Thursday, September 18, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം 2

സെപ്റ്റംബർ 14 ഞായറാഴ്ച ഏവൂർ ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത് രണ്ടു കഥകളാണ്; സന്താനഗോപാലവും ദക്ഷയാഗവും. സന്താനഗോപാലത്തിൽ ഗോപിയാശാൻ അർജുനനായപ്പോൾ മാർഗ്ഗി വിജയകുമാർ ബ്രാഹ്മണനും കലാമണ്ഡലം കൃഷ്ണപ്രസാദ് കൃഷ്ണനും ആയി.ഗോപിയാശാൻ വളരെക്കാലത്തിനു ശേഷമാണ് അർജുനവേഷം കെട്ടിയതെന്ന് പറഞ്ഞു കേട്ടു.

ഒന്നിൽ കൂടുതൽ വേഷക്കാർ വരുന്ന അരങ്ങുകളിൽ കഥകളിയുടെ വിജയപരാജയങ്ങൾ നിർണ്ണയിക്കുന്നതിൽ കൂട്ടു വേഷക്കാർ തമ്മിലുള്ള കെമിസ്ട്രിക്ക് വലിയ പങ്കുണ്ട്. പണ്ടത്തെ അരങ്ങുകളിൽ സജീവമായി നിലനിന്നിരുന്ന ഈ കഥകളി മാന്യത ഇന്നത്തെ അരങ്ങുകളിൽ പ്രായേണ കുറഞ്ഞു വരുന്നതായിട്ടാണ്‌ കണ്ടുവരുന്നത്. നടന്മാർ തമ്മിലുള്ള പരിചയക്കുറവു മൂലമോ മറ്റൊരു നടന്റെ ആട്ടരീതികളോടുള്ള ബഹുമാനക്കുറവു കൊണ്ടോ നടന്മാർ  തമ്മിലുള്ള സ്പർദ്ധ കൊണ്ടോ ആകാം അനിവാര്യമായ ഈ ആശയവിനിമയം പലപ്പോഴും അരങ്ങുകളിൽ നടക്കാതെ വരികയും അങ്ങിനെ കഥകളി എന്ന സുന്ദരകല വികലമാക്കപ്പെടുകയും ചെയ്യുന്നത്.


