Wednesday, September 17, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം1

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഈ വർഷത്തെ സപ്താഹയജ്ഞ - അഷ്ടമിരോഹിണി മഹോത്സവത്തോടനുബന്ധിച്ചു  നടന്നുകൊണ്ടിരിക്കുന്ന വഴിപാടു കഥകളികളിൽ ആദ്യത്തെ മൂന്നു ദിവസങ്ങളിലെ കളികളിൽ ഞാനും പ്രേക്ഷകനായിരുന്നു. കലാമണ്ഡലം ഗോപിയും മാർഗ്ഗി വിജയകുമാറും ഈ മൂന്നു ദിവസത്തെയും കഥകളിൽ വൈവിധ്യമാർന്ന വേഷങ്ങൾ അവതരിപ്പിച്ചതും അതുപോലെ കഥകളിയിലെ സമുന്നതരായ മറ്റു ചില നടന്മാരും അണിനിരന്നതിനാൽ ദൂരെ സ്ഥലങ്ങളിൽ നിന്നും കളികാണാൻ ധാരാളം പേർ എത്തിയിരുന്നു. 2007 ലെ 'ഏവൂർ നളചരിതോൽസവ'ത്തിനു ശേഷം തിരക്കു പിടിച്ച തന്റെ കലാജീവിതത്തിന്റെ തുടർച്ചയായ മൂന്നു ദിവസങ്ങൾ  ഏവൂർ കളികൾക്കായി മാറ്റിവച്ച ഗോപിയാശാന്റെ സന്മനസ്സിന് ഞാനുൾപ്പെടെയുള്ള എവൂരിലെ എല്ലാ കലാസ്നേഹികളുടെയും പേരിൽ ആദ്യമായി നന്ദി പറഞ്ഞു കൊള്ളട്ടെ.


ആദ്യ ദിവസത്തെ 'രുഗ്മാംഗദചരിത'ത്തിൽ ഗോപിയാശാനും മാർഗ്ഗി വിജയകുമാറും പ്രധാന വേഷങ്ങളാടി.ഗോപിയാശാന്റെ രുഗ്മാംഗദനെ  വീഡിയോയിലും മറ്റും കണ്ടിട്ടുണ്ടെങ്കിലും നേരിട്ടു കണ്ടത് ഒരു സവിശേഷാനുഭവമായി. പ്രായം മുഖത്തിന്റെ തിളക്കത്തിനൽപ്പം മങ്ങലേൽപ്പിച്ചിട്ടുണ്ടെങ്കിലും പ്രവൃത്തികളിലൊന്നും അതു കണ്ടില്ല. മോഹിനിയുമായുള്ള രംഗങ്ങളിലെ ഭാവപ്രകർഷം അതിമനോഹരമായിരുന്നു. ഒന്നു രണ്ടു സന്ദർഭങ്ങളിൽ നവരസങ്ങളെപ്പോലും നാണിപ്പിക്കുന്ന, പ്രേമപ്രതീക്ഷകളുടെ ഒരു 'ഗോപീരസം' ആ മുഖത്തു വിരിഞ്ഞതു കണ്ടു. മതി, കഷ്ട്ടപ്പെട്ടു വണ്ടി കയറി മദ്രാസിൽ നിന്നെത്തിയതു വെറുതെയായില്ല! പത്തിയൂർ ശങ്കരൻ കുട്ടിയുടെയും രാജീവൻ നമ്പൂതിരിയുടെയും 'മധുരതര കോമള'മായ കാംബോജിയിൽ ആ പൂങ്കാവനം അങ്ങിനെ മുങ്ങിക്കുളിച്ചു നിൽക്കുമ്പോൾ മോഹിനിയെക്കാൾ സുന്ദരിയായ ഒരു സൗന്ദര്യധാമത്തിന്റെ അടുത്തു നിൽക്കുന്ന ഗോപിയാശാനേപ്പോലൊരു സൗന്ദര്യാരാധകന് പ്രേമം തോന്നിയില്ലെങ്കിലല്ലേ അല്ഭുതപ്പെടെണ്ടതുള്ളൂ! സൌന്ദര്യവും അഭിനയവും 'ഹേമാമോദസമ'യായി സമ്മേളിച്ച വിജയകുമാറിന്റെ മോഹിനി നന്നായിരുന്നു. എങ്കിലും  വരും തലമുറയ്ക്ക് രുക്മാംഗദ-മോഹിനി ജോടിയെന്നു പാടി പുകഴ്ത്താൻ പാകത്തിന് ഒന്നു രണ്ടു 'പ്രേമരസ' ങ്ങൾ വിജയകുമാറിൽ നിന്നും ഉണ്ടാകണമെന്നാണ് എന്റെ ആഗ്രഹം. മനസ്സുവച്ചാൽ  കൃഷ്ണൻനായരാശാന്റെ പ്രിയശിഷ്യന് ആയാസരഹിതമായി സാധിച്ചെടുക്കാവുന്നതെയുള്ളൂ  ഇക്കാര്യം. ഗോപിയാശാനെപ്പോലൊരു കാമുകൻ പ്രേമം വാരിച്ചോരിയാൻ അടുത്തുള്ളപ്പോൾ പിന്നെന്തിനു മടിക്കണം?

