Friday, October 26, 2018

രാമായണമാസക്കുറിപ്പുകൾ - രണ്ടാം ഭാഗം (2018)

July 16, 2018

രാമായണ മാസക്കുറിപ്പ്-1

ഇന്നു കർക്കിടക മാസം ഒന്നാം തീയതി, രാമായണ മാസാരംഭം. രാമായണം എന്ന വാക്കിന് രാമനിലേക്കുള്ള അയനം (യാത്ര) എന്ന അർത്ഥമെടുക്കാം. അതായത് കുറവുകളുള്ള മനുഷ്യന്റെ കുറവുകളില്ലാത്ത രാമനിലേക്കുള്ള യാത്ര. അപൂർണ്ണനായ മനുഷ്യന്റെ ദേവനിലേക്കുള്ള യാത്ര. ദേവനെ കാണാനുള്ള യാത്രയല്ല, യാത്രയുടെ അന്ത്യത്തിൽ സ്വയം ദേവനായി തീരുന്നതാണ് ഈ യാത്ര. മനുഷ്യനും ഈശ്വരനും ഒന്നു തന്നെയാണെന്നും എന്നാൽ അജ്ഞാനാവരണത്താൽ മൂടപ്പെട്ടു നിൽക്കയാൽ മനുഷ്യന തു ബോദ്ധ്യമാകാതിരിക്കയാണെന്നും അജ്ഞാനത്തെ അകറ്റിയാൽ തന്റെ ഉള്ളിൽ തന്നെയുള്ള ഈശ്വരനെ ദർശിച്ച് സ്വയം ഈശ്വരനാകാം എന്നും ഉദ്ഘോഷിക്കുന്ന സനാതന ധർമ്മചിന്ത തന്നെയാണിത്. പക്ഷേ അജ്ഞാനത്തെയകറ്റി ദേവനാകാനുള്ള ഈ യാത്ര വ്യക്തി സ്വയം ചെയ്യേണ്ടതാണു്, മറ്റാർക്കും ചെയ്യാൻ കഴിയുന്നതല്ല. രാമകഥയുടെ ശരിയായ പഠനമനനത്തിലൂടെ സാദ്ധ്യമാകുന്നത് ഇതാണ്, രാമന്റെ അനുഗ്രഹമല്ല. രാമൻ അനുഗ്രഹിക്കും എന്നു ചിന്തിച്ചല്ല, ഞാനും രാമനെപ്പോലെ മര്യാദാ പുരുഷോത്തമൻ ആകണം എന്നു ചിന്തിച്ചായിരിക്കണം രാമായണം വായിക്കേണ്ടത്. ഇങ്ങനെ ചിന്തിച്ചാൽ മാത്രമേ രാമായണത്തെ സനാതന ധർമ്മവുമായി ബന്ധിപ്പിക്കാൻ കഴിയൂ.

ഒരു ഗ്രന്ഥവും വെറുതെ വായിച്ചു പോകാനുള്ളതല്ല, പ്രത്യേകിച്ചും ഹൈന്ദവ ധർമ്മ ഗ്രന്ഥങ്ങൾ. സ്വന്തം തെറ്റുകളെ തിരുത്തിയും നിയന്ത്രിച്ചും എങ്ങിനെ നല്ല സാമൂഹിക മനുഷ്യരായി ജീവിച്ചു ലോകത്തിന് നന്മ പ്രദാനം ചെയ്യാം എന്ന സനാതന ധർമ്മ ആശയങ്ങളാണ് രാമായണം അടക്കമുള്ള ഈ ഗ്രന്ഥങ്ങളിൽ നിറഞ്ഞിരിക്കുന്നത്. രാമായണ പഠനത്തിലൂടെ നമ്മളെല്ലാവരും നല്ല മനുഷ്യരായിത്തീരട്ടെ. എല്ലാവർക്കും എന്റെ രാമായണ മാസാശംസകൾ.

July 20

രാമായണമാസക്കുറിപ്പ് - 6

ഈ പരമ്പരയുടെ നാലാം ഭാഗത്തിൽ ഒരു കഥയും അഞ്ചാം ഭാഗത്തിൽ ഒരു കാര്യവുമായിരുന്നു ഞാൻ പറഞ്ഞത്. കഥക്ക് കിട്ടിയ ലൈക്ക് 40, കാര്യത്തിന് കിട്ടിയത്15! കഥയിലൂടെ ഞാൻ പറഞ്ഞു വച്ച കാര്യത്തിനും - അറിവില്ലാത്തവനെ ആർക്കും കുരങ്ങു കളിപ്പിക്കാം - വലിയ ശ്രദ്ധ കിട്ടിയതായി തോന്നിയില്ല.

ഇതു തന്നെയാണ് നമ്മുടെ അദ്ധ്യാത്‌മിക വിഷയങ്ങളുടെയും സ്ഥിതി. പുരാണ കഥകളിൽ നാം അതീവ തത്പരരാണ്. അതിന്റെ ഉള്ളിൽ കിടക്കുന്ന കാര്യമാത്രപ്രസക്തമായ സന്ദേശത്തെ നാം കാണുന്നുമില്ല. 'മാനവനെ മാധവനാ'ക്കാനുള്ള ആത്മവിദ്യ അടക്കം ചെയ്തു വച്ചിരിക്കുന്നത് ആ സന്ദേശങ്ങളിലാണ്. 'വേദാദിഷു നിഗൂഢാർത്ഥ, പുരാണേഷു പ്രകീർത്തിതാ' എന്നതാണ് പ്രമാണം. വേദോപനിഷത്തുക്കളിലെ ഗൂഢമായ അർത്ഥത്തെ (ബ്രഹ്മവിദ്യ) കഥകളിലൂടെ പറഞ്ഞു വച്ചിരിക്കുന്നു എന്നർത്ഥം. ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന സാധാരണ മനുഷ്യരോട് ഉപനിഷദ് ചിന്തകൾ പറഞ്ഞു മനസ്സിലാക്കാൻ പ്രയാസമാണെന്നും ആയതിനാൽ ആർക്കും മനസ്സിലാകുന്ന പുരാണകഥകളിലൂടെ അതു മനസ്സിലാക്കിക്കാൻ ശ്രമിച്ചിരിക്കുന്നു എന്നും സാരം. ഒന്നുകൂടി ലളിതമായിപ്പറഞ്ഞാൽ നാളികേരത്തിന്റെ തൊണ്ടിനും ചകിരിക്കും ഉള്ളിൽ വെണ്മയാർന്ന ഫലം ഒളിപ്പിച്ചുവച്ചിരിക്കുന്നതുപോലെ മഹത്തായ ഉപനിഷദ് ദർശനങ്ങളെ പുരാണകഥകളിൽ പൊതിഞ്ഞു വച്ചിരിക്കുന്നു. തൊണ്ടിനും ചകിരിക്കും അതിന്റെതായ ഉപയോഗം ഉണ്ടെങ്കിലും അതു നാളീകേരഫലമാകുന്നില്ലല്ലോ? തേങ്ങയുടെ തൊണ്ടും ചകിരിയുമെടുത്തിട്ട് ഉള്ളിലെ ഫലം കളയുന്നതിനു തുല്യമാണ്, പുരാണകഥകളിൽ ഭ്രമിച്ചു് അതിന്റെ പിറകെ കൂടി അതിനുള്ളിലെ സന്ദേശത്തെ കാണാതിരിക്കുന്നത്. ഹിന്ദുമത വിശ്വാസികളിൽ ഭൂരിപക്ഷവും ചെയ്തുകൊണ്ടിരിക്കുന്നത് ഇതാണ്. നാളീകേരം കഴിക്കാതെ തൊണ്ടും ചകിരിയും കഴിച്ചാൽ ശരീരത്തിന് എന്തു ഗുണം ലഭിക്കുമോ ആ ഗുണമേ പുരാണകഥകളിൽ ഭ്രമിച്ചു അതിലെ സന്ദേശം മറക്കുന്ന ഭക്തമനസ്സിനും ലഭിക്കൂ. നാളീകേരം ശരീരത്തിന് പോഷകമാകും എന്നതുപോലെ പുരാണ കഥകളിലെ സന്ദേശങ്ങൾ മനസ്സിനും ബുദ്ധിക്കും പോഷകമേകാൻ ഉദ്ദേശിച്ചുള്ളതാണ്. മനോബുദ്ധികൾ നേരെയാക്കുക എന്നതാണ് ഈശ്വരസാക്ഷാത്കാരത്തിന്റെ ആദ്യപടി. അതുകൊണ്ട് കേവല പുരാണപാരായണമല്ല, പുരാണപഠനമാണ് വേണ്ടത്.

സനാതനധർമ്മമാണ് നമുക്ക് അടിസ്ഥാനമെങ്കിൽ 'ശ്രദ്ധ' അല്ലെങ്കിൽ വിവേകപൂർണ്ണമായ ചിന്ത അതിന്റെ ആണിക്കല്ലാണ്‌. 'കരളിൽ വിവേകം കൂടാതെ കണ്ടരനിമിഷം ബത കളയരുതാരും' എന്നാണ് ഭാഗവതം ആദ്യപാദ കീർത്തനം തുടങ്ങുന്നതു തന്നെ. ഗീതോപദേശം കഴിഞ്ഞു, ഭഗവാൻ അർജ്ജുനനോട് പറഞ്ഞത്

'ഇതി തേ ജ്ഞാനമാഖ്യാതം ഗുഹ്യാത് ഗുഹ്യതരം മയാ
വിമൃശൈശ്യതദേശേഷണ യഥേച്ഛസി തഥാ കുരു' (ഗീത 18:63)

(ഇപ്രകാരം രഹസ്യങ്ങളിൽ വെച്ച് രഹസ്യമായ ജ്ഞാനം നിനക്ക് ഉപദേശിച്ചു കഴിഞ്ഞു. അതിനെക്കുറിച്ചു പൂർണ്ണമായി വിചിന്തനം ചെയ്ത് നീ ഇച്ഛിക്കുന്നതുപോലെ ചെയ്യുക) എന്നാണ്.

ഭഗവാൻ പറയുന്നത് ശ്രദ്ധിക്കുക; നീ ചിന്തിച്ചു ചെയ്യുക, ഒന്നും ചിന്തിക്കാതെ ഞാൻ പറഞ്ഞത് അതേപടി ചെയ്യുക എന്നല്ല പറഞ്ഞത്. ബുദ്ധിക്കും വിവേകത്തിനും പ്രാധാന്യം കൊടുക്കുന്ന ഒരു സംസ്കാരത്തിന്റെ പ്രതിനിധികളാണ് നമ്മളെന്ന ബോധം നമുക്കുണ്ടാവണം. ആരെങ്കിലുമൊക്കെ പറയുന്നത് അന്ധമായി വിശ്വസിച്ചു, ആ വിശ്വാസത്തെ പ്രചരിപ്പിക്കുന്നത് നമ്മുടെ മഹനീയ സംസ്കാരത്തോട് ചെയ്യുന്ന തെറ്റാണ്; മന:പൂർവമല്ലെങ്കിലും.

എന്തുകൊണ്ടാണ് നാം ഇങ്ങനെയാകുന്നത്? ഉത്തരം നാളെ പറയാം.


July 21

രാമായണമാസക്കുറിപ്പ് - 7

രാമായണമാസമായതിനാൽ അൽപ്പം ആത്മീയ ചിന്ത അസ്ഥാനത്താകില്ലെന്നു കരുതുന്നു. ആകെ മൊത്തം താറുമാറായി കിടക്കുന്ന ആത്മീയ മണ്ഡലത്തിന്റെ എവിടെ നിന്നു ചിന്തിച്ചു തുടങ്ങണം എന്നതാണ് പ്രയാസമുള്ള കാര്യം. ചെറുപ്പ കാലം മുതൽ കണ്ടും കേട്ടും വളർന്ന് 'ഞങ്ങൾക്കറിയാവുന്നതും ഞങ്ങൾ ചെയ്യുന്നതുമാണ് ആത്യന്തിക സത്യം' എന്ന മൂഢചിന്തയിൽ അഭിരമിച്ചു കഴിയുന്നവരാണ് ഭക്തരിലേറെയും. നിങ്ങളുടെ ചിന്ത തികച്ചും അശാസ്ത്രീയമാണെന്ന് തെളിവ് സഹിതം സമർത്ഥിച്ചാലും അവരതു സമ്മതിക്കില്ല. കാലാകാലങ്ങളായി സമൂഹം അവരിൽ അടിച്ചേൽപ്പിച്ചിരിക്കുന്ന ഈശ്വര ചിന്തകളുടെ അടിമകളാണവർ. അതല്ലതിന്റെ സത്യം എന്നാരെങ്കിലും പറയുന്നതു കേൾക്കുന്നതു പോലും പാപമാണ് എന്നീ പാവം ഭക്തർ ധരിച്ചു വശായിരിക്കുന്നു.

ഞാൻ എപ്പോഴും എന്നോടു തന്നെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്. ഞാൻ ഹിന്ദുവാണ് എന്നു പറയുന്നതിന്റെ അടിസ്ഥാനം എന്താണ്? മറ്റു മതക്കാർക്ക് അവരുടെ മതത്തിലേക്ക് പ്രവേശിക്കുന്നതിന് ചില വ്യവസ്ഥാപിതമായ കർമ്മ പരിപാടികളുണ്ട്; ഉദാഹരണത്തിന് ക്രിസ്ത്യാനിയുടെ മാമോദിസാ തന്നെ എടുത്തോളൂ. മതത്തിലേക്ക് പ്രവേശിപ്പിച്ചു കഴിഞ്ഞാൽ അവരവരുടെ മതസംഹിതയിൽ കൃത്യമായ വിദ്യാഭ്യാസം നൽകുന്നു. ബൈബിൾ അറിയാത്ത ഒരു ക്രിസ്ത്യാനിയെയോ ഖുറാൻ പഠിച്ചിട്ടില്ലാത്ത ഒരു മുസ്ലിമിനെയോ കാണാൻ കഴിയില്ല. പക്ഷെ ഭഗവത് ഗീത പഠിച്ച എത്ര ഹിന്ദുക്കൾ ഇവിടെ ഉണ്ട്? ഹിന്ദുമതത്തിന്റെ ആധാരശിലകളായ വേദോപനിഷത്തുക്കളുടെ സാമാന്യജ്ഞാനം എങ്കിലും ഉള്ള എത്ര ഹിന്ദുക്കൾ ഇവിടെയുണ്ട്? പിന്നെ നമ്മൾ ഹിന്ദുക്കളാണ് എന്നും പറഞ്ഞു നടക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്? ചിന്തിക്കൂ. എന്റെ കാര്യം പറഞ്ഞാൽ ഞാനൊരു നായർ കുടുംബത്തിൽ ജനിച്ചു. എന്റെ വീട്ടുകാരൊക്കെ അമ്പലത്തിൽ പോകുമായിരുന്നു. അമ്പലത്തിൽ പോകുന്നവരൊക്കെ ഹിന്ദുക്കളായതിനാൽ ഞാനും ഹിന്ദുവാണ് എന്നെനിക്കു മനസ്സിലായി. അത്ര തന്നെ. എന്റെ മതപഠനം കഴിഞ്ഞു. നാളിതുവരെ ഒരു പണ്ഡിതനും പാമരനും ഞാൻ എങ്ങിനെയാണ് ഹിന്ദുവായത് എന്നെനിക്കു പറഞ്ഞു തന്നിട്ടിട്ടില്ല.

എങ്ങിനെയുണ്ട് എൻറെ മതപഠനം? പഠിക്കാത്തവന്റെ പ്രശ്നം എന്താണ്? മറ്റുള്ളവർ പറയുന്നതെല്ലാം ശരിയെന്നു വിശ്വസിച്ച് അണുവിട വിടാതെ അനുസരിക്കും. ഈ അനുസരണാശീലം വളർന്നു വളർന്നതു സ്വന്തം സംസ്‌കാരമാകും. നമ്മുടെ അദ്ധ്യാത്മികതയുടെ അപചയം നിലനിൽക്കുന്നത് ഈ സംസ്കാരത്തിലാണ്. രാമായണം അങ്ങിനെ വായിച്ചാൽ ഇതു കിട്ടുമെന്നും ഇങ്ങനെ വായിച്ചാൽ അതു കിട്ടുമെന്നും ഗണപതി പാലു കുടിച്ചെന്നും ഒക്കെ കേട്ടാൽ അതിന്റെയൊക്കെ പിറകേ ഓടുന്നത് ഈ അന്ധത്വത്താലാണ്. അജ്ഞാന തമസ്സിൽ നിന്നും സത്യത്തിന്റെ, ബോധത്തിന്റെ വെളിച്ചത്തിലേക്കു (അസതോമാ സദ്ഗമയാ തമസോമാ ജ്യോതിർഗമയാ) ഉണർന്നെണീക്കൂ എന്നാഹ്വാനം ചെയ്യുന്ന ഒരു മതത്തിന്റെ പിന്മുറക്കാരാണ് ഇതൊക്കെ ചെയ്യുന്നതെന്നോർക്കണം. ചിന്തിക്കൂ. നമ്മൾ ചിന്തിച്ചാൽ അടുത്ത തലമുറയെങ്കിലും ബോധമുള്ള ഹിന്ദുവായി വളരും. ബോധമാണ് ഹിന്ദുവിന്റെ അടയാളം, അബോധമല്ല.


July 23

രാമായണക്കുറിപ്പ് - 9

വേദത്തിന്റെ കർമ്മകാണ്ഡത്തിനു മുകളിൽ മറ്റൊന്നും ഇല്ലെന്നു പറയുന്നവരെ എത്ര നിശിതമായാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ (വ്യാസൻ) വിമർശിക്കുന്നതെന്നു നോക്കാമെന്നു പറഞ്ഞാണല്ലോ ഇന്നലെ നിർത്തിയത്? അതൊന്നു നോക്കാം.

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ നാന്യ ദസ്തീതി വാദിനഃ (ഗീത 2 : 42)
കാമാൽമാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി (ഗീത 2 : 43)
ഭോഗൈശ്വര്യ പ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാൽമികാ ബുദ്ധി: സമാധൗ ന വിധീയേത (ഗീത 2 : 43 )

(അർജ്ജുനാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language) തൽപ്പരരും ഇതിൻ മീതേ വേറൊന്നില്ല എന്നു വാദിക്കുന്നവരും കാമികളും സ്വർഗ്ഗപ്രാപ്തിയാണ് പരമലക്ഷ്യമെന്നു കരുതുന്നവരുമായ ഭോഗ ചിത്തരായ മൂഢന്മാരുടെ മനസ്സ് ആ വർണ്ണനകളാൽ........ അപഹരിക്കപ്പെട്ടിരിക്കയാൽ അവർക്ക് സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്ന യജ്ഞാദി കർമ്മങ്ങളിലും അവയുടെ ഫലപ്രാപ്തിയിലും മാത്രം വിശ്വസിച്ചിരിക്കുന്നവർ, അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകിയിരിക്കുന്നതിനാൽ ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്നു സാരം.

ഇത് മാത്രമല്ല, ഗീതാകാരൻ ഇനിയും പറയുന്നുണ്ട്,

യാവാനർഥ ഉദപാനേ സര്വതഃ സംപ്ലൂദോതകേ
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ (ഗീത 2 : 46)

(എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ കിണറുകൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമോ അത്രക്കു പ്രയോജനം മാത്രമേ ബ്രാഹ്മജ്ഞാനിക്ക് വേദങ്ങളാസകലവും കൊണ്ടുണ്ടാകൂ).

ഇതാണ് വേദങ്ങളെക്കുറിച്ചു ശ്രീകൃഷ്ണന്റെ (വ്യാസന്റെ) അഭിപ്രായം. വേദമല്ല, വേദാന്തദർശനങ്ങളാണ് പ്രധാനം എന്നതാണ് ഇപ്പറഞ്ഞതിന്റെയർത്ഥം. അതിനു മാത്രമേ മനുഷ്യ മനസ്സുകളിൽ പരിവർത്തനം ഉണ്ടാക്കാൻ സാധിക്കയുള്ളൂ. എന്നാൽ നമ്മുടെ പോക്കോ, ഇപ്പറഞ്ഞതിന്റെ നേരേ വിപരീത ദിശയിലേക്കും!! നാം പിന്തുടരുന്ന സ്വാർത്ഥലക്ഷ്യപ്രേരിതമായ ഹിന്ദുമതവും ഉപനിഷത്തിലും ഗീതയിലും വർണ്ണിക്കുന്ന നിസ്വാർത്ഥ ലക്ഷ്യപരമായ സനാതനഃധർമ്മവും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നത് ഇതുകൊണ്ടാണ്‌. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ അടിസ്ഥാന കാരണങ്ങളിൽ ഒന്നാമത്തേതും പ്രധാനപ്പെട്ടതും ഇതു തന്നെയാകണം. ഇനിയും വേറെ പല കാരണങ്ങളും പറയാനുണ്ട്.

(മുകളിൽ ഉദ്ധരിച്ചതു പോലെയുള്ള സാമൂഹിക വിമർശനപരമായ ഗീതാ ശ്ലോകങ്ങളെ കാണുമ്പോൾ, പൊന്മാൻ വലിയ മീനിനെക്കാണുമ്പോൾ കണ്ണടച്ചിരിക്കും എന്നു പറയുമ്പോലെ, നമ്മുടെ മിക്ക ഗീതാ പണ്ഡിതന്മാരും ആത്മീയ നേതാക്കന്മാരും കണ്ണടച്ചു കളഞ്ഞതായിട്ടാണ് എനിക്കു തോന്നിയിട്ടുള്ളത്. ഇതൊക്കെ പൊതുജനം അറിയാതിരിക്കുകയാണല്ലോ ആവശ്യം !!!).

July 24

രാമായണമാസക്കുറിപ്പ് -10

വർഷങ്ങൾക്കു മുൻപ് ഇന്ത്യ ആണവായുധ പരീക്ഷണം നടത്തിയതിനെതിരേ നമ്മുടെ സമൂഹത്തിൽ നിന്നു തന്നെ വിമർശനങ്ങൾ ഉയർന്നപ്പോൾ യശശ്ശരീരനായ ഡോ.അബ്ദുൽക്കലാം പറഞ്ഞു, 'ആരെയും ആക്രമിക്കാനുദ്ദേശിച്ചല്ല, നമ്മുടെ രക്ഷക്കായി (പ്രതിരോധം - deterrent) ഇത് കൈയിൽ വക്കേണ്ടത് ആവശ്യമാണ്. Strength recognises strength'. അടുത്തയിടെ വൈറ്റ് ഹൗസിൽ നിന്നിറങ്ങി വന്ന് ഉത്തര കൊറിയൻ തലവനുമായി ചർച്ച നടത്താൻ അമേരിക്കൻ പ്രസിഡണ്ട് മുതിർന്നത് ഈ 'ശക്തി ശക്തിയെ മാനിക്കും' എന്നതിന്റെ ഉദാഹരണമാണ്. അമേരിക്കൻ പ്രസിഡണ്ടുമായി താരതമ്യം ചെയ്യുമ്പോൾ ഒന്നുമല്ലാത്ത ഉത്തര കൊറിയൻ ഭരണാധികാരിക്ക്, പ്രസിഡണ്ടിനോടൊപ്പം തുല്യ നിലയിലിരുന്ന് സംസാരിക്കാൻ കഴിഞ്ഞത് സ്വന്തം ശക്തിയിലുള്ള വിശ്വാസമായിരുന്നു.

ചർച്ച ചെയ്തു കൊണ്ടിരിക്കുന്ന ആത്മീയ വിഷയവും ഇതുമായി എന്തു ബന്ധം എന്നായിരിക്കുമല്ലോ നിങ്ങളിപ്പോൾ ചിന്തിക്കുന്നത്? ഞാൻ വരുന്നതവിടേക്കു തന്നെയാണ്.

അടുത്ത കാലത്തായി സാമൂഹിക മാദ്ധ്യമങ്ങളിൽ വളരെപ്പേർ ഉയർത്തുന്ന ഒരു വിഷയമാണ് 'ഹൈന്ദവീയതക്കെതിരേയുള്ള കടന്നാക്രമണങ്ങൾ'. അൻപതു വർഷങ്ങൾ കഴിയുമ്പോഴേക്കും ഇന്നു ഭൂരിപക്ഷ ജനവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം ന്യൂനപക്ഷമാകുമെന്നും അങ്ങിനെ ന്യൂനപക്ഷമാകുന്ന ഹിന്ദു ജനത കൊടിയ പീഢനങ്ങൾക്കിരയാകുമെന്നും ഈ പോസ്റ്റുകൾ ഇടുന്നവർ ആശങ്കപ്പെടുന്നു. ഈ ആശങ്ക ശരിയോ തെറ്റോ ആകട്ടെ, ഈ ആശങ്കയകറ്റാനുള്ള പോംവഴി എന്താണ്?

ഇവിടെയാണ് ഞാൻ മുകളിൽ എഴുതിയ 'ശക്തി, ശക്തിയെ മാനിക്കുന്നു' എന്ന പ്രയോഗത്തിന്റെ പ്രസക്തി. വിവേകാനന്ദ സ്വാമികൾ പറഞ്ഞതുപോലെ സ്വയം ശക്തിയാർജ്ജിക്കുക എന്നതാണ് ഏതു കടന്നാക്രമണത്തെയും നേരിടാനുള്ള വഴി. ശക്തിയുള്ളവനെ ദ്രോഹിക്കാൻ ബുദ്ധിയുള്ളവർ മുതിരില്ല, മറിച്ച് ഉള്ളിൽ അയാളോട് ബഹുമാനമേ തോന്നൂ.

ആത്മീയ (മത) വിഷയമാണ് നമ്മൾ ചർച്ച ചെയ്യുന്നത്. അപ്പോൾ ശക്തി എന്നതുകൊണ്ടുദ്ദേശിക്കുന്നത് കായിക ശക്തിയല്ല, അക്രമമല്ല, മനസ്സിന്റെ ശക്തിയാണ്. അറിവാണ് മന:ശ്ശക്തിക്കാവശ്യം. സ്വന്തം മതത്തെക്കുറിച്ചും ആത്മീയതയെക്കുറിച്ചും നല്ല അറിവുള്ളവരെ എന്തെങ്കിലുമൊക്കെപ്പറഞ്ഞ് കബളിപ്പിക്കാൻ കഴിയില്ല. മറ്റു മതസ്ഥർ ശക്തരാകുന്നതിന്റെ രഹസ്യം ഇതാണ്. അവർ മതവിഷയങ്ങൾ പഠിക്കുന്നു, മതത്തെ സ്നേഹിക്കുന്നു, അതിനെതിരെ ഉയരുന്ന ഏതു ശബ്ദങ്ങളേയും പ്രതിരോധിക്കുന്നു. അവരുടെ ആത്മീയ നേതാക്കൾ പറയുന്നത് അനുസരിക്കുന്നു. രാഷ്ട്രീയം ഏതുമായിക്കോട്ടെ, മതത്തിന്റെ കാര്യം വരുമ്പോൾ ഹിന്ദുവിനില്ലാത്ത ഐക്യം മറ്റുള്ളവർക്കു കൈവരുന്നത് ഈ മതബോധനത്താലാണ്. വിശ്വാസികളെ അനുസരിപ്പിക്കുന്ന ഈ മതബോധനത്തിന് അതിന്റെതായ ദൂഷ്യവശങ്ങളും ഉണ്ടെങ്കിലും അതിലേക്കു പോകാതെ നല്ല വശത്തെക്കുറിച്ചു മാത്രം ഇപ്പോൾ ചിന്തിക്കാം.

വിവേക ബുദ്ധിയിലൂന്നിയ മത ചിന്തകളായിരിക്കണം ഹിന്ദുവിനു ശക്തിയാകേണ്ടത്. അതാണ് പ്രമാണ ഗ്രന്ഥമായ ഭഗവത് ഗീത പഠിപ്പിക്കുന്നത്. വിവേകാനന്ദ സ്വാമികൾ പറഞ്ഞതും ചിദാനന്ദപുരി സ്വാമിയെപ്പോലെയുള്ള ജ്ഞാനികളായ സന്യാസിവര്യന്മാർ പറഞ്ഞു കൊണ്ടിരിക്കുന്നതും ഇതാണ്. നമ്മളിലെത്ര പേർ ഇതൊക്കെ ചെവിക്കൊള്ളുന്നു?

July 25

രാമായണമാസക്കുറിപ്പ് - 11

അറിവിലൂടെ ഹിന്ദു ശക്തനാകണമെന്നാണ് കഴിഞ്ഞ പോസ്റ്റിൽ പറഞ്ഞത്. അപ്പോൾ ഈ അറിവു ലഭിക്കുന്നതിനു തടസ്സമായി നിൽക്കുന്ന ഘടകങ്ങളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ടല്ലോ? അതിന്റെ ഒന്നാമത്തെ കാരണം നേരത്തേ പറഞ്ഞു കഴിഞ്ഞു. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അതിലെ ജാതിവ്യവസ്ഥയാണ്. ഈ നാടിന്റെ എക്കാലത്തെയും പുരോഗതിക്കു തടസ്സം സൃഷ്ട്ടിച്ചതിനും നൂറ്റാണ്ടുകളോളം ഭാരതത്തെ വിദേശ ശക്തികളുടെ അടിമയാക്കി നിർത്തിയതിനും പിന്നിൽ ജാതിവ്യവസ്ഥയും അതിന്റെ പേരിൽ ഹിന്ദുസമൂഹത്തിൽ ഉണ്ടായ ശൈഥില്യങ്ങളും വഹിച്ചിട്ടുള്ള പങ്കു വലുതാണ്. സനാതന ധർമ്മത്തിന്റെ മഹനീയ ആദർശങ്ങളെ കുഴിച്ചു മൂടി അതിനുമുകളിൽ സ്വാർത്ഥമോഹങ്ങളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ സങ്കുചിതമനസ്കരായ കുറെ പൂർവികർ നമ്മുടെ നാടിനു സമ്മാനിച്ചിട്ടു പോയതാണ് ജാതിവ്യവസ്ഥ എന്ന തീരാശാപം.

ജാതിവ്യവസ്ഥയുടെ വ്യക്താക്കൾ പറയുന്നത്, ഈശ്വരഹിതം നടപ്പിലാക്കുക മാത്രമാണവർ ചെയ്യുന്നതെന്നാണ്. ചാതുർവർണ്യം മനുഷ്യർക്കിടയിൽ നടപ്പാക്കണം എന്ന് വേദോപനിഷത്തുക്കളിലും പുരാണങ്ങളിലും എല്ലാം ഈശ്വരൻ കൽപ്പിച്ചിട്ടുണ്ടത്രേ ! ഇങ്ങനെ ചിന്തിച്ചു വായിച്ചാൽ ഇങ്ങനെ തന്നെ അർത്ഥം തോന്നുന്ന ചില ശ്ലോകങ്ങളും പരാമർശങ്ങളും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലൊക്കെ ഉണ്ട് എന്നതൊരു സത്യമാണ്. ഉദാഹരണത്തിന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നത്,

'ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം'

(ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ചു് ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ട്ടാവായി അറിയുക) എന്നാണ്‌.

ഈ ശ്ലോകത്തെ അവലംബമാക്കിയാണ് ഭഗവാനാണ് ഇവിടെ ജാതിവ്യവസ്ഥ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതെന്ന് പറയുന്നത്. ഇതേത്തുടർന്ന് മനുസ്മൃതിയടക്കം മറ്റു പലരും ഇതേ ലൈനിൽ ഭഗവാന്റെ പേരിൽ ചാതുർവർണ്യം നടപ്പാക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 'പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും സുഖവും സമാധാനവും നേരുന്ന' (ലോകസമസ്താ സൂഖിനോഭവന്തു), 'അജ്ഞാനാന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് ഇല്ലാതാക്കാൻ' ആഹ്വാനം ചെയ്യുന്ന (അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞാന ശലാകയാ), 'അസത്തിൽ നിന്നും സത്തിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മുന്നേറുവാൻ' (അസതോമാ സദ്ഗമയാ തമസ്സോമാ ജ്യോതിർഗമയാ) ലോകത്തോട് മുഴുവൻ ആഹ്വാനം ചെയ്യുന്ന ഒരു മഹനീയമായ സംസ്കാരത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണ് ഇങ്ങിനെ മനുഷ്യനെ മനുഷ്യൻ അടിമയാക്കുന്ന ചാതുർവർണ്യം നടപ്പിലാക്കാൻ ഈശ്വരനാമത്തിൽ നിർദ്ദേശിക്കുന്നത് എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു വലിയ അപാകത തോന്നുന്നില്ലേ? ബോധം തീർത്തും നശിച്ചിട്ടില്ലാത്ത ആർക്കും തോന്നണം. എനിക്കും അങ്ങിനെ തോന്നി. എവിടെയാണ് പ്രശ്നം, നമുക്ക് നോക്കാം.

July 26

രാമായണമാസക്കുറിപ്പ് -12

ഇന്നു ഗുരു (വ്യാസ) പൂർണ്ണിമ. ലോകം കണ്ടിട്ടുള്ള ഗുരുശ്രേഷ്ഠന്മാരിൽ വച്ചേറ്റം ആദരണീയനായ വ്യാസമഹർഷിയെ മനസാ സ്മരിച്ചു കൊണ്ടു് ഇന്നത്തെ ആത്മീയ വിഷയം അവതരിപ്പിക്കട്ടെ. വ്യാസ വിരചിതമായ ഭഗവത് ഗീതയിലെ വളരെ പ്രധാനപ്പെട്ട ഒരു ശ്ളോകത്തെക്കുറിച്ചു പറഞ്ഞാണല്ലോ ഇന്നലെ നിർത്തിയത്? ആദരണീയനായ ആ മഹാമുനി സൃഷ്ടിച്ച ഉൽകൃഷ്ട ഭാവനകളുള്ള ഒരു ശ്ളോകത്തെ, പിൽക്കാലത്തു വന്ന സങ്കുചിതചിത്തരായ മനുഷ്യർ, സ്വാർത്ഥ ലാഭങ്ങൾക്കായി തെറ്റായി വ്യാഖ്യാനിച്ച് ഭാരതത്തിന്റെ ഭാവി ഭാഗധേയം മാറ്റിക്കുറിച്ചതെങ്ങിനെയെന്നു നോക്കാം.

'ചാതുർവർണ്യം മയാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം' (ഗീത: 4 : 13)

(ഗുണകർമ്മങ്ങളുടെ സ്വഭാവമനുസരിച്ചു നാല് വർണ്ണങ്ങൾ എന്നാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അതിന്റെ കർത്താവാണെങ്കിലും വികാരരഹിതനായ എന്നെ കർത്തൃത്തമില്ലാത്തവനെന്നറിഞ്ഞാലും).

ജാതിവ്യവസ്ഥയെന്ന സാമൂഹിക വിപത്തിനെ ഉയർത്തിപ്പിടിക്കുന്നവരാൽ ഏറെ ദുർവ്യാഖ്യാനം ചെയ്യപ്പെട്ടതാണ് ഈ ശ്ലോകം. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധയോടെ വേണം ഇതിനെ വിശകലനം ചെയ്യാൻ. ഹിന്ദുമതത്തിന്റെ ആത്മീയഗുരുവായ ഭഗവാൻ ശ്രീകൃഷ്ണൻറെ (വ്യാസന്റെ) വാക്കുകളാണിതെന്നും അതുകൊണ്ടു തന്നെ അതിൻറെ അർത്ഥതലം മഹനീയമായിരിക്കണമെന്നും ആദ്യം തന്നെ ധരിക്കണം. പറയുന്നയാളിന്റെ ബോധതലം വാക്കുകളിൽ നിഴലിക്കും എന്നതൊരു സത്യമാണല്ലോ?

വർണ്ണം എന്നാൽ നിറം എന്നർത്ഥം. പുറമേയ്ക്ക് ഒരുപോലെ തോന്നിയേക്കാമെങ്കിലും വ്യക്തികളുടെ ചിത്തവൃത്തികൾക്കു വ്യത്യാസം ഉണ്ട്‌. ഒരാളുടെ ഗുണത്തിനനുസരിച്ചാകും അയാളുടെ സ്വഭാവം. ഗുണങ്ങൾ മൂന്നു തരത്തിലാണ്, സത്വഗുണം (വെളുപ്പ്‌ ), രജോഗുണം (ചുകപ്പ്), തമോഗുണം (കറുപ്പ്). മനുഷ്യനിൽ സമ്മേളിക്കുന്ന ഈ ത്രിഗുണങ്ങളുടെ വ്യത്യസ്ത ചേരുവകളിൽ (different combination) നിന്നും നാല് വർണ്ണങ്ങൾ ഞാൻ സൃഷ്ടിച്ചിരിക്കുന്നു എന്നാണ് ഭഗവാൻ പറയുന്നത്. വിചാരങ്ങളും പ്രവൃത്തികളും സ്വാത്വികമായിരിക്കുന്നവനെ ബ്രാഹ്മണൻ എന്നും രജോഗുണപ്രധാനിയെ ക്ഷത്രിയൻ എന്നും രജസ്തമോഗുണങ്ങൾ മുന്നിട്ടു നിൽക്കുന്നവനെ വൈശ്യൻ എന്നും ഇതിൽ മൂന്നിലും പെടാതെ, താമസികമായ വിചാരങ്ങളിലും പ്രവൃത്തികളിലും ഔത്സുക്യം കാണിക്കുന്നവനെ ശൂദ്രൻ എന്നുമാണ് ഈ ചാതുർവർണ്യ വിഭജനം. അതായത് ലോകത്ത് എവിടെയുമുള്ള ഒരു സമൂഹത്തെ ഉദാഹരണമായി എടുത്താൽ, അതിൽപ്പെടുന്നവരുടെ ഗുണങ്ങളുടെയും സ്വഭാവത്തിന്റെയും അടിസ്ഥാനത്തിൽ ഭഗവാൻ ഉദ്ദേശിച്ച വിധത്തിൽ കുറേപ്പേർ ബ്രാഹ്മണരും കുറേപ്പേർ ക്ഷത്രിയരും ബാക്കിയുള്ളവർ വൈശ്യരും ശൂദ്രരും ആയിരിക്കും. വർണ്ണം, നമ്മൾ ഉദ്ദേശിക്കുന്ന ശരീരത്തിന്റെ നിറമോ ജാതിയോ അല്ല. കുറച്ചുകൂടി വ്യക്തമായിപ്പറഞ്ഞാൽ നമ്മുടെ നാട്ടിൽ നിലനിൽക്കുന്ന എല്ലാ ജാതികളിലും ഈ നാലു വർണ്ണങ്ങളിലും ഉള്ളവർ ഉണ്ടാകും എന്നർത്ഥം. ചാതുർവർണ്യ സങ്കൽപ്പപ്രകാരം ആത്മീയവിഷയത്തിൽ ഉന്നതനായ, സാത്വികനായ ഇന്നത്തെ ഒരു കീഴ്‍ജാതിക്കാരൻ (ശൂദ്രൻ) യഥാർത്ഥത്തിൽ ബ്രാഹ്മണനും ബ്രാഹ്മണനെങ്കിലും താമസപ്രകൃതം മുന്നിട്ടു നിൽക്കുന്നവനെങ്കിൽ അയാൾ യഥാർത്ഥത്തിൽ ശൂദ്രനും ആണ്.

ഒരേ തരത്തിലുള്ള ചിന്താഗതിയും കർമ്മശേഷിയും ഉള്ളവരെ തരംതിരിച്ചു ഒരു വർണ്ണത്തിൻ കീഴിൽ നിരത്തുമ്പോൾ അത് അവരുടെ കർമ്മശേഷി വർദ്ധിപ്പിക്കയും അതു സമൂഹത്തിനു ഗുണകരമാകുകയും ചെയ്യും എന്നതായിരിക്കണം ചാതുർവർണ്യം സൃഷ്ട്ടിച്ചതിൽ കൂടി ഭഗവാൻ ഉദ്ദേശിച്ചത്. ഒരു ഗ്രാമത്തിലെ ചിലർക്കു ഗ്രാമത്തെ നയിക്കാനുതകുന്ന നല്ല ചിന്തകളും ആത്മീയ സ്വഭാവവും ഉണ്ടാകും. അവരാണ് അവിടുത്തെ ബ്രാഹ്മണർ. ആ ഗ്രാമത്തെ വെളിയിൽ നിന്നുള്ള ആക്രമണങ്ങളിൽ നിന്നും രക്ഷിക്കാൻ വേണ്ട ഗുണങ്ങളുള്ള ഒരു കൂട്ടം ആളുകളും വേണം. അവരാണവിടുത്തെ ക്ഷത്രിയർ. ചിന്തയും രക്ഷയും കൊണ്ട് മാത്രം ജീവിക്കാനൊക്കില്ലല്ലോ? അതിനു ആഹാരം വേണം. അതുണ്ടാക്കാനുള്ള പ്രവൃത്തികളിൽ ചിലർക്ക് അതീവ താത്പര്യവും കഴിവും കാണും. അവർ അവിടുത്തെ വൈശ്യരാണ്. ഈ മൂന്നു വിഭാഗക്കാരും അവരവരുടെ കഴിവുകൾ കൊണ്ട് ഗ്രാമത്തിന്റെ നിലനിൽപ്പിനെ സഹായിക്കുമ്പോൾ അവരുടെയെല്ലാം വ്യക്തിപരമായ കാര്യങ്ങൾ നോക്കാനും മറ്റൊരു കൂട്ടർ വേണ്ടേ? അമ്മാതിരി ഗുണങ്ങളുള്ള കുറേപ്പേർ അത് നിർവഹിക്കും അവർ ആ ഗ്രാമത്തിലെ ശൂദ്രർ ആണ്. ഈ നാല് വിഭാഗത്തിലുള്ളവരുടെയും ഒത്തു ചേർന്നുള്ള പ്രവർത്തനം കൊണ്ടേ ആ ഗ്രാമം നിലനിൽക്കയും പുരോഗമിക്കുകയും ഉള്ളൂ. ഇതാണ് ഭഗവാന്റെ വർണ്ണ സങ്കൽപ്പം. ഇവിടെ എല്ലാവരും തുല്യരാണ്, ഒരാളും മറ്റൊരാളിന്റെ അടിമയല്ല. ഈ ഗ്രാമത്തിനെ ഒരു മനുഷ്യ ശരീരമായി കണ്ടാൽ അതിന്റെ തല ബ്രാഹ്മണനും മാറിടം ക്ഷത്രിയനും ഉദരവും വസ്തിപ്രദേശവും വൈശ്യനും പാദങ്ങൾ ശൂദ്രനും ആണെന്ന് കാണാം. ശരീരം സുന്ദരവും ബലവത്തായതും ആകണമെങ്കിൽ നാലുഭാഗങ്ങളും ചേർന്നിരിക്കണമല്ലോ? അതാണ് ചാതുർവർണ്യസങ്കല്പം.

പക്ഷെ നമ്മുടെ കുറെ പൂർവികർ ഈ ആശയത്തെ മലിനപ്പെടുത്തി മനുഷ്യനെ മനുഷ്യന്റെ അടിമയാക്കുന്ന, ഉച്ചനീചത്വങ്ങൾ നിറഞ്ഞ ജാതിവ്യവസ്ഥയാക്കി ചാതുർവർണ്യത്തെ മാറ്റി; അതും ഈശ്വരന്റെ പേരിൽ തന്നെ!

July 28

രാമായണക്കുറിപ്പ് - 13

ഹൈന്ദവ ധർമ്മത്തെയും അതിന്റെ പ്രാമാണിക ഗ്രന്ഥങ്ങളെയും ഇകഴ്ത്തി സംസാരിക്കുകയും പരിഹസിക്കയും ചെയ്യുന്നതിൽ താല്പര്യമേറിക്കൊണ്ടിരിക്കന്ന ഒരു കാലഘട്ടമാണിത്. വിചിത്രമെന്നു പറയട്ടെ, മറ്റു മതസ്ഥരെക്കാൾ കൂടുതൽ ഇക്കാര്യത്തിൽ ഉത്സാഹം കാണിക്കുന്നത് ബുദ്ധിജീവികൾ എന്ന പേരിലഭിമാനിക്കുന്ന കുറെ ഹിന്ദുക്കൾ തന്നെയാണ്. സ്വന്തം കുടുംബത്തിൽ തെറ്റുകളും കുറവുകളുമുണ്ടെങ്കിൽ അതു നാടുനീളെപ്പറഞ്ഞു പരത്തി 'അഭിമാനം' കൊള്ളുന്നതിലും നന്ന്, അതു കുടുംബാംഗങ്ങളെ പറഞ്ഞു ബോദ്ധ്യപ്പെടുത്തി തിരുത്താൻ ശ്രമിക്കുകയല്ലേ? ഇതു പോലെ തന്നെ തെറ്റായിട്ടെനിക്കു തോന്നിയിട്ടുള്ള മറ്റൊരു കാര്യമാണ്, ഹിന്ദു മതഗ്രന്ഥങ്ങളിലെ 'പുരോഗമനാശയപരമായ പരാമർശങ്ങളെ' മറച്ചു പിടിച്ച്, സമൂഹത്തിന്റെ സങ്കുചിത താല്പര്യങ്ങൾക്കനുസൃതമായ രീതിയിൽ വ്യാഖ്യാനിപ്പിച്ച വതരിപ്പിക്കുക എന്നത്. ഇങ്ങിനെ ചെയ്യുമ്പോൾ, താത്ക്കാലികമായി ചില നേട്ടങ്ങൾ ഉണ്ടാകാമെങ്കിലും, ആത്യന്തികമായി കോട്ടം സംഭവിക്കുന്നത് മത ഗ്രന്ഥത്തിനും അതിന്റെ വിശ്വാസ്യതക്കും തന്നെയായിരിക്കും. എല്ലാ മതങ്ങൾക്കും ഇതു ബാധകമാണ്.

ഞാനിപ്പോൾ ഇത് പറയാനൊരു കാരണമുണ്ടു്. ആത്മീയ വിഷയത്തിൽ പണ്ഡിതനല്ലെങ്കിലും സ്വന്തം മതത്തെക്കുറിച്ച് എന്തെങ്കിലുമൊക്കെ വായിച്ചറിഞ്ഞ്, അതു മറ്റുള്ളവർക്ക് പകർന്നു നൽകണമെന്നൊരാഗ്രഹം തോന്നി. ഇങ്ങിനെ ഭഗവത് ഗീതയെ വിശകലനം ചെയ്യാൻ മുതിർന്നപ്പോൾ, ആ സംരഭത്തി നുള്ള അനുഗ്രഹത്തിനായി കേരളത്തിൽ ഭഗവത് ഗീതക്കൂ വേണ്ടി നില കൊള്ളുന്ന സ്ഥാപനത്തിലെ ആചാര്യനെ സമീപിച്ചു. ലോകത്തിനു മുഴുവൻ ഗുണം പ്രദാനം ചെയ്യുന്ന കർമ്മമാണെന്നും എല്ലാ ആശംസകളും നേരുന്നുവെന്നും അദ്ദേഹം അറിയിച്ചു. തുടർന്ന് ആറുമാസത്തിനുള്ളിൽ ഞാനെഴുതിയ ഇരുപതിൽപ്പരം കുറിപ്പുകൾ അവിടേക്കും share ചെയ്യുകയും അവയെല്ലാം തന്നെ സ്ഥാപനത്തിന്റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കയും ചെയ്തു.

ഇനിയാണ് പ്രശ്നം. രാമായണ മാസക്കുറിപ്പ്-9 ൽ വിശദീകരിച്ച ഗീതാ ഭാഗമാണ് (2:42 മുതൽ 2:46 വരെ) അപ്രാവശ്യം വിശകലനം ചെയ്തത്. വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്ന യജ്ഞാദി കർമ്മങ്ങളിലും അവയുടെ ഫലപ്രാപ്തിയിലും മാത്രം വിശ്വസിച്ചിരിക്കുന്നവർ, അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകിയിരിക്കുന്നതിനാൽ ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്നതാണ് ഈ ഭഗവത് ഗീതാ ശ്ളോകങ്ങളുടെ സാരം. ഈ ശ്ളോകങ്ങൾക്ക് പണ്ഡിതാഗ്രേസരനായ ഗുരു നിത്യചൈതന്യയതി നൽകിയിട്ടുള്ള വ്യാഖ്യാനം തികച്ചും യുക്തിഭദ്രമായി തോന്നിയതിനാൽ അതിനെ അവലംബമാക്കിയായിരുന്നു എന്റെ വിശകലനം. ഭഗവത് ഗീതയുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് സാമാന്യ ജ്ഞാനമുള്ളവർക്കു പോലും നേരർത്ഥം പറയാൻ കഴിയുന്ന ഈ ശ്ളോകങ്ങളിൽ കിടന്ന് മിക്ക വ്യാഖ്യാതാക്കളും ഉരുണ്ടു കളിക്കന്നതായിട്ടാണ് എനിക്കു തോന്നിയത്.

ഈ ഭാഗവും ഞാൻ നമ്മുടെ സ്ഥാപനത്തിനയച്ചു കൊടുത്തു. ആദ്യമായി എന്റെ ലേഖനം വെബ്സൈറ്റിൽ പോസ്റ്റു ചെയ്യുന്നതിൽ നിന്നും വിലക്കി. മാത്രമല്ലാ, അതു വരെയുള്ള എന്റെ എല്ലാ കുറിപ്പുകളും വെബ്സൈറ്റിൽ നിന്നും നീക്കം ചെയ്യുകയും ചെയ്തു.

എല്ലാവരേയും സന്തോഷിപ്പിച്ചു കൊണ്ട് സത്യം പറയാനൊക്കില്ല. സ്വന്തം നിലനിൽപ്പിന്റെ പ്രശ്നം വരുമ്പോൾ പറച്ചിലും പ്രവൃത്തിയും രണ്ടാകുന്നു എന്നതിനുദാഹരണമാണി പ്പറഞ്ഞത്. ഈ കാപട്യം ആത്മീയ വിഷയത്തിനു ചേർന്നതല്ല, നല്ലതുമല്ല. പക്ഷേ ഇന്ന് തഴച്ചു വളരുന്നതീ സംസ്ക്കാരമാണ്. അതിന്റെ ദുർ ഫലങ്ങളാണ് ചുറ്റും കാണുന്നതെല്ലാം.

July 29

രാമായണമാസക്കുറിപ്പ് -14

എല്ലാ മതങ്ങളും ഉണ്ടായിരിക്കുന്നത്, മനുഷ്യരെ ആത്മീയ വഴിയിലൂടെ നടത്തി സംസ്ക്കാരചിത്തരാക്കി നല്ല സമൂഹവും അങ്ങിനെയുള്ള നല്ല സമൂഹങ്ങൾ ചേർന്ന നല്ല ലോകവും സ്വപ്നം കണ്ടു കൊണ്ടായിരിക്കണം. അതായത് എല്ലാ മതങ്ങളുടെയും ഉൽഭവസ്ഥാനം മഹനീയ മാണെന്നതു തന്നെ. പക്ഷേ മതങ്ങൾ സൃഷ്ടിച്ച മഹാത്മാക്കൾ ഉദ്ദേശിച്ച വിധത്തിലല്ല മതങ്ങളൊന്നും പിൽക്കാലത്തു കാണപ്പെട്ടത്. മനുഷ്യരാശിക്കു ഗുണകരമല്ലാത്തതും സങ്കുചിതവും വിഭാഗീയവുമായ ചിന്തകളാൽ കുത്തിനിറക്കപ്പെട്ട പ്രസ്ഥാനങ്ങളായി മതങ്ങൾ പില്ക്കാലത്തു വളർന്നു. മനുഷ്യന്റെ സ്വാർത്ഥതയും ഈശ്വരനെക്കാണിച്ചു മനുഷ്യരെ ഭയപ്പെടുത്തി നിർത്തി സ്വന്തം കാര്യങ്ങൾ നേടിയെടുക്കാം എന്ന ഭരണ വർഗ്ഗങ്ങളുടെ കണ്ടുപിടുത്തവുമായിരുന്നു ഇതിനു കാരണം. അങ്ങിനെ ദാർശനികമായ അടിത്തറകളിൽ സൃഷ്ടിക്കപ്പെട്ട മതങ്ങൾ പിൽക്കാലത്തു പൗരോഹിത്യ മതങ്ങളായി പരിണമിച്ചു. പുരോഹിതനാണ്, ഈശ്വരനെക്കാൾ ശക്തി എന്ന നില വന്നു. ഭൗതികമായി വലിയ വലിയ മുന്നേറ്റങ്ങളുണ്ടാകുമ്പോഴും മനുഷ്യർ ആത്മീയമായി കൂടുതൽ കൂടുതൽ പാപ്പരത്തത്തിലേക്കങ്ങനെ എത്തിപ്പെട്ടു; ഇന്നും ഇതു തടർന്നു കൊണ്ടേയിരിക്കുന്നു.

ഹിന്ദു മതത്തിനും ഇപ്പറഞ്ഞ അപചയം സംഭവിച്ചിട്ടുണ്ട്. വേദോപനിഷത്തുക്കളിലെ ലോക ക്ഷേമകരമായ സനാതന ദർശനങ്ങളുടെ മൂല്യങ്ങളിൽ സൃഷ്ടിക്കപ്പെട്ട മതം, മറ്റെല്ലാ മതങ്ങളേയും പോലെ കാലക്രമേണ പൗരോഹിത്യ മത (വൈദിക മതം) മാകുകയും അതിന്റെ പേരിലുള്ള പീഢകൾ സമൂഹത്തിനനുഭവിക്കേണ്ടതായും വന്നു. പലപ്പോഴായി പലരും എന്നോടു ചോദിച്ചിട്ടുള്ള ഒരു ചോദ്യമാണ്, സനാതന മതവും നമ്മൾ ഇന്ന പിന്തുടരുന്ന മതവും തമ്മിലുള്ള വ്യത്യാസം എന്താണെന്ന്. ചില വ്യത്യാസങ്ങൾ താഴെ കൊടുത്തിരിക്കുന്നു.

1. മനുഷ്യനെ ഇന്ദ്രിയപരമായ മനോതലത്തിൽ നിന്നും ബുദ്ധിതലത്തിലേക്കുയർത്തി സംസ്കാരചിത്തനാക്കി, സമൂഹത്തിനു മുതൽക്കൂട്ടാക്കാൻ ഉദ്ദേശിച്ചുള്ളതാണ് സനാതനമതം. ബുദ്ധിയുള്ള മനുഷ്യന്റെ പോലും ബുദ്ധി പ്രലോഭനങ്ങളിൽ കൂടി നശിപ്പിച്ചു അവനെ മനോതലത്തിലേക്ക്‌ എത്തിപ്പിക്കുന്നതാണ് വൈദികമതം.

2. ചില പ്രത്യേക വിഭാഗത്തിലുള്ള മനുഷ്യർക്കു മാത്രം ഗുണം ചെയ്യാനുദ്ദേശിച്ചുള്ളതാണ് വൈദികമതം. എല്ലാ മനുഷ്യരുടെയും (ജന്തുജാലങ്ങളുടെയും) നന്മയെയാണ് സനാതനമതം ലക്ഷ്യമാക്കുന്നത്.

3. നിഗ്രഹാനുഗ്രഹ ശക്തിയുള്ള ഒരു വ്യക്തിരൂപം ആണ് വൈദികമതത്തിലെ ഈശ്വരൻ. പ്രപഞ്ചത്തിലുള്ള എല്ലാത്തിനെയും ചൈതന്യവത്താക്കി നിർത്തുന്ന ഒരു ശക്തിവിശേഷം മാത്രമാണ് സനാതനമതത്തിലെ ബ്രഹ്മം അല്ലെങ്കിൽ ഈശ്വരൻ.

4 . ഈശ്വരന്റെ പേരിൽ മനുഷ്യനെ ഭയപ്പെടുത്തിയും അടിമപ്പെടുത്തിയും നിർത്തുന്നതിലാണ് വൈദികമതത്തിന്റെ നിലനിൽപ്പ്. ബന്ധനങ്ങളിൽ നിന്നുളള മനുഷ്യന്റെ മുക്തി ഒന്നുമാത്രമാണ് സനാതനമതത്തിന്റെ ലക്‌ഷ്യം.

5 . പൂജകളിലൂടെയും വഴിപാടുകളിലൂടെയും സ്വാധീനിച്ചാൽ നമ്മുടെ സ്വാർത്ഥകാര്യങ്ങൾ നേടിത്തരുന്ന ഈശ്വരനാണ് വൈദികമതത്തിലേത്. മനുഷ്യരെല്ലാം ഈശ്വരന്മാർ തന്നെയാണെന്ന് സ്ഥാപിക്കുന്ന സനാതനമതത്തിൽ ഈശ്വരനെ സ്വാധീനിക്കാനുള്ള വഴി മറ്റൊന്നിനെയും ദ്രോഹിക്കാതെ മര്യാദക്കു ജീവിക്കുക എന്നത് മാത്രമാണ്.

6 . വലിയ കഷ്ടപ്പാടൊന്നും ഇല്ലാതെ ദൈവാനുഗ്രഹം കിട്ടാനുള്ള പല വഴികളും വൈദികമതത്തിലുണ്ട്. സനാതനമതത്തിലെ ഈശ്വരനെ പ്രാപിക്കാൻ വലിയ ത്യാഗങ്ങളും സഹനവും ആവശ്യമാണ്.

7 . വൈദികമതത്തിൽ ഭക്തന് ഈശ്വരാനുഗ്രഹം നേടിത്തരാൻ ഇടനിലക്കാർ ഉണ്ട്. സനാതനമതത്തിലെ ഈശ്വരനെ നേടണമെങ്കിൽ വ്യക്തി തന്നെ ശ്രമിക്കണം. ഇടനിലക്കാർക്ക് ഇവിടെ റോളില്ല.

ലോകത്തിലെ എല്ലാ മതങ്ങളിലും ദാർശനികമതത്തോടൊപ്പം തന്നെ പൗരോഹിത്യ മതവും ആവിർഭവിച്ചിട്ടുണ്ട്. ദാർശനികമതത്തെ നിഷ്പ്രഭമാക്കി വളർന്ന പൗരോഹിത്യ മതത്തിന്റെ പൊതുരീതികൾ ലോകത്തെവിടെയും ഏതാണ്ട് ഒരുപോലെ തന്നെയാണ്.

July 30

രാമായണമാസക്കുറിപ്പ് -15

ഈ കുറിപ്പ് എഴുതുമ്പോൾ തെല്ലു വിഷമത്തിലാണ് ഞാൻ. രാവിലെ മുതൽ എൻറെ പൂച്ചക്കുഞ്ഞിനെ കാണുന്നില്ല എന്നതാണ് കാര്യം. ഗഹനമായ വേദാന്തചിന്തകൾ ചർച്ച ചെയ്യുന്നതിനിടയിലാണോ ഈ നിസ്സാര പൂച്ചക്കാര്യം വിളമ്പുന്നത് എന്നു നിങ്ങൾക്കു തോന്നാം. ആനക്കാര്യത്തിനിടയിലെ ചേനക്കാര്യം!. എന്നാലും ഞാൻ ഒന്നു പറഞ്ഞോട്ടെ.

എൻറെ വീട്ടു വളപ്പിൽ രണ്ടു പൂച്ചകൾ ഉണ്ട്. ഇവിടെ തന്നെ പിറന്നതാണ്. കുഞ്ഞിലേ മുതൽ അവർക്കു ഞാൻ അന്നദാതാവാണ്‌. രണ്ടു പേരിൽ ഒരാൾ (കുക്കു) വിചാരിച്ചിരിക്കുന്നത് ഞാൻ അവളുടെ കളിക്കൂട്ടുകാരനാണെന്നാണ്. വെളിയിലോട്ടിറങ്ങാൻ ബൈക്കെടുത്താൽ അതിൽ കയറി നിൽക്കും. ഇറങ്ങാൻ പറഞ്ഞാൽ കേട്ട ഭാവം നടിക്കില്ല. മൂന്നു നാല് മാസം മുൻപ് ഇവൾക്കു രണ്ടു കുട്ടികൾ പിറന്നു. കണ്ടൻ പൂച്ചകളുടെയും നായ്ക്കളുടെയും ശല്യം ഇല്ലാതെ കഴിയാൻ വീട്ടിനുള്ളിലെ ഒരു ഒതുങ്ങിയ സ്ഥലത്ത് ഇവർക്ക് ഇടം നൽകി. കുഞ്ഞുങ്ങൾ ഒരുമാതിരി വളർച്ചയെത്തിയപ്പോൾ മൂന്നു പേരെയും വീടിനു വെളിയിൽ വിട്ടു. രാത്രികാലത്തു കഴിയാൻ കാർ ഷെഡ്‌ഡിൽ സൗകര്യവും നൽകി. ആദ്യത്തെ ദിവസം തന്നെ ഒരു കുഞ്ഞിനെ കണ്ടൻ പൂച്ച പിടിച്ചു തിന്നു. ബാക്കിയുള്ള ഒരു കുഞ്ഞിനെ, കണ്ണിലെ കൃഷ്ണമണിപോലെയാണ് കുക്കുപ്പൂച്ചയമ്മ നോക്കി വളർർത്തിയത്. ഇന്നലെ കാർ ഷെഡ്‌ഡിൽ മലവിസർജ്ജനം നടത്തിയതിനു ദേഷ്യപ്പെട്ടു ഞാൻ കാർ ഷെഡ് അടച്ചിട്ടു. രാവിലെ മുതൽ പൂച്ചക്കുഞ്ഞിനെ കാണുന്നും ഇല്ല. എൻറെ തെറ്റുകൊണ്ടു ഒരു സാധു ജന്തുവിന്റെ ജീവൻ നഷ്ട്ടപ്പെട്ടോ എന്ന ചിന്തയാണ് എന്നെ അലട്ടുന്നത്. ആ കുഞ്ഞിന്റെ അമ്മയുടെ ദുഖത്തിന് ഞാനല്ലേ കാരണക്കാരൻ ?

നമുക്ക് ചുറ്റുമുള്ള ചരാചരങ്ങളിൽ ബ്രഹ്‌മത്തെ കാണുന്നവനാണ് സനാതനധർമ്മശാസ്ത്ര പ്രകാരം യഥാർത്ഥ ആത്മീയവാദി. തൻറെയുള്ളിൽ നിറയുന്ന ചൈതന്യം തന്നെയാണ് അപരന്റെയും എല്ലാ ജീവജാലങ്ങളുടെയും ഉള്ളിലും നിറയുന്നതെന്നും അതുകൊണ്ട് തന്നെ 'നിന്നെപ്പോലെ നിന്റെ അയൽക്കാരനെയും' പൂച്ചയേയും പുഴുവിനെയും പുല്ലിനെയും സ്‌നേഹിക്കണം എന്നുമുള്ള ഏകത്വ ദർശനത്തിൽ വിശ്വസിക്കുന്നവനാണ് യഥാർത്ഥ ഹിന്ദു. പഞ്ചഭൂതാൽമകമായ ശരീരം എന്ന നശ്വരമായ പുറം ചട്ടക്കേ വ്യത്യാസമുള്ളൂ. ഉള്ളിലുള്ളത് ഒന്നു തന്നെ. ഈ ജ്ഞാനം ലഭിക്കാനുള്ള പദ്ധതികൾ മാത്രമാണ് നമ്മുടെ ആത്മീയഗ്രന്ഥങ്ങൾക്കുള്ളിൽ അടക്കം ചെയ്തു വച്ചിരിക്കുന്നത്.

വിദ്യാവിനയസമ്പന്നേ ബ്രാഹ്മണേ ഗവി ഹസ്തിനി
ശുനി ചൈവ ശ്വപാകേ ച പണ്ഡിതാ: സമദർശിനഃ (ഭഗവത് ഗീത: 5 -18)

(വിദ്യാഭ്യാസവും വിനയവുമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്നവനിലും (ചണ്ഡളനിലും) ആത്മജ്ഞാനികൾ സമദൃഷ്ടികളാവുന്നു).

പൗരോഹിത്യ മതം നടപ്പിലാക്കിയ ചാതുർവർണ്യ വ്യവസ്ഥിതി ഈ 'സമദർശിനഃ' എന്ന ഉപനിഷദ് സങ്കൽപ്പത്തിനു നേരെ വിപരീതമാണ്. മഹനീയമായ സനാതന ധർമ്മം, പ്രസംഗിക്കാൻ മാത്രം കൊള്ളാവുന്ന ഒരാശയമായി ഒതുങ്ങിയത് ഇങ്ങനെയൊക്കെയാണ്.

July 31

രാമായണമാസക്കുറിപ്പ് -16

ഇന്നലത്തെ കുറിപ്പിനു കിട്ടിയ ഒരു പ്രതികരണമാണ് ഇന്നത്തെ കുറിപ്പിന്നാധാരം. എന്റെ വായനക്കാരുടെ മനസ്സിൽ ആഴത്തിൽ പതിയണമെന്ന് ഞാനാഗ്രഹിക്കുന്ന വിഷയത്തിലേക്കുള്ള വഴി തുറന്നു തരുന്നു എന്നതിനാലാണ് ആ പ്രതികരണത്തിൽ എനിക്കു പ്രത്യേക താൽപ്പര്യം തോന്നുന്നത്. അല്ലാതെ പ്രതികരിച്ച സുഹൃത്തിനോടെന്തെങ്കിലും നീരസമോ അഭിപ്രായ വ്യത്യാസമോ ഉള്ളതുകൊണ്ടല്ല എന്നു പറയട്ടെ.

സമത്വസുന്ദരമായ സനാതന ധർമ്മത്തിന്റെ ശോഭ, നമ്മുടെ മുൻഗാമികൾ ചാതുർവർണ്യ വ്യവസ്ഥ നടപ്പാക്കിയതിലൂടെ കെട്ടു പോയി എന്നു ഞാൻ ഇന്നലത്തെ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിനുള്ള പ്രതികരണമായി ഒരു സുഹൃത്തു ചോദിച്ചത് 'അങ്ങിനെയെങ്കിൽ ചാതുർവർണ്യം മയാസൃഷ്ടം..... (ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചതാണ് - ഭഗവത് ഗീത 4:13) എന്ന ഭഗവാന്റെ വാക്കുകൾ തെറ്റാണോ എന്നാണ്. വളരെ നിഷ്ക്കളങ്കമായ ഒരു ചോദ്യമാണിതെങ്കിലും ബഹുഭൂരിപക്ഷം ഹൈന്ദവ ജനങ്ങളുടെയും മനസ്സിൽ ആഴത്തിൽ പതിഞ്ഞിട്ടുള്ള ചിന്താഗതിയാണ് ആ ചോദ്യത്തിൽ നിഴലിക്കുന്നു എന്നതാണതിന്റെ പ്രാധാന്യം.

ശാസ്ത്രഗവേഷകനായ എന്റെ എളിയ വായനയിൽ എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു മഹനീയ ആദ്ധ്യാത്മിക ഗ്രന്ഥമാണ് ഉപനിഷൽ സാരമായ ശ്രീമദ് ഭഗവത് ഗീത. ശാസ്ത്ര ഗവേഷണത്തിൽ അവശ്യം വേണ്ട പല മാനദണ്ഡങ്ങളിൽ ഒന്നാണ് consistency. ശാസ്ത്രീയമായി ഒരു വിഷയത്തെ അപഗ്രഥിച്ചു തുടങ്ങുമ്പോൾ വിഷയത്തിലുടനീളം നിലനിന്നു കാണേണ്ട ഈ അവിഭാജ്യ ഘടകത്തിന് എന്തെങ്കിലും വ്യത്യാസം സംഭവിക്കുന്നു വെങ്കിൽ നല്ലൊരു ശാസ്ത്ര ഗവേഷകന് അതുടൻ തന്നെ മനസ്സിലാകും. ഭാരതീയ ആദ്ധ്യാത്മികതയുടെ അടിസ്ഥാന പ്രമാണമാണ് സനാതന ധർമ്മം. ഉപനിഷൽ സാരമാണു ഭഗവത് ഗീതയെങ്കിൽ അതിലുടനീളം സനാതന ധർമ്മത്തിന്റെ consistency ഉണ്ടായേ മതിയാകൂ. സനാതന ധർമ്മത്തിനു യോജിക്കാത്ത എന്തെങ്കിലും പ്രസ്താവം ഗീതയിലുണ്ടെങ്കിൽ, ഗീതയുടെ യുക്തിഭദ്രതയും ശാസ്ത്രീയതയും നഷ്ടപ്പെടും. എന്റെ ഇതുവരെയുള്ള വായനയിൽ ഇങ്ങനെ ഒരു പിഴവ് ഗീതക്കുള്ളതായി എനിക്കനുഭവപ്പെട്ടിട്ടില്ല. മനുഷ്യൻ, അസ്ഥിരമായ മനോ തല ചിന്തകളിൽ നിന്നും പ്രവൃത്തികളിൽ
നിന്നും ഉയർന്ന്, മനുഷ്യ ജന്മത്തിന്റെ വരദാനമായ വിവേചനബുദ്ധി (discriminatory intellect) ഉപയോഗിച്ച് നന്മയെയും തിന്മയെയും കടമകളെയും തിരിച്ചറിഞ്ഞ് സമൂഹത്തിൽ ജീവിക്കാൻ ആഹ്വാനം ചെയ്യുന്ന ഗീത, സനാതന ധർമ്മത്തെ മുറുകെപ്പിടിക്കുന്ന ഗ്രന്ഥമായിട്ടു തന്നെയാണ് എനിക്കു തോന്നിയിട്ടുള്ളത്. സനാതന ധർമ്മത്തിനു നിരക്കാത്ത വിധത്തിൽ ഗീത വ്യാഖ്യാനിക്കാൻ ശ്രമിക്കുന്നത് ആ ആത്മീയ ഗ്രന്ഥത്തോടു കാണിക്കുന്ന അനീതിയും അനാദരവുമാകും.

ഇനി നമ്മുടെ പ്രസക്ത വിഷയത്തിലേക്കു വരാം. സനാതന ധർമ്മത്തിന്റെ നെടുംതൂണാണ് 'സമദർശിനഃ' എന്നു ഗീത പറയുന്ന സമത്വം അല്ലെങ്കിൽ equality. വിദ്യാഭ്യാസവും വിനയമുള്ള ബ്രാഹ്മണനിലും പശുവിലും ആനയിലും നായയിലും നായയെ തിന്നുന്ന ചണ്ഡാളനി ലും ആത്മജ്ഞാനികൾ സമദർശികളാകുന്നു എന്നു ഗീത പറയുന്നത് ( ഭഗവത് ഗീത 5:18) സനാതന ധർമ്മത്തിന്റെ ഈ അടിസ്ഥാന പ്രമാണത്തിലാണ്. അഞ്ചാം അദ്ധ്യായത്തിൽ ഇങ്ങിനെ പറഞ്ഞിരിക്കുന്ന ഗീതയുടെ നാലാമദ്ധ്യായത്തിലെ 'ചാതുർവർണ്യം മയാ സൃഷ്ടം...' എന്നു പറഞ്ഞിരിക്കുന്നതിന്റെ താല്പര്യവും 'സമത്വം' എന്ന സനാതന ധർമ്മ ഘടകത്തിൽ തന്നെ നിന്നാലേ ഗീത യുക്തിഭദ്രമായ ആത്മീയ ഗ്രന്ഥമാകൂ. നാം ഇന്നറിയുന്ന വിധത്തിൽ ഉച്ചനീചത്വങ്ങളുള്ള ചാതുർവർണ്യം സൃഷ്ടിച്ചു ജനങ്ങളെ നാലു വിഭാഗമായി ഭഗവാൻ വിഭജിച്ചിരിക്കുന്നു എന്ന് ആ ശ്ളോകത്തിന് അർത്ഥം കൽപ്പിച്ചാൽ ഗീതയുടെ യുക്തി ഭദ്രത അവിടെ തകരും. അതല്ലല്ലോ വേണ്ടത്?

രാമായണ-ഭാഗവത-പുരാണാദി ഗ്രന്ഥങ്ങളെപ്പോലെയൊരു ഭക്തിപ്രസ്ഥാന ഗ്രന്ഥമല്ല ഭഗവത് ഗീത. വിവേക ബുദ്ധിയിലൂന്നിയുള്ള ആർഷഭാരത സംസക്കാരത്തിന്റെ ആകെത്തുകയാണത്. ഭക്തി വിശ്വാസങ്ങളിലൂടെ ഗീതയെ അപഗ്രഥിച്ച് അതിന്റെ വില നമ്മൾ കുറയ്ക്കരുത്. പക്ഷെ, പണ്ഡിതന്മാരെന്നവകാശപ്പെടുന്ന പലരും, അറിഞ്ഞോ അറിയാതെയോ, ചെയ്തു കൊണ്ടിരിക്കുന്നതിതാണ്. ഗീതയെ തീവ്രവാദ ഗ്രന്ഥമായിട്ടും ഭഗവാൻ ശ്രീകൃഷ്ണനെ തീവ്രവാദിയായുമൊക്കെ പലരും ചിത്രീകരിക്കുമ്പോൾ അതിനു ശരിയായ ഉത്തരം നൽകാൻ കഴിയാതെ പകച്ചു നിൽക്കേണ്ടി വരുന്നതും ഇങ്ങിനെ തെറ്റായി ഗീതയെ അപഗ്രഥിച്ചു പഠിച്ചതിനാലാണ്. ഈ വിഷത്തിൽ അല്പം കൂടി പറയാനുണ്ട്, നാളെയാകട്ടേ.

August 1

രാമായണ മാസക്കുറിപ്പ്-17

മുൻപും പല വട്ടം പറഞ്ഞ കാര്യം വീണ്ടും പറയുകയാണ്. കാരണം ഇതു മനസ്സിൽ ഉറയ്ക്കാത്തിടത്തോളം കാലം ആത്മീയത (spirituality) കൊണ്ട് മനുഷ്യനോ ലോകത്തിനോ യാതൊരു ഗുണവും ഉണ്ടാകില്ല; ദോഷമേ ഉണ്ടാകയുള്ളൂ എന്നതു തന്നെ. തെറ്റായ ആത്മീയത സൃഷ്ടിക്കുന്ന ദോഷകാലത്തിലൂടെയാണിന്നു ലോകത്തിന്റെ പോക്ക്. മനുഷ്യന്റെ സമാധാനവും സംതൃപ്തിയും ലക്ഷ്യം വച്ചുണ്ടാക്കപ്പെട്ട ആത്മീയ പ്രസ്ഥാനങ്ങൾ പലതും തന്നെ ആ ലക്ഷ്യങ്ങളിലേക്കു മനുഷ്യരെ നയിക്കാൻ അശക്തമായി കാണപ്പെടുന്നത്, മുൻപും പലവട്ടം പറഞ്ഞിട്ടുള്ള, താഴെ വീണ്ടും പറയുന്ന, ആ തിരിച്ചറിവില്ലായ്മ ഒന്നു കൊണ്ടു മാത്രമാണ്.

ജന്തുജാലങ്ങളിൽ പെട്ട ഒരു വിശേഷപ്പെട്ട ജന്തുവാണ് മനുഷ്യൻ. മൃഗങ്ങളിൽ നിന്നും മനുഷ്യൻ വ്യത്യസ്തനാകുന്നത് പരിണാമ പ്രക്രിയയിലൂടെ അവനു ലഭിച്ച വിവേചനബുദ്ധി ഒന്നു കൊണ്ടാണ്. മൃഗങ്ങൾക്കു സാദ്ധ്യമല്ലാത്ത ശ്രേഷ്ഠമായ ജീവിതം നയിക്കാൻ ഈ ഗുണം മനുഷ്യരെ പ്രാപ്തരാക്കുന്നു. പക്ഷേ ഇന്ദ്രിയപരമായ മൃഗതൃഷ്ണകളുള്ള മനുഷ്യർ, വിവേചന ബുദ്ധി ഉപയോഗിച്ച് ശ്രേഷ്ഠ ജീവിതം നയിക്കണമെങ്കിൽ മൃഗതൃഷ്ണകളെ കുറച്ചും മനുഷ്യസാദ്ധ്യതകളെ കൂട്ടിയുമുള്ള ഒരു ജീവിത ചര്യയിലേക്ക് വഴി മാറേണ്ടതുണ്ട്. ഈ മാറ്റത്തിനു മനുഷ്യനെ പ്രേരിപ്പിക്കുന്ന ഒന്നാണ് ആത്മീയത എന്നത്. ഇങ്ങനെ ചിന്തിച്ച മനുഷ്യരുടെ ആദ്യ ബോധ പ്രകടനമാണ് വേദജ്ഞാനം. മൃഗതൃഷ്ണകളുള്ള ബോധ ഹീനരായ മനുഷ്യരെ സംസ്ക്കാര ചിത്തരാക്കാനുദ്ദേശിച്ചുള്ള ഈ ജ്ഞാനത്തിൽ ഇതു സൃഷ്ടിച്ച വർക്ക് സ്വാർത്ഥ ലക്ഷ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരിക്കാനിടയില്ല. വേദങ്ങളെ തുടർന്ന് ഇതേ ലക്ഷ്യത്തെ മുൻനിർത്തി പല മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ലോകത്തിലുണ്ടായി. ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ വേദോപനിഷത്തുക്കളിൽ നിന്നും പ്രസരിക്കുന്ന ഈ ജ്ഞാനം ലോകത്തിലുണ്ടായിട്ടുള്ള എല്ലാ മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും സ്വാംശീകരിക്കുകയും ചെയ്തു. ഇതിന്റെയെല്ലാം ആത്യന്തിക ലക്ഷ്യം മനുഷ്യരെ ചിന്തയിലൂടെ മാറ്റിയെടുക്കുക എന്നതു തന്നെയായിരിക്കണം. ജന്മനാ ഭയവിഹ്വലനായ മനുഷ്യനെ നേർവഴിയിലേക്ക് നയിക്കാൻ ഈശ്വരൻ എന്ന സങ്കൽപ്പത്തെ മതങ്ങളും മിക്ക ആത്മീയ പ്രസ്ഥാനങ്ങളും അവയുടെയൊക്കെ കേന്ദ്ര ബിന്ദുവുമാക്കി. വേദോപനിഷത്തുക്കൾ പ്രപഞ്ചമാകെ ആവരണം ചെയ്തു നിൽക്കുന്ന ബ്രഹ്മം എന്ന ഈശ്വരനെ സങ്കൽപ്പിക്കുമ്പോൾ മറ്റു മതങ്ങൾ പ്രത്യേകിച്ചും സെമറ്റിക് മതങ്ങൾ ദൈവതുല്യനായ ഒരു മനുഷ്യനെ കേന്ദ്ര ബിന്ദു ആക്കിയെന്ന വ്യത്യാസം മാത്രം. ഹൈന്ദവ ധർമ്മത്തിലും ഇപ്രകാരം 'ഈശ്വരൻ മനുഷ്യനായവതരിച്ച' ചിന്തകളും പ്രതീകങ്ങളും പ്രബലമായിട്ടുണ്ട്.

ആത്മീയതയുടെ അടിസ്ഥാനം മേൽപ്പറഞ്ഞതാണെന്നിരിക്കേ, ഒരു കാര്യം വ്യക്തമാണ്; മനുഷ്യരെ സംസ്കാര ചിത്തരാക്കാനുദ്ദേശിച്ചുള്ള താണു് ആത്മീയത. 'മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്നു ശ്രീനാരായണ ഗുരുദേവൻ പറഞ്ഞതിന്റെ അർത്ഥമിതാണ്. ഈശ്വരൻ താഴേക്കിറങ്ങി വന്ന് നമ്മളെയൊക്കെ നന്നാക്കി നല്ല മനുഷ്യരാക്കിക്കൊള്ളും എന്നാണ് കുറേപ്പേരൊക്കെ ചിന്തിച്ചിരിക്കുന്നത്. അതു മൂഢത്വമാണ്. സ്വയം ശ്രമിക്കുകയേ മാർഗ്ഗമുള്ളൂ. ആ ശ്രമത്തിലേക്കായി മനുഷ്യന് ദൈവം തന്നിരിക്കുന്ന വളരെ കാര്യക്ഷമമായ ഉപകരണമാണ് ബുദ്ധി.

ദിവസവും രാവിലെയും വൈകിട്ടും അമ്പലത്തിലും പള്ളിയിലും പോകുന്നവരാകാം നമ്മൾ. ഇതു കൊണ്ട് നമ്മൾ അല്പമെങ്കിലും നന്നായിട്ടുണ്ടോ? സ്വയം ചോദിച്ചു നോക്കൂ. നന്നായിട്ടില്ലെങ്കിൽ ആത്മീയതയുമായി നമുക്കു വലിയ ബന്ധമൊന്നും ഇല്ലെന്നർത്ഥം. അതിൽ വിഷമിക്കേണ്ടതില്ല: ഇന്നു തൊട്ട് നല്ല മനുഷ്യരാകാവുന്നതേയുള്ളൂ.

August 2

രാമായണ മാസക്കുറിപ്പ്-18

ഇന്നത്തെ കുറിപ്പ് എഴുതുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ഇവിടെ എഴുതുന്ന കുറിപ്പുകൾക്കുണ്ടാകുന്ന പ്രതികരണങ്ങളോടെല്ലാം പ്രതികരിക്കാൻ എനിക്കു കഴിയാറില്ല. സമയക്കുറവാണു കാരണം. അതുകൊണ്ട് വളരെ പ്രസക്തമെന്നു തോന്നുന്ന ചുരുക്കം ചില പ്രതികരണങ്ങളോട് സമയം കിട്ടുമ്പോൾ ഒന്നോ രണ്ടോ വാചകങ്ങളിൽ പ്രതികരിക്കുവാനേ ഞാൻ ശ്രമിക്കാറുള്ളൂ. തുടർ ചർച്ചകളിലൊന്നും പങ്കെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. ക്ഷമിക്കുക. ബാദ്ധ്യസ്ഥമായ കർമ്മം എന്ന നിലയിൽ എഴുതാൻ സമയം കണ്ടെത്തുന്നുവെന്നു മാത്രം. ഇതെല്ലാം മലയാളത്തിൽ എഴുതി എടുക്കുന്നതിന്റെ കഷ്ടത വേറെ. ഒരു നല്ല കാര്യമല്ലേ എന്ന ചിന്തയാൽ എങ്ങിനൊക്കെയോ മുന്നോട്ടു പോകുന്നുവെന്നേയുള്ളൂ.

ഇന്നലെ നമ്മൾ ചർച്ച ചെയ്തത് ആത്മീയതയിലൂന്നിയ മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഉണ്ടായി വന്ന വഴിയാണ്. ഞാനിവിടെ പറഞ്ഞ പ്രകാരത്തിലല്ലാതെ മറ്റു പല വിധങ്ങളിലും ആത്മീയതയെ വിശദീകരിക്കാൻ കഴിയും. പക്ഷേ എങ്ങിനെയൊക്കെ വിശദീകരിച്ചാലും ഏതു മാർഗ്ഗം സ്വീകരിച്ചാലും അതെല്ലാം ആത്യന്തിക ലക്ഷ്യമായ 'മനുഷ്യൻ നന്നാകുന്ന' തിലേക്ക് എത്തിച്ചേരണം. മനസ്സിന്റെ പരിഷക്കാരമാണ്, പരിവർത്തനമാണ് ലക്ഷ്യം. മനസ്സിനെ വികസിപ്പിക്കുകയും മറ്റുള്ളതിനെയും ഉൾക്കൊള്ളാനുള്ള മനോഭാവം വളർത്തുകയുമാണ് ആത്മീയതയിലൂടെ മനുഷ്യൻ നേടേണ്ടത്. മനുഷ്യന് സംതൃപ്തിയും സമാധാനവും ലഭിക്കാനതാണ് ആവശ്യം. നേർവഴിയിൽ ചിന്തിക്കുന്ന മനുഷ്യരിൽ കൂടിയേ ലോകത്തിനും മുന്നോട്ടു പോകാൻ കഴിയൂ. ബുദ്ധിയോ യുക്തിയോ ഭക്തിയോ വിഭക്തിയോ തത്വമോ ശാസ്ത്രമോ മതമോ മതനിരാസമോ - ഉദ്ദേശ ലക്ഷ്യമായ മാനവപരിവർത്തനത്തിലേക്ക് എത്തിച്ചേരാൻ ഇതിലേതു വഴി സഹായിക്കുന്നുവെങ്കിലും ആ വഴികളെല്ലാം അഭികാമ്യം തന്നെ. പക്ഷേ, ലക്ഷ്യത്തിലേക്കെത്തുന്നില്ലങ്കിലോ, ഇപ്പറഞ്ഞതെല്ലാം പൊള്ളയായ വെറും പ്രകടനങ്ങളായായി മാത്രം നിലനിൽക്കും. ഈ പ്രകടനപരതയിലൂടെയാണിന്നു നാം കടന്നു പോകുന്നത്.

ഒരിക്കൽ സംവാദത്തിനിടയിൽ രോഷാകുലനായ ഒരു ശബരിമല ഭക്തൻ എന്നോട് പറഞ്ഞു, 'ഞാൻ കഴിഞ്ഞ ഇരുപത്തെട്ടു വർഷങ്ങളായി ശബരിമല ദർശനം നടത്തുന്ന ഒരു ഗുരുസ്വാമിയാണ് ഞാൻ. എന്നോടു വേണ്ട ഈ കളിയൊന്നും. ഞാൻ വേണമെന്നു വിചാരിച്ചാൽ അയ്യപ്പനെ ഇവിടെ വരുത്തും'. അഹങ്കാരജന്യമായ അജ്ഞാനത്തെയകറ്റി ദേവതുല്യനായ മനുഷ്യനാകാൻ വേണ്ടി പലവട്ടം വൃതദീക്ഷകളെടുത്ത് മല ചവിട്ടിയ ഭക്തന്റെ മനസ്സിതാ ണെങ്കിൽ എന്താണയാൾ ഈ തീർത്ഥാടനങ്ങൾ കൊണ്ടു നേടിയത്? ഒരുദാഹരണം പറഞ്ഞെന്നേയുള്ളൂ; ഭൂരിപക്ഷം ഈശ്വരവിശ്വാസികളുടെയും സ്ഥിതി ഇതു തന്നെ. കുമ്പസാരം എന്ന മഹനീയമായ ക്രൈസ്ത വാചാരം, സമൂഹമാദ്ധ്യമങ്ങളിൽ മൂന്നാംകിട പരിഹാസ ട്രോളുകൾക്കു പാത്രമാകുന്നതും നമ്മൾ പിന്തുടരുന്ന വികലമായ ആത്മീയത ഒന്നു കൊണ്ടാണ്.

'നമുക്കു നാമേ പണിവതു നാകം, നരകവുമതുപോലെ' എന്ന കവിവാക്യം എത്ര അന്വർത്ഥം? ഈ 'നരകത്തിന്നീ ന്നെന്നെ കരകേറ്റീടണേ' എന്നു വെറുതേ പ്രാർത്ഥിച്ചാൽ മാത്രം പോരാ, സ്വയമായി പരിശ്രമിക്കുകയും വേണം.

August 3

രാമായണ മാസക്കുറിപ്പ്‌-19

മനുഷ്യനെ സംസ്കാര ചിത്തനാക്കുന്ന, വിശാല മനസ്ക്കനാക്കുന്ന (നന്നാക്കുന്ന) ഏതു ചിന്തയും പദ്ധതിയും ആത്മീയതയാണെന്നാണ് കഴിഞ്ഞ രണ്ടു കുറിപ്പുകളിലൂടെ പറയാൻ ശ്രമിച്ചത്. ഏതു മതത്തിന്റെയും ശാസ്ത്രത്തിന്റെയും തത്വചിന്തയുടെയും പേരിൽ സംസാരിച്ചാലും ഇപ്പറഞ്ഞ പരിവർത്തനം മനുഷ്യനിലുണ്ടാക്കാൻ കഴിയുന്നില്ലെങ്കിൽ ആ വഴികളൊന്നും തന്നെ ആത്മീയ വഴികളല്ലെന്നു പറയേണ്ടി വരും. ആത്മീയതയെക്കുറിച്ച് യാഥാസ്ഥിതികമായി പഠിച്ചു വച്ചിരിക്കുന്നവർക്ക് എന്റെയീ പ്രസ്താവം അത്ര സ്വീകാര്യമായിരിക്കില്ല. സ്വീകാര്യതയും അസ്വീകാര്യതയും നോക്കി സത്യം പറയാൻ കഴിയില്ലല്ലോ? കുറെ സംസ്കൃത ശ്ളോകങ്ങൾ മനഃപാഠമാക്കി ഉരുവിട്ടാലൊന്നും മനുഷ്യർ ആത്മീയ ഭാവത്തിലേക്കുയരില്ല. അങ്ങിനെ ഉയരുമായിരുന്നെങ്കിൽ ഭാരതം ഇക്കാലത്തിനുള്ളിൽ സമത്വസുന്ദരമായ മാവേലി നാടുപോലെ ഒരു സ്വർഗ്ഗരാജ്യമായിത്തീരേണ്ടതായിരുന്നു. സ്വർഗ്ഗരാജ്യമായില്ലെന്നു മാത്രമല്ല, നമ്മുടെ മാവേലി നാടിനെപ്പോലും ജാതിശാപങ്ങളുടെ, ഉച്ചനീചത്വങ്ങളുടെ 'ഭ്രാന്താലയം' എന്നാണ് സ്വാമി വിവേകാനന്ദനെക്കൊണ്ടു നമ്മൾ വിളിപ്പിച്ചത്.

ആത്മീയത എന്നു വച്ചാൽ ക്ഷേത്ര സന്ദർശനവും വഴിപാടു കഴിക്കലുമാണെന്നാണ് ബഹുഭൂരിപക്ഷം ഹിന്ദു വിശ്വാസികളും ധരിച്ചു വച്ചിരിക്കുന്നത്. മതത്തെക്കുറിച്ചോ ആത്മീയതയെക്കുറിച്ചോ എന്തെങ്കിലും അറിവു നേടുന്നതിൽ തീർത്തും വിമുഖരായി കാണപ്പെടുന്ന ഇജ്ജനങ്ങൾക്ക് ആരെങ്കിലുമൊക്കെ പറയുന്നതിന്റെ പിറകെ പോകാനല്ലാതെ മറ്റൊന്നിനും കഴിയില്ല എന്നതാണ് സ്ഥിതി. പക്ഷേ, നിങ്ങൾ ചെയ്യുന്നത് ബോധമില്ലായ്മയാണെന്ന് ആരെങ്കിലും വിവരമുള്ളയാൾ പറയാൻ ശ്രമിച്ചാൽ അവരുടെ 'ആത്മീയ ജ്ഞാനം' പിന്നെ വഴിഞ്ഞൊഴുകുകയായി. ഒന്നും തന്നെ പഠിക്കാതെ ബിരുദങ്ങളും ബിരുദാനന്തര ബിരുദങ്ങളും നേടാൻ കഴിയുന്ന മേഖലയാണ് ആത്മീയത എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇങ്ങനെയുള്ള ബിരുദധാരികളെല്ലാം കൂടി ഉഴുതുമറിച്ചിട്ടിരിക്കയാണ് നമ്മുടെ ആത്മീയ മേഖല.

ഉള്ളിലടങ്ങിയിരിക്കുന്ന തത്വത്തെ, അർത്ഥത്തെ ഗ്രഹിക്കുന്നുവെങ്കിൽ ക്ഷേത്രവും മന്ത്രവും തന്ത്രവും ശ്ളോകവും കഥകളും ഗ്രന്ഥപാ രായണവും എല്ലാം നല്ലതു തന്നെ. അറിയാൻ ശ്രമിക്കുന്നയാളുടെ മനസ്സിനെ തിരുത്താൻ, വിശാലമാക്കാൻ, നന്നാക്കാൻ ഉതകുന്ന ചിന്താപദ്ധതികളുടെ സ്രോതസ്സാണ് ഇതെല്ലാം തന്നെ. പക്ഷേ അറിയാൻ ശ്രമിക്കുന്നില്ലെങ്കിൽ അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളേയും പാലൂട്ടി വളർത്താനും ചൂഷണങ്ങൾക്കു മറയാകാനും ഇപ്പറഞ്ഞ സംവിധാനങ്ങൾക്കൊക്കെ കഴിയുകയും ചെയ്യും. സംവിധാനങ്ങളുടെ തെറ്റല്ല, ചിന്തിക്കാൻ താല്പര്യപ്പെടാത്ത നമ്മുടെ മനസ്സ് അവയെയൊക്കെ തെറ്റുകാരാക്കുകയാണ് ചെയ്യുന്നത്. ഏതു വിഷയത്തിലും അറിവാണ് പ്രധാനം, മനുഷ്യരെ ഉയർച്ചയിലേക്കു നയിക്കാൻ അതിനു മാത്രമേ കഴിയൂ.

ആത്മീയതയെന്നാൽ ആത്മാവിനെ സംബന്ധിക്കുന്ന വിഷമാണ് എന്നുള്ള ചിന്തയിലും തെറ്റില്ല. ചരാചരങ്ങളുടെയെല്ലാം ചൈതന്യമാകുന്നത് ഒരേ ആത്മാവാണെന്നാണ് ഭഗവത് ഗീത ഉദ്ഘോഷിച്ചിരിക്കുന്നത്. അതായതു് ആത്മരൂപികളായ നമെല്ലാം ഒന്നാണെന്ന്. ഉച്ചനീചത്വങ്ങളില്ലാത്ത വേദാന്ത സാരമായ സമത്വത്തെ അങ്ങിനെ പറഞ്ഞു വക്കുന്ന ഗീത, മനുഷ്യമനസ്സിന്റെ വികാസവും നന്നാകലും തന്നെയാണ് ലക്ഷ്യം വയ്ക്കുന്നത്.

ഗീതയിലെ ആത്മവിഷയത്തെക്കുറിച്ച് കൂടുതലറിയാൻ ആഗ്രഹിക്കുന്നവർക്ക് എന്റെ ബ്ലോഗിലെ ഈ ലേഖനം സഹായകരമായിരിക്കും.

August 5

രാമായണ മാസക്കുറിപ്പ് - 20

ആത്മീയതയെന്നാൽ മനുഷ്യനെ നന്നാക്കാനുള്ള ചിന്താ പദ്ധതിയാണെന്നാണ് കഴിഞ്ഞ മൂന്നു ഭാഗങ്ങളിലൂടെ പറഞ്ഞു വച്ചത്. ആത്മീയതയുടെ സാധാരണ നിർവചനമല്ല ഇതെന്നെനിക്കറിയാം. സാധാരണ നിർവചനത്തിൽ പിടിച്ചു തുങ്ങി നിന്നാൽ നാമെങ്ങും എത്തുകയില്ല എന്ന തിരിച്ചറിവു കൊണ്ടാണ് ആത്യന്തികമായി ആത്മീയത കൊണ്ടു നേടേണ്ടത് മനുഷ്യമനസ്സിന്റെ വികാസമാണെന്നും അതിലേക്ക് നയിക്കുന്ന ഏതു പദ്ധതിയെയും ആത്മീയതയെന്നു വിളിക്കാമെന്നും ഞാൻ പറയാൻ കാരണം. ഇതെന്റെ കണ്ടുപിടുത്തമൊന്നുമല്ല, സനാതന ധർമ്മത്തെ ശരിക്കും മനസ്സിലാക്കുന്ന ഏതൊരാൾക്കും കണ്ടു പിടിക്കാവുന്ന, ഏതൊരാളും കണ്ടുപിടിക്കേണ്ട, നിർവചനം തന്നെയാണിത്. ഇങ്ങിനെ ചിന്തിച്ചാലല്ലാതെ 'ലോകാ സമസ്താ സുഖിനോ ഭവന്തു' എന്ന സനാതനധർമ്മ പ്രമാണത്തിലേക്ക് നമ്മൾ എങ്ങിനെ എത്തിച്ചേരും? ഇവിടെ എഴുതുന്ന കുറിപ്പുകളെല്ലാം തന്നെ ഈ ഒരാശയത്തെ മുൻനിർത്തിക്കൊണ്ടുള്ളതാണ്. മനുഷ്യരാശിക്ക് ഗുണപ്രദമായ സനാതന ധർമ്മത്തിലൂന്നിയുള്ള ഹൈന്ദവ ദർശനങ്ങളുടെ മൂല്യത്തെ എഴുത്തുകാട്ടുക എന്നതല്ലാതെ, നാമൊക്കെ അറിഞ്ഞോ അറിയാതെയോ പിൻതുടർന്നു പോരുന്ന ഈശ്വര ചിന്താശീലങ്ങളെ വന്ദിക്കുകയോ നിന്ദിക്കുകയോ അല്ല ഈ എഴുത്തുകളുടെ ലക്ഷ്യമെന്നും പറഞ്ഞു കൊള്ളട്ടെ. സാധാരണയിൽ നിന്നും വ്യത്യസ്തമായ ചിന്തകൾ പങ്കുവക്കുമ്പോൾ അതിനെ ഉൾക്കൊള്ളാൻ പലർക്കും ബുദ്ധിമുട്ടാകും എന്നറിയുന്നതിനാലാണ് ഇത്രയും പറഞ്ഞത്. അതു സ്വാഭാവികമാണ്. ശരിക്കും ചിന്തിച്ചാൽ, തത്വത്തിലേക്കും ആത്യന്തിക സത്യത്തിലേക്കും ചിന്താശേഷിയുള്ള ഏതൊരാൾക്കും എത്തിച്ചേരാവുന്നതേയുള്ളൂ.

നമ്മൾ പലരും ധരിച്ചു വച്ചിരിക്കുന്നതു പോലെ ഭക്തിയും വിശ്വാസവുമൊന്നും സനാതന ധർമ്മ വിഷയങ്ങളല്ല. ഇതൊക്കെ ഭക്തി പ്രസ്ഥാനത്തിന്റെ ഭാഗമായി പിൽക്കാലത്തുള്ള മനുഷ്യർ ആവിഷ്ക്കരിച്ചിട്ടുള്ളതാണ്. ഇതു സംഭവിച്ചിട്ടു ചില നൂറ്റാണ്ടുകളേ ആയിട്ടുള്ളൂ. സനാതന ധർമ്മ ആശയങ്ങൾ ഇവയിലൊക്കെ നിബന്ധിക്കപ്പെട്ടിട്ടുണ്ട് എന്നതു ശരി തന്നെയാണ്. പക്ഷേ, ഇവിടെ നമ്മൾ ചർച്ച ചെയ്യുന്നത് ആർഷഭാരത ഋഷിവര്യന്മാർ കണ്ടെത്തിയിട്ടുള്ള അനാദിയായ സനാതന ധർമ്മത്തെക്കുറിച്ചാണ്, പ്രപഞ്ചത്തിന്റെ നിലനിൽപ്പിന്നാധാരമായ തത്വത്തെക്കുറിച്ചാണ്,
ലോകത്തെവിടെയും ഒരു പോലെ പ്രായോഗികമായ സത്യത്തെക്കുറിച്ചാണ്. നമ്മുടെ സൗകര്യങ്ങൾക്കും താൽപ്പര്യങ്ങൾക്കും അനുസൃതമായി, ഇത്തിരി വട്ടമായി നാം കാണുകയും അറിയുകയും ചിന്തിക്കുകയും ചെയുന്ന ആത്മീയതയുടെ അതിർ വരമ്പുകൾക്കുള്ളിൽ ഒതുക്കി നിർത്താവുന്നതല്ല ഋഷി പ്രോക്തമായ ആർഷഭാരത ആത്മീയത. അതിനു മനുഷ്യമനസ്സിന്റ വികാസത്തിലൂന്നി നിൽക്കുന്ന വലിപ്പമാർന്ന നിർവചനം തന്നെ വേണ്ടി വരുമെന്നുള്ളതിൽ സംശയം വേണ്ട. എന്തുകൊണ്ടാണ് ഇത്ര അസന്നിഗ്ദ്ധമായി പറയുന്നതെന്നു വിശദീകരിക്കാം.

ആർഷഭാരത ഋഷിവര്യന്മാർ ബൗദ്ധികാന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ള പ്രപഞ്ച രഹസ്യങ്ങളുടെ ഫലങ്ങളാണ് ഉപനിഷത്തുക്കളിലും ഉപനിഷൽ സാരമായ ഭഗവത് ഗീതയിലും പ്രതിപാദിച്ചിരിക്കുന്നത്. ഏകദൈവ വിശ്വാസമല്ല, ഏകത്വ ദർശനമാണ് ഉപനിഷത്തുക്കൾ മുന്നോട്ടു വയ്ക്കുന്നത്. പ്രപഞ്ചത്തിലെ എല്ലാത്തിനും തമ്മിൽ പരസ്പര ബന്ധമുണ്ടെന്നും ഈ പാരസ്പര്യ ബന്ധത്തിലാണ് പ്രപഞ്ചത്തിന്റെ നിലനിൽപ്പെന്നുമാണ് ഭാരതീയ ഋഷിവര്യന്മാർ കണ്ടുപിടിച്ച പ്രപഞ്ച രഹസ്യം. ഇവിടെ ഒന്നും തന്നെ ഈ ബന്ധത്തിൽ നിന്നും വിട്ടു നിൽക്കുന്നില്ല. പരസ്പര ബന്ധമില്ലാതെ എന്തെങ്കിലും നിൽക്കുന്നതായി ആർക്കെങ്കിലും തോന്നുന്നുണ്ടെങ്കിൽ അത് അജ്ഞാനം കൊണ്ടാണ്. ഈ അജ്ഞാനത്തെയകറ്റാനാണ് ഋഷികൾ ഉപദേശിച്ചത്. ഈ അജ്ഞാനം നിലനിൽക്കുന്നിടത്തോളം കാലം ഭേദ വ്യത്യാസങ്ങൾ തോന്നും. ജ്ഞാനം ഏറുന്നതിനനുസരിച്ച് ഭേദ വ്യത്യാസങ്ങൾ നേർത്തു തുടങ്ങും, പാരസ്പര്യ ബന്ധം അനുഭവവേദ്യമായിത്തുടങ്ങും. ഈ സമത്വബോധത്തിലേക്ക് എത്തിപ്പെടുന്നതോടെ മനസ്സു ശാന്തിയുമടയും.

ഇന്നു നമ്മൾ എന്തു ചെയ്യുന്നതും ഒരു ഫലത്തെ ലക്ഷ്യമാക്കിക്കൊണ്ടാണ്. ഇവിടെ പറയുന്നതൊക്കെ പഠിച്ച് ഏകത്വദർശനത്തിൽ എത്തിച്ചേർന്നിട്ടെന്തു ഗുണമാണ് നമുക്കുണ്ടാകുക? നോക്കാം, നാളെയാകട്ടെ.

August 5

രാമായണമാസക്കുറിപ്പ് - 21

ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന ഏകത്വ ദർശന (എല്ലാം തമ്മിൽ ബന്ധപ്പെട്ടു നിൽക്കുന്ന) ത്തിന്റെ പ്രസക്തി എന്താണെന്നു പറയാം എന്നു പറഞ്ഞാണ് ഇന്നലത്തെ കുറിപ്പ് അവസാനിപ്പിച്ചത്. അവിടേക്കു വരുന്നതിനു മുൻപ് ഒരു കാര്യം പറഞ്ഞോട്ടെ. ആത്മീയതയുടെ അനുഭൂതി തലം ഇങ്ങിനെയുള്ള എഴുത്തുകളിലൂടെ പകർന്നു നൽകാവതല്ലെന്നും അത് അനുഭവിക്കേണ്ടതാണെന്നും ബഹുമാന്യനായ ഒരു സുഹൃത്ത് എന്നെ ഓർമ്മിപ്പിച്ചിരുന്നു. ഇതു തികച്ചും ശരിയാണ്. പക്ഷേ, അറിവാണ് ഒരുവനെ അനുഭൂതി തലത്തിലേക്ക് ഉയർത്തുന്നത്. അതിനാൽ ആദ്യം നേടേണ്ടത് അറിവാണ്. അറിവിൽ അമർന്നിരിക്കുമ്പോൾ അനുഭൂതിയുണ്ടാകാം. അറിവു പകർന്നു നൽകാം. പക്ഷെ അനുഭൂതി വ്യക്തി അനുഭവിച്ചറിയേണ്ടതാണ്, പകർന്നു നൽകാനാവില്ല. ആത്മീയമായ അറിവ് പകർന്നു നൽകി മനുഷ്യരെ ചിന്തിപ്പിക്കാനായി പ്രേരിപ്പിക്കാൻ മാത്രമേ ഏത് എഴുത്തിനും പ്രഭാഷണത്തിനും കഴിയൂ. അത്രയും നടന്നു കിട്ടിയാൽ തന്നെ വലിയ കാര്യമായി.

ഉപനിഷത് ഋഷികൾ കണ്ട ഏകത്വവും അവരനുഭവിച്ച അനുഭൂതിയുമൊക്കെയാണ് ഉപനിഷത് വിഷയമെങ്കിലും അതൊന്നും ഇവിടെ പകർത്താൻ കഴിയുന്നതല്ല. എന്തെങ്കിലും അവിടെയും ഇവിടെയും തൊട്ടു പറയാം. അത്രമാത്രം.

അടുത്തയിടെ ഒരു വീഡിയോ പ്രഭാഷണം കേട്ടു. അതിന്റെ ചുരുക്കം ഇങ്ങിനെയാണ്. ആ രോഗ്യമുള്ള ഒരു മനുഷ്യൻ ഒരു ദിവസം ശരാശരി മൂന്നു സിലിണ്ടറിൽ നിറയുന്ന ഓക്സിജനു തത്തുല്യമായ ഓക്സിജൻ അന്തരീക്ഷത്തിൽ നിന്നും ഉപയോഗിക്കുന്നുണ്ടത്രേ. ഇതിന്റെ ഏകദേശം വില 2100 രൂപയെന്നു കണക്കാക്കിയാൽ ഒരു വർഷം അയാൾ 7,66,500 രൂപയുടെ ഓക്സിജൻ വായുവിൽ നിന്നും ഉപയോഗിക്കുന്നു. അറുപതറുപത്തഞ്ചു വയസ്സുവരെയുള്ള ജീവിതത്തിൽ അയാൾ ഏകദേശം അഞ്ചുകോടി രൂപക്കുള്ള ഓക്സിജൻ ഉപയോഗിക്കുന്നത്രേ. കണക്കുകളിലെ കൃത്യത നോക്കണ്ടാ, ഇതിലടങ്ങിയിരിക്കുന്ന സന്ദേശത്തെ മനസ്സിലാക്കാം. രണ്ടു മിനിറ്റു നേരം ഓക്സിജൻ ശ്വസിക്കാൻ കഴിഞ്ഞില്ലെങ്കിൽ മരണത്തിനു കീഴടങ്ങേണ്ട മനു ഷ്യനെ, അഞ്ചു കോടി രൂപക്കുളള ഓക്സിജൻ നൽകി അറുപതുകാരനായി ജീവിക്കാൻ ഭൂമി സഹായിക്കുന്നു! ഒരു പൈസ പോലും മുടക്കാതെയാണ് ഈ സഹായം കിട്ടിയതെന്നോർക്കണം. ഈ ഓക്സിജൻ വന്ന വഴിയോ? മരങ്ങളും ചെടികളും പുല്ലും നടത്തിയ ഫോട്ടോ സിന്തസിസ് എന്ന പ്രക്രിയയിലൂടെ. അതായത് വഴിയിൽ കാണുന്ന പുല്ലും എന്റെ ജീവൻ നിലനിർത്താൻ നിരന്തരമായി കർമ്മം ചെയ്തു കൊണ്ടിരിക്കുകയാണത്രേ! പുല്ലിനോടിപ്പോൾ ബഹുമാനം തോന്നുന്നുണ്ടോ? ഉണ്ടെങ്കിൽ നിങ്ങൾ ആത്മീയവാദിയാണ്. മരങ്ങളേയും പുല്ലിനേയും പൂച്ചിയെയും ബഹുമാനിക്കണം എന്ന് ഹൈന്ദവ ദർശനത്തിൽ പറഞ്ഞിരിക്കുന്നതിന്റെ അർത്ഥം മനസ്സിലാകുന്നുണ്ടോ? പുല്ലും ചെടിയും മരങ്ങളും ഒന്നും തന്നെ പ്രതീക്ഷിക്കാതെയാണ് നമുക്കു വേണ്ടി ഈ കർമ്മം ചെയ്തു കൊണ്ടിരിക്കുന്നത്. ഇതിനെയാണ് യജ്ഞ ഭാവത്തിലുള്ള കർമ്മം എന്നു ഭഗവത് ഗീത വിശേഷിപ്പിക്കുന്നത്. ബുദ്ധിയും കഴിവുമൊന്നുമില്ലാത്ത മരങ്ങളും ചെടികളും ഇങ്ങനെ കർമ്മം ചെയ്തു നമ്മുടെ ജീവൻ നിലനിർത്താൻ സഹായിക്കൂമ്പോൾ 'ബുദ്ധിമാന്മാ'രായ നമ്മൾ ചെയ്യുന്നതെന്താണ്? അവയെ എല്ലാം കൊന്നു തള്ളി അവയ്ക്കു മേൽ നമ്മുടെ സ്വാർത്ഥ മോഹങ്ങളുടെ കോട്ടകൾ പണിതുയർത്തുന്നു. അല്ലേ? എന്നിട്ടെന്തായി? ഉരുൾപൊട്ടലും മണ്ണിടിച്ചിലും കടൽക്ഷോഭവും വെള്ളപ്പൊക്കവും പേമാരിയും എല്ലാം കൂടി ആർത്തലച്ചു വന്ന് ആ കോട്ടകളെയെല്ലാം പിഴുതെറിയുന്നു! ദുരന്തം നമ്മൾ ചോദിച്ചു വാങ്ങുകയാണ്.

അമ്പലത്തിലും പള്ളിയിലും പോയി പ്രാർത്ഥിക്കുന്നതല്ല ആത്മീയതയെന്നു പറഞ്ഞതിന്റെ അർത്ഥം ഇതാണ്. ഇവിടെക്കാണുന്നതിനെല്ലാം ഒരു പരസ്പര ബന്ധമുണ്ടോ?ചിന്തിക്കൂ.

August 6

രാമായണ മാസക്കുറിപ്പ് - 22

മനുഷ്യനു മാത്രമായി ഒരു പ്രകൃതി നിയമമില്ലെന്നും അതിനാൽ മനുഷ്യനു വേണ്ടി മാത്രമായി പ്രത്യേക ആത്മീയ സിദ്ധാന്തങ്ങളുടെ ആവശ്യകതയില്ലെന്നും ഒരു സുഹൃത്ത് പ്രതികരണങ്ങളിൽ എഴുതിക്കണ്ടിരുന്നു. ഇതു ഭാഗികമായി ശരിയാണ്. മനുഷ്യനും പ്രകൃതിയിലെ ഒരു ജന്തു തന്നെയാണെങ്കിലും പരിണാമ പ്രക്രിയയിലൂടെ ലഭിച്ചിട്ടുള്ള ബുദ്ധി എന്ന സവിശേഷ സിദ്ധി കാരണം മനുഷ്യൻ മറ്റിതര ജന്തുക്കളിൽ നിന്നും വ്യത്യസ്തനാകുന്നു. ഈ ബുദ്ധി, ലോകോപകരമായ വലിയ വലിയ സൃഷ്ടികർമ്മങ്ങൾക്കും അതു പോലെ തന്നെ ലോകോപദ്രവപരമായ വിനാശ കർമ്മങ്ങൾക്കും അവനെ പ്രാപ്തനാക്കുന്നു. വാഹനമുണ്ടാക്കി ഗോളങ്ങളിലേക്ക് യാത്ര ചെയ്ത് പ്രപഞ്ച രഹസ്യത്തെ കണ്ടു പിടിക്കാൻ ഉത്സാഹിക്കുന്ന മനുഷ്യൻ, അണുബോംബ് കണ്ടു പിടിച്ച് ഒരു നിമിഷം കൊണ്ട് ലോകത്തെ ചുട്ടു ചാമ്പലാക്കാം എന്നും കണ്ടു പിടിച്ചിരിക്കുന്നു. കാടുകൾ വെട്ടിത്തെളിച്ചും പുഴകളെ കരയിപ്പിച്ചും ഭൂമിയെ നശിപ്പിക്കാനും കാടുകൾ വളർത്തിയും പുഴകളെ സൃഷ്ടിച്ചും ഭൂമിയെ സംരക്ഷിക്കാനും മനുഷ്യനു കഴിയും. മറ്റൊരു ജന്തുവിനും സാധിക്കുന്ന കാര്യമല്ല ഇതൊക്കെ. അതായത് ലോകത്തിന്റെ നിലനിൽപ്പെന്നത് മനുഷ്യന്റെ കൈകളിലാണെന്നർത്ഥം. കുറച്ചു കാലമേ നില നിൽക്കയുള്ളുവെങ്കിലും തനിക്കു വേണ്ടി പ്രകൃതിയെ മാറ്റിമറിക്കാൻ കഴിവുള്ളവനാണ് മനുഷ്യൻ. അങ്ങിനെ സൃഷ്ടിയ്ക്കും വിനാശത്തിനും ഒരു പോലെ സാദ്ധ്യതയുള്ള മനുഷ്യശേഷിയെ എങ്ങിനെ സൃഷ്ട്യുന്മുഖമാക്കി നിർത്താം? മനുഷ്യനെ വിവേകപൂർവ്വം ചിന്തിപ്പിക്കാൻ പ്രേരിപ്പിക്കുകയാണിതിനു വേണ്ടത്. അതായത് മനുഷ്യനിലെ ആത്മീയഭാവത്തെ ഉണർത്തി ശക്തമാക്കുകയാണ് വേണ്ടത്. വേദാന്ത സാരമായ ശ്രീമദ് ഭഗവത് ഗീത പറഞ്ഞു വക്കുന്ന, സനാതന ധർമ്മത്തിലതിഷ്ഠിതമായ, പ്രായോഗിക ആത്മീയതയെ ഞാനെന്റെ എളിയ ചിന്തയിൽ ഇങ്ങിനെ അവതരിപ്പിച്ചു എന്നു മാത്രം.

മനുഷ്യർ നന്നാകാനുള്ള ഒരു എളുപ്പ വഴി സദ്ഗുരു ജഗ്ഗി വാസുദേവ് പറഞ്ഞു തരുന്നുണ്ട്. രാത്രി കിടന്നു കഴിഞ്ഞ് രാവിലെ നിങ്ങൾ ഉണർന്നെണീക്കുന്നുവെങ്കിൽ സന്തോഷിക്കുക. കാരണം ലോകമാകെ ഇന്നലെ രാത്രി കിടന്നുറങ്ങിയവരിൽ പത്തുലക്ഷം പേർ രാവിലെ ഉണർന്നില്ല. നിങ്ങളാ പത്തു ലക്ഷത്തിൽ പെട്ടില്ല എന്നതൊരു വലിയ കാര്യമല്ലേ? ഇനി നിങ്ങളുടെ അടുത്ത ബന്ധുമിത്രാദികൾക്ക് ഫോൺ ചെയ്തു ചോദിക്കുക. അവരുമെല്ലാം രാവിലെ ഉണർന്നിരിക്കുന്നു. നിങ്ങളുടെ സന്തോഷം പതിന്മടങ്ങാകണം. ഇങ്ങനെ ഓരോ മണിക്കൂറും ഓരോ ദിവസവും ചെയ്യുക. നിങ്ങൾ എപ്പോഴും സന്തോഷവാനായിരിക്കും. സന്തോഷവാനായ നിങ്ങൾ ആ സത്യത്തെ തിരിച്ചറിയും; ജീവിതം ക്ഷണികമാണ്, എപ്പോൾ വേണമെങ്കിലും ഈ ജീവൻ നിലക്കാവുന്നതാണു്. ഈ ബോധം ഉള്ളിലുണ്ടായിക്കഴിഞ്ഞാൽ നല്ലതും ആവശ്യമായതും മാത്രമേ ചെയ്യാൻ തോന്നൂ. അനാവശ്യം ചെയ്യാൻ സമയമെവിടെ? ദോഷങ്ങൾ മറ്റുള്ളവർക്കേ സംഭവിക്കുകയുള്ളൂ, എന്നെ അതൊന്നും ബാധിക്കില്ല എന്ന മൂഢ ചിന്തയിലഭിരമിച്ചു കഴിയുന്നവരാണു് സമൂഹത്തെ തെറ്റിന്റെയും തിന്മയുടെയും മാർഗ്ഗത്തിൽ നയിക്കുന്നത്. ആത്മീയഭാവം ഉണർന്നാൽ ഈ മൂഢത്വം തിരിച്ചറിയപ്പെടും; അതോടെ മനുഷ്യൻ നന്നാകാൻ തുടങ്ങും.

August 7

രാമായണ മാസക്കുറിപ്പ് - 23

മനുഷ്യമനസ്സിനെ വിശാലമാക്കി നന്മയിലേക്കു മുഖം തിരിച്ചു നിർത്താൻ പ്രേരിപ്പിക്കുകയും നയിക്കുകയും ചെയ്യുന്നതാകണം ആത്മീയത എന്താണു് കഴിഞ്ഞ ചില കുറിപ്പുകളിലൂടെ പറയാൻ ശ്രമിച്ചത്. ആത്മീയതയുടെ ഈ നിർവചനത്തോട് ആദ്യം പലർക്കും യോജിക്കാൻ കഴിഞ്ഞില്ലെങ്കിലും പോകെപ്പോ കെ യോജിപ്പുണ്ടായതായിട്ടാണ് പ്രതികരണങ്ങളിൽ നിന്നും ഞാൻ മനസ്സിലാക്കുന്നത്. ഏതൊരു വിഷയത്തിന്റെയും ആന്തരികാർത്ഥത്തിലേക്ക് എത്തിച്ചേരാൻ സമയമെടുക്കും. നാം വിശ്വസിച്ചിരിക്കുന്നതിൽ നിന്നും വ്യത്യസ്തമായൊരു അർത്ഥമോ ചിന്തയോ ആരെങ്കിലും പങ്കുവച്ചാൽ ആദ്യമാദ്യം അതു സമ്മതിച്ചു കൊടുക്കാൻ മനസ്സനുവദിക്കില്ല. ആ സമ്മതിക്കാത്ത മനസ്സിനു മുകളിൽ നിരന്തര ശ്രമം കൊണ്ട് ബുദ്ധിയെ പ്രവർത്തിപ്പിക്കുന്നതിലൂടെ കാര്യങ്ങളെ കുറെക്കൂടി നല്ല വെളിച്ചത്തിൽ കാണാനുള്ള കഴിവുണ്ടാകും. ബഹുഭൂരിപക്ഷം മനുഷ്യരും ആത്മീയതയെന്നാൽ ദൈവവിശ്വാസവുമായി ബന്ധപ്പെടുന്ന വിഷയം എന്നേ മനസ്സിലാക്കുന്നുള്ളൂ. പക്ഷേ ഈ ദൈവവിശ്വാസം കൊണ്ട് മനുഷ്യനും സമൂഹത്തിനും എന്തു ഗുണമാണുണ്ടാകേണ്ടത് എന്ന ചോദ്യത്തിലേക്ക് കൂടുതൽ പേരും എത്തിച്ചേരുന്നില്ല. ഒരു വിഷയത്തിന്റെ ആന്തരികാർത്ഥത്തെ മനസ്സിലാക്കാതെ അതിന്റെ ഉപരിതല ഭംഗികളിൽ മാത്രം ഭ്രമിച്ചു നിന്നാൽ അതുകൊണ്ടുണ്ടാകാമായിരുന്ന ശരിയായ ഫലം ലഭിക്കില്ലല്ലോ? പുസ്തകത്തിന്റെ പുറംചട്ടയിലെ ചിത്രവും നോക്കി നിന്നാൽ അതിനുള്ളിൽ പറഞ്ഞു വച്ചിരിക്കുന്ന കാര്യങ്ങളുടെ അറിവു ലഭിക്കുമോ? ആ അറിവു നേടാൻ കഴിയുന്നില്ലെങ്കിൽ പുസ്തകത്തിനു പിന്നെന്തു പ്രസക്തി? ആത്മീയ വിഷയത്തിന്റെ കാര്യവുമിതു തന്നെയാണ്. ആരൊക്കെയോ പറഞ്ഞു വച്ചിട്ടുള്ള എന്തിന്റെയൊക്കെയോ ഉപരിതല ഭംഗികളിൽ ഭ്രമിച്ചു നിൽക്കുകയാണ് ഭക്തരിലേറെപ്പേരും ഇന്ന്. ചിന്താശക്തിയുള്ളവർ പോലും ചിന്തിക്കാൻ തയ്യാറാകുന്നില്ല. യാതൊരു ചിന്തയും കൂടാതെ തന്നെ തനിക്കു വേണ്ടതെല്ലാം നേടിത്തരാൻ വെളിയിൽ ആളുള്ളപ്പോൾ ഞാനെന്തിനു ഈ അറിവു നേടാനായി ബുദ്ധിമുട്ടനുഭവിക്കണം എന്നാണ് പലരുടെയും ചിന്ത. ഈ ചിന്തയാൽ, ആത്മീയത കൊണ്ടു മനുഷ്യനുണ്ടാകേണ്ടിയിരുന്ന വിശാലമനസ്കതയും അതിലൂടെ സമൂഹത്തിനുണ്ടാകേണ്ടിയിരുന്ന അനവധി ഗുണങ്ങളും നഷ്ടമാകുകയാണ്.

നിരക്ഷരകുക്ഷികളാണ് അണികളെങ്കിൽ നേതാവു പറയുന്നത് അവർ അക്ഷരം പ്രതി അനുസരിച്ച് ദാസൻമാരായി നിന്നു കൊടുക്കും. അണികൾക്ക് വിദ്യാഭ്യാസവും അറിവും ഉണ്ടായാൽ നേതാവിന്റെ സ്വേച്ഛാധിപത്യം നടക്കില്ല, അണികൾ അതിനെ ചോദ്യം ചെയ്യും. ലോകത്തെവിടെയും ബാധകമായ ഒരു നിയമമാണിപ്പറഞ്ഞത്. നമ്മുടെ ആത്മീയ മേഖലകളിലും സംഭവിക്കുന്നതിതാണ്. ആത്മീയമായ അറിവില്ലാത്ത മനുഷ്യരെ ഈശ്വരന്റെ പേരിൽ ഭയപ്പെടുത്തി നിർത്തി, തങ്ങളാഗ്രഹിക്കുന്നതെല്ലാം നേടിയെടുക്കാം എന്നു മിടുക്കന്മാർ പണ്ടേ കണ്ടുപിടിച്ചിരുന്നു. ആത്മീയ വിദ്യാഭ്യാസം നേടുന്നതിൽ നിന്നും ചിന്തയിലൂടെ വളരുന്നതിൽ നിന്നും അധികാര സംവിധാനങ്ങളുപയോഗിച്ച് സാമാന്യജനങ്ങളെ ശക്തരായ ഇക്കൂട്ടർ തടഞ്ഞു. ഇതൊക്കെ ശക്തമായി നടന്നിരുന്നത് കഴിഞ്ഞ കാലങ്ങളിലാണെങ്കിലും ഇന്നും മനുഷ്യർക്കിതിൽ നിന്നും രക്ഷപെടാൻ കഴിയുന്നില്ല എന്നതാണ് ലോകത്തിന്റെ ഇന്നത്തെ പോക്കു കാണിക്കുന്നത്. അറിവു നേടുക എന്നതു മാത്രമേയുള്ളൂ ഈ പാതാള പതനത്തിൽ നിന്നും രക്ഷപെടാനുള്ള ഒരേയൊരു മാർഗ്ഗം.

August 9

രാമായണ മാസക്കുറിപ്പ് -24

നോബൽ സമ്മാനജേതാവായ പ്രൊഫ. അമർത്യാസെൻ, അദ്ദേഹത്തിന്റെ 'The argumentative Indian (Penguin books)' എന്ന പ്രസിദ്ധമായ പുസ്‌തത്തിന്റെ പണിപ്പുരയിലിരിക്കുന്ന 2004 കാലത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയുടെ സെനറ്റ് ഹാളിൽ പ്രഭാഷണം നടത്താനെത്തി. Argumentative culture of India എന്നതായിരുന്നു പ്രസംഗ വിഷയം. സെനറ്റ്ഹാളിൽ തിങ്ങിനിറഞ്ഞിരുന്ന കേൾവിക്കാർക്കിടയിൽ ഞാനുമുണ്ടായിരുന്നു. അന്നദ്ദേഹം അവിടെ പറഞ്ഞത് മുഴുവൻ ഭാരതത്തെയും അതിന്റെ സംസ്കാരമഹിമകളെയും കുറിച്ചായിരുന്നു. മിടുക്കനായ ഒരു അഭിഭാഷകൻ അടുക്കോടും ചിട്ടയോടും കൂടി കോടതിയിൽ വാദമുഖങ്ങൾ നിരത്തി തന്റെ കേസ് വാദിച്ചു ജയിക്കുന്നതു പോലെ ചരിത്രത്തെ ഉള്ളം കയ്യിലിട്ട് അമ്മാനമാടി ഭാരതത്തിന്റെ ഗതകാല പ്രൗഢികൾ ഒന്നൊന്നായി അദ്ദേഹം വർണ്ണിച്ചു കേൾക്കുന്നതു തന്നെ അഭിമാനകരമായിരുന്നു. ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്ന ബ്രിട്ടീഷുകാർ, നിറഞ്ഞിരുന്ന ആ സദസ്സിൽ വച്ച് ഒരു ബ്രിട്ടീഷുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ സംസ്കാരമഹിമകൾ നിറഞ്ഞ ഒരു രാഷ്ട്രമായിരുന്നു പഴയ ഭാരതം എന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു, തെളിവുകൾ നിരത്തി സ്ഥാപിച്ചു. "ഭാരതത്തിൽ ജനാധിപത്യചിന്തകൾ ഉടലെടുത്തത്‌ ക്രിസ്തുമതദർശനങ്ങളോടെ ബ്രിട്ടീഷുകാർ ഭാരതം ഭരിക്കാൻ വന്നതു മുതലാണെന്നാണ് ഇവിടെ പലരും വിശ്വസിച്ചിരിക്കുന്നത്. പക്ഷേ ഭാരതത്തിന്റെ തെക്കേ മൂലയിൽ നിങ്ങളാരും അറിയാത്ത ഒരു ചെറിയ സംസ്ഥാനമുണ്ട്, കേരളം. പതിനഞ്ചാം നൂറ്റാണ്ടിലാണ് ക്രിസ്തുമതം ഇംഗ്ളണ്ടിൽ എത്തിയതെങ്കിൽ അതിനും ഒരായിരം വർഷങ്ങൾക്കു മുൻപെങ്കിലും അതു കേരളത്തിൽ എത്തിയിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ ഉണ്ട് (ക്രിസ്തു ശിഷ്യൻ കേരളത്തിലെത്തിയതാകാം അദ്ദേഹം സൂചിപ്പിച്ചത്). അങ്ങിനെ നോക്കുകയാണെങ്കിൽ ഞങ്ങളാണോ ബ്രിട്ടീഷുകാരാണോ ജനാധിപത്യം ആദ്യം കണ്ടത്? ". അദ്ദേഹം അവിടെ കൂടിയിരുന്നവരോട് ചോദിച്ചു. വേദകാലം തൊട്ട് ഭാരതീയർ നടത്തിയിട്ടുള്ള ബൗദ്ധികാന്വേഷണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം പ്രഭാഷണത്തിലുടനീളം പറഞ്ഞത്. ബുദ്ധിപരമായുള്ള വിശകലനത്തിലൂടെയല്ലാതെ ഒരു സിദ്ധാന്തത്തെയും ഭാരതം അംഗീകരിച്ചിട്ടില്ല. ഭാരതത്തിന്റെ ജനാധിപത്യ മൂല്യങ്ങൾ ഉടലെടുത്തത് ഈ ബുദ്ധിപരമായ അന്വേഷണ ങ്ങളിലൂടെയാണ്, ക്രിസ്തുമത പ്രവേശനം കൊണ്ടൊന്നുമല്ല. വേദങ്ങളും ഉപനിഷത്തുക്കളും ഭഗവത് ഗീതയും ഈ ബൗദ്ധി കാന്വേഷണങ്ങളുടെ മഹനീയ ദൃഷ്ട്ടാന്തങ്ങളാണ് - അദ്ദേഹം പറഞ്ഞു.

പ്രൊഫ.സെന്നിനെപ്പോലൊരു വിശ്വവിഖ്യാത പണ്ഡിതൻ പറഞ്ഞതിനെ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ? ആർഷഭാരത സംസ്ക്കാരം വിവേക ബുദ്ധിയുടേതായിരുന്നു. ഈ വിവേക ബുദ്ധിയുടെ കൊടുമുടികളാണ് ഉപനിഷത്തുക്കളും അവയുടെ സാരസർവ്വസ്വമായ ഭഗവത് ഗീതയും. സങ്കുചിത ജാതിമത വിഷയങ്ങളൊന്നുമല്ല ഇവയുടെ പ്രമേയം. മനുഷ്യാ, പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിക്കുന്ന നിന്റെ ജീവിതരഥത്തെ ശരിയായ ദിശയിലേക്ക് നയിക്കാനായി അവയുടെ കടിഞ്ഞാൺ, ബുദ്ധി (കൃഷ്ണൻ) യിൽ സമർപ്പിക്കൂ എന്നാണ് ഉപനിഷത്ത് നമ്മോടു പറഞ്ഞത്. ഗീതോപദേശത്തിനു ശേഷം അർജ്ജുനനോട് കൃഷണൻ പറഞ്ഞത് "ഞാനിപ്പറഞ്ഞ കാര്യങ്ങൾ വിമർശനബുദ്ധിയോട് ചിന്തിച്ച് അതിൽ ശരിയെന്നു തോന്നുന്നത് നീ സ്വീകരിക്കുക" എന്നാണ്. വിശ്വാസങ്ങൾ അടിച്ചേൽപ്പിക്കുകയല്ല; മറിച്ച് മനുഷ്യനു മാത്രം സ്വായത്തമായിട്ടുള്ള വിവേക ബുദ്ധിയിലൂടെ ചിന്തിച്ചു ജീവിക്കാനാണ് ഭാരതം ലോകത്തോടു പറഞ്ഞത്. ഇത്രമാത്രം യുക്തിപരവും ശാസ്ത്രീയവും ലോകക്ഷേമകരവുമായ ഒരു ആത്മീയ ദർശനം മുന്നോട്ടു വക്കാൻ ലോകത്തിലെ മറ്റൊരു രാജ്യത്തിനും സംസ്കാരത്തിനും കഴിഞ്ഞിട്ടില്ല എന്നതാണ് വസ്തുത. പക്ഷേ, ഈ ദർശന ശാസ്ത്രത്തിന്റെ പിൻപറ്റുകാരായ ഹിന്ദുക്കളടക്കമുള്ള ഭാരതീയരിൽ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന ഗുണമാണ് വിവേക ബുദ്ധി. അവിവേക ബുദ്ധിയെ ആഭരണമാക്കിയ നമ്മൾ വിശ്വാസങ്ങളുടെയും അന്ധവിശ്വാസങ്ങളുടെയും തടവറയിലായിക്കഴിഞ്ഞിട്ട് കാലമേറെയായി. വളരെക്കാലത്തെ വിദേശാധിപത്യവും സംസ്കാര ധ്വംസനങ്ങളും അടിച്ചേൽപ്പിച്ച അടിമത്തം കാരണം, അന്ധകാരത്തെയാണ് വെളിച്ചമായി നാം ആഘോഷിക്കുന്നതെന്ന തിരിച്ചറിവു പോലും നമുക്കു നഷ്ടമായിരിക്കുന്നു. നമ്മുടെ സംസ്ക്കാരത്തെയും പാരമ്പര്യത്തെയും അറിയാൻ ശ്രമിക്കുകയാണ് ഈ അന്ധകാരത്തിൽ നിന്നും രക്ഷപെടാനുള്ള മാർഗ്ഗം. പക്ഷെ അതിന്, 'വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന ചിന്തയിൽ നിന്നും ആദ്യം രക്ഷപെടണം.

August 9

രാമായണ മാസക്കുറിപ്പ് - 25

ഇന്നലത്തെ കുറിപ്പ് വളരെപ്പേർക്ക് ഇഷ്ടപ്പെട്ടെന്നു പ്രതികരണങ്ങളിൽ നിന്നും മനസ്സിലായി. വിവേക ബുദ്ധിയിലൂടെയുള്ള ചിന്തയും അന്വേഷണവുമായിരുന്നു ആർഷഭാരത ആത്മീയതയുടെ അകക്കാമ്പ് എന്നതായിരുന്നല്ലോ ഇന്നലത്തെ കുറിപ്പിന്റെ വിഷയം? വിശ്വാസവും അന്ധവിശ്വാസവുമൊന്നും ഭാരതീയ ആത്മീയതയുടെ ഭാഗമല്ലെന്നും കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. അപ്പറഞ്ഞതെല്ലാവർക്കും ഇഷ്ടമായ സ്ഥിതിക്ക്, ഇന്നു നമ്മൾ ആഘോഷിച്ചു കൊണ്ടിരിക്കുന്ന ആത്മീയത, വിവേക ബുദ്ധിയിലൂന്നിയുള്ള ഭാരതീയ സംസ്കാരത്തിനു കടകവിരുദ്ധമാന്നെന്നു ഞാൻ പറഞ്ഞാൽ അതിനോടും യോജിക്കാൻ തയ്യാറാകണം. ഇങ്ങിനെ പറയാനൊരു കാരണമുണ്ട്. ആത്മീയ വിഷയത്തിന്റെ താത്വികവശങ്ങളെക്കുറിച്ചു പറയുമ്പോൾ അതിനോടു പൂർണ്ണമായും യോജിക്കുന്ന പലരും അതിന്റെ പ്രായോഗികതയിൽ നമ്മൾ വരുത്തുന്ന തെറ്റിനെക്കുറിച്ചു പറയുമ്പോൾ മൗനം ഒന്നുകിൽ പാലിക്കുകയോ അല്ലെങ്കിൽ ആ പ്രവണതകളെ ന്യായീകരിച്ചു സംസാരിക്കുവാൻ താല്പര്യം കാണിക്കുകയും ചെയ്യുന്നതു കണ്ടിട്ടുള്ളതാണ്. നമ്മൾ വിശ്വസിക്കുന്നു എന്നതു കൊണ്ടു മാത്രം തെറ്റു ശരിയാകില്ലല്ലോ? വിവേകപരമായി ചെയ്യേണ്ട ഒരു കാര്യം അവിവേകപരമായി ചെയ്താൽ അതിന്റെ ഫലം ഉദ്ദേശിച്ചതിനു കടക വിരുദ്ധമായിരിക്കണമല്ലോ? ഇതാണ് നമ്മുടെ ആത്മീയതയുടെ ഇന്നത്തെ സ്ഥിതി. വിവേക ബുദ്ധിയിലൂടെ ചിന്തിച്ചു ജീവിക്കണമെന്നും അങ്ങിനെ നേരായി ചിന്തിക്കുന്ന ഉൽപാദനക്ഷമതയുള്ള മനുഷ്യരിൽ കുടി സമൂഹവും ലോകവും വളരണമെന്നും ആഹ്വാനം ചെയ്യുന്ന സനാതന ധർമ്മ പ്രമാണങ്ങളെ, നമ്മുടെ പ്രയോഗിക ആത്മീയതയിൽ പ്രയോഗത്തിൽ വരുത്തിയിരിക്കുന്നത് ഈ അടിസ്ഥാനത്തിലാണോ? അല്ല, എന്നു തന്നെ പറയേണ്ടി വരും. ഖദർ ഉടുപ്പും ഗാന്ധിത്തൊപ്പിയും കൊണ്ട് ഗാന്ധിയാകാൻ ശ്രമിക്കുന്ന രാഷ്ട്രീയക്കാരെപ്പോലെ, നമ്മുടെ ആത്മീയ കാപട്യങ്ങൾക്കുള്ള മറയായാണ് പലപ്പോഴും മഹനീയമായ സനാതന ധർമ്മത്തെ നമ്മൾ ഉപയോഗിക്കുന്നതെന്നതാണ് സത്യം. ഇതിന്റെ ഫലമോ, അജ്ഞാന തിമിരത്തിനാൽ വന്നു ഭവിച്ചിട്ടുള്ള അന്ധത്വത്തെ അകറ്റി ജ്ഞാന വെളിച്ചത്തിലേക്കും അങ്ങിനെ സമൂഹ സമാധാനത്തിലേക്കും ലോക നൻമയിലേക്കും മാറാൻ മനുഷ്യരോടാഹ്വാനം ചെയ്യുന്ന അതേ സദ് പ്രമാണങ്ങളുടെ പേരിൽ തന്നെ നമ്മൾ അജ്ഞാനാന്ധകാരത്തെ കൂടുതൽ കടുപ്പമാക്കുകയാണ് ചെയ്യുന്നത്. വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും വളർത്തുന്ന ആത്മീയതയെയും അതിന്റെ നേർ വിപരീതമായ സനാതന ധർമ്മപ്രമാണങ്ങളെയും കൂട്ടി വായിക്കുന്നതു തന്നെ വലിയ അപരാധമാണ്. അറിഞ്ഞോ അറിയാതെയോ ബഹുഭൂരിപക്ഷം പേരും ചെയ്തു കൊണ്ടിരിക്കുന്നതിതാണ്.

മനുഷ്യ നൻമയിലേക്ക് മനുഷ്യനെ കണ്ണുതുറപ്പിക്കാനായി ഉണ്ടാക്കപ്പെട്ടിട്ടുള്ള താത്വിക പ്രമാണങ്ങളിൽ നിന്നും വ്യതിചലിച്ചുകൊണ്ടാണ് എല്ലാ മതങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും ഇന്നു പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. അതിന്റെ വിഷമതകളാണ് സമൂഹം ഇന്നനുഭവിക്കുന്നത്. എല്ലാവർക്കും ഇങ്ങിനെയുള്ള വിഷയത്തിലൊന്നും താല്പര്യം കാണില്ല. പക്ഷേ, ചിന്താശക്തിയും സാമൂഹികാവബോധവുള്ള കുറെപ്പേരെങ്കിലും എല്ലാ സമൂഹങ്ങളിലും ഉണ്ടാകുമല്ലോ? വിപ്ളവത്തിനൊന്നും പോകേണ്ട, അജ്ഞരയായ മനുഷ്യർക്ക് ആത്മീയതയുടെ നല്ല പാഠങ്ങൾ പകർന്നു നൽകാൻ അങ്ങിനെയുള്ളവർക്കു കഴിയണം. ഇന്നനുഭവിക്കുന്നതും നാളെ വരാനിരിക്കുന്നതുമായ ദുരിതപേമാരികളിൽ നിന്നും നമുക്കുള്ള രക്ഷയാകും അത്.

August 10

രാമായണ മാസക്കുറിപ്പ് -26

ഇന്നു കർക്കിടക വാവ്. പിതൃക്കൾക്കായി ഹിന്ദുക്കൾ ബലിതർപ്പണം ചെയ്യുന്ന നാൾ. എല്ലാവർക്കും ഈ നല്ല നാളിൽ പിതൃസ്മരണകളുടെ സമാധാനവും സന്തോഷവും സംതൃപ്തിയും ഉണ്ടാകട്ടേ എന്നാശംസിക്കുന്നു.

ബലിതർപ്പണത്തിലൂടെ മരിച്ചു പോയവരുടെ ആത്മാക്കൾക്ക് അന്നം നൽകുന്നതായാണ് വിശ്വാസം. വിശ്വാസത്തിലുപരിയായി ഒരു സംസ്ക്കാരമാണ് ഈ ആചാരത്തിൽ കാണേണ്ടതെന്നാണ് ചിദാനന്ദപുരി സ്വാമികൾ പറയുന്നത്. നമുക്കു ജന്മം നൽകിയ മാതാപിതാക്കളെയും കുടുംബത്തിലെ തന്നെ മൺമറഞ്ഞു പോയ ബന്ധുക്കളെയും പൂർവ്വികരെയും നന്ദിയോടെ സ്മരിക്കാനുള്ള ഒരവസരമാണിത്. ഇതു കണ്ടു വളരുന്ന നമ്മുടെ പിൻതലമുറയും ഇതു തുടർന്നാൽ ഒരു സംസ്കാരത്തു ടർച്ചയാണുണ്ടാകുന്നത്. അതാണ് ഈ ആചാരത്തിന്റെ പ്രസക്തിയും.

ആത്മാക്കൾക്ക് അന്നം നൽകി നാം സന്തോഷിപ്പിക്കുന്നുവെന്ന് ചിന്തിക്കുമ്പോൾ ഹൈന്ദവ ധർമ്മത്തിന്റെ പ്രമാണ ഗ്രന്ഥമായ ശ്രീമദ് ഭഗവത് ഗീത, ആത്മാവിനെക്കുറിച്ചു പറഞ്ഞിരിക്കുന്നതെന്താണെന്നറിയാൻ താല്പര്യമുണ്ടാകുമല്ലോ? താഴക്കൊടുത്തിരിക്കുന്ന ലിങ്കിൽ അമർത്തിയാൽ ഈ വിഷത്തെപ്പറ്റി ഞാനെഴുതിയിട്ടുള്ള ലേഖനം വായിക്കാം.

http://dhanyaasi.blogspot.com/2018/07/blog-post.html?m=1

ഹൈന്ദവാചാരങ്ങളിൽ പലതിനും ശാസ്ത്രീയമാനങ്ങളും സാമൂഹിക മാനങ്ങളും ഉള്ളതാണ്. ഹൈന്ദവ ധർമ്മത്തോടു ബന്ധപ്പെടുത്തി, ചിന്താശീലരായ പഴമക്കാർ സൃഷ്ടിച്ചതായിരിക്കാം ഈ പല ആചാരങ്ങളെങ്കിലും കാലത്തിന്റെ പോക്കിൽ മനുഷ്യരിൽ സ്വാർത്ഥത കൂടിയപ്പോൾ ആചാരങ്ങളുടെ യുക്തിക്കും ശാസ്ത്രീയതക്കും സാമൂഹിക പ്രസക്തിക്കും മുകളിൽ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും കെട്ടിപ്പൊക്കുകയും അങ്ങിനെ ധനസമ്പാദനത്തിനുള്ള മാർഗ്ഗമായി പല ആചാരങ്ങളും മാറപ്പെടുകയും ചെയ്തിട്ടുണ്ട്. ഹൈന്ദവ ധർമ്മത്തെക്കുറിച്ചോ ഈശ്വര വിഷയത്തെക്കുറിച്ചോ ഒട്ടും തന്നെ അറിവില്ലാത്ത ഭൂരിപക്ഷം ഹിന്ദുക്കളെയും ആചാരങ്ങളുടെ പേരിൽ അനായാസം ചൂഷണം ചെയ്യാനും തല്പരകക്ഷികൾക്ക് അതുമൂലം സാധിക്കുന്നുണ്ട്. കുറെക്കാലം മുമ്പുവരെ ഇപ്പറഞ്ഞതായിരുന്നു ശരിയെങ്കിൽ ഇപ്പോൾ കാര്യങ്ങൾ ആ തലവും കടന്നിരിക്കുന്നു. സ്വാർത്ഥത കൂടി കൂടി ഭക്തജനങ്ങൾ, തങ്ങളാഗ്രഹിക്കുന്ന കാര്യങ്ങൾ നേടിക്കിട്ടാനായി പുരോഹിതരുടെയും ആത്മീയ ഗുരുക്കന്മാരുടെയും ജ്യോത്സന്മാരുടെയും പിറകെ കൂടിയിരിരിക്കുകയാണ്. ഏതു പൂജയും ഹോമവും ചെയ്താലാണ് തങ്ങളാഗ്രഹിക്കുന്ന കാര്യങ്ങളൊക്കെ നേടാനാകുന്നതെന്നു ചോദിക്കുമ്പോൾ ആത്മീയ ഏജന്റുമാർ പണ്ടില്ലാതിരുന്ന പുതിയ പുതിയ പൂജാവിധികളും ദോഷപരിഹാരക്രിയകളും അതിനായി കണ്ടു പിടിച്ചു കൊണ്ടിരിക്കുന്ന ഒരു കാലമാണിത്. അതായത് തല്പര കക്ഷികൾ ഭക്തരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുകയല്ല; മറിച്ച് ഞങ്ങളെ ചൂഷണം ചെയ്യൂ എന്നു പറഞ്ഞ് ഭക്തർ ആത്മീയ കച്ചവടക്കാർക്കു മുൻപിൽ നിന്നു കൊടുക്കുന്ന വിചിത്രമായ കാഴ്ചയാണിന്നു കാണുന്നത്. അറിവില്ലായ്മ സമൂഹത്തിനെ എങ്ങോട്ടു നയിക്കും എന്നുള്ളതിന്റെ നല്ലൊരു ദാഹരണമാണ് ഇന്നത്തെ ആത്മീയ വ്യവസായത്തിലൂടെ ബോധമുള്ളവർ മനസ്സിലാക്കേണ്ടത്. എല്ലാ മതത്തിലും ഇതൊക്കെ തന്നെയാണ് നടക്കുന്നത്. ഈശ്വരോ രക്ഷതു:

August 12

രാമായണ മാസക്കുറിപ്പ് - 27

എന്റെ ബ്ലോഗിൽ നിന്നും'ഹൈന്ദവ ധർമ്മത്തിലെ ആത്മാവ്' എന്ന ലേഖനം നിങ്ങളിൽ കുറെപ്പേരെങ്കിലും ഇതിനകം വായിച്ചിട്ടുണ്ടാകുമെന്നു കരുതുന്നു. മതപരമായ കാര്യങ്ങളിൽ ഹൈന്ദവ ധർമ്മശാസ്ത്രം പറയുന്നതും നമ്മൾ ചിന്തിക്കുന്നതും ചെയ്തു കൊണ്ടിരിക്കുന്നതും തമ്മിലുള്ള അന്തരം മനസ്സിലാക്കുവാൻ ആ ലേഖനം സഹായിക്കുമെന്നാണെന്റെ വിശ്വാസം. ധർമ്മത്തിന്റെ യുക്തിക്കും ശാസ്ത്രീയതക്കും എന്തിനാണിത്ര പ്രാധാന്യം കൊടുക്കുന്നത്, മനുഷ്യർ അവരവർക്കിഷ്ടമുള്ളതു പോലെ വിശ്വസിക്കട്ടെ എന്നു വിചാരിച്ചാൽ പോരെ എന്നു പരോക്ഷമായി സൂചിപ്പിക്കുന്ന ചില കമന്റുകൾ ഞാൻ കണ്ടിരുന്നു. ഹൈന്ദവ ധർമ്മത്തിന്റെ കാര്യത്തിൽ ഇതു ശരിയാകില്ല, കാരണം യുക്തിയും ശാസ്ത്രീയതയുമാണ് അതിന്റെ അടിത്തറ തന്നെ. വ്യക്തി വികാസവും സാമൂഹിക ഭദ്രതയും ലോകക്ഷേമവും ഉന്നം വക്കുന്ന വളരെ മഹനീയവും തീർത്തും യുക്തിസഹവുമായ ദർശന ശാസ്ത്രങ്ങളുള്ള നമ്മളെന്തിനാണ് അതെല്ലാം കളഞ്ഞിട്ട്, ഇപ്പറഞ്ഞ ഗുണങ്ങൾക്കെല്ലാം വിപരീതമായി നിൽക്കുന്ന മറ്റെന്തിനെയൊക്കെയോ ധർമ്മമായി കണ്ടു ജീവിക്കുന്നത്? നൂറ്റാണ്ടുകളായി പിന്തുടരുന്നതാകാം ഇന്നും നാം പിന്തുടരുന്ന പല ആചാരങ്ങളും വിശ്വാസങ്ങളും. അതെല്ലാം അബദ്ധങ്ങളാണെന്നോ ഒരു ദിവസം കൊണ്ട് ആ ശീലങ്ങളൊക്കെ മാറ്റണമെന്നോ ഒന്നുമല്ല ഞാനിപ്പറയുന്നതിന്റെ യർത്ഥം. അതിന്റെ ആവശ്യമൊന്നുമില്ലതാനും. ഹൈന്ദവ ധർമ്മശാസ്ത്രത്തെ ശരിക്കും പഠിച്ചു മനസ്സിലാക്കി അതിനനുസരിച്ചു വേണം ഇവിടെ ഹിന്ദുക്കളെല്ലാവരും ജീവിക്കേണ്ടത് എന്നതൊരു നല്ല സ്വപനമാണെങ്കിലും അതു പ്രായോഗികമായി നടപ്പുള്ള കാര്യമല്ല. പക്ഷേ, വിദ്യാഭ്യാസവും കഴിവും ചിന്താശക്തിയുമുള്ള കുറേപ്പേരെങ്കിലും ഈ നല്ല സംസ്കാരത്തിനെ ശരിക്കും പഠിച്ചു മനസ്സിലാക്കി അതു ജനങ്ങൾക്കു പകർന്നു നൽകേണ്ടതായിട്ടുണ്ട്. സ്വസംസ്ക്കാര സംരക്ഷണത്തിനും അന്ധവിശ്വാസങ്ങളെയും അതുമൂലമുണ്ടാകുന്ന വ്യക്തി - സമൂഹ നഷ്ടങ്ങളെ കുറക്കാനും ബോധപൂർവ്വമായ ചിന്തയിലൂടെ വ്യക്തികൾക്ക് സ്വയം ശക്തിയാർജ്ജിക്കാനും അതൂ സഹായകമാകും. മറ്റുള്ളവരിലും അവർ പറഞ്ഞു വിശ്വസിപ്പിക്കുന്ന ദൈവത്തിലും കൂടിയാണ് തന്റെ ജീവിത ലക്ഷ്യങ്ങൾ നേടേണ്ടത് എന്ന ചിന്ത മാറ്റി ഞാൻ തന്നെയാണ് ഈശ്വരനെന്നും എന്റെ ശക്തി അതിനാൽ തന്നെ അപരിമിതമാണെന്നും ഞാൻ തുനിഞ്ഞിറങ്ങിയാൽ നടക്കാത്തതായി ഒന്നും തന്നെയില്ല എന്നുമുള്ള ശരിയായ സനാതന ധർമ്മ ബോധതലത്തിലേക്ക് വ്യക്തികൾ എത്തിപ്പെടേണമെങ്കിൽ കുറേപ്പേരെങ്കിലും അവർക്കു വഴികാട്ടികളായി നിൽക്കേണ്ടതുണ്ട്. ഇതാണ് സ്വാമി വിവേകാനന്ദൻ നമ്മോടെല്ലാം പലവട്ടം പറഞ്ഞത്.

നമ്മിൽ നിന്നന്യനായ ദൈവം എന്നൊരു സങ്കൽപ്പം ആർഷഭാരത സംസ്കാരത്തിൽ ഉണ്ടായിരുന്നില്ല. ഭഗവത് ഗീതയിലെ കൃഷണൻ തന്നെ മനുഷ്യബുദ്ധിയുടെ പ്രതീകമാണ്. 'എന്നെ വിശ്വസിക്കു, എന്നെ ശരണം പ്രാപിച്ചാൽ നിന്റെ ജീവിതം ഞാൻ നോക്കിക്കൊള്ളാം' എന്നൊക്കെ കൃഷ്ണൻ പറയുന്നതിനെ സ്വന്തം ബുദ്ധി പറയുന്നതാക്കി മനസ്സിലാക്കിയാൽ കാര്യങ്ങളെല്ലാം നേരേയാകും. വിദേശികളുടെ വരവോടെ അവരുടെ ഏകദൈവ വിശ്വാസവും സമൂഹത്തിലെ അതിന്റെ പ്രായോഗിക സാദ്ധ്യതയും മനസ്സിലാക്കിയ ചിലർ ഹൈന്ദവധർമ്മത്തിലും അതു നടപ്പിൽ വരുത്തിയതാണ് ഇന്നു നമ്മൾ കാണുന്ന ഹൈന്ദവാരാധനാ വിശ്വാസ ശീലങ്ങളുടെ പശ്ചാത്തലം എന്നാണ് പണ്ഡിതമതം. ഇനിയിപ്പം അതൊന്നും പറഞ്ഞിട്ടു കാര്യമില്ലല്ലോ? ഇന്നു സമൂഹത്തിലും മനുഷ്യമനസ്സുകളിലും വേരുറച്ചു കഴിഞ്ഞിരിക്കുന്ന 'ഹൈന്ദവ വിശ്വാസങ്ങ'ളേയും ദേവാരാധനാ രീതികളേയും ആചാരങ്ങളെയും എങ്ങിനെ കുറേക്കൂടി സനാതന ധർമ്മ വഴിയിലേക്കു തിരിച്ചു വിടാം എന്നു മാത്രം ചിന്തിക്കുന്നതായിരിക്കുമല്ലോ കൂടുതൽ അഭികാമ്യം? നിങ്ങളുടെ ഒരു ശീലങ്ങളെയും മാറ്റാതെ തന്നെ വിശ്വാസിയായ നിങ്ങളെ സനാതന ധർമ്മവാദിയാക്കാനുള്ള ഒരു വിദ്യ എന്റെ കയ്യിലുണ്ട്. ഭഗവത് ഗീത വായിച്ചു പഠിച്ചപ്പോൾ കിട്ടിയ വിദ്യയാണത്. ഒരൽപ്പനേരത്തേക്ക് നിങ്ങളൊന്നു ശ്രദ്ധിച്ചാൽ മാത്രം മതി, ആ വിദ്യ നിങ്ങൾക്കും സ്വായത്തമാക്കാം. 'ഒരു വിദ്യയും ഒറ്റയടിക്കങ്ങു പറഞ്ഞു കൊടുക്കരുതെന്നാണല്ലോ? അടുത്ത ചില കുറിപ്പുകളിലൂടെ 'ശ്രദ്ധ'യുള്ളവർക്കതു പകർന്നു കിട്ടും എന്നുള്ളതിൽ എനിക്കു യാതൊരു സംശയവുമില്ല.

August 13

രാമായണമാസക്കുറിപ്പ് -28

വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരീശ്വരനെയാണല്ലോ (ഉദാ: ശ്രീകൃഷ്ണൻ, ശ്രീരാമൻ, ശിവൻ, വിഷ്ണു..) നമ്മളെല്ലാം അമ്പലത്തിൽ പോയി, ഞങ്ങളെ അനുഗ്രഹിക്കണമേ എന്നു പറഞ്ഞു പ്രാർത്ഥിക്കുന്നത്. അതായത് നമുക്ക് ഈശ്വരൻ എന്നാൽ പാവപ്പെട്ട തൊഴിലാളിയോട് സ്നേഹപൂർവ്വം പെരുമാറുന്ന ദയാശീലനും ധനികനുമായ ഒരു മുതലാളിയെപ്പോലെയാണ്. ഇനി ഇക്കാര്യത്തെക്കുറിച്ചു ഭഗവാൻ ഭഗവത് ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ
പരം ഭാവമജാനന്തോ മമാവ്യയമനുത്തമം (ഗീത: 7:24)

(ഞാൻ അവ്യക്തമാണ്. എന്നെ വ്യക്തിരൂപത്തിൽ നാമരൂപങ്ങൾ ഉള്ള ഒരാളായി ബുദ്ധിഹീനന്മാർ മനസ്സിലാക്കുന്നു. അവർ സർവ വ്യാപിയും ശ്രേഷ്ഠവുമായ എന്റെ പരമാത്മസ്വരൂപത്തെ അറിയുന്നില്ല).

സൂക്ഷിക്കുക; ഡിഗ്രികൾ എത്രയൊക്കെയുണ്ടെങ്കിലും ഈശ്വരവിഷയത്തിൽ നിങ്ങൾ ബുദ്ധിഹീനരാണ് എന്നാണു ഭഗവാന്റെ അഭിപ്രായം!

ന കർതൃത്വം ന കർമ്മാണി ലോകസ്യ സൃജിതി പ്രഭുഃ
ന കർമ്മഫലസംയോഗം സ്വഭാവസ്‌തു പ്രവർത്തതേ (ഗീത: 5 :14)

(ഈശ്വരൻ ലോകത്തിനു വേണ്ടി കർമ്മം ചെയ്യുന്ന ആളിനെയോ കർമ്മങ്ങളെയോ സൃഷ്ടിക്കുന്നില്ല. അതിന്റെ ഫലവും സൃഷ്ടിക്കുന്നില്ല. പ്രകൃതി സ്വഭാവം അനുസരിച്ചു് ഇതൊക്കെ പ്രവൃത്തിക്കുന്നു).

കർമ്മങ്ങൾക്ക് പ്രേരകമായിട്ടുള്ളതും കർമ്മഫലങ്ങൾ നിശ്ചയിക്കുന്നതും താനല്ല, പ്രകൃതിയാണ് എന്നാണു ഭഗവാൻ പറഞ്ഞത്. നിങ്ങളുടെ കർമ്മങ്ങൾക്ക് അനുസരിച്ചു ഫലം പ്രകൃതി നിശ്ചയിക്കും, ഈശ്വരന് ഇതിലൊന്നും ഒരു റോളും ഇല്ല എന്നർത്ഥം.

ഇതാണ് സാക്ഷാൽ ഭഗവാൻ തന്നെ പറഞ്ഞിരിക്കുന്നത്. 'അമ്പലത്തിൽ വന്ന് എന്നെ പ്രാർത്ഥിച്ചു പൂജചെയ്തു പ്രീതിപ്പെടുത്തിക്കോളൂ, നീ ആഗ്രഹിക്കുന്നതെല്ലാം ഞാൻ നൽകാം' എന്നു ഭഗവാൻ പറഞ്ഞിട്ടില്ല. പക്ഷേ, നമ്മൾ എന്തൊക്കെയാണ് വിശ്വസിച്ചു വച്ചിരിക്കുന്നത്? അപ്പോൾ നാം ആഗ്രഹിക്കന്ന കാര്യങ്ങളൊക്കെ സാധിച്ചു തരുന്ന ആ ദൈവം ആരാ? നമ്മുടെ സനാതനധർമ്മ ഗ്രന്ഥങ്ങളിലൊന്നും അങ്ങിനെയൊരു ഈശ്വരനില്ല.

ഭക്തജനങ്ങളെ, നിങ്ങൾ വിഡ്ഢികളുടെ സ്വർഗ്ഗത്തിലാണ് ജീവിക്കുന്നതെന്നാണ് തിരിച്ചും മറിച്ചും ഭഗവാൻ ഭഗവത് ഗീതയിൽ പറയുന്നത്. നമ്മുടെ പുണ്യപാപ പ്രവൃത്തികളുടെ ഫലം നാം തന്നെ അനുഭവിച്ചേ മതിയാകൂ. For every action there is an equal and opposite reaction എന്ന തത്വം അനുസരിച്ചു് , ഇതു ശാസ്ത്രദൃഷ്ടിയിലും ശരിയാണ്. നമ്മുടെ തെറ്റുകുറ്റങ്ങൾ സഹിച്ചു നമ്മെ സഹായിക്കുന്നതോ നല്ലകാര്യങ്ങൾ കണ്ട് അനുഗ്രഹിക്കുന്നതോ ആയ ഒരീശ്വരനൊന്നുമല്ല സനാതനമതത്തിലെ നിർഗ്ഗുണബ്രഹ്മമായ ഈശ്വരൻ. ഇന്നലത്തെ കുറിപ്പിൽ ഞാൻ എഴുതിയിരുന്നതു പോലെ ഭാരതത്തിലേക്ക് വിദേശികളും അവരുടെ മതങ്ങളും എത്തിപ്പെട്ടപ്പോൾ, ആ മതങ്ങളുടെ സ്വീകാര്യതയും പ്രയോഗ സാദ്ധ്യതയും മുന്നിൽ കണ്ടു കൊണ്ട് അക്കാലത്തെ മനുഷ്യർ സൃഷ്ടിച്ചതായിരിക്കാം ഇന്നു നമുക്കു പരിചിതമായ വ്യക്തിരൂപത്തിലുള്ള ഈശ്വര സങ്കൽപ്പവും ആരാധനാ രീതിയും.

സനാതന ധർമ്മത്തിലെ സർവ്വവ്യാപിയായ ഈശ്വര (ബ്ര ഹ്മം) സങ്കൽപ്പത്തിൽ വിശ്വസിക്കേണ്ടതായിട്ടോ, വിശ്വസിപ്പിക്കേണ്ടതായിട്ടൊ ഒന്നുമില്ല. താനും മറ്റുള്ളതെല്ലാം തന്നെയും ആ ഒരേ സത്യത്തിന്റെ ഭാഗമാണെന്നറിഞ്ഞു കൊണ്ട്, ആ അറിവിൽ അമർന്നിരുന്ന്, സമത്വബോധം ഉൾക്കൊണ്ടു കൊണ്ടു കർമ്മങ്ങൾ ചെയ് ജീവിക്കുക എന്നതു മാത്രമേ ചെയ്യേണ്ടതായിട്ടുള്ളൂ. ഇവിടെ പരാതിപ്പെടാനും പ്രാർത്ഥിക്കാനും ഒരീശ്വരനില്ല. സമുദ്രത്തിന്റെ ഭാഗം തന്നെയായ ജലത്തുള്ളിയോട് സമുദ്രം ദ്വേഷഭാവത്തിൽ പെരുമാറില്ല എന്നതു പോലെ തന്നെ പരമാത്മാവിന്റെ ഭാഗം തന്നെയായ ജീവാത്മാവിനോട്, പരമാത്മാവ് വിരോധ ഭാവത്തിൽ പെരുമാറും എന്നു ചിന്തിക്കുന്നതും ശരിയല്ല. പക്ഷേ, സനാതന ധർമ്മത്തിനു നിരക്കാത്ത വിശ്വാധിഷ്ഠിത ഈശ്വരസൃഷടിയിലൂടെ മനുഷ്യനെ ഭയപ്പെടുത്തി നിർത്തി ജനങ്ങളുടെ മേലുള്ള അധികാരം നിലനിർത്താമെന്നു കണ്ട ബുദ്ധിമാന്മാരായ കുറെ പൂർവ്വികർ, അതിനാവശ്യമായ ഒരീശ്വര സങ്കൽപ്പവും സാമൂഹ്യവ്യവസ്ഥയും ഉണ്ടാക്കിയതിന്റെ ബാക്കി പത്രങ്ങളാണു് ഇന്നു നാം പ്രയോഗത്തിൽ വരുത്തിയിട്ടുള്ള ഈശ്വര ചിന്തകളിൽ പലതും എന്നു ന്യായമായും ചിന്തിക്കാം.

ഇപ്പറയുന്നതൊക്കെ ശരിയാണെങ്കിൽ പിന്നെ ഈ അമ്പലങ്ങളായ അമ്പലങ്ങളും നൂറു കണക്കിനു ദേവതകളും ആരാധനാസമ്പ്രദായങ്ങളും ഒക്കെ അർത്ഥശൂന്യമാണോ? അല്ല തന്നെ. നാളെ നമുക്കതു പരിശോധിക്കാം.

August 14

രാമായണമാസക്കുറിപ്പ് -29

ഇനി അമ്പലഭക്തിയെക്കുറിച്ചൽപ്പം ചിന്തിക്കാം. ഹൃദയവിശാലതയുള്ള മനുഷ്യരെ സൃഷ്ടിച്ചു പ്രകൃതിയുമായി ഇണക്കി നിർത്തി ലോകത്തിലുള്ള എല്ലാത്തിനും സുഖവും ശാന്തിയും സമാധാനവും നേടിക്കൊടുക്കുക എന്ന ഒരേയൊരു ലക്ഷ്യമേ സനാതനമതത്തിനുള്ളു എന്ന ദൃഢമായ ബോധം മനസ്സിൽ ഉണ്ടായിരുന്നാൽ മാത്രമേ ഇനിപ്പറയുന്നതു മനസ്സിലാക്കാനും ഉൾക്കൊള്ളാനും കഴിയൂ. ഇങ്ങനെ ജീവിക്കുമ്പോൾ മനുഷ്യനുണ്ടാകുന്ന പൂർണ്ണ സ്വാതന്ത്ര്യബോധവും സന്തോഷവും സംതൃപ്തിയുമാണ് മുക്തി അല്ലെങ്കിൽ മോക്ഷം എന്നു പറയുന്നതിലൂടെ ലക്ഷ്യമാക്കുന്നതെന്നും എല്ലാവരും മനസ്സിലാക്കണം. അങ്ങിനെയാകുമ്പോൾ സനാതനഃ ധർമ്മശാസ്ത്ര ദർശനങ്ങളെ അടിസ്ഥാനമാക്കുന്ന ഹിന്ദുമതവും ആത്യന്തികമായി ലക്‌ഷ്യം വക്കുന്നത് ഇതൊക്കെ തന്നെയായിരിക്കണമല്ലോ? അപ്പോൾ ഹിന്ദുമതത്തിന്റെ അവിഭാജ്യ ഘടകങ്ങളാകുന്ന ക്ഷേത്രങ്ങളും ദേവതകളും ആചാരാനുഷ്ടാനങ്ങളും ഈ ആത്യന്തിക ലക്‌ഷ്യത്തിലേക്ക് മനുഷ്യരെ നയിക്കുന്ന പടവുകളുമാകണം.

വേദോപനിഷത്തുക്കളിലെ പരമാത്മഭാവത്തിലുള്ള, സർവ്വവ്യാപിയായ, സർവ്വതിനും കാരണഭൂതമാകുന്ന, നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ സാധാരണ മനസ്സുകൊണ്ട് കാണാൻ കഴിയില്ല, ഇതിനു ജ്ഞാനചക്ഷുസ്സുകൾ ആവശ്യമാണ്. സത്വരജസ്തമോഗുണങ്ങളോടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യരിൽ ഇങ്ങനെ ഈശ്വരനെക്കാണാൻ കഴിയുന്ന സത്വഗുണപ്രധാനികളുടെ എണ്ണം തുലോം കുറവായിരിക്കും. നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ബുദ്ധിതലത്തിൽ കാണാൻ കഴിയാത്തവരാണ് ജനങ്ങളിലേറെയും എന്നു സാരം. പക്ഷെ എല്ലാവരെയും ഈശ്വരനിലേക്ക് അടുപ്പിക്കേണ്ടതുണ്ടുതാനും. അതുകൊണ്ടു ഗുണദോഷങ്ങളൊന്നുമില്ലാത്ത ഈശ്വരനിൽ ഗുണങ്ങൾ ആരോപിച്ചു (attribute) ഒരു സഗുണബ്രഹ്മമാക്കുന്നു. വ്യക്തിരൂപത്തിലുള്ള ഈ ഈശ്വരനെ ധ്യാനിക്കാൻ എല്ലാവർക്കും എളുപ്പമാണ്. വിഗ്രഹങ്ങളിൽ സാധാരണ മനുഷ്യർ കാണുന്നത് ഇങ്ങനെയുള്ള സഗുണബ്രഹ്മത്തെയാണ്. വിഗ്രഹം എന്നാൽ വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങളുടെ രൂപം എന്നർത്ഥം. വിശേഷാൽ ഗ്രഹിക്കപ്പെടേണ്ട തത്വങ്ങൾ എന്നാൽ സനാതനധർമ്മതത്വങ്ങൾ എന്നർത്ഥം. ഒന്നു കൂടി തെളിച്ചു പറഞ്ഞാൽ എന്തിലും ഏതിലും വിളങ്ങി നിൽക്കുന്നത് ഒരേ ഈശ്വരചൈതന്യമാണെന്നും അതിനാൽ അജ്ഞാനത്താൽ നാം കാണുന്ന വിധത്തിലുള്ള ഭേദഭാവമൊന്നും പ്രപഞ്ചത്തിലില്ലായെന്നും ഉള്ള തിരിച്ചറിവ്. സഗുണാകാരമായ വിഗ്രഹത്തിൽ കൂടി പ്രാർത്ഥന തുടങ്ങി നിർഗ്ഗുണബ്രഹ്മമായ ഈശ്വരനിൽ ഭക്തൻ എത്തിച്ചേരണം. അതായത് സനാതനധർമ്മത്തിലെ വിശ്വവ്യാപിയായ ഈശ്വരനെ കാണാനുള്ള ആത്മീയയാത്രയുടെ ആദ്യപടി കളാണ് വിഗ്രഹങ്ങളും ക്ഷേത്രങ്ങളും എന്നു സാരം. ആദ്യമാദ്യം വിഗ്രഹമായിക്കണ്ട്, പോകെപ്പോകെ വിഗ്രഹമി ല്ലാതെ കണ്ട്, സർവ്വവ്യാപിയായ ഈശ്വരനെ പ്രാപിക്കുന്ന ആത്മീയ പദ്ധതിയുടെ തുടക്കമാണ് വിഗ്രഹാരാധന.
സനാതന ധർമ്മത്തിലധിഷ്ഠിത മായ ഈ ആത്മീയ പദ്ധതിയിൽ ഈശ്വരനിൽ നിന്നെന്തെങ്കിലും നേടുക എന്നുള്ളതല്ല ലക്ഷ്യം, മറിച്ച് ഈശ്വരനെ അറിയുകയും ആ അറിവിലൂടെ സ്വതന്ത്രനായി ജീവിച്ചു മരിക്കുക എന്നുള്ളതുമാണ് ലക്ഷ്യം. തന്നെ നിലനിർത്തുന്ന ഈശ്വരചൈതന്യത്തെ അന്വേഷിച്ചുള്ള ഒരാത്മീയയാത്ര മാത്രമാണിതൊക്കെ. ജനിച്ചിട്ട് ഇന്നുവരെക്കണ്ടിട്ടില്ലാത്ത അച്ഛൻ ദൂരെയൊരു സ്ഥലത്തു ജീവിച്ചിരുപ്പുണ്ട് എന്നറിയുന്ന മകൻ നൊമ്പരത്തോടെ അച്ഛനെക്കാണാൻ പോകുന്ന ആ പോക്കുണ്ടല്ലോ, അതിലും തീവ്രതെയോടെയുള്ള ആത്മാന്വേഷണം.

സനാതനമതത്തിൽ ആദ്യകാലത്തു ക്ഷേത്രങ്ങളോ വിഗ്രഹാരാധനയോ ഉണ്ടായിരുന്നില്ല. ഓരോരുത്തരുടെയും താത്പര്യമനുസരിച്ചുള്ള ഇഷ്ടദേവതയെ രൂപകൽപ്പന ചെയ്ത് ആരാധിക്കുവാനുള്ള സ്വാതന്ത്ര്യം ഹിന്ദുമതത്തിൽ നടപ്പിലാക്കിയത് ശങ്കരാചാര്യസ്വാമികളാണെന്നാണ് എവിടെയോ വായിച്ചിട്ടുള്ളത്. എല്ലാ നദികളും അവസാനം എത്തിച്ചേരുന്നതു സമുദ്രത്തിലാണെന്നതു പോലെ ഏതു വഴികൾ സ്വീകരിച്ചാലും ആത്യന്തികമായ സത്യത്തിലേക്കും തിരിച്ചറിവിലേക്കുമാണല്ലോ എത്തിച്ചേരേണ്ടത് എന്നതായിരുന്നിരിക്കണം ഇതിലെ താത്‌പര്യം. ഇങ്ങിനെ ചിന്തിക്കുമ്പോഴാണ്, ഹിന്ദു മതത്തിൽ കാണുന്ന അനവധി ദൈവങ്ങളും ആചാരാനുഷ്ടാനങ്ങളുമെല്ലാം തീർത്തും പ്രസക്തമാകുന്നത്.

പക്ഷേ, ഇപ്പറഞ്ഞ സനാതന ധർമ്മബോധത്തെ ഉൾക്കൊള്ളാൻ പ്രേരിപ്പിക്കുകയും അതിലേക്ക് ഭക്തജനങ്ങളെ നയിക്കുകയുമാണോ നമ്മുടെ ക്ഷേത്രങ്ങൾ കൊണ്ടു നമ്മളിന്ന് ഉദ്ദേശിക്കുന്നത്? അല്ലെന്നുള്ളതല്ലേ സത്യം? ബോധമില്ലാഴ്മയും സ്വാർത്ഥചിന്തകളും കാരണം നമ്മുടെ ആത്മീയനദികൾ തുടക്കത്തിൽ തന്നെ വരണ്ട് ഒടുങ്ങുകയാണ്!

August 15

രാമായണമാസക്കുറിപ്പ് -30

ഇന്നു ഭാരത സ്വാതന്ത്ര്യ ദിനം. നൂറ്റാണ്ടുകളുടെ വിദേശാധിപത്യത്തിനും അടിമത്തത്തിനും ഒടുവിൽ ഭാരതം സ്വാതന്ത്ര്യത്തെ പുൽകിയ സുദിനം. എല്ലാവർക്കും എന്റെ സ്വാതന്ത്ര്യദിനാശംസകൾ.

അജ്ഞതയും ദുരാഗ്രഹങ്ങളും കാരണം നമ്മൾ മനുഷ്യർ സ്വയം നമുക്കു ചുറ്റും പണി തീർത്തിരിക്കുന്ന കാരാഗൃഹത്തിനുള്ളിൽ നിന്നും രക്ഷപ്പെട്ട് സ്വാതന്ത്യം (മോക്ഷം) അനുഭവിക്കാനുള്ള ആത്മീയതയെക്കുറിച്ചു ചർച്ച ചെയ്യുന്ന വേളയിൽ തന്നെ സ്വാതന്ത്ര്യ ദിനവും വന്നത് എന്തു കൊണ്ടും നന്നായി. നാടിന്റെ ശത്രുക്കൾ വിദേശീയരായിരുന്നുവെങ്കിൽ നമ്മുടെ ശത്രുക്കൾ നാം തന്നെയാണെന്നതാണ് വ്യത്യാസം. ബാഹ്യശത്രുക്കളിൽ നിന്നും മോചനം നേടുന്നതിനേക്കാൾ വളരെ ശ്രമകരമാണ് ആന്തരിക ശത്രുക്കളിൽ നിന്നും മോചനം നേടുകയെന്നതു്. പക്ഷെ പരിശ്രമം കൊണ്ട് ഒരു പരിധി വരെയെങ്കിലും അതു സാദ്ധ്യമാണെന്നാണ് സനാതന ധർമ്മം നമുക്കു തരുന്ന വാഗ്ദാനം. എല്ലാവർക്കും ഈ തിരിച്ചറിവുണ്ടാകട്ടെ എന്നാശംസിച്ചു കൊണ്ട് ഞാൻ തുടരട്ടെ.

ക്ഷേത്രങ്ങളെയും വിഗ്രഹാരാധനയും കുറിച്ചാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്? സനാതനധർമ്മ പ്രകാരം പ്രസക്തമായ ഒരു നിർവചനമാണ് വിഗ്രഹാരാധനക്കു കഴിഞ്ഞ കുറിപ്പിൽ ഞാൻ നൽകിയത്. ഒരു മതത്തിന്റെ തത്വചിന്താപരമായ ദർശനങ്ങളിലാണ് ആത്യന്തിക സത്യവും അതു പ്രയോഗത്തിൽ വരുത്തിയാൽ സാധ്യമാകുന്ന വ്യക്തി-സാമൂഹ്യവികസനവും മറഞ്ഞിരിക്കുന്നതെങ്കിലും മഹാഭൂരിപക്ഷം ജനങ്ങൾക്കും അങ്ങിനെയൊരു ആത്മീയതയെ ഉൾക്കൊള്ളാൻ കഴിയില്ല എന്നതൊരു സത്യം തന്നെയാണ്. ആത്മീയതയുടെ കാര്യത്തിലെന്നല്ല, ആദർശപരമായ എല്ലാ വിഷയങ്ങളുടെയും കാര്യവും ഇതു തന്നെയാണ്. മനുഷ്യസൃഷ്ടിയുടെ പ്രത്യേകതയാണത്. ഈ പ്രത്യേകത കാരണം, സാധാരണ മനുഷ്യർക്കു അനുഭവവേദ്യമാകുന്ന പ്രായോഗിക തലത്തിലേക്ക് ആത്മീയതയെ തിരുത്തി എഴുതപ്പെടുകയാണ് ചെയ്യുന്നത്. ഹിന്ദുമതാചാരങ്ങളും ക്ഷേത്രസംസ്കാരവും വിഗ്രഹാരാധനയും ഒക്കെത്തന്നെ ഇങ്ങനെ ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളാണ്. മനുഷ്യരുടെ മേലിൽ ആധിപത്യം സ്ഥാപിക്കാനുള്ള ഏറ്റവും ശക്തമായ ഉപകരണമാണ് മതം എന്നു മനുഷ്യനു മനസ്സിലായതോടെ, ലളിതവൽക്കരിക്കപ്പെട്ട മതാശയങ്ങളിൽ സ്വാർത്ഥതയുടെ ഉപ്പും കൂടി കലർന്നു; ആത്മീയ മാനങ്ങളെല്ലാം ലോപിച്ചു ലോപിച്ചു മനുഷ്യരെല്ലാം സ്വാർത്ഥമോഹമതക്കാരുമായി! ഒരു പക്ഷേ ഇതൊരനിവാര്യതയുമാകാം.

ബ്രഹ്മത്തെ ഇഷ്ടദേവതാവിഗ്രഹത്തിൽ കാണണം എന്ന ചിന്തയൊന്നും പറഞ്ഞാൽ ഇന്നു വിലപ്പോകുമെന്നു തോന്നുന്നില്ല.
ഒരു പാവപ്പെട്ട കുഞ്ഞിനു പഠിക്കാനോ ഒരു സാധു രോഗിക്ക് മരുന്നു വാങ്ങാനോ സഹായം നൽകാൻ ദയ തോന്നാത്തവരൊക്കെ ഈശ്വരാനുഗ്രഹത്തിനും സമൂഹത്തിലെ പേരിനും പ്രശസ്തിക്കും വേണ്ടി എത്ര ലക്ഷങ്ങൾ മുടക്കാനും മനസ്സുള്ളവരായി മാറിയിരിക്കുന്ന കാഴ്ചയാണിന്നു കാണുന്നത്. ദോഷം മാത്രം കാണുന്നതല്ലല്ലോ ശരി; സാമൂഹികമായ ചില ഗുണവശങ്ങൾ ഇതിലൊക്കെയുണ്ടെന്നുള്ളതു സമ്മതിക്കാതെ വയ്യ. പണക്കാരന്റെ കീശയിലെ കാശ് പാവപ്പെട്ട ബ്രാഹ്മണനും കലാകാരനും മൈക്കുകാരനും പാചകക്കാരനും പന്തലുകാരനും അങ്ങിനെ അതാവശ്യമുള്ള പലർക്കുമായി വീതിക്കപ്പെടുന്ന ഒരു സോഷ്യലിസം ഇതിലൂടെ നടക്കുന്നുണ്ട്. സാധുജന സംരക്ഷകനാണു ഭഗവാനെന്നു പറയുന്നതെത്ര ശരിയാണ് ! 'യാഗം ദാനവും സന്യാസ യോഗവും, ചേതസ്സിന്റെ മലം (മനസ്സിന്റെ അഴുക്ക്) കളഞ്ഞീടുവാനാ'ണെന്നു നമ്മൾ ഭാഗവതത്തിൽ നിന്നുറക്കെ വായിക്കും; പക്ഷെ പ്രവർത്തിക്കുന്നതോ, അതിനു നേർ വിപരീതമായും! മോക്ഷത്തിനുള്ള ഏക മാർഗ്ഗം 'ചേതസ്സിന്റെ മലം കളയൽ' മാത്രമാണ്. ആവശ്യമില്ലാത്ത മലവും ചുമന്ന് ആധിപിടിച്ചു നടക്കുന്നതിലും നന്ന് അതു ദൂരെ കളഞ്ഞ് പൂർണ്ണ സ്വതന്ത്രരാകുകയല്ലേ? അതിനാകട്ടേ നമ്മുടെ ശ്രമം. നിങ്ങൾ ഇന്നു ചെയ്തു കൊണ്ടിരിക്കുന്ന ഒന്നും തന്നെ ഉപേക്ഷിക്കാതെ, ആ ശ്രമത്തിൽ വലിയൊരു പരിധി വരെ വിജയിക്കാനുള്ള ഒരു വിദ്യ എന്റെ കയ്യിലുണ്ടെന്നു നേരത്തേ പറഞ്ഞത് ഞാൻ പറഞ്ഞു തരാം, നാളെയാകട്ടേ.

August 16

രാമായണ മാസക്കുറിപ്പ് - 31

മഴക്കെടുതിയിൽ മുൻപെങ്ങും ഉണ്ടായിട്ടില്ലാത്ത വിധം
നമ്മുടെ നാട് ദുരിതം അനുഭവിക്കുമ്പോൾ ഇങ്ങിനെയുള്ള കുറിപ്പുമെഴുതിക്കൊണ്ടിരിക്കുന്നതു അനൗചിത്യമാകുമോ എന്നു സംശയിച്ചു. പക്ഷെ ആത്മീയത നഷ്ടപ്പെട്ട മനുഷ്യരാണ് ഒരു പരിധി വരെയെങ്കിലും ഇങ്ങനെയുള്ള പ്രകൃതിദുരന്തങ്ങളെ വിളിച്ചു വരുത്തുന്നതിനു കാരണക്കാർ എന്നതും ഈ കുറിപ്പുകളുടെ പ്രമേയമാകുന്നതിനാൽ തെറ്റില്ല എന്നു ചിന്തിച്ചു തുടരുകയാണ്.

ഈശ്വരവിശ്വാസപരമായി നാമിന്നു ചെയ്തു കൊണ്ടിരിക്കുന്നതിൽ പലതും സനാതന ധർമ്മത്തിനു നിരക്കുന്നതല്ലെന്നും പക്ഷേ അതിലൊന്നും തന്നെ യാതൊരു മാറ്റവും വരുത്താതെ നിങ്ങളെ സനാതന ധർമ്മവാദിയാക്കാനുള്ള ഒരു വിദ്യ എന്റെ കയ്യിലുണ്ടെന്നും പറഞ്ഞിരുന്നല്ലോ? അതു പകർന്നു നൽകുകയാണ് ഇന്നത്തെ ഈ കുറിപ്പിന്റെ ലക്ഷ്യം. ഏതു വിദ്യയും സ്വായത്തമാക്കുന്നതിനു സത്യസന്ധതയും ശ്രദ്ധയും മനോനൈർമ്മല്യവും ആവശ്യമാണ്. ഭക്തജനങ്ങളായ നിങ്ങളിൽ അതു വേണ്ട അളവിൽ ഉണ്ടാകുമെന്നു ഞാൻ വിശ്വസിക്കുന്നു.

ഭൂരിപക്ഷം ഭക്തജനങ്ങളുടേയും ഈശ്വരവിശ്വാസവും ചെയ്തികളും ഭൗതികസുഖം ലക്ഷ്യമാക്കിയുള്ളതാണെന്നതിൽ ആർക്കും തർക്കമില്ലല്ലോ? ഇതിനെക്കുറിച്ച് ഭഗവാൻ ഭഗവത് ഗീതയിൽ എന്തു പറഞ്ഞിരിക്കുന്നു എന്നു നോക്കാം.

യജ്ഞാർത്ഥാത് കർമ്മാണോന്യത്ര ലോകോയം കർമ്മബന്ധന:
തദർത്ഥം കർമ്മ കൗന്തേയ മുക്തസംഗ: സമാചര. (ഗീത 3:9)

(യജ്ഞ ഭാവത്തിലുള്ള കർമ്മങ്ങൾ ഒഴികെ മറ്റെല്ലാ കർമ്മങ്ങളും കർമ്മബന്ധനത്തോടു കൂടിയതാണ്. അല്ലയോ അർജ്ജുനാ, ആയതിനാൽ യജ്ഞമെന്ന നിലയിൽ സംഗം വിട്ട് കർമ്മം നന്നായി ചെയ്യൂ).

അതായത് യജ്ഞഭാവത്തിലുള്ള കർമ്മമല്ലാതെ, നാം ചെയ്യുന്ന സകല കർമ്മങ്ങളും കർമ്മബന്ധനം ഉണ്ടാക്കി നമ്മുടെ പാപഭാരം വർധിപ്പിക്കും എന്നർത്ഥം. സ്വാർത്ഥ തയില്ലാതെ ചെയ്യുന്ന കർമ്മങ്ങളെയാണ് യജ്ഞ ഭാവത്തിലുള്ള കർമ്മം എന്നു പറയുന്നത്. ബന്ധനങ്ങളിൽ നിന്നുള്ള മുക്തിയാണ് നമ്മളെല്ലാം ആഗ്രഹിക്കുന്നതെങ്കിലും, അറിഞ്ഞോ അറിയാതെയോ നമ്മൾ ദിനം പ്രതി ചെയ്യുന്ന സ്വാർത്ഥ പ്രേരിതമായ കർമ്മങ്ങൾ നമ്മിലെ പാപത്തിന്റെ അളവു കൂട്ടി നമ്മെ ആത്മീയമായി കൂടുതൽ കൂടുതൽ ബന്ധനസ്ഥരാക്കുകയാണു ചെയ്യുന്നത്. സ്വാർത്ഥ ലക്ഷ്യത്തോടു കൂടിയുള്ള ഈശ്വരഭക്തിയുടേയും പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും കാര്യത്തിൽ സംഭവിക്കുന്നതും ഇതു തന്നെയാണ്.

രണ്ടു വർഷങ്ങൾക്കു മുമ്പ് ഞാൻ രാമായണ മാസക്കുറിപ്പെഴുതിക്കൊണ്ടിരിക്കുമ്പോൾ അറുപതു വയസ്സിനു മുകളിൽ പ്രായമായ ഭക്തയായ ഒരു വീട്ടമ്മ അതെല്ലാം വായിച്ച്, ശരിയും തെറ്റും ഏതെന്നു തിരിച്ചറിയാൻ വയ്യാതെ ആകെ ആശയ കുഴപ്പത്തിലായി. താൻ വിശ്വസിക്കുന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഈ ശ്വരകാര്യങ്ങൾ എന്ന് ഭഗവത് ഗീതയുടെ അടിസ്ഥാനത്തിൽ സാർ പറയുമ്പോൾ അത് തള്ളിക്കളയാൻ തോന്നുന്നില്ലെന്നും താനാകെ വിഷമാവസ്ഥയിലാണെന്നും മെസഞ്ചറിലൂടെ എന്നെ അവർ എഴുതി അറിയിച്ചു. എനിക്കവരുടെ അസ്വസ്ഥത ശരിക്കും മനസ്സിലായി, ഞാൻ അവർക്കു കൊടുത്ത മറുപടി താഴെ കുറിക്കുന്നു.

'നിങ്ങൾ ചെയ്തു കൊണ്ടിരിക്കുന്ന ക്ഷേത്ര ദർശനങ്ങളും പൂജകളും വഴിപാടുകളും എല്ലാം അതുപോലെ തന്നെ തുടരുക. പക്ഷെ ഇന്നലെ വരെ എന്തൊക്കെയോ ലക്ഷ്യങ്ങൾ മനസ്സിൽ ചിന്തിച്ചായിരുന്നു ഇതൊക്കെ ചെയ്തിരുന്നതെങ്കിൽ നാളെ മുതൽ അതെല്ലാം മനസ്സിൽ നിന്നും കളഞ്ഞ്, എനിക്കിങ്ങനെയൊരു ജന്മം തന്നിത്രത്തോളം ആരോഗ്യത്തോടും സന്തോഷത്തോടും ഇവിടം വരെ എന്നെ കൊണ്ടുവന്ന ഭഗവാനേ, എന്റെ നന്ദി സൂചകമായി ഇതെല്ലാം സ്വീകരിക്കണമേ എന്നു ആത്മാർത്ഥമായി പറഞ്ഞ് പ്രാർത്ഥിച്ചു സമർപ്പിച്ചു കൊള്ളുക. ഇതാണ് യഥാർത്ഥ ഭക്തി. നിങ്ങളുടെ എല്ലാ പാപഭാരവും പോയിക്കിട്ടും എന്നു മാത്രമല്ല, നിങ്ങൾ പ്രതീക്ഷിക്കുന്നതിലും ഭംഗിയായി എല്ലാക്കാര്യങ്ങളും നടന്നും കിട്ടും. ഒന്നും ചോദിച്ചു പ്രാർത്ഥിച്ചിട്ടില്ലല്ലോ കുചേല നെല്ലാം കിട്ടിയത്? നിസ്വാർത്ഥമായ കർമ്മവും പ്രാർത്ഥനയും അർഹമായതെല്ലാം നേടിത്തരും.'

ഇതാണ് ഞാൻ പറഞ്ഞ 'ഈശ്വരവിശ്വാസികളെ സനാതന ധർമ്മവാദിയാക്കുന്ന ആ ആത്മവിദ്യ'. ഇന്നു വരെ എന്തൊക്കെയോ നേടാനായിട്ടല്ലേ അമ്പലത്തിൽ പോയതും വഴിപാടു കഴിച്ചതും? ശക്തിക്കൊത്ത വഴിപാടു് കഴിച്ചോളൂ. പക്ഷെ, സ്വാർത്ഥ ലക്ഷ്യം മനസ്സിൽ വച്ച് ചെയ്യരുത്. ചെയ്താൽ അതൊട്ടു കിട്ടാനും പോന്നില്ല. കിട്ടും എന്നു പലരും പറയും. അതവർക്കു കിട്ടുന്ന പണത്തിന്റെ കാര്യമാണ്, നിങ്ങൾക്കുണ്ടാകുന്ന ഗുണത്തിന്റെ കാര്യമല്ല. ഹുണ്ടിയിലിടുന്ന പണം, ഭരണസംവിധാനങ്ങൾ എത്രയൊക്കെ മോഷ്ടിച്ചാലും കുറച്ചൊക്കെ സമൂഹത്തിലെ നല്ല കാര്യങ്ങൾക്കായി ചെന്നു ചേർന്നു കൊള്ളും. നിങ്ങളുടെ സഹായം അർഹരായവരിൽ ചെന്നു ചേരുമ്പോൾ നിങ്ങൾക്കത് പുണ്യമായി ഭവിച്ചോളും.

എൻ്റെ ഫെസ്ബുക് പോസ്റ്റുകൾ -3

April 25, 2018

'അമ്പലപ്പുഴ വേല കണ്ടാൽ അമ്മയും വേണ്ട' എന്ന ചൊല്ലു മാറ്റി 'തൃശൂർ പൂരം കണ്ടാൽ അച്ഛനും അമ്മയും വേണ്ട' എന്നാക്കി മാറ്റാം എന്നു തോന്നുന്നു. വർഷാവർഷം ഒന്നിനൊന്നു മികച്ചതായി വരുന്നു ഈ കേരളീയ സാംസക്കാരിക മാമാങ്കം. എങ്കിലും ഒരു ചെറിയ കുഴപ്പം തോന്നുന്നുണ്ട്. 'കുടമാറ്റ'ത്തിനു പകരം 'കോലം മാറ്റ'ത്തിന് ഓരോ വർഷവും പ്രാധാന്യം ഏറി വരുന്ന സ്ഥിതിയിൽ പോകെപ്പോകെ വർണ്ണക്കുടകളുടെ സ്ഥാനം കോലങ്ങൾ അപഹരിക്കമോ? അങ്ങിനെ സംഭവിക്കാതിരിക്കട്ടെ. എന്നാൽപ്പോലും ആനപ്പുറത്ത് അരങ്ങേറുന്ന ഈ വർണ്ണാഭമായ കാഴ്ചയും കാതു കളിർപ്പിക്കുന്ന മേളപ്രപഞ്ചവും ലോകവിസ്മയങ്ങളുടെ കൂട്ടത്തിൽ തൃശൂർ പൂരത്തിനെ പ്രതിഷ്ഠിക്കും എന്നതിൽ സംശയമില്ല.

April 28

പ്രതിപക്ഷ നേതാവ് ശ്രീ. മേശ് ചെന്നിത്തലയുടെ ഇളയ മകൻ രമിത് ഇക്കഴിഞ്ഞ വർഷത്തെ സിവിൽ സർവ്വീസ് പരീക്ഷയിൽ 210-)o റാങ്കു നേടി വിജയിച്ചു എന്ന വാർത്ത അറിഞ്ഞു. രമിത്തിനും രമേശിനും ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അധികാര ദുർവിനിയോഗത്തിലൂടെ ധിക്കാരപൂർവ്വം മക്കൾക്ക് സ്ഥാനമാനങ്ങൾ സമ്പാദിച്ചെടുക്കുകയും അങ്ങിനെ സമൂഹത്തിന് ദ്രോഹവും ചെയ്തു കൂട്ടുന്ന രാഷ്ട്രീയക്കാർ ഈ ഉദാഹരണം കണ്ടുപടിക്കണം. സിവിൽ സർവ്വീസ് പരീക്ഷയിൽ ജയിക്കാൻ മിടുക്കു മാത്രം പോരാ; തികഞ്ഞ കഠിനാധ്വാനവും ഇച്ഛാശക്തിയും വേണം. അച്ഛന്റെ അധികാരവും സമ്പത്തും ഉപയോഗിച്ച് ചിന്തിക്കുന്നതെന്തും നേടാൻ കഴിയുമായിരുന്ന രമിത്, വലിയവനാകാൻ മറ്റു പലരുടെയും മക്കൾ തിരഞ്ഞെടുത്ത ആ വഴിക്കു പോകാതെ അധ്വാനിച്ചു ജീവിക്കണം എന്നു തീരുമാനിച്ചത് ഒരു കൊച്ചു കാര്യമല്ല. ഇങ്ങിനെയുള്ളവരെക്കൊണ്ടേ നാടിനു ഗുണമുള്ളൂ. അതു പറയാനാണീ പോസ്റ്റിടുന്നത്; രമേശിന്റ രാഷ്ടീയവുമായി ഇതിനു ബന്ധമില്ല.

April 30

അടുത്ത വർഷം ജോലിയിൽ നിന്നും വിരമിച്ചതിനു ശേഷം ജന്മനാടായ ഏവൂരിൽ താമസിക്കാനായി ഒരു വീടു പണികഴിപ്പിക്കുന്നതിന്റെ ആദ്യപടിയായ കല്ലിടീൽ കർമ്മം ഇന്നലെ നടന്നതിന്റെ ചില ചിത്രങ്ങൾ നിങ്ങളേവരുമായി പങ്കിടുന്നു. ഭാരതീയ സംസ്ക്കാരത്തിൽ ഏതു പുതിയ സംരഭവും മംഗളകരമാകാൻ ഈശ്വരന്റെയും മനുഷ്യരുൾപ്പെടുന്ന പ്രകൃതിയുടെയും അനുഗ്രഹാശിസ്സുകൾ ആവശ്യമാണ്. നിങ്ങളേവരുടേയും അനുഗ്രഹാശിസ്സുകളും ഉണ്ടാകണം.

May 3

ഇന്നത്തെ ചൂടുള്ള ചർച്ചാ വിഷയം ഡൽഹിയിലെ സിനിമാ അവാർഡ് ദാനച്ചടങ്ങാണല്ലോ? രാഷ്ട്രപതിയിൽ നിന്നും നേരിട്ട് അവാർഡു സ്വീകരിക്കണം എന്നത് ഏതു അവാർഡ് ജേതാവിന്റെയും ആഗ്രഹമാണ്. പ്രോട്ടോക്കോൾ അനവദിക്കാതിരുന്നതു കാരണമാകാം, വളരെ junior ആയ ചിലർക്കതു സാധിക്കാതെ വന്നപ്പോൾ അതവരെ സ്വാഭാവികമായും നിരാശപ്പെടുത്തിയിരിക്കാം. മനസ്സു ദുർബലരായ ചിലർ മിഠായി കിട്ടാത്ത കൊച്ചു പിള്ളേരെപ്പോലെ വാശി പിടിച്ച് അവാർഡ് വേണ്ട എന്ന നിലപാടെടുത്തിരിക്കയും ചെയ്യാം. ഇതൊക്കെ സാധാരണ നടക്കാവുന്ന കാര്യങ്ങളാണ്. അതെങ്ങിനെയാണ് ലോകം മുഴുവൻ ചർച്ച ചെയ്യാനുള്ള വിവാദ വിഷയമാകുന്നതെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല.

ചെന്നൈ ലയോള കോളജിലെ ബിരുദദാനച്ചടങ്ങിൽ മുഖ്യാതിഥി ഏതാനും വിദ്യാർത്ഥികൾക്കു മാത്രമേ ബിരുദം നേരിട്ടു നൽകാറുള്ളൂ. രണ്ടു മണിക്കുറോളം നീണ്ടു നിൽക്കാറുള്ള ബിരുദദാനച്ചടങ്ങിൽ വേദിയിൽ മൂന്നിടത്തായി നിന്നുകൊണ്ട് മറ്റു മൂന്നു പ്രമുഖരായിരിക്കും ബിരുദദാനം ചെയ്യുക. ആരു കൊടുത്താലും കിട്ടുന്ന സർട്ടിഫിക്കറ്റ് മദ്രാസ് സർവ്വകലാശാലയുടേതാണ്. മുഖ്യാതിഥി നൽകാത്തതിനാൽ ബിരുദം വേണ്ട എന്നു വിദ്യാർത്ഥികളാരും പറയാറില്ല. പറഞ്ഞാൽ ജീവിതം വഴിയാധാരമാകും, അത്ര തന്നെ.

May 7

'ഷർട്ടിട്ടു കൊണ്ടു ക്ഷേത്ര ദർശനം നടത്തുന്നതിൽ തെറ്റില്ല' എന്ന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി ശ്രീ. വെള്ളാപ്പള്ളി നടേശൻ ഇക്കഴിഞ്ഞയാഴ്ച നടത്തിയ പ്രസ്താവം വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നല്ലോ? ഇത്ര വലിയ പ്രതിഷേധം വിളിച്ചു വരുത്താനുള്ള കാര്യമാണോ അദ്ദേഹം പറഞ്ഞത്?

പല ഹൈന്ദവ ക്ഷേത്രങ്ങളിലും കാലാകാലമായി പിൻതുടരുന്ന ഒരു കീഴ് വഴക്കമാണു് പുരുഷന്മാർ ഷർട്ടൂരിക്കൊണ്ടു നാലമ്പലത്തിൽ കയറണമെന്നത്. ശരീരത്തിടാൻ തുണി ഇല്ലാതിരുന്ന ഒരു കാലത്തു നിലനിന്നിരുന്ന ഒരു പ്രവൃത്തിയെ ആചാരം എന്ന പേരിൽ അടുത്ത തലമുറകളിലേക്ക് പകർന്നു നൽകിയതാകാം ഇതെന്നതല്ലാതെ ആത്മീയമായ ക്ഷേത്ര ദർശനത്തിന് ഷർട്ട് ഇടുന്നതിലും ഇടാത്തതിലും എന്തു ബന്ധം ചിന്തിക്കാൻ കഴിയും? ഈശ്വരന്റെ മുമ്പിൽ ഭക്തൻ ഒന്നും മറച്ചു പിടിക്കരുതെന്ന ചിന്തയാണിതിനു പിന്നിലെങ്കിൽ അടിവസ്ത്രമിടുന്നതും ശരിയാകില്ലല്ലോ? ഒരു കാലത്ത് സ്ത്രീകൾ മാറുമറയ്ക്കുന്നത് അപരാധമായിരുന്നെങ്കിൽ ഇന്ന് മാറു മറച്ചില്ലെങ്കിൽ അതല്ലേ അപരാധം? കാലം മാറുന്നതിനനുസരിച്ച് മനുഷ്യ ചിന്തകളും മാറണമെന്നല്ലേ ഇതെല്ലാം കാണിക്കുന്നതു്? കഴിഞ്ഞ 50 വർഷങ്ങൾക്കുള്ളിൽ ക്ഷേത്ര ആചാരങ്ങളിലും മറ്റ് അനുബന്ധ കാര്യങ്ങളിലും കാലാനുസാരിയായ എത്രമാത്രം മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് ചിന്തിച്ചു നോക്കിയാൽ തന്നെ ഇതൊക്കെ നമുക്കു മനസ്സിലാക്കാവുന്നതേയുള്ളൂ.

ക്ഷേത്ര വിഷയമാകയാൽ ഒരാത്മീയ പ്രസ്താവം അസ്ഥാനത്താകില്ലെന്നു വിചാരിക്കുന്നു. അനശ്വരമായ ആ ഒന്നിനെ കാണാൻ ശ്രമിക്കാതെ നശ്വരമായ വേഷഭൂഷാദികൾക്കു പിറകെ പോകുന്നതിലല്ലേ ഭക്തരിലേറെപ്പേർക്കം ഇന്നു താല്പര്യം? ഷർട്ടല്ല, നമ്മുടെ ശരീരമനോബുദ്ധികളെയാകെ ഗ്രസിച്ചു നിൽക്കുന്ന ആ അജ്ഞാനാവരണത്തെയാണാദ്യം മാറ്റേണ്ടത്. ക്ഷേത്രജ്ഞദർശനം അതുകൊണ്ടേ സാദ്ധ്യമാവൂ.

May 16
സഹജീവി സ്നേഹവും സദ്ഭാവനകളും കൊണ്ടു മനസ്സുനിറയുന്നതാകട്ടെ ഈ റമസാൻ വ്രതാനുഷ്ടാന കാലം. എല്ലാ മുസ്ലീം സഹോദരങ്ങൾക്കും എന്റെ ഹൃദയംഗമമായ ആശംസകൾ.


May 18

സ്ഥാനാർഥി നിർണ്ണയത്തിലും ഇലക്ഷനുശേഷം അധികാരം ഉറപ്പുവരുത്തുന്നതിലും മന്ത്രിസഭാരൂപീകരണത്തിലും നമ്മുടെ രാഷ്ട്രീയപ്പാർട്ടികൾ കാണിക്കുന്ന ശുഷ്ക്കാന്തി നമുക്കെല്ലാം അറിവുള്ളതാണ്. തൂക്കുമന്ത്രിസഭക്കുള്ള വിധിവരുന്ന സന്ദർഭങ്ങളിൽ ഈ ശുഷ്ക്കാന്തി പ്രത്യേകിച്ചും ഏകാഗ്രമായ ഒരു തപസ്സിന്റെ സ്വഭാവമാർജ്ജിക്കുന്നതു കാണാം. ആരും ആജ്ഞ കൊടുക്കേണ്ടതില്ല; എല്ലാവരും അവരവരുടെ കഴിവിന്റെ പരമാവധി പുറത്തെടുക്കുന്നു, ഏതു പ്രതിബന്ധത്തെയും നിശ്ചയദാർഢ്യത്തോടെ നേരിട്ടു തോൽപ്പിക്കുന്നു. കണ്ണിൽക്കണ്ണിൽ നോക്കാതെ, തമ്മിൽപ്പോരടിച്ചു നിന്നിരുന്ന കക്ഷികൾ പോലും, എങ്ങിനെയെങ്കിലും ഒന്നു ഭരണത്തിലേറി, തങ്ങളാൽ കഴിയുന്ന വിധത്തിലെല്ലാം ജനങ്ങളെ സേവിക്കണം എന്ന ഒരൊറ്റ ആഗ്രഹത്തിന്റെ പേരിൽ, എല്ലാ ഭിന്നതകളും മറന്നു, ഒരു മെയ്യോടെ പ്രവർത്തിക്കാൻ സന്നദ്ധരാകുന്നു. ഇതാണ് യഥാർത്ഥ ത്യാഗം. നമ്മുടെ ചില നേതാക്കളുടെ ഈ ത്യാഗമനോഭാവം കാണുമ്പോൾ ചിലപ്പോഴൊക്കെ സന്തോഷം കൊണ്ടു കണ്ണുനിറഞ്ഞു പോകാറുണ്ട്. ഇതിനിടെ 'ധാർമ്മികം, അധാർമ്മികം' എന്നൊക്കെ ടി.വി.ചാനലിലിരുന്നിവരൊക്കെ പറയുന്നതു കേൾക്കുമ്പം സ്ഥലകാലബോധമില്ലാതെ പൊട്ടിച്ചിരിച്ചു പോകാറുമുണ്ട്. കഷ്ട്ടം!


May 20

ഒരു ട്രെയിൻ യാത്ര കഴിഞ്ഞു വരികയാണ്. കണ്ട കാഴ്ച പറയാം. എന്റെ സീറ്റിനടുത്തുള്ള സീറ്റുകളിൽ ചെറുപ്പക്കാരായ ദമ്പതികൾ രണ്ടു കുട്ടികളുമായി യാത്രയ്ക്കുണ്ടായിരുന്നു. രണ്ടു കുട്ടികളും ആറു ബർത്തുകളിലുമായി ചാടിക്കളിച്ചു കൊണ്ടേയിരുന്നു. പല ചാട്ടങ്ങളിലും കുട്ടികൾ താഴെ വീണു പരിക്കേൽക്കുമോയെന്ന് ഞാൻ ഭയന്നു. പക്ഷേ ഈ ഭയമൊന്നും അച്ഛനമ്മമാരിൽ കണ്ടില്ല. അവർ ഇംഗ്ലീഷ് സിനിമ വീഡിയോയിൽ കാണുന്ന തിരക്കിലായിരുന്നു. ഇടക്കിടക്ക് ഇംഗ്ലീഷിൽ കുട്ടികൾക്കു ചില നിർദ്ദേശങ്ങൾ നൽകിയതൊഴിച്ചാൽ കുട്ടികൾ സഹയാത്രക്കാർക്കുണ്ടാക്കുന്ന അസൗകര്യമോ അവരുടെ അതിരു കടന്ന കളിയാവേശം കാരണം അവർക്കുണ്ടാകാവുന്ന പരിക്കുകളെക്കുറിച്ചോ ഒന്നും Parents ശ്രദ്ധിച്ചിരുന്നില്ല. ഇവരെല്ലാം പലവിധ ആഹാര സാധനങ്ങൾ പലപ്പോഴായി കഴിച്ചു, അവസാനം ഇറങ്ങാൻ സമയത്ത് ബാക്കിയുണ്ടായിരുന്ന ആഹാരസാധനങ്ങളും കഴിച്ചു തീർത്ത്, അതിന്റെയെല്ലാം കവറുകളും ബോട്ടിലുകളും അവിടെയെല്ലാം വാരി വിതറി ഇറങ്ങിപ്പോകുകയും ചെയ്തു.

മുട്ടിന് താഴെ നിൽക്കുന്ന നിക്കറും അവിടെയും ഇവിടെയും കീറിയ ജീൻസും ഇംഗ്ലീഷ് സംസാര വുമൊക്കെ നല്ലതു തന്നെ. ഒരു modern look കിട്ടും. പക്ഷേ ഇതോടൊപ്പം നല്ല സംസ്ക്കാരവും വേണം. ഇല്ലെങ്കിൽ അകം പൊള്ളയും പുറം ഗംഭീരവുമായ മനുഷ്യർ മാത്രമായിത്തീരും. അടുത്ത തലമുറയെയെങ്കിലും ഇങ്ങിനെയാക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഇതൊക്കെ, നമ്മൾ അനുകരിക്കാൻ ശ്രമിക്കുന്ന പാശ്ചാത്യരെ കണ്ടു പഠിക്കാവുന്നതേയുള്ളൂ. അവരുടെ പുറം മാത്രമല്ല അകവും ഗംഭീരമാണ്.


May 23

തത്വവിചാരമാണ്, താല്പര്യമില്ലാത്തവർ വിട്ടേക്കുക!

'ജീവിക്കുക' എന്നതിനർത്ഥം ജന്മനാ ലഭിച്ചിട്ടുള്ള കഴിവുകളും സമൂഹത്തിൽ നിന്നും സ്വയം ആർജ്ജിക്കുന്ന കഴിവുകളും ഉപയോഗിച്ച് ഈ ലോകത്തിൽ സ്വതന്ത്രമായി കർമ്മം ചെയ്തു കഴിയുക എന്നാണർത്ഥമാക്കുന്നതെങ്കിൽ നമ്മളിൽ പലരും ജീവിക്കുന്നവരല്ല എന്നു പറയേണ്ടി വരും. എന്ത് അസംബന്ധമാണീപ്പറയുന്നതെന്നു തോന്നാം. പക്ഷെ സത്യം അതാണ്‌. അമ്മയുടെ ഉദരത്തിൽ നിന്നും പിറന്നു വീഴുന്നതു തന്നെ ഏതെങ്കിലും ഒരു രാജ്യത്തിലെ ഒരു മതത്തിലെ ഒരു പ്രത്യേക ജാതിയിലേക്കാണ്. മനുഷ്യനെന്നുള്ള സ്വാതന്ത്ര്യം പകുതിയും അതോടെ പോയിക്കിട്ടി. മതവും ജാതിയും കെട്ടി ഉയർത്തിയിരിക്കുന്ന വൻമതിലിനുള്ളിൽ കിടന്നുള്ള കളിയേ ഇനി നടക്കൂ. ശരി, പകുതിയായാലും ഉള്ള സ്വാതന്ത്ര്യത്തിൽ സ്വന്തം മതം അനുശാസിക്കുന്ന നല്ല കാര്യങ്ങൾ, മനസ്സാക്ഷി പറയുന്നതിനനുസരിച്ചു ചെയ്തു ജീവിക്കാം എന്നു ചിന്തിച്ചാലോ, അതു നടപ്പുള്ള കാര്യമല്ല. മതഗ്രന്ഥത്തിൽ പറഞ്ഞിരിക്കുന്നതിനനുസരിച്ചു ജീവിക്കാൻ ശ്രമിച്ചാൽ സമുദായത്തിൽ ഒറ്റപ്പെടും എന്നതു തീർച്ച. നിസ്വാർത്ഥരായ വലിയ മനുഷ്യർ എഴുതിവച്ചിട്ടുള്ള നല്ല കാര്യങ്ങളെ സ്വന്തം താൽപ്പര്യസംരക്ഷണത്തിനായി ചെറിയ മനുഷ്യർ അപഗ്രഥിച്ചുണ്ടാക്കിയിട്ടുള്ള മതബോധത്തിൽ നിങ്ങൾ ജീവിച്ചേ മതിയാകൂ. ഇതോടെ മനുഷ്യനെന്ന സ്വാതന്ത്ര്യം നാലിലൊന്നായി ചുരുങ്ങി. ശരി, ബാക്കിയുള്ള അൽപ്പസ്വൽപ്പം സ്വാതന്ത്ര്യമെങ്കിലും അനുഭവിച്ചു 'ജീവിക്കാം' എന്നു ചിന്തിച്ചു സ്വന്തം കുടുംബത്തിലേക്കു തിരിഞ്ഞാലോ, അവിടെയും കാര്യങ്ങൾ അത്ര എളുപ്പമാകില്ല. ഭാര്യയും ഭർത്താവും കുട്ടികളും സകലമാന ബന്ധുക്കളും നാട്ടുകാരും നിങ്ങളെയും നിങ്ങളുടെ ചെയ്തികളെയും അവരുടെ താല്പര്യങ്ങൾക്കനുസരിച്ചു നിയന്ത്രിച്ചുകൊണ്ടിരിക്കും. എതിർക്കാൻ പോയാൽ കുടുംബത്തിൽ ഒറ്റപ്പെടും. ഇനി ജോലി സ്ഥലത്തു ചെന്നാലോ, സ്വശരീരം ഒഴിച്ചു ബാക്കിയുള്ളതെല്ലാം സംവിധാനത്തിന്റെയും ബോസിന്റെയും കൈപ്പിടിയിലായിരിക്കും; മറിച്ചാണെന്നാണ് പലരും ചിന്തിക്കുന്നതെങ്കിലും! സ്വാതന്ത്ര്യം ഉപയോഗിക്കാൻ ശ്രമിച്ചാൽ എപ്പോൾ വെളിയിലായെന്നു ചോദിച്ചാൽ മതി! ശരി, എന്നാൽ ഏതെങ്കിലും ഒരു രാഷ്ട്രീയപ്പാർട്ടിയിലോ, ആത്മീയ-കലാ-സാംസ്കാരിക സംഘടനയിലോ, പൊതുജനസേവന സംഘടനയിലോ ചേർന്നു സമൂഹത്തിനു ഗുണകരമാകുന്ന എന്തെങ്കിലും ചെയ്യാം എന്നു വിചാരിച്ചാലോ; ചെന്നവസാനിക്കുക കുറെ സ്വാർത്ഥമോഹങ്ങളുടെ കൂടാരത്തിലായിരിക്കും; അവിടെ ബന്ധനസ്ഥനായി, മനസ്സാക്ഷിക്കെതിരായി ആർക്കൊക്കെയോ വേണ്ടി ജയ് വിളിക്കുന്നതിൽ ജന്മം ഒടുങ്ങും. ഇതോടെ മനുഷ്യനെന്നുള്ള സ്വാതന്ത്ര്യം ഏതാണ്ടു മുഴുവൻ തന്നെ തീർന്നുവെന്നു പറയാം.

യഥാർത്ഥത്തിൽ നമ്മൾ സ്വതന്ത്രരാണോ? പാരതന്ത്ര്യത്തെ സ്വാതന്ത്യമെന്നു കരുതി ജീവിക്കയല്ലേ നമ്മളിലേറെപ്പേരും ചെയ്യുന്നത്? ഈ പാരതന്ത്യത്തിൽ നിന്നും മനുഷ്യജന്മത്തിന്റെ ശുഭ്രമായ സ്വാതന്ത്ര്യത്തിലേക്കെത്തിച്ചേർന്നു 'ജീവിക്കുന്ന' അവസ്ഥയെയാണ് ആത്മീയഭാഷയിൽ മോക്ഷം, മുക്തി എന്നൊക്കെ പറയുന്നത്. സ്വതന്ത്ര മനുഷ്യരുടെ വാസസ്ഥലമാണ് സ്വർഗ്ഗം. സ്വാതന്ത്ര്യവും പാരതന്ത്ര്യവും എല്ലാം മനസ്സിന്റെ സൃഷ്ട്ടികളാണെന്നതിനാൽ, മനോനിയന്ത്രണത്തിലൂടെ ഈ സ്വർഗ്ഗം മനുഷ്യർക്കു പ്രാപിക്കാവുന്നതേയുള്ളുതാനും.

May 24

കഴിഞ്ഞ വർഷം എതാണ്ടിതേ സമയത്താണ് ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് ഈജിപ്തിയെ കഥാപാത്രമാക്കി ഞാനൊരു ആക്ഷേപഹാസ്യം രചിച്ചത്. അതോടെ ക്ഷുദ്രജീവികളുടെയല്ലാം അന്ത്യം സംഭവിച്ച് നാടു നന്നായിക്കൊള്ളും എന്നായിരുന്നു ശുദ്ധ ഹൃദയനായ എന്റെ ചിന്ത! എന്നാലിപ്പോൾ കേൾക്കുന്നു 'നിപ്പാ' അതിന്റെ സംഹാരതാണ്ഡവം തുടങ്ങിയെന്ന്. ഡെങ്കിയെപ്പോലെ നിപ്പാപ്പനിയും വളരാൻ പരിസരശുചിത്വക്കുറവു കാരണമാകും എന്ന് ഒരു ആരോഗ്യ വിദഗ്ദ്ധൻ ഇന്നത്തെ പത്രത്തിൽ എഴുതിക്കണ്ടു. പനി വിളയാട്ടത്തിന്റെ പെരുമഴക്കാലം വരുന്നതേയുള്ളൂ. അതിനു മുമ്പേ സാഹചര്യം ഇതാണെങ്കിൽ എന്താകും നമ്മുടെ സ്ഥിതി? പുഴുവും പൂച്ചിയും പഠിപ്പിച്ചാലേ പ്രബുദ്ധരായ നമ്മൾ മലയാളികൾ പാഠം പഠിക്കുകയുള്ളൂ എന്നു വരുന്നത് കഷ്ടമല്ലേ?

May 30

രാവിലെ പത്രം കിട്ടിയില്ല. അതു കൊണ്ട് മൊബൈലിൽ നേരത്തേ വന്നു കിടന്ന ചില വീഡിയോ ക്ലിപ്പുകൾ ഒന്നു ശ്രദ്ധിച്ചു. ചാനൽ ചർച്ചയിൽ ആരോഗ്യ വിഷയത്തെക്കുറിച്ച് പ്രശസ്തനായ ഒരു ഡോക്ടർ സംസാരിക്കുന്നത് കേട്ടു; ക്യാൻസറടക്കം മലയാളികൾ ഇന്നനുഭവിക്കുന്ന പല രോഗങ്ങളുടെയും കാരണം തേടിപ്പോയാൽ ചെന്നെത്തുക നമ്മുടെ അശാസ്ത്രീയമായ ഭക്ഷണരീതിയിലായിരിക്കുമത്രെ! മലയാളിയുടെ തനതു ഭക്ഷണമായ brown rice-കപ്പ-മീനിന്റെ സ്ഥാനം white rice-പൊറോട്ട-ചിക്കൻ എടുത്തതോടെ എട്ടു വയസ്സുള്ള പെൺകുട്ടികളിൽപ്പോലും സ്തനാർബുദവും അതുപോലെ പണ്ടെങ്ങും കേട്ടുകേൾവി പോലും ഇല്ലാതിരുന്ന പല മാരകരോഗങ്ങളും പ്രത്യക്ഷപ്പെടാൻ തുടങ്ങിയത്രേ. കേരളത്തിന്റെ രോഗം വരുന്ന വഴി വായിലൂടെയും വൃത്തിഹീനതയിലൂടെയുമാണ്. അദ്ദേഹം പറഞ്ഞ ഒരു വാചകമാണ് എനിക്കേറെ ഇഷ്ടപ്പെട്ടത്; 'മാറ്റമുണ്ടാകണമെങ്കിൽ അതു മനസ്സിൽ നിന്നും തുടങ്ങണം'. അതേ, എല്ലാം നിയന്ത്രിക്കുന്നത് ഈ മനസ്സാണ്. അതിനെ നിയന്ത്രിക്കാൻ പഠിച്ചില്ലെങ്കിൽ അതു നമ്മെ നിയന്ത്രിച്ച് എല്ലാം അവതാളത്തിലാക്കും. മനസ്സിനെ നിയന്ത്രിക്കുന്ന കലയാണ് ആത്മവിദ്യ. തവിടുകലർന്ന നല്ല ചോറിനൊടൊപ്പം അതും ദൂരേക്ക് വലിച്ചെറിഞ്ഞതാണ് നമ്മുടെ ഇന്നത്തെ രോഗാവസ്ഥകൾക്കും അസമാധാനത്തിനുമെല്ലാം കാരണം.

June 2

രണ്ടു മാസത്തിനു മുൻപു വിഷു വന്നപ്പോൾ കരഞ്ഞു പറഞ്ഞു നോക്കി; എന്റെ കൊന്നേ, ഒരു കതിർ പൂവെങ്കിലും തരണേ, കണി കാണാനാ'. കേട്ട ഭാവം നടിച്ചില്ല, പൂവും തന്നില്ല. ഇപ്പം ദേണ്ടെ, ആറാട്ടും കഴിഞ്ഞ് ആനേം പോയിക്കഴിഞ്ഞപ്പോൾ പൂത്തുലഞ്ഞങ്ങനെ നിൽക്കുന്നു. ആർക്കു വേണം നിന്റെ വൈകി വന്ന ഈ മഞ്ഞച്ചിരി? എന്നൊക്കെ ചിന്തിച്ചു പോയെങ്കിലും ഉള്ളതു പറയാമേ, മനസ്സുനിറയെ സന്തോഷമേ ഉള്ളൂ. എന്റെ കൈ കൊണ്ടു നട്ടു വെള്ളമൊഴിച്ചു വളർത്തിയ എന്റെ കൊന്നയാണു് ഇങ്ങനെ പൂത്തുല്ലസിച്ച് മന്ദഹാസം തൂകി നിൽക്കുന്നത്. ആനന്ദലബ്ദിക്കിനിയെന്തു വേണം?

June 3

അമ്പലത്തിൽ പോയി നെറ്റിയിൽ കുറിയുമിട്ടാൽ മതേതരനല്ലാതായി തെരഞ്ഞെടുപ്പിൽ ജയിക്കാനുള്ള സാദ്ധ്യത മങ്ങുമത്രേ. സംസ്ക്കാരം പോയാലെന്ത്; ജയമാണല്ലോ പ്രധാനം? അപ്പോൾ ജയിക്കാൻ പാകത്തിൽ മതേതരനായി ജീവിച്ചേ മതിയാകൂ. രണ്ടും കൂടി നടക്കുന്ന കാര്യമല്ല. അപ്പോ, ന്നാ, അമ്പലവും കുറിയും കളഞ്ഞേക്കാം. അമ്പലത്തീപ്പോണം എന്ന് നിർബ്ബന്ധമുള്ളവർ, കള്ളുഷാപ്പിൽ പോകുന്ന പോലെ തലയിൽ മുണ്ടോ മറ്റോ ഇട്ട് മുഖമാസകലം മറച്ചു പോകാൻ ശ്രദ്ധിച്ചാൽ മതി. അതും അർദ്ധരാത്രിയിലായാൽ നന്ന്; മറ്റുള്ളവരുടെ മുമ്പിൽ അങ്ങിനെ മികച്ച മതേതരനാകാം. ആർക്കും കാണാവുന്ന കുറിയ്ക്കു പകരം മറ്റു വല്ലതും കണ്ടു പിടിക്കാനൊക്കുമോ എന്നു ഞാനൊന്നു നോക്കട്ടെ.
(അഭിപ്രായം പറയുന്നതിൽ പക്വത പാലിക്കണം എന്നഭ്യർത്ഥിക്കുന്നു)

June 4

ഇന്നു ലോക പരിസ്ഥിതി ദിനത്തിൽ എനിക്കു വളരെ പരിചയമുള്ള ഒരു ഗ്രാമക്കാഴ്ചയാണ് ' മനോരമ' യുടെ ആദ്യ താളിൽ കൊടുത്തിരിക്കുന്നത്. തീറ്റയുമായി വരുന്ന അമ്മക്കിളിയെ കാത്ത് കുഞ്ഞുവായും തുറന്ന് മരപ്പൊത്തിലിരിക്കുന്ന കുഞ്ഞു മൈനക്കിളി. കിളിക്കുഞ്ഞിനെ മരപ്പൊത്തിൽ നിന്നുമെടുത്ത്, പാലും ബിസ്ക്കറ്റും നൽകി വളർത്തിയെടുക്കുക എന്നതായിരുന്ന കുട്ടിക്കാലത്തെ എനിക്കേറ്റം ഇഷ്ടമായിരുന്ന കാര്യം. ഞാനെഴുതിയ 'ബാല്യ സ്മരണകൾ' എന്ന കവിതയിലെ ചില വരികൾ തന്നെ എന്റെയീ ഇഷ്ടവിഷയത്തെക്കുറിച്ചായിരുന്നു.

"തത്തക്കിളിയെ പിടിക്കാൻ സതീർത്ഥ്യനുമൊത്തു
നാടാകെ കറങ്ങി നടന്നതും
പിച്ചവക്കും കളിത്തത്തയോടൊത്തു ഞാൻ
സ്വപ്നത്തിലാകാശമദ്ധ്യേ ചരിച്ചതും

പിന്നെയൊരുനാൾ അവളൊരു ക്രൂരനാം
പന്നഗവീരനാൽ കൊല്ലപ്പെടുന്നതും
ഖിന്നനായ് ഞാൻ ജലപാനമുപേക്ഷി-
ച്ചന്നന്തിയോളം കണ്ണുനീർ വാർത്തതും"..........

ഇങ്ങിനെയുള്ള ഗ്രാമഭംഗികൾ വരും തലമുറയ്ക്കു കാണാനായിട്ടെങ്കിലും അല്പം പച്ചപ്പീ ഭൂമിയിൽ നമുക്കു നിലനിർത്താം. മരങ്ങളും കിളികളും മൃഗങ്ങളും മനുഷ്യരും എല്ലാം സ്നേഹഭാവത്തോടെ കഴിയുന്നതാകട്ടെ നമ്മുടെ ഭൂമി.

June 5

പ്രശസ്ത മലയാള ഭാഷാ പണ്ഡിതനായ പ്രൊഫ. പന്മന രാമചന്ദ്രൻ നായർ നിര്യാതനായി. മലയാള ഭാഷയ്ക്കു മികച്ച സംഭാവനകൾ നൽകി മൺമറഞ്ഞ പത്മന സാറിന്റെ വിയോഗം ഭാഷാ സ്നേഹികൾക്ക് വലിയൊരു നഷ്ടം തന്നെയാണ്. അദ്ദേഹത്തിന്റെ കൃതികളിൽ വളരെ മികവു പുലർത്തി നിൽക്കുന്ന കൃതിയാണ് 'ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥ: കൈരളീ വ്യാഖ്യാനം'. എന്റെ നളചരിത പഠനങ്ങളിൽ എന്നെ വളരെ ആകർഷിച്ചിട്ടുള്ള ഒരു ഗ്രന്ഥമാണിത്, പ്രത്യേകിച്ചും ആട്ടക്കഥയുടെ ഭാഷാപരമായ വിശകലനങ്ങളിൽ. പ്രൊഫ. പന്മന സാറിന്റെ വിയോഗത്തിൽ ദുഃഖിക്കുന്ന ബന്ധു മിത്രാദികൾക്കും ഭാഷാ സ്നേഹികൾക്കും ഒപ്പം ഞാനും ചേരുന്നു. പ്രണാമം.

June 8

രാവിലെ നാട്ടിലോട്ടു ഫോൺ ചെയ്തപ്പോൾ ചേച്ചി പറഞ്ഞു; ഇവിടെ നിപ്പായും ഡെങ്കിയും ഒക്കെ കാരണം കൊച്ചുമക്കൾക്കു പഴങ്ങളും ചോക്കളേറ്റുമൊക്കെ വാങ്ങി കൊടുക്കാതിരിക്കുവാ. പിള്ളേരെ ഒരു മാതിരിയൊക്കെ പറഞ്ഞു സമാധാനിപ്പിച്ചിരിക്കയായിരുന്നു; പക്ഷേ മിനിഞ്ഞാന്നു മുതൽ മറ്റൊരു ശല്യം തുടങ്ങിയിരിക്കുവാ. 'ആപ്പിളും ചോക്കളേറ്റും മേടിച്ചു തരുത്തില്ലെങ്കിൽ വേണ്ടാ, ഒരു രാജ്യസഭാ സീറ്റെങ്കിലും മേടിച്ചു താ' എന്നാ ഇപ്പഴത്തെ ഡിമാൻഡു്. 'മക്കളേ, നിങ്ങളു വിചാരിക്കുന്ന പോലെ മേടിക്കാൻ കിട്ടുന്ന സാധനമൊന്നുമല്ല അത്, രാജ്യത്തെ സേവിക്കാനുള്ള വലിയ കാര്യമാ അത്.... നിങ്ങക്കിപ്പം പറഞ്ഞാ മനസ്സിലാകത്തില്ല...' എന്നൊക്കെ പറഞ്ഞു സമാധാനിപ്പിക്കാൻ നോക്കി. പക്ഷേ അവമ്മാരുണ്ടോ വിടുന്നു?ചോദ്യം ഉടനെ വന്നു,' അമ്മൂമ്മ പറഞ്ഞ ഈ വല്യകാരത്തിനെന്തിനാ വെള്ളയുടുപ്പിട്ട അങ്കിളന്മാരെല്ലാം കൂടി ടിവിയിൽ കിടന്നു ഞങ്ങൾ ചോക്കളേറ്റിനു വഴക്കുണ്ടാക്കുന്ന പോലെ വഴക്കു കൂടുന്നത്? അപ്പം അമ്മൂമ്മ കള്ളം പറയുവാ. ഒരു രാജ്യസഭാ സീറ്റ് ഞങ്ങക്കും മേടിച്ചു താ അമ്മുമ്മേ?'.

'മോഹനാ, എന്തു പറഞ്ഞിപ്പിള്ളേരെ സമാധാനിപ്പിക്കും? എന്തെങ്കിലും ഒരു വഴി പറഞ്ഞു താ'

'ഇപ്പം ആകെ ഒരു സീറ്റല്ലേയുള്ളൂ? അടുത്ത പ്രാവശ്യം മേടിച്ചു തരാം എന്നു പറഞ്ഞു രക്ഷപെടുന്നതാ ബുദ്ധി'. ഞാനെന്റെ വിദഗ്ദാഭിപ്രായം നൽകി.

ഇപ്പഴത്തെ പിള്ളേരടെ ഒരു കാര്യമേ?

June 12

ലോകം വളരെ പ്രതീക്ഷയോടെ ഉറ്റുനോക്കിയിരുന്ന Trump-Kim കൂടിക്കാഴ്ച ഇന്നു രാവിലെ സിംഗപ്പൂരിൽ നടന്നു കഴിഞ്ഞു. വളരെ ഊഷ്മളമായ ഒരു കൂടിക്കാഴ്ചയാണെന്ന് രണ്ടു നേതാക്കളും പറഞ്ഞതൊഴിച്ചാൽ മറ്റ് പ്രധാന തീരുമാനങ്ങളൊന്നും ഈ മീറ്റിങ്ങിൽ ഉണ്ടായിട്ടില്ല എന്നാണു റിപ്പോർട്ടുകൾ. കഴിഞ്ഞ കുറേക്കാലമായി നിരന്തരം പോർവിളി നടത്തിക്കൊണ്ടിരുന്ന രണ്ടു ആണവരാഷ്ട്ര നേതാക്കൾ പരസ്പരം കൈ കൊടുത്ത് ഒരു മേശക്കിരുവശവുമിരുന്നു ചർച്ച ചെയ്യാൻ മനസ്സു കാണിച്ചു എന്നത് ലോകസമാധാനം ആഗ്രഹിക്കുന്ന മനുഷ്യർക്കെല്ലാം ആശ്വാസകരമായ ഒരനുഭവം തന്നെയാണ്. മുൻകാല അനുഭവങ്ങൾ വച്ചു നോക്കിയാൽ ഈ രണ്ടു നേതാക്കളും പറയുന്നതു് എത്രമാത്രം വിശ്വസിക്കാൻ കഴിയും എന്നു പറയാൻ കഴിയില്ലയെങ്കിലും ഇതോടെ ലോകം കൂടുതൽ സമാധാനപരമായ അന്തരീക്ഷത്തിലേക്കു നീങ്ങട്ടേ എന്നു നമുക്കെല്ലാം ആശിക്കാം.

June 17

നമ്മുടെ നാട്ടിലെ ഏറ്റവും വലിയ പ്രശ്നങ്ങളിലൊന്ന് വീട്ടുജോലികളും അതുപോലെ 'വൈറ്റ് കോളർ ജോബ'ല്ലാത്ത ജോലികളും ചെയ്യാൻ ആളെ കിട്ടാനില്ല എന്നതാണു്. പക്ഷേ, ഇന്നത്തെ പത്രം വായിക്കൂമ്പോഴാ മനസ്സിലായത്, ഇപ്പറഞ്ഞത് സാധാരണ ജനങ്ങളുടെ കാര്യമാണ്, രാഷ്ട്രീയക്കാരുടെ യോ പോലീസുകാരുടെയൊ ഒന്നും പ്രശ്നമല്ലെന്ന്. സീനിയർ ഓഫീസറുടെ വീട്ടിൽ അടുക്കള വേല ചെയ്യാനും പട്ടിയെ കുളിപ്പിക്കാനും ഭാര്യമാരേം മക്കളേം അവർക്കിഷ്ടമുള്ളിടത്തൊക്കെ കൊണ്ടുപോകാനുമൊക്കെയായി ഒരു പോലീസ് പട തന്നെ ഉണ്ടാകുമത്രേ! പോലീസുകാർ ചെയ്യേണ്ട ബുദ്ധിമുട്ടുള്ള ജോലി ഒന്നും ചെയ്യാതെ സാമാന്യം സുഖകരമായി ജീവിതം പോയിക്കിട്ടുന്നമെന്നതിനാൽ ഇതിലൊന്നുമാർക്കും വലിയ പരാതിയൊന്നും ഉണ്ടാകാറുമില്ല. ഒരു മാസം 8 കോടി രൂപയാണത്രേ പൊതുഖജനാവിന് ഇങ്ങനെ നഷ്ടമാകുന്നതു്.

എന്റെ മോന് ഐ.പി.എസുകാരനാകാനാണ് ആഗ്രഹം. എനിക്കതിൽ വലിയ താല്പര്യമില്ലാതിരിക്കയായിരുന്നു. ഇന്നു പേപ്പർ വായിച്ചതോടെ ആ ഇഷ്ടക്കേടങ്ങു മാറിക്കിട്ടി. വീട്ടിൽ നാലഞ്ചു പോലീസുകാരെ ജോലിക്കു കിട്ടുമെങ്കിൽ പുളിക്കുമോ? എന്റെ ശിഷ്ടകാലം കുശാലായങ്ങു പോയിക്കിട്ടുമാരുന്നു!

June 21

'ഇന്നലെ ഒരു വലിയ ഭാഗ്യമുണ്ടായി. പത്തു വയസ്സോളം പ്രായം വരുന്ന നല്ലൊരു അതിഥിയെ പിടിക്കാൻ കഴിഞ്ഞു; ഒരു രാജവെമ്പാലയെ. എനിക്കു പിടിക്കാൻ കഴിഞ്ഞ143-മത്തെ രാജവെമ്പാലയായിരുന്നു അത്'. വാവ സുരേഷിപ്പോൾ ടിവിയിൽ പറഞ്ഞു കേട്ടതാണു്. രാജവെമ്പാലയെ പിടിച്ചു രക്ഷിക്കാൻ കഴിഞ്ഞു എന്നു പറയുമ്പോൾ ആ മനുഷ്യന്റെ മുഖത്തു കണ്ടത് സന്തോഷവും സംതൃപ്തിയുമാണ്. പാമ്പിനെ ആ പേരു വിളിക്കാതെ 'അതിഥി' എന്നു മാത്രമേ വാവ വിളിക്കാറുള്ളു. പാമ്പു 'ചത്തു' എന്നല്ല 'മരണമടഞ്ഞു' എന്നു ബഹുമാനപുരസ്സരം പറയുന്ന ഒരു ജന്തുസ്നേഹി. ഓരോ പാമ്പിനെ കൈകാര്യം ചെയ്യുമ്പോഴും സുരേഷ് കാണിക്കുന്ന വാത്സല്യവും കരുതലും ഒന്നു വേറെ തന്നെയാണ്. ആർക്കെന്തു സംഭവിക്കും എന്നതെനിക്കറിയണ്ട, എന്റെ കാര്യം സാധിച്ചു കിട്ടണം എന്ന സ്വാർത്ഥ ചിന്തയിൽ മാത്രം അഭിരമിച്ച് സമൂഹത്തിനാകെ ദോഷം വരുത്തിവച്ചു കൊണ്ടിരിക്കുന്ന മനുഷ്യരുടെ ഇടയിലാണ് ആർക്കും വേണ്ടാത്ത സാധു ജീവികളെ രക്ഷിച്ചു കൊണ്ട്, സ്വന്തം ജീവനെ പണയം വച്ചു കൊണ്ട്, ആരിൽ നിന്നും ഒന്നും തന്നെ പ്രതീക്ഷിക്കാതെ, ഇതുപോലൊരു മനുഷ്യൻ നമ്മുടെ ഇടയിൽ ജീവിക്കുന്നത്. ഇതൊരു വലിയ കാര്യം തന്നെയാണു്. അപകടമൊന്നും സംഭവിക്കാതെ തന്റെ ഇഷ്ടകർമ്മം നിർവ്വഹിച്ചു ജീവിക്കാൻ ഈ സാധു മനുഷ്യനു കഴിയട്ടേ എന്നു പ്രാർത്ഥിക്കുന്നു.

June 22

നമ്മുടെ പോലീസ് അടക്കമുള്ള സേനാ വിഭാഗങ്ങളിൽ നിലനിൽക്കുന്ന 'സല്യൂട്ട് തന്നെ നിർത്താറായി' എന്ന ശീർഷകത്തിൽ ഡോ.ബി.അശോക് (സംസ്ഥാന പാർലമെന്ററി കാര്യ സെക്രട്ടറി) ഇന്നത്തെ 'മലയാള മനോരമ' ചെന്നൈ എഡിഷനിൽ എഴുതിയിട്ടുള്ള കുറിപ്പിലെ ഒരു വാചകം ശ്രദ്ധേയമാണ്. വാചകമിതാണ്; "കൊളോണിയൽ പാരമ്പര്യം, കൊളോണിയൽ രാജ്യങ്ങളാകെ ഉപേക്ഷിച്ചിട്ടും, നമ്മുടെ സൗകര്യപ്രദമായ വർണ്ണാശ്രമ ധർമ്മ വ്യവസ്ഥയുടെ ഭാഗമാക്കി വിളക്കിച്ചേർത്തതിന്റെ ഫലമാണ് ഇപ്പോൾ മുന്നിൽക്കാണുന്ന പലതും". വളരെ ശരിയും പ്രസക്തവുമായ ഒരു പ്രസ്താവമാണിത്. ഇവിടെ വന്നു ഭരിച്ച വിദേശീയരെല്ലാം അവരുടെ പഴയ അധമ സംസ്ക്കാരത്തെ തള്ളിപ്പറഞ്ഞു മുന്നേറുമ്പോൾ, നമ്മളോ അടിമത്വത്തെ ആവേശപൂർവ്വം വാരിപ്പുണരുകയാണ്. നമ്മുടെ വ്യക്തിപരമായും സാമൂഹികപരമായുമുള്ള ചെയ്തികളെ സൂക്ഷ്മമായി വിശകലനം ചെയ്താൽ ഈ master- slave സംസ്കാരം മനസ്സിലാക്കാവുന്നതേയുള്ളൂ. നമ്മുടെ രാഷ്ട്രീയത്തിലും ഭരണതലങ്ങളിലും പ്രവൃത്തി മേഖലകളിലുമെല്ലാം തന്നെ ഈ ഉച്ചനീചത്വത്തിന് റ മുദ്രകൾ വളരെ പ്രകടമാണ്. വളരെ മാന്യമായി പുറത്തു പെരുമാറുമ്പോഴും അകത്ത് ഈ ചെകുത്താൻ സർവ്വശക്തിയുമാർജ്ജിച്ചു പ്രവർത്തിക്കുന്നതിന്റെ ബഹിർസ്ഫുരണമാണ് സമൂഹത്തെയാകെ ഗ്രസിച്ചു നിൽക്കുന്ന നമ്മുടെ കാപട്യ സ്വഭാവം. നമ്മുടെ രാജ്യത്തിന്റെ പുരോഗതിക്കു തടസ്സം നിൽക്കുന്ന ഏറ്റവും വലിയ കാരണം ഇതു തന്നെയാണ്. പക്ഷേ, പറഞ്ഞിട്ടെന്തു കാര്യം, നൂറ്റാണ്ടുകളായി ഭാരതീയന്റെ രക്തത്തിൽ അലിഞ്ഞു ചേർന്ന സംസ്കാരമാണിത്. അതത്ര വേഗം മാറിപ്പോകുന്നതല്ല. വിദ്യാഭ്യാസത്തിലൂടെയും അറിവിലൂടെയും ബോധപൂർവ്വമായ ചിന്തയിലൂടെയും മെല്ലെ മെല്ലെയെങ്കിലും ഈ ശാപത്തിൽ നിന്നും മോചനം ലഭിക്കുമെന്നു പലരും പ്രതീക്ഷിരുന്നെങ്കിലും സമകാലിക സാമൂഹിക സംഭവങ്ങൾ കാണിക്കുന്നത് അതൊരാഗ്രഹം മാത്രമായി ഇന്നും നിലനിൽക്കുന്നു എന്ന സത്യമാണ്. ബോധസ്വരൂപമാണ് മനുഷ്യൻ എന്നു പഠിപ്പിച്ച മഹനീയ സംസ്കാരത്തെയാണ് ഈ അബോധം വിഴുങ്ങുന്നതെന്നു കാണുന്നതാണ് ഏറെ ഖേദകരം.

June 25

വാർത്തകൾ വായിക്കുമ്പോൾ ഇപ്പോഴത്തെ പോലീസ് കേസുകളുടെ ഒരു പൊതു സ്വഭാവം വ്യക്തമാകുന്നുണ്ടു്. തന്നോട് അതിക്രമം കാണിച്ചുവെന്നാരോപിച്ച് ഒരാൾ മറ്റൊരാളിനെതിരെ പോലീസിൽ പരാതിപ്പെടുന്നു. ഉടൻ തന്നെ കേസിലെ പ്രതി വാദിക്കെതിരെയും ഒരു പരാതി കൊടുക്കുന്നു. രണ്ടും വാർത്താ മാദ്ധ്യമങ്ങളിൽ വലിയ ചർച്ചയാകുന്നു. ഇങ്ങനെ കുറേ ദിവസം പോയിക്കിട്ടും. അതിക്രമത്തിനിരയായ ആദ്യവാദിയോട് കേസ് ഒതുക്കി തീർക്കുന്നതാണു് നല്ലതെന്നു പോലീസ് ഉപദേശിക്കുന്നു. ഇല്ലെങ്കിൽ വാദി പ്രതിയാകുന്ന സാഹചര്യം ഉണ്ടാകുമത്രേ; പ്രത്യേകിച്ചും സമൂഹത്തിൽ പിടിപാടുള്ളവരുടെ പേരിലാണ് കേസെങ്കിൽ. കേസ് കൈവിട്ടു പോയി താൻ നാളെ അകത്താകാം എന്ന ഭയത്താൽ യഥാർത്ഥത്തിൽ അതിക്രമത്തിനിരയായ ആദ്യ വാദി കേസു പിൻവലിക്കുന്നു. അടി കിട്ടിയത് മിച്ചം, പക്ഷേ സ്വന്തം തടിയെങ്കിലും രക്ഷിക്കാനായല്ലോ എന്ന സമാധാനത്തിൽ വാദി നിർവൃതിയടയുന്നതോടെ സംഭവത്തിനു തിരശ്ശീല വീഴുകയും ചെയ്യുന്നു.

മഹാത്മാഗാന്ധിയുടെ നാട്ടിലെ ഈ സമാധാന പ്രക്രിയ സ്വാഗതാർഹം തന്നെ. പക്ഷേ നീതി നിർവ്വഹണം എന്ന കാര്യം നടക്കുന്നുണ്ടോ? ഇങ്ങനെ ഭായി ഭായിയായി സമാധാനിക്കാനായിരുന്നെങ്കിൽ എന്തിനാണ് പിന്നെ കേസ് കൊടുക്കുന്നത്? പൊതു ഖജനാവിലെ എത്രമാത്രം പണമാണ്‌ ഇങ്ങനെയുള്ള പോലീസ് നാടകങ്ങൾക്കു വേണ്ടി നമ്മൾ കളഞ്ഞു കളിക്കുന്നത്? വാർത്താമാദ്ധ്യമങ്ങൾക്കു കുറെ നാൾ ഗുണമുണ്ടായി എന്നതല്ലാതെ ഇതുകൊണ്ടൊക്കെ നാടിനും പൊതുജനത്തിനും എന്തു ഗുണമാണുണ്ടാകുന്നത്?

June 28

കഴിഞ്ഞ മൂന്നു നാലു വർഷങ്ങളായി തുടർച്ചയായി ഫേസ്ബുക്കിൽ എഴുതിക്കൊണ്ടിരിക്കുന്നയാളാണ് ഞാൻ. കലാ-സാംസ്കാരിക-ആത്മീയ-സാമൂഹികവിഷയങ്ങളാണ് എന്റെ പോസ്റ്റുകൾ കൂടുതലിലും വിഷയമായിട്ടുള്ളത്. സാമൂഹികാവബോധമാണ് ലക്ഷ്യമാക്കുന്നതെന്നതിനാൽ എഴുത്തുകൾ എല്ലാം തന്നെ 'പബ്ലിക്' ആയിട്ടാണ് പോസ്റ്റ് ചെയ്യാറുള്ളതും. അയ്യായിരത്തിനടുത്തു വരുന്ന സുഹൃത്തുക്കളും പബ്ലിക്കും ചേരുന്ന സാമാന്യം ഭേദപ്പെട്ട ഈ പൊതുസമൂഹം, കേരളീയ സമൂഹത്തിന്റെ തന്നെ ചെറിയൊരു പരിഛേദമാകാം എന്നതിനാൽ വായനക്കാർ എന്റെ പോസ്റ്റുകളോട് പ്രതികരിക്കുന്ന രീതി വിശകലനം ചെയ്യാനൊരു കൗതുകം തോന്നി. വ്യക്തിപരമായതും സാമൂഹിക പ്രസക്തി തീരെയില്ലാത്തതുമായ പോസ്റ്റുകൾ ആളുകൾക്ക് വളരെ ഇഷ്ട്ടപ്പെട്ടെന്നു തോന്നുന്നു. രാഷ്ട്രീയം ഞാൻ ചർച്ച ചെയ്യാറില്ലെങ്കിലും, രാഷ്ട്രീയ ചുവയുണ്ടെന്നു വായനക്കാർക്കു തോന്നിയ പോസ്റ്റുകളോടുള്ള പ്രതികരണം ഗംഭീരമായിരുന്നു. സാമൂഹിക പ്രതിബദ്ധതയിലല്ല, ആരോപണപ്രത്യാരോപണങ്ങളിലായിരുന്നു പക്ഷേ കൂടുതൽ പേരും താൽപ്പര്യം കാണിച്ചത്‌. വളരെ പ്രസക്തിയുള്ള സാമൂഹികവിഷയങ്ങൾ അവതരിപ്പിച്ചപ്പോൾ പ്രതികരണം വളരെ കുറഞ്ഞു കണ്ടു. എണ്ണം കുറവായിരുന്നെങ്കിലും പ്രതികരണങ്ങളുടെ 'വണ്ണം' ഈ കാറ്റഗറിയിൽ കൂടുതലായിരുന്നു എന്നത് ശ്രദ്ധേയമാണ്.

സാമൂഹിക വിഷയങ്ങളോടു വ്യക്തികൾക്കുണ്ടാകേണ്ട പ്രതികരണശേഷി കുറയുന്നത് സമൂഹത്തിനു ഗുണകരമായ കാര്യമല്ല. സർക്കാരിനെയും സംവിധാനങ്ങളെയും പഴി പറഞ്ഞു സമയം കളയുന്നതിലും നന്ന്, സ്വയം ഊർജ്ജസ്വലരാകുക എന്നതു തന്നെയാണ്. ഉത്തിഷ്‌ഠത, ജാഗ്രത എന്നതാകട്ടേ നമ്മുടെ മനോഭാവം.

July 1

പരിണാമ പ്രക്രിയ വഴി മനുഷ്യജന്മത്തിനു ലഭിച്ച വരദാനമാണ് വിവേചനബുദ്ധി (discriminatory intellect). ഏതു കാര്യത്തെക്കുറിച്ചും യുക്തിപരമായ രീതിയിൽ, ലോജിക്കലായി ചിന്തിച്ചു തീരുമാനമെടുക്കാൻ മനുഷ്യന്റെ തലച്ചോറിനു കിട്ടിയ ഈ മഹാശക്തിയെ നിഷ്പ്രഭമാക്കുന്ന ഒന്നാണ് വിശ്വാസം. സൂര്യനെ മറയ്ക്കുന്ന കാർമേഘം, വെളിച്ചത്തെ മറച്ച് ഇരുട്ടു സൃഷ്ടിക്കുന്നതു പോലെ, മനുഷ്യമസ്തിഷ്ക്കത്തിലെ ചിന്താസൂര്യനു മുകളിൽ പതിക്കുന്ന വിശ്വാസത്തിന്റെ കറുത്ത കമ്പളം, മനുഷ്യബുദ്ധിയെ നിശ്ശേഷം ഇല്ലായ്മ ചെയ്ത് മനുഷ്യരെ ജന്തുതുല്യരാക്കുകയാണു ചെയ്യുന്നത്.

ഇതിപ്പോൾ പറയാൻ ഒരു കാരണമുണ്ട്. അമ്മ മരിച്ചിട്ട് ഒരു വർഷമായ ഇന്നലെ ബലിതർപ്പണാദികൾക്കായി പോകുന്ന വഴി ചേച്ചിക്ക് ഛർദ്ദിയും മറ്റസ്വാസ്ഥ്യവും അനുഭവപ്പെട്ടു. വെളുപ്പിനു രണ്ടുമണിക്ക് എഴുന്നേറ്റു കുളിച്ച്, ആഹാരമൊന്നും കഴിക്കാതെ 120 കിലോമീറ്റർ അകലെയുള്ള സ്ഥലത്തേക്കാണു യാത്ര. മരുന്നുകൾ കഴിച്ചു കൊണ്ടിരിക്കുന്ന ഒരാൾ ആഹാരവും നിയന്ത്രിച്ച് ഉറക്കമിളച്ചാൽ ഇതൊക്കെ സ്വാഭാവികമായി സംഭവിക്കാവുന്നതാണ്. കൂടെയി രുന്നവരോടു ഞാൻ പറഞ്ഞു; ശരീരത്തിനെ ശിക്ഷിക്കുക എന്നതല്ല വൃതത്തിന്റെ ലക്ഷ്യം, മനസ്സിനെ നിയന്ത്രിക്കുക എന്നതാണ്. ആഹാരം കഴിക്കാതിരുന്നാൽ പ്രശ്നമില്ലാത്തവർ കഴിക്കാതിരിക്കട്ടെ; പക്ഷേ ഒരിഡ്ഡിലി കഴിച്ചാൽ ബലികർമ്മങ്ങളുടെ ഫലമില്ലാതാകും എന്നു ചിന്തിക്കുന്നതൊക്കെ ശുദ്ധ അസംബന്ധമാണ്.

മരിച്ചു പോയ അമ്മയേയോ അച്ഛനേയോ ബന്ധുവിനെയോ സ്നേഹബഹുമാനപുരസ്സരം ഓർക്കാനൊരു വേള എന്ന തരത്തിൽ ഈ ആചാരങ്ങളൊക്കെ നടക്കട്ടെ. അതിന്റെ യുക്തിയും ശാസ്ത്രീയതയുമൊന്നും ചിന്തിച്ചു തല പുണ്ണാക്കുന്നില്ല. മനോഭാവമാണ് പ്രധാനം. എല്ലാ വൃതങ്ങളുടെയും ലക്ഷ്യം മനോനിയന്ത്രണമാണ്. ഇതു മനസ്സിലാക്കുന്നതിനു പകരം മനുഷ്യർ ആചാരങ്ങളെ അണുവിട തെറ്റാതെ പാലിക്കാനാണു ശ്രമിക്കുന്നത്. ആചാരങ്ങൾ തെറ്റിയാൽ പാപം ഉണ്ടാകുമത്രേ! ഈ അന്ധവിശ്വാസത്തിൽ നിന്നും നമ്മൾ രക്ഷപെടേണ്ടതുണ്ട്.

July 3

ഹോമിയോപ്പതി ചികിത്സക്കും ഈശ്വരവിഷയത്തിനും തമ്മിൽ സാമ്യമുണ്ടെന്നാണെന്റെ നിരീക്ഷണം. അറിവുള്ളവർക്കും അറിവില്ലാത്തവർക്കും ഒരുപോലെ സാദ്ധ്യതകളുള്ള മേഖലയാണിതു രണ്ടും. ശാസ്ത്രീയമായ പഠനമൊന്നുമില്ലാതെ ആർക്കും ഷൈൻ ചെയ്യാവുന്ന ഇടം. ശരീരശാസ്ത്രമൊന്നും പഠിക്കാതെ തന്നെ, ഒരു 'മെറ്റീരിയ മെഡിക്ക' കയ്യിലുണ്ടെങ്കിൽ ഏതു മാറാരോഗവും ചികിത്സിച്ചു മാറ്റാമെന്നാണ് പല ഹോമിയോപ്പതി 'പ്രാക്ടീഷണറ'ന്മാരും (ഡോക്ടർമാർ അല്ല) തറപ്പിച്ചു പറയുന്നത്. കൈപ്പുണ്യമോ അനുഭവസമ്പത്തോ കൊണ്ട് ചിലപ്പോഴൊക്കെ ചികിത്സ ഫലിച്ചെന്നുമിരിക്കും. ഡോക്ടറല്ലാത്തതു കാരണം ഇനി ഫലിച്ചില്ലെങ്കിലും ആരും കുറ്റം പറയുകയുമില്ല. ഈശ്വര വിഷയത്തിന്റെ കാര്യവും ഏതാണ്ടിതുപോലെ തന്നെയാണ്. ആത്മീയാചാര്യനാകാൻ തത്വശാസ്ത്രങ്ങളിലുള്ള അറിവോ അവബോധമോ ഒന്നും തന്നെ വേണമെന്നില്ല. സാമാന്യം മതപരിചയവും അൽപ്പസ്വൽപ്പം ഭാവിപ്രവചനകഴിവും അല്ലറ ചില്ലറ ചെപ്പടിവിദ്യകളും പ്രത്യേക രീതിയിലുള്ള വസ്ത്രധാരണവും സംഭാഷണവും ഒക്കെയുണ്ടായാൽ മതി. ഈശ്വരനെ ഉള്ളം കയ്യിലെ രേഖപോലെ വ്യക്തമായറിയുന്ന ഇക്കൂട്ടർ, സ്വാർത്ഥമോഹസാക്ഷാത്ക്കാരം മാത്രം ജീവിതലക്ഷ്യമായിക്കണ്ടു, അതിനായി ഓടി നടക്കുന്ന ഭൂരിപക്ഷം മതവിശ്വാസികളുടെയും ആശ്രയകേന്ദ്രമാണ്. ഇത്തരക്കാരിൽ നിന്നും ആത്മീയത ഗ്രഹിച്ചിട്ടുള്ള മനുഷ്യരോട്, യഥാർത്ഥ ദൈവം ആരാണെന്നും എന്താണാ ദൈവം പറഞ്ഞിട്ടുള്ളതെന്നും, ആത്മീയശാസ്ത്രം ശരിക്കും ഗ്രഹിച്ചിട്ടുള്ള ഒരാചാര്യൻ പറഞ്ഞുകൊടുത്താൽ അതവർ വിശ്വസിക്കില്ല. അവരതിനെ പരിപൂർണ്ണമായി തള്ളിക്കളയും. അവരാഗ്രഹിക്കുന്ന ഈശ്വരനെ മുൻപിൽ പിടിച്ചു നിർത്തി, മോഹങ്ങളെല്ലാം സാധിപ്പിച്ചെടുക്കാൻ, ഈശ്വരനെ ശരിക്കും അറിയുന്ന പാവം ആചാര്യന്‌ സാധിക്കില്ലല്ലോ? അജ്ഞാനി വിഷയാനുഭവത്തിൽ ഉണർന്നിരിക്കുമ്പോൾ ജ്ഞാനിയായ മുനിക്കതു രാത്രിയാകുന്നു എന്നു ഭഗവത് ഗീത പറയുന്നതെത്ര ശരി!

July 4

കഴിഞ്ഞ രണ്ടാഴ്ചയായി യാത്രയോടു യാത്രയാണ്. അതു കൊണ്ട് മുഖപുസ്തകത്താളിൽ വല്ലതും കുറിച്ചിടാൻ സമയം ധാരാളം.

ഇത് പീഢന പരമ്പരകളുടെ കാലമാണല്ലോ? അവസാനത്തേത് കുമ്പസാര പീഢനമാണ്. ദൈവത്തിന്റെ പ്രതിപുരുഷന്മാരോട് തെറ്റു തുറന്നു പറഞ്ഞ് മന:ശ്ശാന്തി നേടാനുള്ള മാർഗ്ഗമായ കുമ്പസാരത്തിന് ഒന്നാന്തരം വ്യഭിചാര-പെൺവാണിഭ സാദ്ധ്യതകളുണ്ടെന്നു ലോകത്തോട് വിളിച്ചോതിയ അച്ഛന്മാർക്കു സ്തുതി!

മനുഷ്യനുൾപ്പെടുന്ന ജന്തുവർഗ്ഗത്തിന്റെ തീവ്രചോദനയായ കാമം നദിയായി കുത്തി ഒഴുകി വരുമ്പോൾ അതിനെ കൈവിരൽ കൊണ്ടു തടഞ്ഞു നിർത്താം എന്ന ചിന്ത മൂഢത്വമാണെന്ന് ഭഗവാൻ രജനീഷ് പണ്ടേ പറഞ്ഞിട്ടുണ്ട്. നാലു മീറ്റർ ളോഹ കൊണ്ടോ കാവിയുടുപ്പു കൊണ്ടോ പൊതിഞ്ഞു നിയന്ത്രിക്കാവുന്നതല്ല അത്. മനസ്സും പ്രായവും കൊണ്ട് ചിലർക്കതിനു കഴിഞ്ഞേക്കാം. ഇതു ശരിക്കും അറിയാവുന്നതു കൊണ്ടാകാം ഭാരതീയ ഋഷിവര്യന്മാരിൽ മിക്കവരും ഗൃഹസ്ഥാശ്രമികളായിരുന്നത്. കാപട്യം, സത്യാന്വേഷണത്തിനു തടസ്സമാകുമെന്നവർക്കറിയാമായിരുന്നിരിക്കണം.

July 5

ഫുട്ബോൾ കളിയിൽ ബ്രസീൽ ജയിച്ചതിന്റെ ആഘോഷം ചെറുപ്പക്കാർ പൊതുനിരത്തിൽ നടത്തിയപ്പോൾ പൊലിഞ്ഞത് ഒരു വീട്ടമ്മയുടെ ജീവിതം. ഹൃദയാഘാതത്തെ തുടർന്ന് വീട്ടമ്മയെ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതു വിജയാഹ്ളാദക്കാർ തടയുകയായിരുന്നത്രേ!

ചെറുപ്പക്കാരേ, അതു സ്വന്തം അമ്മയായിരുന്നെങ്കിൽ നിങ്ങളിങ്ങനെ ചെയ്യുമായിരുന്നോ? കഷ്ടം. എന്തിനീ ചെറുപ്പക്കാരെ മാത്രം കുറ്റം പറയണം? നമ്മുടെ പ്രബുദ്ധരായ രാഷ്ട്രീയക്കാർ കാണിച്ചു കൊടുക്കുന്നതാണല്ലോ ഇവർ അനുകരിക്കുന്നത്? മറ്റുള്ളവരുടെ ജീവനും സമാധാനത്തിനും മാന്യതയ്ക്കും പുല്ലുവില പോലും കൊടുക്കാത്ത ഈ അധമ സംസ്കാരം പക്ഷേ, സാക്ഷരതയിലും ചിന്താശക്തിയിലും ഒന്നാമനെന്ന വകാശപ്പെടുന്ന മലയാളിക്കു ചേർന്നതല്ല.

July 11

അമ്മയുടെ ദേഹവിയോഗം ഓർമ്മയായി വന്നതിനാൽ ഇന്നലെത്തെ പ്രധാനവാർത്തയെക്കുറിച്ചെഴുതാൻ കഴിഞ്ഞില്ല. സവിശേഷമായ ആ വർത്തയെക്കുറിച്ചെഴുതാൻ കഴിഞ്ഞില്ലെങ്കിൽ അതൊരു വലിയ അപരാധം തന്നെയാകും.

കഴിഞ്ഞ മൂന്നാഴ്ചക്കാലമായി തായ്‌ലൻഡിലെ വെള്ളം നിറഞ്ഞ, അതിദുർഘടമായ ഗുഹയിൽ അകപ്പെട്ട പതിമ്മൂന്നു കുട്ടികളെയും അവരുടെ ട്രെയിനറായ ചെറുപ്പക്കാരനെയും അതിസാഹസികവും അശ്രാന്തവുമായ മനുഷ്യപ്രയത്നത്തിലൂടെ രക്ഷിച്ചെടുത്ത വാർത്തയാണ് ഞാൻ ഉദ്ദേശിച്ചത്. ലോകം കണ്ടിട്ടുള്ള രക്ഷാപ്രവർത്തനങ്ങളിൽ അവിശ്വസനീയമായി കരുതപ്പെടാവുന്ന ഒന്നാണ് വിജയയാഹ്ളാദത്തോടെ ഇന്നലെ തായ്‌ലൻഡിൽ സമാപിച്ചത്. ലഭ്യമായ വാർത്തകളിൽ നിന്നും ചിത്രങ്ങളിൽ നിന്നും ഈ പ്രയത്നത്തിന്റെ കാഠിന്യം മനസ്സിലാക്കുമ്പോൾ, ലോകത്തിനാകമാനം ആശ്വാസമേകിയ ഈ കർമ്മം സാക്ഷാത്ക്കരിച്ച കർമ്മധീരരെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. ഗുഹയിൽ അകപ്പെട്ടവർ നമ്മുടെ ആരും തന്നെ ആയിരുന്നില്ലായിരിക്കാം. പക്ഷെ അത്യധികം അപകടങ്ങൾ നിറഞ്ഞ, ഇരുൾ മൂടിയ ആ ഗുഹയിൽ രക്ഷപെടാനുള്ള സാദ്ധ്യതകളെല്ലാം അടഞ്ഞ സാഹചര്യത്തിൽ, മരണത്തെ മുന്നിൽ കണ്ടുകൊണ്ടു ജീവിച്ച ആ കുട്ടികളുടെയും ഫുട്ബോൾ കോച്ചിന്റെയും ചിത്രം ഹൃദയത്തിലെവിടെയോ ഒരു വിങ്ങലായി അനുഭവപ്പെട്ടിരുന്നു. മനസ്സിന്റെ നന്മ വറ്റിയിട്ടില്ലാത്ത എല്ലാവർക്കും ഈ തോന്നൽ ഉണ്ടായിരുന്നിരിക്കണം. ആ വിങ്ങലാണ്, തേനൂറും മധുരമായി ഇന്നലെ കലാശിച്ചത്. രക്ഷാസംഘത്തെ സഹായിക്കാനായി മുന്നിട്ടിറങ്ങിയ ഒരു ധീരജവാന്റെ മരണം മാത്രം കരിനിഴലായി അവശേഷിക്കുന്നു. പക്ഷെ, സ്വന്തം ജീവനെ തൃണവൽഗണിച്ചുകൊണ്ടു നടത്തിയ മഹനീയമായ കർമ്മത്തിൽ ജീവൻ വെടിയേണ്ടി വന്ന ആ ധീരയോദ്ധാവിനെയോർത്തു നമുക്കഭിമാനിക്കാം. ഇങ്ങനെയുള്ള കുറെ മനുഷ്യജന്മങ്ങളാണ് മനുഷ്യരാശിയുടെ പ്രതീക്ഷ നിലനിർത്തുന്നതു തന്നെ; പലരും അതറിയുന്നില്ലെങ്കിലും.

July 14

ഇന്നത്തെ 'മനോരമ'പത്രത്തിന്റെ ആദ്യ പേജിൽ കൊടുത്തിട്ടുള്ള ചിത്രമാണ് താഴെ പകർത്തിയിട്ടുള്ളത്. ഫിൻലൻഡിലെ ടാംപെരയിൽ ലോക അണ്ടർ 20 അത് ലറ്റിക്സിൽ 400 മീറ്ററിൽ സ്വർണ്ണം നേടിയ ആസാം സ്വദേശിയായ ഇന്ത്യൻ താരം ഹിമദാസ്, മെഡൽ സമർപ്പണച്ചടങ്ങിൽ ദേശീയ ഗാനം മുഴക്കിയപ്പോൾ കണ്ണീരൊഴുക്കുന്നതാണു ചിത്രം. ഈ കണ്ണീരിനു വലിയ വിലയുണ്ട്. ഈ രാജ്യത്തെ ഒരു ദരിദ്ര കർഷക കുടുംബത്തിൽ പിറന്ന ഒരു പെൺകുട്ടിയുടെ രാജ്യസ്നേഹമാണ് അഭിമാനക്കണ്ണീരായി ഒലിച്ചിറങ്ങുന്നത്. ഇങ്ങിനെയായിരിക്കണം ഓരോ പൗരനും രാഷ്ട്രവുമായുള്ള ബന്ധം. രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും വിദ്ധ്വംസക പ്രമാണങ്ങളുടെയും പേരിൽ രാഷ്ട്രത്തെത്തള്ളിപ്പറയുന്നതു ഇന്നു പലർക്കും ഫാഷനാത്തീർന്നിരിക്കയാണ്. അങ്ങിനെ ചിന്തിക്കുന്നവർ ഈ സാധു പെൺകുട്ടിയുടെ കണ്ണീർ കണ്ടു പഠിക്കണം. രാജ്യം എന്നൊന്നുള്ളതുകൊണ്ടാണ് നമുക്കൊക്കെ ഇഷ്ടമുള്ളതൊക്കെ പറഞ്ഞും പ്രവർത്തിച്ചും ഇവിടെ സുഖമായി ജീവിക്കാൻ കഴിയുന്നത്. രാഷ്ടത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുമ്പോൾ നമ്മുടെയും വരും തലമുറകളുടെയും ഈ സൗഖ്യത്തെയും സമാധാനത്തെയുമാണ് നാം നശിപ്പിക്കുന്നത്. അതുണ്ടാകാതിരിക്കട്ടെ.

'ഭാരതമെന്നു കേട്ടാലഭിമാന-
പൂരിതമാകണമന്തരംഗം
കേരളമെന്നു കേട്ടാലോ
തിളയ്ക്കണം ചോര നമുക്കു ഞരമ്പുകളിൽ'

അഭിനന്ദനങ്ങൾ ഹിമ.

July 17

വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിലും ബോംബെയിലും താമസിച്ചിരുന്ന കാലത്ത് ആൾക്കൂട്ടം വഴിയിലിട്ട് ചിലരെ മർദ്ദിക്കുന്നതു കണ്ടിട്ടുണ്ട്. പോക്കറ്റടിച്ചെന്നോ കളവു നടത്തിയെന്നോ മറ്റോ പറഞ്ഞായിരിക്കും ഈ ആക്രമണം. കാണികളായി വരുന്നവരും ആൾക്കുട്ടത്തോടു ചേർന്ന്, കാര്യം എന്താണെന്നു പോലും അറിയാതെ, ഉത്സാഹപൂർവ്വം മർദ്ദനത്തിൽ പങ്കു ചേരുന്നതു കണ്ടിട്ടുള്ളപ്പോൾ പ്രബുദ്ധമലയാളിയായ എനിക്കതിശയം തോന്നിയിട്ടുണ്ട്; വിവരദോഷികളായ കാടന്മാർ എന്നു മനസ്സിൽ പറഞ്ഞിട്ടുമുണ്ട്. പക്ഷേ, ഇന്നലെ പ്രബുദ്ധകേരളത്തിൽ സംഭവിച്ചതും ഇതു തന്നെയാണ്. കോഴിയെ മോഷ്ടിച്ചെന്നു സംശയിച്ച് ഒരു സാധു മനുഷ്യനെ ആൾക്കൂട്ടം അടിച്ചു കൊന്നിരിക്കുന്നു! നാൽപ്പതു വർഷങ്ങൾക്കു മുമ്പ് ഉത്തരേന്ത്യയിൽ ഞാൻ കണ്ട അതേ ക്രൂരത ഇന്നു കേരളത്തിൽ അരങ്ങേറിയിരിക്കുന്നു! അടുത്ത കാലത്തായി പശുവിന്റെ പേരിൽ കേരളത്തിനു വെളിയിൽ ആൾക്കൂട്ട നരഹത്യ കണ്ടിട്ടുള്ളപ്പോൾ തോന്നിയിട്ടുണ്ട്, ഇല്ല ഈ കാടത്തം എന്റെ നാട്ടിലുണ്ടാകില്ല. പക്ഷെ ആ പ്രതീക്ഷയും മങ്ങിയിരിക്കുന്നു. അവിടെ പശുവിനാണെങ്കിൽ ഇവിടെ കോഴിക്കെന്ന വ്യത്യാസമേയുള്ളൂ. എങ്ങോട്ടാണ് നമ്മുടെ ഈ പോക്ക് ? സാക്ഷരതയും സാമാന്യം തിരിച്ചറിവും ഉണ്ടായിട്ടും ഇങ്ങനെയൊരു ക്രൂരത ചെയ്ത എന്റെ നാട്ടുകാരെ കാടന്മാരെന്നല്ല, പിശാചുക്കൾ എന്നേ എനിക്കു വിളിക്കാൻ കഴിയൂ. മറ്റുള്ളവരുടെ ജീവനും മാനത്തിനും പുല്ലു വിലപോലും കൊടുക്കാത്ത അധമസംസ്കാരം കേരളത്തിൽ വേരുറപ്പിച്ചു തുടങ്ങിയിട്ട് കുറേക്കാലമായി. ആർക്കും ആരെയും വഴിയിലിട്ടു തല്ലിക്കൊല്ലാം എന്ന തലത്തിൽ വരെ അതിപ്പം എത്തിക്കഴിഞ്ഞിരിക്കുന്നു. സാക്ഷരകേരളത്തിനിതു ഭൂഷണമല്ല, ലജ്ജാകരമാണ്. മത-രാഷ്ട്രീയ ഭേദചിന്തകൾ വെടിഞ്ഞ് കേരള മനഃസ്സാക്ഷി ഈ അധമ സംസക്കാരത്തിനെതിരേ ഒന്നായി ഉണരണം. ഇല്ലെങ്കിൽ നാളെ നമ്മുടെ നിരത്തുകളിൽ പല മലയാളികൾക്കും പാവം ബംഗാളിയുടെ ഗതിയുണ്ടാകാം. അതുണ്ടാകാതിരിക്കട്ടെ.

(പ്രതികരണങ്ങളിൽ അനാവശ്യമായ രാഷ്ട്രീയ-മത നിറം ഉണ്ടാകരുതെന്നഭ്യർത്ഥിക്കുന്നു. എന്റെ ലക്ഷ്യം പൊതുജനങ്ങൾക്കീ വിഷയത്തിൽ അവബോധമുണ്ടാക്കുക മാത്രമാണ്)

July 20

ഇപ്പറയുന്നതിൽ രാഷ്ട്രീയമില്ല. ഞാൻ രാഷ്ട്രീയം പറയുന്ന ആളുമല്ല. ഇന്നലെ ഇന്ത്യൻ പാർലമെന്റിൽ നടന്ന അവിശ്വാസ പ്രമേയ ചർച്ചകളുടെ അന്ത്യത്തിൽ ഉണ്ടായ രാഹുൽ കെട്ടിപ്പിടുത്തവും കണ്ണിറുക്കവുമാണ് ഞാനുദ്ദേശിക്കുന്നത്. ഭരണപക്ഷത്തേക്കാൾ സഹിഷ്ണുതയും മാന്യതയും ഉള്ളവരാണു തങ്ങളെന്നു പറഞ്ഞതു പ്രത്യക്ഷത്തിൽ തെളിയിക്കാനായി രാഹുൽ ഗാന്ധി തന്റെ അച്ഛനോളം പ്രായം വരുന്ന പ്രധാനമന്ത്രിയെ പോയി കെട്ടിപ്പിടിച്ചതു വരെ ശരി; പക്ഷേ തിരിച്ചുവന്നു സീറ്റിലിരുന്നു കാണിച്ച ആ കണ്ണിറുക്ക് അത്ര ശരിയായില്ല. പച്ച മലയാള ഭാഷയിൽ പറഞ്ഞാൽ ആ കണ്ണിറുക്കിനെറെയർത്ഥം 'ഞാനങ്ങേർക്കിട്ടു കൊടുത്തു, അങ്ങേരെ ഒന്നിരുത്തി, ഊതി' എന്നൊക്കെയാണല്ലോ? ഇതാണോ വളരെ ഗൗരവമായ ഒരു വിഷയം ലോകസഭയിൽ ചർച്ച ചെയ്യുന്ന വേളയിൽ ജനങ്ങൾ പ്രതിപക്ഷ നേതാവിൽ നിന്നും പ്രതീക്ഷിക്കുന്ന പെരുമാറ്റം? രാഹുലിന്റെത് ഒരു തറവേലയായിപ്പോയിയെന്നു പറയാതെ നിവർത്തിയില്ല. രാഷ്ട്രീയ യുദ്ധമൊക്കെ ഏതു തലം വരെയുമാകാം. പക്ഷെ, മാന്യമായി പെരുമാറേണ്ട ലോകസഭയിലിരുന്ന് ഇത്തരത്തിലുള്ള ഒരു ഗോഷ്ടി കാണിച്ച് രാഹുൽ, അദ്ദേഹത്തിനു തന്നെ ദോഷം വരുത്തിയിരിക്കുന്നു. ഈ കണ്ണിറുക്കിനെ ന്യായീകരിക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ നേതാക്കന്മാർ കൂടുതൽ അപഹാസ്യരായിത്തീരുകയേയുള്ളൂ.

July 28

മണ്ണെണ്ണ ശരീരത്തിലൊഴിച്ചു തീ കൊളുത്തി ജീവത്യാഗം ചെയ്യണമെന്നൊരാൾ ചിന്തിക്കണമെങ്കിൽ, സാഹചര്യങ്ങൾ അയാളിൽ ചെലുത്തുന്ന സമ്മർദം അത്ര മാത്രം ശക്തമായിരിക്കണം. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ ബദ്ധപ്പെടുന്ന സാധു മനുഷ്യർ, തങ്ങൾക്കർഹമായ റേഷൻ കാർഡ് കിട്ടുന്നതിലേക്കായിപ്പോലും ഇങ്ങിനെയുള്ള കടുംകൈകൾക്കു മുതി രണമെന്നു വരുന്നതു കഷ്ടമാണ്.

July 28

കായംകുളം ഭാഗത്തു നിരന്തരമായുണ്ടാകുന്ന റോഡപകടങ്ങളിൽ മനം നൊന്തു, ഭരണകക്ഷി MLA യായ പ്രതിഭാഹരി ഉചിതമായ നടപടികളെടുക്കണമെന്ന് സർക്കാരിനോടപേക്ഷിച്ചിട്ട് നാളേറെയായി. ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിൽ തുടർന്നും അപകടങ്ങൾ തുടർച്ചയാകുന്നതിൽ ദുഃഖിതയായി അവർ പ്രസംഗമദ്ധ്യേ പൊട്ടിക്കരഞ്ഞുപോയി. ആ കരച്ചിലിന് ഫലം കണ്ടിരിക്കുന്നു. റോഡിൽ അപകടസൂചന നൽകുന്ന സൈൻ ബോർഡുകളും മറ്റും ഉടനടി സ്ഥാപിക്കാൻ ഗതാഗത മന്ത്രി ഉത്തരവു പുറപ്പെടുവിച്ചിരിക്കുന്നത്രേ!

തനിക്കർഹമായ റേഷൻ കാർഡ് അനുവദിച്ചു കിട്ടാത്തതിൽ മനംനൊന്ത് ഒരു സാധു മനുഷ്യൻ മണ്ണെണ്ണയൊഴിച്ചു തീ കൊളുത്തി ജീവത്യാഗം ചെയ്യാൻ ഇന്നലെ ശ്രമിച്ചതേയുള്ളൂ. അതിന്റെ ചൂടാറും മുമ്പേയാണ് ഈ വാർത്ത വന്നിരിക്കുന്നത്. റേഷൻ കാർഡ് അനുവദിക്കാനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞത്രേ! രണ്ടു വിഷയങ്ങളിലും ഉദ്യോഗസ്ഥ അലംഭാവമാണത്രേ പ്രശ്നങ്ങൾക്കു കാരണം.

MLA കരഞ്ഞും കാലു പിടിച്ചും സാധാരണക്കാരൻ ശരീരത്തു തീ കൊളുത്തിയും നേടേണ്ടതാണോ പൗരാവകാശം?