേണ്ടത് ദൈവമായ വാസുദേവകൃഷ്ണനെയോ ആ അവതാരപുരുഷന്റെ ദൈവീകശക്തികളെയോ അല്ല, മറിച്ചു ആർഷഭാരത ഋഷിമനസ്സുകളെയും അവർ പകർന്നുതരുന്ന ബൗദ്ധികമായ അറിവുകളെയുമാണ്. ഗീത പഠിക്കുമ്പോൾ ഭഗവാൻ എന്നോ കൃഷ്ണൻ എന്നോ ഉള്ള പ്രയോഗം കണ്ടാൽ  ജ്ഞാനിയായ ഒരു ഗുരു എന്നേ ചിന്തിയ്ക്കേണ്ടതുള്ളൂ. ആ ഗുരുവിനെ അന്ധമായി വിശ്വസിക്കേണ്ടതില്ല, ഗുരു പറയുന്നത് ബോധപൂർവം മനസ്സിലാക്കി കഴിയാവുന്നിടത്തോളം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക മാത്രമേ വേണ്ടൂ. നമ്മിൽ നിന്നന്യനായ ഒരു ദൈവം എന്ന ചിന്ത വേദാന്തദർശനത്തിലില്ല. നാമോരോരുത്തരിലും ദൈവീകത്വം ഉണ്ടെന്നും, പക്ഷെ അജ്ഞാനത്താൽ അതു മറഞ്ഞു നിൽക്കുകയാണെന്നും, അജ്ഞാനത്തെയകറ്റിയാൽ ഉള്ളിലെ ദിവ്യചൈതന്യം അനുഭവവേദ്യമാകുമെന്നുമാണ് ഹൈന്ദവതത്വ ശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്. ആത്മീയമായ അറിവു നേടുന്നതിനനുസരിച്ചു അജ്ഞാനമാകുന്ന മൂടുപടം നേർത്തു നേർത്തു വരും, കാഴ്ചപ്പാടുകൾ മാറിത്തുടങ്ങും. തന്നെ നിലനിർത്തുന്ന ഈശ്വരൻ തന്നെയാണ് മറ്റുള്ളവയേയും നിലനിർത്തുന്നതെന്ന ബോധം ഉള്ളിലുദിക്കും. ഇതോടെ ഭേദഭാവചിന്തകൾ നമ്മളിൽ നിന്നകന്നുതുടങ്ങും. ഭേദഭാവമകന്ന മനുഷ്യർ ജീവിക്കുന്ന സമൂഹം സ്വർഗ്ഗമല്ലാതെ മറ്റെന്താണ്? വേദാന്തസാരമായ ഭഗവത് ഗീത ലക്‌ഷ്യം വയ്ക്കുന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റേതുമായ ആ സുന്ദരലോകത്തെയാണ്. ഗീതയുടെ പഠനത്തിലൂടെ മനുഷ്യർ നേടുന്നത് ഈ  സമത്വബോധമാണ്, മറ്റൊന്നുമല്ല. ലോകാ സമസ്‌താ സുഖിനോ ഭവന്തു.

ഭഗവത് ഗീതയിൽ പ്രദിപാദിച്ചിരിക്കുന്ന ആത്മീയ വിഷയങ്ങളുടെ പൊതു പശ്ചാത്തലം മുകളിൽ എഴുതിയതിൽ നിന്നും മനസ്സിലാക്കാമെങ്കിലും ഗീതയുടെ രചനയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നു വിവേകാനന്ദ സ്വാമികളും പല ഗീതാഗവേഷകരും കരുതുന്ന ചില സാമൂഹ്യവിഷയങ്ങളെക്കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. വേദങ്ങളെ ആധാരമാക്കിക്കൊണ്ടു, ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കി, സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന വൈദികബ്രാഹ്മണരുടെ ഇടയിൽത്തന്നെ അന്നു രണ്ടു പക്ഷക്കാരുണ്ടായിരുന്നു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പറഞ്ഞിട്ടുള്ള യജ്ഞാദികർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള സാമൂഹികജീവിതമാണ് ശരിയെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ, കർമ്മങ്ങളെല്ലാം തന്നെ സ്വാർത്ഥത ജനിപ്പിക്കുന്നതാണെന്നും ആയതിനാൽ കർമ്മബന്ധങ്ങളുണ്ടാക്കി പുനർജന്മ്മത്തിനു കാരണമാകാവുന്ന കർമ്മമാർഗ്ഗം ഉപേക്ഷിച്ചു വനത്തിൽ പോയി സന്യാസജീവിതം നയിക്കുകയാണ് വേണ്ടതെന്നായി രണ്ടാമത്തെ കൂട്ടർ. കാമ്യകർമ്മങ്ങളിൽ മുഴുകി ജീവിച്ച കൂട്ടരായിരുന്നു സ്വാഭാവികമായും അന്നത്തെ സമൂഹത്തിലെ പ്രബലർ. വേദത്തെച്ചൊല്ലിയുണ്ടായ ഈ രണ്ടു വീക്ഷണങ്ങളും സമൂഹത്തിൽ വലിയ സംഘർഷവും അശാന്തിയും സൃഷ്ട്ടിച്ചു കൊണ്ടിരുന്ന കാലത്താണ് ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടു വീക്ഷണങ്ങളെയും ഉൾക്കൊണ്ടു കൊണ്ടു, സമന്വയത്തിന്റെ മാർഗ്ഗത്തിലാണ്‌ ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ കൂട്ടർ വാദിച്ച കാമ്യകർമ്മമാർഗ്ഗത്തിലെ കാമത്തെ (desire) മാറ്റി നിഷ്ക്കാമമായാണ് കർമ്മം ചെയ്യേണ്ടതെന്നും നിസ്വാർത്ഥമായി കർമ്മം ചെയ്യുന്നതിലൂടെ കർമ്മബന്ധനങ്ങളും പുനർജന്മവും ഉണ്ടാകില്ലെന്നും ഉപനിഷദ് ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ഗീത സമർത്ഥിച്ചപ്പോൾ അത് രണ്ടു കൂട്ടർക്കും സ്വീകാര്യമായി. സ്വാഭാവികമായും വേദങ്ങളുടെ കർമ്മകാണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാമ്യകർമ്മങ്ങളെയും ഗീത നിശിതമായി വിമർശിച്ചു. വേദങ്ങളെയല്ല, വേദങ്ങളെ മനുഷ്യർ ഉപയോഗിക്കുന്ന രീതിയെയാണ് ഗീത വിമർശിക്കുന്നത്. തികച്ചും മൗലികമായ കർമ്മയോഗസിദ്ധാന്തം ആഹ്വാനം ചെയ്യുമ്പോൾത്തന്നെ, ജാതിവ്യവസ്ഥയെ സമൂഹത്തിൽ നിലനിർത്തുന്നതിനു സഹായകരമാകുന്ന നിലപാടുകളാണ് പല ഗീതാശ്ലോകങ്ങളിലും നിഴലിക്കുന്നതെന്ന ഗൗരവപരമായ ആക്ഷേപവും പലരും ഉന്നയിച്ചിട്ടുണ്ട്. എല്ലാവരും പറയുന്ന എല്ലാം ശരിയാകണമെന്നില്ല. പഠിച്ചു പോകുന്ന വഴിയിൽ ഇപ്പറയുന്നതൊക്കെ ശരിയാണോ എന്നു നമുക്കും അന്വേഷിക്കാം.

ഹിന്ദുമതം എന്നൊരു മതമുണ്ടോ, അതോ ഹൈന്ദവസംസ്കാരം എന്നു പറയുന്നതാണോ ശരി തുടങ്ങിയ ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. ഒരു ആത്മീയപുരുഷനും അദ്ദേഹത്തിൻറെ വചനങ്ങൾ വിശ്വാസപൂർവം പിന്തുടരുന്ന ജനസമൂഹവും ചേർന്നതിനെയാണ് മതം എന്ന വാക്കുകൊണ്ട് സാധാരണ ലക്ഷ്യമാക്കുന്നത് (semitic religion). ഹൈന്ദവസംസ്കാരത്തിൽ ഒരു പ്രവാചകനോ, ദൈവപുരുഷനോ അല്ല ആത്മീയതയുടെ കേന്ദ്രം; അനേകം ഋഷിമാരുടെയും തത്വചിന്തകരുടെയും സംഭാവനകളിലാണ് ഈ സംസ്കാരം കെട്ടിപ്പടുത്തിരിക്കുന്നത്. അതിനാൽ ഹിന്ദുമതമെന്നല്ല, ഹൈന്ദവ സംസ്കാരം എന്നു പറയുന്നതാകും കൂടുതൽ ശരി. സെമിറ്റിക് മതങ്ങളിൽ ദൈവകൽപ്പനകൾ ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കേണ്ടതും പിന്തുടരേണ്ടതുമാണെങ്കിൽ ഹൈന്ദവസംസ്കാരത്തിൽ അങ്ങിനെയല്ല, ഉപദേശങ്ങൾ വിമർശനബുദ്ധിയോടെ പഠിച്ചു ശരിയെന്നു തോന്നുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഈശ്വരനിൽ വിശ്വസിക്കണം എന്നുപോലുമില്ല. വിശ്വാസത്തിലല്ല, ബൗദ്ധികമായ അന്വേഷണത്തിലാണ് ഹൈന്ദവധർമ്മം നിലകൊള്ളുന്നത്. 'സിന്ധു'നദിക്കു പടിഞ്ഞാറു നിന്നു വന്ന പേർഷ്യൻ/ഗ്രീക്കു വംശജർ അവരുടെ സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായ സംസ്കാരമുള്ളതും സിന്ധുനദിക്ക് കിഴക്കു വസിച്ചിരുന്നവരുമായ ഭാരതീയരെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച  പേര് പരിണമിച്ചുണ്ടായതാണ് 'ഹിന്ദു' എന്നു പറയപ്പെടുന്നു.Saturday, April 15, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 20)

കർമ്മയോഗത്തെക്കുറിച്ചുള്ള ശ്ലോകങ്ങളാണ് നമ്മൾ പഠിച്ചുകൊണ്ടിരുന്നത്. തുടർന്നു വരുന്ന ശ്ലോകങ്ങളുടെയും വിഷയം ഇതു തന്നെയാണ്.

കർമ്മജം ബുദ്ധിയുക്താ ഹി ഫലം ത്വക്താ മനീഷിണഃ
ജന്മബന്ധവിനിർമുക്താ: പദം ഗച്ഛന്ത്യനാമയം   (ശ്ലോകം: 2:51)

(സമബുദ്ധിയുള്ളവരായ വിവേകികൾ കർമ്മം കൊണ്ടുണ്ടാകുന്ന ഫലം ത്യജിച്ചിട്ടു ജന്മബന്ധത്തിൽ നിന്നു മുക്തരായി ദുഃഖരഹിതമായ പരമപദത്തെ പ്രാപിക്കുന്നു)

യദാ തേ മോഹകലിലം ബുദ്ധിർ വ്യതിതരിഷ്യതി
തദാ ഗന്താസി നിർവ്വേദം സ്രോതവ്യസ്യ ശ്രുതസ്യ ച  (ശ്ലോകം: 2:52)

(എപ്പോൾ നിന്റെ ബുദ്ധി മോഹരൂപമായ വൈഷമ്യത്തെ കടക്കുമോ അപ്പോൾ കേൾക്കേണ്ടതിലും കേട്ടതിലും ഉദാസീനഭാവം കൈവരും)

ശ്രുതി വിപ്രതിപന്നാ തേ യദാ സ്ഥാസ്യതി നിശ്ചലാ
സമാധവചലാ ബുദ്ധിസ്തദാ  യോഗമവാപ്സ്യസി    (ശ്ലോകം: 2:53)

(പലതരം ഉപദേശങ്ങൾ കേട്ടതു മൂലം പതറിപ്പോയ നിന്റെ ബുദ്ധി എപ്പോൾ ഇളക്കമറ്റു സമാധിയിൽ സ്ഥിരമായി നിൽക്കുമോ അപ്പോൾ നീ യോഗത്തെ പ്രാപിക്കും)

മനസ്സിന്റെ വിക്ഷേപങ്ങളെ നിയന്ത്രിച്ചു കൊണ്ടു ബുദ്ധിപൂർവ്വകമായി കർമ്മം ചെയ്യുന്ന കർമ്മയോഗികൾ സമചിത്തതയുള്ളവരും നിസ്വാർത്ഥരും കർമ്മത്തിൽ കുശലതയുള്ളവരുമായിരിക്കും എന്നതു നേരത്തെ നമ്മൾ മനസിലാക്കിയാണ്. കർമ്മയോഗികളുടെ, ഫലേച്ഛകൂടാതെയുള്ള കർമ്മം ജന്മബന്ധത്തിൽ നിന്നും മോചനമേകി, കളങ്കലേശമില്ലാത്ത സ്ഥാനത്തു ഒരുവനെ കൊണ്ടെത്തിക്കുമത്രേ. ഇപ്പറഞ്ഞതിനെ തിരിച്ചു പറഞ്ഞാൽ, ഫലേച്ഛയോടെ ചെയ്യുന്ന കർമ്മം ഒരുവനെ കളങ്കിതമാനസനാക്കും എന്നാകുന്നു. സ്വാർത്ഥചിന്തയോടു കൂടി ചെയ്യുന്ന കർമ്മങ്ങൾ കർമ്മബന്ധനങ്ങളുണ്ടാക്കി മനസ്സിൽ 'നരകം' സൃഷ്ടിക്കുമ്പോൾ, നിസ്വാർത്ഥമായി ചെയ്യുന്ന കർമ്മങ്ങൾ വാസനാമാലിന്യത്തെയകറ്റി ആത്മസംതൃപ്തിയുടെ സ്വർഗ്ഗത്തിൽ കർമ്മിയെക്കൊണ്ടെത്തിക്കുന്നു. ഒരുവന്റെ കർമ്മമാണ്‌ അയാളുടെ  സന്തോഷവും സന്താപവും നിർണ്ണയിക്കുന്നത്. ഈ വിഷയങ്ങളൊക്കെ  മുൻപു വളരെ വിശദമായി ചർച്ച ചെയ്തിട്ടുള്ളതാകയാൽ ഇവിടെ കൂടുതൽ വിശദീകരിക്കുന്നില്ല. ഗീതയും തത്വജ്ഞാനവുമൊക്കെ മറ്റിവച്ചു നോക്കിയാലും ഇപ്പറഞ്ഞതൊക്കെ ശരിയാണെന്നാർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ.