ഇപ്പറഞ്ഞതിനൊരു  അപവാദമായിരുന്നു ഏവൂർ സന്താനഗോപാലം. പ്രധാന വേഷക്കാരായ ഗോപിയാശാനും മാർഗ്ഗി വിജയകുമാറും തമ്മിലുള്ള മന:പ്പൊരുത്തം ഈ കളിയുടെ ഓരോ നിമിഷങ്ങളിലും പ്രകടമായിരുന്നു. ഇളകിയാട്ടങ്ങളിൽ ഇതു ശരിക്കും പ്രതിഫലിച്ചു. ഉരുളക്കുപ്പേരി പോലെയായിരുന്നു ചോദ്യവും ഉത്തരങ്ങളും. ഈ കളി ആർക്കെങ്കിലും ഒരനുഭവം ആയി തോന്നിയിട്ടുണ്ടെങ്കിൽ അതിന്റെ പ്രധാന കാരണവും ഈ സൌഹൃദ മനോഭാവം തന്നെ. ഗോപിയാശാന്റെ അർജുനൻ നന്നായി എന്നൊന്നും ഞാൻ പറയേണ്ടതില്ല. അതൊക്കെ മാലോകർക്കെല്ലാം അറിവുള്ളതാണ്. എന്നാൽ മാർഗ്ഗി വിജയകുമാറിന്റെ ബ്രാഹ്മണന്റെ കാര്യം അതല്ല;  അടുത്ത കാലത്തായിട്ടാണ് അദ്ദേഹം ഈ വേഷം കെട്ടി തുടങ്ങിയിട്ടുള്ളത്. സുരസുന്ദരിയായ ഈ സ്ത്രീവേഷ ചാരുതയുടെ ബ്രാഹ്മണനെ  ഒന്നു കാണാൻ മറ്റെല്ലാവരെയും പോലെ ഏനിക്കും ആഗ്രഹം തോന്നിയത് അതുകൊണ്ടാണ്. വേഷം കണ്ടു കഴിഞ്ഞപ്പോൾ എനിക്കു  തോന്നിയ അഭിപ്രായം ഒറ്റവാക്കിൽ പറഞ്ഞാൽ ഇതാണ്; കൊള്ളാം. വിജയകുമാർ മാങ്കുളം തിരുമേനിയുടെയും കൃഷ്ണൻ നായരാശാന്റെയും ശിഷ്യൻ തന്നെ. അടുത്ത കാലത്തു കെട്ടി തുടങ്ങിയ ഈ മിനുക്കു വേഷത്തിൽ ഇത്ര മികവു വന്നെങ്കിൽ, പ്രായവും പരിചയവും കൂടുന്ന വരും കാലങ്ങളിൽ ഈ വേഷം വിജയകുമാറിന്റെ  മാസ്റ്റർപീസുകളിൽ ഒന്നാകാം. അങ്ങിനെയാകട്ടെ എന്ന് ആശംസിക്കയും ചെയ്യുന്നു.  പ്രേക്ഷകനിൽ സ്നേഹം തോന്നിപ്പിക്കുന്ന ഇന്നത്തെ ബ്രാഹ്മണനിൽ നിന്നും കഥാഗതിക്കനുഗുണമായി കഥാപാത്രം വളർന്നു വികാസം പ്രാപിക്കേണ്ടതായിട്ടുണ്ട്. ഇപ്പോൾ കണ്ടതിൽ നിന്നും അത് വഴിയേ വന്നോളും എന്നു മനസ്സിലാക്കാം.
     
ഗുരുവും ശിഷ്യനും, അർജുനനും കൃഷ്ണനും ആയുള്ള ആദ്യരംഗം നന്നായിരുന്നു. ഒരു മികച്ച കഥകളി അദ്ധ്യാപകനായ കലാമണ്ഡലം കൃഷ്ണപ്രസാദിലെ അദ്ധ്യാപകൻ, നിഷ്കർഷാപൂർവമായ, ചൊല്ലിയാട്ട പ്രധാനമായ ചിട്ട സമ്പ്രദായങ്ങൾക്ക്‌ പ്രാധാന്യം കൊടുക്കുന്നത് കൊണ്ടാകാം ചിലപ്പോഴെങ്കിലും പാത്രപ്രക്രുതിക്കു മങ്ങലേൽപ്പിക്കുന്ന പോലെ തോന്നിപ്പിക്കുന്നത്‌. മനസ്സിരുത്തിയാൽ ഇതു രണ്ടും സമന്വയിപ്പിക്കാവുന്നതേയുള്ളൂ. ഇങ്ങനെ ചെയ്‌താൽ പ്രസാദിന്റെ നല്ല കൃഷ്ണവേഷം ഒന്നു കൂടി മികവുള്ളതാകും.


പത്തിയൂർ ശങ്കരൻകുട്ടിയും കോട്ടക്കൽ മധുവും ചേർന്നാലപിച്ച 'സന്താനഗോപാല' പദങ്ങൾ നല്ലതാകാതെ തരമില്ലല്ലോ? ഇവിടെയും നന്നായി. ഇത് പറയുമ്പോൾ തന്നെ അനുഗ്രഹീത കഥകളി ഗായകരായ ശങ്കരൻകുട്ടിയും മധുവും അവരുടെ പാട്ടിനെ 'ഗുഡ്' എന്ന  അഭിനന്ദന വാക്കിനപ്പുറം 'സൂപ്പർ' എന്ന തലത്തിലേക്ക് ഉയർത്തേണ്ടതുണ്ട് എന്നു കൂടി പറയട്ടെ. ഉദാഹരണത്തിന്, കലാമണ്ഡലം ഹരിദാസ്  'ഏഷ്യാനെറ്റ്‌  കഥകളി സമാരോഹ' ത്തിൽ  പാടിയ 'നാഥാ ഭവൽ ചരണ ദാസരാം' എന്ന പദം തന്നെ എടുക്കാം. ഓരോ ആവർത്തി പാടുമ്പോഴും ഭക്തി എന്ന വികാരത്തെ ക്രമമായി, പടിപടിയായി ഉയർത്തി അവസാന ചരണമാകുമ്പോഴേക്കും ഭക്തിയെ അതിന്റെ പാരമ്യതയിൽ കൊണ്ടെത്തിച്ച്, ആട്ടവും പാട്ടും എല്ലാം ഭക്തിയിൽ ലയിപ്പിക്കുന്ന ആ മാന്ത്രിക വിദ്യ ! ആടുന്ന നടനും പാട്ടിനൊപ്പം നിൽക്കണം. അന്ന് ചന്ദ്രശേഖര വാര്യർ ചെയ്തത് അത് തന്നെയാണ്. അങ്ങിനെയുള്ള ആട്ടവും പാട്ടും ആണ് മനസ്സ് കൊതിക്കുന്നത്.

 'സന്താനഗോപാല'ത്തെ തുടർന്നു നടന്ന 'ദക്ഷയാഗ'ത്തിൽ ഇപ്പറഞ്ഞ അനുഭവം ഏറെക്കുറേ എനിക്കുണ്ടായി. കലാമണ്ഡലം ഷണ്മുഖന്റെ ദക്ഷൻ ഗംഭീരമായി. ഉറക്കം തലോടി അടച്ചുകൊണ്ടിരുന്ന കണ്ണുകളെ തുറപ്പിച്ച power packed performance. കണ്ണിണക്കാനന്ദം നൽകിയ സുന്ദരമായ പച്ചവേഷം. കലാനിലയം രവീന്ദ്രനാഥപ്പൈ സതിയെ നന്നാക്കി. ഉയരം കുറവായ സതി, സാമാന്യം ഉയരമുള്ള ദക്ഷനെ ശപിക്കാൻ, ഒരു പ്രാവശ്യം ചാടി ഉയരം കൂട്ടിയത് എനിക്ക് നന്നേ രസിച്ചു. രാമചന്ദ്രൻ ഉണ്ണിത്താനും (വീരഭദ്രൻ) ഹരിപ്പാട് ബാലകൃഷ്ണനും (കാളി) പാട്ടും മേളവും എല്ലാം കൂടി അരങ്ങു ശരിക്കും കൊഴുപ്പിച്ചു. ആർ. എൽ .വി. മോഹൻകുമാറിന്റെ ശിവൻ നന്നായി. വേഷഭംഗി എടുത്തു പറയേണ്ടതുണ്ട്.
വെളുപ്പിന് നാലു മണിക്ക് കളി കഴിഞ്ഞു വീട്ടിലേക്കു മടങ്ങുമ്പോൾ മനസ്സു മന്ത്രിച്ചു; രണ്ടു നല്ല കളികൾ കൂടി കണ്ടു,  ഇതു സാധിച്ചു തന്ന എവൂർ ഭഗവാനും ഭഗവാനു കഥകളി വഴിപാടു നേർന്നവർക്കും നന്ദി.

(ക്ഷമിക്കണം, രണ്ടു കളികളിലും അണിനിരന്ന എല്ലാ കലാകാരന്മാരെയും അണിയറ ശിൽപ്പികളേയും ഇവിടെ പരാമർശിക്കാൻ കഴിഞ്ഞിട്ടില്ല. എന്റെ സുഹൃത്ത് ശ്രീ. അംബുജാക്ഷൻ നായർ ഏവൂർ കഥകളികളുടെ വിശദാംശങ്ങൾ എഴുതുമ്പോൾ അവിടെ എല്ലാപ്പേരുകളും പരാമർശിക്കപ്പെടും എന്നു വിശ്വസിക്കുന്നു)

photo courtesy: Sreekumar

1 comment: