Saturday, February 25, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 16)

കഴിഞ്ഞ ഭാഗത്തിൽ തുടങ്ങിവച്ച ശ്ലോകത്തെ വിശദമായി മനസ്സിലാക്കാൻ ഇന്നു ശ്രമിക്കാം.

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യദസ്തീതി വാദിനഃ                   (2 : 42)
കാമാത്മാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം ഭോഗൈശ്വര്യഗതിം പ്രതി        (2 : 43) 
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാത്മികാ ബുദ്ധി: സമാധൗ ന വിധീയേതേ       (2 : 44)  

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് വാദിക്കുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു പുനർജന്മമാകുന്ന കർമ്മഫലത്തെ കൊടുക്കുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തേയും ലക്ഷ്യമാക്കിയുള്ളതുമായ അനേകം സകാമകർമ്മങ്ങളെ പ്രദിപാദിക്കുന്ന വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ നിശ്ചയദാർഢ്യമുള്ള ബുദ്ധി സംഭവിക്കുന്നില്ല).

ഈ ശ്ലോകങ്ങൾ വെളിച്ചം വീശുന്നത് ഭഗവത് ഗീത എഴുതപ്പെട്ട കാലത്തെ സാമൂഹിക  വ്യവസ്ഥിതിയിലേക്കാണ്. വേദങ്ങളെ അടിസ്ഥാനപ്രമാണമാക്കിയുള്ള മതം മാത്രമായിരുന്നു അന്നു ഭാരതത്തിൽ ഉണ്ടായിരുന്നത്. വേദങ്ങൾക്കു കർമ്മകാണ്ഡം (ritualistic ceremonies), ഉപാസനാകാണ്ഡം (devotional section), ജ്ഞാനകാണ്ഡം (knowledge section) എന്നിങ്ങനെ മൂന്നു ഭാഗങ്ങളുണ്ടെന്നും ഈ ഭാഗങ്ങൾ പ്രതിപാദിക്കുന്ന കാര്യങ്ങളെന്തൊക്കെയാണെന്നും ഇതൊക്കെ ഭഗവത് ഗീതയുടെ പശ്ചാത്തലമാകുന്നത് എങ്ങനെയാണെന്നും മറ്റുമുള്ള പൊതുവായ കാര്യങ്ങൾ ഈ ലേഖനപരമ്പരയുടെ ആമുഖത്തിൽ (ഭാഗം 2 & 3) വിശദീകരിച്ചിരുന്നു. പലതരത്തിലുള്ള ഭൗതികസുഖഭോഗങ്ങൾ നേടാനും സ്വർഗ്ഗപ്രാപ്തി വരെ ലഭിക്കാനും വേണ്ടി ചെയ്യേണ്ട യജ്ഞാദികർമ്മങ്ങളെ വിശദീകരിക്കുന്ന വേദഭാഗമാണ് കർമ്മകാണ്ഡം. വേദപ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ, ധർമ്മശാസ്ത്രങ്ങൾ രചിച്ചു, സമൂഹത്തിൽ ചാതുർവർണ്യം നടപ്പിലാക്കി, വേദങ്ങൾ പഠിക്കാനും പ്രയോഗിക്കാനുമുള്ള അർഹത വൈദികമതത്തിലുള്ളവർക്കു മാത്രമായി നീക്കിവയ്ക്കപ്പെട്ടിരുന്ന കാലമായിരുന്നു അത്. അങ്ങിനെ വേദാധികാരികളായിത്തീർന്ന വൈദിക ബ്രാഹ്മണർ, വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറയുന്ന സ്വർഗ്ഗപ്രാപ്തിയുൾപ്പെടെയുള്ള സുഖഫലങ്ങളിൽ കണ്ണും നട്ട് യാഗങ്ങളിലും ഹോമങ്ങളിലും യജ്ഞങ്ങളിലും മുഴുകിക്കഴിഞ്ഞതിനെയാണ് ഗീതാകാരൻ ശ്ലോകം 42-45ൽ പരിഹസിക്കുന്നത്. വേദത്തിന്റെ കർമ്മകാണ്ഡത്തിലെ പ്രസ്താവങ്ങൾ അർത്ഥരഹിതമായ കോമളപദാവലികൾ മാത്രമാണെന്നും അതൊക്കെ വിശ്വസിച്ചു കർമ്മം ചെയ്തു കഴിഞ്ഞു കൂടുന്നവർ മൂഢസ്വർഗ്ഗത്തിലാണു ജീവിക്കുന്നതെന്നും അവർക്കു അതൊന്നും തന്നെ കിട്ടുകയില്ല എന്നു മാത്രമല്ല, സ്വാർത്ഥപരമായ വിഷയങ്ങളിൽ മാത്രം മനസ്സു വ്യാപാരിക്കയാൽ ഈശ്വരസാക്ഷാത്ക്കാരത്തിനു അനുപേക്ഷണീയമായ ഏകാഗ്രത മനസ്സിന് ലഭിക്കാതെ ഈശ്വരനിൽ നിന്നും അവർ അകന്നു പോകുന്നു എന്നുമാണ് കൃഷ്ണൻ പറഞ്ഞിരിക്കുന്നത്. ഒരുവന്റെ ജന്മത്തിന്റെ ശ്രേഷ്ടതയല്ല, മറിച്ചു കർമ്മത്തിന്റെ സ്വഭാവമാണ് അവനെ ഈശ്വരനിലേക്ക് അടുപ്പിക്കുകയോ ഈശ്വരനിൽ നിന്ന് അകറ്റുകയോ ചെയ്യുന്നതെന്നർത്ഥം. ഈശ്വരനോട് ഏറ്റവും അടുത്തു നിൽക്കുന്നവർ എന്നു സാധാരണ ജനം അന്നു ചിന്തിച്ചിരുന്നവർ അവരുടെ തെറ്റായ കർമ്മങ്ങളാൽ യഥാർത്ഥത്തിൽ ഈശ്വരനിൽ നിന്നും വളരെ അകന്നു നിൽക്കുന്നവരാണെന്നാണ് കൃഷ്ണൻ പറഞ്ഞിരിക്കുന്നത്. വ്യാസമഹർഷിയെപ്പോലെ സമത്വവാദിയായ ഒരു സന്യാസിവര്യൻ ഇങ്ങനെ പറയണമെങ്കിൽ അക്കാലത്തെ പുരോഹിതമതത്തിന്റെ സ്ഥിതി എന്തായിരിക്കാമെന്നു നമുക്കൂഹിക്കാവുന്നതേയുള്ളൂ.

ധർമ്മശാസ്ത്രങ്ങളെ പ്രമാണമാക്കിയ പുരോഹിതമതം സമൂഹത്തിൽ തിന്മയുടെ വിളയാട്ടം നടത്തി, ഹൈന്ദവദർശനങ്ങൾക്ക് വലിയ ആഘാതം ഏൽപ്പിച്ച കാലത്തിനു ശേഷം നാസ്തികമതങ്ങളായ ബുദ്ധമതവും ജൈനമതവും ഉണ്ടായി ഭാരതത്തിലുടനീളം പ്രചരിച്ചു നൂറ്റാണ്ടുകൾ കഴിഞ്ഞാണ്‌ മഹാഭാരതവും അതിൽ ഉൾപ്പെടുന്ന ഭഗവത് ഗീതയും രചിക്കപ്പെട്ടിട്ടുള്ളതെന്നത് ചരിത്രമാണ് (ആമുഖം 2 & 3). സ്വാർത്ഥലക്ഷ്യങ്ങൾ നേടാനുള്ള യജ്ഞങ്ങളുടെ പേരിൽ നരഹത്യയടക്കം നടത്തി, ഹിംസ സാമൂഹിക സംസ്കാരത്തിന്റെ ഭാഗമാക്കി മാറ്റി, അധികാരിവർഗ്ഗം സാധാരണ ജനങ്ങളെ ദ്രോഹിച്ചുകൊണ്ടിരുന്ന അക്കാലം സമൂഹത്തിൽ സൃഷ്ട്ടിച്ച അശാന്തിയും അതുമൂലം  സനാതനധർമ്മത്തിനു വന്നു പിണഞ്ഞ അപകീർത്തിയും ഇതൊക്കെ കാരണം സാധാരണ ജനങ്ങൾ നാസ്തികമതങ്ങളുടെ പിറകെ പോയി സമൂഹത്തിൽ ഈശ്വരചിന്ത കുറഞ്ഞതുമെല്ലാം വ്യാസമുനിയെപ്പോലെ സാത്വികരായ മനുഷ്യരിൽ ഉണ്ടാക്കിയ വ്യഥയും അമർഷവും എല്ലാം പ്രതിഫലിക്കുന്നതാണ് മുകളിൽ ഉദ്ധരിച്ച മൂന്നു ഗീതാശ്ലോകങ്ങളും. ഇന്ദ്രിയാരാമന്മാരായ മനുഷ്യരെ ഈശ്വരോന്മുഖമാക്കി നിർത്തി, ഈശ്വരസാക്ഷാത്ക്കാരത്തിനർഹരാക്കാ- നുള്ള ബൃഹത് പദ്ധതിയാണ് വേദങ്ങളുടെ ഉള്ളടക്കമെന്നും അതിനാൽ പ്രത്യക്ഷത്തിൽ സ്വാർത്ഥലക്ഷ്യങ്ങൾ നേടാനായിട്ടുള്ളതെന്നു തോന്നിപ്പിക്കുന്ന കർമ്മകാണ്ഡമടക്കമുള്ള എല്ലാ വേദഭാഗങ്ങളും ആ ഒരേലക്ഷ്യത്തിലേക്കു മനുഷ്യനെ നയിക്കാനായുള്ള വിവിധതലങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നതെന്നും അഭിജ്ഞർ അഭിപ്രായപ്പെടുന്നു. ഇങ്ങിനെ ചിന്തിച്ചാൽ ഗീതാകാരൻ വിമർശിക്കുന്നത് വേദങ്ങളെയല്ല, സ്വാർത്ഥലക്ഷ്യങ്ങൾ നേടാമെന്ന തെറ്റിദ്ധാരണയിൽ വേദങ്ങളെ  തെറ്റായ രീതിയിൽ ഉപയോഗിക്കുന്ന വൈദികസമൂഹത്തിനെയാണ്. ഇവിടെ ഒരു ചോദ്യം പ്രസക്തമാണ്; സ്വാർത്ഥരഹിതമായ കർമ്മത്തെ അനുഷ്ഠിക്കുവാനാണു വേദങ്ങൾ ഉപദേശിക്കുന്നതെങ്കിൽ, പിന്നെയെന്തിനാണ് ' ഇതു ചെയ്താൽ അതു കിട്ടും' എന്ന മട്ടിലുള്ള പ്രലോഭനത്തിന്റെ ഭാഷ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ ഉപയോഗിച്ചിരിക്കുന്നത്? ഈ ചോദ്യത്തിനു ശ്രീ. ഭൂമാനന്ദ സ്വാമികൾ ഒരിക്കൽ പറഞ്ഞ ഒരുത്തരം ഞാൻ മുൻപിവിടെ എഴുതിയിട്ടുള്ളത് ഈ ലേഖനത്തിനു താഴെ എടുത്തെഴുതിയിട്ടുണ്ട്. താൽപ്പര്യമുള്ളവർക്കതു വായിക്കാം. 