ശ്ലോകം 52 ലും 53 ലും പരാമർശിക്കുന്ന വിഷയങ്ങളും നമ്മൾ നേരത്തെ ചർച്ച ചെയ്തതു തന്നെ. പലതരം ഉപദേശങ്ങൾ കേട്ടതിനാൽ അർജ്ജുനന്റെ മനസ്സു മോഹപരവശമായി, ബുദ്ധി പതറിപ്പോയിരിക്കുന്നു എന്നാണു കൃഷ്ണൻ പറയുന്നത്. എന്താണീ ഉപദേശങ്ങൾ? ശ്ലോകം 42- 44ന്റെ ചർച്ചയിൽ ഇതു വിശദമാക്കിയിരുന്നു. ഇഹലോകത്തിലെ  സകല ഭൗതികസുഖങ്ങളും പരലോകത്തിലെ സ്വർഗ്ഗപ്രാപ്തിയടക്കമുള്ള സുഖാനുഭവങ്ങളും വാഗ്ദാനം ചെയ്യുന്ന വേദത്തിന്റെ അർത്ഥവാദങ്ങളെയാണ്‌ ഇവിടെ സൂചിപ്പിക്കുന്നത്. സ്വാർത്ഥമോഹങ്ങളെ ജ്വലിപ്പിക്കുന്ന ഈ വേദചിന്തകളുടെ ആകർഷണവലയത്തിൽപ്പെട്ടു, അർജ്ജുനന്റെ മനസ്സ് മോഹപരവശതയിലായി ബോധം പതറിപ്പോയിരിക്കുന്നത്രെ. ഇമ്മാതിരിയുള്ള മതചിന്തകൾ, സ്വധർമ്മം അനുഷ്ഠിക്കുന്നതിൽ നിന്നും അർജ്ജുനനെ പിന്തിരിപ്പിക്കാൻ പ്രേരിപ്പിക്കുന്നു എന്നു മുൻപും പലവട്ടം പറഞ്ഞതിവിടെ കൃഷ്ണൻ ആവർത്തിക്കുന്നെന്നേയുള്ളൂ. പക്ഷേ, കർമ്മയോഗത്തിന്റെ അടിസ്ഥാനത്തിൽ,  ഈ ദുസ്ഥിതിയിൽ നിന്നും അർജ്ജുനനെങ്ങിനെ രക്ഷപെടാൻ കഴിയും എന്നാണു ഭഗവാൻ ഇപ്പോൾ ഉപദേശിക്കുന്നത്. അർജ്ജുനാ, ബോധപൂർവ്വം ചിന്തിച്ചു, സ്വാർത്ഥലേശമെന്യേ കർമ്മം ചെയ്യാൻ കഴിഞ്ഞാൽ, നിന്നെ കർമ്മവിമുഖനാക്കത്തക്കവിധത്തിൽ മതചിന്തകൾ നിന്റെ മനസ്സിൽ സൃഷ്ടിച്ചിട്ടുള്ള ദോഷങ്ങളിൽ നിന്നും നിനക്കു മോചനം ലഭിക്കും. ഫലേച്ഛ കൂടാതെ കർമ്മം ചെയ്യുമ്പോൾ ഗുണദോഷങ്ങളെന്ന വിപരീതഭാവങ്ങൾ മനസ്സിൽ നിന്നും അകലുകയും അങ്ങിനെ സമത്വബോധത്തിൽ ഉറച്ച മനസ്സു സമാധിസ്ഥിതിയിലാകുകയും ചെയ്യും. ഈ സമാധിസ്ഥിതിയിൽ നീ യോഗത്തെ പ്രാപിക്കും. സമചിത്തതയും കർമ്മത്തിലുള്ള സാമർഥ്യവുമാണ് യോഗം എന്നു ശ്ലോകം 48ലും 50ലും പറഞ്ഞതിനെ ഭഗവാൻ ഒന്നുകൂടി ഊന്നിപ്പറയുക മാത്രമാണിവിടെ ചെയ്യുന്നത്.

ഇപ്പറഞ്ഞതിൽ നിന്നും സാധാരണക്കാരായ നമ്മൾ എന്താണു മനസ്സിലാക്കേണ്ടത്? മോഹനവാഗ്ദാനങ്ങൾ നൽകി മതം മനുഷ്യമനസ്സിനെ മയക്കും, മനുഷ്യരെ കൂടുതൽ കൂടുതൽ മടിയന്മാരും സ്വാർഥമോഹികളുമാക്കിത്തീർക്കും. ഈ വാഗ്ദാനങ്ങളിലൊക്കെ വിശ്വസിച്ചു സ്വകർമ്മം ചെയ്യാൻ പോലും മനുഷ്യർ മടികാണിക്കും. ഈശ്വരൻ എല്ലാം നേടിത്തരുമെന്നു മതം പറയുമ്പോൾ പിന്നെ മനുഷ്യർ കർമ്മം ചെയ്യേണ്ടതിന്റെ ആവശ്യമെന്താണ്? ഈ ചിന്ത അനാരോഗ്യകരമാണ്, സമൂഹത്തിനെ ദുഷിപ്പിക്കുന്നതാണ്. ഈശ്വരൻ ആരെയും ഭയപ്പെടുത്തുന്നില്ലെങ്കിലും, ബോധരഹിതരായ മനുഷ്യരെ ഈശ്വരന്റെ പേരിൽ ഭയപ്പെടുത്തി നിർത്തിയിരിക്കയാണ് മതവിശ്വാസങ്ങളിവിടെ. മനുഷ്യർ ബോധപൂർവം ചിന്തിച്ചു ഈ അബദ്ധചിന്തകളിൽ നിന്നു രക്ഷപ്പെടണം. അങ്ങിനെ സ്വബോധം വീണ്ടെടുത്ത ഊർജ്വസ്വലരായ ജനസമൂഹത്തിന്റെ പരസ്പരസ്നേഹത്തോടെയുള്ള കർമ്മാനുഷ്ട്ടാനം കൊണ്ടു മാത്രമേ ലോകത്തിനു നിലനിൽക്കാൻ കഴിയൂ. അർജ്ജുനനോട് മാത്രമല്ല കൃഷ്ണൻ ഇപ്പറയുന്നത്,  നമ്മളോരോരുത്തരോടും കൂടിയാണ്. സ്വാർത്ഥമോഹങ്ങളുടെ സാഫല്യത്തിനായി ഈശ്വരനെ ഉപയോഗിക്കാം എന്നു ചിന്തിക്കുന്നവർക്ക് ഭഗവാൻ നൽകുന്ന സ്‌നേഹപൂർണമായ ഒരുപദേശമായും ഇതിനെ വ്യാഖ്യാനിക്കാം.

------------------------------------------------------------------------------------------------------------------------------
ഈ  ഗീതാ പഠന പരമ്പര ആദ്യം മുതൽ  വായിക്കാൻ കഴിയാതെ പോയവർക്കായി ആത്മീയവിഷയങ്ങളുടെയും ഭഗവത് ഗീതയുടെയും ഒരു ഹൃസ്വപശ്ചാത്തലം താഴെ കൊടുത്തിരിക്കുന്നു. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ പ്രസക്തി ശരിക്കും മനസ്സിലാക്കാൻ ഈ അറിവു സഹായകമാകും.  
----------------------------------------------------------------------------------------------------------------------------=-

തങ്ങളുടെ നിലനിൽപ്പിനു പ്രകൃതി കനിഞ്ഞു നൽകുന്ന സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടും അതുപോലെ തന്നെ തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാത്ത പ്രകൃതിഭാവങ്ങളെക്കണ്ടു ഭയന്ന് അതിൽ നിന്നും രക്ഷ നേടാനുമായി പ്രാകൃത  മനുഷ്യർ ഈശ്വരസങ്കൽപ്പങ്ങളും അവയ്ക്കുള്ള ആരാധനാസമ്പ്രദായങ്ങളും സഹസ്രാബ്ദങ്ങൾക്കു മുൻപു തന്നെ സൃഷ്ടിച്ചു. ഇക്കാലത്തിന് ശേഷം ബോധപൂർവം ചിന്തിയ്ക്കുന്ന മനുഷ്യരുടെ കാലമായപ്പോൾ അവർ പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യ ജീവിതത്തെയും ജീവിതത്തിനു ശേഷമുള്ള ലോകത്തെയും മറ്റും മറ്റും പറ്റി ചിന്തിക്കാൻ തുടങ്ങി. ഈ പ്രപഞ്ചാവലോകനമാണ് വേദോപനിഷത്തുക്കളിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്ദ്രിയപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, അപരിഷ്കൃത ജീവിതം നയിക്കുന്ന മനുഷ്യരെ, ബോധപൂർവം ചിന്തിപ്പിച്ചു പരിഷ്കൃതചിത്തരായ സാമൂഹികമനുഷ്യരാക്കാനുദ്ദേശിച്ചുള്ള ചിന്തകളും പ്രയോഗരീതികളുമാണ് ഈ ജ്ഞാനസ്രോതസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. വേദത്തിന്റെ അന്ത്യഭാഗവും വേദസാരവുമായ വേദാന്തത്തിൽ (ഉപനിഷത്തുക്കളിൽ), പ്രപഞ്ചകർത്താവെന്ന ഈശ്വരസങ്കൽപ്പം (ഏകദൈവസങ്കൽപ്പം) പ്രബലമായി പ്രതിഷ്ഠിക്കപ്പെട്ടിiട്ടുണ്ട്. വേദകാലത്തിനു ശേഷവും ഭാരതീയ തത്വചിന്തകന്മാർ ഈ പ്രപഞ്ച വിഷയങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുകയും അവരവരുടേതായ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങിനെയുണ്ടായ നിരവധി തത്വചിന്താശാഖകളിൽ ചിലതാണ് ചാർവാക മഹർഷിയുടെ ലോകായത മതം, കപിലമുനിയുടെ സാംഖ്യയോഗം, പതഞ്ജലി മഹർഷിയുടെ യോഗം, ശ്രീബുദ്ധന്റെ ബുദ്ധമതം, മഹാവീരന്റെ ജൈനമതം തുടങ്ങിയവ. ഈ തത്വചിന്തകളിലേറെയും ജഗന്നിയന്താവായ ഈശ്വരൻ എന്ന വേദാന്തദർശനത്തോടു യോജിക്കുന്നില്ല എന്നു തന്നെയല്ല ഈശ്വരസങ്കൽപ്പത്തെ നിരാകരിക്കുന്നുമുണ്ട്. വേദത്തിന്റെ അധികാരികളായി സ്വയം അവരോധിച്ച അക്കാലത്തെ കുറെ മനുഷ്യർ (പിൽക്കാലത്തു വൈദികമതം എന്നറിയപ്പെട്ടു) വേദത്തിന്റെ ലോകക്ഷേമകരമായ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമല്ലാത്ത രീതിയിൽ വ്യാഖ്യാനങ്ങൾ നടത്തുകയും ചാതുർവർണ്യ വ്യവസ്ഥിതി സൃഷ്ടിച്ചു സമൂഹത്തെ വിഭജിക്കുകയും വേദവിധിപ്രകാരം മനുഷ്യർ എങ്ങിനെയാണ് സാമൂഹികജീവിതം നയിക്കേണ്ടതെന്നു നിർദ്ദേശിക്കുന്ന ധർമ്മശാസ്ത്രങ്ങൾ (ഉദാ: മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി) രചിച്ചു നടപ്പിൽ വരുത്തുകയും ചെയ്തു. ഈശ്വരന്റെ പേരിൽ  സമൂഹത്തിൽ നിരവധി അനാചാരങ്ങളും ജന്തുഹിംസയടക്കമുള്ള ദുരാചാരങ്ങളും ഇവർ നടപ്പിൽ വരുത്തുകയും അതെല്ലാം ജനങ്ങളിൽ  അടിച്ചേൽപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഹൈന്ദവമതം നാശോന്മുഖമാവുകയും അതിന്റെ സ്ഥാനത്തു ബുദ്ധമതവും ജൈനമതവും ഭാരതത്തിലുടനീളം വളർന്നു വികസിക്കുകയും ചെയ്തു. ഈ രണ്ട് അവൈദികമതങ്ങളും വേദങ്ങളിലെ യജ്ഞസംസ്കാരത്തെയും ഈശ്വരസങ്കൽപ്പത്തെയും നിരാകരിക്കുകയും സ്നേഹം, കരുണ  തുടങ്ങിയ മാനുഷിക വികാരങ്ങൾക്ക് ഊന്നൽകൊടുക്കുന്ന ചിന്തകൾക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്തു. ഈ രണ്ടുമതങ്ങളും സ്വാഭാവികമായും വൈദികമതത്തിന്റെ കണ്ണിലെ കരടായിത്തീർന്നു. വൈദികമതത്തിന്റെ ഈ ദോഷകാലത്ത്, സനാതനധർമ്മത്തെ ഉയർത്തിപ്പിടിച്ചു സമൂഹത്തിൽ അതിനു സ്ഥാനമുണ്ടാക്കാനുള്ള നല്ല ശ്രമങ്ങളുടെ ഭാഗമായുണ്ടായിട്ടുള്ള കൃതികളാണ് രാമായണവും മഹാഭാരതവും. മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവത് ഗീത. ഇതേ ലക്ഷ്യത്തിലേക്കായി തന്നെ പിൽക്കാലത്ത് പുരാണങ്ങളും രചിക്കപ്പെട്ടു. ഇതിഹാസങ്ങളും പുരാണങ്ങളും കൂടി സനാതനധർമ്മത്തെ സമൂഹത്തിൽ സുസ്ഥിരമായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ഉപനിഷദ് ദർശനങ്ങളാണ് ഭഗവത് ഗീതയുടെ വിഷയം എന്നു ഗീതയുടെ ധ്യാനശ്ലോകത്തിൽ പറയുന്നുണ്ട്. ഗീതയുടെ കാലഘട്ടത്തിനു മുൻപ് ഭാരതത്തിൽ ഉടലെടുത്തിട്ടുള്ള എല്ലാ തത്വദർശനശാഖകളുടെയും നല്ല വശങ്ങൾ, ഗീതയുടെ നിർമ്മിതിയിലേക്ക് ഗീതാകാരൻ ഉപയോഗിച്ചിട്ടുണ്ടെന്നു ഗീത ശ്രദ്ധാപൂർവം പഠിക്കുന്നവർക്കു മനസ്സിലാക്കാവുന്നതാണ്. അതായത് നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ജഗന്നിയന്താവായി പ്രതിഷ്ഠിച്ച  ഉപനിഷദ് ദർശനങ്ങളോടൊപ്പം തന്നെ, ഈശ്വരസങ്കല്പത്തെ നിരാകരിക്കുന്ന തത്വചിന്തകളുടെ നല്ല വശങ്ങൾ കൂടി വിളക്കിച്ചേർത്തു സൃഷ്ട്ടിച്ച ആത്മീയകൃതിയാണ് ഭഗവത് ഗീത. പ്രപഞ്ചകർത്താവായി ഈശ്വരനെ പ്രതിഷ്ഠിക്കുന്ന വേദാന്തചിന്തകളിലടക്കം മേൽപ്പറഞ്ഞ ഒരു ഭാരതീയ ദർശനശാഖയിലും നാം ഇന്നറിയുന്ന വിധത്തിലുള്ള, നമ്മിൽ നിന്നന്യനായ, നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരീശ്വരസങ്കൽപ്പം ഇല്ല. പുരാണകഥകളിൽ അങ്ങിനെയുള്ള ഈശ്വരസങ്കൽപ്പങ്ങളെ പ്രകീർത്തിക്കുന്ന നിരവധി കഥകൾ ഉണ്ടെങ്കിലും അവയൊക്കെ തന്നെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന ആത്മജ്ഞാനത്തിലേക്കു സാധാരണ മനുഷ്യരെ നയിക്കാൻ വേണ്ടിയുണ്ടാക്കിയ പദ്ധതികളുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ചിന്താശക്തിയുള്ള മനുഷ്യർ മെനഞ്ഞെടുത്ത കഥകളാണിതെല്ലാം എന്നർത്ഥം. ഇതിൽ തന്നെ പല കൃതികളുടെയും ഉദ്ദേശ്യം ചാതുർവർണ്യ വ്യവസ്ഥയെ സമൂഹത്തിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും പലരും  ഉന്നയിച്ചിട്ടുണ്ട്. നമുക്കു തൽക്കാലം ആ വിഷയത്തിലേക്കു പോകാതിരിക്കാം. പുരാണകഥകളിൽ രസിച്ചു, അവയിൽ അന്തർഭവിച്ചിരിക്കുന്ന ആത്മബോധപരമായ കാര്യങ്ങളെ മറന്നു ജീവിക്കുന്നവരാണ് കൂടുതൽ പേരും എന്നു മാത്രം ഇപ്പോൾ മനസ്സിലാക്കാം.

ക്രിസ്തുവർഷത്തിന്റെ തുടക്കകാലത്തിനടുത്താണ് ഗീത രചിക്കപ്പെട്ടതെന്നാണു  പാശ്ചാത്യരും പൗരസ്ത്യരുമായ ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഗീതയ്ക്ക് 5000ൽപ്പരം വർഷത്തെ പഴക്കമുണ്ടെന്ന അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇതെന്തുതന്നെയായാലും ദ്വാപരയുഗത്തിൽ ജീവിച്ചിരുന്നതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന വാസുദേവകൃഷ്ണനു ഗീതയുടെ കാലത്തു ജീവിച്ചിരിക്കാൻ കഴിയില്ലല്ലോ? അതായത്, ഗീത അവതരിപ്പിക്കുന്നത് ഭഗവാൻ കൃഷ്ണനല്ല, കൃഷ്ണനെന്ന കഥാപാത്രമാണ്. ഗീതയുടെ കാലത്തിനു മുൻപു തന്നെ ഭാരതത്തിലെ ജനങ്ങൾ ആരാധിച്ചിരുന്ന തേജസ്വിയായ കൃഷ്ണനിലൂടെ, ലോകസമ്മതിയിലേക്കായി ഗീതാകാരൻ, ഗീതാശ്ലോകങ്ങളെ  അവതരിപ്പിക്കുകയാണ്. നല്ലൊരു സംരംഭം തുടങ്ങാൻ പോകുമ്പോൾ നാം സ്ഥലത്തെ പ്രധാനിയും പൊതുസമ്മതനുമായ ആളെക്കൊണ്ട് അതു നിർവഹിപ്പിക്കുന്നതുപോലെ. ഭാരതീയ തത്വചിന്താധാരകളിൽ നിന്നും ഗീതാകാരൻ എഴുതിയുണ്ടാക്കിയ ഗീതാശ്ലോകങ്ങൾ ഭഗവാൻ കൃഷ്ണനെക്കൊണ്ട് അവതരിപ്പിക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു. അതായതു ഗീതയിൽ നാം കാണേണ്ടത് ദൈവമായ വാസുദേവകൃഷ്ണനെയോ ആ അവതാരപുരുഷന്റെ ദൈവീകശക്തികളെയോ അല്ല, മറിച്ചു ആർഷഭാരത ഋഷിമനസ്സുകളെയും അവർ പകർന്നുതരുന്ന ബൗദ്ധികമായ അറിവുകളെയുമാണ്. ഗീത പഠിക്കുമ്പോൾ ഭഗവാൻ എന്നോ കൃഷ്ണൻ എന്നോ ഉള്ള പ്രയോഗം കണ്ടാൽ  ജ്ഞാനിയായ ഒരു ഗുരു എന്നേ ചിന്തിയ്ക്കേണ്ടതുള്ളൂ. ആ ഗുരുവിനെ അന്ധമായി വിശ്വസിക്കേണ്ടതില്ല, ഗുരു പറയുന്നത് ബോധപൂർവം മനസ്സിലാക്കി കഴിയാവുന്നിടത്തോളം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക മാത്രമേ വേണ്ടൂ. നമ്മിൽ നിന്നന്യനായ ഒരു ദൈവം എന്ന ചിന്ത വേദാന്തദർശനത്തിലില്ല. നാമോരോരുത്തരിലും ദൈവീകത്വം ഉണ്ടെന്നും, പക്ഷെ അജ്ഞാനത്താൽ അതു മറഞ്ഞു നിൽക്കുകയാണെന്നും, അജ്ഞാനത്തെയകറ്റിയാൽ ഉള്ളിലെ ദിവ്യചൈതന്യം അനുഭവവേദ്യമാകുമെന്നുമാണ് ഹൈന്ദവതത്വ ശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്. ആത്മീയമായ അറിവു നേടുന്നതിനനുസരിച്ചു അജ്ഞാനമാകുന്ന മൂടുപടം നേർത്തു നേർത്തു വരും, കാഴ്ചപ്പാടുകൾ മാറിത്തുടങ്ങും. തന്നെ നിലനിർത്തുന്ന ഈശ്വരൻ തന്നെയാണ് മറ്റുള്ളവയേയും നിലനിർത്തുന്നതെന്ന ബോധം ഉള്ളിലുദിക്കും. ഇതോടെ ഭേദഭാവചിന്തകൾ നമ്മളിൽ നിന്നകന്നുതുടങ്ങും. ഭേദഭാവമകന്ന മനുഷ്യർ ജീവിക്കുന്ന സമൂഹം സ്വർഗ്ഗമല്ലാതെ മറ്റെന്താണ്? വേദാന്തസാരമായ ഭഗവത് ഗീത ലക്‌ഷ്യം വയ്ക്കുന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റേതുമായ ആ സുന്ദരലോകത്തെയാണ്. ഗീതയുടെ പഠനത്തിലൂടെ മനുഷ്യർ നേടുന്നത് ഈ  സമത്വബോധമാണ്, മറ്റൊന്നുമല്ല. ലോകാ സമസ്‌താ സുഖിനോ ഭവന്തു.

ഭഗവത് ഗീതയിൽ പ്രദിപാദിച്ചിരിക്കുന്ന ആത്മീയ വിഷയങ്ങളുടെ പൊതു പശ്ചാത്തലം മുകളിൽ എഴുതിയതിൽ നിന്നും മനസ്സിലാക്കാമെങ്കിലും ഗീതയുടെ രചനയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നു വിവേകാനന്ദ സ്വാമികളും പല ഗീതാഗവേഷകരും കരുതുന്ന ചില സാമൂഹ്യവിഷയങ്ങളെക്കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. വേദങ്ങളെ ആധാരമാക്കിക്കൊണ്ടു, ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കി, സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന വൈദികബ്രാഹ്മണരുടെ ഇടയിൽത്തന്നെ അന്നു രണ്ടു പക്ഷക്കാരുണ്ടായിരുന്നു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പറഞ്ഞിട്ടുള്ള യജ്ഞാദികർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള സാമൂഹികജീവിതമാണ് ശരിയെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ, കർമ്മങ്ങളെല്ലാം തന്നെ സ്വാർത്ഥത ജനിപ്പിക്കുന്നതാണെന്നും ആയതിനാൽ  കർമ്മബന്ധങ്ങളുണ്ടാക്കി പുനർജന്മ്മത്തിനു കാരണമാകാവുന്ന കർമ്മമാർഗ്ഗം ഉപേക്ഷിച്ചു വനത്തിൽ പോയി സന്യാസജീവിതം നയിക്കുകയാണ് വേണ്ടതെന്നായി രണ്ടാമത്തെ കൂട്ടർ. കാമ്യകർമ്മങ്ങളിൽ മുഴുകി ജീവിച്ച കൂട്ടരായിരുന്നു അന്നത്തെ സമൂഹത്തിലെ പ്രബലർ. വേദത്തെച്ചൊല്ലിയുണ്ടായ ഈ രണ്ടു വീക്ഷണങ്ങളും സമൂഹത്തിൽ വലിയ സംഘർഷവും അശാന്തിയും  സൃഷ്ട്ടിച്ചു കൊണ്ടിരുന്ന കാലത്താണ് ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടു വീക്ഷണങ്ങളെയും ഉൾക്കൊണ്ടു കൊണ്ടു സമൂഹത്തിൽ സമാധാനം പുനഃസ്ഥാപിക്കാൻ സഹായകമായ രീതിയിലാണ് ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ കൂട്ടർ വാദിച്ച കാമ്യകർമ്മമാർഗ്ഗത്തിലെ കാമത്തെ (desire) മാറ്റി നിഷ്ക്കാമമായാണ് കർമ്മം ചെയ്യേണ്ടതെന്നും നിസ്വാർത്ഥമായി കർമ്മം ചെയ്യുന്നതിലൂടെ കർമ്മബന്ധനങ്ങളും പുനർജന്മവും ഉണ്ടാകില്ലെന്നും ഉപനിഷദ് ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ഗീത സമർത്ഥിച്ചപ്പോൾ അത് രണ്ടു കൂട്ടർക്കും സ്വീകാര്യമായി. സ്വാഭാവികമായും വേദങ്ങളുടെ കർമ്മകാണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാമ്യകർമ്മങ്ങളെയും ഗീത നിശിതമായി വിമർശിച്ചു. വേദങ്ങളെയല്ല, വേദങ്ങളെ മനുഷ്യർ ഉപയോഗിക്കുന്ന രീതിയെയാണ് ഗീത വിമർശിക്കുന്നത്. തികച്ചും മൗലികമായ കർമ്മയോഗസിദ്ധാന്തം ആഹ്വാനം ചെയ്യുമ്പോൾത്തന്നെ, ജാതിവ്യവസ്ഥയെ സമൂഹത്തിൽ നിലനിർത്തുന്നതിനു  സഹായകരമാകുന്ന നിലപാടുകളാണ് പല ഗീതാശ്ലോകങ്ങളിലും നിഴലിക്കുന്നതെന്ന ഗൗരവപരമായ ആക്ഷേപവും പലരും ഉന്നയിച്ചിട്ടുണ്ട്.

എല്ലാവരും പറയുന്ന എല്ലാം ശരിയാകണമെന്നില്ല. പഠിച്ചു പോകുന്ന വഴിയിൽ ഇപ്പറയുന്നതൊക്കെ ശരിയാണോ എന്നു നമുക്കും അന്വേഷിക്കാം.

Saturday, April 1, 2017

സുദർശനം - ഭഗവത് ഗീതാ പഠനം (special edition)

പുതിയ സാമ്പത്തിക വർഷം തുടങ്ങിയിരിക്കയല്ലേ. 'സുദർശന'ത്തിന്റെ ഒരു സ്പെഷ്യൽ എഡിഷൻ ആയിക്കളയാം; ഒരു സ്റ്റോക്ക് എടുപ്പ്. ഗീതയ്ക്ക് വെളിയിലെ ചില കാര്യങ്ങൾ പറയാനും ഉണ്ട്. ഇതൊക്കെ എഴുതണമെന്നു കരുതിയതല്ല, പക്ഷെ സാഹചര്യം വന്നതു കൊണ്ട് എഴുതുന്നുവെന്നു മാത്രം. 

നാല് ആമുഖ ലേഖനങ്ങൾ ഉൾപ്പെടെ ഇന്നോളം മുപ്പത്തിയൊന്നു കുറിപ്പുകൾ ഞാൻ 'സുദർശന'ത്തിൽ പ്രസിദ്ധീകരിച്ചു. ചില സ്നേഹിതരുടെ സ്‌നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് ഈ പരമ്പര എഴുതാൻ തുടങ്ങിയതിതെന്നു മുൻപും ഞാൻ പറഞ്ഞിട്ടുള്ളതാണ്. ആത്മീയമായ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുത്തു നല്ല സംസ്കാരമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുന്നതിനേക്കാൾ വലുതായി മറ്റൊരു മഹനീയ കർമ്മവും മനുഷ്യനു ചെയ്യാനില്ലെന്ന വിവേകാനന്ദസ്വാമികളുടെ സന്ദേശവും എനിക്കീ കാര്യത്തിൽ പ്രചോദനമായി. ചെറിയ പ്രായം മുതൽ ആത്മീയ വിഷയങ്ങളിൽ താല്പര്യമുണ്ടായിരുന്ന എനിക്ക് ഇതൊക്കെ പഠിക്കാൻ ഒരവസരം കൂടിയാകുമല്ലോ എന്നും ചിന്തിച്ചു. വളരെ ഭാരിച്ചതും ഉത്തരവാദിത്തമുള്ളതുമായ കർമ്മമാണു ചെയ്യുന്നതെന്നു മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇതിലേക്ക് ഞാൻ ഇറങ്ങിത്തിരിച്ചത്. മനുഷ്യന് ആത്മജ്ഞാനം പകർന്നു നൽകേണ്ടുന്ന മഹത് കർമ്മമാകയാൽ എന്നാൽ ചെയ്യാൻ കഴിയുന്ന ഹോം വർക്കുകൾ എല്ലാം ചെയ്തിട്ടു മാത്രമേ ഞാൻ ഓരോ കുറിപ്പുകളും എഴുതാറുള്ളൂ. സ്വദേശീയരും വിദേശീയരുമായ ഗീതാവ്യാഖ്യാതാക്കളുടെ മുപ്പതിൽപ്പരം വ്യാഖ്യാനങ്ങളും ലേഖനങ്ങളും പഠിച്ചശേഷം അതിൽ യുക്തിപരവും ശാസ്ത്രബോധത്തിനു നിരക്കുന്നതുമായ അംശങ്ങളെ മനസ്സിൽ വച്ചുകൊണ്ട്, എന്റെ ശാസ്ത്രബോധത്തിന്റെയടിസ്ഥാനത്തിൽ അതിനെയൊക്കെ വിചിന്തനം ചെയ്താണ് ഞാനെഴുതിക്കൊണ്ടിരിക്കുന്നത്‌. മുൻപും പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ ആത്മവിഷയത്തിൽ ജിജ്ഞാസുക്കളും എന്നാൽ അതെന്താണെന്നറിയാൻ സാഹചര്യമുണ്ടായിട്ടില്ലാത്തതുമായ സാധാരണക്കാരെയാണ് ഞാൻ കൂടുതലായും ലക്‌ഷ്യം വയ്ക്കുന്നതെന്നതിനാൽ എനിക്കു കിട്ടുന്ന അറിവുകളെ അവരുടെ തലത്തിലേക്ക് എത്തിക്കുന്നതിലേക്കായി എന്റേതായ ഒരു എഴുത്തു ശൈലി ഉപയോഗിക്കുന്നുവെന്നു മാത്രം. കാലാകാലങ്ങളായി ആത്മവിഷയങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു പോലും പാപമാണെന്നു ചിന്തിക്കുന്ന, ആത്മീയമായ അടിമത്തം ജന്മസ്വത്തായി ഏറ്റുവാങ്ങാൻ നിർബന്ധിതരായ മനുഷ്യസമൂഹങ്ങളിലെ സാധാരണക്കാരോട് വേദാന്തത്തിന്റെ വലിയ ഭാഷയൊക്കെ സംസാരിച്ചാൽ അതവർക്ക് മനസ്സിലാക്കാൻ പ്രയാസമായിരിക്കും. അതുകൊണ്ട് ആർഷഭാരത ദർശനങ്ങളുടെ ഒരംശമെങ്കിലും അവരിൽ എത്തിക്കാൻ, നടൻ മോഹൻലാൽ ഏതോ സിനിമയിൽ പറഞ്ഞപോലെ 'മുൻപു പലരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൊക്കെ കൂടി ഞാൻ സഞ്ചരിച്ചെന്നു വരും'. യാഥാസ്ഥികരായ ഗീതാഭക്തർക്കു ഇതത്ര ഇഷ്ട്ടപ്പെടുന്ന സമീപനമല്ലായിരിക്കാം. അതെന്റെ പ്രശ്നമല്ല. നൂറോളം വായനക്കാരിൽ തുടങ്ങിയ 'സുദർശന' ത്തിന്റെ കഴിഞ്ഞ ലക്കത്തിനു 3200 ൽപ്പരം reads ഉണ്ടെന്നു കാണുമ്പോൾ എന്റെ സദുദ്ദേശത്തിനു ഫലമുണ്ടാകുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിങ്ങളുടെയെല്ലാം മാന്യമായ സഹകരണത്തിനു നന്ദി പറയാൻ കൂടി ഈ സന്ദർഭം വിനിയോഗിക്കട്ടെ.

ഒരു ശാസ്ത്രഗവേഷകനായ എന്റെ സ്വധർമ്മമെന്നത് കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചു ഗൗരവമായി പഠിച്ചു, അതിലെ നെല്ലും പതിരും തിരിച്ചു, സത്യത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുക എന്നതാണ്. ഭഗവത് ഗീതയുടെ കാര്യത്തിലും ഞാൻ ചെയ്യുന്നത് ഇതു തന്നെയാണ്. ഭഗവത് ഗീത വായിക്കുമ്പോൾ അതൊരു ഉത്തമ ശാസ്ത്രഗ്രന്ഥമായിട്ടാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. 'യോഗശാസ്ത്ര'മാണു ഗീതയെന്ന് ഗീതയിൽ തന്നെ ആവർത്തിച്ചു പറയുന്നുമുണ്ട് (ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ...). നിരീക്ഷണപരീക്ഷണങ്ങളിലൂടെ വ്യവച്ഛേദിച്ചറിയാൻ കഴിയുന്ന സത്യമാണ് ശാസ്ത്രം എന്നതിനാൽ ശാസ്ത്രം വിശ്വസിക്കാനുള്ളതല്ല, അറിഞ്ഞനുഭവിക്കാനുള്ളതാണെന്നു വരുന്നു. അറിയാനും അനുഭവിക്കാനും കഴിയാത്തതിനെ മാത്രമേ വിശ്വസിക്കേണ്ടതായിട്ടുള്ളൂ. ഇങ്ങിനെ ചിന്തിക്കുന്നതിനാൽ, എന്റെ ഗീതാവിശകലനങ്ങൾ ചിലപ്പോൾ നിങ്ങൾ സാധാരണ പരിചയപ്പെട്ടിട്ടുള്ള വിശകലനങ്ങളിൽ നിന്നും വ്യത്യസ്തമായി തോന്നാം. പക്ഷെ, വിഷയജ്ഞാനം കൂടുന്നതിനനുസരിച്ചു ഞാൻ എഴുതിയതും മറ്റുള്ളവർ എഴുതിയതും എല്ലാം ഒന്നു തന്നെയാണെന്നു നിങ്ങൾക്കു മനസ്സിലാകും. എന്റെ കുറിപ്പുകൾ അന്യൂനമാണെന്നോ പൂർണ്ണമാണെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഇവിടെ എഴുതുന്നതു മാത്രമാണ് ശരിയെന്നോ ഇതിൽക്കൂടുതലൊന്നും മനസ്സിലാക്കാനില്ലെന്നോ ദയവായി ആരും ചിന്തിക്കരുത്. ഇതൊരു കടലാണ്. അതിലെ ഒരു കൈക്കുമ്പിൾ ജലമെടുക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നതെന്നു ആമുഖത്തിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. കൂടുതൽ പഠിക്കാൻ ആഗ്രഹമുള്ളവർക്കു അതിനായി എത്ര സാഹചര്യങ്ങൾ വേണമെങ്കിലും നമുക്കു ചുറ്റുമുണ്ട്. അവയൊക്കെ പ്രയോജനപ്പെടുത്താം.

ഏതാണ്ടെല്ലാ ഗീതാഗ്രന്ഥങ്ങളും ഗീതാശ്ലോകങ്ങളുടെ അർഥം പറഞ്ഞു വ്യാഖ്യാനിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഗീതയെ ഒരു ഭക്തിഗ്രന്ഥമെന്ന നിലയിൽ വ്യാഖ്യാനിക്കാനാണ് ഇതിൽ തന്നെ മിക്കവരും ശ്രമിച്ചിട്ടുള്ളത്. നമ്മുടെ 'ഭക്തി'വിഷയങ്ങൾ ഏതാണ്ടെല്ലാം തന്നെ 'വിശ്വാസ'ത്തിൽ അധിഷ്ഠിതമാകയാൽ ഭഗവത് ഗീതയേയും ഒരു വിശ്വാസാധിഷ്ഠിതമായ ആത്മീയഗ്രന്ഥമായി കരുതാനാണ് ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾ പ്രേരിപ്പിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഗീതപഠനത്തിൽ വിശ്വാസത്തിനു സ്ഥാനമില്ലെന്നു മുകളിൽ പറഞ്ഞല്ലോ? പല ഗീതാവ്യാഖ്യാനഗ്രന്ഥങ്ങളിലെയും ഭാഷയുടെയും വ്യാഖ്യാനങ്ങളുടെയും ക്ലിഷ്ടത കാരണം ആത്മവിഷയത്തിൽ  താൽപ്പര്യമുള്ള സാധാരണക്കാർക്ക് ഗീതയിലെ ആശയങ്ങൾ മനസ്സിലാക്കുവാൻ പ്രയാസവുമാണ്. ഈ ഒരു പശ്ചാത്തലം മനസ്സിൽ വച്ചുകൊണ്ടാണ് ഞാൻ 'സുദർശന'ത്തിന്റെ കുറിപ്പുകൾ തയ്യാറാക്കാറുള്ളത്. ഗീത പഠിക്കാൻ താൽപ്പര്യമുള്ള ഏതൊരാൾക്കും അതിൽപ്പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാൻ കഴിയണം. അതിനു ഗീതാശ്ലോകങ്ങളുടെ അർഥം പറഞ്ഞു വ്യാഖ്യാനിച്ചു പോയാൽ മാത്രം പോരാ, മറ്റു പല ഘടകങ്ങളും അതിൽ യോജിപ്പിക്കേണ്ടതുണ്ട്. ആത്മവിഷയം ചർച്ചചെയ്യാനുപയോഗിക്കുന്ന ഭാഷക്ക് അതിന്റേതായ ഒരു നിലവാരം വേണമെങ്കിലും അതെത്രമാത്രം ലളിതമാക്കാൻ കഴിയുമോ അത്രമാത്രം ലളിതമാക്കേണ്ടതുണ്ട്. ഗഹനമായ തത്വവിഷയങ്ങളെ സാധാരണക്കാർക്കു മനസ്സിലാകുന്ന തരത്തിലുള്ള ഉദാഹരണങ്ങളിലും സന്ദർഭങ്ങളിലും കൂടി വിശദീകരിക്കേണ്ടതുണ്ട്. ഗീത രചിക്കപ്പെടുവാനുണ്ടായ സാമൂഹിക സാഹചര്യങ്ങളെ  അവതരിപ്പിക്കേണ്ടതുണ്ട്. ആത്മീയ സന്ദേശങ്ങളോടൊപ്പം തന്നെ ഗീതയിൽ പരാമർശിക്കുന്ന സാമൂഹികവിഷയങ്ങളെയും സത്യസന്ധമായി എടുത്തുപറയേണ്ടതുണ്ട്. ഭഗവത് ഗീതയുടെ സന്ദേശങ്ങൾ ലൗകിക ജീവിതത്തിൽ എങ്ങിനെയാണ് പ്രായോഗികമായി പ്രയോജനപ്പെടുത്താൻ കഴിയുക എന്നു പറയേണ്ടതുണ്ട്.  ഗീതാപഠനത്തിലൂടെ  ഗീതാകാരന്റെ മനസ്സിലേക്കും അത് രചിക്കപ്പെട്ട കാലഘട്ടത്തിലേക്കും സവിശേഷമായ ആർഷഭാരത തത്വചിന്തകളിലേക്കും മറ്റു ബന്ധപ്പെട്ട വിഷയങ്ങളിലേക്കും ഒരെത്തിനോട്ടമെങ്കിലും സാധ്യമാകണം. അതുകൊണ്ടു തന്നെ, പരമ്പരാഗത രീതിയിൽ ഭക്തിഗ്രന്ഥമായിക്കരുതി ഗീതാശ്ലോകങ്ങൾ വ്യാഖ്യാനിച്ചു മാത്രം പോകുന്ന ഒരു പഠനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നതെന്നു പറയട്ടെ. ഇവിടെ കുറിക്കപ്പെടുന്ന കുറിപ്പുകളുടെ പ്രത്യേകത തന്നെ ഇതാണെന്നു പറയാം.

മുകളിൽ നൽകിയിട്ടുള്ള പശ്ചാത്തലം മനസ്സിൽ വച്ച് കൊണ്ട് താഴെ എഴുതിയിട്ടുള്ളതു വായിക്കുവാൻ അഭ്യർത്ഥിക്കുന്നു.

"സാധാരണക്കാരിൽ  സാധാരണക്കാരായ മനുഷ്യർക്കും തങ്ങളുടേതായ കർമ്മങ്ങൾ ആത്മാർത്ഥതയോടെ ചെയ്തുകൊണ്ട് ഈശ്വരനെ പ്രാപിക്കാം" എന്നു കഴിഞ്ഞ പോസ്റ്റിൽ (ഗീത) ഞാനെഴുതിയതുണ്ടാക്കിയ പ്രതികരണങ്ങൾ നിങ്ങളൊക്കെ കണ്ടുകാണുമെന്നു വിശ്വസിക്കുന്നു (കണ്ടിട്ടില്ലെങ്കിൽ എന്റെ fb പേജിലെ ഇതിനുമുമ്പുള്ള പോസ്റ്റിന്റെ കമന്റുകൾ വായിക്കുക). ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞതു വളരെ ലളിതമാക്കി ഞാൻ എഴുതിയെന്നേയുള്ളൂ. പക്ഷെ അതുണ്ടാക്കിയ അസഹിഷ്ണുതയും വെറുപ്പും കമന്റുകളിൽ വളരെ പ്രകടമാണ്. ഞാനേതോ അബദ്ധസിദ്ധാന്തമുണ്ടാക്കി എഴുന്നള്ളിച്ചു എന്ന വിധത്തിലാണ് പ്രതികരണം. ഈശ്വരസാക്ഷാത്ക്കാരം സമൂഹത്തിലെ നിസ്സാരന്മാർക്കും എളുപ്പത്തിൽ ലഭിക്കാവുന്നതാണെന്നു പറഞ്ഞതാകണമല്ലോ ഈ കലിക്കു കാരണം? പക്ഷെ, ഇതിൽ ഞാനെന്തു ചെയ്യാനാണ്? ഭഗവത് ഗീതയാണിതു പറഞ്ഞിരിക്കുന്നത്. ഒന്നുകിൽ ഇത്തരക്കാരെ സന്തോഷിപ്പിക്കാൻ ഭഗവത് ഗീത പറയുന്ന സത്യങ്ങൾ മറച്ചു പിടിച്ചു കൊണ്ട് എങ്ങും തൊടാതെ സംസാരിക്കണം. അതായിരിക്കാം പലരും ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ, ആ മഹനീയ ഗ്രന്ഥത്തോടു നീതി പുലർത്തി, അതിൽപ്പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളെയും ലോകസമക്ഷം അവതരിപ്പിക്കണം. ഇതിൽ രണ്ടാമത്തെ വഴിയാണ് ശരിയായിട്ടെനിയ്ക്കു തോന്നിയിട്ടുള്ളത്. 'ആത്മവിഷയം പോലെയുള്ള വലിയ കാര്യങ്ങൾ പറയാൻ ഞങ്ങളിവിടെയുള്ളപ്പോൾ ഇതൊക്കെ എഴുതി ജനങ്ങളെ ബോധവൽക്കരിക്കാൻ താനാരാ?" എന്നാണു ധാർഷ്ട്യത്തോടെയുള്ള ചോദ്യം. പ്രഗത്ഭരായ പല പണ്ഡിതന്മാരുടെയും ഗീതാവ്യാഖ്യാനങ്ങൾ പഠിച്ചു ഗ്രഹിച്ച ആത്മീയപണ്ഡിതനാണു താനെന്നാണ് ചോദിക്കുന്നയാൾ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ആത്മീയപണ്ഡിതന്റെ ഭാഷയും ലക്ഷണങ്ങളും സംസ്കാരവുമാണോ കമന്റുകളിൽ നിഴലിക്കുന്നത്? ഈ ചോദ്യം ഞാൻ വായനക്കാർക്കു വിടുന്നു. അന്തസ്സായ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ഫേസ്ബുക് പേജ് ഈ മനുഷ്യർ എത്ര മലീമസമാക്കിയിരിക്കുന്നു! ധാർഷ്ട്യത്തോടെ ഈ ആത്മീയപരമ്പരയുടെ വായനക്കാരെ അന്ധരെന്ന് അടച്ചാക്ഷേപിച്ചിരിക്കുന്നു! ധിക്കാരപൂർവം ഇനിയും ആക്ഷേപിക്കുമെന്നു ഭീഷണി മുഴക്കുന്നു! ഇതിനേക്കാൾ വലിയൊരു പണ്ഡിതനെ കുറെ വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ടുമുട്ടിയ രസകരമായ സംഭവം ഈ ബ്ലോഗിൽ എഴുതിയിട്ടുണ്ട് (ഒരു കമ്പിയുടെ മനഃശ്ശാ സ്ത്രം:  http://dhanyaasi.blogspot.in/2014/06/blog-post.html). അവിടെ ഞാൻ എഴുതിയിട്ടുള്ള രണ്ടു വരികൾ പ്രത്യേകം ശ്രദ്ധിക്കുക,

"കാടത്തത്തോടെതിർത്തു നിന്നവനേ   
ഗീതാർത്ഥസാരം ഗ്രഹിക്കുവാനാകൂ".

വിവേകാനന്ദ സ്വാമികളെക്കൊണ്ട് കേരളത്തെ 'ഭ്രാന്താലയം' എന്ന് വിളിപ്പിച്ച ഈ കാടത്തത്തോടാണ് വി.ടി.ഭട്ടതിരിപ്പാടും ചട്ടമ്പി സ്വാമികളും രൂക്ഷമായ ഭാഷയിലും ശ്രീ നാരായണ ഗുരുദേവൻ സൗമ്യഭാഷയിലും പ്രതികരിച്ചത്. ഗീതയുടെ ഊർജ്ജം മനസ്സിലാവാഹിച്ചു കൊണ്ട് കാടത്തത്തോടു പ്രതികരിച്ച ഗുരുവായിരുന്നു മഹാത്മാഗാന്ധി. നിങ്ങളും ഞാനും സ്വതന്ത്രരായി ഇന്നീ നാട്ടിൽ ജീവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം ഈ  മാഹാത്മാക്കളും അയ്യങ്കാളിയടക്കമുള്ള സാമൂഹിക പരിഷ്ക്കർത്താക്കളും ഈ കാടത്തത്തെ അവരുടെ സകല ശക്തിയുമെടുത്ത് പ്രതിരോധിച്ചതു കൊണ്ടാണെന്നു മനസ്സിലാക്കണം. അതിനവർ ആയുധമാക്കിയത് അറിവാണ്, ബോധമാണ്. ബോധം കൊണ്ട് കാടത്തത്തെ എതിർക്കണമെന്നു തന്നെയാണ് ഭഗവത് ഗീതയും അർത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു വച്ചിട്ടുള്ളത്; നിലനിൽപ്പിനെ ഭയന്നാകാം, ഗീതാപ്രഭാഷണങ്ങളിലും വ്യാഖ്യാനങ്ങളിലുമൊന്നും ഇതത്ര പ്രാധാന്യമുള്ള വിഷയമായി ആരും അവതരിപ്പിക്കാറില്ലെങ്കിലും. 

പണ്ടത്തെപ്പോലെയുള്ള  കാടത്തമല്ല ഇന്നത്തേതെങ്കിലും, ബോധരാഹിത്യവും അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളും നമുക്കു ചുറ്റും അനുദിനം പെരുകി വരികയാണെന്നു സാമൂഹിക മനസ്സാക്ഷിയുള്ളവരെങ്കിലും മനസ്സിലാക്കേണ്ടതാണ്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമാണ് നമുക്ക് മുൻപേ നടന്നിട്ടുള്ളവർ കാണിച്ചു തന്നിട്ടുള്ളത്. പക്ഷേ, ആത്മീയമായ അറിവു നേടാൻ അൽപ്പം പോലും മിനക്കെടാൻ തയ്യാറാകാതെ, എളുപ്പവഴിയിൽ ഈശ്വരാനുഗ്രം തരപ്പെടുത്താൻ പരക്കം പാഞ്ഞു നടക്കുന്ന നമ്മൾ അറിയാതെയാണെങ്കിലും കാടത്തത്തിനു തിരിച്ചുവരാൻ വീണ്ടും വേദിയൊരുക്കിക്കൊടുക്കുകയാണെന്ന് ഓർക്കേണ്ടതുണ്ട്.

സദുദ്ദേശപരമായ ഈ ഗീതാപഠനത്തെ എല്ലാ ജാതിമതവിഭാഗങ്ങളിലുമുള്ള നല്ല മനുഷ്യരും സ്വാഗതം ചെയ്യുന്നതായിട്ടാണ് എനിക്കു കിട്ടാറുള്ള കമന്റുകളിലും അനുദിനം വർദ്ധിച്ചു വരുന്ന friend request കളിൽ നിന്നും മനസ്സിലാകുന്നത്. പക്ഷേ, ചില ദുഷ്ടബുദ്ധികൾ എവിടെയും കാണും. അവർ ഇതുപോലെയുള്ള സംരംഭങ്ങളെ അലങ്കോലപ്പെടുത്താൻ ശ്രമിക്കും. അതവരുടെ സ്വഭാവമാണ്. അവർ പലതും പറഞ്ഞു നിങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും. ആ കുരുക്കുകളിൽ ചെന്നു ചാടി ആത്മീയമായ അറിവു ലഭിക്കാനുള്ള സാഹചര്യം നഷ്ടമാക്കരുത്. സമൂഹത്തിനു ദോഷം ചെയ്യുന്ന ഇങ്ങനെയുള്ള പ്രതിലോമ ശക്തികളെ മാന്യമായ വഴികളിലൂടെ പ്രതിരോധിക്കുക തന്നെ വേണമെന്നാണ് മഹാത്മാക്കൾ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം ആത്മീയവാദിയുടേതല്ല, ലോകക്ഷേമം കാംക്ഷിക്കുന്ന ഊർജ്ജസ്വലനായ കർമ്മയോഗിയുടെ കൈപ്പുസ്തകവും പാരമ്പര്യവുമാണ് ശ്രീമദ് ഭഗവത് ഗീത. ഇതിലെ ഭഗവാന്റെ കയ്യിലിരിക്കുന്നതു മധുരസംഗീതം മുഴക്കുന്ന ഓടക്കുഴലല്ല, അനീതിക്കും അധർമ്മത്തിനുമെതിരെ ചുഴറ്റുന്ന ചമ്മട്ടിയാണ്. അറിവിന്റെ ഈ ചമ്മട്ടിയെ ആഭരണമാക്കുന്നവനാണ് യഥാർത്ഥ ഗീതാഭക്തൻ.