Thursday, July 20, 2023

ഹംസേ സുവർണ്ണ സുഷമേ... (നളചരിത പഠനം) - Expert Reviews

ശ്രീ. കലാമണ്ഡലം രാജശേഖരൻ (മുൻ പ്രിൻസിപ്പാൾ, കേരള കലാമണ്ഡലം)

മാന്യമിത്രമേ,

"ഹംസേ സുവർണ്ണ സുഷമേ..." എന്ന തലക്കെട്ടിൽ അങ്ങ് രചിച്ച നളചരിത പഠന ഗ്രന്ഥം സശ്രദ്ധം വായിച്ചു. വളരെ മികച്ച നിലവാരം പുലർത്തിയ രചന, എനിക്കിഷ്ടപ്പെട്ടു. നളചരിത പഠനമെന്നതിലുപരിയായി ഈ പുസ്തകം കഥകളിയുടെ ചരിത്ര പശ്ചാത്തലത്തെയും തിരുവിതാംകൂർ മഹാരാജാക്കന്മാർ കഥകളിക്കായി നൽകിയ സംഭാവനകളെപ്പറ്റിയും തെക്കൻ കേരളത്തിൽ മഹാനടന്മാരായിരുന്ന മാത്തൂർ കുഞ്ഞുപിള്ള പണിക്കർ, തോട്ടം ശങ്കരൻ നമ്പൂതിരി, ഗുരു കുഞ്ചുക്കുറുപ്പ്, ഗുരു ചെങ്ങന്നൂർ, അദ്ദേഹത്തിൻറെ ശിഷ്യന്മാർ, മാങ്കുളം, വിശിഷ്യാ കലാമണ്ഡലം കൃഷ്ണൻ നായർ തുടങ്ങിയവർ നളചരിതത്തിനു നൽകിയ സംഭാവനകളെക്കുറിച്ചു വിശദമായി പ്രതിപാദിച്ചിട്ടുള്ളതും ശ്രദ്ധേയമാണ്.

നളചരിതം ആട്ടക്കഥയ്ക്കു നിദാനമായ മഹാഭാരതം നളോപാഖ്യാനം, ശ്രീഹർഷൻറെ നൈഷധീയ കാവ്യം, മഹാനായ പ്രൊഫ. എ.ആർ. രാജരാജവർമ്മ തുടങ്ങിയ മലയാള ഭാഷാ പണ്ഡിതന്മാർ നളചരിതത്തിനു രചിച്ച വ്യാഖ്യാനങ്ങൾ തുടങ്ങിയവ തികഞ്ഞ ഗവേഷണ ബുദ്ധിയോടെ പഠനവിധേയമാക്കി കാര്യകാരണസഹിതം പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് വളരെ വിലപ്പെട്ടതും ആയതിനാൽത്തന്നെ അഭിനന്ദനീയവുമാണ്.

നളചരിതത്തിലെ പ്രധാനപ്പെട്ട എല്ലാ കഥാപാത്രങ്ങളുടെയും അവതരണരീതികൾ പാത്രപ്രകൃതങ്ങളുടെ സൂക്ഷ്മാവലോകനത്തിലൂടെ യുക്തിഭദ്രമായി ചൂണിക്കാണിക്കുന്നതും അതിൻ പ്രകാരം അരങ്ങവതരണങ്ങളിൽ വരുത്തേണ്ട അവശ്യം ചില മാറ്റങ്ങളെപ്പറ്റി പ്രതിപാദിക്കുന്നതും ശ്രദ്ധയിൽപ്പെട്ടു. എന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചത്, നളചരിതത്തിൻറെ കേന്ദ്രബിന്ദുവായ ദമയന്തി എന്ന ഉത്തമ സ്ത്രീരത്നത്തെക്കുറിച്ചെഴുതിയ അദ്ധ്യായമാണ്.

മഹാഭാരതത്തിൽ നിന്നും വ്യത്യസ്തമായി ആട്ടക്കഥയിൽ വാരിയർ വരുത്തിയിട്ടുള്ള ഔചിത്യപരവും അനൗചിത്യപരവുമായ മാറ്റങ്ങളെക്കുറിച്ചുള്ള പരാമർശങ്ങൾ നന്നായിട്ടുണ്ട്. ഇതിലേക്കായി വളരെ ആഴത്തിലുള്ള ഒരു പഠനം തന്നെ അങ്ങ് നടത്തിയിട്ടുള്ളതായി ഞാൻ മനസ്സിലാക്കുന്നു. അതു പൂർണ്ണമായും വിജയം കണ്ടിട്ടുണ്ട്.

ആട്ടക്കഥകളെ ചിട്ടപ്രധാനവും ജനപ്രിയവുമെന്നു രണ്ടായി തരംതിരിക്കാമെന്നു പറയാം. ജനപ്രിയ കഥയാണ് നളചരിതം. സാധാരണ പ്രേക്ഷകർക്കു കൂടി ആസ്വദിക്കാൻ കഴിയുന്ന ജീവിതഗന്ധിയായ പ്രമേയമാണ് ഇതിൽ അടങ്ങിയിട്ടുള്ളതെന്നതിൽ സംശയമില്ല. എന്നാൽ കഥകളി എന്ന കലയുടെ സങ്കേതഭദ്രതകൾ കുറവായതിനാൽ 'കഥകളിത്തം കുറവാണ്' എന്നു മുൻപ് പലരും പറഞ്ഞതുപോലെ ഞാനും പറയുന്നു. ഒരു പക്ഷേ അത്തരം ചട്ടക്കൂടുകളിൽ ഒതുങ്ങാത്തതാണ് നളചരിതം എന്നു വേണമെങ്കിൽ പറയാം. നളചരിതം പൂർണ്ണമായും കളരിയിൽ പഠിപ്പിച്ചിട്ടുള്ള അദ്ധ്യാപകനെന്ന നിലയിലും അരങ്ങിൽ ഏറെ അവതരിപ്പിച്ചിട്ടുള്ള കലാകാരനെന്ന നിലയിലുമാണ് എൻറെ ഈ അഭിപ്രായം. പക്ഷേ 'മലയാളത്തിൻറെ ശാകുന്തളം' എന്നുവരെ ഖ്യാതി നേടിയിട്ടുള്ള നളചരിതത്തിൻറെ മേന്മകളെ കുറച്ചു കാണാൻ ഞാൻ ഇഷ്ടപ്പെടുന്നില്ല. ഏതൊരു ദൃശ്യകലയും സാഹിത്യം നന്നായതുകൊണ്ടു മാത്രം അരങ്ങിൽ ശോഭിക്കില്ല; അത് കൈകാര്യം ചെയ്യുന്ന കലാകാരന്മാരുടെ കഴിവിലൂടെയാണ് അതിൻറെ മഹത്വം വെളിവാകുന്നത്. എല്ലാ കഥകളുടെയും കാര്യത്തിൽ ഇപ്പറഞ്ഞത് പ്രസക്തമാണ്; നളചരിതത്തിൻറെ കാര്യത്തിൽ വിശേഷിച്ചും.

അങ്ങയുടെ ഈ ഗ്രന്ഥം കലാകാരന്മാർക്കും പഠിതാക്കൾക്കും ഗവേഷകർക്കും ആസ്വാദകർക്കും ഒരുപോലെ പ്രായോജനപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല. ഇത്തരം രചനകൾ വരുംകാലങ്ങളിലും നടത്താൻ അങ്ങേയ്ക്കു കഴിയട്ടേ എന്ന് ആശംസിക്കുന്നു, ക്ഷേമഐശ്യര്യങ്ങൾ നേരുന്നു.

ആദരവോടെ,

കലാമണ്ഡലം രാജശേഖരൻ

Kalamandalam Rama Krishnan Ottapalam: ശിവരാമൻ ആശാന്നു ശേഷം കൂടുതൽ ദമയന്തി കെട്ടിയിട്ടുണ്ടാവുക രാജശേഖര ആശാൻ ആകും എന്നതിൽ സംശയമില്ല. അതിനാൽ ഈ വാക്കുകൾക്കു നല്ലപ്രാധാന്യം ഉണ്ട്.

Madhu Soodanan: അദ്ദേഹം നന്നായി എഴുതി. കാര്യമായി വായിച്ചിട്ടു തന്നെയാണ് എഴുതിയത്. ഇതുപോലുള്ള വലിയ കലാകാരന്മാരെ ഗ്രന്ഥം സ്വാധീനിക്കുമ്പോഴും അതിനനുസൃതമായി ഇത്തരത്തിൽ അവർ രംഗഭാഷ്യത്തിൽ ഉചിതമായ മേന്മകൾ കൊണ്ടുവരാൻ ശ്രമിക്കുമ്പോഴുമാണ് താങ്കളുടെ ഗ്രന്ഥരചന സാർത്ഥകമാകുന്നത്.

Tksreekumar: വളരെ ശ്രദ്ധേയമായ കുറിപ്പാണ് ശ്രീ രാജശേഖരനാശാൻറേതെന്ന് പറയാം.

ചിട്ടപ്രധാനവും അങ്ങനെ അല്ലാത്തതുമായ ഇരു വിഭാഗം കഥകളിയെന്ന കലാരൂപത്തിൻറെ ഇരുനയനങ്ങൾ തന്നെ എന്ന് കരുതുന്ന ഒരുവനാണ് ഞാൻ. ഇത് എല്ലാ കലാരൂപങ്ങളിലും ഉണ്ട്. കാലാനുസരണം രുചിഭേദങ്ങൾ ഉണ്ടായേ നിവൃത്തിയുള്ളു. അതുതന്നെയാണ് ആ കലാരൂപത്തിൻറെ വളർച്ചയും ഒപ്പം നിലനിൽപ്പും.

Narayanan Nampoothri: "വിഞ്ജന്മാരഭിനന്ദിച്ചേ വിജ്ഞാനം സാധുവായ് വരൂ" എന്നാണല്ലോ ചൊല്ല്. രാജശേഖരനാശാനെപ്പോലുള്ള മഹാകലാകാരന്മാരുടെ പ്രശംസ ഡോ. ഏവൂരിൻറെ കഠിനാധ്വാനവും കലയോടും പ്രത്യേകിച്ച് കഥകളിയോടുമുള്ള പ്രതിബദ്ധതയും താല്പര്യവും സാർത്ഥകമാക്കുന്നു.

പ്രൊഫ. കലാമണ്ഡലം ബാലസുബ്രഹ്മണ്യൻ (മുൻ പ്രിൻസിപ്പാൾ & ഡീൻ, വിസിറ്റിംഗ് പ്രൊഫസർ, കേരള കലാമണ്ഡലം)

പുസ്തകം വായിച്ചു. എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

എൻ്റെ കലാമണ്ഡല പഠനത്തിൻറെ അവസാന വർഷം, സ്കോളർഷിപ്പ്‌ പരീക്ഷ കഴിഞ്ഞ് ആറുമാസം കൂടി രാമൻകുട്ടിയാശാന്റെകളരിയിൽ അഭ്യാസം ഉണ്ടായി. അതിനു ശേഷം ആശാന്റെ മുമ്പിൽ ചെന്നു നിന്ന് ഇനി എന്തു ചെയ്യണം എന്നു ചോദിച്ചപ്പോൾ 'നളചരിതം രണ്ടാം ദിവസം ഞാൻ ചൊല്ലിയാടിച്ചിട്ടുണ്ടല്ലോ, ഇനി ആ ഉണ്ണികൃഷ്ണൻ ഇളയത് മാഷിൻറെ അടുത്തുപോയി നളചരിതം പഠിക്കൂ' എന്നായിരുന്നു മറുപടി. അങ്ങനെ ഇളയത് മാഷിൽ നിന്നും പകർന്നു കിട്ടിയ നളചരിത വിദ്യാഭ്യാസമാണ് ഈ വിഷയത്തിലെ എന്റെ യോഗ്യത. മാഷിന്റെ നിർദ്ദേശ പ്രകാരം എ. ആറിൻറെ 'കാന്താരതാരക'മാണ് ഞാൻ പഠിച്ചത്. എന്റെ  മനസ്സിൽ പതിഞ്ഞതും ഞാൻ ആഴത്തിൽ ഉൾക്കൊണ്ടിട്ടുള്ളതും ഈ പുസ്തകമാണ്. പ്രഗത്ഭമതികളായ അനവധി ആചാര്യന്മാരുടെ നല്ല നളബാഹുകന്മാർ കണ്ടു മനസ്സിലാക്കുവാനും അതിൽ നിന്നും എൻറെ ഉള്ളിൽ തട്ടിയ കഥാപാത്രത്തിൻറെ സ്വഭാവത്തിനനുസരിച്ച് ഞാൻ രംഗത്ത് അവതരിപ്പിക്കാനും തുടങ്ങി. പിന്നീട് കൂടുതൽ അറിവുകൾ നേടുന്നതിലേക്കായി മഴമംഗലത്തിൻറെ നൈഷധം ചമ്പുവും വായിച്ചിട്ടുണ്ട്.

ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി കഥാപാത്രങ്ങളെ ശരിക്കും മനസ്സിൽ ഉൾക്കൊള്ളാൻ താങ്കളുടെ നളചരിത പഠനം വായിച്ചപ്പോൾ സാധിച്ചു എന്നു പറയുന്നതിൽ സന്തോഷമുണ്ട്. ഇത്ര ആഴത്തിലുള്ള ഒരു നളചരിത പഠനം, പ്രത്യേകിച്ചും ഓരോ കഥാപാത്രത്തെയും പഠിച്ച് അവയുടെ സൂക്ഷ്മ പ്രകൃതങ്ങൾ പോലും കൃത്യതയോടെ അവതരിപ്പിക്കുന്ന ഒരു പഠനം, ഇന്നുവരെ എനിക്കു കാണാൻ കഴിഞ്ഞിട്ടില്ല (ഫോൺ സംഭാഷണ മദ്ധ്യേ സന്തോഷാതിരേകത്താൽ 'ഈ പുസ്തകം ശരിക്കും ഒരു സംഭവമാ' എന്നുവരെ ആശാൻ പറഞ്ഞു). കഥാപാത്രങ്ങളെ സംബന്ധിച്ച് അനുകരണമാണ് കല എങ്കിലും നളചരിതം പോലുള്ള കഥകൾക്ക് തനതായ ശൈലി ഉണ്ടാവാൻ ശരിയായ പാത്രബോധം ആവശ്യമാണ്. കഥകളിയുടെ ഫ്രെയിം കലാകാരന് അനുകരിക്കാം; പക്ഷേ കഥാപാത്രം അവനവൻറെ ആയിരിക്കണം. അതിനു കലാകാരനെ സഹായിക്കുന്ന ഒരു ഉത്തമ ഗ്രന്ഥമാണ് 'ഹംസേ സുവർണ്ണ സുഷമേ...'.     

കാലം മുന്നോട്ടു പോകുമ്പോൾ കോട്ടയം കഥകളെപ്പോലെ നളചരിതത്തിനും, നാടകമാണെങ്കിലും, സമ്പ്രദായ ശുദ്ധിയുള്ള ഒരു ശൈലി കൈവരും. വളർച്ചയുടെ പടവുകൾ ഇത്രത്തോളം കയറിക്കൊണ്ടിരിക്കുന്ന മറ്റൊരു ആട്ടക്കഥ ഇല്ലെന്നു തന്നെ പറയാം. അത്ര ആഴമുള്ള ഈ ആട്ടക്കഥയ്ക്ക് ഒരു മികച്ച വ്യാഖ്യാനമാണ് ഡോ. ഏവൂർ മോഹൻദാസിൻറെ 'ഹംസേ സുവർണ്ണ സുഷമേ...' എന്നതിൽ സംശയമില്ല. കുട്ടികൾക്കും മുതിർന്നവർക്കും ആശാന്മാർക്കും കാണികൾക്കും എല്ലാം ഒരുപോലെ പ്രയോജനപ്രദമായ പുസ്തകം. നളചരിതം വേഷം കെട്ടാൻ പോകുമ്പോൾ ഇതിലെ ഏതെങ്കിലും ഒരു വ്യാഖ്യാനം വായിച്ചിട്ടാണ് ഞാൻ പോകാറുള്ളത്. വ്യാഖ്യാനത്തിൽ പറയുന്നതെല്ലാം ഫ്രെയിമിൽ ഒതുക്കി കാണിക്കാൻ കഴിയില്ലെങ്കിലും ഈ നല്ല വ്യാഖ്യാനം മനസ്സിലുള്ളപ്പോൾ അത് അരങ്ങത്ത് പുതിയ അനുഭവങ്ങൾ ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നുണ്ട്. അതിനു പറ്റിയതാണ്, വായിച്ചാലും വായിച്ചാലും വീണ്ടും വീണ്ടും വായിക്കാൻ തോന്നുന്നതായ ഈ പുസ്തകം. ഗോപിയാശാൻറെയും വാസുപ്പിഷാരടിയാശാൻറെയും നളചരിത ഗ്രന്ഥങ്ങളിൽ പറഞ്ഞിരിക്കുന്ന രണ്ട് അവതരണ രീതികൾക്കും ഇടയ്ക്കായി മൂന്നാമതൊരു അവതരണ രീതി പോലും സാദ്ധ്യമല്ലേ എന്ന് ഈ വ്യാഖ്യാനം വായിക്കുമ്പോൾ തോന്നിപ്പോകുന്നു. 

ഞാൻ വളരെ അടുത്ത കാലത്തു മാത്രം പരിചയപ്പെട്ട ശ്രീ. മോഹൻദാസിനോട് എൻറെ മനസ്സിൻറെ നിറഞ്ഞ സന്തോഷം പങ്കുവയ്ക്കുന്നു. അതിഗംഭീരമെന്നു തന്നെ വിശേഷിപ്പിക്കാവുന്ന ഈ നളചരിത പഠനത്തിന് എല്ലാവിധ ഭാവുകങ്ങളും നേരുന്നു.

Narayanan Nampoothiry: ഈ പഠനത്തിന്, ഇതിനപ്പുറം ഒരു അംഗീകാരം വേണ്ടതുണ്ടോ.... ഏവുർക്കാരനായതിൽ എനിക്കും അഭിമാനം.....

Balarama Varma: ആധികാരികമായ ഈ അഭിപ്രായം "ഹംസേ സുവർണ്ണ സുഷമേ'' എന്ന നളചരിത പുസ്തകത്തിൻറെ യാഥാർത്ഥ്യം വ്യക്തമാക്കുന്നു. കഥകളി പ്രേമികൾക്ക് ഈ പുസ്തകം ഒരിക്കൽ കൂടി ഹരമേകുന്നു.

Krk Pillai: ഇതിനപ്പുറം എന്തു പറയാൻ!... അതാണു് സത്യം. നാൾക്കുനാൾ വന്നു കൊണ്ടിരിക്കുന്ന പണ്ഡിതന്മാരുടെ അഭിപ്രായങ്ങൾ ഈ ഗ്രന്ഥത്തെ ഉത്തരോത്തരം ശ്രേഷ്‌ഠതയിലേക്കുയർത്തട്ടെ!....

Mohan Das: ഒരു പുസ്തകത്തിന് ഈ കാലഘട്ടത്തിൽ ലഭിച്ച ഏറ്റവും വലിയ അംഗീകാരം.

Jayakumar Raghavan: ആശാന്റെ വാക്കുകൾ... പുസ്തകത്തിന്റെ ശ്രേഷ്ഠതയെ സാക്ഷ്യപ്പെടുത്തുന്നു.... ആശംസകൾ... 

Tksreekumar: ഈ പുസ്തകത്തിനു ലഭിക്കാവുന്ന ഏറ്റവും നല്ല ബഹുമതി ഇതു തന്നെ. അരങ്ങിൽ ഔചിത്യ പൂർവ്വം നളനെ ആവിഷ്‌കരിക്കുന്ന പ്രതിഭാധനനായ ആശാനിൽ നിന്ന് ആകുമ്പോൾ എല്ലാമായി.

Madhu Soodanan: ഔചിത്യവേദിയും പരിണതപ്രജ്ഞനുമായ ഒരു കലാകാരനും അദ്ധ്യാപകനും, കലാമണ്ഡലം മുൻപ്രിൻസിപ്പാൾ, തെക്കും വടക്കും ഒന്നുപോലെ സുസമ്മതനും സമാരാദ്ധ്യനും - പ്രൊഫ: കലാ: ബാലസുബ്രഹ്മണ്യനാശാൻ പറയുന്നത് ഇപ്പോൾ നളചരിതം കളിക്കു പോവുമ്പോൾ ഇതിലെ വ്യാഖ്യാനം വായിച്ചിട്ടാണ് പോകാറുള്ളതെന്നും അത് അരങ്ങത്ത് പുതിയ അനുഭവങ്ങൾ ഉണ്ടാക്കാൻ പ്രയോജനപ്പെടുന്നുണ്ടെന്നും അദ്ദേഹം തന്നെ വിഭാവനം ചെയ്യുന്നു, ഒരുപുതിയ നളചരിതാവതരണ രീതി ഉരുത്തിരിയാനും ഈ ഗ്രന്ഥം നിമിത്തമാകുമെന്ന്. തൻ്റെ രചന സാർത്ഥകമാകുന്നു എന്ന്  ഗ്രന്ഥകാരന് തീർച്ചയായും അഭിമാനിക്കാം.

ശ്രീ. മാർഗ്ഗി വിജയകുമാർ  (കഥകളി നടൻ)  

ഡോ. ഏവൂർ മോഹൻദാസ് സാർ എഴുതിയ "ഹംസേ സുവർണ്ണ സുഷ മേ..." എന്ന നളചരിത പഠന  പുസ്തകം അദ്ദേഹത്തിൻറെ കയ്യിൽ നിന്നും വാങ്ങിയത് പത്തിയൂരിൻറെ മകൻറെ കല്യാണ സ്ഥലത്തു വച്ചാണ്. ഇന്നതു വായിച്ചു തീർന്നു. കഥകളി കലാകാരന്മാരും ആസ്വാദകരും വായിച്ചിരിക്കേണ്ടതായ നല്ലൊരു നളചരിത പുസ്തകം. നളചരിതത്തിലെ പ്രധാന കഥാപാത്രങ്ങളെയെല്ലാം പ്രത്യേകം എടുത്തു് വിശകലനം ചെയ്തിട്ടുണ്ട്. പുഷ്ക്കരൻറെ കഥാപാത്രാവിഷ്ക്കര രീതി, കാട്ടാളൻറെ ദഹനശേഷം ദമയന്തിയുടെ മനോഭാവം, സുദേവനും ദമയന്തിയുമായുള്ള രംഗത്തിലെ അനൗചിത്യം (ദമയന്തി ഞെട്ടൽ പാടില്ലെന്ന അഭിപ്രായക്കാരനാണ് ഞാനും. വേളി നാളെ എന്നു കേൾക്കുമ്പോൾ അദ്ദേഹത്തിൻറെ മാനസികാവസ്ഥ എന്താവും എന്ന ആശങ്കയാവാം), നാലാം ദിവസത്തിലെ ദമയന്തിക്ക് അനുഭവിക്കേണ്ടി വരുന്ന പ്രതിസന്ധി എന്നിവയെക്കുറിച്ചൊക്കെ വിശദമായി പഠനം നടത്തി പ്രതിപാദിച്ചിട്ടുണ്ട്. തീർച്ചയായും ചർച്ച ചെയ്യപ്പെടേണ്ടതായ നല്ലൊരു പുസ്തകം. വായിക്കേണ്ടതു തന്നെയാണ്. മോഹൻ ദാസ് സാറിന് അഭിനന്ദനങ്ങൾ.

ശ്രീ. മിടുക്കൻ കുറൂർ, കഥകളി ചെണ്ട വിദ്വാൻ 

ഡോ. ഏവൂർ മോഹൻദാസ് എഴുതിയ "ഹംസേ സുവർണ്ണ സുഷമേ..." എന്ന നളചരിതം പഠനം വായിച്ചു തീർന്നപ്പോൾ അതിനെപ്പറ്റി എന്തെങ്കിലും എഴുതിയേ മതിയാകൂ എന്നു തോന്നി. നളചരിതത്തിൻറെ  രംഗപാരമ്പര്യവും നായികാ നായകന്മാരെപ്പറ്റിയുള്ള വിവരണങ്ങൾക്കും ശേഷം മറ്റു കഥാപാത്രങ്ങളുടെ രാംഗാവതരണ ക്രമങ്ങളും സ്വഭാവവൽക്കരണവും ഒക്കെയാണ് പഠനവിധേയമാക്കിയിട്ടുള്ളത്.വ്യാസ ഭാരതത്തിൽ കൊടുത്തിട്ടുള്ള നളോപാഖ്യാനം, എ. ആർ. ൻറെ കാന്താരതാരകം, ദേശമംഗലത്തു വാര്യർ, പ്രൊഫസർ പന്മന രാമചന്ദ്രൻ നായർ തുടങ്ങിയർ എഴുതിയ വ്യാഖ്യാനങ്ങൾ തുടങ്ങിയവയാണ് അദ്ദേഹം തൻറെ പഠനത്തിന് ആശ്രയിച്ചിരിക്കുന്നത്. എൻറെ അഭിപ്രായങ്ങൾ മുഴുവനും മുഖപുസ്തകത്തിൽകൂടി എഴുതി ഫലിപ്പിക്കുവാൻ ബുദ്ധിമുട്ടാണ്. എങ്കിലും ഒറ്റവാക്കിൽ പറഞ്ഞാൽ ഈ പഠനം കലാകാരൻമാർക്കും ആസ്വാദകർക്കും വളരെയധികം പ്രയോജനം ചെയ്യും, തീർച്ച. ഉണ്ണായി വാരിയരുടെ ആട്ടക്കഥ അദ്യം മുതൽ അവസാനം വരെ പല പ്രാവശ്യം വായിക്കുകയും മിക്കവാറും എല്ലാ വ്യാഖ്യാനങ്ങളും തന്നെ വായിക്കുകയും ചെയ്ത കലാകാരൻ എന്ന നിലക്കും അരങ്ങനുഭവങ്ങൾ വച്ചുകൊണ്ടും ചില കാര്യങ്ങളിൽ എനിക്ക് ചില അഭിപ്രായങ്ങൾ പറയാനുണ്ടെങ്കിലും അത് മുഖപുസ്തകത്തിൽ ഒതുങ്ങുന്നതല്ല. അതൊന്നും ഈ പുസ്തകത്തിൻറെ മഹത്വത്തെ ഒട്ടുംതന്നെ കുറച്ചു കാണിക്കാനുള്ളതല്ലെന്നുകൂടി സൂചിപ്പിക്കട്ടെ. അത് നേരിൽ കാണുമ്പോൾ ചർച്ച ചെയ്യാമെന്ന് വിചാരിക്കുന്നു. കലാകാരൻമാരും ആസ്വാദകരും ഈ പുസ്തകം തീർച്ചയായും വായിച്ചിരിക്കണം എന്നാണ് എൻറെ അഭിപ്രായം. ഡോ. ഏവൂർ മോഹൻദാസിന് സ്നേഹപൂർവ്വം എല്ലാ ഭാവുകങ്ങളും നേരുന്നു

ശ്രീ. സദനം ഹരികുമാർ (കഥകളി നടൻ, സംഗീതജ്ഞൻ, ചിത്രകാരൻ, ശിൽപ്പി)

ഡോ ഏവൂർ മോഹൻദാസ് അവർകളുടെ 'ഹംസേ സുവർണ്ണ സുഷമേ...' എന്ന പുസ്തകം വായിച്ചു (സൂക്ഷ്മമായി ഇനിയും വായിക്കേണ്ടത്തുണ്ട്).

കഥകളി കലാകാരന്മാർക്കും കഥകളി ആസ്വാദകർക്കും വളരെ ഉപകാരപ്രദമായ നിരീക്ഷണങ്ങൾ ഇതിൽ നിന്നും  വായിച്ചെടുക്കാം..കഥാപാത്ര സ്വത്വത്തെ മനസ്സിലാക്കുവാനും മനസ്സിലാക്കിക്കുവാനും ഏവൂരിന് ഇതിൽ സാധിച്ചിട്ടുണ്ട്. നല്ല ഭാഷ...എന്നാൽ പ്രതിച്ഛായ എന്ന പദത്തിന് പകരം ഇമേജ് എന്ന ഇംഗ്ലീഷ് പദം ഉപയോഗിച്ചു കണ്ടു (വേഗവായനക്ക് പ്രസ്തുത ഇംഗ്ലീഷ് പ്രയോഗം സഹായിക്കും). ഇത്തരം നിരൂപണങ്ങളിൽ കൂടി നളചരിതം പുനർവായിക്കപ്പെടുകയും പുനർ നിരീക്ഷിക്കപ്പെടുകയും ചെയ്യുന്നത് നളചരിതത്തിൻ്റെ ജൈവികതയ്ക്കുള്ള തെളിവാണ്.

ഡോ. മോഹൻദാസിന് അഭിനന്ദനങ്ങൾ. അഭിനേതാക്കളും ആസ്വാദകരും ഈ പുസ്തകം വായിക്കുന്നത് ഗുണം ചെയ്യും. ചിത്രങ്ങളും അതിമനോഹരം ആയിരുന്നു. ചിത്രകാരി ദേവിക്ക് അഭിനന്ദനങ്ങൾ.

ശ്രീ. രാജശേഖർ. പി. വൈക്കം (കഥകളി പണ്ഡിതൻ, 'അർജ്ജുനവിഷാദവൃത്തം' കഥയുടെ രചയിതാവ്) 

ഇന്നാണ് "ഹംസേ സുവർണ്ണ സുഷമേ..." എന്ന ശീർഷകത്തിൽ Dr ഏവൂർ മോഹൻദാസ് അവർകൾ എഴുതിയ നളചരിത പഠനം വായിച്ചു കഴിഞ്ഞത്. എൻറെ പ്രിയ സുഹൃത്തും സാഹിത്യ വേദാന്താദി വിഷയങ്ങളിൽ പണ്ഡിതനും നല്ല കഥകളി ആസ്വാദകനും മികച്ച വാഗ്മിയുമായ ശ്രീ കുരുമ്പോലിൽ ശ്രീകുമാർ ആണ് ഈ കൃതി എനിക്ക് അയച്ചു തന്നത്. ഗ്രന്ഥകർത്താവിനെ എനിക്ക് നേരിട്ട് പരിചയം ഇല്ല.

ഏ.ആർ. എഴുതിയ "കാന്താരതാരകം" എന്ന നളചരിത വ്യാഖ്യാനത്തോടെയാണല്ലോ, ഈ 'വനഭംഗി'യിൽ, 'സുന്ദരത്തിനുടെ സാദൃശ്യേയം' തേടി നിരവധി സാഹിത്യ കുതുകികൾ ഇറങ്ങി പുറപ്പെട്ടത്. അവരുടെ നിരവധിയായ വീക്ഷണങ്ങളും അതുകൊണ്ടുതന്നെ നമുക്ക് ലഭ്യമായി. എം. എച്ച്. ശാസ്ത്രികൾ, ദേശമംഗത്ത് രാമവാര്യർ, ഇളംകുളം കുഞ്ഞൻ പിള്ള തുടങ്ങി പന്മന രാമചന്ദ്രൻ നായർ വരെ നീളുന്ന ആരാധ്യരായ സാഹിത്യവിചക്ഷണന്മാരുടെ ഒരു നീണ്ട പട്ടിക തന്നെ ഉണ്ട്, ഈ 'കാട്'കാണുവാൻ ഇറങ്ങിയവരിൽ.

നളചരിതം ഒരു സാഹിത്യ കൃതി മാത്രമല്ല; ഇന്നും സജീവമായി നിൽക്കുന്ന മലയാളിയുടെ ഒരു അഭിമാനമായ "നാടകം" കൂടി ആണല്ലോ അത്? അനിതരസാധാരണങ്ങളായ പദ പ്രയോഗങ്ങൾകൊണ്ടും അനന്യസാധ്യമായ പദ ഘടനകൊണ്ടും ('തദ്ഘടനായ പ്രഗത്ഭതമേ' എന്നു കവിയുടെ ഹംസത്തിനു മാത്രമല്ല കവിക്കും പറയാം) നിരങ്കുശമായ ഭാഷാപ്രയോഗചാതുരികൊണ്ടും നാടകീയത മുറ്റി നിൽക്കുന്ന നളചരിതം ഇപ്പോഴും പുനർവായനയ്ക്കും പഠനത്തിനും വിധേയമാകുന്നതിൽ അത്ഭുതമില്ല. അത്തരത്തിൽ നളചരിതം കഥകളി കണ്ട്, അതിലൂടെ നളചരിതത്തിന്റെ സാഹിത്യത്തിലേയ്ക്കും കഥാപാത്രങ്ങളുടെ പാത്രസ്വഭാവത്തിലേക്കും ആ കൃതിയുടെ രചനയുടെയും ആ കൃതിക്ക് കഥകളി രംഗത്തുണ്ടായ സ്വീകാര്യതയുടെ നാൾവഴിയിലേക്കുമെല്ലാമുള്ള ഒരു എത്തിനോട്ടമാണ് Dr മോഹൻദാസിന്റെ ഈ നളചരിത പഠനം.

ഇരുപത്തിയൊന്നദ്ധ്യായങ്ങളായി ഇരുനൂറിൽ പരം താളുകളിലായിട്ടാണ് ഈ കൃതി രചിച്ചിട്ടുള്ളത്. ഇതിൽ ചിലതിന്റെയെങ്കിലും പ്രാഗ് രൂപം ഞാൻ നവമാധ്യമങ്ങളിലൂടെ വായിച്ചതായി ഓർക്കുന്നുണ്ട്. ഉണ്ണായിവാര്യർ സംഗമഗ്രാമജനാണെങ്കിലും അദ്ദേഹത്തിൻറെ കർമ്മകാണ്ഡം അനന്തപുരിയുമായി ബന്ധപ്പെട്ടു കിടക്കുന്നതിനാലാവണം തിരുവിതാംകൂറിലെ കഥകളി കമ്പക്കാർ നളചരിതത്തെ പറ്റി ഇന്നും "മമതാഭിമാന"ത്തോടെ സംസാരിക്കുന്നത്. അതിന് ചരിത്രപരമായ കാരണങ്ങൾ ഉണ്ടാവാം. ആ കാരണങ്ങളിൽ ചിലവ ഈ പുസ്തകത്തിൽ പരാമർശവിധേയമാകുന്നുണ്ട്. പക്ഷെ ഇന്ന് കഥകളി ആസ്വാദകർ, തെക്കു വടക്ക് ഭേദം ഇല്ലാതെ ഇഷ്ടപ്പെടുന്ന കഥയാണ് നളചരിതം എന്നതിൽ സംശയമില്ല. യശ:ശ്ശരീരനായ   പദ്മശ്രീ കലാമണ്ഡലം കൃഷ്ണൻ നായർ ആശാന്‌ ശേഷം ആ സ്വീകാര്യത ഊട്ടിയുറപ്പിച്ചത് പദ്മശ്രീ കലാമണ്ഡലം ഗോപിയാശാൻ എന്ന അതുല്യ പ്രതിഭയാണ്. അദ്ദേഹം ഇന്നത്തെ യുവനിര കലാകാരന്മാരെ ഇത് ചൊല്ലിയാടിച്ച്, 'ഒന്നിളക്കി വച്ചുറപ്പിക്കുക' കൂടി ചെയ്തുവെന്നതും ഇവിടെ എടുത്ത് പറയേണ്ട വസ്തുതയാണ് . മുൻകാല ചരിത്രം എന്തായാലും, ഇന്ന് തെക്ക് വടക്ക് ഭേദം ഇല്ലാതെ കഥകളി ആസ്വാദകർ ഏറെ കൊണ്ടാടുന്ന കഥയാണ് നളചരിതം.

ഈ പശ്ചാത്തലത്തിൽ Dr മോഹൻദാസ് അവർകളുടെ പഠനം, കഥകളി പ്രയോക്താക്കളും, കഥകളി പ്രേമികളും, സംഘാടകരും വായിച്ചിരിക്കേണ്ട ഒന്നാണ്.ഇദ്ദേഹത്തിൻറെ നിരീക്ഷണങ്ങളോട്, നിഗമനങ്ങളോട്, ആശയത്തോട്, അഭിപ്രായത്തോട്, എല്ലാം പൂർണ്ണമായി യോജിക്കുന്നവർ ഉണ്ടാകാം, ചിലതിനോട് വിയോജിക്കുന്നവർ ഉണ്ടാവാം, പൂർണമായി വിയോജിക്കുന്നവരും ചിലപ്പോൾ ഉണ്ടായെന്നു വരാം. അതിൽ ഓരോ വായനക്കാരൻറെയും അഭിരുചിയ്ക്കൊത്ത വിധം കൊള്ളേണ്ടത് കൊള്ളാം, തള്ളേണ്ടത് തള്ളാം. അതെന്തായാലും ഈ പഠനത്തിൽ ചിന്തോദ്ദീപകങ്ങളായ നിരവധി ആശയങ്ങൾ പരാമർശവിധേയമായിട്ടുണ്ടെന്നതിൽ തർക്കം ഇല്ല. ഒരു വായനക്കാരനെ സംബന്ധിച്ച് അതാണല്ലോ വേണ്ടത്? ഉദാഹരണമായി

"കാലടികൾ എണ്ണി കൊണ്ടുള്ള നളന്റെ നടപ്പ് കഥകളിയിൽ ആവശ്യം ഉണ്ടോ?" (പേജ് :130) എന്ന് അദ്ദേഹം ചോദിക്കുന്നു. വ്യാസൻ 'നളോപാഖ്യാന'ത്തിൽ ഇതു പറഞ്ഞിട്ടുണ്ടെങ്കിലും ആട്ടക്കഥയിൽ ഇത് ഇല്ലല്ലോ എന്നതാണ് അദ്ദേഹത്തിന്റെ വാദം.

ആട്ടക്കഥയിൽ 'ദശ പദ ശ്രവണേ കൃത ദംശന:' എന്നതിൽ പത്തടി നടന്നു എന്നു കൂടി വ്യാഖ്യാനിക്കാം എന്നാണ് എന്റെ പക്ഷം. കാരണം 'പദ' ശബ്ദത്തിന് കാൽവയ്പ്പ് എന്ന കൂടി അർഥം ഉണ്ടല്ലോ? അങ്ങനെ ഭാരതം മൂലത്തിലുള്ള ആ നടപ്പ് സൂത്രഭാഷയിൽ സമർത്ഥമായി ഉണ്ണായി ഇവിടെ കൊണ്ടുവന്നിട്ടുണ്ടെന്നു പറഞ്ഞുകൂടേ?(സരസമായി വീക്ഷിച്ചാൽ 'ദശ' എന്ന് പാട്ടുകാരൻ ചൊല്ലുമ്പോൾ, നളൻ പത്തടി നടന്നു കഴിയണം, അപ്പോൾ കാർക്കോടകൻ കടിക്കണം എന്ന രംഗ സൂചന കൂടി കാണാം).

ഇങ്ങനെ യോജിപ്പുകളും വിയോജിപ്പുകളും ചിലതു കൂടി ഈ പുസ്തകം വച്ചുകൊണ്ട് ചർച്ച ചെയ്യുവാനുണ്ട്. അത് പിന്നീട് ആവാം.

പുസ്തകത്തിന്റെ കെട്ടും മട്ടും അച്ചടിയുമെല്ലാം നന്നായിട്ടുണ്ട്. ഷഷ്ട്യബ്ദപൂർത്തി കഴിഞ്ഞ എന്നെപ്പോലുള്ളവർക്ക് അനായസ വായനയ്ക്കുതകുന്ന പാകത്തിലുള്ള അക്ഷരവലിപ്പം (font size) ഉചിതമായി. ഇതു പറയുവാൻ കാരണമുണ്ട്; ഈ പഠനത്തിൽ തന്നെ പരാമർശിച്ചിട്ടുള്ള കഥകളി സംബന്ധിയായ, ഗഹനമായ ഒരു ഗ്രന്ഥം വായനക്കാരിൽ വേണ്ടപോലെ എത്താതെ പോയത് മുഖ്യമായും ഈ അക്ഷരവലിപ്പം കുറഞ്ഞു പോയി എന്ന കാരണത്താലാണ്. അതുപോലെ വേണ്ടത്ര പ്രൂഫ് നോക്കാത്തതുകൊണ്ട് ഇക്കാലത്ത് പുസ്തകങ്ങളിലെല്ലാം അച്ചടിപ്പിശകുകൾ ധാരാളം കടന്നു കൂടാറുണ്ട്.

ഈ പുസ്തകത്തിൽ അത്‌ വിരളം എന്നു തന്നെ പറയണം. (ഞാൻ വായിച്ചു പോയപ്പോൾ ശ്രദ്ധയിൽപ്പെട്ടത് പേജ് 85,95,138ൽ മാത്രം).

ഈ സന്ദർഭത്തിൽ മറ്റൊരു കാര്യം കൂടി സൂചിപ്പിക്കട്ടെ. നൂറ്റിപ്പതിനാലാം പേജിൽ കാട്ടാളൻറെ  പദത്തിൽ "വാതിച്ചോർക്കും " എന്ന പാഠം ആണ് സ്വീകരിച്ചിരിക്കുന്നതായി കാണുന്നത്, ഇവിടെ "പാതിച്ചോർക്കും" എന്നതല്ലേ കൂടുതൽ യുക്തമായ പാഠം? 'പാതിച്ചോർ' എന്നാൽ സ്മാർത്തവിചാരത്തിനു പോലും അധികാരമുള്ള 'പട്ടച്ചോമാതിരി' എന്ന് അർഥം വരും (ഇവിടെ ഭ്രഷ്ട് കൽപ്പിക്കുവാൻ അധികാരമുള്ള ബ്രഹ്മണനെപ്പോലും 'പ്രാണാപായേ' തൊടുന്നതിൽ വിരോധമില്ല എന്ന് പറയുമ്പോൾ ആ പ്രയോഗത്തിന് മാറ്റ് കൂടില്ലേ?).

ഈ പുതിയ നളചരിത പഠനത്തിന് എല്ലാവിധ ആശംസകളും നേരുന്നു. അതോടൊപ്പം ഇതിൻറെ രചയിതാവ് Dr ഏവൂർ മോഹൻദാസ് അവർകൾക്ക് എൻറെ അഭിനന്ദനങ്ങളും രേഖപ്പെടുത്തുന്നു.

സസ്നേഹം

രാജശേഖർ പി വൈക്കം

Dr. Evoor Mohandas: നളചരിതം ആട്ടക്കഥയെ സാദ്ധ്യമാകുന്നിടത്തോളം യുക്തിഭദ്രമായി വ്യാഖ്യാനിക്കുക എന്നതായിരുന്നു എൻറെ ലക്ഷ്യം. മുൻവ്യാഖ്യാനങ്ങളിൽ ഈ ഒരു കുറവാണ് ഞാൻ പ്രധാനമായും ശ്രദ്ധിച്ചിരുന്നതും ആയതിനാൽ തിരുത്താൻ ശ്രമിച്ചിട്ടുള്ളതും.

ഈ പശ്ചാത്തലത്തിൽ കാരണം പറയാൻ കഴിയാത്ത വ്യാസൻറെ 'പത്തു വരെയുള്ള എണ്ണൽ' പ്രശ്നമായി വരുന്നു. അതുകൊണ്ട് ഉണ്ണായി വാരിയർ ആട്ടക്കഥയിൽ അത് ഒഴിവാക്കിയതായിരിക്കുമോ എന്നാണ് ഞാൻ ചിന്തിച്ചത്. 'ദശപദ ശ്രവണേ' എന്നതിന് 'ദശ എന്ന വാക്കു കേട്ടപ്പോൾ' എന്നേ അർത്ഥം പറയാൻ കഴിയൂ എങ്കിലും മൂലകഥയിലെ പത്തു വരെ എണ്ണലിനെ അതുമായി ബന്ധിപ്പിച്ചു പറയുന്നതിൽ അനൗചിത്യമില്ല. മുൻപ് മറ്റൊരാസ്വാദകൻ ചൂണ്ടിക്കാട്ടിയതു പോലെ നളൻ വെറുതെ "കടിച്ചാലും" എന്നു പറയുന്നതിനേക്കാൾ നല്ലത് മൂലകഥയിലെപ്പോലെ പത്തു വരെ എണ്ണിയിട്ട് കടിക്കുന്നതു തന്നെയാകാം. പക്ഷേ കാരണം പറയാൻ കഴിയാത്ത എണ്ണലിന് യുക്തിഭദ്രതയുടേതായ ആധികാരികത ഉണ്ടാകില്ല എന്നതാണ് പ്രശ്നം.

പന്മന സാറിന്റെ പുസ്തകമാണ് പദങ്ങൾക്കും അവയുടെ അർത്ഥങ്ങൾക്കും ആശ്രയിച്ചിട്ടുള്ളതെന്ന് ഗ്രന്ഥത്തിൽ സൂചിപ്പിച്ചിട്ടുണ്ടല്ലോ? ഇവിടെ വാതിച്ചോർക്ക് എന്നതിന് ഓതിക്കോന്മാർ, ആഢ്യബ്രാഹ്മണർ എന്ന അർത്ഥം നൽകിയിട്ടുള്ളത് വ്യാഖ്യാനവുമായി ഒത്തുചേർന്നു പോകുന്നതിനാൽ ആ പാഠം സ്വീകരിച്ചെന്നേയുള്ളൂ. പാതിച്ചോർക്കും ചേർച്ചയുള്ളതു തന്നെ. ഈ രണ്ടു പ്രയോഗങ്ങളും പുസ്തകങ്ങളിൽ കാണുന്നുണ്ട്. വാതിച്ചോർ എന്ന് വിദ്വാൻ എ.ഡി. ഹരിശർമ്മയും പന്മനയും എഴുതുമ്പോൾ ഇളംകുളം പാതിച്ചോരെന്നാണ് പ്രയോഗിച്ചിരിക്കുന്നത്. പന്മനയാണ് വാതിച്ചോർക്ക് ഓതിക്കോന്മാർ - വേദാദ്ധ്യാപകർ എന്ന് അർത്ഥം പറഞ്ഞിരിക്കുന്നത് (കൈരളീ വ്യാഖ്യാനം p.443). ഹരിശർമ്മ, വലിയ അക്കീത്തിരികൾ എന്നും അർത്ഥം നൽകിയിരിക്കുന്നു. ഭ്രഷ്ട് കല്പിക്കാൻ അധികാരമുള്ള സ്മാർത്തൻ എന്ന അർത്ഥത്തിൽ പാതിച്ചോരാകും സന്ദർഭത്തിൽ കൂടുതൽ ചേരുക എന്ന ആശയത്തോട് യോജിക്കുന്നു. വാക്കുകളുടെ അർത്ഥത്തിലേക്കായി ഭാഷാ പണ്ഡിതർ പറഞ്ഞു വച്ചിട്ടുള്ളതിനെ പിൻതുടർന്നു എന്നല്ലാതെ ഈ വിഷയത്തിൽ ഒരു പഠനത്തിനു ഞാൻ ശ്രമിച്ചിട്ടില്ല.


Thursday, July 6, 2023

ചിട്ടപ്രധാനവും ചിട്ടപ്രധാനമല്ലാത്തതുമായ കഥകളി അവതരണങ്ങൾ

 കേരളത്തിൻറെ തനതു കലയായ കഥകളിയിൽ അവതരിപ്പിക്കപ്പെടുന്ന കഥകളെ പൊതുവേ ചിട്ടപ്രധാനമായതും ചിട്ടപ്രധാനമല്ലാത്തതും എന്ന രണ്ടു വിഭാഗമായി തരം തിരിക്കാം. പേര് സൂചിപ്പിക്കുമ്പോലെ തന്നെ ചിട്ടപ്രധാനമായ കഥകളുടെ അവതരണ പരിധി കൃത്യമായി ചിട്ടചെയ്തു നിർണ്ണയിക്കപ്പെട്ടിട്ടുള്ളതാണെങ്കിൽ ചിട്ടപ്രധാനമല്ലാത്ത കഥകളുടെ കാര്യത്തിൽ ഇത് അത്രമാത്രം കൃത്യതയോടെ നിർണ്ണയിക്കപ്പെട്ടിട്ടുള്ളതല്ല. ചിട്ടപ്രധാന കഥകൾക്ക് കൃത്യമായ പാഠ്യപദ്ധതിയും അവതരണ സമ്പ്രദായവുമുള്ളപ്പോൾ ചിട്ടപ്രധാനമല്ലാത്ത കഥകളിൽ ഇത് സാധാരണ ഉണ്ടാകാറില്ല.

ചിട്ടപ്രധാനമായ കഥകളുടെ ഏറ്റവും നല്ല ഉദാഹരണമാണ് കോട്ടയം തമ്പുരാൻ രചിച്ച്, കോട്ടയം കഥകൾ എന്ന പേരിൽ അറിയപ്പെടുന്ന ബകവധം, കിർമ്മീരവധം, കല്യാണസൗഗന്ധികം, നിവാതകവചകാലകേയവധം എന്നീ നാല് ആട്ടക്കഥകൾ. ആട്ടക്കഥാ സാഹിത്യത്തെ കഥകളി സങ്കേതങ്ങളിലൂടെ നായനാനന്ദകരമായ രംഗശിൽപ്പമായി അവതരിപ്പിക്കുന്നതിനാണ്, കഥകളിയുടെ കല്ലുവഴിച്ചിട്ടയിൽ ഇന്നവതരിപ്പിക്കപ്പെടുന്ന, ഈ കഥകളിൽ പ്രാധാന്യം കല്പിച്ചിരിക്കുന്നത്. കഥകളി സാഹിത്യത്തെ ശൈലീഭദ്രമായ രംഗശിൽപ്പമാക്കി അവതരിപ്പിക്കുന്നതിലാണ് ഇവിടെ ഊന്നൽ. ശിൽപ്പങ്ങൾ തീർക്കുന്നതിന് കൃത്യമായ അളവുകളും പരിധികളും നിശ്ചയിച്ചുറപ്പിക്കേണ്ടതുണ്ടെന്നതിനാൽ കളരിയിൽ പഠിച്ചുറപ്പിച്ചിട്ടുള്ള വേഷങ്ങൾ നടൻ അതുപോലെതന്നെ അരങ്ങത്തും അവതരിപ്പിക്കേണ്ടതുണ്ട്.  കഥാവതരണത്തിൽ കഥകളി നടന് തൻറെതായ കൂട്ടിച്ചേർക്കലുകൾ (മനോധർമ്മാട്ടങ്ങൾ) നടത്താൻ ചിട്ടപ്രധാനമായ കഥകളി അവതരണം അനുവദിക്കുന്നില്ല. ചുരുക്കിപ്പറഞ്ഞാൽ ചിട്ടപ്രധാനമായ കഥകൾ കഥകളിയുടെ ശൈലീഭദ്രവും സൗന്ദര്യാത്മകവുമായ രംഗാവിഷ്ക്കാരവും പരിധികൾ താണ്ടിപ്പോകാത്ത അരങ്ങവതരണവും സാദ്ധ്യമാക്കുന്നു; അതോടൊപ്പം പ്രയോക്താവിൻറെ മനോധർമ്മപരമായ ആവിഷ്‌ക്കാരസ്വാതന്ത്ര്യത്തിന് കടിഞ്ഞാണിടുകയും ചെയ്യുന്നു.

ചിട്ടപ്രധാനമല്ലാത്ത കഥകളി അവതരണങ്ങളുടെ കാര്യം മേല്പറഞ്ഞതിൽ നിന്നും വ്യത്യസ്തമാണ്. ഈ വിഭാഗത്തിൽ ചൂണ്ടിക്കാണിക്കാൻ കഴിയുന്ന ഏറ്റവും പ്രധാനപ്പെട്ട കഥകളി, ഉണ്ണായി വാരിയരുടെ നളചരിതം ആട്ടക്കഥയെ അവലംബമാക്കുന്ന, നളചരിതം ആണ്‌. ആട്ടക്കഥാസാഹിത്യത്തിനു പ്രാധാന്യം കൊടുത്തുകൊണ്ടുള്ള കഥാഖ്യാനത്തിനാണ് ഇവിടെ പ്രാധാന്യം, കഥകളി ശില്പഭദ്രതയ്ക്കല്ല. കഥകളി സങ്കേതങ്ങളിൽ ഉറച്ചുനിന്നുകൊണ്ടാണ് കഥാവതരണമെങ്കിലും, ഈ വിഭാഗം കഥകൾ വേഷമാടുന്ന നടന് ആവിഷ്‌ക്കാര സ്വാതന്ത്ര്യം വേണ്ടുവോളം അനുവദിയ്ക്കുന്നുണ്ട്. അവതരണത്തിന് കൃത്യമായ പരിധികൾ നിശ്ചയിച്ചിട്ടില്ലാത്തതിനാൽ പൂർവ്വാചാര്യന്മാർ ചെയ്തിട്ടുള്ളതിനെ പിന്തുടർന്നും കലാകാരൻറെ മനോധർത്തിനനുസരിച്ചും കഥ അവതരിപ്പിക്കുന്ന രീതിയാണ് ഇത്തരം കഥകളിൽ പിന്തുടർന്നു പോരുന്നത്. അതായത്, നളചരിതം പോലെ ആഖ്യാനസ്വഭാവമുള്ള ആട്ടക്കഥകളുടെ അവതരണം ഒരു പരിധിവരെയെങ്കിലും കലാകാരൻ സ്വയം സൃഷ്ടിച്ചെടുക്കേണ്ടതാണ്. ഇവിടെ കലാകാരൻറെ സൃഷ്ടിപരമായ കഴിവാണ് അവതരണത്തിൻറെ ജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ  മുഖ്യ പങ്കു വഹിക്കുന്നത്.  കലാകാരൻറെ മനോമുകുരത്തിൽ വിരിയുന്ന ഭാവനകളുടെ ദൃശ്യാവിഷ്ക്കാരമാണ് ഇത്തരം കഥകളികളുടെ സൗന്ദര്യം തന്നെ. കഴിഞ്ഞ തലമുറയിലെ യശശ്ശരീരായ മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം കൃഷ്ണൻ നായർ, വാഴേങ്കട കുഞ്ചു നായർ തുടങ്ങിയ നടന പ്രതിഭകളുടെ നളചരിതാവതരണം ഇന്നും ജനമനസ്സുകളിൽ തങ്ങി നിൽക്കാനുള്ള കാരണം അന്വേഷണത്വരയിലൂന്നിയ ഇവരുടെ നവംനവങ്ങളായ അവതരണങ്ങളായിരുന്നു എന്നതാണ് സത്യം. നളചരിതത്തിലെ ഹംസത്തിനെയും പുഷ്ക്കരനെയും അതിഗംഭീരമായി അരങ്ങത്തവതരിപ്പിക്കാൻ യശശ്ശരീരനായ ചെന്നിത്തല ചെല്ലപ്പൻ പിള്ളയ്ക്കു കഴിഞ്ഞതും പഠനമനനങ്ങളിലൂടെ അദ്ദേഹം നേടിയ അറിവിൻറെ ബലംകൊണ്ടായിരുന്നു.  


പക്ഷേ സ്ഥിതി ഇന്നു വല്ലാതെ മാറിപ്പോയിരിക്കുന്നു. ചിട്ടപ്രധാനമല്ലാത്ത കഥകളി അവതരണത്തിനും ആസ്വാദനത്തിനും പ്രയോക്താവിൻറെയും ആസ്വാദകൻറെയും പക്ഷത്ത് അവശ്യം വേണ്ട വായനയും പഠനവും മനനവും അന്വേഷണവുമെല്ലാം ഇന്നു വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ശരിയായ കഥകളി - സാഹിത്യ വിദ്യാഭ്യാസത്തിൻറെ അഭാവത്തിൽ ചിട്ടപ്രധാനമല്ലാത്ത നളചരിതം പോലെയുള്ള കഥകളുടെ അവതരണം ഭാവിയിൽ വഴിതെറ്റിപ്പോകാനുള്ള സാദ്ധ്യത വളരെ കൂടുതലാണ്. ഇന്നത്തെ പല അരങ്ങുകളും അതിൻറെ സൂചനകൾ നൽകിയിട്ടുള്ളത് എൻറെ എഴുത്തുകളിൽ പലവട്ടം ഞാൻ സൂചിപ്പിച്ചിട്ടുമുണ്ട്. നന്നായി കഥകളി കളിക്കാനറിയുന്ന പ്രഗത്ഭ നടന്മാർപോലും നളചരിതം കഥയുടെ പാത്രബോധം ശരിക്കും ഉൾക്കൊള്ളാതെ വികലമായ അരങ്ങവതരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നതു കാണുമ്പോൾ സാംസ്കാരികച്യുതി ഏറിവരുന്ന ഭാവിയിൽ  ഇക്കഥയ്ക്കു സംഭവിക്കാവുന്ന അപചയം നമുക്കു മുന്നിൽ കാണാവുന്നതേയുള്ളൂ.

കോട്ടയം കഥകളെപ്പോലെ കൃത്യമായി ചിട്ട ചെയ്തുറപ്പിച്ചുവയ്ക്കാവുന്നതല്ല ജീവിതഗന്ധിയായ നളചരിതം ആട്ടക്കഥയും ചിട്ടപ്രധാനമല്ലാത്ത മറ്റു പല കഥകളും. ഇങ്ങനെ ചെയ്‌താൽ ഇക്കഥകളുടെ ആത്മാവ് തന്നെ നഷ്ടപ്പെടുകയായിരിക്കും ഫലം. കഥാപാത്ര പ്രകൃതികൾ ശരിക്കും അറിഞ്ഞുകൊണ്ട് സൃഷ്ടിപരമായ തൻറെ കൂട്ടിച്ചേർക്കലുകൾ നടൻ അവതരണത്തിൽ വരുത്തിയാൽ മാത്രമേ ഇത്തരം കഥകൾ ശരിക്കും  ആസ്വാദ്യകരമാകൂ; അത് സംഭവിക്കുന്നില്ലെങ്കിൽ പ്രായേണ നിർജ്ജീവമായ അരങ്ങനുഭവമായിരിക്കും ഇക്കഥകൾ പ്രേക്ഷകന് നൽകുക. ഇനി നടൻ ഗംഭീരമായി കഥാപാത്രത്തെ അവതരിപ്പിച്ചാൽത്തന്നെയും അത് മനസ്സിലാക്കാനും  ആസ്വദിക്കാനും വേണ്ട അവശ്യം കോപ്പുകൾ പ്രേക്ഷകൻറെ ഉള്ളിലും ഉണ്ടായേ കഴിയൂ. ആട്ടക്കഥ ഉദ്ദേശിക്കുന്ന അരങ്ങവതരണത്തിൽ നിന്നും കാര്യങ്ങൾ വഴിമാറിപ്പോകാതിരിക്കാൻ കലാകാരനും ആസ്വാദകനും വളരെ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. ആട്ടക്കഥകളുടെ മൗലീരത്നമെന്നു വിശേഷിപ്പിക്കപ്പെടുന്ന നളചരിതത്തിൻറെ കാര്യത്തിലെങ്കിലും, അതിൻറെ അവതരണ സമ്പ്രദായത്തെ കൃത്യമായ പാത്രസ്വഭാവത്തിൽ ഉറപ്പിച്ചു നിർത്തുന്ന ഒരു ക്രമീകരണമെങ്കിലും നിശ്ചയമായും ഉണ്ടാകേണ്ടിയിരിക്കുന്നു. ആട്ടക്കഥാ സാഹിത്യത്തെക്കുറിച്ചുള്ള ഗൗരവതരമായ പഠനം ഇതിന് അനിവാര്യവുമാണ്‌.

പ്രൊഫ. എ.ആർ. രാജരാജവർമ്മയുടെ 'കാന്താരതാരകം' മുതൽ പ്രൊഫ. പന്മന രാമചന്ദ്രൻ നായരുടെ 'കൈരളീവ്യാഖ്യാനം' വരെ പല പഠനങ്ങളും വ്യാഖ്യാനങ്ങളും നളചരിതം ആട്ടക്കഥയ്ക്കുണ്ടായിട്ടുണ്ട്; ഈ വ്യാഖ്യാനങ്ങളെ അവലംബമാക്കിക്കൊണ്ടാണ് നളചരിതാവതരണം ഇന്നു നടന്നുകൊണ്ടിരിക്കുന്നതും. ഈ വ്യാഖ്യാനങ്ങളെ പിൻപറ്റിക്കൊണ്ടും നളചരിത കഥാപാത്രങ്ങൾക്ക് കഥാകൃത്ത് ഉദ്ദേശിച്ച മിഴിവുണ്ടാകുന്നതിലേക്കായി പാത്രപ്രകൃതങ്ങളുടെ സൂക്ഷ്മതലങ്ങളിൽ വരുത്തേണ്ട അവശ്യം ചില മാറ്റങ്ങളെ പ്രതിപാദിച്ചുകൊണ്ടും ഞാനും അടുത്തിടെ 'ഹംസേ സുവർണ്ണ സുഷമേ...' എന്ന പേരിൽ ഒരു നളചരിത പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പഠനങ്ങളെയെല്ലാം ശരിയായി വിലയിരുത്തിക്കൊണ്ടും പാത്രപ്രകൃതങ്ങളുടെ ചട്ടക്കൂട്ടിനെ കൃത്യമായി  നിശ്ചയിച്ചുറപ്പിച്ചുകൊണ്ടും ഒരു നളചരിതാവതരണ സമ്പ്രദായം നിലവിൽ വരുത്താൻ നമുക്ക് കഴിഞ്ഞാൽ, വരുംകാലങ്ങളിൽ നളചരിതാവതരണം വഴിമാറിപ്പോകാതിരിക്കാൻ അത് കാരണമാകും എന്നതിൽ സംശയമില്ല. മലയാള സാഹിത്യ നിരൂപണത്തിൻറെ കുലപതിയും നളചരിതപ്രേമിയും കലാമണ്ഡലം അദ്ധ്യാപകനുമായിരുന്ന യശശ്ശരീരനായ കുട്ടിക്കൃഷ്ണമാരാരും ഏതാണ്ടിതേ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു എന്നതും ഇത്തരുണത്തിൽ പ്രസ്താവ്യമാണ്.