ഗോപിയാശാന്റെ മുദ്രാവിന്യാസഭംഗികളെക്കുറിച്ചോ ചിട്ടപ്രകാരമുള്ള ആട്ടസൌന്ദര്യങ്ങലെ- ക്കുറിച്ചോ ഒന്നും ഇവിടെ വിസ്തരിക്കേണ്ടതില്ല. ചർവിത ചർവണങ്ങളായ ഈ വിഷയങ്ങൾ എല്ലാവര്ക്കും അറിവുള്ളതാണ്. മറ്റു പല പച്ചവേഷങ്ങളെയും പോലെ, രുഗ്മാംഗദന്റെ ശക്തിയും നിലകൊള്ളുന്നത് അദ്ദേഹത്തിൻറെ മുഖാഭിനയത്തിലാണെന്നും മറ്റെല്ലാം തന്നെ അതിന്റെ പോഷകഘടകങ്ങളായി വർത്തിക്കുന്നു എന്നുമാണ്‌ എനിക്ക് എന്നും തോന്നിയിട്ടുള്ളത്, ഇന്നും അത് തന്നെ തോന്നി. കൃഷ്ണൻനായരാശാൻ അഭിപ്രായപ്പെട്ടതുപോലെ അംഗികാഭിനയത്തെ പൂർണ്ണമായി അടിമപ്പെടുത്തിക്കഴിഞ്ഞ് ആധിപത്യം സ്ഥാപിച്ച സ്ഥാനത്ത്‌ ഉറച്ചിരിക്കുന്ന നടന്റെ 'രസാഭിനയ'ത്തിന്റെ മാറ്റു കൂടുതലായിരിക്കും എന്നതാണ് കാര്യം.

നല്ലതു പറയുമ്പോൾ തന്നെ നല്ലതല്ലാത്തതായി തോന്നുന്നതും പറയണമല്ലോ? അത് കലയുടെ ശോഷണം തടയാൻ ആവശ്യമാണ്. 'രുഗ്മാംഗദചരിത'ത്തിന്റെ അവസാന രംഗത്തിൽ രുഗ്മാംഗദൻ പുത്രനായ ധർമ്മാംഗദനെ അഭിഷേകം ചെയ്തു രാജാവായി വാഴിക്കുന്ന രംഗം. മഹാവിഷ്ണുവിൽ നിന്നാണ് രുഗ്മാംഗദൻ തീർഥകുംഭങ്ങളും അവസാനം ഉടവാളും സ്വീകരിക്കുന്നത്. കഥാപരമായി നോക്കിയാൽ വിഷ്ണുഭക്തനായ രുഗ്മാംഗദൻ, ഭയഭക്തി ബഹുമാനങ്ങളോടെയാവണം ഇത് ചെയ്യേണ്ടത്. പക്ഷേ  മഹാവിഷ്ണു അർഹിക്കുന്ന ബഹുമാനം രുഗ്മാംഗദൻ നല്കിയോ എന്ന കാര്യത്തിൽ എനിക്ക് സന്ദേഹമുണ്ട്. ഒരു കറിക്കത്തി വാങ്ങുന്ന ലാഘവത്വത്തോടെയാണ് രുഗ്മാംഗദൻ മഹാവിഷ്ണുവിൽ നിന്നും ഉടവാൾ വാങ്ങിയത്! മഹാവിഷ്ണുവായി വേഷമിട്ട കലാകാരൻ നിസ്സാരനാകായാലോ അല്ലെങ്കിൽ ശാരീരികമായ അസ്വസ്ഥതകൾ കാരണം കളി അവസാനിപ്പിക്കാനുള്ള തത്രപ്പാടിലോ ഇങ്ങനെ ചെയ്തതാകാം. രണ്ടാമത്തെ കാര്യം മനസ്സിലാക്കാം. പക്ഷേ അപ്പോഴും ആ രംഗത്തെ പ്രധാനി മഹാവിഷ്ണു തന്നെയാണ് എന്ന  സത്യം അവശേഷിക്കുന്നു. ആചാര്യസ്ഥാനീയർ  ശാരീരിക ബുദ്ധിമുട്ടുകൊണ്ടോ മറ്റോ ചെയ്യുന്ന ഒരു തെറ്റ്, വരും തലമുറ ശരികളായി കണ്ടു പകർത്താൻ തുടങ്ങിയാൽ അതു കഥകളിക്കു ദോഷകരമാകുമല്ലോ എന്ന ആശങ്ക മാത്രമാണ് ഞാനിവിടെ പങ്കുവക്കുന്നത്.

പത്തിയൂർ ശങ്കരൻകുട്ടിയും രാജീവൻ നമ്പൂതിരിയും ചേർന്നു പാടിയ കഥകളിപ്പദങ്ങൾ ശ്രുതിമധുരങ്ങളായിരുന്നു. കലാമണ്ഡലം കൃഷ്ണദാസിന്റെ ചെണ്ടയുടെ കാര്യം പറയേണ്ടതില്ലല്ലോ?  കലാനിലയം വിനോദ് മദ്ദളത്തിന്റെ ശക്തിയും ഭംഗിയായി തെളിയിച്ചു.

രണ്ടാമത്തെ കഥ 'കിരാതം' ആയിരുന്നു. വെളുപ്പിന് നാലു മണിക്ക്  കലാമണ്ഡലം ബാലസുബ്രഹ്മന്യത്തിന്റെ കാട്ടാളനും കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ അർജുനനും കൂടി 'ഞാനെയ്ത കിടിക്കു' വേണ്ടി വഴക്ക് കൂടിയപ്പോഴേക്കും, എന്റെ കണ്ണുകൾ എന്റെ നിയന്ത്രണത്തിലല്ലാതായിക്കഴിഞ്ഞു. ഉറക്കമിളച്ചു ശീലമില്ലാത്ത കഥകളി കമ്പക്കാരന്റെ കഷ്ട്ടപ്പാട്. എങ്കിലും കണ്ട ഭാഗം വച്ച് നോക്കിയാൽ നല്ലൊരു കളിയായിരുന്നിരിക്കണം കിരാതം.

ആടിയവരുടെയും പാടിയവരുടെയും കൊട്ടിയവരുടെയും ഇവരെയൊക്കെ അനിയിച്ചൊരുക്കിയവരുടെയും എല്ലാം പേരുകൾ  ഓർക്കുന്നില്ല. എല്ലാവരും അവരവരുടെ ഭാഗം നന്നായി നിർവഹിച്ചു എന്നു പറഞ്ഞു കൊണ്ട് നിർത്തട്ടെ.

അടുത്ത ദിവസത്തെ 'സന്താനഗോപാല'വും ദക്ഷയാഗവും എങ്ങിനെയായിരുന്നുവെന്നു അടുത്ത ലക്കത്തിൽ കുറിക്കാം. കളികളുടെ മറ്റു വിശദാംശങ്ങൾ ശ്രീ. അമ്ബുജാക്ഷൻ നായർ എഴുതും എന്ന് പ്രതീക്ഷിക്കുന്നു.

photo courtesy: Sreekumar

Please visit

https://www.youtube.com/watch?v=_bsoiRBPOMQ&feature=youtu.be

for a 45 minutes video of the play.

2 comments: