Monday, December 15, 2014

സുഖമോ ദേവീ (ലവണാസുരവധം)

സുപ്രസിദ്ധ കഥകളി കലാകാരൻ ശ്രീ. ചെന്നിത്തല ചെല്ലപ്പൻ പിള്ളയുടെ  16-മതു ചരമ വാർഷി കത്തോടനുബന്ധിച്ചു ചെന്നിത്തലയിൽ 13-12-2014 ൽ നടന്ന ലവണാസുരവധം കഥകളിയിൽ നിന്ന്. ശ്രീ കലാമണ്ഡലം ബാലകൃഷ്ണനും കലാമണ്ഡലം അനിൽകുമാറും ചേർന്ന് അവതരിപ്പിച്ച മണ്ണാനും മണ്ണാ ത്തിയും ഉണ്ടായിരുന്നു.

വേഷം: ശ്രീ. ഓയൂർ(കലാമണ്ഡലം) രാമചന്ദ്രൻ (സീത), ശ്രീ. ഓയൂർ(കലാമണ്ഡലം) രതീശൻ (ഹനുമാൻ), കലാനിലയം രവീന്ദ്രനാഥപ്പൈ, ഡോ. ചന്ദ്രമന നാരായണൻ നമ്പൂതിരി
പാട്ട്: ശ്രീ. തിരുവല്ല ഗോപിക്കുട്ടൻ നായർ, ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണൻ
ചെണ്ട: ശ്രീ. കലാമണ്ഡലം ശ്രീകാന്ത് വർമ, ശ്രീ. കണ്ടല്ലൂർ ഉണ്ണികൃഷ്ണൻ
മദ്ദളം : ശ്രീ.കലാഭാരതി ജയൻ, ശ്രീ.കലാമണ്ഡലം രാജേഷ്

 ഇവിടെ ക്ലിക്ക് ചെയ്യുക:
https://www.youtube.com/watch?v=ltZXswG1b6o&spfreload=10

Tuesday, December 9, 2014

'മധുരതര കോമളവദനേ'

പത്തിയൂർ ശങ്കരൻകുട്ടിയും രാജീവൻ നമ്പൂതിരിയും ചേർന്നു പാടി ഗോപിയാശാനും മാർഗ്ഗി വിജയകുമാറും ചേർന്ന് ആടി ഗംഭീരമാക്കിയ ഈ കളി (വീഡിയോ)
വേണ്ടത്ര  ശ്രദ്ധിക്കപ്പെട്ടില്ല എന്നു തോന്നുന്നു. ഒന്ന് നോക്കിക്കോളൂ.

https://www.youtube.com/watch?v=_bsoiRBPOMQ

Saturday, December 6, 2014

സംഗീതാർച്ചന

സംഗീതാർച്ചന : ശ്രീ. തിരുവല്ല  ഗോപിക്കുട്ടൻ നായർ സപ്തതി ദിനാഘോഷ വേളയിൽ ശ്രീ. പി.ഡി. നമ്പൂതിരിയും ശ്രീ. കലാമണ്ഡലം മോഹനകൃഷ്ണനും ചേർന്നു പാടുന്നു. ചെണ്ടയിൽ ശ്രീ. കുറൂർ (മിടുക്കൻ)  വാസുദേവൻ‌ നമ്പൂതിരി. മദ്ദള കലാകാരന്റെ പേരു (?) പിന്നീട് ചേർക്കാം 

https://www.youtube.com/watch?v=qa9vzAMHBAo

https://www.youtube.com/watch?v=skfDbETyyUc&feature=youtu.be

Thursday, December 4, 2014

Kathakalippadakkacheri (കഥകളിപ്പദക്കച്ചേരി)

പാടുന്നത് : മാസ്റ്റർ ജ്യോതിസ്.എസ് .കുമാർ  പെരുനാട്
വയലിൻ : തിയൂവല്ല ഹരികുമാർ
  മൃദംഗം : തൃക്കൊടിത്താനം സുഭാഷ്
      ഘടം : തൃക്കൊടിത്താനം രാധാകൃഷ്ണൻ
    സ്ഥലം : ശ്രീ വല്ലഭ ക്ഷേത്രം, തിരുവല്ല, 21 നവംബർ
സന്ദർഭം : കഥകളി ഗായകൻ തിരുവല്ല ഗോപിക്കുട്ടൻ നായർ സപ്തതി ആഘോഷം

https://www.youtube.com/watch?v=qHTNfKrBfyQ&feature=youtu.be

Saturday, November 29, 2014

Panchamaddala keli (പഞ്ചമദ്ദള കേളി)


പഞ്ചമദ്ദള കേളി
നയിക്കുന്നത് : കലാമണ്ഡലം അച്യുത വാര്യർ
സംഘാംഗങ്ങൾ : കലാനിലയം അജികൃഷ്ണൻ, കലാനിലയം രാകേഷ്, RLV ജിതിൻ, RLV സുദേവ വർമ്മ  
സ്ഥലം: ശ്രീവല്ലഭ ക്ഷേത്രമണ്ഡപം, തിരുവല്ല
സന്ദർഭം : കഥകളി സംഗീതജ്ജൻ തിരുവല്ല ഗോപിക്കുട്ടൻ നായർ സപ്തതി ആഘോഷം
തീയതി : 21 നവംബർ2014

please click: https://www.youtube.com/watch?v=EXDYo4E8EpE

Friday, November 7, 2014

കഥകളിസംഗീതത്തിന്റെ കാലിക പ്രതിസന്ധി


കഥകളിയുടെ ഇന്നത്തെ പ്രശസ്ത കലാകാരന്മാരിൽ പലരും പങ്കെടുത്തുകൊണ്ട്  ഏവൂർ ശ്രീകൃഷ്ണസ്വാമി  ക്ഷേത്രത്തിൽ അടുത്ത കാലത്ത് നടന്ന ചില കളികളെപ്പറ്റി ഞാൻ ഇവിടെ  എഴുതിയ അവലോകനത്തിൽ, ഗായകർ  കഥകളി സംഗീതം കൈകാര്യം ചെയ്ത രീതിയെ വിമർശനവിധേയമാക്കിയിരുന്നു. അതിനുശേഷം എവൂരിൽ തന്നെ നടന്ന മറ്റൊരു കളിയിലെ സംഗീതാലാപനത്തിന്റെ ഔചിത്യമില്ലായ്മയെ എവൂർക്കാരനായ മറ്റൊരു കഥകളി ആസ്വാദകനും ഫേസ്ബുക്കിൽ വിമർശിച്ച് എഴുതുകയുണ്ടായി. പതിനായിരത്തിൽപ്പരം  അംഗങ്ങൾ ഉള്ള ഫേസ് ബുക്ക്‌ കഥകളി ഗ്രൂപ്പിലും അതുപോലെ കഥകളി സംബന്ധമായ മറ്റു ചില ഇന്റർനെറ്റ്‌ ഗ്രൂപ്പുകളിലും എന്റെ അവലോകനം വലിയ ചർച്ചാവിഷയമാകുകയും നൂറു കണക്കിന് അഭിപ്രായങ്ങൾക്കതു കാരണമാകുകയും ചെയ്തു.  ഇങ്ങനെയുള്ള നവമാദ്ധ്യമ ഗ്രൂപ്പുകളിലെ ചർച്ചകൾക്ക് വലിയൊരു വിഷയഗൌരവം കൽപ്പിക്കാൻ പലപ്പോഴും കഴിയില്ലെങ്കിലും ഇവിടെ ഉയർന്നു വന്ന അഭിപ്രായങ്ങളിൽ പലതും  കഥകളിസംഗീതത്തെക്കുറിച്ചുള്ള കാലികചിന്തയുടെ പ്രതിഫലനമാണെന്ന് എനിക്കു മനസ്സിലാക്കാൻ കഴിഞ്ഞു. കഥകളി സംഗീതവിഷയത്തെ   അപഗ്രഥിക്കാനുള്ള ചില സാദ്ധ്യതകൾ ഈ അഭിപ്രായങ്ങളിൽ കണ്ടത് പ്രയോജനപ്പെടുത്തേണ്ടതാണെന്ന എന്റെ തോന്നലാണ് ഈ ലേഖനത്തിന്നാധാരം. 'കഥാപാത്രപ്രകൃതവും കഥാസന്ദർഭവുമായി ബന്ധിച്ചു നിൽക്കുന്ന ഭാവസംഗീതപ്രധാനമായ കഥകളിപ്പദങ്ങൾ, ആട്ടക്കഥാകൃത്തുക്കളോ അതുപോലെ യോഗ്യരായ പൂർവസൂരികളോ നിഷ്ക്കർഷിച്ചിരിക്കുന്ന സംഗീതശൈലിയിൽ നിന്നും മാറ്റി കഥകളി ഗായകന് ഇഷ്ട്ടം പോലെ പാടാനുള്ള പാട്ടല്ല' എന്ന എന്റെ അഭിപ്രായത്തിനുണ്ടായ പ്രതികരണങ്ങളിൽ നിന്നും ലേഖനത്തിനു പ്രസക്തമെന്നു തോന്നിയ ചില അഭിപ്രായങ്ങൾ താഴെ കുറിക്കുന്നു.

1. ആട്ടക്കഥാകൃത്തുക്കൾ നിർദ്ദേശിച്ച പ്രകാരം പണ്ടുള്ളവർ പാടിയിരുന്നതു പോലെ ഇന്നത്തെ പാട്ടുകാർ പാടണം എന്നു പറയുന്നതിൽ കഴമ്പില്ല. കഥകളി പോലൊരു ജീവകലയുടെ എല്ലാ അംശങ്ങളിലും കാലോചിതമായ മാറ്റങ്ങൾ ഉണ്ടാകേണ്ടത് അനിവാര്യമാണ്. അല്ലെങ്കിൽ ഈ കല കാലഹരണപ്പെട്ടുപോകും. ഗാനശൈലികളടക്കം കഥകളി പരീക്ഷണങ്ങൾ അതുകൊണ്ടു തന്നെ ആവശ്യമാണ്‌. മാറ്റം വരുത്തുന്നതിൽ  തെറ്റുകൾ സംഭവിച്ചാൽ അതു തള്ളി നല്ലതിനെ കാലം സ്വീകരിച്ചു കൊള്ളും. ആയതിനാൽ കഥകളി സംഗീതത്തിന്റെ പാരമ്പര്യം കാത്തു സൂക്ഷിക്കണം എന്നൊന്നും പറയുന്നതിൽ വലിയ അർത്ഥമില്ല.

2. രാഗം മാറ്റി പാടുക എന്നത് കഴിഞ്ഞ കാലത്തും കഥകളിയിൽ നടന്നിട്ടുള്ള കാര്യമാണ്. നമ്പീശനാശാൻ, ഉണ്ണിക്കൃഷ്ണക്കുറുപ്പ് തുടങ്ങി ഹൈദരാലിയും ഹരിദാസും വരെയുള്ള  കഥകളിസംഗീത പ്രതിഭകൾ ആട്ടക്കഥാ   രചയിതാക്കൾ നിർദ്ദേശിച്ചിട്ടുള്ള രാഗപദ്ധതി വിട്ടു തങ്ങളുടേതായ പല രാഗപരീക്ഷണങ്ങളും കഥകളി പദങ്ങളിൽ നടത്തി സംഗീതലോകം കീഴടക്കിയിട്ടുളളതാണ്.

3. രാഗങ്ങൾ മാറ്റിയുള്ള കഥകളിപ്പദാലാപനം സ്വാഗതാർഹമാണ്. സംഗീതത്തിന്റെ ഭാവത്തേക്കാൾ ശ്രദ്ധ ചെലുത്തേണ്ടത് വ്യാകരണത്തിലാണ്. കഥകളിസംഗീതം ഭാവസംഗീതമാണെങ്കിലും പാട്ടിന്റെ ഭാവം എല്ലാവർക്കും ഒരുപോലെയായിരിക്കില്ല അനുഭവപ്പെടുന്നത്. ഭാവം എന്നു പറയുന്ന അനുഭവം പാട്ട് കേൾക്കുന്നയാളുടെ മനസ്സിലാണ് സൃഷ്ട്ടിക്കപ്പെടുന്നത്. ഇന്ന ഭാവം വരണം എന്നുദ്ദേശിച്ചു ഗായകൻ പാടിയാലും ആ ഭാവം പ്രേക്ഷകന് അനുഭവപ്പെടണം എന്നില്ല. ആസ്വാദനം തികച്ചും വ്യക്തിനിഷ്ഠമാണ്. അതിനൊരു പൊതുസ്വഭാവമില്ല. അതുകൊണ്ട് തന്നെ കേൾവിശീലങ്ങൾക്കനുസരിച്ചു കഥകളിപ്പാട്ടിൽ രാഗമാറ്റങ്ങൾ ഉണ്ടാകുന്നതിൽ അപാകതയൊന്നുമില്ല.

4.  അരങ്ങിലെ പരിണിതപ്രജ്ഞരായ, ആരാദ്ധ്യരായ വേഷക്കാരെപ്പോലും നിഷ്പ്രഭരാക്കുന്ന വിധത്തിലുള്ള ചില ഗായകരുടെ ആലാപനശൈലി ശരിയല്ല. അരങ്ങിൽ വേഷക്കാരനെ തോൽപ്പിക്കാൻ പാട്ടുകാരൻ ശ്രമിച്ചാൽ കഥകളിക്കത് ബുദ്ധിമുട്ടാകും. അട്ടക്കഥാകാരൻ നിർദ്ദേശിച്ച രാഗങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുന്നതിൽ തെറ്റില്ല. പക്ഷേ ഒരാസ്വാദകനെ സംബന്ധിച്ചിടത്തോളം വളയത്തിൽ ചാടുന്ന സിംഹത്തിനെ കണ്ടിരിക്കാനാണ് രസം.

5. കഥകളി കലാകാരന്മാരെ വിമർശിക്കുന്നത് ശരിയല്ല. കാരണം അതവരുടെ ജീവിതമാർഗ്ഗമാണ്.  വിമർശിക്കുന്നവർക്ക് ഒന്നും നഷ്ട്ടപ്പെടാനില്ല. വിമർശനം ഏൽക്കേണ്ടിവരുന്നവർക്ക്‌ വ്യക്തിപരമായും സാമൂഹികപരമായും വിഷമതകൾ അനുഭവിക്കേണ്ടി വരും.

ഈ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ കഥകളിസംഗീതവിഷയത്തിലേക്ക്‌ ഒന്നിറങ്ങി ചെല്ലാം.   


കഥകളിയുടെ ചതുർവിധാഭിനയങ്ങളിലെ  വാചികമാണ് (സംഭാഷണം) കഥകളിപ്പദങ്ങൾ. കഥകളിയുടെ ആദിമരൂപമായ രാമനാട്ടത്തിൽ നടൻ തന്നെയായിരുന്നു പാട്ടു പാടി അഭിനയിച്ചു കൊണ്ടിരുന്നതെങ്കിൽ നടൻറെ നൃത്തത്തിനും അഭിനയത്തിനും കൂടുതൽ സാദ്ധ്യതയും സൗകര്യവും  നൽകുന്നതിനായി വെട്ടത്തുതമ്പുരാൻ നടന്റെ വാചികത്തെ പിന്നിൽ നിന്നൊരു ഗായകൻ പാടുന്നരീതിയാക്കി മാറ്റുകയും അതു കാലക്രമേണ കുറിച്ചി സമ്പ്രദായത്തിലൂടെ രണ്ടു പിന്നണി ഗായകർ (പൊന്നാനിയും ശിങ്കിടിയും) എന്ന രീതിയിലേക്ക് മാറുകയും ചെയ്യുകയായിരുന്നു എന്നു വായിച്ചതായിട്ടാണ് ഓർമ്മ. കേരള ക്ഷേത്രകലാപാരമ്പര്യത്തിൽ അധിഷ്ഠിതമായ സോപാനസംഗീത ശൈലിയാണ് കഥകളിയുടെ രംഗാഭിനയത്തിനു ഏറ്റവും യോജിച്ചതെന്നു കണ്ട് ആ സംഗീതസമ്പ്രദായത്തെ കഥകളി സ്വീകരിക്കുകയും ചെയ്തു. ഭാവസ്ഫുരണം ഏറ്റവും ഭംഗിയായി നിർവഹിക്കാൻ കഴിയുന്നത്‌ വിളംബകാലത്തിലുള്ള ഈ സംഗീതാലാപനശൈലിക്കുള്ളിൽ നിന്നുകൊണ്ടാണെന്ന തിരിച്ചറിവായിരുന്നു കഥകളി സൃഷ്ട്ടാക്കൾക്കുണ്ടായിരുന്നതെങ്കിൽ കഥകളി സംഗീതം കാലക്രമേണ കർണ്ണാടക സംഗീതശൈലിയിലേക്കു വഴിമാറിപ്പോകുകയായിരുന്നു.
  
കഥയും പാത്രപ്രകൃതവും കഥാസന്ദർഭവും കാലവും എല്ലാം അടക്കം ചെയ്തുവച്ചിരിക്കുന്ന അർത്ഥസമ്പുഷ്ടമായ പദസഞ്ചയങ്ങളാണ്, സാഹിത്യമാണ് കഥകളിപ്പദങ്ങൾ.  കഥകളിപ്പദങ്ങൾ വെറും ഗാനങ്ങളല്ല, അതിന്റെ മുഖ്യധർമ്മം കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവും ആണ്.  കഥകളിയുടെ അഭിനയ കലാസൗധം അടിയുറച്ചു നില്ക്കുന്നത് ഈ അസ്തിവാരത്തിലാണ്. അഭിനയസംഗീതമായതുകൊണ്ട് അതിൽ സാഹിത്യത്തിനും ഭാവത്തിനുമാണ് കൂടുതൽ പ്രാധാന്യം. പദാർത്ഥഭിനയത്തിനും തദ്വാരാ ആശയ പ്രകടത്തിനും പദങ്ങളിലെയും ശ്ലോകങ്ങളിലെയും സാഹിത്യം സ്പഷ്ടമായി അനുഭവപ്പെടേണ്ടതുണ്ട്. അഭിനയത്തിനും ഭാവപ്രകാശനത്തിനും വേണ്ട പ്രേരണയും അന്തരീക്ഷവും ഉണ്ടാവേണ്ടതും സംഗീതത്തിൽ നിന്നുമാണ്. രാഗതാളകാലങ്ങളുടെ കൃത്യമായ ചേർച്ചകളും നല്ല കഥകളിപ്പാട്ടിന് അവശ്യമാണ്. നാട്യത്തിന് വഴങ്ങി നിന്നുകൊണ്ട് അതിനു സഹായകമായി വർത്തിക്കുന്ന കലാഘടകമായും കഥകളി സംഗീതത്തെ വിശേഷിപ്പിക്കാം. ഇക്കാരണങ്ങളാൽ കഥകളിപ്പദാലാപനം എന്നതു കേവലമായ വായ്പ്പാട്ടല്ല, മറിച്ച് സാഹിത്യത്തിന്റെ സവിശേഷ സ്വഭാവത്തെ നടനിലൂടെ രംഗാനുഭവമാക്കി മാറ്റുന്ന സംഗീതപദ്ധതിയാണെന്നു മനസ്സിലാക്കാം. ആട്ടക്കഥാരചയിതാക്കളും കഥകളിയുടെ വിവിധതലങ്ങളെക്കുറിച്ചു പ്രാഗത്ഭ്യം ഉണ്ടായിരുന്നവരുമെന്നു കരുതേണ്ട പൂർവസൂരികളും കൂലങ്കഷമായ അന്വേഷണങ്ങൾക്കും നിരീക്ഷണപരീക്ഷണങ്ങൾക്കും ശേഷമാകണം കഥകളിപ്പദങ്ങളുടെ ആലാപനഘടന നിശ്ചയിച്ച്‌ ഉറപ്പിച്ചിട്ടുള്ളത് എന്നു വേണം കരുതാൻ (ഇന്ന് നാം കാണുന്ന കഥകളിയുടെ കാതൽ എല്ലാം തന്നെ അങ്ങിനെയുള്ള പൂർവസൂരികളുടെ സംഭാവനയാണെന്നും അതുമായി താരതമ്യം ചെയ്യുമ്പോൾ ഈ തലമുറയുടെ കഥകളി സംഭാവന തുലോം ചെറുതാണെന്നും ആർക്കും മനസ്സിലാക്കാവുന്നതാണ്. ആട്ടക്കഥാകാരന്മാർക്കും മറ്റും കഥകളിയും സംഗീതവും അറിയില്ലായിരുന്നു എന്നൊക്കെ ചർച്ചയിൽ ചിലർ പറഞ്ഞതു ബാലിശമായിപ്പോകുന്നതും ഇതുകൊണ്ടാണ്).


ആദ്യമായി 'കഥകളിയുടെ എല്ലാ മേഖലകളിലും പോലെ പാട്ടിലും കാലാനുസാരിയായ മാറ്റം ഉണ്ടാകേണ്ടതവശ്യമാണെന്ന' അഭിപ്രായം തന്നെ എടുക്കാം. കാലം മാറുന്നതിനനുസരിച്ച് കഥകളിക്കാഴ്ചശീലങ്ങളും സംവേദനശീലങ്ങളും മാറും എന്നുള്ളതിൽ രണ്ടു പക്ഷമില്ല; കഥകളിയുടെ ആവിർഭാവ കാലം മുതൽ ഇന്നു വരെ ഉണ്ടായിട്ടുള്ള മാറ്റങ്ങൾ കാണിക്കുന്നതും അതാണല്ലോ? ഇങ്ങിനെ ഉണ്ടായിട്ടുള്ള മാറ്റങ്ങളിൽ പലതും കഥകളിയുടെ നിലനിൽപ്പിനു സഹായകരമായി വർത്തിച്ചിരുന്നു എന്നു  പറയുന്നതിനോടും യോജിപ്പേ ഉള്ളൂ. ഇങ്ങനെ പറയുമ്പോൾ തന്നെ കഥകളി പോലൊരു കലയിൽ കാലാനുസൃതമായി മാറ്റാവുന്നതും വലുതായി മാറ്റാൻ പാടില്ലാത്തതും ആയ ഘടകങ്ങൾ എന്താണെന്നും നാം തിരിച്ചറിയേണ്ടതുണ്ട്. പാളയിൽ കരികൊണ്ടു വരച്ച മുഖംമൂടിയും ധരിച്ച് ആടിയിരുന്ന രാമനാട്ടവേഷങ്ങളേക്കാൾ എന്തുകൊണ്ടും ഗംഭീരം തന്നെയാണ് ഇന്നത്തെ കഥകളി വേഷങ്ങൾ. വളരെ കഷ്ട്ടപ്പെട്ട് അരിമാവു കൊണ്ടു തീർത്തിരുന്ന ചുട്ടിയേക്കാൾ  മുഖത്തിനിണങ്ങുന്നതും സൌകര്യപ്രദവുമാണ് ഇന്നത്തെ കടലാസ് ഉപയോഗിച്ചുള്ള ചുട്ടി. പാടി അഭിനയിച്ചിരുന്ന നടനിൽ നിന്നും പാട്ട് മാറ്റി പിറകിൽ നിന്നും ഗായകർ പാടുന്ന രീതിയാക്കിയപ്പോൾ അത് ആട്ടത്തിനുണ്ടാക്കിയ ഗുണഫലങ്ങൾ ഏറെയാണ്‌. പണ്ടത്തെ ഭംഗി കുറഞ്ഞ  കുപ്പായങ്ങളുടെയും മറ്റു കോപ്പുകളുടെയും സ്ഥാനത്തു വിലപിടിപ്പുള്ള, തിളക്കമാർന്ന ആടയാഭരണങ്ങൾ കഥകളി വേഷത്തിനേകുന്ന ചാരുത കുറച്ചൊന്നുമല്ല. ആധുനിക കാലഘട്ടം ആവശ്യപ്പെടുന്ന മാറ്റം തന്നെയാണിത്. ഇതുപോലെ ആധുനിക ശബ്ദ-വെളിച്ച ക്രമീകരണങ്ങൾ കഥകളിയുടെ സ്വീകാര്യത വർദ്ധിപ്പിക്കുന്ന ഘടകങ്ങൾ തന്നെയാണ്. പക്ഷേ കഥകളിയുടെ ഇപ്പറഞ്ഞ ബാഹ്യവിഷയങ്ങൾ പോലെ ഒന്നല്ല  അരങ്ങവതരണവുമായി അഭേദ്യമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥകളിപ്പദാലാപനം. കഥകളിപ്പദത്തിന്റെ മുഖ്യധർമ്മം കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവുമാണെന്നു മുകളിൽ പറഞ്ഞല്ലോ? കാലം മാറുന്നതിനനുസരിച്ച് കഥയും കഥാപാത്രങ്ങളും ഇതുമായി ബന്ധപ്പെട്ടു നിൽക്കുന്ന കഥകളി സാഹിത്യവും മാറുന്നില്ല. രംഗാവതരണവുമായി ബന്ധപ്പെടുത്തി ഭാവസംഗീതമായാണ് കഥകളിപ്പദങ്ങൾ പാടേണ്ടത് എന്നതിനാൽ പദാലാപനത്തിൽ കഥകളി ഗായകന് വലിയൊരു സ്വാതന്ത്ര്യവും സാദ്ധ്യമല്ല എന്നു വരുന്നു. സാഹിത്യത്തിൽ ഉദ്ദേശിച്ചിട്ടുള്ള അർത്ഥതലങ്ങൾ, മറ്റു രംഗഘടകങ്ങളോടു വേണ്ടവണ്ണം സമന്വയിപ്പിച്ച്, പ്രേക്ഷകന് ദൃശ്യാനുഭവമായി മാറ്റാൻ നടനെ സഹായിക്കുക എന്നതാണ് കഥകളിപ്പാട്ടുകാരന്റെ ധർമ്മം. അങ്ങിനെ സ്ഥിരമായി നിൽക്കുന്ന അരങ്ങുപ്രകൃതങ്ങളെ  പ്രകാശിപ്പിക്കാൻ ബാദ്ധ്യസ്ഥമായ കഥകളിപ്പാട്ടിന് കാലാനുസാരിയായി എത്ര വലിയ മാറ്റം ഉൾക്കൊള്ളാൻ കഴിയും എന്ന ചോദ്യം ഉദിക്കുന്നു. നാം സാധാരണ കാണുന്ന കഥകളിലെ ഏതാണ്ട് എല്ലാ പദങ്ങളും തന്നെ പല ദശകങ്ങളിലായി ഗായകർ അരങ്ങിൽ പാടി, ആ പദം കൊണ്ടുദ്ദേശിച്ചിട്ടുള്ള രംഗാനുഭവം (കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവും) തികച്ചും സാദ്ധ്യമാണെന്ന് തെളിയിച്ചു കഴിഞ്ഞിട്ടുള്ളതാണ്. അപ്പോൾ ഈ  ആലാപനശൈലി (രാഗം) മാറ്റത്തിലൂടെ നാം എന്താണ് ഉദ്ദേശിക്കുന്നത്? പഴയതിലും നല്ല രംഗാനുഭവമോ? പാട്ടും ആട്ടവും ബന്ധപ്പെട്ടു നിൽക്കുന്നതിനാൽ, പാട്ടിൽ വരുത്തുന്ന മാറ്റങ്ങൾ രംഗാവതരണത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. രംഗാവതരണത്തിനു യോജിച്ച പാട്ട് എന്ന അടിസ്ഥാന തത്വത്തിൽ നിന്നു മാറി പാട്ടിനു യോജിച്ച രംഗാവതരണം എന്ന നിലയിലേക്ക് കാര്യങ്ങൾ മാറിയാൽ അതു കഥകളിയുടെ കടയ്ക്കൽ വെയ്ക്കുന്ന കത്തിയായിത്തീരും എന്നതുറപ്പാണ്. വികലമായ സംഗീതപരീക്ഷണങ്ങൾ കാരണം അടയും ചക്കരയും പോലെ ചേർന്നു പോകേണ്ട ആട്ടവും പാട്ടും മോരും മുതിരയും പോലെ ചേരാതെ കിടന്നു കഥകളി ആസ്വാദകനെയും നടന്മാരെയും ഒരുപോലെ വിഷമിപ്പിക്കുകയാണ് (പല പരിഗണനകളും കാരണം കഥകളി കലാകാരന്മാർ ഇതു വെളിയിൽ പറയില്ലന്നേയുള്ളൂ).  ഞാൻ ബ്ലോഗിൽ പരാമർശിച്ച കളികൾ എനിക്കു നൽകിയ അനുഭവം ഇതായിരുന്നു. മാറ്റം ആവശ്യമാണെങ്കിൽ വരുത്താം. മാറ്റത്തിനു വേണ്ടി മാറ്റം എന്ന ഇന്നത്തെ ചിന്തയാണ് ദോഷകരം.


ഗായകർ ഇഷ്ടമുള്ളതുപോലെ പാടിക്കോട്ടെ, നല്ലതാണെങ്കിൽ അതു നിലനിൽക്കും, അല്ലാത്തതു കാലം തള്ളിക്കൊള്ളും എന്ന ചിന്ത ഒന്നു പരിശോധിക്കാം. ഏറ്റവും കൂടുതൽ പ്രേക്ഷകർ ഇഷ്ട്ടപ്പെടുന്നത് എന്താണോ അതാണ്‌ നല്ലതെന്നും അതുകൊണ്ട് തന്നെ അതാണ്‌ നിലനിൽക്കേണ്ടതെന്നുമാണല്ലോ ഇപ്പറയുന്നതിന്റെ അർത്ഥം? കഥകളി പോലെ സങ്കീർണ്ണതകൾ ഏറെയുള്ള ഒരു സംയുക്തകലയുടെ രംഗാവിഷ്ക്കാരരീതികൾ പുനർനിർണ്ണയിക്കാൻ പ്രാപ്തമാണോ ഇന്നത്തെ കഥകളി ആസ്വാദകസമൂഹം? പൊതുസമൂഹത്തിന്റെ ഭൂരിപക്ഷാഭിപ്രായത്തിൽ ജനാധിപത്യപരമായി ചെയ്യേണ്ടതാണോ കഥകളി പരിഷ്ക്കരണങ്ങൾ?  കഥകളിയെപ്പോലെ വിഷയസമ്പന്നമായ ഒരു ക്ലാസ്സിക്കൽ കലയിൽ മാറ്റങ്ങൾ അനിവാര്യമാണെങ്കിൽ അതു നിർണ്ണയിക്കേണ്ടതും പരിഹാരമാർഗ്ഗങ്ങൾ നിർദ്ദേശിക്കേണ്ടതും നടപ്പിൽ വരുത്തേണ്ടതും അതിനു യോഗ്യതയുള്ള പണ്ഡിതസമൂഹം ആണ്, പൊതുസമൂഹം അല്ല. വിഷയഗൌരവം ഉള്ള പ്രേക്ഷകരുടെ അഭിപ്രായങ്ങളിൽ നിന്നും കലയ്ക്കു ഗുണകരമെന്ന് തോന്നുന്നത് വിലയിരുത്തി കലയ്ക്കു പ്രയോജനപ്പെടുത്തേണ്ടതും അവരുടെ കടമയാണ്. അതല്ലാതെ, കഥകളി കാണാൻ ഇഷ്ടമാണ്, കുറെയേറെ കളികൾ കണ്ടിട്ടുണ്ട്, കലാകാരന്മാരുമായി നല്ല ബന്ധമുണ്ട്, അത്യാവശ്യം കഥകളി പഠിച്ചിട്ടുണ്ട് എന്നിത്യാദി കാര്യങ്ങളൊന്നും കഥകളിസ്വത്വത്തിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ നിർദ്ദേശിക്കാൻ ഒരുവന് അവശ്യം വേണ്ട യോഗ്യതയുടെ മാനദണ്ഡങ്ങളായി പരിഗണിക്ക വയ്യ. ഇന്നത്തെ കഥകളി കലാകാരന്മാരിൽ നല്ലൊരു ശതമാനത്തിനും ഈ യോഗ്യത അവകാശപ്പെടാൻ കഴിയും എന്നു തോന്നുന്നില്ല.  പ്രേക്ഷക താൽപര്യത്തിന്റെ പിറകേ കല പോകുകയല്ല, മറിച്ച് കലയുടെ മാസ്മരികതയിൽ ആകർഷിക്കപ്പെട്ട് ആസ്വാദകൻ കലയുടെ പിറകേ പോകകുകയാണ് വേണ്ടത്. അങ്ങിനെ ഒരു കലയേ കാലത്തെ അതിജീവിച്ചു നിലനിൽക്കൂ.  ഇപ്പറഞ്ഞതിൽ പ്രായോഗിക ബുദ്ധിമുട്ടുകൾ ഏറെയുണ്ടെങ്കിലും കുറേപ്പേരെങ്കിലും ഇങ്ങനെ ചിന്തിക്കേണ്ടത് കഥകളിയുടെ സ്വത്വസംരക്ഷണത്തിന് അനിവാര്യമാണ്. പ്രേക്ഷകന്റെ താത്പര്യത്തിനനുസരിച്ചു പാട്ടു പാടി കഥകളിയെ  ജനകീയമാക്കുന്നതിലും നന്ന് കഥകളിയുടെ ഭാവസംഗീത തനിമ നിലനിർത്തിക്കൊണ്ടുള്ള പാട്ടിലൂന്നി നിന്നു കൊണ്ട് കഥകളിയിലേക്ക് കുറേപ്പേരെയെങ്കിലും ആകർഷിക്കാൻ ഗായകർ ശ്രമിക്കുന്നതായിരിക്കും.


മുൻകാലങ്ങളിലെ ഗംഭീരാശയന്മാരായ കഥകളി സംഗീതജ്ജർ പാട്ടിന്റെ രാഗങ്ങളിൽ മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെതിനാൽ തങ്ങൾക്കും അതാകാമെന്ന ചിന്തയാണ് അടുത്തതായി പരിശോധിക്കപ്പെടേണ്ടത്. അരങ്ങവതരണത്തിന്റെ മേന്മക്കായോ അല്ലെങ്കിൽ പൂർവസൃഷ്ട്ടിയുടെ അപര്യാപ്തത ശരിക്കും ബോദ്ധ്യപ്പെട്ടതുകൊണ്ടോ ചില പദങ്ങളിൽ മുൻകാലങ്ങളിൽ സംഗീതജ്ജർ മാറ്റം വരുത്തിയിട്ടുണ്ടാകാം. എന്നുവച്ച്  വാളെടുത്തവരെല്ലാം വെളിച്ചപ്പാട് എന്ന മട്ടിൽ ഏതു ഗായകനും ഏതു കാലത്തും ഇങ്ങനെ ചെയ്യാൻ സ്വാതന്ത്ര്യമുണ്ട് എന്നു ചിന്തിക്കുന്നതു ശരിയാണോ? ഇപ്പറയുന്ന മുൻകാല സംഗീതജ്ജരെപ്പോലെ കഥകളിശരീരത്തിൽ അടിസ്ഥാനപരമായ വ്യത്യാസങ്ങൾ വരുത്താൻ കെൽപ്പുള്ളവരാണോ ഇന്നത്തെ പല ഗായകരും?  ആപേക്ഷികമായി കഥകളിയോട്‌ കൂടുതൽ ആത്മാർത്ഥത പുലർത്തിയിരുന്നവരും കഥകളിപ്പദത്തിന്റെ രംഗപ്രയോഗങ്ങളെക്കുറിച്ച് കൂടുതൽ അറിവും ബോധവും ഉള്ളവരുമായിരുന്നു പഴയ തലമുറയിലെ ഗായകരെങ്കിലും അവർ  ചെയ്തിട്ടുള്ളതെല്ലാം ശരിയാകണം എന്നില്ല. കഴിഞ്ഞ തലമുറയിലെ ചില പ്രശസ്ത ഗായകരുടെ അരങ്ങുബന്ധം മറന്നുള്ള ആലാപനരീതി ധാരാളം വിമർശിക്കപ്പെട്ടിട്ടുള്ളതാണ്. അതുപോലെ സ്വയംപ്രകാശന ത്വരയിൽ അവർ ചെയ്തിട്ടുളള പല രാഗമാറ്റങ്ങളും കഥകളി പ്രേക്ഷകലോകത്തിൻറെ അംഗീകാരം ലഭിക്കാതെ കൂമ്പടഞ്ഞിട്ടുള്ളതുമാകണം. കാര്യങ്ങൾ ഇങ്ങിനെയാണെന്നിരിക്കെ അവർ ചെയ്തിട്ടുള്ളതെല്ലാം എങ്ങിനെയാണ് മാതൃകയായി സ്വീകരിക്കാൻ കഴിയുക? കഥാപാത്രത്തിനും സന്ദർഭത്തിനും യോജിച്ച പാട്ടുശൈലി എന്നതു മറന്ന് മുൻഗാമികൾ ചിലർ ചെയ്തത്‌ തന്നെ ചെയ്യുന്നതാണ്‌ ശരി എന്നു ചിന്തിക്കുന്നതിൽ എന്ത് ന്യായം? വിദ്യയുടെ നാലിലൊന്നു ഭാഗം ആചാര്യനിൽ നിന്നും ബാക്കി നാലിൽ മൂന്നു ഭാഗം കലാകാരൻ സ്വയമായും ആർജ്ജിക്കേണ്ടതാണെന്നുമുള്ള ആപ്തവാക്യമനുസരിച്ച് ശരിയല്ലാത്തത് തിരുത്താൻ കലാകാരന് അവകാശവും സ്വാതന്ത്ര്യവുമുണ്ട്‌. അതുപയോഗിക്കാനുള്ള അറിവും വിവേകവും താൽപ്പര്യവും വേണം എന്നു മാത്രം. പ്രതിഭയുള്ള കലാകാരന്മാർക്ക് അവരുടെ മുന്നോട്ടുള്ള കലാപ്രയാണത്തിനു വെളിച്ചം പകരുന്ന പ്രകാശഗോപുരങ്ങളാണ് ആചാര്യന്മാരെങ്കിൽ പ്രതിഭ കുറഞ്ഞ കലാകാരന്മാർക്ക് ഒളിച്ചിരിക്കാനുള്ള ഒളിത്താവളങ്ങളായി മാറുകയാണവർ എന്നതാണ് കഷ്ട്ടകരമായ വസ്തുത. 


 കഥകളിപ്പദത്തിലെ രാഗമാറ്റപരീക്ഷണങ്ങളും അതിനോടുള്ള യോജിപ്പും ആയിരുന്നു ചർച്ചയിൽ പങ്കെടുത്ത ഭൂരിപക്ഷം ആളുകളുടെയും അഭിപ്രായത്തിൽ തെളിഞ്ഞു കണ്ടത്. കീർത്തനങ്ങൾ പോലെ രാഗഭാവത്തിനു ഊന്നൽ കൊടുത്തു കൊണ്ട് സ്വരസ്ഥാനങ്ങളിൽ ചിട്ടപ്പെടുത്തിവച്ചിട്ടുള്ള വായ്പ്പാട്ടല്ലല്ലോ കഥകളിപ്പദങ്ങൾ? രംഗഭാവത്തെ പ്രകാശിപ്പിക്കാൻ അതിനു യോജിച്ച ഭാവതലമുള്ള ഒരു പ്രത്യേകരാഗത്തിന് (അത് കർണ്ണാടകമോ കേരളീയമോ ആകാം) കഴിയും എന്നതിനാൽ ആ പദത്തിനു ആ രാഗം നിശയിച്ചുറപ്പിച്ചിരിക്കുന്നു എന്നു ചിന്തിക്കാം. പക്ഷെ അരങ്ങു ബന്ധമില്ലാത്ത കീർത്തനത്തിനു പാടുന്നതു പോലെയായിരിക്കണ- മെന്നില്ല അരങ്ങുബന്ധമുള്ള കഥകളിക്ക് ആ രാഗം പാടുന്നത്. രാഗഭാവത്തിൽ ഉറച്ചു നിന്നുകൊണ്ടുള്ള കീർത്തനാലാപനത്തിൽ സാഹിത്യം സംഗീതത്തിന് വഴിമാറി പിന്നിലേക്ക്‌ മാറിനിൽക്കേണ്ടതുണ്ടെങ്കിൽ  മനുഷ്യഹൃദയങ്ങളിൽ ഉദയംചെയ്യുന്ന വിചാരവികാരങ്ങളെ ഹൃദയസ്പർഷകമാവിധം പ്രതിഫലിപ്പിക്കുന്ന ഭാവസംഗീതമായ  കഥകളിപ്പദാലാപനത്തിൽ സംഗീതം സാഹിത്യത്തിനു വഴങ്ങി പിന്നിലേക്ക്‌ വഴിമാറേണ്ടതുണ്ട്. പദങ്ങളിൽ കാണുന്ന അർത്ഥതലങ്ങളെയും അതിൽ നിന്നുളവാകുന്ന ഭാവതലങ്ങളെയും ആ രാഗത്തിൽ സമന്വയിപ്പിച്ച് പാടുന്നതിലാണ് കഥകളി പാട്ടുകാരന്റെ കഴിവ് പ്രകടമാകുന്നത്. ഒരേ രാഗം തന്നെ പല പദങ്ങളിൽ പല ഭാവങ്ങൾ സൃഷ്ട്ടിക്കാൻ ഉപയോഗിക്കാൻ കഴിയുന്നത്‌ തന്നെ ഇതു കൊണ്ടാണ്.  ശുദ്ധമായ, വ്യാകരണനിബദ്ധമായ രാഗാലാപനമല്ല കഥകളി സംഗീതത്തിന്റെ മുഖമുദ്ര. ഭാവാഭിനയത്തിന് ഒരു രീതി സഹായകരമാനെങ്കിൽ രാഗശുദ്ധിക്ക് പ്രാധാന്യം കൊടുക്കേണ്ടതില്ല. കർണ്ണാടകരാഗങ്ങൾ ചില സന്ദർഭങ്ങളിലെങ്കിലും ഭാവപ്രകാശനത്തിന് അപര്യാപ്തമെന്ന് തോന്നിയതിനാലോ കഥകളി പിറന്ന മണ്ണിൽ തന്നെ പിറന്ന സംഗീതം കഥകളിയുടെ ചില ഭാവപ്രകാശനങ്ങൾക്കെങ്കിലും കൂടുതൽ മിഴിവേകുന്നു എന്നു കണ്ടതിനാലോ ആകാം കേരളീയമായ പല രാഗങ്ങളും (പാടി, പുറനിര, കാനക്കുറിഞ്ഞി തുടങ്ങി പത്തോളം രാഗങ്ങൾ) കഥകളിയിലേക്ക്  കൊണ്ടുവരപ്പെട്ടിട്ടുള്ളത്. കേൾവിശീലങ്ങൾക്കനുസരിച്ചു കഥകളിപ്പാട്ടു മാറ്റുമ്പോൾ ഈ കേരളീയ ഗാനസംസ്കാരവും അതുമൂലം സാദ്ധ്യമായിരുന്നു എന്നു കരുതാവുന്ന ഭാവസമ്പന്നതയുമാണ് കഥകളിക്കു നഷ്ട്ടമാകുന്നത്. രാഗം മാറ്റി പാടാനും മറ്റും  കഥകളി സംഗീതജ്ജർ കാണിക്കുന്ന താൽപ്പര്യം, കഥകളിസംഗീതത്തിന്റെ ഈ നഷ്ട്ടസമ്പന്നതകൾ തേടാൻ കൂടി
കാണിച്ചിരുന്നുവെങ്കിൽ എത്ര നന്നായിരുന്നേനേ?


പാട്ടു കേൾക്കുന്നയാളുടെ മനസ്സിലാണ് ഭാവം സൃഷ്ട്ടിക്കപ്പെടുന്നതെന്നും അത് ഓരോരുത്തർക്കും ഓരോ വിധത്തിലായിരിക്കും അനുഭവപ്പെടുക എന്നും അതിനാൽ കഥകളി പാട്ടുകാരന് ഇതിലൊന്നും വലുതായി ചെയ്യാനില്ല എന്നും അതുകൊണ്ടു തന്നെ കഥകളിപ്പാട്ട് എങ്ങിനെ പാടിയാലും കഴപ്പമില്ല എന്നൊക്കെയുള്ള ചിന്തകൾ തികച്ചും ആത്മഹത്യാപരമാണെന്നേ പറയാൻ കഴിയൂ. ഒരാൾ കോപത്തോടെയും സ്നേഹത്തോടെയും അത്ഭുതത്തോടെയും സംസാരിക്കുമ്പോൾ ആ ഭാവങ്ങൾ തിരിച്ചറിയാൻ നമുക്കു കഴിയില്ലേ? അതോ ഒരാൾക്ക്‌ ദ്വേഷഭാവം തോന്നുന്ന ഭാഷണം മറ്റൊരാൾക്ക് സ്നേഹഭാഷണമായി അനുഭവപ്പെടുമോ? ബീഭൽസഭാവം കണ്ടാൽ അതു കരുണമായി തോന്നുമോ? 'കുണ്ഡിനനായക' കേട്ടാൽ 'ഹാ ഹാ കരോമി' യുടെ ഭാവമാണോ മനസ്സിൽ ഉളവാകുക? കഥകളിയുടെ വാചികമായ കഥകളിപ്പദത്തിന്റെ ശരിയായ ആലാപനത്തിലൂടെ കഥാപാത്രത്തിന്റെയും സന്ദർഭത്തിന്റെയും ഭാവതലങ്ങൾ പ്രേക്ഷകനിൽ സൃഷ്ട്ടിക്കാൻ കഴിയുക തന്നെ ചെയ്യും. പക്ഷെ അതിനു  ചേർന്നതാകണം പാട്ടുശൈലി എന്നു മാത്രം. കഥാപാത്രത്തിന്/കഥാസന്ദർഭത്തിന് ഒരു ഭാവതലം ഉണ്ടെന്നും ആ ഭാവപ്രകാശനത്തിനായി അതേ ഭാവതലം ഉള്ള ഒരു പാട്ടുശൈലി (രാഗം) സ്വീകരിക്കാം എന്നും മനസ്സിലാക്കാം. പക്ഷേ ഈ ഒരു ഭാവതലത്തെ പ്രകാശിപ്പിക്കുവാൻ വ്യത്യസ്ത ഭാവതലങ്ങളുള്ള പല രാഗങ്ങൾ ഉപയോഗിക്കാൻ കഴിയുമോ? നളചരിതം രണ്ടാംദിവസത്തിലെ കാട്ടാളന്റെ ദമയന്തിയോടുള്ള പച്ചശ്രുംഗാരം അവതരിപ്പിക്കാൻ പല ഗായകരായി അഞ്ചെട്ടുരാഗങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്നാണ്  ചർച്ചയിൽ പങ്കെടുത്തു കൊണ്ട് ഒരു കഥകളി ആസ്വാദകൻ പറഞ്ഞത്. രംഗത്തെ കാട്ടാളനു വേണ്ടിയുള്ള പാട്ട് എന്നതു വിട്ട് ഗായകനും പ്രേക്ഷകർക്കും രസിക്കാൻ വേണ്ടിയുള്ള പാട്ട് എന്ന നിലയിലേക്ക് കാര്യം മാറുമ്പോൾ സുന്ദരമായ ആ കഥകളി രംഗത്തിന്റെ ശോഭയാണ് നശിക്കുന്നത്. രംഗഭാവവുമായി ഒട്ടും തന്നെ ചേർന്നു പോകാത്ത ഒരാലാപനശൈലി കൊണ്ട് ഈ രംഗാവതരണത്തിൻറെ ശോഭയ്ക്ക് എത്രമാത്രം മങ്ങലേൽപ്പിക്കാം എന്നു ഞാൻ അനുഭവിച്ചറിഞ്ഞതാണ്. പാട്ടിന് കഥകളി അവതരണത്തിലുള്ള ശക്തി എന്താണെന്നു ഞാൻ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അത്.


കഥകളി സംഗീതത്തിന്റെ അരങ്ങുമായുള്ള (പ്രത്യേകിച്ച് പാത്രസ്വഭാവവുമായുള്ള) അഭേദ്യബന്ധത്തെക്കുറിച്ച് ലാഘവപൂർവം ചിന്തിക്കുന്നതാണ് ചർച്ചയിൽ മുഴങ്ങിക്കേട്ട പല അഭിപ്രായങ്ങൾക്കും കാരണം എന്നാണ് എനിക്കു തോന്നുന്നത്. കഥാസംവേദനവും സംഭാഷണാവിഷ്ക്കരണവും നിർവഹിക്കേണ്ട  സാഹിത്യം എന്നതു മറന്ന് കേൾക്കാൻ ഇമ്പമുള്ള സംഗീതം എന്ന നിലയിലാണ് കഥകളിപ്പദത്തെ പലരും നോക്കിക്കാണുന്നതെന്ന് മനസ്സിലായി. ആംഗികാഭിനയത്തിനു പ്രാധാന്യം കൊടുത്തു ചിട്ടപ്രകാരം കളിക്കുന്ന  കഥകളിൽ (ഉദാ:കോട്ടയം കഥകൾ) ഗായകർക്ക് സ്വാതന്ത്ര്യം വളരെ കുറവാകയാൽ ചിട്ടചെയ്തുറപ്പിച്ചിട്ടില്ലാത്തതും  രസാഭിനയ പ്രധാനമായതുമായ കഥകളിലാണ് (ഉദാ: നളചരിതം, ദുര്യോധനവധം, ദേവയാനിചരിതം, കുചേലവൃത്തം...) സംഗീതക്കസർത്തുകൾ ഏറെയും നടന്നിട്ടുള്ളത്, നടന്നു കൊണ്ടിരിക്കുന്നത്. പാത്രപ്രകൃതങ്ങളും ആ പ്രകൃതങ്ങളുടെ രസഭാവതലങ്ങൾ മുഖത്തു മിന്നിമറയുന്നതും മറ്റും കഥകളിക്കു പ്രാധാന്യമുള്ളതല്ലെന്നു ചിന്തിക്കുന്ന ഒരു കഥകളിയാസ്വാദനസംസ്കാരത്തിൽ ഇതൊക്കെയുമായി നേരിട്ടു ബന്ധപ്പെട്ടു നിൽക്കുന്ന കഥകളിപ്പദങ്ങൾക്ക് വില കുറയുന്നതിൽ അതിശയം തോന്നേണ്ടതില്ല. 'നളനും ബാഹുകനും രുഗ്മാംഗദനും നന്നാക്കാനാവശ്യമായ കോപ്പുകൾ കയ്യിലില്ലാത്ത' നടന്മാരും അങ്ങിനെയുള്ള കോപ്പുകൾ കഥകളിക്ക് ആവശ്യമില്ലെന്നു ചിന്തിക്കുന്ന ആസ്വാദകരും അരങ്ങു നിറഞ്ഞു നിൽക്കുന്ന ഒരു കാലഘട്ടത്തിൽ ഇങ്ങിനെയുള്ള ഓജസ്സുറ്റ കഥകളി വേഷങ്ങളുടെ മനസ്സിൽ  മിന്നിമറയുന്ന വിവിധവികാരങ്ങളെ  വെളിപ്പെടുത്തി വാങ്ങ്മയപ്രപഞ്ചം സൃഷ്ട്ടിക്കേണ്ട കഥകളിസംഗീതത്തിന്റെ പ്രസക്തി കുറവായില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ!

ഇനി കഥകളി കലാകാരന്മാരെ വിമർശിക്കുന്ന കാര്യം എടുക്കാം. ഏതു മേഖലയുടെയും  ആരോഗ്യകരമായ വളർച്ചക്ക് വിമർശനം  അനിവാര്യമാണ്; അത് സങ്കുചിതമായ വ്യക്തിതാൽപ്പര്യങ്ങൾ വച്ചുകൊണ്ടുള്ളതായിരിക്കരുത് എന്നു മാത്രം. വിമർശനം മൂലം കലാകാരന് താൽക്കാലികമായുണ്ടാകുന്ന അസ്വാസ്ഥ്യത്തിലും വലുത്, മന:പൂർവമായോ അല്ലാതെയോ ഉള്ള പ്രവൃത്തികൾ മൂലം കലാകാരൻ  കലയ്ക്കേൽപ്പിക്കുന്ന ആഘാതമാണ് എന്നതാണെന്റെ വിശ്വാസം.
    
ചർച്ചക്കിടയിൽ ഈ ലേഖനത്തിനു പ്രസക്തമായ ചില അഭിപ്രായങ്ങൾ കണ്ടത് ഇവിടെ രേഖപ്പെടുത്തട്ടെ.


---- കലാമണ്ഡലത്തില്‍ തന്നെ ഉള്ള വിരലിലെണ്ണാവുന്ന ഏതാനും പേര്‍ ഒഴിച്ച് ആരും തന്നെ കഥകളിസംഗീതത്തിന്റെ അതുവരെ ഉണ്ടായിരുന്ന ശൈലി തുടരുന്നില്ല എന്നും ശരിയായ കഥകളി സംഗീതശൈലി കേള്‍ക്കണമെങ്കില്‍ കൃഷ്ണനാട്ടം പദങ്ങള്‍ കേള്‍ക്കേണ്ട സ്ഥിതി ആണെന്നും കലാമണ്ഡലം തിരൂർ നമ്പീശൻ അഭിപ്രായപ്പെട്ടിരുന്നത്രേ. കഥകളി ആട്ടത്തിനു ഒരു ഉറച്ച ചിട്ട രൂപപ്പെടുത്തി അത് അണുവിട പിഴയ്ക്കാതെ പരിപാലിച്ചു വരുന്നതുപോലെ ആ മഹാനടന്മാര്‍ കൂടി മുൻകൈയെടുത്ത് പാട്ടിലും ഏകീകൃതമായ ഒരു ഉറച്ച ശൈലി  നടപ്പില്‍ വരുത്തേണ്ടതിന്റെ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാണിച്ചിരുന്നു. ഒരു വേള “എല്ലാവരും രാഗം മാറ്റുകയല്ലേ, എന്നാല്‍ ഇനി നിശ്ചയിച്ച താളം മാറ്റി എല്ലാം അങ്ങ് പാടിയാലോ വേഷക്കാര്‍ അരങ്ങില്‍ എന്തു ചെയ്യുമെന്ന് കാണാലോ“ എന്നു പോലും അദ്ദേഹം രോഷം കൊണ്ടിട്ടുണ്ട്. അരങ്ങിലെ കഥാപാത്രത്തിന്റെ മാനസികാവസ്ഥയോട് താദാത്മ്യം പ്രാപിക്കുമ്പോള്‍ അപ്രതീക്ഷിതമായി, സ്വാഭാവികമായി ഉണ്ടാവുന്ന ചില പ്രത്യേക പ്രയോഗങ്ങള്‍ മാത്രമാണു കഥകളി സംഗീതത്തിലെ മനോധർമ്മ സാദ്ധ്യത എന്ന നിലപാടാണ്  അദ്ദേഹത്തിനുണ്ടായിരുന്നത് ----.


"എവിടെ, എങ്ങനെ, ഏതു സ്വരങ്ങള്‍ സാഹിത്യത്തിനു നല്‍കണം എന്ന് ഉണ്ണായിക്ക് അറിയാമായിരുന്നുവെന്ന് അനുമാനിയ്ക്കാം...... രസഭാവങ്ങള്‍ക്കെല്ലാം തന്നെ ഉണ്ണായി അനുയോജ്യമായ രാഗങ്ങളാണ് തിരഞ്ഞെടുത്തിട്ടുള്ളത്..... ഉണ്ണായി നിര്‍ദ്ദേശിച്ചിട്ടുള്ള രാഗങ്ങളില്‍ നിന്നും ചില രാഗങ്ങള്‍ ഗായകര്‍ ഇക്കാലത്ത് മാറ്റിപാടുന്ന ഒരു പ്രവണത കാണുന്നു. പ്രേക്ഷകരുടെ അഭിപ്രായഗതി മാനിച്ചായിരിക്കാം ചിലപ്പോള്‍ രാഗം മാറ്റിയിട്ടുള്ളത്. പാടി, പുറനിര, ഘണ്ടാരം, നവരസം, ഇന്ദിശ, ഇന്ദളം, മാരധനാശി, കാനക്കുറിഞ്ഞി, സാമന്ദമലഹരി തുടങ്ങിയ രാഗങ്ങളെല്ലാം കഥകളിയിലേയ്ക്ക് തിരിച്ചുകൊണ്ടുവരേണ്ടത് കഥകളി ഗായകരുടെ ചുമതലയാണ്. അല്ലാതെ രാഗങ്ങള്‍ മാറ്റി പാടുകയല്ല വേണ്ടത്. കഥകളി രംഗങ്ങളുടെ പരമ്പരാഗതമായ രാഗങ്ങളെ തിരിച്ചറിഞ്ഞ്, പ്രയോഗിച്ച് പഴമ നിലനിര്‍ത്തേണ്ടത് നമ്മുടെ കടമയാണ്. കര്‍ണ്ണാടക സംഗീതത്തിന്റെ പിറകേ പോവുകയും കഥകളിസംഗീതം കര്‍ണ്ണാടകസംഗീതമാക്കി മാറ്റുകയും ചെയ്യുന്ന ഇന്നത്തെ പ്രവണതയ്ക്കു മാറ്റം കുറിയ്‌ക്കേണ്ടിയിരിയ്ക്കുന്നു"- (ഡോ. ഓമനക്കുട്ടി, നളചരിത സംഗീതം,www.kathakali.info.)


ഇന്നത്തെ പ്രശസ്ത ഗായകരിൽ ഒരാൾ ബാണയുദ്ധത്തിലെ ചാരുകേശി രാഗത്തിൽ സാധാരണ പാടാറുള്ള
'കാമോപമരൂപൻ' എന്ന  പദം ഖരഹരപ്രിയയിൽ ഒരിക്കൽ പാടുന്നതു കേട്ട്. എനിക്കത് അനുചിതമായി തോന്നി. ഞാൻ അദ്ദേഹത്തോട് അത് തുറന്നു പറയുകയും ചെയ്തു. അദ്ദേഹത്തിനത്‌ ഒട്ടും ഇഷ്ട്ടപ്പെട്ടില്ല. മാത്രമല്ല, 'ഉണ്ണികൃഷ്ണക്കുറുപ്പ് ഈ രാഗത്തിലാണല്ലോ പാടുന്നത്, ഞങ്ങളെപ്പോലുള്ളവർ പാടുമ്പോഴല്ലേ നിങ്ങൾക്കിതു നന്നായി തോന്നാത്തത് ' എന്ന  പരിഭവവും അദ്ദേഹം പ്രകടിപ്പിച്ചു. രണ്ടു മൂന്നു വസ്തുതകളാണ് ഇവിടെ ശ്രദ്ധിക്കേണ്ടത്. ഒന്നാമതായി ഉണ്ണികൃഷ്ണക്കുറുപ്പ് പാടിയതുകൊണ്ട് താനും ആ രാഗത്തിൽ പാടണം എന്ന അദ്ദേഹത്തിൻറെ നിലപാട്. ആ മാറ്റത്തിന്റെ ആവശ്യമോ അതുണ്ടാക്കാവുന്ന ഭാവവ്യത്യാസമോ  ഉൾക്കൊള്ളാൻ അദ്ദേഹം തയ്യാറായിട്ടില്ല. അനിഷ്ടകരമായ അഭിപ്രായങ്ങൾ എത്ര ആത്മാർത്ഥതയോടു കൂടിയവയാണെങ്കിലും പലരും ഇഷ്ട്ടപ്പെടുന്നില്ല എന്നതാണ് ഇതിന്റെ ഗുണപാഠം.......രാഗങ്ങളേക്കാളേറെ പദങ്ങളുടെ കാലത്തിലും താളത്തിലും പ്രത്യേക സ്വരപ്രയോഗത്തിലും അധിഷ്ഠിതമാണ് ഭാവാവിഷ്ക്കരണമേന്മ എന്നാണു തോന്നുന്നത്. കഥകളി ഗായകരുടെ ഗവേഷണത്വര ഈ വിഷയത്തിലെക്കാണ് നീളേണ്ടത്.......ഇന്നത്തെ കഥകളി ഗായകരിൽ പലരും സംഗീതത്തെക്കുറിച്ച് മനസ്സിലാക്കിയവരും ഇനിയും കൂടുതൽ മനസ്സിലാക്കാൻ കഴിവുള്ളവരും ആണ്. ലക്ഷ്യബോധമില്ലായ്മയാണ് അവരെ ബാധിച്ചിട്ടുള്ള ദോഷം. മാറ്റങ്ങൾ യഥാർത്ഥത്തിൽ ആവശ്യമാണെങ്കിൽ വരുത്താം, വരുത്തണം. ആവശ്യമെന്ന് തോന്നുന്നവ സ്വീകരിക്കണം. എന്നാൽ അനുചിതവും അനാവശ്യവുമായ മാറ്റങ്ങൾ ഉപേക്ഷിക്കുക തന്നെ വേണം. കഥകളി സംഗീതത്തിന് വേറിട്ടൊരു അസ്തിത്വമില്ല. കഥകളിയില്ലെങ്കിൽ കഥകളി സംഗീതവും ഇല്ല. മേളക്കാർക്ക് കഥകളി ഇല്ലെങ്കിലും കേളിയ്ക്കോ പഞ്ചവാദ്യത്തിനോ തായമ്പകയ്ക്കോ  മേളത്തിനോ  പോകാം. കഥകളിപ്പാട്ടുകാർക്ക്  വീട്ടിലിരിക്കയെ നിർവാഹമുള്ളൂ. കഥകളിഗായകർ ഓർക്കേണ്ട ഒരു പ്രധാന വസ്തുതയാണിത് - (C.M.D. നമ്പൂതിരിപ്പാട്, നൃത്യകലാരംഗം ദ്വൈമാസിക ജനുവരി, മാർച്ച് 1995).

ചർച്ചയിൽ പങ്കെടുത്തു സംസാരിച്ച ഒരു കഥകളിആസ്വാദകന്റെ ചിന്തോദ്ദീപകമായ അഭിപ്രായങ്ങളോടെ ഈലേ ഖനം ഉപസംഹരിക്കട്ടെ.

'ശാ‍സ്ത്ര സാഹിത്യപരിഷത്തിന്റെയാണെന്നു തോന്നുന്നു, ഒരു ഗാനമുണ്ട് 'നിങ്ങളോര്‍ക്കുക നിങ്ങളെങ്ങനെ നിങ്ങളായെന്ന്'. എന്നാല്‍ നമ്മളെങ്ങനെ നമ്മളായെന്ന് പഠിക്കുക ചില്ലറ കാര്യമല്ല. അറിവു കൂടുംതോറും അറിയാനുള്ളത് ഏറെയാണെന്ന തിരിച്ചറിയും. കലാരംഗത്തു പ്രവർത്തിക്കുന്നവരുടേയും കാര്യം അങ്ങനെ തന്നെ. അവസാന ശ്വാസം വരെ അവര്‍ അറിഞ്ഞതിനേക്കാള്‍ കൂടുതല്‍ അറിയാനുള്ള ശ്രമം തുടര്‍ന്നുകൊണ്ടേയിരിക്കും. അറിഞ്ഞതിനെ ആസ്പദമാക്കിയാണ്‌ അവരും അവരുടെ പ്രവര്‍ത്തനമേഖല മെച്ചപ്പെടുത്തുന്നത്. ഈ അറിവാകട്ടെ കാലദേശവ്യക്തിഭേദമെന്യേ വ്യത്യസ്തമായിരിക്കും എന്നു മാത്രമല്ല വ്യക്തിതലത്തില്‍ തന്നെ കാലക്രമത്തില്‍ വ്യാപ്തി വര്‍ദ്ധിക്കപ്പെടുകയും ചെയ്യും. അത്തരം ഒരു അറിവിന്റെ ആഴത്തില്‍ നിന്നു കൊണ്ടുള്ള ക്രിയാത്മകതയില്‍ നിന്നും ഉരുത്തിരിഞ്ഞു വരുന്ന പരിഷ്കരണങ്ങള്‍ മാത്രമേ ഏതൊരു വിഷയത്തിലും അതിനു തന്നെ ഗുണകരമാവുകയുള്ളൂ. അതു കലയെ/പ്രസ്തുത മേഖലയെ സമ്പന്നമാക്കും. മറിച്ച് സ്വയം പ്രകാശനം/ധനസമ്പാദനം മാത്രം ലക്ഷ്യമാക്കി ചെയ്യുന്ന മാറ്റങ്ങള്‍ ജനപ്രിയമായി മാറാമെങ്കിലും അത് താ‍ല്‍ക്കാലിക പ്രതിഭാസം മാത്രമായിരിക്കും. കേവലം വ്യക്തിഗതമായ നേട്ടത്തിനപ്പുറം കലക്ക്/പ്രസ്തുതമേഖലക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ ആ പരിഷ്കരണത്തിനു കഴിയുകയില്ല. അതുകൊണ്ടു തന്നെ അറിവിന്റെ ആഴത്തില്‍ നിന്നും ഉയർന്നു വരുന്നതും കലയ്ക്ക്‌/മേഖലയ്ക്ക് ഏറ്റവും അനിവാര്യവും അതുകൊണ്ടു തന്നെ ഉചിതവും ആയി വരുന്നതും മാത്രമാവട്ടെ ഇത്തരം മേഖലയിലെ സര്‍ഗാത്മക ഇടപെടലുകള്‍. വിഭിന്നരുചിക്കാരായ ആസ്വാദകരുടെ വോട്ടിനെ മാത്രം ആ‍ശ്രയിച്ച് പരിഷ്കരിക്കപ്പെടുന്ന ഒരു കാലം ഇത്തരം മേഖലകളിലെങ്കിലും ഉണ്ടാവില്ല എന്നു നമുക്ക് പ്രത്യാശിക്കാം'.


വാൽക്കഷണം: എന്റെ കഥകളി അവലോകനത്തിൽ വിമർശനവിധേയനായ ഒരു കലാമണ്ഡല കഥകളിഗായകൻ, കഥകളി വിദ്യാഭ്യാസം തീരെയില്ലാത്ത ഞാൻ കഥകളിപ്പാട്ട് എന്താണെന്ന് മനസ്സിലാക്കാനായി 'പത്തുവർഷം കഥകളിപ്പദം കേട്ടു പഠിക്കട്ടേ' എന്നു ശിക്ഷ വിധിക്കുകയും ചർച്ചയിൽ പങ്കെടുത്ത ഇരുപതോളം അംഗങ്ങളിൽ ഭൂരിപക്ഷം പേരും അതു 'ലൈക്ക്' ചെയ്തു പാസ്സാക്കുകയും ചെയ്തതാണെന്ന വിവരം ഇവിടെ പ്രസ്താവിച്ചു കൊള്ളട്ടേ.   "ഫേസ്ബുക്ക് ചർച്ചകളിലൂടെയോ 'ലൈക്ക് ' കളിലൂടെയോ കഥകളി സംഗീതം രക്ഷപെടില്ല" എന്ന ഡോ. എൻ.പി. വിജയകൃഷ്ണന്റെ പ്രസ്താവവും (കഥകളി സംഗീതത്തിലെ കാലലീലകൾ, മലയാളം, ഒക്ടോബർ14) കൂടി ഇതോടൊപ്പം കൂട്ടി വായിച്ചാൽ 'കഥകളി സംഗീതത്തിന്റെ കാലിക പ്രതിസന്ധി' യുടെ ചിത്രം കൂടുതൽ വ്യക്തമാകുന്നതാണ്.

Friday, September 19, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം 3 - ഗോപിയാശാന്റെ കുചേലൻ

അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 15 തിങ്കളാഴ്ച ഏവൂർ ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത് കുചേലവൃത്തവും നളചരിതം രണ്ടാം ദിവസവും (കാട്ടാളനും ദമയന്തിയും) പ്രഹ്ലാദചരിതവുമായിരുന്നു. അഷ്ടമി രോഹിണിക്ക് വൈഷ്ണവ പ്രാധാന്യമുള്ള  കുചേലവൃത്തവും പ്രഹ്ലാദചരിതവും വഴിപാടായി നടത്തുന്നതു മനസ്സിലായി. ഗോപിയാശാന്റെ കുചേലനു വഴിമാറിയ നെല്ലിയോടു തിരുമേനിയെ accomodate ചെയ്യാനായിരിക്കും രണ്ടു ഭക്തി കഥകൾക്കിടയിൽ നളചരിതം കാട്ടാളരംഗം വയ്ച്ചത്‌ എന്നു കരുതുന്നു.


അന്നത്തെ പരിപാടികളുടെ highlight ഗോപിയാശാൻ ഇദംപ്രഥമമായി കുചേലവേഷം കെട്ടി എന്നതാണ്. സമകാലിക  കഥകളിയുടെ മുഖവും പച്ചയുടെ super specialist ഉം ആയ ആശാന്റെ ആ മിനുക്ക്‌ വേഷം ഒന്നു കാണാൻ കലാലോകം സ്വാഭാവികമായും കാത്തിരുന്നു. അത് സംഭവിച്ചത് ഏവൂർ ക്ഷേത്രനടയിലായിരുന്നു എന്നത് ഞങ്ങൾ എവൂർക്കാർക്കെല്ലാം ഏറെ അഭിമാനത്തിനു വക നൽകുന്നതായി. ഈ വേഷം കെട്ടാൻ ഒരാഴ്ചയായി മാനസികമായി തയ്യാറെടുക്കുകയായിരുന്നു ഗോപിയാശാൻ എന്നു പറഞ്ഞു കേട്ടപ്പോൾ അതിലധികം സന്തോഷം തോന്നി. താൻ പത്തറുപതു വർഷങ്ങളായി വേഷമിട്ടാടുന്ന ആ തിരുനടയിൽ തന്റെ കലാസപര്യയുടെ മറ്റൊരു ഭാവം തന്നാൽ കഴിയും വണ്ണം  ഭംഗിയായി സമർപ്പിക്കാൻ കാണിച്ച ആ മനോഭാവം ശ്ളാഘനീയം തന്നെ.

                                       photo coutesy: Ajith Menon via facebook
ഇനി കളിയിലേക്ക് കടക്കാം. ഇന്നു  ജീവിച്ചിരിക്കുന്ന കലാകാരന്മാരിൽ കുചേലവേഷത്തിൽ അഗ്രഗന്യൻ  ബ്രഹ്മശ്രീ. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയാണല്ലോ? ഗോപിയാശാനെപ്പോലൊരു സൂപ്പർ താരത്തെ നെല്ലിയോടുമായി മാത്രമേ തരതമ്യം ചെയ്യാൻ കഴിയൂ. പക്ഷെ അതിൽ അപാകതയുണ്ട് താനും. വർഷങ്ങളായി കുചേല വേഷം കെട്ടുന്ന ഒരനുഗ്രഹീത കലാകാരനോട്  ഇന്നാദ്യമായി ആ വേഷമിടുന്ന മറ്റൊരു കലാകാരനെ താരതമ്യം ചെയ്യുന്നതും ശെരിയല്ല. സാധാരണഗതിയിൽ കഥകളിയിലെ ഒരു വേഷം കെട്ടി 'ഗംഭീരം' എന്ന് പറയിപ്പിക്കണമെങ്കിൽ അനേക വട്ടം ആ വേഷം കെട്ടി തെളിയേണ്ടതുണ്ട്. എങ്കിലും രണ്ടു നാൾ മുൻപു് ഗോപിയാശാന്റെ പ്രേമലോലുപനായ രുക്മാംഗദനെയും ഇന്നലെ ക്ഷാത്രവീര്യം തുളുമ്പുന്ന അർജുനനെയും കണ്ട എന്നെപ്പോലെ ഒരാൾക്ക്‌ കുചേലനിലേക്കുള്ള ആശാന്റെ വേഷപ്പകർച്ചയെ സുന്ദരം എന്നു വിശേഷിപ്പിച്ചേ മതിയാകൂ. മുഖവും മുദ്രകളും കൊണ്ട് കഥകളി വിസ്മയങ്ങൾ തീർക്കുന്ന ഈ കലാകാരന്, വലിയൊരു പരിധി വരെ അവയൊക്കെ അപ്രസക്തമായ കുചേലവേഷത്തിലേക്കുള്ള യാത്ര അത്ര ആയാസരഹിതമാകാൻ കഴിയില്ലല്ലോ? ത്രിലോകങ്ങളിലെ എന്തിനെയും മുദ്രക്കൈകളിലൂടെ സൃഷ്ട്ടിക്കുന്ന ഊര്ജ്ജസ്വലനായ ഈ നടന് ഊര്ജ്ജവും മുദ്രകളും എല്ലാം വല്ലാതെ ചുരുക്കി നെല്ലിയോടിനെപ്പോലെ ശരീരമാസകലം പടർന്നു പിടിക്കുന്ന കുചേലദൈന്യഭാവത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. നമ്മളൊക്കെ മനസ്സിൽ കൊണ്ടു നടക്കുന്ന കുചേലശരീരവും ഭാവഹാവാദികളും നെല്ലിയോടു തിരുമേനിയുടെ കുചേലാവതരണം എളുപ്പമാക്കുമ്പോൾ ഇതിന്റെയൊന്നും ആനുകൂല്യങ്ങളില്ലാതെ കുചേലനെ സ്വയം സൃഷ്ട്ടിക്കേണ്ടതുണ്ടായിരുന്നു ഗോപിയാശാന്. ആശാൻ നല്ലൊരു പരിധിവരെ ഇതിൽ വിജയിച്ചു എന്നും പറയാം. കുചേലനും പത്നിയും കുചേലനും കൃഷ്ണനുമായുള്ള രംഗങ്ങളും കുചേലന്റെ ഇളകിയാട്ടങ്ങളും നന്നായിരുന്നു. നെല്ലിയോടിൽ കൂടി ഗോപിയാശാനെ നോക്കുന്നതിനാലാകാം, കുചേലന് കുറച്ചുകൂടി ദൈന്യഭാവം ആവാം എന്നെനിക്കു പലപ്പോഴും തോന്നി. അങ്ങിനെ നെല്ലിയോടു സ്കെയിലിൽ (100) ഗോപിയാശാന്റെ കുചേലനു 70 മാർക്കിടാം. അദ്ദേഹത്തിലെ കലാകാരനോടുള്ള അദമ്യമായ സ്നേഹബഹുമാനവും എവൂരിനോട് അദ്ദേഹം കാണിക്കുന്ന സ്നേഹഭാവവും പരിഗണിച്ച് നൽകുന്ന 5 ഗ്രേസ് മാര്ക്ക് കൂടി കൂട്ടി മൊത്തം 100 ൽ 75 മാർക്ക്. ആദ്യത്തെ അവതരണത്തിൽ തന്നെ distinction വാങ്ങിയ സ്ഥിതിക്ക് കുറെ അരങ്ങുകൾ കഴിയുമ്പോൾ മറ്റു വേഷങ്ങളെപ്പോലെ ഗോപിയാശാന്റെ കുചേലനും എതിരില്ലാത്തതാകാം. കഥകളിക്ക് ആ ഭാഗ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

                                        photo courtesy: Jayaraj photo elite 

ഉൽസാഹഭരിതനായ കൃഷ്ണനെയാണ് ഡോ. ഏറ്റുമാനൂർ കണ്ണൻ അവതരിപ്പിച്ചത്. പക്ഷേ ചിലപ്പോഴെങ്കിലും ഉത്സാഹം കുറച്ചു കൂടിപ്പോയില്ലേ എന്നു തോന്നിപ്പോയി. ഗോപിയാശാനെപ്പോലൊരു കലാകേസരിയുടെ കുചേലനോടൊപ്പം വേഷം കെട്ടാൻ ഭാഗ്യം കിട്ടുമ്പോൾ കുറച്ച് ഉത്സാഹമൊക്കെ ആർക്കും വരും. പക്ഷെ ഇത് അതിലും അധികമായിരുന്നു (ബഹളവും ഉത്സാഹവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയണമെങ്കിൽ  M.P.S. നമ്പൂതിരിയും നെല്ലിയോടും ചേർന്നു ചെയ്തിട്ടുള്ള കുചേലവൃത്തം ഒന്നു കാണുക. ഈ സീ.ഡീ. എന്റെ പക്കൽ ഉണ്ട്). നല്ല പല അഭിനയ മുഹൂർത്തങ്ങളും ഡോ. കണ്ണന്റെ ആട്ടത്തിലുണ്ടായിട്ടുണ്ട് എന്ന വസ്തുത മറന്നുകൊണ്ടല്ല ഇപ്പറയുന്നത്‌.  New generation 'കലയാമി' പത്തിയൂർ ശങ്കരൻ കുട്ടിയും കലാമണ്ഡലം വിനോദും കൂടി ആലപിച്ചു തുടങ്ങിയപ്പോൾ ഡോ.കണ്ണന്റെ ഉത്സാഹം ഇരട്ടിച്ചു,രംഗം ശരിക്കും ശബ്ദായമാനമായി; new generation കഥകളി കണ്ടു ഞാൻ തരിച്ചിരുന്നു. മനോഹരമായ കുചേലവൃത്തപദമാണ് 'കലയാമി'. കളി കാണാതെ കണ്ണടച്ചിരുന്നാൽ പോലും കലിതാനന്ദം ഉള്ളിൽ നിറയ്ക്കുന്ന കാവ്യസുധ. കഥകളിയുടെ മഹാഗായകർ പാടി പാടി കോട്ടം തീർത്ത്  ഇവിടെ വിട്ടിട്ടുപോയ കീർത്തനപുണ്യം. അതിങ്ങനെയാണോ പാടേണ്ടത്? പാടിയ രണ്ടു പേരും പാട്ട് ശരിക്കും പാടാൻ കഴിവുള്ള ഗായകപ്രതിഭകളാണ്. നടന്റെ new generation ആട്ടത്തിനനുസരിച്ചു പാടിക്കൊടുത്ത് ആ നല്ല പദത്തെ വികലമാക്കിയതാണോ അതോ new generation പാട്ടിനനുസരിച്ച് നടനെക്കൊണ്ട് അങ്ങിനെ ആടിച്ചതാണോ? എന്തായാലും ആ രംഗം നശിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ? ശങ്കരൻകുട്ടിയോടും വിനോദിനോടും ഒരപേക്ഷയുണ്ട്; ദൈവത്തെയോർത്ത്‌ കുചേലവൃത്തപദങ്ങളെ വികലമാക്കരുത്. നിങ്ങളുടെ ഗുരുസ്ഥാനീയർ, പ്രത്യേകിച്ച് യശശ്ശരീരരായ എംബ്രാന്തിരിയും ഹരിദാസും ആ പദങ്ങളുടെ ആത്മാവു കണ്ടെത്തി ഞങ്ങൾക്കു സമ്മാനിച്ചു പോയിട്ടുള്ളതാണ്. മാങ്കുളം തിരുമേനിയും ചെന്നിത്തലയും (കൃഷ്ണൻ) നെല്ലിയോടും കൃഷ്ണൻ നായരാശാനും മങ്കൊമ്പും (കുചേലൻ) അത് ആടിതിമിർത്ത അരങ്ങുകളിൽ  കോരിത്തരിച്ചിരുന്നവരാണ് ഞങ്ങൾ. ആ പാട്ട് പാടാൻ നിങ്ങൾക്കറിയാം. അതുമതി ഞങ്ങൾക്ക്. ഇതിൽ new generation ഇറക്കരുത്.

'കുചേലവൃത്ത'ത്തിന്റെ വിഷമം, ബാബു നമ്പൂതിരിയും കലാമണ്ഡലം കൃഷ്ണകുമാറും  ചേർന്നു പാടുന്ന 'കാട്ടാളപദ'ത്തിൽ മാറിക്കിട്ടുമല്ലോ എന്നോർത്തു ആശ്വസിച്ചിരിക്കുമ്പോൾ ഇടിത്തീ പോലെ അതാ വീണ്ടുംവരുന്നൂ, new generation!  പന്തുവരാളി, പുന്നാഗവരാളി രാഗങ്ങളിൽ ചെയ്തു വച്ചിട്ടുള്ള ആ പദങ്ങൾ മാറ്റി മറിച്ച് വികലമാക്കിയിരിക്കുന്നു. ശരി, പോട്ടെ, ഐശ്വര്യമായ 'മധ്യമാവതി'യിൽ 'അംഗനേ നീ അങ്ങു പോവതെങ്ങനെ' കേട്ട് മനം കുളിരാം എന്നു കരുതിയിരുന്നു. അയ്യോ, ഏതോ ഒരു ഭയങ്കരരാഗത്തിൽ സിനിമാപ്പാട്ടു പോലെ അതു കൂടി കേട്ടു കഴിഞ്ഞപ്പോൾ സഹിക്കവയ്യാതെ കളികാണൽ നിർത്തി അവിടുന്നു പോകാൻ മനസ്സു വെമ്പി. പക്ഷേ നെല്ലിയോട് തിരുമേനിയെപ്പോലൊരു വലിയ നടൻ അരങ്ങത്തു നിൽക്കുമ്പോൽ അതു പാടില്ല എന്നു മനസ്സ് വിലക്കി.  പ്രായാധിക്യവും ശാരീരികാവശതയും ഒന്നും തന്നെ തിരുമേനിയുടെ  കാട്ടാളനെ ബാധിച്ചില്ല. ഇപ്രായത്തിലും കാട്ടാളന്റെ ഉദ്ധത കലാശങ്ങൾഅദ്ദേഹം എടുക്കുന്നത് കണ്ടപ്പോൾ അതിശയവും ഒപ്പം ആദരവും തോന്നി. നല്ല ഗായകനായ ബാബു നമ്പൂതിരിയോട് ഒന്നു ചോദിച്ചോട്ടേ; എന്നു  മുതലാ നളചരിതം പാട്ടൊക്കെ ഇങ്ങനായത്? കഥകളിപദങ്ങൾ ആർക്കും എങ്ങിനെയും പാടാം എന്നായോ? ഇതിനൊക്കെ നിങ്ങൾക്കാരാ ലൈസൻസ് തരുന്നത്? ചില അഭിനവ ഉണ്ണായിമാരും അവരുടെ പാവ പാട്ടുകാരും ചേർന്ന് നളചരിതത്തിനെ ഇങ്ങനെ നശിപ്പിക്കുകയാണല്ലോ ഭഗവാനേ? കഥകളി പദങ്ങൾ compose ചെയ്തു വച്ചിരിക്കുന്നത് മഹാന്മാരായ പൂർവസൂരികളാണ്. കഥയെന്തെന്നും അതിലേ ഓരോ വികാരവിചാരങ്ങൾക്കും എന്തെന്തു രാഗങ്ങളാണ് ചേരുക എന്നും മനനം ചെയ്തു കണ്ടു പിടിച്ച മനീഷികൾ. നിങ്ങളൊക്കെ നല്ല പാട്ടുകാർ മാത്രമാണ്. മഹാന്മാർ ചെയ്തുവച്ചിരിക്കുന്നതിനെ ആദരപൂർവം കൊണ്ടു നടക്കേണ്ടവർ. തല മറന്ന് എണ്ണ തേക്കരുത്. അവിവേകമിതുകണ്ടാൽ അറിവുള്ളവർ പരിഹസിക്കും, വഴി പിഴയ്ക്കും. അതുണ്ടാകാതിരിക്കട്ടെ! ഇവര്ക്കൊക്കെ സൽബുദ്ധി കൊടുത്തു കഥകളിയെ രക്ഷിക്കണേ എന്റെ കൃഷ്ണാ !

ഇനി കുറച്ചുകാലത്തേക്ക് കഥകളിയേ കാണേണ്ട എന്ന് ചിന്തിച്ചിരുന്നപ്പോഴേക്കും 'പ്രഹ്ലാദചരിതം' തുടങ്ങി. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ ഹിരന്യകശിപുവും R.L.V.  മോഹൻകുമാറിന്റെ ശുക്രനും. പ്രസാദിന്റെ കത്തി വേഷവും ആട്ടവും സുന്ദരമായിരുന്നു. കഴിഞ്ഞ രണ്ടു നാളുകളിൽ കണ്ട പച്ച വേഷങ്ങളേക്കാൾ അദ്ദേഹത്തിന്റെ കത്തി എനിക്കിഷ്ട്ടപ്പെട്ടു. വിനോദിന്റെ പാട്ട് old generation ആയിരുന്നത്  ആശ്വാസകരമായി തോന്നി. അതിരാവിലെ യാത്ര പോകേണ്ടിയിരുന്നതിനാൽ കളി കുറച്ചു നേരം കണ്ടിട്ട്  പോന്നു.

അങ്ങിനെ ഏവൂരിലെ തുടർച്ചയായ മൂന്നു നാളുകളിലെ എന്റെ കളികാണലിനു തിരശ്ശീല വീണു. ആദ്യത്തെ രണ്ടു നാളുകളിലെ കളികൾ മനസ്സിനു സന്തോഷം പകർന്നെങ്കിൽ അവസാന ദിവസത്തെ കളികൾ ആ സന്തോഷം ഭാഗികമായി നശിപ്പിച്ചു. അതെന്തെങ്കിലുമാവട്ടെ, ഈ കല എന്റെ നാട് എനിക്ക് പകർന്നു തന്ന സംസ്കാരസൌഭാഗ്യമാണ്. അതിൽ നിന്നും കിട്ടുന്നതെന്തായാലും അതു സന്തോഷദായകം തന്നെ.

(കഥകളി എന്ന  മഹനീയ കലയുടെ നിലവാരം കുറയുന്നതൊന്നും സംഭവിക്കരുത് എന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ട് ഞാൻ നടത്തിയിട്ടുള്ള വിമർശനം അതേ  spirit ൽ എല്ലാവരും ഉൾക്കൊള്ളണമെന്ന് അഭ്യര്ധിക്കുന്നു. ആരെയെങ്കിലും കുറ്റപ്പെടുത്തണം എന്നത് എന്റെ താത്പര്യമല്ല എന്ന് സവിനയം പറഞ്ഞുകൊള്ളട്ടെ).   

Thursday, September 18, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം 2

സെപ്റ്റംബർ 14 ഞായറാഴ്ച ഏവൂർ ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത് രണ്ടു കഥകളാണ്; സന്താനഗോപാലവും ദക്ഷയാഗവും. സന്താനഗോപാലത്തിൽ ഗോപിയാശാൻ അർജുനനായപ്പോൾ മാർഗ്ഗി വിജയകുമാർ ബ്രാഹ്മണനും കലാമണ്ഡലം കൃഷ്ണപ്രസാദ് കൃഷ്ണനും ആയി.ഗോപിയാശാൻ വളരെക്കാലത്തിനു ശേഷമാണ് അർജുനവേഷം കെട്ടിയതെന്ന് പറഞ്ഞു കേട്ടു.

ഒന്നിൽ കൂടുതൽ വേഷക്കാർ വരുന്ന അരങ്ങുകളിൽ കഥകളിയുടെ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ കൂട്ടു വേഷക്കാർ തമ്മിലുള്ള കെമിസ്ട്രിക്ക് വലിയ പങ്കുണ്ട്. പണ്ടത്തെ അരങ്ങുകളിൽ സജീവമായി നിലനിന്നിരുന്ന ഈ കഥകളി മാന്യത ഇന്നത്തെ അരങ്ങുകളിൽ പ്രായേണ കുറഞ്ഞു വരുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. നടന്മാർ തമ്മിലുള്ള പരിചയക്കുറവു മൂലമോ മറ്റൊരു നടന്റെ ആട്ടരീതികളോടുള്ള ബഹുമാനക്കുറവു കൊണ്ടോ നടന്മാർ  തമ്മിലുള്ള സ്പർദ്ധ കൊണ്ടോ ആകാം അനിവാര്യമായ ഈ ആശയവിനിമയം പലപ്പോഴും അരങ്ങുകളിൽ നടക്കാതെ വരികയും അങ്ങിനെ കഥകളി എന്ന സുന്ദരകല വികലമാക്കപ്പെടുകയും ചെയ്യുന്നത്.


ഇപ്പറഞ്ഞതിനൊരു  അപവാദമായിരുന്നു ഏവൂർ സന്താനഗോപാലം. പ്രധാന വേഷക്കാരായ ഗോപിയാശാനും മാർഗ്ഗി വിജയകുമാറും തമ്മിലുള്ള മന:പ്പൊരുത്തം ഈ കളിയുടെ ഓരോ നിമിഷങ്ങളിലും പ്രകടമായിരുന്നു. ഇളകിയാട്ടങ്ങളിൽ ഇതു ശരിക്കും പ്രതിഫലിച്ചു. ഉരുളക്കുപ്പേരി പോലെയായിരുന്നു ചോദ്യവും ഉത്തരങ്ങളും. ഈ കളി ആർക്കെങ്കിലും ഒരനുഭവം ആയി തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണവും ഈ സൌഹൃദ മനോഭാവം തന്നെ. ഗോപിയാശാന്റെ അർജുനൻ നന്നായി എന്നൊന്നും ഞാൻ പറയേണ്ടതില്ല. അതൊക്കെ മാലോകർക്കെല്ലാം അറിവുള്ളതാണ്. എന്നാൽ മാർഗ്ഗി വിജയകുമാറിന്റെ ബ്രാഹ്മണന്റെ കാര്യം അതല്ല;  അടുത്ത കാലത്തായിട്ടാണ് അദ്ദേഹം ഈ വേഷം കെട്ടി തുടങ്ങിയിട്ടുള്ളത്. സുരസുന്ദരിയായ ഈ സ്ത്രീവേഷ ചാരുതയുടെ ബ്രാഹ്മണനെ  ഒന്നു കാണാൻ മറ്റെല്ലാവരെയും പോലെ ഏനിക്കും ആഗ്രഹം തോന്നിയത് അതുകൊണ്ടാണ്. വേഷം കണ്ടു കഴിഞ്ഞപ്പോൾ എനിക്കു  തോന്നിയ അഭിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ്; കൊള്ളാം. വിജയകുമാർ മാങ്കുളം തിരുമേനിയുടെയും കൃഷ്ണൻ നായരാശാന്റെയും ശിഷ്യൻ തന്നെ. അടുത്ത കാലത്തു കെട്ടി തുടങ്ങിയ ഈ മിനുക്കു വേഷത്തിൽ ഇത്ര മികവു വന്നെങ്കിൽ, പ്രായവും പരിചയവും കൂടുന്ന വരും കാലങ്ങളിൽ ഈ വേഷം വിജയകുമാറിന്റെ  മാസ്റ്റർപീസുകളിൽ ഒന്നാകാം. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കയും ചെയ്യുന്നു.  പ്രേക്ഷകനിൽ സ്നേഹം തോന്നിപ്പിക്കുന്ന ഇന്നത്തെ ബ്രാഹ്മണനിൽ നിന്നും കഥാഗതിക്കനുഗുണമായി കഥാപാത്രം വളർന്നു വികാസം പ്രാപിക്കേണ്ടതായിട്ടുണ്ട്. ഇപ്പോൾ കണ്ടതിൽ നിന്നും അത് വഴിയേ വന്നോളും എന്നു മനസ്സിലാക്കാം.
     
ഗുരുവും ശിഷ്യനും, അർജുനനും കൃഷ്ണനും ആയുള്ള ആദ്യരംഗം നന്നായിരുന്നു. ഒരു മികച്ച കഥകളി അദ്ധ്യാപകനായ കലാമണ്ഡലം കൃഷ്ണപ്രസാദിലെ അദ്ധ്യാപകൻ, നിഷ്കർഷാപൂർവമായ, ചൊല്ലിയാട്ട പ്രധാനമായ ചിട്ട സമ്പ്രദായങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാകാം ചിലപ്പോഴെങ്കിലും പാത്രപ്രക്രുതിക്കു മങ്ങലേൽപ്പിക്കുന്ന പോലെ തോന്നിപ്പിക്കുന്നത്‌. മനസ്സിരുത്തിയാൽ ഇതു രണ്ടും സമന്വയിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്‌താൽ പ്രസാദിന്റെ നല്ല കൃഷ്ണവേഷം ഒന്നു കൂടി മികവുള്ളതാകും.


പത്തിയൂർ ശങ്കരൻകുട്ടിയും കോട്ടക്കൽ മധുവും ചേർന്നാലപിച്ച 'സന്താനഗോപാല' പദങ്ങൾ നല്ലതാകാതെ തരമില്ലല്ലോ? ഇവിടെയും നന്നായി. ഇത് പറയുമ്പോൾ തന്നെ അനുഗ്രഹീത കഥകളി ഗായകരായ ശങ്കരൻകുട്ടിയും മധുവും അവരുടെ പാട്ടിനെ 'ഗുഡ്' എന്ന  അഭിനന്ദന വാക്കിനപ്പുറം 'സൂപ്പർ' എന്ന തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട് എന്നു കൂടി പറയട്ടെ. ഉദാഹരണത്തിന്, കലാമണ്ഡലം ഹരിദാസ്  'ഏഷ്യാനെറ്റ്‌  കഥകളി സമാരോഹ' ത്തിൽ  പാടിയ 'നാഥാ ഭവൽ ചരണ ദാസരാം' എന്ന പദം തന്നെ എടുക്കാം. ഓരോ ആവർത്തി പാടുമ്പോഴും ഭക്തി എന്ന വികാരത്തെ ക്രമമായി, പടിപടിയായി ഉയർത്തി അവസാന ചരണമാകുമ്പോഴേക്കും ഭക്തിയെ അതിന്റെ പാരമ്യതയിൽ കൊണ്ടെത്തിച്ച്, ആട്ടവും പാട്ടും എല്ലാം ഭക്തിയിൽ ലയിപ്പിക്കുന്ന ആ മാന്ത്രിക വിദ്യ ! ആടുന്ന നടനും പാട്ടിനൊപ്പം നിൽക്കണം. അന്ന് ചന്ദ്രശേഖര വാര്യർ ചെയ്തത് അത് തന്നെയാണ്. അങ്ങിനെയുള്ള ആട്ടവും പാട്ടും ആണ് മനസ്സ് കൊതിക്കുന്നത്.

 'സന്താനഗോപാല'ത്തെ തുടർന്നു നടന്ന 'ദക്ഷയാഗ'ത്തിൽ ഇപ്പറഞ്ഞ അനുഭവം ഏറെക്കുറേ എനിക്കുണ്ടായി. കലാമണ്ഡലം ഷണ്മുഖന്റെ ദക്ഷൻ ഗംഭീരമായി. ഉറക്കം തലോടി അടച്ചുകൊണ്ടിരുന്ന കണ്ണുകളെ തുറപ്പിച്ച power packed performance. കണ്ണിണക്കാനന്ദം നൽകിയ സുന്ദരമായ പച്ചവേഷം. കലാനിലയം രവീന്ദ്രനാഥപ്പൈ സതിയെ നന്നാക്കി. ഉയരം കുറവായ സതി, സാമാന്യം ഉയരമുള്ള ദക്ഷനെ ശപിക്കാൻ, ഒരു പ്രാവശ്യം ചാടി ഉയരം കൂട്ടിയത് എനിക്ക് നന്നേ രസിച്ചു. രാമചന്ദ്രൻ ഉണ്ണിത്താനും (വീരഭദ്രൻ) ഹരിപ്പാട് ബാലകൃഷ്ണനും (കാളി) പാട്ടും മേളവും എല്ലാം കൂടി അരങ്ങു ശരിക്കും കൊഴുപ്പിച്ചു. ആർ. എൽ .വി. മോഹൻകുമാറിന്റെ ശിവൻ നന്നായി. വേഷഭംഗി എടുത്തു പറയേണ്ടതുണ്ട്.
വെളുപ്പിന് നാലു മണിക്ക് കളി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സു മന്ത്രിച്ചു; രണ്ടു നല്ല കളികൾ കൂടി കണ്ടു,  ഇതു സാധിച്ചു തന്ന എവൂർ ഭഗവാനും ഭഗവാനു കഥകളി വഴിപാടു നേർന്നവർക്കും നന്ദി.

(ക്ഷമിക്കണം, രണ്ടു കളികളിലും അണിനിരന്ന എല്ലാ കലാകാരന്മാരെയും അണിയറ ശിൽപ്പികളേയും ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ സുഹൃത്ത് ശ്രീ. അംബുജാക്ഷൻ നായർ ഏവൂർ കഥകളികളുടെ വിശദാംശങ്ങൾ എഴുതുമ്പോൾ അവിടെ എല്ലാപ്പേരുകളും പരാമർശിക്കപ്പെടും എന്നു വിശ്വസിക്കുന്നു)

photo courtesy: Sreekumar

Wednesday, September 17, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം1

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സപ്താഹയജ്ഞ - അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ചു  നടന്നുകൊണ്ടിരിക്കുന്ന വഴിപാടു കഥകളികളിൽ ആദ്യത്തെ മൂന്നു ദിവസങ്ങളിലെ കളികളിൽ ഞാനും പ്രേക്ഷകനായിരുന്നു. കലാമണ്ഡലം ഗോപിയും മാർഗ്ഗി വിജയകുമാറും ഈ മൂന്നു ദിവസത്തെയും കഥകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചതും അതുപോലെ കഥകളിയിലെ സമുന്നതരായ മറ്റു ചില നടന്മാരും അണിനിരന്നതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും കളികാണാൻ ധാരാളം പേർ എത്തിയിരുന്നു. 2007 ലെ 'ഏവൂർ നളചരിതോൽസവ'ത്തിനു ശേഷം തിരക്കു പിടിച്ച തന്റെ കലാജീവിതത്തിന്റെ തുടർച്ചയായ മൂന്നു ദിവസങ്ങൾ  ഏവൂർ കളികൾക്കായി മാറ്റിവച്ച ഗോപിയാശാന്റെ സന്മനസ്സിന് ഞാനുൾപ്പെടെയുള്ള എവൂരിലെ എല്ലാ കലാസ്നേഹികളുടെയും പേരിൽ ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ.


ആദ്യ ദിവസത്തെ 'രുഗ്മാംഗദചരിത'ത്തിൽ ഗോപിയാശാനും മാർഗ്ഗി വിജയകുമാറും പ്രധാന വേഷങ്ങളാടി.ഗോപിയാശാന്റെ രുഗ്മാംഗദനെ  വീഡിയോയിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും നേരിട്ടു കണ്ടത് ഒരു സവിശേഷാനുഭവമായി. പ്രായം മുഖത്തിന്റെ തിളക്കത്തിനൽപ്പം മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികളിലൊന്നും അതു കണ്ടില്ല. മോഹിനിയുമായുള്ള രംഗങ്ങളിലെ ഭാവപ്രകർഷം അതിമനോഹരമായിരുന്നു. ഒന്നു രണ്ടു സന്ദർഭങ്ങളിൽ നവരസങ്ങളെപ്പോലും നാണിപ്പിക്കുന്ന, പ്രേമപ്രതീക്ഷകളുടെ ഒരു 'ഗോപീരസം' ആ മുഖത്തു വിരിഞ്ഞതു കണ്ടു. മതി, കഷ്ട്ടപ്പെട്ടു വണ്ടി കയറി മദ്രാസിൽ നിന്നെത്തിയതു വെറുതെയായില്ല! പത്തിയൂർ ശങ്കരൻ കുട്ടിയുടെയും രാജീവൻ നമ്പൂതിരിയുടെയും 'മധുരതര കോമള'മായ കാംബോജിയിൽ ആ പൂങ്കാവനം അങ്ങിനെ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ മോഹിനിയെക്കാൾ സുന്ദരിയായ ഒരു സൗന്ദര്യധാമത്തിന്റെ അടുത്തു നിൽക്കുന്ന ഗോപിയാശാനേപ്പോലൊരു സൗന്ദര്യാരാധകന് പ്രേമം തോന്നിയില്ലെങ്കിലല്ലേ അല്ഭുതപ്പെടെണ്ടതുള്ളൂ! സൌന്ദര്യവും അഭിനയവും 'ഹേമാമോദസമ'യായി സമ്മേളിച്ച വിജയകുമാറിന്റെ മോഹിനി നന്നായിരുന്നു. എങ്കിലും  വരും തലമുറയ്ക്ക് രുക്മാംഗദ-മോഹിനി ജോടിയെന്നു പാടി പുകഴ്ത്താൻ പാകത്തിന് ഒന്നു രണ്ടു 'പ്രേമരസ' ങ്ങൾ വിജയകുമാറിൽ നിന്നും ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. മനസ്സുവച്ചാൽ  കൃഷ്ണൻനായരാശാന്റെ പ്രിയശിഷ്യന് ആയാസരഹിതമായി സാധിച്ചെടുക്കാവുന്നതെയുള്ളൂ  ഇക്കാര്യം. ഗോപിയാശാനെപ്പോലൊരു കാമുകൻ പ്രേമം വാരിച്ചോരിയാൻ അടുത്തുള്ളപ്പോൾ പിന്നെന്തിനു മടിക്കണം?

ഗോപിയാശാന്റെ മുദ്രാവിന്യാസഭംഗികളെക്കുറിച്ചോ ചിട്ടപ്രകാരമുള്ള ആട്ടസൌന്ദര്യങ്ങലെ- ക്കുറിച്ചോ ഒന്നും ഇവിടെ വിസ്തരിക്കേണ്ടതില്ല. ചർവിത ചർവണങ്ങളായ ഈ വിഷയങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്. മറ്റു പല പച്ചവേഷങ്ങളെയും പോലെ, രുഗ്മാംഗദന്റെ ശക്തിയും നിലകൊള്ളുന്നത് അദ്ദേഹത്തിൻറെ മുഖാഭിനയത്തിലാണെന്നും മറ്റെല്ലാം തന്നെ അതിന്റെ പോഷകഘടകങ്ങളായി വർത്തിക്കുന്നു എന്നുമാണ്‌ എനിക്ക് എന്നും തോന്നിയിട്ടുള്ളത്, ഇന്നും അത് തന്നെ തോന്നി. കൃഷ്ണൻനായരാശാൻ അഭിപ്രായപ്പെട്ടതുപോലെ അംഗികാഭിനയത്തെ പൂർണ്ണമായി അടിമപ്പെടുത്തിക്കഴിഞ്ഞ് ആധിപത്യം സ്ഥാപിച്ച സ്ഥാനത്ത്‌ ഉറച്ചിരിക്കുന്ന നടന്റെ 'രസാഭിനയ'ത്തിന്റെ മാറ്റു കൂടുതലായിരിക്കും എന്നതാണ് കാര്യം.

നല്ലതു പറയുമ്പോൾ തന്നെ നല്ലതല്ലാത്തതായി തോന്നുന്നതും പറയണമല്ലോ? അത് കലയുടെ ശോഷണം തടയാൻ ആവശ്യമാണ്. 'രുഗ്മാംഗദചരിത'ത്തിന്റെ അവസാന രംഗത്തിൽ രുഗ്മാംഗദൻ പുത്രനായ ധർമ്മാംഗദനെ അഭിഷേകം ചെയ്തു രാജാവായി വാഴിക്കുന്ന രംഗം. മഹാവിഷ്ണുവിൽ നിന്നാണ് രുഗ്മാംഗദൻ തീർഥകുംഭങ്ങളും അവസാനം ഉടവാളും സ്വീകരിക്കുന്നത്. കഥാപരമായി നോക്കിയാൽ വിഷ്ണുഭക്തനായ രുഗ്മാംഗദൻ, ഭയഭക്തി ബഹുമാനങ്ങളോടെയാവണം ഇത് ചെയ്യേണ്ടത്. പക്ഷേ  മഹാവിഷ്ണു അർഹിക്കുന്ന ബഹുമാനം രുഗ്മാംഗദൻ നല്കിയോ എന്ന കാര്യത്തിൽ എനിക്ക് സന്ദേഹമുണ്ട്. ഒരു കറിക്കത്തി വാങ്ങുന്ന ലാഘവത്വത്തോടെയാണ് രുഗ്മാംഗദൻ മഹാവിഷ്ണുവിൽ നിന്നും ഉടവാൾ വാങ്ങിയത്! മഹാവിഷ്ണുവായി വേഷമിട്ട കലാകാരൻ നിസ്സാരനാകായാലോ അല്ലെങ്കിൽ ശാരീരികമായ അസ്വസ്ഥതകൾ കാരണം കളി അവസാനിപ്പിക്കാനുള്ള തത്രപ്പാടിലോ ഇങ്ങനെ ചെയ്തതാകാം. രണ്ടാമത്തെ കാര്യം മനസ്സിലാക്കാം. പക്ഷേ അപ്പോഴും ആ രംഗത്തെ പ്രധാനി മഹാവിഷ്ണു തന്നെയാണ് എന്ന  സത്യം അവശേഷിക്കുന്നു. ആചാര്യസ്ഥാനീയർ  ശാരീരിക ബുദ്ധിമുട്ടുകൊണ്ടോ മറ്റോ ചെയ്യുന്ന ഒരു തെറ്റ്, വരും തലമുറ ശരികളായി കണ്ടു പകർത്താൻ തുടങ്ങിയാൽ അതു കഥകളിക്കു ദോഷകരമാകുമല്ലോ എന്ന ആശങ്ക മാത്രമാണ് ഞാനിവിടെ പങ്കുവക്കുന്നത്.

പത്തിയൂർ ശങ്കരൻകുട്ടിയും രാജീവൻ നമ്പൂതിരിയും ചേർന്നു പാടിയ കഥകളിപ്പദങ്ങൾ ശ്രുതിമധുരങ്ങളായിരുന്നു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയുടെ കാര്യം പറയേണ്ടതില്ലല്ലോ?  കലാനിലയം വിനോദ് മദ്ദളത്തിന്റെ ശക്തിയും ഭംഗിയായി തെളിയിച്ചു.

രണ്ടാമത്തെ കഥ 'കിരാതം' ആയിരുന്നു. വെളുപ്പിന് നാലു മണിക്ക്  കലാമണ്ഡലം ബാലസുബ്രഹ്മന്യത്തിന്റെ കാട്ടാളനും കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ അർജുനനും കൂടി 'ഞാനെയ്ത കിടിക്കു' വേണ്ടി വഴക്ക് കൂടിയപ്പോഴേക്കും, എന്റെ കണ്ണുകൾ എന്റെ നിയന്ത്രണത്തിലല്ലാതായിക്കഴിഞ്ഞു. ഉറക്കമിളച്ചു ശീലമില്ലാത്ത കഥകളി കമ്പക്കാരന്റെ കഷ്ട്ടപ്പാട്. എങ്കിലും കണ്ട ഭാഗം വച്ച് നോക്കിയാൽ നല്ലൊരു കളിയായിരുന്നിരിക്കണം കിരാതം.

ആടിയവരുടെയും പാടിയവരുടെയും കൊട്ടിയവരുടെയും ഇവരെയൊക്കെ അനിയിച്ചൊരുക്കിയവരുടെയും എല്ലാം പേരുകൾ  ഓർക്കുന്നില്ല. എല്ലാവരും അവരവരുടെ ഭാഗം നന്നായി നിർവഹിച്ചു എന്നു പറഞ്ഞു കൊണ്ട് നിർത്തട്ടെ.

അടുത്ത ദിവസത്തെ 'സന്താനഗോപാല'വും ദക്ഷയാഗവും എങ്ങിനെയായിരുന്നുവെന്നു അടുത്ത ലക്കത്തിൽ കുറിക്കാം. കളികളുടെ മറ്റു വിശദാംശങ്ങൾ ശ്രീ. അമ്ബുജാക്ഷൻ നായർ എഴുതും എന്ന് പ്രതീക്ഷിക്കുന്നു.

photo courtesy: Sreekumar

Please visit

https://www.youtube.com/watch?v=_bsoiRBPOMQ&feature=youtu.be

for a 45 minutes video of the play.

Sunday, July 20, 2014

ഹംസേ സുവർണ്ണ സുഷമേ ...

                                                

നളചരിതം ആട്ടക്കഥയിലെ മനുഷ്യരല്ലാത്ത, എന്നാൽ മനുഷ്യരെപ്പോലെ ചിന്തിക്കുകയും സംസാരിക്കുകയും ചെയ്യുന്ന രണ്ടു ജന്തു കഥാപാത്രങ്ങളാണ് ഹംസവും കാർക്കോടകനും. ഇതിൽ ഹൃദയാവർജ്ജകമായ അരങ്ങവതരണ സാദ്ധ്യതകൾ കൊണ്ടും ആലാപന സുഭഗവും സാഹിത്യസമ്പുഷ്ട്ടവുമായ പദസഞ്ചയങ്ങൾ കൊണ്ടും അനുവാചക ഹൃദയങ്ങളിൽ ലബ്ദപ്രതിഷ്ഠ നേടിയിട്ടുള്ള ജീവസ്സുറ്റ  കഥാപാത്രമാണ് സൌവർണ്ണ ഹംസം. മഹാഭാരതം വനപർവത്തിലെ 'നളോപാഖ്യാന'ത്തിൽ 'ഹംസദമയന്തീസംവാദ'മെന്ന ഹൃസ്വമായ അദ്ധ്യായത്തിൽ ഏതാനും വരികളിലായി അവതരിപ്പിക്കപ്പെടുന്ന തരതമ്യേന പ്രാധാന്യം കുറഞ്ഞ ഒരു കഥാപാത്രം മാത്രമാണ് ഹംസം. പക്ഷെ ആട്ടക്കഥാകാരന്റെ സവിശേഷ തൂലികാസ്പർശനത്തിലൂടെ ഈ കഥാപാത്രം കഥാഗതിക്കനുഗുണമായി വളർന്നു വലുതായി ആട്ടക്കഥയുടെ അവിഭാജ്യാംശമായി മാറുകയായിരുന്നു. ആശയത്തിനാണ് ആവിഷ്ക്കാരത്തിനേക്കാൾ പ്രാധാന്യം എന്ന പൊതുതത്വം അംഗീകരിച്ചാൽ നളചരിതം ആട്ടക്കഥയിലെ സൌവർണ്ണ ഹംസസൃഷ്ട്ടിയുടെ ക്രെഡിറ്റിന്റെ വലിയോരു ഭാഗം 'നൈഷധീയ ചരിത' കർത്താവായ  ശ്രീഹർഷനുള്ളതാണെന്നു പറയേണ്ടി വരും. നളചരിതം ഒന്നാംദിവസത്തിലെ ഹംസവിഷയത്തിൽ കാണുന്ന പദങ്ങളുടെയെല്ലാം തന്നെ ആശയം അടിസ്ഥാനപരമായി ശ്രീ ഹർഷന്റേതാണെന്നതു തന്നെ ഇതിനു കാരണം. ശ്രീഹർഷന്റെ ഹംസാശയങ്ങളെ കഥകളിയുടെ ദൃശ്യപരമായ അരങ്ങവതരണത്തിന് അനുയോജ്യമായ പദനിർമ്മിതികളിലൂടെ സ്പുടം ചെയ്തെടുത്തു മനോഹരമാക്കി തീർക്കുക എന്ന കർമ്മമാണ് യഥാർത്ഥത്തിൽ ആട്ടക്കഥാകാരൻ നിർവഹിച്ചിട്ടുള്ളത്. ഇങ്ങിനെ പറയുമ്പോൾ തന്നെ അനാവശ്യ സംഭാഷണങ്ങൾ കൊണ്ട് നിലവാരം കുറഞ്ഞു കാണപ്പെടുന്ന ശ്രീഹർഷന്റെ സൌവർണ്ണ ഹംസത്തിന്റെ സാംസ്കാരിക ക്ളിഷ്ട്ടതകൾ പരിഹരിച്ച് അതിനെ കുലീനരായ തന്റെ നായികാനായകന്മാരുടെ ആദരവു പിടിച്ചുപറ്റുന്ന സ്നേഹിതനെന്ന നിലയിലേക്ക് ഉയർത്തി, തികച്ചും വ്യക്തിത്വമുള്ള നളചരിത കഥാപാത്രമാക്കിയതിനുള്ള  ക്രെഡിറ്റ്‌ സർഗ്ഗധനനായ ആട്ടക്കഥാകാരനാണെന്നുള്ളതും പറയേണ്ടതുണ്ട്. നളദമയന്തിമാരുടെ പ്രേമസാഫല്യദൌത്യകർമ്മത്തിലേക്കായി സ്വയം സമർപ്പിക്കുന്ന ഹംസം എന്ന ഇതിഹാസകാരന്റെ ആശയം തന്നെയാണ്‌ ശ്രീ ഹർഷനും അതേ തുടർന്ന് ഉണ്ണായിയും സ്വീകരിച്ചിട്ടുള്ളതെങ്കിലും കഥാന്ത്യത്തിൽ 'നളിനജന്മാവി'ന്റെ പ്രത്യേക ദൂതനായി വന്നു നളദമയന്തിമാർക്ക് അനുഗ്രഹാശിസ്സുകൾ നേർന്നു കഥയുടെ മംഗളപര്യവസാനം നിർവഹിക്കുന്ന ഹംസം ഉണ്ണായിയുടെ മാത്രം സൃഷ്ട്ടിയാണെന്നതും കൂടി പറഞ്ഞുകൊള്ളട്ടെ.

ഇനി കഥയിലേക്കൊന്നു കടന്നു ചെലലാം. 'നളോപാഖ്യാന'ത്തിൽ ഇതിഹാസകാരൻ ഹംസത്തെ അവതരിപ്പിക്കുന്നത്‌ ഇങ്ങിനെയാണ്‌.

'ഉള്ളിൽക്കാമാമടക്കീടാനന്നു വയ്യാഞ്ഞു താൻ നളൻ
അന്തപ്പുരത്തിന്നരുകിൽ പൂങ്കാവിൽപ്പുക്കു ഗൂഡമായ്
പൊന്നിൻ നിറത്തിലന്നങ്ങളവിടെക്കണ്ടിതായവൻ
കാവിൽ ചുറ്റീടുമവയിലൊന്നിനെപ്പിടികൂടിനാൻ
എന്നെക്കൊല്ലാഴ്ക നൃപതേ, നിന്നിഷ്ടം ചെയ്വതുണ്ടു ഞാൻ
ദമയന്തീസന്നിധിയിൽ നിന്നെ നൈഷധ, വാഴ്ത്തുവാൻ
നീയെന്ന്യേ മറ്റൊരുവനെയവളോർക്കതെയാം വിധം

എന്നു കേട്ടുടനെ ഹംസത്തിനെ വിട്ടു മഹീപതി
അന്നങ്ങൾ പൊങ്ങിയുടനേ വിദർഭപുരി പുക്കുതേ
---------------------------------------------------------
ദമയന്തി തിരിഞ്ഞൊപ്പമെത്തിക്കണ്ടന്നമപ്പൊഴേ
മനുഷ്യ വാക്കു കൈക്കൊണ്ടു ദമയന്തിയോടോതിനാൻ
ദമയന്തീ, പുകഴ്ന്നൊരു നളൻ  നിഷധമന്നവൻ
രൂപം കൊണ്ടശ്വിനിയാഭവനവന്നില്ലൊപ്പമാരുമേ
അവനു നീ ഭാര്യയാഎന്നാലോ വരവർണ്ണിനീ
ജന്മം സഭലമായ് നിന്റെയഴകും തനുമധ്യമേ
നീയോ നാരീരത്നമാണാ നളൻ നരവരോത്തമൻ
വിശിഷ്ടയായ്  വിശിഷ്ട്ടന്റെ  സംഗമം ഗുണമുള്ളതാം

ബ്രഹദശ്വൻ പറഞ്ഞു:

ഏവം ഹംസം പറഞ്ഞൊരു ദമയന്തി ധരാപതെ
ഓതീ ഹംസത്തിനോടെന്നാലിതാ നളനോടോതെടോ
ആവാമെന്നാപ്പക്ഷിയേറ്റു വൈദർഭിയോടിളാപതേ 
ഉടനെ നിഷധം പുക്കു നളനോടിതുണർത്തിനാൻ'.

ഇത്രയുമേയുള്ളൂ ഹംസവിഷയം മഹാഭാരതത്തിൽ.  ശ്രീഹർഷൻറെയും ഉണ്ണായി വാരിയരുടെയും ഭാവനയുടെ സ്വർണ്ണച്ചിറകിലേറി  കാവ്യാകാശത്തേക്കു പറന്നുയർന്ന ഈ സൌവർണ്ണഹംസം 'മിന്നൽക്കൊടിയിറങ്ങി മന്നിലെ' വരുംപോലെ കളിയരങ്ങുകളിലേക്കു  പറന്നിറങ്ങിയപ്പോൾ കാണികളുടെ 'കണ്ണുകൾക്കതു പീയൂഷഝരിക' യായി മാറുകയായിരുന്നു. 'കന്ജഭവനനുടെ വാഹനമായ' ഹംസത്തിന്റെ ആകാരഭംഗി 'സ്വർണ്ണവർണ്ണമരയന്നം' എന്ന പ്രയോഗത്തിൽ ഉണ്ണായി ഒതുക്കിനിർത്തിയപ്പോൾ 'നളചരിതം തുള്ളൽപ്പാട്ടിൽ' കുഞ്ചൻ നമ്പ്യാർ ഒരു പടി കൂടി മുൻപോട്ടു പോയി.

"പങ്കമകന്നൊരു തങ്കം പൊന്നിനൊ-
ടങ്കം പൊരുതുമൊരന്ഗപ്രഭയും
കുങ്കുമനിറമാം ചിറകും കൊക്കും
പങ്കജരുചിരം ചരണദ്വയവും".

വ്യാസൻ പൊന്നിൻ നിറത്തിലുള്ള കുറെ ഹംസങ്ങളെയാണ് കണ്ടതെങ്കിൽ, വാരിയർ 'വർണ്ണം പലതായി മിന്നീടുമന്നങ്ങ' ളെയും  അവയ്ക്ക് നടുവിൽ  'സ്വർണ്ണവർണ്ണം തടവുന്ന ഒന്നിനെ'യും കണ്ട് അതിനെ നളചരിതഹംസം എന്നു വിളിച്ചു. വ്യാസന്റെയും ശ്രീ ഹർഷന്റെയും ഉണ്ണായിയുടെയും ഹംസം സ്വർണ്ണവർണ്ണമുള്ളതാണെങ്കിലും ഈ നിറമുള്ള അരയന്നങ്ങൾ തികച്ചും അസാധാരണമത്രേ. രാജഹംസം, മല്ലികാഷം, ധാർത്തരാഷ്ട്രം എന്നു മൂന്നു തരത്തിലുള്ള അന്നങ്ങൾ ഉണ്ടെങ്കിലും ഇവയൊന്നും സ്വർണ്ണനിറമുള്ളവയത്രേ! [1]. ഇത് ശരിയെങ്കിൽ നളചരിതഹംസത്തിനു പൊന്നിൻ നിറം ചാർത്തിക്കൊടുത്ത കാവ്യഭാവനയുടെ താത്പര്യം എന്തായിരിക്കാം?  ബ്രഹ്മദേവന്റെ വാഹനമായതു കൊണ്ട് ഈ അസാധാരണ വർണ്ണം നല്കിയതാണോ? കാമപീഡയാൽ തളർന്ന്‌ 'ഒന്നുകിൽ ദമയന്തിയുടെ കബരീപരിചയത്തിൽ രമിച്ചു ജീവിക്കണം, അല്ലെങ്കിൽ വിജനതയിൽ പോയി വസിക്കണം' എന്ന ചിന്തയിൽ അസ്വസ്ഥചിത്തനായിരിക്കുന്ന നളസവിധത്തിലേക്കാണ് ഹംസം ആദ്യം കടന്നു വരുന്നതെങ്കിൽ ഇതേപോലെ തന്നെ നളചിന്തയാൽ കാമാതുരയായി 'ആരാമസഞ്ചാരണം പോലും അതിദു:ഖകാരണമായിരിക്കുന്ന' ദമയന്തിയുടെ സവിധത്തിലേക്കാണ് ഹംസം പിന്നീട് എത്തിച്ചേരുന്നത്. ഹംസാഗമനത്തിനു മുൻപ് ഈ രണ്ടു രംഗങ്ങളും മ്ളാനമാണെന്നതും ഈ മ്ളാനതയിലേക്കാണ് 'കണ്ടാലെത്രയും കൌതുകമുള്ള സൌവർണ്ണ  ഹംസം' പറന്നിറങ്ങുന്നതതെന്നും കാണുമ്പോൾ നായികാനായകന്മാരുടെ മനസ്സിലെ വിരഹവേദനയുടെ കറുപ്പകറ്റി അവിടെ സന്തോഷത്തിന്റെ സ്വർണ്ണ പ്രഭ നിറക്കാൻ താൻ കാരണമാകാൻ പോകുന്നു എന്ന സൂചന നൽകലാണോ കവി ഉദ്ദേശിച്ചത്? ഇതെന്തു തന്നെയായാലും ഈ പൊന്നിൻ നിറം നളചരിതഹംസത്തിനേകിയ ചാരുത കുറച്ചോന്നുമല്ല!


നളചരിത ഹംസത്തെപ്പറ്റി  'നളചരിത സന്ദേശ' ത്തിൽ പ്രൊഫ.അയ്മനം കൃഷ്ണക്കൈമൾ [2] എഴുതിയിട്ടുള്ള വരികൾ ആ കഥാപാത്രത്തിന്റെ സമഗ്രസ്വഭാവം എടുത്തു കാണിക്കാൻ പര്യാപ്തമാണ്.

"നളചരിതം അട്ടക്കഥയിലെ ഹംസത്തിനെ ഒരു ദൂതനെന്നു വിളിക്കാൻ കഴിയില്ല. മഹാമനസ്കനും സൗഹൃദധനനുമായ മഹോപകാരിയായിട്ടാണ് വാര്യരുടെ ഹംസത്തെ നാം കാണേണ്ടത്. ആ പക്ഷിയുടെ സ്വർണ്ണവർണ്ണം തന്നെ അതിന്റെ ആന്തരികമായ സ്വർണ്ണാഭയുടെ പ്രത്യക്ഷലക്ഷണമാണ്. വചനകൌശലത്തിലെ മഞ്ജുനാദം അമൃതനിഷ്യന്ദിയുമാണ്. നിസ്വാർത്ഥമായ പരോപകാരത്തിന്റെ പ്രതീകമായിട്ടാണ്‌ നളചരിതത്തിലെ ഹംസം പ്രേക്ഷകസമക്ഷം പ്രത്യക്ഷപ്പെടുന്നത്. അനുരാഗിയായ അമരാധിപതിയെ വെടിഞ്ഞ്, ദമയന്തി നളനിൽ അനുരാഗിണിയായിത്തീരുന്നതിനുള്ള ചുമതല ഹംസം സ്വയം ഏറ്റെടുക്കുകയാണ് ചെയ്യുന്നത്. ദമയന്തിയുടെ  ഒരു അഭ്യുദയകാംഷി എന്ന നിലയിലല്ലാതെ നളന്റെ ദൂതൻ എന്ന ഭാവത്തിൽ ഹംസം അവളെ സമീപിച്ചിട്ടില്ല. ദമയന്തീസന്ദർശനം ഒരാകസ്മിക സംഭാവമായേ ഹംസം ഭാവിക്കുന്നുള്ളൂ. നളനിൽ അവൾ സ്വതേ ആസക്തയാണെങ്കിൽ തന്നെയും അവളുടെ ഹൃദയത്തെ വശീകരിക്കത്തക്കവിധം നളന്റെ ഗുണഗണങ്ങൾ ഹംസം വാഴ്ത്തുന്നുണ്ട്. ഒരു രാജകന്യകയുടെ അടുക്കൽ ദൂതനെ പറഞ്ഞയച്ച്‌ അവളെ വശീകരിക്കാൻ ശ്രമിച്ചു എന്ന അപവാദം നളനും കന്യകയായ ദമയന്തി കാമുകന്റെ സമക്ഷം തന്റെ പ്രണയപാരവശ്യം വെളിപ്പെടുത്തി എന്നൊരു പോരാഴ്മ ദമയന്തിക്കും ഉണ്ടാവാത്ത വിധം സമുചിതമായ സമീപനമാണ് ഹംസം നടത്തിയത്. നളന്റെ ആദർശയോഗ്യതക്കും ദമയന്തിയുടെ കുലീനതക്കും കോട്ടം തട്ടാത്ത വിധം, യുവമിഥുനങ്ങളുടെ  അഭിലാഷങ്ങൾക്ക് വ്യക്തതയും ദാർഡ്യവും നൽകുന്നതിന് ഉചിതമായ മാർഗ്ഗങ്ങളാണ് വാര്യരുടെ ഹംസം പ്രയോഗിച്ചിട്ടുള്ളത്. ഹർഷനാവട്ടെ, ഹംസത്തെ ഒരു അന്ത:പുരപരിചാരകന്റെ നിലയിൽ അധ:പതിപ്പിച്ചുകളഞ്ഞു. താൻ നളന്റെ ശയ്യാഗൃഹത്തിലെ സന്തതസഹചാരിയാണെന്നും അന്ത:പുരസ്ത്രീകളുമായി താൻ അടുത്തു പെരുമാറാറുണ്ടെന്നും അന്ത:പുരരഹസ്യങ്ങൾ ചോർന്നുപോകാതെ സൂക്ഷിക്കാറുണ്ടെന്നും മറ്റും പ്രസംഗവശാൽ പറയുന്ന ഹർഷന്റെ ഹംസത്തെ നളന്റെ ഒരു പ്രധാന പരിചാരകന്റെ നിലയിൽ മാത്രമേ ദമയന്തിക്കും വായനക്കാർക്കും കാണാൻ കഴിയുകയുള്ളൂ. നളിനാസനവരവാഹനമായ ഖഗേന്ദ്രനെ വ്യാസന്റെയും ശ്രീഹർഷന്റെയും സങ്കൽപ്പങ്ങൾക്ക് അതീതനായ, മഹോപകാരിയും മഹാമനസ്കനുമായി ചിത്രീകരിച്ച വാര്യരുടെ ഔചിത്യ ബോധം പ്രശംസനീയം തന്നെ".


നളചരിതം അട്ടക്കഥയിലെ ഹംസം സരസനും സംഭാഷണചതുരനും കൌശലക്കാരനും ആണ്. 'നളിനമിഴിമാരെ നടപടിപ്പിക്കുന്ന' ഒരു ഒന്നാം ഗ്രേഡ് നൃത്താചാര്യൻ കൂടിയാണ് ഈ ഹംസം. കഥാപാത്രപ്രകൃതി ഇങ്ങിനെയാകയാൽ ഭാവംശത്തിനും നൃത്താംശത്തിനും ഒരു പോലെ പ്രാധാന്യം ഉള്ള അവതരണമാണ് ഈ വേഷം വിജയിപ്പിക്കാൻ ആവശ്യമായിട്ടുള്ളത് എന്ന് കാണാം. നൃത്തനിബദ്ധമായ കേവല ചിട്ടകൊണ്ടോ ഒട്ടും നൃത്താംശമില്ലാത്ത  അഭിനയം കൊണ്ടു മാത്രമോ ഈ കഥാപാത്രത്തെ അതിന്റെ പൂർണ്ണതയിലെത്തിക്കാൻ കഴിയില്ല. ആട്ടക്കഥയിലെ ഹംസത്തിന്റെ പല പദങ്ങളും, സംഗീതഭംഗിയും നൃത്തഭംഗിയും ഒരു പോലെ ഒത്തുചേർന്ന രംഗാഭിനയത്തിനു വേണ്ടി രചിച്ചിട്ടുളളതാണ്. മുഖാഭിനയത്തിനു വേണ്ട വായും ചുണ്ടും കവിളും ഉൾപ്പെടുന്ന ഭാഗങ്ങൾ മറക്കപ്പെട്ടിരിക്കുന്നതിനാൽ കണ്ണുകളുടെയും പുരികങ്ങങ്ങളുടെയും കൃത്രിമച്ചുണ്ടിന്റെയും നിയന്ത്രിതമായ ചലനങ്ങൾ കൊണ്ടും പക്ഷിസഹജമായ ശാരീരികമായ ചലനങ്ങൾ കൊണ്ടും രസാവിഷ്ക്കാരം നിർവഹിക്കേണ്ടതായിട്ടുണ്ട്. 'സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ' പോലുള്ള വരികളിൽ അടങ്ങിയിരിക്കുന്ന ലൗകീകാർത്ഥതലങ്ങൾ കവി ഉദ്ദേശിച്ച രീതിയിൽ പ്രേക്ഷകമനസ്സിലേക്കെത്തിച്ചു വിജയിപ്പിക്കണമെങ്കിൽ കലാകാരൻ ലോകധർമ്മിയിലേക്ക് നീളുന്ന പല അഭിനയരീതികളെയും ആശ്രയിക്കേണ്ടതായി വരും എന്നതാണ് വസ്തുത. ഹംസവേഷക്കാരൻറെ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നതും ഇതുപോലെയുള്ള രംഗാവിഷ്ക്കാരങ്ങളാണ്. അവതരണത്തിലെ പരിധിവിടുന്ന സാധാരണത്വം കഥകളി നിബന്ധനകൾക്ക് ശരിയാകില്ല എന്നതുപോലെ തന്നെ കഥകളിസാങ്കേതികതയുടെ വേലിക്കെട്ടിനുള്ളിൽ തളച്ചിട്ടവതരിപ്പിച്ചാൽ അത് ഉണ്ണായിയുടെ നളചരിതഹംസമാകില്ല എന്നും വന്നു ഭവിക്കും. അവതരണത്തിന്റെ ഈ പ്രത്യേകതകളാലാകാം ഈ വേഷം കെട്ടി വിജയിപ്പിക്കാൻ കഥകളിയിൽ വളരെ കുറച്ചുപേർക്കു മാത്രമേ ഇതുവരെ കഴിഞ്ഞിട്ടുള്ളൂ. നളചരിതത്തിന്റെ സുവർണ്ണകാലഘട്ടങ്ങളിൽ ഈ ജീവസ്സുറ്റ കഥാപാത്രത്തെ ഏറ്റവും ഗംഭീരമായി അവതരിപ്പിച്ച നടനായിരുന്നു കുറിച്ചി കുഞ്ഞൻപണിക്കരാശാൻ. കലാമണ്ഡലം കൃഷ്ണൻനായരുടെ അഭിപ്രായത്തിൽ ഇത്ര തന്മയത്വത്തോടെയുള്ള ഹംസം ആശാനുമുൻപുണ്ടായിട്ടില്ല, ഇനി ഉണ്ടാകുമോ എന്നു സംശയവുമാണ്. 'കഥകളിയിലെ ഹംസം കുഞ്ഞൻപണിക്കരാശാന്റെ മരണത്തോടു  കൂടി നാമാവശേഷമായി എന്നു പറഞ്ഞാൽ അതൊരതിശോക്തിയാവില്ലെന്നും' കൃഷ്ണൻനായരാശാൻ അഭിപ്രായപ്പെട്ടിട്ടുണ്ട്. കുഞ്ഞൻ പണി ക്കരാശാനു ശേഷം ഹംസവേഷത്തെ ജനപ്രിയമാക്കിയ രണ്ടു പ്രധാന നടന്മാരാണ്, അദ്ദേഹത്തിന്റെ ശിഷ്യനായ ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയും ചെന്നിത്തല ചെല്ലപ്പൻപിള്ളയും.  ഈ വേഷത്തിൽ പ്രശസ്തിനേടിയ മറ്റു രണ്ടു പ്രമുഖ കലാകാരന്മാരായിരുന്നു കലാമണ്ഡലം പദ്മനാഭൻ നായരാശാനും വൈക്കം കരുണാകരൻ നായരും.

"കഥകളി നിഷ്ക്കർഷിക്കുന്ന നാട്യധർമ്മി നിബന്ധനകളിൽ ഒതുക്കി നിർത്തി അവതരിപ്പിച്ചാൽ നളചരിത ഹംസത്തിനുപൂർണ്ണത കൈവരിക്കാനാവില്ല. ഹംസാവതരണത്തിൽ ലോകധർമ്മിത്വം അനുപേക്ഷണീയമാണ്. പദങ്ങളിൽ ഉദ്ദേശിച്ചിട്ടുള്ള അർത്ഥങ്ങൾ പ്രേക്ഷകന് അനുഭവവേദ്യമാക്കിത്തീർക്കണമെങ്കിൽ, കലാകാരൻ നർമ്മബോധത്തോടെ പ്രവർത്തിക്കേണ്ടതുണ്ട്. ഈ വേഷത്തിനെ അവിസ്മരണീയമാക്കിയിട്ടുള്ള നടന്മാരെല്ലാം തന്നെ അങ്ങിനെയാണ് ചെയ്തിട്ടുള്ളത്. കുഞ്ഞൻ പണിക്കരാശാന്റെ മുഖത്തെഴുത്തും പക്ഷിചേഷ്ട്ടിതങ്ങളും സ്വതവേയുള്ള നർമ്മബോധവും ഹംസപ്രതീതി അരങ്ങിൽ സൃഷ്ട്ടിക്കാൻ പോന്നതായിരുന്നു. ആശാന്റെ ഹംസം കൂടുതലും ഉണ്ടായിട്ടുള്ളത് അതുല്യ നടന്മാരായിരുന്ന മാങ്കുളത്തിന്റെ നളനോടും കുടമാളൂരിന്റെ ദമയന്തിയോടും ഒപ്പം ആയിരുന്നു എന്നതും അതിന്റെ മാറ്റു വർദ്ധിക്കാൻ കാരണമായിരുന്നിരിക്കാം. ഓയൂർ കൊച്ചുഗോവിന്ദപ്പിള്ളയാശാനും ചെറുപ്പം മുതലേ ഹംസവേഷം ചെയ്യുമായിരുന്നുവെങ്കിലും കുഞ്ഞൻ പണിക്കരാശാന്റെ ശിഷ്യത്വം സ്വീകരിച്ചതിൽ പിന്നെയാണ് ആ വേഷത്തിൽ പ്രസിദ്ധനായത്‌. അദ്ദേഹത്തിന്റെ ഉയരം കുറഞ്ഞ് ഒതുങ്ങിയ ശരീരവും മുഖത്തിന്റെയും കണ്ണുകളുടെയും ആകൃതിയും ഹംസവേഷത്തിനു നന്നായിണങ്ങി. കഥക്ക് യോജിച്ച തന്മയത്തമുള്ള ആട്ടങ്ങളിലൂടെയാണ് ചെന്നിത്തല ചെല്ലപ്പൻ പിള്ളയാശാന്റെ ഹംസം കാണികളുടെ മനം കവർന്നത് . ' '....വാചാപി പറഞ്ഞുറപ്പിച്ചേൻ, സന്ധിപ്പിച്ചേൻ തവ ഖലു മനം ഭൈമിതൻ മാനസത്തോടിന്ദ്രൻ താനേ വരികിലിളകാ-' പോലുള്ള ഭാഗങ്ങൾ അഭിനയിപ്പിച്ചു ഫലിപ്പിക്കുവാൻ അദ്ദേഹത്തിനുള്ള കഴിവ് അപാരമായിരുന്നു. ഈ അനുഗ്രഹീത കലാകാരന്മാരുടെയെല്ലാം ഹംസത്തോടൊപ്പം നിരവധി തവണ ദമയന്തിയായി വേഷമിടാൻ എനിക്കു ഭാഗ്യമുണ്ടായിട്ടുണ്ട്. ചിറകു വച്ചും വയ്ക്കാതെയും ഹംസം ഉണ്ടാകാറുണ്ടെങ്കിലും ചിറകുവച്ചുള്ള ഹംസാവതരണത്തിനാണ് ഭംഗി എന്നാണെന്റെ പക്ഷം. ഹംസത്തിന്റെ പറക്കലിനു  ചെമ്പടയും ചമ്പയും നടപ്പിലുണ്ടെങ്കിലും ചെമ്പടതാളത്തിലെ അവതരണത്തിനു ലാളിത്യവും  ലാസ്യഭംഗിയും കൂടുതലായി അനുഭവപ്പെടാറുണ്ട് " -  പ്രശസ്ത കഥകളി കലാകാരൻ ശ്രീ. മാത്തൂർ ഗോവിന്ദൻകുട്ടിയാശാൻ അഭിപ്രായപ്പെട്ടു.


അവലംബം:
1. നളചരിതം ആട്ടക്കഥ 'കൈരളീ വ്യാഖ്യാനം':പ്രൊഫ.പന്മന രാമചന്ദ്രന്‍ നായര്‍, കറന്റ് ബുക്സ്.
2. 'നളചരിതസന്ദേശം', പ്രൊഫ. അയ്മനം കൃഷ്ണക്കൈമൾ, M.S. പ്രിന്റെർസ്, കോട്ടയം.  

Saturday, June 7, 2014

ഒരു കമ്പിയുടെ മന:ശ്ശാസ്ത്രംപത്തു  പന്ത്രണ്ടു  വർഷങ്ങൾക്കു  മുൻപു  നടന്ന  സംഭവമാണ്. ഭൂമിക്കടിയിലെ  നീരൊഴുക്കു  കണ്ടുപിടിക്കാൻ  ഉപയോഗിക്കുന്ന 'Hartsmann's dowsing rod' എന്ന 'L' ആകൃതിയിലുള്ള ലോഹക്കമ്പി കൊണ്ട് മനുഷ്യനിലെ ആത്മീയമണ്ഡലം  അളക്കാൻ കഴിയുമെന്നും ഹൈന്ദവാചാരങ്ങളുടെ ശാസ്ത്രീയത വെളിപ്പെടുത്താൻ ഈ ഉപകരണത്തിന് സാധിക്കുമെന്നും അവകാശപ്പെട്ടു കൊണ്ടു രണ്ടു ശാസ്ത്രന്ജന്മാരും ഒരു വേദപണ്ഡിതനും കൂടി  കേരളമൊട്ടുക്കു പ്രഭാഷണങ്ങളും സെമിനാറുകളും നടത്തിക്കൊണ്ടിരുന്ന കാലത്തിനു തൊട്ടു പിന്പുള്ള കാലം. ഇവരുടെ സിദ്ധാന്തങ്ങളെ നഖശിഖാന്തം എതിർത്തു കൊണ്ട്  പലരും അക്കാലത്ത് മാസികകളിൽ ലേഖനങ്ങൾ എഴുതിയിരുന്നു. ഒരു ശാസ്ത്രന്ജനും വേദപണ്ഡിതനും കൂടി പ്രഭാഷണം നടത്താൻ ചെന്നൈയിൽ വരുന്നു എന്നറിഞ്ഞു ഞാനും അതിൽ പങ്കെടുക്കാൻ പോയി.

ചെന്നൈയിലെ പ്രശസ്തമായ അയ്യപ്പ ക്ഷേത്രത്തിന്റെ ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം നടക്കുന്നത്. സാമാന്യം നല്ല സദസ്സുണ്ട്. ഭാരതീയ സംസ്കാരവും ആത്മീയതയും എന്താണെന്ന് പറഞ്ഞു വേദപണ്ഡിതൻ പ്രഭാഷണം തുടങ്ങി. ഹൈന്ദവ സംസ്കാരത്തെയും ആചാരങ്ങളെയും കുറിച്ച് കുറെയേറെ സംസാരിച്ചു. ഋഷിപ്രോക്തങ്ങളായ വലിയ കാര്യങ്ങൾ സാധാരണ മനുഷ്യന് അനുഭവവേദ്യമാക്കി അവന്റെ ജീവിതം അർത്ഥപൂർണവും ആനന്ദകരവുമാക്കാൻ ഉദ്ദേശിച്ചാണ് നമ്മുടെ പൂർവികർ വളരെ ചിന്തിച്ചും മനനം ചെയ്തും ഈ ആചാരങ്ങൾ അനുഷ്ട്ടിക്കാൻ നമ്മളെ ആഹ്വാനം ചെയ്തിരിക്കുന്നതെന്നും അതിനാൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ശ്രദ്ധാപൂർവം ചെയ്യേണ്ടത് അവശ്യമാണെന്നും അദ്ദേഹം ഉദ്ഘോഷിച്ചു.

അദ്ദേഹം തുടർന്നു.  ഇന്നലെ വരെ വളരെ abstract ആയി പറഞ്ഞും അനുഷ്ട്ടിച്ചും കൊണ്ടിരുന്ന ഹിന്ദുമതാചാരങ്ങൽ തികച്ചും ശരിയും ശാസ്ത്രീയാവുമാണെന്നു തെളിയിക്കാൻ കഴിയുന്ന ഒരുപകരണം ഞാൻ കൊണ്ടു  വന്നിട്ടുണ്ട്.  ബാഗ് തുറന്നു 'L' ആകൃതിയിലുള്ള ഒരു കമ്പി വെളിയിലെടുത്തു സദസ്യരയെല്ലാം അദ്ദേഹം കാണിച്ചു. ഈ ഉപകരണം കൊണ്ട് ഏതു വസ്തുവിന്റെയും ഊർജ്ജനില അളക്കാമത്രേ.  കമ്പി ഒരു പ്രത്യേക രീതിയിൽ കയ്യിൽ പിടിച്ചു ഒരു വസ്തുവിലേക്ക് കാണിച്ചാൽ ആ വസ്തുവിന്റെ ഊർജ്ജനിലക്കനുസരിച്ചു ഇടത്തേക്കോ വലത്തേക്കോ അതു ചലിക്കുമത്രെ. അതായത് ഒരു വസ്തുവിന്റെ ഊർജജം പോസിറ്റീവ് ആണെങ്കിൽ ഏതു ദിശയിലേക്കു കമ്പി തിരിയുമോ അതിന്റെ എതിർ ദിശയിലേക്കായിരിക്കും വസ്തുവിന് നെഗറ്റീവ് ഊർജ്ജമാണെങ്കിൽ കമ്പി തിരിയുക എന്നർഥം.  ഉദാഹരണത്തിനായി അദ്ദേഹം ഒരു പുഷ്പം മേശയിൽ നിന്നെടുത്തു കമ്പിയുടെ നേരെ പിടിച്ചു; കമ്പി ഒരു വശത്തേക്ക് തിരിഞ്ഞു. പുഷ്പം ഒന്ന് മണപ്പിച്ചിട്ടു വീണ്ടും കമ്പിയുടെ നേരെ പിടിച്ചു; ആദ്യം തിരിഞ്ഞതിന്റെ എതിർ ദിശയിലേക്കു കമ്പി തിരിഞ്ഞു. ഹിന്ദു മതാചാരപ്രകാരം മണപ്പിച്ച പുഷ്പത്തിന് നെഗറ്റീവ് ഊർജ്ജവും മണപ്പിക്കാത്ത പുഷ്പത്തിന് പോസിറ്റീവ് ഊർജ്ജവും ആയതിനാലാണ് കമ്പി ഇങ്ങനെ പ്രവർത്തിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. നമ്മുടെ ഭവനങ്ങളിലെ വസ്തുക്കളിലെ പോസിറ്റീവ്-നെഗറ്റീവ് ഊർജ്ജനിലകൾ കണ്ടുപിടിച്ചു നെഗറ്റീവ് ആയവ ഒഴിവാക്കി പോസിറ്റീവ് ഊർജ്ജത്താൽ വീട് നിറച്ചു ജീവിതം ഐശ്വര്യപ്രദവും സംതൃപ്തവും ആക്കാനുള്ള ഈ കമ്പിയുടെ അപാര കഴിവ് എല്ലാവരും പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം നിർദ്ദേശിച്ചു. കാനഡയിൽ നിർമ്മിക്കുന്ന ഈ കമ്പി 40 ഡോളറിനു വിപണിയിൽ ലഭ്യമാണെന്നും പറഞ്ഞു. താനിതൊക്കെ വെറുതെ വിളിച്ചു പറയുന്നതല്ലെന്നും തന്നോടൊപ്പമുള്ള പ്രഗല്ഭരായ ശാസ്ത്രന്ജരുടെ വിലയിരുത്തലുകളുടെ പിൻബലത്തിലാണ് താനിതെല്ലാം പറയുന്നതെന്നും അദ്ദേഹം  കൂട്ടിച്ചേർത്തു. യാതൊരു അദ്ധ്വാനവും കൂടാതെ, കേവലം 40 ഡോളർ ചിലവിൽ ജീവിതം ആനന്ദപൂർണ്ണമാക്കം എന്ന പ്രതീക്ഷയിൽ  ജനം  അദ്ദേഹത്തിൻറെ തുടർന്നുള്ള വാക്കുകൾക്കായി ആദരപൂർവം കാതു കൂർപ്പിച്ചിരിപ്പായി.


സദസ്യരുടെ അളവറ്റ സന്തോഷവും ജിഞ്ജാസാഭരിതവുമായ ചോദ്യങ്ങളും എല്ലാം കൂടിയായപ്പോൾ പ്രഭാഷകൻ ഒന്നുകൂടി ഉഷാറായി. പോക്കറ്റിൽ നിന്ന് 500 രൂപയുടെ ഒരു കറൻസി നോട്ടെടുത്തിട്ടു അദ്ദേഹം ഞങ്ങളോട് ചോദിച്ചു, 'ഇതിൽ കാണുന്ന ഗാന്ധി പോസിറ്റീവ് ആയിരിക്കുമോ അതോ നെഗറ്റീവ് ആയിരിക്കുമോ? ആർക്കെങ്കിലും പറയാമോ?'. അവിടെ കൂടിയിരുന്ന ഞാനുൾപ്പെടെയുള്ള ഗാന്ധിഭക്തന്മാർക്ക് മറിച്ചൊന്നു ചിന്തിക്കേണ്ടി വന്നില്ല. ഞങ്ങൾ ഒരേ സ്വരത്തിൽ പറഞ്ഞു, 'പോസിറ്റീവ്'. പ്രഭാഷകൻ ഒന്നു ചിരിച്ചു, 'എല്ലാവരുടെയും വിചാരം ഇങ്ങനെയാണ്, പക്ഷെ സത്യം അതല്ല,കണ്ടോളൂ ഞാൻ ഇപ്പോൾ ശാസ്ത്രീയമായി തെളിയിച്ചു തരാം'. ഇതും പറഞ്ഞദ്ദേഹം കമ്പി നോട്ടിനു നേരെ പിടിച്ചു; കമ്പി ഒരു വശത്തേക്ക് തെന്നി മാറി. 'ഇതാ കണ്ടില്ലേ, ഈ കമ്പി കാണിക്കുന്നത് ഗാന്ധി 'നെഗറ്റീവ്' ആണെന്നാണ്‌. സദസ്യർക്കിടയിൽ ആശയക്കുഴപ്പമായി. തങ്ങൾ ഇന്നുവരെ മഹാത്മാവാണെന്നു ചിന്തിച്ചിരുന്ന ഗാന്ധി അതൊന്നുമല്ലേ? ശാസ്ത്രീയ നിരീക്ഷണം ആകുമ്പോൾ പണ്ഡിതൻ പറഞ്ഞത് തള്ളിക്കളയാനും ആവില്ലല്ലോ? ഇങ്ങനെയൊക്കെ ചിന്തിച്ചതിനാലാകാം എല്ലാവരും ഒന്നും മിണ്ടാതെ ശ്വാസം അടക്കിപ്പിടിച്ച് അദ്ദേഹം പറയുന്നതും കേട്ടുകൊണ്ടിരുന്നു.
പക്ഷേ, തികഞ്ഞ ഗാന്ധിഭക്തനായ എനിക്കതത്ര ഇഷ്ട്ടപ്പെട്ടില്ല. ഒരു ചോദ്യമെങ്കിലും ചോദിക്കാതെ അദ്ദേഹം പറയുന്നത് അപ്പാടെ വിഴുങ്ങുന്നത് ശരിയല്ല എന്നു തോന്നിയതിനാൽ ഞാൻ ചോദിച്ചു, 'കമ്പി തിരിഞ്ഞെന്നല്ലേ ഉള്ളൂ. തിരിഞ്ഞത്  'നെഗറ്റീവ്' ദിശയിലേക്കാണെന്ന് എങ്ങിനെ പറയാൻ കഴിയും? സ്ഥിരമായി ഒരു ദിശയെ പോസിറ്റീവ് എന്നോ നെഗറ്റീവ് എന്നോ പറയാൻ കഴിയാത്ത  നിലയ്ക്ക്, കമ്പി 'നെഗറ്റീവ്' ആയി തിരിഞ്ഞു എന്ന് പറയുന്നതെങ്ങനെ?  അല്ലെങ്കിൽ തന്നെ ഗാന്ധിജി എങ്ങിനെയാണ്  ഈ രാജ്യത്ത് 'നെഗറ്റീവ്' ആകുന്നതു്?


ഉരുളക്കുപ്പേരി പോലെ എനിക്കദ്ദേഹം ഉത്തരം തന്നു.' ഈ രാജ്യത്ത് ആയിരക്കണക്കിന് വർഷങ്ങളായി നിലനിന്നുപോന്ന ഹൈന്ദവാചാര വ്യവസ്ഥകൾ എല്ലാം നശിപ്പിച്ച്, സോഷ്യലിസം നടപ്പാക്കി ഈ നാട് കുട്ടിച്ചോറാക്കിയത് ഈ ഗാന്ധിയും നെഹ്രുവും കൂടിയല്ലേ? പിന്നെ ഇവരെങ്ങിനെ 'നെഗറ്റീവ്' ആകാതിരിക്കും?  

പ്രഭാഷകന്റെ ലൈൻ എനിക്കു പിടികിട്ടി. മാന്യമായി ചില ചോദ്യങ്ങൾ ചോദിക്കേണ്ടത്‌ അവശ്യമാണെന്ന് എനിക്ക് തോന്നി.

'ഈ ഉപകരണത്തിന്റെ പ്രവർത്തനം നൂറുശതമാനം  ശാസ്ത്രീയമാനെന്നാണല്ലോ താങ്കൾ അവകാശപ്പെടുന്നത്? പക്ഷേ എല്ലാവരുടെയും കൈയ്യിൽ ഇത് ഒരു പോലെ പ്രവർത്തിക്കണം എന്നില്ല എന്നും താങ്കൾ പറയുന്നു. ഒരു കാര്യം 'ശാസ്ത്രീയം' എന്ന് പറയണമെങ്കിൽ അതിനു പാലിക്കപ്പെടേണ്ട ചില നിയമങ്ങളുണ്ട്. സ്ഥിരത നിർബന്ധമാണ്‌. ഒരാളുടെ കൈയ്യിൽ വസ്തുവിന്  'പോസിറ്റീവ്' മാനവും മറ്റൊരാളുടെ കൈയ്യിൽ അതേ വസ്തുവിന് 'നെഗറ്റീവ്' മാനവും നല്കാൻ കഴിയുന്ന ഉപകരണം കൊണ്ട് ചെയ്യുന്ന പരീക്ഷണങ്ങളെ  എങ്ങിനെ  'ശാസ്ത്രീയം' എന്ന് വിളിക്കും?  'സൈക്കോമോട്ടോർ ഇഫക്റ്റ്' കാരണം പിടിച്ചിരിക്കുന്ന ആളിന്റെ മനോനിലക്ക് അനുസരിച്ച് കമ്പി തിരിയുന്നുവെന്നേയുള്ളൂ എന്ന് പലരും മാസികകളിൽ എഴുതിക്കണ്ടു. ഇതിൽ വല്ല ശരിയും ഉണ്ടോ? ഞാൻ ശാസ്ത്രവിഷയം കൈകാര്യം  ചെയ്യുന്ന ഒരാളാണ്. അതുകൊണ്ട് ചോദിക്കുന്നതാണ്'.


എന്റെ ചോദ്യം കേട്ടതും പ്രഭാഷകന്റെ മട്ടും ഭാവവും മാറി. 'ഓഹോ, താനൊരു ശാസ്ത്രന്ജനാണപ്പോൾ? മഞ്ഞ മാസികകൾ എഴുതിപ്പിടിപ്പിച്ച കഥകളും വായിച്ച് വന്നിരിക്കയാണല്ലേ? തന്നെപ്പോലെ നിരീശ്വരവാദികളായ കുറെ ശാസ്ത്രന്ജന്മാരാണ് ഈ രാജ്യം നശിപ്പിക്കുന്നത്. ഹൈന്ദവാചാരങ്ങളെയും സംസ്കാരത്തെയും തള്ളിപ്പറയുന്ന തന്റെ വർഗ്ഗമാണീ രാജ്യത്തിന്റെ ശാപം...........................താൻ നോക്കിക്കോ? തന്റെയും തന്നെപ്പോലുള്ളവരുടെയും ചെയ്തികൾ കാരണം ഈ നാടു നശിക്കുന്നത് കണ്ടിട്ടേ താനും മരിക്കൂ'; അദ്ദേഹം ആക്രോശിച്ചു.

ഇത് കൊണ്ടൊന്നും അദ്ദേഹത്തിനു കലിയടങ്ങിയില്ല. 'ഇയ്യാളെപ്പോലെ നീചബുദ്ധികളിരിക്കുന്നിടത്ത് സംസാരിക്കാൻ ഞാൻ ആളല്ല' എന്നും പറഞ്ഞു പ്രഭാഷണം നിർത്തി, കൂടെ കൊണ്ടുവന്ന സാമഗ്രികൾ ബാഗിലാക്കി നിൽപ്പായി. സഭ അലങ്കോലമായി. 40 ഡോളർ കൊണ്ട് ജീവിതം ശോഭാനമാക്കാം എന്നു കനവു കണ്ടിരുന്ന കുറേപ്പേർ എന്നെ നോക്കി പിരാകി.  ചിലർ എന്റടുത്തുവന്നു കയർത്തു. പക്ഷെ ഞാൻ പറഞ്ഞതിലെന്തോ കാര്യമുണ്ടെന്നു മനസ്സിലാക്കി അതറിയാനുള്ള താത്പര്യം കാരണം കുറേപ്പേർ എന്റെ ചുറ്റും കൂടി. സത്യത്തിൽ അതൊരു ഭാഗ്യമായി. അല്ലെങ്കിൽ എന്റെ തടി അന്നവിടെ കേടായിപ്പോയേനെ! 

പിറ്റേന്നാൾ ചെന്നൈയിലെ തന്നെ മറ്റൊരു പ്രഭാഷണ വേദിയിൽ എന്നെക്കണ്ടപ്പോൾ വേദപണ്ഡിതന്റെ പ്രഭാഷണം നടന്ന ക്ഷേത്രത്തിലെ ഭാരവാഹികൾ എന്നോടു പറഞ്ഞു, 'ഞങ്ങൾ താങ്കളോടു മാപ്പു ചോദിക്കുന്നു. താങ്കൾ വളരെ ന്യായമായ ചില ചോദ്യങ്ങളാണ് അവിടെ ചോദിച്ചത്. എന്തിനാണ് പ്രഭാഷകൻ അങ്ങിനെ പെരുമാറിയതെന്ന് ഞങ്ങൾക്കിപ്പോഴും മനസ്സിലാകുന്നില്ല'.


അതെ, അതാണതിന്റെ കാര്യം. എന്താണ് ഈ അസഹിഷ്ണുതക്ക് കാരണം? യേശുക്രിസ്തുവടക്കം വിദേശീയമായതെല്ലാം മ്ളെച്ഛവും അതുകൊണ്ട് 'നെഗറ്റീവും' ആകും എന്നു കണ്ടുപിടിച്ചു മാസികയിൽ എഴുതിയ  ഈ യാഥാസ്ഥിതിക പണ്ഡിതനെങ്ങനെയാണ് മ്ളെച്ഛനായ സായിപ്പ് കണ്ടുപിടിച്ച ഉപകരണം തന്റെ സംസ്കാരത്തിന്റെ സവിശേഷത മറ്റുള്ളവർക്ക് മനസ്സിലാക്കിക്കൊടുക്കുവാൻ ഉപയോഗിക്കാൻ കഴിയുക? താൻ തൊട്ടതിനാൽ കമ്പിയുടെ മ്ളെച്ഛത ഇല്ലാതായെന്നായിരിക്കാം. ഇതൊക്കെ ശാസ്ത്രീയവൽക്കരിക്കാൻ കുറെ ശാസ്ത്രന്ജരും! തിരുവായ്ക്ക് എതിർവായ് പറഞ്ഞു കേട്ടു ശീലമില്ലാത്ത പണ്ഡിതന് പിന്നെങ്ങിനെ കലി വരാതിരിക്കും? സകല ചരാചരങ്ങളുടെയും നന്മയെ മാത്രം കാംഷിക്കുന്ന ഒരു ഉത്കൃഷ്ടസംസ്കാരത്തിന്റെ പേരിലാണ്  ഈ പിത്തലാട്ടമെല്ലാം അരങ്ങേറുന്നത് എന്നു കാണുമ്പോൾ 'കാടത്തത്തോടെതിർത്തു നിന്നവനേ ഗീതാർത്ഥസാരം ഗ്രഹിക്കുവാനാകൂ' എന്ന വരികളാണ് ഓർമ്മയിൽ വന്നത്.


('ചാലകം' മാസികയിൽ മെയ്‌ 2009 ൽ പ്രസിദ്ധീകരിച്ച ഈ ലേഖനത്തിൽ പരാമർശിക്കുന്ന പ്രഭാഷകൻ ഇന്ന് ജീവിച്ചിരിപ്പില്ല എന്നാണെന്റെ അറിവ്). 

Tuesday, April 29, 2014

കഥകളി മോരിലെ വെണ്ണ : ശ്രീ. കലാമണ്ഡലം കൃഷ്ണൻ നായർ

                                                                     

'മോരിലെ  വെണ്ണ പോലെ നീ എന്നും കഥകളിയുടെ മുകളിൽ തന്നെ കിടക്കും' എന്ന തന്റെ ആദ്യഗുരുനാഥന്റെ ആശീർവാദം നേടി അത് അക്ഷരാർഥത്തിൽ സാർഥകമാക്കി വിശ്വകലാരംഗം വിട്ടൊഴിഞ്ഞ അനുഗ്രഹീത കലാകാരനാണ്  ശ്രീ. കലാമണ്ഡലം കൃഷ്ണൻ  നായർ.  കഥകളിയെന്ന കലാസൌകുമാര്യത്തിന്റെ സർവാതിശായിയായ എല്ലാ സാങ്കേതിക-ലാവണ്യ ഭംഗികളിലേക്കും ഒരു  യാഗാശ്വത്തെപ്പോലെ കടന്നുചെല്ലുകയും തന്റെ അനിതരസാധാരണമായ സർഗ്ഗപ്രതിഭ കൊണ്ട് കണ്ടതെല്ലാം വെട്ടിപ്പിടിച്ചു തന്റേതാക്കി വിജശ്രീലാളിതനായി കഥകളി അരങ്ങു വാഴുകയും ചെയ്ത  അനശ്വര കലാചക്രവർത്തിയായിരുന്നു കലാമണ്ഡലം എന്ന ഓമനപ്പേരിൽ അറിയപ്പെട്ടിരുന്ന കലാമണ്ഡലം കൃഷ്ണൻ നായർ. കേരളത്തിന്റെ തെക്കേയറ്റം മുതൽ  വടക്കേയറ്റം വരെ നിലനിന്നിരുന്ന വിവിധ കഥകളിശൈലികളെ തന്റെ അസാമാന്യ പ്രതിഭാവിലാസം കൊണ്ട് തന്നിലേക്ക് ആവാഹിക്കുകയും അതിന്റെയെല്ലാം നല്ല വശങ്ങളെ തന്റെ കലാധിഷണയുടെ മൂശയിലിട്ടു വാർത്ത് കഥകളി എന്ന കേരളകലയുടെ ചേതോഹരവും സമ്പൂർണ്ണവുമായ രൂപം ലോകസമക്ഷം അവതരിപ്പിക്കുക എന്ന മഹനീയ ദൌത്യമാണ് കലാമണ്ഡലം കൃഷ്ണൻ നായർ ഏറ്റെടുത്തത്. ഇങ്ങനെയൊരു കഥകളി ഉപാസനയിലൂടെ തനിക്കു മുന്പും പിൻപും നടന്ന കഥകളി കലാകാരന്മാരിൽ നിന്നും വളരെ വ്യത്യസ്തനാകുകയായിരുന്നു ഈ പ്രതിഭാശാലി. അദ്ദേഹത്തിൻറെ നൂറാം ജന്മദിനം കൊണ്ടാടുന്ന ഈ വേളയിൽ അദ്ദേഹത്തിൻറെ ആത്മകഥയായ 'എന്റെ ജീവിതം: അരങ്ങിലും  അണിയറയിലും (ഡി.സി.ബുക്സ്, കോട്ടയം)' എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി അദ്ദേഹത്തിൻറെ ജീവിതത്തിലേക്ക് ഒരെത്തിനോട്ടം നടത്താൻ ശ്രമിക്കയാണിവിടെ. കഥകളിയുടെ ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു കലാമണ്ഡലം കൃഷ്ണൻ നായർ എന്നതിനാൽ അദ്ദേഹത്തിൻറെ ജീവിതത്തിലേക്കുള്ള ഈ യാത്ര സ്വാഭാവികമായും ആ കാലഘട്ടത്തിലേക്കുള്ള ഒരു യാത്രയായി കൂടി കരുതേണ്ടിയിരിക്കുന്നു.

കണ്ണൂർ ജില്ലയിൽ ചിറക്കൽ താലൂക്കിലുള്ള ചെറുതാഴം അംശം കുന്നുമ്പുറം ദേശം പുതിയേടത്ത് വീട്ടിലായിരുന്നു കൊല്ല വർഷം1089 മീനമാസത്തിലെ മകം നക്ഷത്രത്തിൽ കൃഷ്ണന്റെ ജനനം (ഇത് ഗ്രിഗോറിയൻ കലണ്ടർ പ്രകാരം 1914 ഏപ്രിൽ 7 ഉം വെർണാക്കുലർ കലണ്ടർ പ്രകാരം 1914 ഏപ്രിൽ 11 ഉം ആണെന്ന് കാണുന്നു). അച്ഛനും ഒരു ജ്യേഷ്ഠനും  ഉണ്ടായിരുന്നെങ്കിലും ദരിദ്രയായ അമ്മയായിരുന്നു ബാലനായ കൃഷ്ണന്റെ എല്ലാം എല്ലാം. വയലിൽ  വേല ചെയ്തു കിട്ടുന്നതും വീടിനടുത്തുള്ള പ്രശസ്തമായ വാരണക്കോട്ടില്ലത്തെ സഹായങ്ങളും കൊണ്ടാണ് അമ്മ കൃഷ്ണനെ പോറ്റിയിരുന്നത്. വിശന്നപ്പോൾ പലപ്പോഴും ആഹാരം തരമായതും കഥകളി പഠിക്കണമെന്ന മോഹം സാധിച്ചു കിട്ടിയതും വാരണക്കോട്ടില്ലത്തെ നല്ലവരായ നമ്പൂതിരിമാരുടെ സന്മനസ്സുകൊണ്ടാണ്. വാരണക്കോട്ടില്ലത്ത് അക്കാലത്ത് തുടങ്ങിയ കളിയോഗത്തിൽ വച്ച് കല്ലടിക്കോടൻ സമ്പ്രദായത്തിലെ പ്രഗൽഭനായ കഥകളി ആചാര്യനായിരുന്ന ചന്തുപണിക്കരിൽ നിന്നും എണ്ണയും മെഴുക്കും വാങ്ങി രണ്ടു വർഷം കഥകളി അഭ്യസിച്ചു. തന്റെ എല്ലാമായിരുന്ന അമ്മയോടുള്ള  സ്നേഹാതിരേകവും അതുപോലെ തന്റെ കഷ്ട്ടത നിറഞ്ഞ ബാല്യകാല ജീവിതത്തിൽ തനിക്കു ആശ്രയമാകുകയും കഥകളി പഠിക്കാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കുകയും ചെയ്ത വാരണക്കോട്ടു മനയിലുള്ള നമ്പൂതിരിമാരോടുള്ള  നന്ദിയും കടപ്പാടും അദ്ദേഹത്തിൻറെ എഴുത്തിൽ നിഴലിച്ചു നില്ക്കുന്നുണ്ട്. വളരെ വർഷങ്ങൾക്കു ശേഷം വാരണക്കോട്ടില്ലത്തെ കളിയോഗം കലാമണ്ഡലത്തിനു വിൽക്കുമ്പോൾ അതിലെ 'വെള്ളിയിൽ തീർത്ത ആദ്യാവസാന കിരീടം വിൽക്കുന്നില്ല, അത് കിട്ടനുള്ളതാണ്' എന്നു പറയുമ്പോൾ  കൃഷ്ണൻ നായരാശാൻ വിതുമ്പി പോകുന്നത് ഇതുകൊണ്ടാണ്. ഫ്യുഡലിസത്തിന്റെ  അന്ധകാരകാലഘട്ടത്തിലും ഇതുപോലെയുള്ള മനുഷ്യസ്നേഹത്തിന്റെ മണ്‍ചിരാതുകൾ പലയിടങ്ങളിലും ആശാന് തന്റെ കലാജീവിതവുമായി മുന്നോട്ടു പോകാനുള്ള ഊർജ്ജവും വെളിച്ചവും പകർന്നു നല്കിയിരുന്നതിന്റെ ഉദാഹരണങ്ങൾ ആത്മകഥയിൽ ഉടനീളം  കാണാവുന്നതാണ്.

                                                           (courtesy: The Hindu archives)

വാരണക്കോട്ടു കളരിയിലെ രണ്ടു വർഷത്തെ പഠനത്തിനുശേഷം ചില കഥകളി  കലാകാരന്മാരുമായി ബന്ധപ്പെട്ടു വേഷങ്ങൾ കെട്ടിക്കൊണ്ടിരിക്കുമ്പോളാണ് കൃഷ്ണൻ നായർ യാദൃശ്ചികമായി വള്ളത്തോൾ നാരായണമേനോന്റെ  ശ്രദ്ധയിൽപ്പെടുന്നത്. കൃഷ്ണൻ നായരുടെ അഭിനയ പാടവം നേരിൽ കണ്ടു മനസ്സിലാക്കിയ മഹാകവി, കൂടുതൽ കഥകളി പഠനങ്ങൾക്കായി തങ്ങൾ അടുത്തു തന്നെ തുടങ്ങാൻ പോകുന്ന കലാമണ്ഡലത്തിൽ ചേർന്നു പഠിക്കാൻ കൃഷ്ണൻ നായരെ പ്രേരിപ്പിക്കുകയായിരുന്നു. അങ്ങിനെ കേരള കലാമണ്ഡലത്തിലെ ആദ്യബാച്ചിലെ വിദ്യാർഥികളിൽ ഒരാളായി ചേർന്ന കൃഷ്ണൻ നായർ  പ്രശസ്ത കഥകളി ആചാര്യൻ പട്ടിക്കാംതൊടി രാവുണ്ണി മേനോനിൽ നിന്ന് കല്ലുവഴി ചിട്ടയിലെ ചിട്ടപ്രധാനമായ കഥകളിയും രസാഭിനയ പ്രതിഭയായിരുന്ന ഗുരു കുഞ്ചുക്കുറുപ്പിൽ നിന്ന് അഭിനയ കലയും സ്വായത്തമാക്കി. സാമ്പ്രദായികതയിൽ ഊന്നി നിന്ന് അച്ചടക്കത്തോടും തികഞ്ഞ ചിട്ടയോടും കഥകളി പഠിപ്പിക്കാൻ രാവുണ്ണിയാശാനെപ്പോലെ മറ്റൊരു ഗുരുനാഥൻ ഉണ്ടായിട്ടില്ല എന്ന് കൃഷ്ണൻ നായർ  അടിവരയിട്ടു പറയുന്നുണ്ട്. തന്റെ ജോലിക്ക് ലഭിച്ചിരുന്ന തുച്ഛമായ വരുമാനം ഒന്നും അദ്ദേഹത്തെ ഒരിക്കലും വ്യാകുലപ്പെടുത്തിയിരുന്നില്ലത്രേ; പുതിയ തലമുറയിലേക്കു ചിട്ടയായ കഥകളി പകർന്നു നൽകുന്നതിലായിരുന്നത്രേ ആ ആചാര്യന് എന്നും താത്പര്യം. ശുണ്ടിയും കടുംപിടുത്തവും കുറച്ചു കൂടുതലായിരുന്ന രാവുണ്ണി ആശാൻ വള്ളത്തോളിനോട് ഇടഞ്ഞു കലാമണ്ഡലം വിട്ടുപോയപ്പോൾ, ചിട്ടയായി കഥകളി അഭ്യസിപ്പിക്കുവാൻ കഴിവുള്ള ആ ആചാര്യനിൽ നിന്നു തന്നെ തനിക്കു കഥകളി അഭ്യസിക്കണം എന്ന ആഗ്രഹത്തോടെ  അദ്ദേഹത്തെ  കലാമണ്ഡലത്തിൽ തിരികെ എത്തിക്കുവാൻ കൃഷ്ണൻ നായർ ചെയ്തിട്ടുള്ള ശ്രമങ്ങൾ  അഭിനന്ദനാർഹമാണ്. കുറുക്കുവഴികൾ തേടാതെ അത്യന്തം ക്ളേശകരമായ അഭ്യാസത്തിലൂന്നി കഥകളി പഠിച്ചു,  ഒരു യഥാർത്ഥ  കഥകളി നടനായി വളരണം എന്നുള്ള കൃഷ്ണൻ നായരുടെ ഉൽക്കടമായ അഭിവാഞ്ചയാണ് ഇതിനൊക്കെ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്നു വ്യക്തം. കണ്ണൂർക്കാരനായ അദ്ദേഹത്തിൻറെ ഭാഷാശൈലിയെയും മറ്റും മദ്ധ്യകേരളീയരായിരുന്ന ജൂനിയർ വിദ്യാർഥികൾ പരിഹസിച്ചിരുന്നതായും തക്കം കിട്ടുമ്പോഴൊക്കെ അവർ അദ്ദേഹത്തെ ചെറുതാക്കാനും ഒഴിവാക്കാനും ശ്രമിച്ചിരുന്നതായും അദ്ദേഹം രേഖപ്പെടുത്തുന്നുണ്ട്. അതുപോലെ വള്ളത്തോളിന്റെ നിർദ്ദേശപ്രകാരം കലാമണ്ഡലത്തിൽ  കഥകളി അഭ്യസിപ്പിക്കുവാനായി വടക്കു നിന്നും താൻ വിളിച്ചുകൊണ്ടുവന്ന കഥകളി ആചാര്യൻ അമ്പുപ്പണിക്കർക്ക് പ്രാദേശിക വാദത്തിന്റെ പേരിൽ പരിഹാസശരങ്ങൾ ഏല്ക്കേണ്ടി വന്ന്  കലാമണ്ഡലം വിട്ടു പോകേണ്ടി വന്നതും  കൃഷ്ണൻ നായരെ വല്ലാതെ വേദനിപ്പിച്ചു. ഇങ്ങനെ പ്രാദേശിക വാദം ശക്തമായിക്കൊണ്ടിരുന്ന കലാമണ്ഡലത്തിന്റെ നിയന്ത്രണം വള്ളത്തോളിൽ നിന്നും കൊച്ചി രാജാവിലേക്ക് മാറുക കൂടി ചെയ്തപ്പോൾ കൂടുതൽ സ്വതന്ത്രമായ കലാജീവിതം മുന്നിൽ കണ്ട്  കൃഷ്ണൻ നായർ  തന്റെ കലാമണ്ഡല ജീവിതം അവസാനിപ്പിക്കുകയായിരുന്നു. അങ്ങിനെ ആറു വർഷം  വേഷ വിദ്യാർത്ഥിയായും രണ്ടു വർഷം പട്ടിക്കാംതൊടി ആശാന്റെ അസിസ്റ്റന്റായും പിന്നെ നാലു വർഷം കഥകളി അദ്ധ്യാപകനായും കലാമണ്ഡലത്തിൽ   കഴിഞ്ഞ അദ്ദേഹം കലാമണ്ഡലം വിട്ടു. പിൽക്കാലത്ത്‌ കേരളകലാമണ്ഡലത്തിൽ തെക്കൻചിട്ട പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ടിരുന്ന പല കഥകളി കലാകാരന്മാർക്കും അമ്പുപ്പണിക്കരാശാനെപ്പോലെ പരിഹാസശരങ്ങളും എതിർപ്പും ഏല്ക്കേണ്ടി വന്നിട്ടുണ്ട് എന്നതു കൂടി കൂട്ടി വായിക്കുമ്പോൾ കൃഷ്ണൻ നായരാശാന്റെ  ആത്മകഥയിൽ പരാമർശിക്കപ്പെടുന്ന കലാമണ്ഡലത്തിന്റെ അക്കാലത്തെ പ്രാദേശികതീവ്രവാദസ്വഭാവം ഒന്നു കൂടി വ്യക്തമാക്കപ്പെടുകയാണ്. ഇത് കഥകളിയുടെ തെക്കൻ (കപ്ളിങ്ങാടൻ)-വടക്കൻ (കല്ലടിക്കോടൻ) ശൈലികളുടെ തനതായ കലാഭംഗികൾക്ക് വലിയ ക്ഷയം സംഭവിപ്പിക്കാനും  അതുവഴി  കഥകളിയെന്ന കേരളകലയുടെ പൂർണ്ണരൂപം ലോകസമക്ഷം കാഴ്ച്ചവക്കുന്നതിനു തടസ്സങ്ങൾ സൃഷ്ട്ടിക്കുവാനും സ്വാഭാവികമായും കാരണമായിരുന്നിരിക്കണം. കലാമണ്ഡലത്തിന്റെ ഈ സങ്കുചിത മനോഭാവത്തോടുള്ള പ്രതിഷേധമാണ്, 'കഥകളി ഒരു പ്രത്യേക ദിക്കുകാരുടെ കുത്തകയാണെന്ന വാദം ആരും അംഗീകരിക്കുകയില്ല' എന്ന് തന്നെക്കാൾ മുതിർന്ന കലാകാരനായ കോപ്പൻനായരോട്  കലാമണ്ഡലത്തിൽ വച്ചു കൃഷ്ണൻ നായർ  പറഞ്ഞ വാക്കുകളിൽ പ്രതിഫലിക്കുന്നത്.  കൃഷ്ണൻ നായരിൽ കൂടി ആദ്യമായി പുറംലോകത്തു മേൽവിലാസം  നേടിയ  ഈ സ്ഥാപനത്തിന്റെ പിൽക്കാലത്തെ അദ്ദേഹത്തിനോടുള്ള  മനോഭാവം അത്ര മാന്യമായിരുന്നില്ല എന്നും  ആത്മകഥയിൽ നിന്നും വായിച്ചെടുക്കാം.

                                                      


(courtesy: The Hindu archives)

കലാമണ്ഡലത്തിൽ ജോലി നോക്കിക്കൊണ്ടിരിക്കുമ്പോൾ  തന്നെ കൃഷ്ണൻ നായർക്കു  മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലും  ധാരാളം  അരങ്ങുകൾ കിട്ടിക്കൊണ്ടിരുന്നു. ഇങ്ങിനെ കിട്ടിയ വേദികളിലൂടെ അദ്ദേഹത്തിനു തെക്കൻ കഥകളി രംഗത്തുള്ള പല പ്രഗല്ഭ നടന്മാരെയും അവരുടെ വ്യത്യസ്തമായ കഥകളി ശൈലിയെയും മനസ്സിലാക്കുവാൻ കഴിഞ്ഞു. കല്ലടിക്കോടൻ സമ്പ്രദായത്തിലും കല്ലുവഴി സമ്പ്രദായത്തിലും ഇതിനകം പ്രാവീണ്യം നേടിക്കഴിഞ്ഞിരുന്ന കൃഷ്ണൻ നായർക്കു അഭിനയ-മനോധർമ്മാവിഷ്ക്കാര  പ്രാധാന്യമുള്ള തെക്കൻ ചിട്ട (കപ്ളിങ്ങാടൻ) സ്വാംശീകരിക്കാൻ കൂടുതൽ സമയം വേണ്ടി വന്നില്ല. രസാഭിനയത്തിൽ അതീവ താത്പര്യമുണ്ടായിരുന്ന അദ്ദേഹത്തിനു തെക്കൻ കഥകളി രീതികളോട് വല്ലാത്തൊരടുപ്പം  തോന്നിയിരുന്നു എന്ന് അദ്ദേഹത്തിൻറെ പില്ക്കാല കഥകളിചരിത്രം വ്യക്തമാക്കുന്നു.  കലാമണ്ഡലം വിട്ടതിനു ശേഷം മരണം വരെയുള്ള നാലര പതിറ്റാണ്ടു കാലം അദ്ദേഹത്തിൻറെ പ്രധാന തട്ടകം കൊച്ചി മുതൽ തിരുവനന്തപുരം വരെയുള്ള തെക്കൻ കേരളമായിരുന്നു എന്നത് കാണിക്കുന്നത് ഇതാണ്. ഫ്യുഡലിസത്തിന്റെ സ്വാധീനം വളരെ ശക്തമായി നിലനിന്നിരുന്ന മദ്ധ്യ-ഉത്തര കേരളത്തിൽ, സമുന്നതനായ ഒരു കഥകളി കലാകാരൻ എന്ന നിലയിലുള്ള സ്നേഹവും പരിഗണനയും അദ്ദേഹത്തിനു ലഭിച്ചിരുന്നപ്പോൾ തന്നെ, സാമൂഹിക അസമത്വങ്ങളും പ്രാദേശിക മൌലികവാദവും   ആസ്വാദനരീതിയിലുള്ള തീവ്രവാദ നിലപാടുകളും താനാഗ്രഹിക്കുന്ന സ്വതന്ത്രവും മാന്യവുമായ കലാ-സാമൂഹിക ജീവിതത്തിനു തടസ്സമായി നിൽക്കുന്നു എന്നു കണ്ട അദ്ദേഹം ബോധപൂർവം തെക്കൻ കഥകളി രംഗത്തേക്ക് കുടിയേറുകയായിരുന്നിരിക്കണം. ആംഗികാഭിനയം കഥകളിയുടെ അനിവാര്യഘടകമാണെന്ന തിരിച്ചറിവുള്ളപ്പോൾ തന്നെ ചട്ടക്കൂട്ടിൽ നിൽക്കാത്ത  മനോധർമ്മ പ്രകാശനത്തിനും രസാഭിനയത്തിനും അത്രത്തോളം തന്നെ സ്ഥാനമുണ്ടെന്ന് വിശ്വസിച്ച ഈ കഥകളി നടന്, തന്റെ മനസ്സിൽ തോന്നിയ കഥകളി കവിതകളെല്ലാം ഇഷ്ട്ടം പോലെ വിരിയിക്കാൻ കഴിഞ്ഞ തെക്കൻ അരങ്ങുകളും അതിനു സഹായിച്ച സഹപ്രവർത്തകരും പ്രേക്ഷകരും വലിയൊരു ബലമായിരുന്നിരിക്കണം. സാമൂഹികമായും  സാമ്പത്തികമായും മദ്ധ്യ-ഉത്തര കേരളത്തിൽ അന്ന് ഒരാട്ടക്കാരൻ അനുഭവിക്കേണ്ടിവന്നിരുന്ന അവശതകൾക്കും തെക്കൻ കേരളവും അവിടുത്തെ അരങ്ങുകളും നല്ലൊരു പരിധി വരെ പരിഹാരമായിരുന്നിരിക്കണം. മദ്ധ്യകേരളത്തിലെ പ്രശസ്തമായ ഒരു മനയിൽ 'കളിക്ക് പോകാൻ തന്റെ പെട്ടിയെടുത്ത ആളിന് പന്ത്രണ്ടു രൂപ കൊടുക്കേണ്ടി വന്നപ്പോൾ കളിച്ച തനിക്കു കിട്ടിയത് ഒരു മുണ്ടും അഞ്ചു രൂപയുമായിരുന്നു' എന്നു പറയുന്നതിൽ നിന്നും അവിടങ്ങളിലെ അന്നത്തെ ആട്ടക്കാരന്റെ മേൽപ്പറഞ്ഞ ചിത്രം വ്യക്തമാവുകയാണ്.

കല്ലടിക്കോടൻ, കല്ലുവഴി, കപ്ളിങ്ങാടൻ ചിട്ടകളുടെ ലാവണ്യഭംഗികളിൽ  ആവശ്യത്തിനു മനോധർമ്മവും ലോകധർമ്മിത്വവും വിളക്കി ചേർത്തു  കൃഷ്ണൻ നായർ അവതരിപ്പിച്ച കഥകളി വേഷങ്ങൾ പ്രേക്ഷകർക്ക്‌, പ്രത്യേകിച്ച് തെക്കൻകേരള  പ്രേക്ഷകർക്ക്‌, ഹരമായി മാറിയിരുന്നു. കഥകളിയിലെ അതിസങ്കീർണ്ണമായതും തികച്ചും അപ്രസക്തവുമായതുമായ വേഷങ്ങൾ ഒരേപോലെ അനായാസമായും തികഞ്ഞ തന്മയത്വത്തോടെയും അവതരിപ്പിക്കാൻ കഴിവുണ്ടായിരുന്ന ഏക നടനായിരുന്നു കൃഷ്ണൻ നായരാശാൻ എന്ന്‌ അനുഭവസ്ഥർ സാക്ഷ്യപ്പെടുത്തുന്നു. കഥകളിയിലുള്ള ഏതാണ്ട് എല്ലാ വേഷങ്ങളും തന്നെ അദ്ദേഹം കെട്ടി വിജയിപ്പിച്ചിട്ടുണ്ട്.  വലിയ നടനായിരുന്നതിനാൽ  കൂട്ടുവേഷത്തിനും മേളത്തിനും പാട്ടിനും പ്രത്യേക നിബന്ധനകൾ വയ്ക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നെങ്കിലും ലഭ്യമായ സാഹചര്യങ്ങൾ വച്ചു കൊണ്ട് കളി കളിച്ചു വിജയിപ്പിക്കുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അവതരിപ്പിക്കുന്ന കഥാപാത്രങ്ങൾക്ക് തന്റെ കൈയൊപ്പ്‌ ചാർത്തി വലിയ പ്രേക്ഷകാംഗീകാരം നേടാൻ കൃഷ്ണൻ നായർക്ക് കഴിഞ്ഞിരുന്നു എന്നതിന്റെ തെളിവാണ്, സാധാരണ ഉന്നതരായ കലാകാരന്മാർക്കു പോലും മൂന്നാം ഗ്രേഡ്  മാത്രം തുടക്കത്തിൽ നല്കിയിരുന്ന തിരുവനന്തപുരം കൊട്ടാരം കളിയോഗത്തിൽ തുടക്കത്തിൽ തന്നെ ഒന്നാം ഗ്രേഡിൽ  ആശാൻ നിയമിതനായി എന്നത്. ഇതിൽ അമർഷം പൂണ്ടു തെക്ക് കായംകുളത്തും വടക്കും മുറുമുറുപ്പുകൾ ഉയർന്നു വരികയും അദ്ദേഹത്തെ തെക്കോട്ട്‌ പോകുന്നതിൽ നിന്ന് തടയാനും പലരും ശ്രമിച്ചിരുന്നുവത്രേ! കഥകളി പ്രേക്ഷകർ അദ്ദേഹത്തെ അങ്ങേയറ്റം സ്നേഹിച്ചിരുന്നപ്പോഴും സമകാലീനരായിരുന്ന ചില പ്രധാന കഥകളി കലാകാരന്മാർ അദ്ദേഹത്തിൻറെ ഉയർച്ചയിലും ജനസമ്മതിയിലും എന്നും അസൂയാലുക്കളായിരുന്നു എന്നതാണ് വാസ്തവം.

 കൃഷ്ണൻ നായർ ആശാന്റെ  ആത്മകഥയിലെ ഏറ്റവും സുന്ദരവും വിജ്ഞാനപ്രദവുമായ വിഷയമായി തോന്നിയത് അദ്ദേഹത്തിൻറെ സമകാലീനരും ഇന്ന് ജീവിച്ചിരുപ്പില്ലാത്തതുമായ പല കഥകളി പ്രതിഭകളെയും കുറിച്ചുള്ള അദ്ദേഹത്തിൻറെ വിവരണമാണ്. തന്റെ ആദ്യ ഗുരുനാഥനായ ചന്തുപ്പണിക്കർ, അമ്പുപ്പണിക്കർ, കലാമണ്ഡലത്തിലെ  ഗുരുനാഥന്മാരായ പട്ടിക്കാംതൊടി, ഗുരു കുഞ്ചുക്കുറുപ്പ്‌, കവളപ്പാറ നാരായണൻ നായർ, തന്റെ സഹപ്രവർത്തകരായിരുന്ന വാഴേങ്കട കുഞ്ചു നായർ, തോട്ടം ശങ്കരൻ പോറ്റി, ചെങ്ങന്നൂർ രാമൻ പിള്ള, പള്ളിപ്പുറം ഗോപാലാൻ നായർ, കുറിച്ചി കുഞ്ഞൻ പണിക്കർ, മാങ്കുളം വിഷ്ണു നമ്പൂതിരി തുടങ്ങിയ നടന്മാരെയും, മൂത്തമന ഗോവിന്ദൻ നമ്പൂതിരി,വെങ്കിച്ചൻ സ്വാമി, അന്നമട അച്യുത മാരാർ, മാാധവവാര്യർ  തുടങ്ങിയ  മേള വിദഗ്ദന്മാരെയും, സ്വർണ്ണത്തുമാണി, വെങ്കിച്ചൻ സ്വാമി, നീലകണ്ടൻ നമ്പീശൻ, ഇറവങ്കര ഉണ്ണിത്താൻ, ചെന്നിത്തല കൊച്ചുപിള്ള, ചേർത്തല  കുട്ടപ്പക്കുറുപ്പ്,  തകഴി കുട്ടൻ പിള്ള എന്നീ ഗായക പ്രതിഭകളെയും കുറിച്ച് അദ്ദേഹം വാചാലനാകുന്നത് ശ്രദ്ധേയമാണ്. കഴിഞ്ഞ നൂറ്റാണ്ടിലെ കഥകളിയുടെ നവോഥാനകാലത്തെ ഗംഭീരാശയന്മാരായ ഈ കലാപ്രതിഭകൾക്കൊപ്പം വളരെ നാൾ സഹകരിച്ചു പ്രവർത്തിച്ച കലാകാരനാണ് കൃഷ്ണൻ നായർ  എന്നതിനാൽ ഈ വിവരണങ്ങളുടെ ആധികാരത വളരെ കൂടുതലാണ് താനും. പ്രായത്തിലും കലയിലും തനിക്കു തുല്യമോ മുകളിലോ ആയി നിലകൊണ്ട  കലാകാരന്മാരെക്കുറിച്ചല്ലാതെ, തന്റെ സഹപ്രവർത്തകരായിരുന്ന ജൂനിയർ  കലാകാരന്മാരെക്കുറിച്ചു ആത്മകഥയിൽ വലുതായൊന്നും പരാമർശിക്കുന്നില്ല എന്നതും ശ്രദ്ധേയമാണ്.  അവരൊക്കെ നിങ്ങളുടെ മുൻപിൽ തന്നെ ഉണ്ടല്ലോ, നിങ്ങൾ തന്നെ വിലയിരുത്തിക്കോളൂ എന്നായിരിക്കാം അദ്ദേഹം ചിന്തിച്ചത്. 


മുകളിൽ  പരാമർശിച്ച കലാപ്രതിഭകളെക്കുറിച്ചു്  അങ്ങേയറ്റം സ്നേഹാദരങ്ങളോടെ ആശാൻ പറഞ്ഞിട്ടുള്ളത് വായിച്ചാൽ പ്രാദേശിക-ശൈലീ തീവ്രവാദ സ്വഭാവങ്ങൾ തൊട്ടു തീണ്ടിയിട്ടില്ലാത്ത ഒരു ഉത്തമ കഥകളി കലാകാരനായിരുന്നു കൃഷ്ണൻ നായർ  ആശാൻ  എന്നത് വ്യക്തമാണ്. കഥകളിയുടെ അന്ന് നിലവിലുണ്ടായിരുന്ന മൂന്നു സമ്പ്രദായങ്ങളിലെയും - കല്ലടിക്കോടൻ, കപ്ളിങ്ങാടൻ, കല്ലുവഴി - ഗുരുനാഥന്മാരോടുള്ള അദ്ദേഹത്തിൻറെ നന്ദിയും കടപ്പാടും അവരുടെ കലാനിപുണതയോടുള്ള അല്ഭുതാദാരങ്ങളും എഴുതിയ വരികളിലെല്ലാം നിറഞ്ഞു നില്ക്കയാണ്. 'മോരിലെ വെണ്ണ കണക്ക് എന്നും കഥകളിയുടെ മുകളിൽ നീ  കിടക്കും' എന്ന് തലയിൽ  കൈവച്ചനുഗ്രഹിച്ച ആദ്യ ഗുരുനാഥൻ ചന്തുപ്പണിക്കരും, ചിട്ടപ്രകാരം തനിക്കു കഥകളി പകർന്നു തന്ന ഗുരുനാഥൻ പട്ടിക്കാംതൊടിയും അഭിനയ കലയുടെ ഉത്തുംഗ ശ്രുംഗങ്ങൾ കാട്ടിത്തന്നു അതിലേക്കു തന്നെ  കൈപിടിച്ചു നടത്തിയ  കുഞ്ചുക്കുറുപ്പാശാനും കൃഷ്ണൻ നായർക്ക്  ആരാദ്ധ്യരാണ്.  കിർമ്മീരവധത്തിലെ  ധർമ്മപുത്രരെ അവതരിപ്പിക്കാൻ പട്ടിക്കാംതൊടി ആശാനെക്കൾ മറ്റൊരു കലാകാരൻ  ഉണ്ടായിട്ടില്ലത്രേ! ഉച്ചക്ക് രണ്ടു മണിക്ക് ആദ്യമായി തന്റെ കയ്യിൽ കിട്ടിയ വിക്രമോർവശീയം എന്ന പുതിയ ആട്ടക്കഥയിലെ  ആദ്യാവസാനവേഷമായ പുരൂരവസ്സിനെ മറ്റാർക്കും ചിന്തിക്കാൻ കൂടി കഴിയാത്ത നിലയിൽ  ഗംഭീരമായി അന്നു സന്ധ്യക്ക്‌ അരങ്ങിൽ അവതരിപ്പിച്ച  അസാമാന്യ പ്രതിഭാശാലിയായിരുന്നത്രേ  കുഞ്ചു ക്കുറുപ്പാശാൻ! കവളപ്പാറയുടെ ഹനുമാൻ ആർക്കും അനുകരിക്കാൻ കഴിയാത്ത വിധം ഗംഭീരമായിരുന്നത്രേ! അഗാധ പണ്ഡിതനായ തോട്ടത്തിന്റെതുപോലെ രസം സ്ഫുരിക്കുന്നതും മനയോലപ്പകിട്ടുള്ളതുമായ  ഒരു മുഖം താൻ കണ്ടിട്ടില്ലത്രേ! കഥകളിയിലെ കുഞ്ചൻ നമ്പ്യാരായിരുന്ന കുറിച്ചി കുഞ്ഞൻ പണിക്കരാശാന്റെ ഹംസത്തിനേക്കാൾ തന്മയത്തമുള്ള  ഒരു ഹംസം അതിനു മുൻപും പിൻപും ഉണ്ടായിട്ടില്ലത്രേ! മാങ്കുളം വിഷ്ണുനമ്പൂതിരിയോട് ചേർന്ന് കൂട്ടുവേഷങ്ങൾ ചെയ്യുമ്പോൾ കിട്ടിയിരുന്ന നിർവൃതി മറ്റൊരു നടനോടൊപ്പം ആടുമ്പോഴും  കിട്ടിയിരുന്നില്ലത്രേ! ഭഗവദ് ദൂതിൽ മാന്കുളത്തിനേക്കാൾ നല്ല കൃഷ്ണവേഷം വേണമെന്നുണ്ടെങ്കിൽ സാക്ഷാൽ കൃഷ്ണൻ തന്നെ വരികയല്ലാതെ മാർഗ്ഗമില്ല എന്നതിൽ കൃഷ്ണൻ നായരാശാനു സന്ദേഹമേ ഇല്ല! മാങ്കുളവുമായി ചേർന്ന് അരങ്ങിലാടുമ്പോൾ നാല്പ്പത്തഞ്ചു മിനുട്ടു കൊണ്ട് സാധാരണ ആടിത്തീർക്കുന്ന  ഒരു രംഗം രണ്ടര മണിക്കൂറിൽ കൂടുതൽ ആടിയാലും  മതിയാവില്ലത്രേ! ചിട്ട എന്ന കുറ്റിയിൽ  കെട്ടിയിട്ടിരുന്ന കഥകളി പശുവാകുന്നതിനെക്കാൾ അദ്ദേഹത്തിനിഷ്ട്ടം ഭാവനയുടെ ചിറകിലേറി ആകാശത്തിൽ പറന്നുയരുന്ന കഥകളി ഹംസമാകാനായിരുന്നു എന്നാണു ഇതു  കാണിക്കുന്നത്. കലാമണ്ഡലത്തിൽ വച്ച് നന്നേ ചെറുപ്പത്തിൽ തന്നെ ഗുരുകുഞ്ചുക്കുറുപ്പിൽ നിന്നും പകർന്നു കിട്ടിയ രസാഭിനയ ചാതുരിയും  മാണിമാധവചാക്യാർ  തിളക്കം വർദ്ധിപ്പിച്ച കണ്ണുകളും രസാവിഷ്ക്കാര-മനോധർമ്മ  വിശാരദന്മാരായിരുന്ന ഗുരു കുഞ്ചുക്കുറുപ്പ്, തോട്ടം ശങ്കരൻ പോറ്റി, കുറിച്ചി കുഞ്ഞൻ പണിക്കർ, ചെങ്ങന്നൂർ രാമൻ പിള്ള തുടങ്ങിയ  തെക്കൻ കഥകളി പ്രതിഭകളുമായുള്ള  നിരന്തര സഹവാസവും  ഇതിന്  ആശാനെ വളരെ സഹായിച്ചിരിക്കണം.

കൃഷ്ണൻ നായരാശാനു കഥകളി അവതരണം എന്തായിരുന്നു എന്ന് ആത്മകഥയിലെ ചില വരികളിൽ നിന്നും വായിച്ചെടുക്കാം. 'അരങ്ങത്തു കയറുമ്പോൾ ഞാൻ നേരത്തേ ഉദ്ദേശിക്കാത്ത പലതും എനിക്കു തോന്നാറുണ്ട്. ഒരിക്കൽ കാണിച്ചതുപോലെ പിന്നെയും പിന്നെയും കാണിക്കുന്നവരുണ്ട്. അത് അവരുടെ കുശലത ആയിരിക്കാം. കല ആകുകയില്ല.

ക്ഷണേ  ക്ഷണേയെന്നവതാം ഉപൈതി
തദേവരൂപം  രമണീയതായ: 

(ക്ഷണം തോറും പുതിയതായി അവതരിപ്പിക്കുന്ന രൂപം ആണ് രമണീയം) എന്ന് പണ്ഡിതന്മാർ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് ഞാൻ പഠിപ്പിക്കാറുള്ളത്‌. അംഗികാഭിനയത്തെ പൂർണ്ണമായി അടിമപ്പെടുത്തിക്കഴിഞ്ഞ് ആധിപത്യം സ്ഥാപിച്ച സ്ഥാനത്ത്‌ ഉറച്ചിരുന്നു കഴിഞ്ഞാൽ മാത്രമേ നടന് ഏകാഗ്രമായി രസഭാവങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയുള്ളൂ'. ഇപ്പറഞ്ഞതിൽ നിന്നും ആവർത്തിക്കപ്പെടുന്ന, അലക്കി തേച്ചതുപോലെ വെടിപ്പായ, ഒരു സിനിമാദൃശ്യം പലപ്രാവശ്യം കാണുമ്പോൾ ആവർത്തന വിരസത ഉണ്ടാക്കുന്നതു പോലെയുള്ള  അവതരണം അല്ല കഥകളിക്ക് വേണ്ടത് എന്നദ്ദേഹം സുദൃഡമായി വിശ്വസിച്ചിരുന്നു എന്നു മനസ്സിലാക്കാം. ഈ കഥകളി സങ്കല്പ്പത്തിന്റെ സാക്ഷിപത്രങ്ങൾ ആയിരുന്നു അദ്ദേഹത്തിൻറെ അരങ്ങുകൾ എല്ലാം തന്നെ.

 കഥകളികലാകാരന്റെ സാമൂഹ്യ-സാമ്പത്തിക  കഷ്ട്ടതകൾ നിറഞ്ഞ ജീവിതം അനുഭവിച്ചറിഞ്ഞയാളാണ്‌ കൃഷ്ണൻ നായർ എന്ന് മുൻപു പറഞ്ഞല്ലോ?. ജീവിക്കാൻ വേണ്ടി തന്റെ ഗുരുനാഥന്മാരും കഥകളിയിലെ അതുല്യ പ്രതിഭാശാലികളുമായിരുന്ന ചന്തുപ്പണിക്കരാശാനും കുഞ്ചുക്കുറുപ്പാശാനും അതുപോലെ മറ്റു പലരും അനുഭവിച്ച കഷ്ട്ടതകൾ കണ്ടു ആ മനസ്സ് വളരെ വേദനിച്ചിരുന്നു. ചന്തുപ്പണിക്കരാശാൻ ചായക്കട നടത്തി,  മറ്റുള്ളവർ  ആഹാരം കഴിച്ച പാത്രങ്ങളും കഴുകി മേശയും തുടച്ചു നിൽക്കുന്നതും കുഞ്ചുക്കുറുപ്പാശാൻ വൈകുന്നേരത്തെ അത്താഴത്തിനു മടിശ്ശീലയിൽ  അരിയും  വാങ്ങി പോകുന്നതും കണ്ട് അദ്ദേഹം  വിഷമിച്ചിട്ടുണ്ട്. കളി കഴിയുമ്പോൾ ഒരു ഔദാര്യം പോലെ എന്തെങ്കിലും കൊടുത്തു  കലാകാരനെ പറഞ്ഞു വിട്ടിരുന്ന കാലത്ത്, ചെയ്യുന്ന തൊഴിലിനു ചോദിച്ചു പ്രതിഫലം വാങ്ങണമെന്ന വാശിയിൽ ആശാനെ എത്തിച്ചത് താൻ കണ്ടതും അനുഭവിച്ചറിഞ്ഞതുമായ മായ ഈ വേദനകളാണ്. വളരെ കഷ്ട്ടപ്പെട്ടു വർഷങ്ങളോളം പഠിച്ചു സ്വായത്തമാക്കിയ കല കയ്യിലുള്ള കഥകളി കലാകാരൻ അനാവശ്യമായ അടിമത്തത്തിലേക്കു ആണ്ടുപോകേണ്ടതില്ല എന്ന സന്ദേശം നല്കുന്ന ആശാന്റെ ഈ നിലപാട് കഥകളി കലാകാരന്മാർക്കെല്ലാം പില്ക്കാലത്ത് വലിയ അനുഗ്രഹമാകയായിരുന്നു. ഇതാണ് കഥകളി കലാകാരന്മാർക്കു  വേണ്ടി ആശാൻ ചെയ്ത ദൂരവ്യാപകമായ സംഭാവന. ഇത് പറയുമ്പോൾ തന്നെ താൻ ചോദിക്കുന്ന പ്രതിഫലം കിട്ടണമെന്നുള്ള  ആശാന്റെ കടുംപിടുത്തം, വരും തലമുറയ്ക്ക് വേണ്ടി അദ്ദേഹത്തിൻറെ വേഷങ്ങൾ വീഡിയോയിൽ പകർത്തി വയ്ക്കണമെന്ന് ആഗ്രഹിച്ചവർക്ക് പ്രതിബന്ധമാകയായിരുന്നു എന്നത് കൂടി പറയേണ്ടിയിരിക്കുന്നു. അദ്ദേഹം ചോദിച്ച വലിയ പ്രതിഫലം കൊടുക്കാൻ കഴിയാതെ അങ്ങിനെയുള്ള ചിത്രീകരണങ്ങൾ മുടങ്ങിയപ്പോൾ കലാലോകത്തിനു നഷ്ടമായത് കഥകളിയുടെ എക്കാലത്തെയും അമൂല്യമായ സമ്പത്താണ്‌.  

 കലാമണ്ഡലത്തിലെ പഠനകാലത്ത്‌ അവിടെ വച്ചു പരിചയപ്പെടാനിടയായ മോഹിനിയാട്ട അദ്ധ്യാപിക  ശ്രീമതി. കല്യാണിക്കുട്ടിയമ്മയാണ് കൃഷ്ണൻ നായർ ആശാന്റെ സഹധർമ്മിണി. കലാരംഗത്ത് കൃഷ്ണൻ നായരോളം തന്നെ ആദരിക്കപ്പെട്ടിരുന്ന കലാകാരിയാണ്, മോഹിനിയാട്ടം  എന്ന  നൃത്തകലയുടെ നവോഥാന നായകരിൽ പ്രധാനിയായ ശ്രീമതി. കല്യാണിക്കുട്ടിയമ്മ. സിനിമ-നാടക രംഗത്ത് സജീവ സാന്നിദ്ധ്യമായ ശ്രീ. കലാശാല ബാബു ഉൾപ്പെടെ  ഏഴു മക്കളാണ് ഈ ദമ്പതികൾക്കുള്ളത്. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെയും ഇന്ത്യക്കകത്തും പുറത്തുമുള്ള നിരവധി കലാസംഘടനകളുടെയും നിരവധി പുരസ്കാരങ്ങൾ  ഈ കലാദമ്പതികൾക്ക് ലഭിച്ചിട്ടുണ്ട്. കൃഷ്ണൻ നായരെ 1970 ൽ പദ്മശ്രീ പുരസ്കാരം നല്കി രാഷ്ട്രം ആദരിച്ചു. കഥകളിയുടെ പേരിൽ തനിക്കു കിട്ടിയ എല്ലാ ബഹുമതികൾക്കും കാരണം ചന്തുപ്പണിക്കരാശാൻ മുതലുള്ള തന്റെ ഗുരുനാഥന്മാരുടെ അനുഗ്രഹവും തന്റെ സഹകലാകാരന്മാരുടെയും പ്രേക്ഷകരുടെയും സ്നേഹവും പ്രാർഥനയും ആണെന്ന് വിനയാന്വിതനായി പറയുന്ന ഈ അതുല്യ പ്രതിഭാശാലി 1990 ആഗസ്റ്റ്‌ 15നു കാലയവനികക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിൻറെ ഭൌതിക ശരീരം മറഞ്ഞുവെങ്കിലും കഥകളിമോരിലെ ഈ വെണ്ണയിൽ നിന്നുരുക്കിയെടുത്തു ജ്വലിപ്പിച്ച നെയ്ത്തിരി കഥകളിക്ക് എന്നും പ്രകാശ സ്രോതസ്സായിരിക്കും എന്നതിൽ സംശയമില്ല.