കഴിഞ്ഞ രണ്ടുമൂന്നു ശ്ലോകങ്ങളായി നമ്മൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്നതു ബുദ്ധിയോഗ (കർമ്മയോഗം) മാണല്ലോ? കർമ്മയോഗത്തിനും ഇപ്പോൾ നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന മൂന്നു ശ്ലോകങ്ങൾക്കുമുള്ള ബന്ധമെന്താണ്? ഫലേച്ഛ കൂടാതെ ചെയ്യുന്ന കർമ്മങ്ങൾ മനുഷ്യരെ കർമ്മബന്ധനങ്ങളിൽ നിന്നും വിമുക്തരാക്കി ഈശ്വരസാക്ഷാത്ക്കാരത്തിനു പ്രാപ്തരാക്കും എന്നും ഇങ്ങനെയുള്ള നിഷ്ക്കാമകർമ്മം ചെയ്യാൻ ബുദ്ധിപൂർവ്വകമായി ചിന്തിക്കേതുണ്ട് (intellectual discrimination) എന്നും നമ്മൾ കഴിഞ്ഞ ചില ശ്ലോകങ്ങളിൽ നിന്നും  മനസ്സിലാക്കിയാണ്. അതേ തുടർന്നുവരുന്ന ഈ മൂന്ന് ശ്ലോകങ്ങളെയും അതുകൊണ്ടുതന്നെ ഭഗവാന്റെ കർമ്മയോഗ സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ തന്നെ നാം മനസ്സിലാക്കണം. സ്വാർത്ഥപരമായ കർമ്മങ്ങൾ മനസ്സിന്റെ ഏകാഗ്രത നശിപ്പിക്കുന്നതാണെന്നും നേരത്തെ തന്നെ പറഞ്ഞു കഴിഞ്ഞതാണ് (ശ്ലോകം 2:43). വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു പ്രകാരം സുഖദായകങ്ങളായ ഫലങ്ങൾക്കായി യജ്ഞം ചെയ്യുമ്പോൾ അത് മനോതലത്തിലുള്ള സ്വാർത്ഥകർമ്മം മാത്രമാകുകയാണ്. കർമ്മയോഗത്തിന്റെ അടിസ്ഥാനസിദ്ധാന്തപ്രകാരം സ്വാർത്ഥകർമ്മങ്ങൾ മോക്ഷപ്രാപ്തിക്കു വിരുദ്ധവും പുനർജന്മത്തിനു കാരണവുമാണ്. ചുരുക്കത്തിൽ നിസ്വാർത്ഥമായി, യജ്ഞഭാവത്തിൽ കർമ്മം ചെയ്തു മോക്ഷത്തിന് യോഗ്യനാകേണ്ടവർ  സ്വാർത്ഥമോഹത്തോടെ യജ്ഞകർമ്മങ്ങൾ ചെയ്ത് ജനിമരണങ്ങളാണ് (പുനർജ്ജന്മം) സമ്പാദിച്ചു കൂട്ടുന്നത്. ജനിമരണങ്ങൾ എന്നാൽ പാപനാരകങ്ങളിലേക്കുള്ള വഴിയാണെന്ന് നേരത്തെ തന്നെ കൃഷ്ണൻ പറഞ്ഞു കഴിഞ്ഞു. യജ്ഞഭാവത്തിൽ കർമ്മം ചെയ്യുക എന്നു പറഞ്ഞാൽ തന്നെ സ്വാർത്ഥരഹിതമായി കർമ്മം ചെയ്യുക എന്നാണ് അർത്ഥം എന്നിരിക്കെ യജ്ഞങ്ങളെത്തന്നെ സ്വാർത്ഥലക്ഷ്യങ്ങൾക്കായി ഉപയോഗിക്കുക എന്നു പറയുന്നതിലെ വിരോധാഭാസം എത്ര കഷ്ടമാണ്? നമ്മുടെ നാട്ടിൽ ഒരു കാലത്തു നടന്നിരുന്നത് അതായിരുന്നു.

മേലുദ്ധരിച്ച മൂന്നു ശ്ലോകങ്ങളിൽ നിന്നും ഭഗവത് ഗീത, അത് രചിക്കപ്പെട്ടതിനും അതിനു മുൻപേയുമുള്ള കാലഘട്ടങ്ങളിലെ ഭാരതീയ സമൂഹത്തിനു നേരെ പിടിക്കുന്ന ഒരു കണ്ണാടിയാണെന്നു കാണാം. ഹൈന്ദവ സമൂഹത്തിൽ പ്രകടമായിക്കണ്ട ബോധരാഹിത്യത്തെയും തിന്മകളെയും നിശിതമായി വിമർശിക്കുന്നതിൽ ഗീതാകാരൻ തെല്ലും മടി കാണിച്ചിട്ടില്ല എന്നു കാണിക്കുന്നതാണ് മേലുദ്ധരിച്ച മൂന്നു ശ്ലോകങ്ങളും. എന്നാൽ ഗീതയുടെ ഈ സാമൂഹിക വിമർശനങ്ങളെയും അതിൽ നിഴലിക്കുന്ന സാമൂഹിക പ്രതിബദ്ധതയെയും അവയർഹിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചു ജനങ്ങളിൽ എത്തിക്കുന്നതിൽ ഗീതാവ്യാഖ്യാതാക്കളിൽ പലരും വേണ്ടത്ര ശുഷ്ക്കാന്തി കാണിച്ചിട്ടുണ്ടോ എന്ന സംശയമാണ് പല ഗീതാവ്യാഖ്യാനങ്ങളും വായിച്ചപ്പോൾ എനിക്കു തോന്നിയത്. ആത്മ (ഭക്തി) വിഷയങ്ങൾക്കു പ്രാധാന്യം കൊടുത്തു, ഭക്തിയുടേതു മാത്രമായ ഒരു പരിവേഷം ഗീതക്കു ചാർത്തി നൽകാനുള്ള വ്യഗ്രതയിൽ ഇതിനൊക്കെ ചേരാത്തതെന്നവർക്കു തോന്നിയ ഗീതാവിഷയങ്ങളെ അവർ കണ്ടില്ലെന്നു നടിച്ചതാകാം. ഇതു ഗീതയുടെ സമഗ്രസ്വഭാവത്തിനു ദോഷം വരുത്തുവാനും ഗീതക്കെതിരെ പല അനാവശ്യ ആരോപണങ്ങളും ഉയർന്നുവരുവാനും അവയെ ഫലവത്തായി പ്രതിരോധിക്കാൻ കഴിയാതിരിക്കാനും കാരണമാക്കിയിട്ടുണ്ടോ എന്നുപോലും എനിക്കു തോന്നിപ്പോയി. ഈ വിഷയത്തെപ്പറ്റി "ഭഗവത് ഗീതാ സ്വാദ്ധ്യായം" എന്ന തന്റെ കൃതിയിൽ പണ്ഡിതാഗ്രേസരനായ ഗുരു നിത്യചൈതന്യയതി എഴുതിയിട്ടുള്ള വാക്കുകൾ വളരെ പ്രസക്തവും ചിന്തനീയവുമാണ്. അതിൽ നിന്നും ഏതാനും ചില വരികൾ താഴെക്കുറിക്കുന്നു.

"ഭാരതത്തിലെ ദാർശനികചരിത്രത്തിന്റെ പശ്ചാത്തലത്തിൽ വേണം വേദത്തെ സംബന്ധിക്കുന്ന ഈ പരാമർശങ്ങൾ മനസ്സിലാക്കേണ്ടത്. പൗരോഹിത്യവും രാജകീയവാഴ്ചയും അന്യോന്യം കൈകോർത്തുപിടിച്ചുകൊണ്ട് ജനതയെ ചൂഷണം ചെയ്യുന്ന പ്രവണത ലോകത്തെവിടെയും നൂറ്റാണ്ടുകളായി നിലനിന്നുപോന്നിരുന്നതായി ചരിത്രം രേഖപ്പെടുത്തുന്നു. സ്വാർത്ഥമതികളായ പുരോഹിതവർഗ്ഗം വേദത്തെയും അവരുടെ ചൂഷണത്തിന്റെ മുഖ്യോപായമായി ഒരു കാലത്തു ഉപയോഗിച്ചു  വന്നിരുന്നു........ശ്രേയസ്സിനെയും പ്രേയസ്സിനെയും ഒരുപോലെ കണ്ടുകൊണ്ട് നിസ്രേയസ്സിലേക്ക് ഉയരുവാൻ പഠിപ്പിക്കുന്ന ഋഷിപ്രോക്തമായ ഗീതോപദേശം കണ്ടില്ലെന്നു നടിക്കുകയോ തെറ്റായി വ്യാഖ്യാനിക്കുകയോ ചെയ്യുന്നത് നല്ല പ്രവണതയല്ല. ജീവിതലക്ഷ്യമായ മോക്ഷത്തെ മാറ്റിവച്ചുകൊണ്ട് ഭോഗൈശ്വര്യങ്ങൾ കർമ്മഫലമായി സിദ്ധിക്കും എന്ന് കരുതി സങ്കീർണ്ണമായ യാഗാദികർമ്മങ്ങളിൽ മുഴുകിയിരിക്കുന്നവരെയും ഗീത സത്യസരണിയിൽ നിന്നു വ്യഭിചരിക്കുന്നവരായി എണ്ണിയിരിക്കുന്നു".

"വൈദികതയുടെ മുഖം മൂടിവച്ച് ആര്യന്മാരെന്ന് അഭിമാനംപൂണ്ടു നടക്കുന്ന പല വ്യാഖ്യാതാക്കൾക്കും ഗീതയുടെ ദാക്ഷിണ്യമില്ലാത്ത സത്യാവബോധം വളരെ അസൗകര്യമായി തോന്നിയിട്ടുണ്ട്. ഇവിടെ പുഷ്പ്പിതമായ വാക്കുകൾ പറയുന്നവരായി എടുത്തുകാട്ടിയിരിക്കുന്നവരുടെ പട്ടികയിൽ അവരെയും പെടുത്താം. ആധുനികഭാരതത്തിലെ സർവഭൗമന്മാരെന്നു കരുതപ്പെടുന്ന ചില മഹാന്മാർ പോലും ഗീതയുടെ ഈ മനോഭാവം കാണാത്തമട്ടു നടിക്കുന്നതിനു ഒരുദാഹരണമാണ് ഡോ. രാധാകൃഷ്ണന്റെ ഭഗവത് ഗീതാ വ്യാഖ്യാനം".

ആര്യന്മാരായ വ്യാഖ്യാതാക്കൾ മാത്രമല്ല, അനാര്യന്മാരായ പല വ്യാഖ്യാതാക്കളും ഇക്കൂട്ടരിൽപ്പെടും എന്നു കൂടി ഞാൻ കൂട്ടിച്ചേർക്കട്ടെ.

****************************************************************************************************
ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലുകുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ചു അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്ന് കുഞ്ഞു പറയും. അപ്പൊ അമ്മ, "എങ്കിലീ പാല് മുഴുവൻ മക്കള് കുടിച്ചേ'. ഹേമമാലിനിയാകാൻ കൊതിച്ചു കുഞ്ഞു ഇഷ്ടമല്ലെങ്കിലും ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു ജീവിക്കുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡപരിപാടികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ ആത്മവിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary school level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. ഹേമമാലിനിയുടെ മുടിയുണ്ടാകാനായി പാലു കുടിക്കുന്ന കുഞ്ഞിനെപ്പോലെയാണ് ഭോഗൈശ്വര്യങ്ങൾക്കും സ്വർഗ്ഗപ്രാപ്തിക്കുമായി കർമ്മകാണ്ഡത്തിന്റെ പിറകെ പോകുന്നവരുടെയും കഥ.

*****************************************************************************

Friday, February 17, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 15)

ഹൈന്ദവധർമ്മത്തിന്റെയും ഭഗവത് ഗീതയുടെയും മഹത്വത്തെ കുറച്ചു കാണിപ്പിക്കുന്ന ചില സാമൂഹ്യചിന്തകളെയും വ്യവസ്ഥിതികളെയും ഒന്നു പരാമർശിക്കുക മാത്രമാണ് കഴിഞ്ഞ ലക്കത്തിൽ ചെയ്തത്. പഠിക്കുന്ന വിഷയത്തിന്റെ ചെറുതെങ്കിലുമൊരു പശ്ചാത്തലജ്ഞാനമുണ്ടെങ്കിൽ അതു പഠനത്തെ സഹായിക്കാൻ പോന്നതാകും എന്നതിനാലാണ് വഴിമാറി അത്രയും എഴുതിയത്. ശരി, 13-)o ഭാഗത്തിൽ  നിർത്തിയിടത്തു നിന്നു നമുക്കു പഠനം തുടരാം. 

നേഹാഭിക്രമനാശോസ്തി പ്രത്യവായോ ന വിദ്യതേ 
സ്വല്പമൽപ്പസ്യ ധർമ്മസ്യ ത്രായതേ മഹതോ ഭയാത്       (2 : 40 )

(ഈ കർമ്മയോഗ നിഷ്ഠയിൽ തുടങ്ങി വച്ച കർമ്മത്തിനൊന്നും നാശമില്ല. ഈ ധർമ്മത്തിന്റെ അത്യൽപ്പമായ ആചരണം പോലും വലിയ ഭയത്തിൽ നിന്നും രക്ഷിക്കുന്നു) 

സംസാരദുഃഖത്തിൽ നിന്നും കരകയറാനുള്ള  സാംഖ്യബുദ്ധിയാണ് ഇതുവരെപ്പറഞ്ഞതെന്നും ഇനി കർമ്മബന്ധനത്തെ ഇല്ലാതാക്കുന്ന ബുദ്ധിയോഗം (കർമ്മയോഗം) ഉപദേശിക്കാം എന്നുമാണ് കഴിഞ്ഞ ശ്ലോകത്തിൽ (ശ്ലോകം 39) കൃഷ്ണൻ പറഞ്ഞത്. കർമ്മയോഗത്തിന്റെ വളരെ ചെറുതായ ആചരണം പോലും വലിയ ഭയത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കാൻ പോന്നതാണത്രെ. മനുഷ്യരുടെ ഏറ്റവും വലിയ ഭയമേതാണ്? മരണം. മരണത്തോട് കൂടി എല്ലാം അവസാനിക്കുന്നു എന്ന സാധാരണ ചിന്തയാണീ ഭയത്തിനാധാരം. ആത്മാവിനു മരണമില്ല എന്നുദ്ഘോഷിക്കുന്ന ഹൈന്ദവധർമ്മപ്രകാരമുള്ള ഭയം പക്ഷെ ഇതല്ല; ഈ ജന്മത്തിൽ മോക്ഷം ലഭിക്കാതെ ഇനിയും പല ജന്മങ്ങൾ  എടുക്കേണ്ടി വരുമോ എന്നുള്ളതാണ് ആ ഭയം. ഇനി വരുന്ന ജന്മങ്ങളിൽ മനുഷ്യരൂപം കിട്ടുമെന്നതിനു യാതൊരു ഉറപ്പുമില്ല. കൃമികീടങ്ങൾ തുടങ്ങി അനേകകോടി ജന്തുജാലങ്ങളുള്ളതിൽ ഏതെങ്കിലുമൊക്കെയായി പലജന്മങ്ങളിലും പിറന്നുമരിച്ചു നരകയാതനകൾ അനുഭവിക്കേണ്ടി വരാം. ഭാഗവത കീർത്തനത്തിലെ  'ജനിമരണങ്ങൾ എനിക്കിനി വേണ്ട, പരിപാലയമാം നാരായണ ജയ' 'എന്ന വരിയുടെ താത്പര്യം തന്നെ ഇതാണ്. ഒരുവന്റെ കർമ്മമാണ് അയാൾക്ക് ഈ ജന്മത്തിൽ തന്നെ മോക്ഷം ലഭിക്കുമോ ഇല്ലയോ എന്നു നിർണ്ണയിക്കുന്നത്. പോയജന്മങ്ങളിൽ നിന്നുള്ള ദുർവാസനകൾ പേറിയാണ് ഇവിടെ എത്തുന്നതെങ്കിൽപ്പോലും  അതെല്ലാം തന്നെ കഴുകിക്കളഞ്ഞു ജീവാത്മാവിനെ മുക്തിക്കു പ്രാപ്തമാക്കാൻ മനുഷ്യജന്മത്തിലൂടെ സാധിക്കുമത്രേ. മറ്റൊരു ജീവജാലത്തിനും ഇല്ലാത്ത 'ബുദ്ധി', അല്ലെങ്കിൽ ചിന്തിക്കാനുള്ള കഴിവ് മനുഷ്യനുള്ളതുകൊണ്ടാണ് ഇത് സാധിക്കുന്നത്. അതു വേണ്ടവിധത്തിൽ ഉപയോഗിച്ചു ഫലേച്ഛ കൂടാതെ കർമ്മം ചെയ്യാൻ കഴിഞ്ഞാൽ അങ്ങിനെയുള്ള കർമ്മം എല്ലാ കർമ്മബന്ധനങ്ങളെയും അകറ്റി ആത്മാവിനെ മോക്ഷപ്രാപ്തനാക്കും. ഇങ്ങനെ ചെയ്യൂ ന്ന കർമ്മത്തിനു അഭിക്രമനാശമോ (ഇടക്ക് വച്ച് കർമ്മം നിർത്തിയാലുണ്ടാകാവുന്ന നാശം) പ്രത്യാവായദോഷമോ (ശരിക്കു മുറപോലെ കർമ്മം ചെയ്യാഞ്ഞാൽ വരാവുന്ന ദോഷം) ഉണ്ടാകില്ലത്രേ. സദുദ്ദേശത്തോട് കൂടി യജ്ഞഭാവത്തിൽ ചെയ്യുന്ന കർമ്മങ്ങൾക്ക്, മറ്റു കർമ്മങ്ങളെപ്പോലെയുള്ള പരിമിതികളൊന്നും ബാധകമല്ലെന്നും അങ്ങിനെയുള്ള കർമ്മം അൽപ്പമാത്രമാണ് ചെയ്യാൻ കഴിയുന്നതെങ്കിൽപ്പോലും അതിന്റെ വില വലുതാണെന്നുമാണ് ഇപ്പറയുന്നതിന്റെയൊക്കെ അർത്ഥം. കാരണം അങ്ങിനെയുള്ള കർമ്മത്തിന്റെ ഫലം ലോകത്തിനു പ്രയോജനകരമായി ഭവിക്കും എന്നതു തന്നെ. അരുതാത്തതു ചെയ്യുമ്പോഴാണല്ലോ ഭയം ഉണ്ടാകുന്നത്? ബുദ്ധിപൂർവം ചിന്തിച്ചുറച്ചാണ് കർമ്മയോഗി കർമ്മം ചെയ്യുന്നത്. നിസ്വാർത്ഥമായ കർമ്മം, കർമ്മയോഗിക്കു സന്തോഷവും സമാധാനവുമാണ് പ്രദാനം ചെയ്യുന്നത്. ആയതിനാൽ കർമ്മയോഗി ഒന്നിനെയും ഭയക്കുന്നില്ല; ഒന്നിനും കർമ്മയോഗിയെ ഭയപ്പെടുത്താൻ കഴിയുന്നുമില്ല. കർമ്മത്തിലുള്ള സ്വാർത്ഥതയാണ് ഭയത്തിന് കാരണമെന്നു സാരം.

വ്യവസായികാത്മികാ ബുദ്ധിരേകേഹ കുരുനന്ദനഃ  
ബഹുശാഖാ ഹ്യനന്താശ്ച ബുദ്ധയോ വ്യവസായിനാം       (2 : 41)

(സമചിത്തനായ യോഗി തന്റെ ലക്ഷ്യത്തിൽ ഏകാഗ്രമനസ്കനാണ്. സമചിത്തതയില്ലാത്തവരുടെ ബുദ്ധി ഒന്നും ചിന്തിക്കാൻ കഴിയാതെ പല വിഷയങ്ങളിൽ അനന്തമായി വ്യാപാരിക്കും)


നമ്മൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത് ബുദ്ധിയോഗ (കർമ്മയോഗം) മാണ്. മനസ്സും ബുദ്ധിയുമാണ് ശരീരത്തെക്കൊണ്ടു കർമ്മങ്ങൾ ചെയ്യിക്കുന്നത്. ഒരു മരത്തിൽ നിന്നും മറ്റൊരു മരത്തിലേക്ക് ചാടിക്കളിക്കുന്ന കുരങ്ങനെപ്പോലെയുള്ള മനസ്സിന് സ്ഥിരതയില്ല. കാണുന്നതിലെല്ലാം മനസ്സ് ഒട്ടിപ്പിടിക്കും. എന്തും നേടണമെന്ന ആഗ്രഹം ജനിപ്പിക്കും. നേടിയാൽ സന്തോഷിപ്പിക്കും, നേടിയില്ലെങ്കിൽ ദുഖിപ്പിക്കും. നാം ചെയ്യുന്ന വികാരപരമായ കർമ്മങ്ങളെല്ലാം തന്നെ ഇങ്ങനെ മനസ്സിന്റെ നിയന്ത്രണത്തിലുള്ളതാണ്. പക്ഷേ ബുദ്ധിതലത്തിലുള്ള കർമ്മങ്ങൾ ഇങ്ങിനെയല്ല. ഒരു വിഷയത്തെക്കുറിച്ചു ചിന്തിച്ചു, അതിന്റെ ഗുണവും ദോഷവും തെറ്റും ശരിയും വേർതിരിച്ചറിഞ്ഞു കർമ്മം ചെയ്യാനാണ് ബുദ്ധി പ്രേരിപ്പിക്കുന്നത്. നമ്മുടെ കർമ്മങ്ങൾ ഫലവത്താകണമെങ്കിൽ അത് മനസ്സിന്റെ നിയന്ത്രണത്തിലാകരുത്, ബുദ്ധിയുടെ നിയന്ത്രണത്തിലായിരിക്കണം എന്നാണു ഭഗവാൻ പറയുന്നത്. ബുദ്ധിപരമായി ചിന്തിക്കുമ്പോൾ ലാഭം-നഷ്ട്ടം, സുഖം-ദുഃഖം തുടങ്ങിയ വിപരീതഭാവങ്ങളുടെ പിടിയിൽ നിന്നും മാറി മനസ്സ് സാമ്യാവസ്ഥയിലാകും. അപ്പോൾ ഏകാഗ്രമനസ്സോടെ ലക്ഷ്യത്തിലേക്കു നോക്കി കർമ്മം ചെയ്യാൻ കഴിയും. കർമ്മത്തിന്റെ ഫലത്തെക്കുറിച്ചു ചിന്തിക്കാതെ, ഏകാഗ്രമായ മനസ്സോടെ കർമ്മം ചെയ്യുമ്പോൾ ആ കർമ്മത്തിനു കിട്ടാവുന്ന ഏറ്റവും നല്ല ഫലവും ലഭിക്കും. കർമ്മത്തിൽ നിന്നും കർമ്മഫലത്തെ മാറ്റി നിർത്തിക്കൊണ്ട് കർമ്മം ചെയ്യാൻ ബുദ്ധിയുടെ പ്രേരണയും നിയന്ത്രണവും അനിവാര്യമാകുന്നതിനാലാണ് കർമ്മയോഗത്തെ ബുദ്ധിയോഗമെന്നും വിളിക്കുന്നതെന്ന് കഴിഞ്ഞ കുറിപ്പൊന്നിൽ പറഞ്ഞിരുന്നു. ഇനി ബുദ്ധിയുടെ നിയന്ത്രണത്തിലല്ലാതെ മനസ്സിന്റെ നിയന്ത്രണത്തിൽ   കർമ്മങ്ങൾ ചെയ്‌താൽ ഫലം എന്തായിരിക്കും എന്നു പറയേണ്ടതില്ലല്ലോ? ഏകാഗ്രതയില്ലാതെ മനസ്സ് പല വിഷയങ്ങളിലും മാറി മാറി പൊയ്ക്കൊണ്ടിരിക്കും. ഒരു ചെറിയ ഉദാഹരണം പറയാം. ഡയബറ്റിസ് രോഗമുള്ള രോഗി മധുരപലഹാരങ്ങൾ വർജ്ജിക്കേണ്ടതാണ്. പക്ഷേ, എന്തിലും ആഗ്രഹം ജനിപ്പിക്കുന്ന മനസ്സ്, മധുരം കഴിക്കാൻ രോഗിയെ പ്രേരിപ്പിക്കും. വരും വരായ്കകളെക്കുറിച്ചു ചിന്തിക്കുന്ന ബുദ്ധിയോ അത് വിലക്കും. ഇതു രണ്ടിലേതാണോ വിജയിക്കുന്നത് അതിനനുസരിച്ചായിരിക്കും രോഗിയുടെ അനുഭവം. ബുദ്ധി പറയുന്നത് കേട്ട് മധുരം വർജ്ജിച്ചാൽ ആരോഗ്യം നിലനിർത്താം, അല്ലെങ്കിൽ മറിച്ചും. ഇന്നു നമുക്ക് ചുറ്റും നടക്കുന്ന പലകാര്യങ്ങളും വികാരതലത്തിലുള്ളതാണ്; ബുദ്ധിയുടെ പ്രയോഗവും അതിനനുസൃതമായ ജീവിതരീതിയും വളരെ കുറഞ്ഞുപോയിരിക്കുന്നു. അതിന്റെ ബുദ്ധിമുട്ടുകളാണ് നാം അനുഭവിച്ചു കൊണ്ടിരിക്കുന്നതിലേറെയും. അർജ്ജുനൻ ബുദ്ധി ഉപയോഗിച്ചു ഏകാഗ്രമനസ്സോടെ കർമ്മം ചെയ്യണമെന്നും അല്ലാതെ മനോതലത്തിൽ ചിന്തിച്ചു വൈകാരികമായി പ്രവൃത്തിക്കരുതെന്നുമാണ് കൃഷ്ണൻ ഇപ്പറയുന്നതിന്റെയൊക്കെ താത്പര്യം.    

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യദസ്തീതി വാദിനഃ                 (2 : 42)
കാമാത്മാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം  ഭോഗൈശ്വര്യഗതിം പ്രതി          (2 : 43) 
ഭോഗൈശ്വര്യപ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാത്മികാ  ബുദ്ധി: സമാധൗ ന വിധീയേതേ       (2 : 43)  

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു പുനർജന്മമാകുന്ന കർമ്മഫലത്തെ നൽകുന്നതും സുഖാനുഭവത്തെയും ഐശ്വര്യത്തേയും ലക്ഷ്യമാക്കിയുള്ളതുമായ അനേകം സകാമകർമ്മങ്ങളെ പ്രദിപാദിക്കുന്നതുമായ വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറേക്കൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറയുന്ന പ്രലോഭനപരമായ 'ഇതു ചെയ്താൽ അതു കിട്ടും' എന്നുള്ളതു മാത്രമാണ് കാര്യമെന്നു വിശ്വസിച്ചു, അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകി, സുഖഭോഗങ്ങളെയും സ്വർഗ്ഗപ്രാപ്തിയെയും കുറിച്ചു മാത്രം ചിന്തിച്ചു ജീവിക്കുന്നവർ മൂഢന്മാരാണെന്നും 'വ്യാവസായാത്മികാ  ബുദ്ധി (resolute intellect) യുണ്ടാകാത്തത് കാരണം അവർക്ക് ഏകാഗ്രമനസ്സോടെ ഈശ്വരസാക്ഷാത്ക്കാരത്തിനനുപേക്ഷണീയമായ വിധത്തിൽ കർമ്മങ്ങൾ ചെയ്യാൻ സാധിക്കാതെ വരുന്നു എന്നും സാരം. 

എന്തുകൊണ്ടാണ് ഗീതാകാരൻ ഇങ്ങനെ പറയുന്നത്? ഇതു പറയാനുള്ള അന്നത്തെ മതപരമായ പശ്ചാത്തലം എന്തായിരുന്നു? ഇപ്പറഞ്ഞതിനു നമ്മൾ ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ബുദ്ധിയോഗവുമായി എന്താണ് ബന്ധം?ഇപ്പറയുന്നതിൽ നിന്നും വേദാന്തപരമായി നമ്മൾ ഉൾക്കൊള്ളേണ്ടതെന്താണ്?

നമുക്കിതു വിശദമായി ചർച്ച ചെയ്യാം, അടുത്തയാഴ്ചയാകട്ടെ.   

Friday, February 10, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 14)

ഭഗവത് ഗീതയുടെ സിദ്ധാന്തങ്ങളിൽ പ്രധാനമായിട്ടുള്ളതും എന്നാൽ മനുഷ്യർ ഏറ്റവുമധികം ദുരുപയോഗം ചെയ്തിട്ടുള്ളതുമായ ഒരു പദമാണ് 'സ്വധർമ്മം'. കഴിഞ്ഞ രണ്ടു ലക്കങ്ങളിലും ഈ വിഷയത്തെപ്പറ്റിയുള്ള ശ്ലോകങ്ങളെ വ്യാഖ്യാനിക്കുമ്പോൾ, ഈ വാക്കിന്റെ അർത്ഥമെന്താണെന്നു പറയാനുള്ള എളിയ ശ്രമം നടത്തിയിരുന്നു, പ്രത്യേകിച്ചും 12-)o ഭാഗത്തിൽ. ഭഗവത് ഗീതയുടെ സനാതനധർമ്മ ഭൂമികയിൽ നിന്ന് നോക്കിയാൽ 'സ്വധർമ്മാചരണ' ത്തിലൂടെ മനുഷ്യരുടെ ജന്മാർജ്ജിതമായ കഴിവുകളുടെ ഏറ്റവും ഉൽകൃഷ്ടമായ പ്രകാശനമാണ് സംഭവിക്കുന്നത്. സ്വന്തം വാസനകൾക്കും (ഗുണങ്ങൾക്കും) കഴിവുകൾക്കും അനുസരിച്ചുള്ള കർമ്മം യജ്ഞഭാവനയോടെ ചെയ്യുമ്പോൾ, ആ കർമ്മത്തിന്റെ പരമാവധി ഫലം ഉളവാകുന്നു. ഇങ്ങിനെ അനുഷ്ഠിക്കപ്പെടുന്ന കർമ്മം, കർമ്മിക്കു സന്തോഷവും ആത്മസംതൃപ്തിയും പ്രദാനം ചെയ്യുമ്പോൾ തന്നെ ആ കർമ്മത്തിന്റെ ഫലം സമൂഹത്തിനു മുതൽക്കൂട്ടാകുകയുമാണ്. വേദാന്തതലത്തിൽ നിന്ന് നോക്കിയാൽ, സ്വധർമ്മപരമായ കർമ്മം അനുഷ്ഠിക്കുന്നതിലൂടെ ഒരുവനിലെ മോക്ഷപ്രാപ്തിക്കു തടസ്സമായി നിൽക്കുന്ന ജന്മവാസനകളാണ് ഹോമിക്കപ്പെടുന്നത്. 'കെട്ടുകളായതു കർമ്മം പുരുഷനു, കെട്ടുകളറ്റേ മുക്തിവരൂ ദൃഢം' എന്നു ഭാഗവതം ആദ്യപാദ കീർത്തനം. ലാഭചിന്തകളോടെ മനുഷ്യർ ചെയ്യുന്ന കർമ്മങ്ങൾ കർമ്മബന്ധനങ്ങൾ ഉണ്ടാക്കുമെന്നും ആ ബന്ധനങ്ങൾ അറ്റുപോയാൽ മാതമേ മുക്തി അല്ലെങ്കിൽ മോക്ഷം ലഭിക്കുകയുള്ളൂ എന്നും സാരം. ജന്മവാസനകൾക്കനുസൃതമായി കർമ്മം ചെയ്യുമ്പോൾ കർമ്മബന്ധനങ്ങൾ (വാസനകൾ) അറ്റുപോകുകയും അങ്ങിനെ വാസനാമാലിന്യമകന്ന ആത്മാവിനു പരമാത്മാവുമായി ചേരാനുള്ള സംഗതിയും വരുമത്രെ. വ്യക്തി രക്ഷപെടുന്നതോടോപ്പം തന്നെ അയാളൂടെ കർമ്മഫലം ലോകത്തിനു ലഭിക്കുകയും ചെയ്യുന്നു. പുനർജന്മങ്ങളെന്ന 'പാപനരക' ത്തിൽ നിന്നും 'മോക്ഷം' എന്ന 'പുണ്യസ്വർഗ്ഗ' ത്തിലേക്കാണ് മനുഷ്യൻ നിഷ്ക്കാമകർമ്മത്തിലൂടെ നടന്നു കയറുന്നത്. ഹൈന്ദവധർമ്മത്തിന്റെ ആത്യന്തികലക്ഷ്യമാണ് ഈ മോക്ഷപ്രാപ്തി. അത് സ്വധർമ്മാചരണത്തിലൂടെ നേടാൻ കഴിയും എന്നാണ് ഭഗവത് ഗീത ഉദ്ഘോഷിക്കുന്നത്. 

ഇപ്പറഞ്ഞതിലൊന്നും ജാതിയോ  മതമോ  വർണ്ണമോ ഒന്നുമില്ല; ഉള്ളത് വ്യക്തിയുടെ സ്വാഭാവികമായ ഗുണങ്ങൾ മാത്രം. എന്നാൽ ഗീതയുടെ ഈ മഹനീയ 'സ്വധർമ്മ' സിദ്ധാന്തത്തെ പ്രത്യേക ജാതിയിലുള്ളവരുടെ പരമ്പരാഗത തൊഴിൽ എന്ന വിധത്തിലാണ് സമൂഹം വ്യാഖ്യാനിച്ചിരിക്കുന്നത്. ജാതിയും മതവും എല്ലാം ഭഗവാൻ തന്നെ സൃഷ്ടിച്ചതാണെന്നും ജാതിധർമ്മമാണു് സ്വധർമ്മമെന്നും ഇക്കൂട്ടർ വാദിക്കുന്നു. ഇങ്ങനെ ചിന്തിക്കുമ്പോൾ, ഉന്നത കുലജാതർ മാന്യമായ തൊഴിലിനും അതല്ലാത്തവർ അമാന്യമായ തൊഴിലിനും മാത്രം അർഹരാണെന്ന് വരുന്നു. ഭഗവത് ഗീതയെ നിശിതമായി വിമർശിക്കുന്ന ഒരു പുസ്തകം അടുത്തയിടെ വായിച്ചപ്പോൾ സ്വധർമ്മ'മെന്ന ഗീതാസിദ്ധാന്തം, സമൂഹത്തിൽ ജാതിവ്യവസ്ഥ വളരാനും ഉച്ചനീചത്വങ്ങൾ ഉടലെടുക്കാനും കാരണമായെന്നും ഗീതയുടെ മഹാപരാധങ്ങളിൽ ഒന്നാണീ സിദ്ധാന്തം എന്നും എഴുതിക്കണ്ടു. ഈ രണ്ടു കൂട്ടരുടെയും വിലയിരുത്തലുകൾ ശരിയല്ലെന്നും ഭഗവത് ഗീത മുന്നോട്ടുവയ്ക്കുന്ന മഹനീയമായ ഒരാശയം ഇങ്ങനെയുള്ള വികലചിന്തകളിലൂടെ കുഴിച്ചുമൂടപ്പെടുന്നുമെന്നുമാണ് എനിക്കു തോന്നുന്നത്. ലോകത്തിനു മുഴുവൻ സുഖം ഭവിക്കട്ടെ (ലോകാഃ സമസ്താഃ സൂഖിനോ ഭവന്തു) എന്നുദ്ഘോഷിക്കുന്ന, സമത്വസുന്ദരമായ ലോകം സ്വപ്നം കണ്ട,  ഒരു മഹനീയ സംസ്കാരത്തിന്റെ കാവൽക്കാരായ ഋഷീശ്വരന്മാർ സങ്കുചിതമായി ചിന്തിച്ചിരുന്നവരായിരുന്നുവെന്ന് എങ്ങിനെയാണ് പറയാൻ കഴിയുക? ജാതിവ്യവസ്ഥയുണ്ടാക്കി, മനുഷ്യരെ പല തട്ടിലാക്കി ഭിന്നിപ്പിച്ചു, സമൂഹത്തിൽ അസമത്വവും അരാജത്വവും സൃഷ്ടിക്കുകയായിരുന്നു ഹൈന്ദവധർമ്മത്തിലെ ഈശ്വരന്റെ ദൗത്യം എന്ന് ഏതു ലോജിക്കുവച്ചാണ് പറയാൻ കഴിയുക? ഭഗവത് ഗീതയിലെ ഭഗവാൻ അത്ര കണ്ടു മോശക്കാരനോ? ബുദ്ധിയുള്ളവർ ചിന്തിക്കണം. ആർഷഭാരത ദർശനങ്ങളുടെ യുക്തിയും ശാസ്ത്രീയതയും മഹനീയമായ സാമൂഹികമാനങ്ങളുമാണ് ഇങ്ങനെയുള്ള ദുർവ്യാഖ്യാനങ്ങളിലൂടെ നഷ്ട്ടപ്പെടുന്നത് എന്നതു ഗൗരവമായി നാം കാണേണ്ടണ്ടതുണ്ട്. ഗീത വെറുമൊരു ഭക്തി ഗ്രന്ഥമല്ല, അതു സൃഷ്ടിക്കപ്പെട്ട കലാഘട്ടത്തിലെ സാമൂഹിക ചിന്തകളെ പ്രതിഫലിപ്പിക്കുകയും സമൂഹത്തിന്റെ പുരോഗതിക്കു തടസ്സം നിൽക്കുന്ന തെറ്റായ മതചിന്തകളെ വിമർശിക്കുകയും ആ തെറ്റുകൾ തിരുത്താൻ ആത്മീയതയെ ഉണർത്തുകയാണാവശ്യം എന്നുദ്ഘോഷിക്കുകയും അതിനുവേണ്ട പ്രായോഗിക നിർദ്ദേശങ്ങൾ നൽകുകയും ചെയ്യുന്ന വിശ്വോത്തര ആധ്യാത്മികകൃതിയാണത്. അന്നത്തെപ്പോലെയല്ലെങ്കിലും, അശാസ്ത്രീയമായ പലവിധ വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ദുർവ്യാഖ്യാനങ്ങളും ഇന്നത്തെ സമൂഹത്തിന്റെ പുരോഗതിക്കും തടസ്സം സൃഷ്ട്ടിച്ചു, സമൂഹത്തെ പിറകോട്ടു വലിച്ചുകൊണ്ടിരിക്കയാണ്. ആർഷഭാരത തത്വചിന്തകൾക്കു കടകവിരുദ്ധമായ 'ആദ്ധ്യാത്മിക' ചിന്തകളിലാണിന്നു സമൂഹം അഭിരമിക്കുന്നത്. ഫലമോ, നിസ്വാർത്ഥ മാനവികതയുടെ  മഹാമന്ത്രമോതിയ സംസ്കാരത്തിന്റെ സ്ഥാനത്തു സ്വാർത്ഥതയും കപടതയും ഇന്നു് അരങ്ങുവാഴുന്നു! ഇതിനൊക്കെ കൂട്ടുപിടിക്കുന്നതോ സാക്ഷാൽ ഭഗവാനെയും! ഇന്നു നാം അനുഭവിക്കുന്ന പല കഷ്ടതകളുടെയും നാരായവേര് ആഴ്ന്നിറങ്ങി നിൽക്കുന്നത് ഈ സംസ്കാരശൂന്യതയിലാണ്. നമ്മുടെ കർമ്മമണ്ഡലങ്ങളിലെല്ലാം തന്നെ കാപട്യത്തിന്റെ വികൃതമുഖമാണ് തെളിഞ്ഞു വരുന്നത്. പ്രകൃതിയെ സ്നേഹിക്കുന്നതല്ല, ചൂഷണം ചെയ്യുന്നതാണ് മിടുക്കിന്റെ മാനദണ്ഡമായി ഇന്നു വാഴ്ത്തപ്പെടുന്നത്. നിസ്വാർത്ഥ സ്നേഹം കിട്ടാച്ചരക്കായിരിക്കുന്നു! മനുഷ്യ-പ്രകൃതി വിഭവശേഷി നശിച്ചു സമൂഹം അരാജകത്വത്തിന്റെയും അസമാധാനത്തിന്റെയും ദിശകളിലേക്ക് അതിവേഗം മാറിപ്പൊയ്ക്കൊണ്ടിരിക്കുന്നു. ശുഭ്രമായ ആത്മീയതയെ ഉണർത്തുക എന്നത് മാത്രമാണ് ഈ മഹാരോഗങ്ങൾക്കുള്ള ഒരേയൊരു പ്രതിവിധി. ഭഗവത് ഗീത പ്രസക്തമാവുന്നതിവിടെയാണ്. ഈ വിഷയങ്ങളെയൊക്കെപ്പറ്റി കൂടുതലായി ചിന്തിക്കാനുള്ള ശ്ലോകങ്ങൾ ഇനി നമ്മൾ പഠിക്കാനിരിക്കുന്നതേയുള്ളൂ.   


വേദോപനിഷത്തുക്കൾ അടങ്ങുന്ന ആർഷഭാരത (സനാതനധർമ്മ) ദർശനശാസ്ത്രങ്ങളെയും അതിന്റെ ആകെത്തുകയായ ഭഗവത്ഗീതയേയും പഠിക്കുമ്പോൾ നാമെല്ലാവരും ഒരു കാര്യം പ്രത്യേകം മനസ്സിലാക്കണം; ഇതൊക്കെ സൃഷ്ട്ടിച്ച തേജസ്വികളായ മഹാപുരുഷന്മാർക്കു സ്വാർത്ഥലക്ഷ്യങ്ങളൊന്നുമില്ലായിരുന്നു. അവർക്കു   ജാതിയും മതവുമൊന്നുമില്ലായിരുന്നു. അവരുടെ ധ്യാനത്തിന്റെയും ചിന്തയുടെയും അഗാധതലങ്ങളിൽ അവർക്കു വെളിവായി കിട്ടിയ പ്രപഞ്ചസത്യങ്ങളെ ശിഷ്യഗണങ്ങളിലൂടെയും സജ്ജനങ്ങളിലൂടെയും കൈമാറി കൈമാറി അവർ നമ്മളിൽ എത്തിച്ചിരിക്കുകയാണ്. അവരുടെ ഉദ്ദേശം ലോകക്ഷേമം  ഒന്നു മാത്രമായിരുന്നു. ഈ ദർശനശാസ്ത്രങ്ങളെല്ലാം തന്നെ തികച്ചും യുക്തിപരവും ശാസ്ത്രീയവുമാണ്. വേദോപനിഷത്തുക്കളും ഭഗവത് ഗീതയും മനുഷ്യഇടപെടലുകളുടെ വലിയ കലർപ്പില്ലാതെ നമ്മളിൽ എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഭൂരിപക്ഷം ഗവേഷകരുടെയും പണ്ഡിതന്മാരുടെയും അഭിപ്രായം. എന്നാൽ ഇതിലൊക്കെ ചെറിയ തോതിലെങ്കിലും മനുഷ്യരുടെ കൂട്ടിച്ചേർക്കലുകൾ  ഉണ്ടായിട്ടുണ്ടെന്നു ചിന്തിക്കുന്ന ചിലരും ഉണ്ട്. ഇതെന്തുതന്നെയായാലും ഭാരതീയ ദർശനശാസ്ത്രങ്ങളെല്ലാം തന്നെ ആത്യന്തികമായി ഉദ്ഘോഷിക്കുന്നത് 'ലോകാഃ സമസ്താ സുഖിനോ ഭവന്തു (ലോകർക്കെല്ലാം സുഖം ഭവിക്കട്ടെ), 'വസുധൈവകുടുംബകം' (ഈ ലോകം ഒരു കുടുംബമാണ്) തുടങ്ങിയ സനാതനധർമ്മശാന്തിമന്ത്രങ്ങളാണെന്നതിൽ രണ്ടു പക്ഷമില്ല. അതായത് ഋഷിവിരചിതമായ ഹൈന്ദവ തത്വശാസ്ത്രങ്ങൾ മനുഷ്യരെ ഒന്നായിക്കാണുന്നതും ഉച്ചനീചത്വമെന്ന ചിന്ത തൊട്ടുതീണ്ടാത്തതും തികച്ചും യുക്തിപരവും ശാസ്ത്രീയവുമാണെന്ന് സാരം. അപ്പോൾ ഹൈന്ദവധർമ്മത്തിൽ ഉച്ചനീചത്വങ്ങൾ സൃഷ്ട്ടിക്കുന്നതും യുക്തിക്കു നിരക്കാത്തതും അശാസ്ത്രീയവുമായി കാണുന്നതെല്ലാം തന്നെ നിസ്വാർത്ഥ ഋഷിചിന്തകളിൽ സ്വാർത്ഥമനുഷ്യർ നടത്തിയിട്ടുള്ള ഇടപെടലുകളുടെ ഫലമാണെന്നു ചിന്തിക്കേണ്ടി വരുന്നു. 

ഋഷിപ്രോക്തങ്ങളായ ഹൈന്ദവ തത്വശാസ്ത്രങ്ങളിൽ  സാമൂഹ്യമനുഷ്യരുടെ ഇടപെടലുകൾ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല, വേദകാലത്തു തന്നെ തുടങ്ങിയതാണ്. വേദശാസ്ത്രങ്ങളെ വ്യാഖ്യാനിച്ചു കൊണ്ട് ആ ശാസ്ത്രങ്ങളുടെ അടിസ്ഥാനത്തിൽ മനുഷ്യരെങ്ങിനെയാണ് സമൂഹത്തിൽ ജീവിക്കേണ്ടത് എന്നു നിഷ്കർഷിക്കുന്ന മനുസ്മൃതി, യാജ്ഞവൽക്യസ്മൃതി പോലെയുള്ള ധർമ്മശാസ്ത്രങ്ങളിൽ തുടങ്ങിയതാണ് മനുഷ്യരുടെ ഈ ഇടപെടലുകൾ. ഇതിൽ പലതും സമൂഹത്തിനു ഗുണകരമാകുകയും മറ്റു പലതും അത്യന്തം ദോഷകരമാകുകയും ചെയ്തു. അനേക നൂറ്റാണ്ടുകളായി ആവർത്തിക്കപ്പെടുന്ന ശരിതെറ്റുകൾ, ഒരു തിരിച്ചുപോക്ക് അസാധ്യമാക്കുന്ന തരത്തിൽ, നമ്മുടെ സംസ്കാരമായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു തെറ്റ്, അവർത്തിച്ചാവർത്തിച്ചു കുറെപ്രാവശ്യം പറഞ്ഞുകൊണ്ടിരുന്നാൽ അതു ശരിയായി തോന്നും. അപ്പോൾ പിന്നെ നൂറ്റാണ്ടുകളായി മനുഷ്യകുലം അനുഭവിച്ചു കൊണ്ടിരിക്കുന്ന തെറ്റുകളുടെ കാര്യം പറയേണ്ടതുണ്ടോ? ദർശനപരമായി തെറ്റായിരുന്നതും ഒരു കാലത്തും മനുഷ്യവംശത്തിനു ഗുണകരമല്ലാത്തതുമായ പല ദുശ്ശീലങ്ങളും ദുർവ്യാഖ്യാനങ്ങളും അങ്ങിനെ ഇന്നത്തെ നമ്മുടെ ശരികളായി മാറിക്കഴിഞ്ഞു. ഭാരതം ഇതിനു നൽകിയ വില വളരെ വലുതാണ്. ഉൽകൃഷ്ടമായ ഒരു സംസ്കാരത്തെ സ്വാർത്ഥതല്പരരായ ഒരു ന്യൂനപക്ഷം കൈപ്പിടിയിലൊതുക്കിയപ്പോൾ തകർന്നത് ഈ നാടിന്റെ എക്കാലത്തെയും സന്തോഷവും സമാധാനവുമാണ്. ഈ അസമാധാനം മുതലെടുത്താണ് വിദേശശക്തികൾ അനേക നൂറ്റാണ്ടുകൾ ഇവിടെ ഉറഞ്ഞാടിയത്. അവരൊക്കെ  ഇവിടം വിട്ടുപോയെങ്കിലും നന്മകളെ തമസ്ക്കരിക്കുന്ന ഇരുട്ടിൽ തന്നെയാണ് നമ്മളിന്നും ജീവിക്കുന്നത്. നൂറ്റാണ്ടുകളായുള്ള സ്വദേശ-വിദേശ യജമാന സ്വാധീനം നമ്മുടെ സ്വത്വബോധത്തെ തന്നെ മറയ്ക്കുകയും 'വെളിച്ചം ദുഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം' എന്ന നിലയിലേക്ക് നമ്മെയൊക്കെ എത്തിച്ചിരിക്കയുമാണ്. എല്ലാം 'സുഖ'മായി അനുഭവിക്കാൻ കഴിയുന്ന അജ്ഞാനാവസ്ഥ (the blissful state of ignorance)!.  ആത്മബോധപരമായ അജ്ഞാനാന്ധകാരത്തിൽ നിന്നും മാത്രമല്ല, സാമൂഹികമായ അജ്ഞാനാന്ധകാരത്തിൽ നിന്നും മനുഷ്യർ വെളിച്ചത്തിലേക്കു കണ്ണ് തുറക്കേണ്ടതായിട്ടുണ്ട് (അജ്ഞാന  തിമിരാന്ധസ്യ, ജ്ഞാനാജ്ഞാന ശലാകയാ). താൽപ്പര്യമുള്ളവർ കണ്ണു തുറന്നിരുന്നാൽ ആ വെള്ളിവെളിച്ചം ദൂരെക്കാണാം;  സഹസ്രാബ്ദങ്ങൾക്കു മുൻപു സത്യാന്വേഷികളായ ഋഷീശ്വരന്മാർ സ്പുടം ചെയ്തെടുത്ത  സനാതനചിന്തകളുടെ പ്രഭാപൂരമാണത്. നമ്മുടെ ഊർജ്ജസ്രോതസ്സാണത്. വിവേകാനന്ദ സ്വാമികളുടെ ഭാഷയിൽ പറഞ്ഞാൽ; ഇച്ഛയുണ്ടെങ്കിൽ അവിടേക്കു നോക്കി നടന്നു രക്ഷപെടം. അല്ലെങ്കിൽ മറ്റൊരു പാഴ് ജന്മമായി ഇവിടെ തന്നെ തകർന്നടിയാം. Choice is yours! There is none to help you!

ഋഷീശ്വരന്മാർ വിഭാവനം ചെയ്ത സമത്വസുന്ദരലോകമൊന്നും ഇനി വരാൻ പോകുന്നില്ല. പക്ഷേ, ഹൈന്ദവധർമ്മം വിഭാവനം ചെയ്ത ആ സുന്ദരലോകത്തിൽ നിന്നും എത്രയകലെയാണ് നാം ജീവിക്കുന്നതെന്നു തിരിച്ചറിയുകയും ആ ലോകത്തിനെയും അതു ചിന്താതലങ്ങളിൽ സൃഷ്ട്ടിച്ച മഹാപുരുഷന്മാരെയും മനസ്സുകൊണ്ടെങ്കിലും ഒന്നു നമസ്ക്കരിക്കേണ്ടതും കുറഞ്ഞപക്ഷം ഹൈന്ദവധർമ്മത്തിൽ വിശ്വസിക്കുന്നവരുടെയെങ്കിലും കടമയല്ലേ? ഈ ഭഗവത് ഗീതാ പഠനം അതിനു നിങ്ങളെ സഹായിക്കാനുള്ളതാണ്.

സോറി, 'തത്വജ്ഞാനം' പറഞ്ഞു പറഞ്ഞു, ഇന്നു ഗീതാ ശ്ലോകം പഠിക്കാൻ പറ്റിയില്ല. സാരമില്ല, ഇപ്പറഞ്ഞതെല്ലാം ആത്മീയത തന്നെയാണ്. തിരിച്ചറിവു നേടുകയും അതിനനുസരിച്ചു സമൂഹത്തിൽ ജീവിക്കുകയുമാണല്ലോ ആത്മീയപഠനങ്ങളുടെ ലക്‌ഷ്യം തന്നെ? ബോധതലത്തെ, അതായത് ഉള്ളിലെ ഭഗവാനെയാണ് ഉയർത്തേണ്ടത്. അതു സംഭവിച്ചു കഴിഞ്ഞാൽ, ബാക്കിയെല്ലാം പിറകെ വന്നോളും. ഭഗവത് ഗീതയുടെ ലക്ഷ്യവും ഉദ്ദേശ്യവും അതു തന്നെയാണ്.

ശരി, നമുക്കിനി അടുത്തയാഴ്ച കാണാം.

Friday, February 3, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 13)

സ്വജനഹത്യ പാപമാണെന്നും അതിനാൽ യുദ്ധം ചെയ്യാൻ തനിക്കാവില്ലെന്നുമുള്ള അർജ്ജുനചിന്തക്ക് (ഒന്നാം അദ്ധ്യായം, ശ്ലോകം 36, 39, 45) മറുപടിയായി, ക്ഷത്രിയന്റെ സ്വധർമ്മമായ യുദ്ധം ചെയ്യാതിരുന്നാൽ അതാണ് യഥാർത്ഥത്തിൽ പാപം എന്ന് കൃഷ്ണൻ സമർത്ഥിച്ചു കഴിഞ്ഞു (രണ്ടാമദ്ധ്യായം, ശ്ലോകം 33). കൃഷ്ണന്റെ അഭിപ്രായത്തിൽ, കർമ്മത്തിന്റെ മഹത്വവും മഹത്വമില്ലായ്മയുമാണ് പുണ്യപാപങ്ങളെ നിർണ്ണയിക്കുന്നത്, അല്ലാതെ അർജ്ജുനൻ ചിന്തിക്കുന്നതുപോലെയുള്ള വൈകാരിക വിഷയങ്ങളോ ആ ചിന്തകൾക്ക് പ്രേരകമായ ധർമ്മശാസ്ത്ര ശാസനങ്ങളോ അല്ല. 'കുലനാശം വരുത്തുന്ന ഈ യുദ്ധത്തിൽ ഏർപ്പെടുന്നതിന്റെ പേരിൽ പാപിയായിത്തീരുന്ന തനിക്കു നരകവാസമായിരിക്കും ഫലം' എന്ന അർജ്ജുനൻറെ ചിന്തക്ക് (ശ്ലോകം 1:44), 'മഹാഭാഗ്യവാന്മാരായ ക്ഷത്രിയർക്കു മാത്രം ലഭിക്കുന്ന ഇതുപോലൊരു ധർമ്മയുദ്ധം യഥാർത്ഥത്തിൽ അർജ്ജുനനു മുൻപിൽ തുറന്നുകിട്ടിയ സ്വർഗ്ഗവാതിലാണ്' എന്നാണു കൃഷ്ണൻ മറുപടി നൽകുന്നത് (ശ്ലോകം 2:32). അതായത് അർജ്ജുനനു പാപനരകമാകുന്ന കർമ്മം കൃഷ്ണന് സ്വർഗ്ഗപുണ്യമാകുന്നു! ഇങ്ങനെ സൂക്ഷ്മമായി പരിശോധിച്ചാൽ 'യുദ്ധം ചെയ്യാനാവില്ല' എന്ന തന്റെ നിലപാടിനെ സാധൂകരിക്കാനായി അർജ്ജുനൻ ഒന്നാം അദ്ധ്യായത്തിൽ നിരത്തിയ ഓരോ വാദഗതികളെയും രണ്ടാമദ്ധ്യായത്തിൽ യുക്തിപരമായി തന്നെ കൃഷ്ണൻ ഖണ്ഡിക്കുന്നതായി കാണാം. ഇതിലേക്കായി വേദാന്ത തത്ത്വചിന്തകളെയാണ് ആദ്യം ആശ്രയിച്ചതെങ്കിൽ, പിന്നീട് അർജ്ജുനനു കൂടുതൽ മനസ്സിലാവുന്ന സാധാരണത്വത്തിലേക്കും ഭഗവാൻ ഇറങ്ങി വന്നതു നമ്മൾ കണ്ടു കഴിഞ്ഞു. 

ഇവിടെ ഒരു കാര്യം വ്യക്തമാണ്. അജ്ഞാനാന്ധത ബാധിച്ച അർജ്ജുനൻ ഒരു ഭാഗത്തും ബോധസ്വരൂപനായ ഭഗവാൻ അതിന്റെ മറുഭാഗത്തുമായാണ് നിലകൊള്ളുന്നത്. അർജ്ജുനനെപ്പോലെ തന്നെയാണ് മനുഷ്യരിലേറെപ്പേരും ചിന്തിക്കുന്നത്. താൻ ചിന്തിക്കുന്നതാണ് ശരി, അതു മാത്രമാണ് ശരി എന്ന ചിന്തയാണല്ലോ 'യുദ്ധം ചെയ്യാൻ വയ്യ' എന്ന നിലപാടെടുക്കാൻ അർജ്ജുനനെ പ്രേരിപ്പിച്ചത്? ജഗദീശ്വരനായ കൃഷ്ണൻ തന്നോടൊപ്പം ഉണ്ടായിട്ടു കൂടി, ഇത്ര വലിയ ഒരു തീരുമാനം എടുക്കുന്നതിനു മുൻപായി, അദ്ദേഹത്തോടൊരുപദേശം തേടണമെന്നുപോലും അർജ്ജുനനു തോന്നിയില്ല. തന്റെ തീരുമാനത്തെ കൃഷ്ണനോട് ന്യായീകരിക്കുക മാത്രമാണ് അർജ്ജുനൻ ചെയ്തത്. ഇതു തന്നെയല്ലേ മനുഷ്യരൊക്കെയും ചെയ്യുന്നത്? ഉള്ളിലിരിക്കുന്ന ഭഗവാനോട് (മന:സ്സാക്ഷിയോട്) ഉപദേശം ആരാഞ്ഞു, ആ ഉപദേശത്തിനനുസരിച്ചു കർമ്മം ചെയ്തു ജീവിക്കുന്ന എത്രപേരുണ്ട് സമൂഹത്തിൽ? തുലോം കുറവാണ്. ഈശ്വരൻ പറയുന്നതിലല്ല, മറിച്ചു ഈശ്വരനെ പല തരത്തിലും സ്വാധീനിച്ചു തങ്ങൾ ആഗ്രഹിക്കുന്നതൊക്കെ നേടിയെടുക്കുന്നതിലാണ് ഭക്തരിലേറെപ്പേരുടെയും ശ്രദ്ധ എന്നതല്ലേ സത്യം? ഭക്തരെല്ലാം ചെന്നു ചേരാനാഗ്രഹിക്കുന്നത് ആ പരമപദത്തിലാണ്; മോക്ഷമാണ് ലക്‌ഷ്യം. പക്ഷെ ചിന്തകളും കർമ്മങ്ങളുമോ അതിനു നേരേ വിപരീത ദിശയിലും! അർജ്ജുനന്റെയും നമ്മളേവരുടെയും ചിന്തകൾ ഈശ്വരോന്മുഖമാകാതെ ഇങ്ങനെ വികലമാകുന്നതെന്തു കൊണ്ടാണ്? ഈശ്വരരൂപികളായ നമുക്ക് നമ്മുടെ കഴിവുകൾ കാണാൻ കഴിയാത്തതെന്തു കൊണ്ടാണ്? സന്തോഷിക്കാനുള്ളതെല്ലാമുണ്ടായിട്ടും അർജ്ജുനനെപ്പോലെ വിഷാദത്തിന്റെ തമോഗർത്തത്തിലേക്കു നാം ആണ്ടുപോകുന്നതെന്തു കൊണ്ടാണ്? മനുഷ്യന്റെ മോക്ഷപ്രാപ്തിക്കു തടസ്സമായി നിൽക്കുന്ന ചിന്തകളുടെ പ്രഭവസ്ഥാനങ്ങൾ ഏതൊക്കെയാണ്? ഈ ചോദ്യങ്ങൾക്കുള്ള ശരി ഉത്തരങ്ങൾ കണ്ടെത്താൻ മനുഷ്യരെ സഹായിക്കുകയും ആത്മശുദ്ധീകരണത്തിനു സഹായകമാകുന്ന ആ തിരിച്ചറിവിലൂടെ മുന്നേറി ജീവിതത്തെത്തന്നെ ലോകക്ഷേമത്തിനുള്ള മഹായജ്ഞമാക്കാനുമുള്ള ആഹ്വാനമാണ് ഭഗവത് ഗീത നൽകുന്നത്. ഈ മാനവമഹായജ്ഞം സഫലമാകാൻ അവശ്യം വേണ്ട അന്തഃകരണ ശുദ്ധി പ്രായോഗികമായി എങ്ങിനെ ആർജ്ജിക്കാം എന്നു ഭഗവത് ഗീത പറഞ്ഞു തരുന്നുണ്ട്. കർമ്മബന്ധനങ്ങൾക്കതീതമായ മോക്ഷാവസ്ഥ എന്ന പൂർണ്ണസ്വാതന്ത്ര്യത്തിലേക്ക് മനുഷ്യരെ നയിക്കുന്നതിലേക്കായി, അർജ്ജുനവിഷാദത്തെ നിമിത്തമാക്കിക്കൊണ്ട് ഗീതാകാരൻ നമുക്ക് ഉപദേശം നൽകുകയാണ്; ബോധസ്വരൂപനായ കൃഷ്ണന്റെ ജിഹ്വായിലൂടെ. നമുക്കതു തുടർന്നു കേൾക്കാം.    
         

സുഖദുഃഖേ സമേ കൃത്വ ലാഭാലാഭൗ ജയാജയൗ 
തതോ യുദ്ധായ യുജ്യസ്വ നൈനം പാപമവാപ്സസി (ശ്ലോകം 2:38)  

(സുഖദുഃഖങ്ങളും ലാഭനഷ്ടങ്ങളും ജയാപജയങ്ങളും തുല്യമായി കരുതി നീ യുദ്ധത്തിന് ഒരുങ്ങുക. അങ്ങനെയായാൽ പാപം നിന്നെ ബാധിക്കുകയില്ല)

സുഖം-ദുഃഖം, ലാഭം-നഷ്ട്ടം, ജയം-പരാജയം തുടങ്ങിയ വിപരീതഭാവങ്ങളുടെ (pair of opposites) പിടിയിലാണ് മനുഷ്യജീവിതം. ഇതിൽ തന്നെ സുഖം, ലാഭം, ജയം എന്നിവ നമുക്കിഷ്ടമുള്ളതും ദുഃഖം, നഷ്ടം, പരാജയം എന്നിവ  നമുക്കിഷ്ടമില്ലാത്തതുമായ അവസ്ഥകളാണ്. ഈ വിപരീതാവസ്ഥകൾ എല്ലാം തന്നെ അസ്ഥിരങ്ങളായ ശരീര-മനോ-ബുദ്ധി തലത്തിലുള്ളതും ആയതിനാൽ തന്നെ അസ്ഥിരങ്ങളും തികച്ചും അപേക്ഷികവുമാണെന്നും കാണാം. ഒരുവനു സുഖം നൽകുന്ന വിഷയം മറ്റൊരുവനിൽ ദുഖമായിരിക്കും ജനിപ്പിക്കുന്നത്. കഴിഞ്ഞ വർഷം മൊബൈൽ ഫോൺ വാങ്ങുമ്പോൾ സുഖവും സന്തോഷവുമാണ് തോന്നിയതെങ്കിൽ, അതിലും പുതിയതു മാർക്കറ്റിൽ കാണുമ്പോൾ ദുഖഃമാണുണ്ടാകുക. സ്വന്തം സൗന്ദര്യത്തിൽ സന്തോഷിച്ചിരുന്ന കറുത്ത കാക്കയ്ക്ക് വെളുത്ത കൊക്കിനെക്കണ്ടപ്പോൾ സന്തോഷം ദുഃഖമായി മാറി. ലാഭനഷ്ടങ്ങളുടെയും വിജയപരാജയങ്ങളുടെയും കാര്യവും ഇതുപോലെ തന്നെയാണ്. അർജ്ജുനാ, ശരീര-മനോ-ബുദ്ധികൾ സൃഷ്ഠിക്കുന്ന ഈ വിപരീതഭാവങ്ങളാണ് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണം. എന്നാൽ ഈ വിപരീതഭാവങ്ങളെ തുല്യതയോടെ കാണാൻ കഴിഞ്ഞാൽ, അവയുടെ ബന്ധനങ്ങളിൽ നിന്നും മുക്തനാവാൻ കഴിയും. മനസ്സിന്റെ ഈ സാമ്യാവസ്ഥയെയാണ് നീ നേടേണ്ടത്. അങ്ങനെയായാൽ, മറ്റു ചിന്തകളൊന്നും അലട്ടാതെ നിനക്ക് നിന്റെ സ്വധർമ്മമായ യുദ്ധത്തിൽ ഏർപ്പെടുവാൻ കഴിയും. ആത്മസംതൃപ്തി നൽകുന്നതും ആനന്ദദായകവുമായ സ്വധർമ്മാചരണം, ആർജ്ജിതമായ വാസനകളെ കഴുകിക്കളഞ്ഞു മനസ്സ് ശുദ്ധമാക്കി കർമ്മബന്ധനം അഴിക്കാൻ കാരണമാകും എന്നതിനാൽ അതു പാപവിമുക്തമാണെന്നു പറഞ്ഞിരിക്കുന്നു. സ്വാർത്ഥലക്ഷ്യങ്ങളോടെ മനുഷ്യർ ചെയ്യുന്ന പരധർമ്മപ്രകാരമുള്ള കർമ്മങ്ങൾ മനസ്സിന്റെ വാസനാമാലിന്യത്തെ വർദ്ധിപ്പിച്ചു  കർമ്മബന്ധനമുണ്ടാക്കും എന്നതിനാൽ അത് പാപമായും ഭവിക്കുന്നു.  

ഏഷാ തേഭിഹിതേ  സാംഖ്യേ ബുദ്ധിർയോഗേ ത്വിമാം ശൃണൂ 
ബുദ്ധ്യാ യുക്തോ യയാ പാർത്ഥ കർമ്മബന്ധം പ്രഹാസ്യസി (ശ്ലോകം 2:39) 

(അല്ലയോ അർജ്ജുനാ, ഇതുവരെ ഞാൻ നിനക്കുപദേശിച്ചത് ആത്മതത്വപരമായ സാംഖ്യബുദ്ധിയാണ്. ഇനി യോഗബുദ്ധിയെ കേട്ടുകൊൾക. ഈ അറിവോടു കൂടി നീ കർമ്മബന്ധനത്തെ ഉപേക്ഷിക്കുന്നതാകും)  

ഭഗവത് ഗീതയിൽ വളരെയധിക പരാമർശിക്കപ്പെടുന്ന ഒരു വാക്കാണ് 'യോഗം'. ഗീതയുടെ അദ്ധ്യായങ്ങളുടെ  പേരുകൾ തന്നെ 'യോഗ'ത്തിലാണ് അവസാനിക്കുന്നത് (അർജ്ജുനവിഷാദയോഗം, സാംഖ്യയോഗം, കർമ്മയോഗം,......). 'യുജ്' എന്ന സംസ്കൃത ധാതുവിൽ നിന്നും പരിണമിച്ച ഈ വാക്കിന്റെ അർത്ഥം 'യോജിപ്പിക്കുക' എന്നാണെന്നു കാണുന്നു. അപ്പോൾ ഈശ്വരനുമായി മനുഷ്യനെ, അല്ലെങ്കിൽ പരമാത്മാവുമായി ജീവാത്മാവിനെ യോജിപ്പിക്കുക എന്നതാണ് 'യോഗം' എന്ന പദപ്രയോഗത്തിലൂടെ ഉദ്ദേശിക്കുന്നതെന്നു ചിന്തിക്കാം. ഇതിനു സഹായകമാകുന്ന വിവിധ മാർഗ്ഗങ്ങളാണ് ഭഗവത് ഗീതയുടെ ഓരോ അദ്ധ്യായത്തിലൂടെയും അവതരിപ്പിച്ചിരിക്കുന്നത് എന്നും ചിന്തിക്കാം. 'സാംഖ്യം' എന്ന പദത്തിന്റെ അർത്ഥതലം ഈ അദ്ധ്യായത്തിന്റെ ആദ്യഭാഗത്തു വിശദീകരിച്ചിരുന്നു. 'സാംഖ്യയോഗം' എന്നാൽ 'ജ്ഞാനവഴിയിലൂടെ മനുഷ്യരെ (ജീവാത്മാവിനെ ) ഈശ്വരനുമായി (പരമാത്മാവുമായി) ബന്ധിപ്പിക്കുക എന്നാണെന്നും മുൻപ് പറഞ്ഞിരുന്നു. ആ ജ്ഞാനവഴിയാണ് ഇതുവരെ അർജ്ജുനന് താനുപദേശിച്ചതെങ്കിൽ ഇനി മറ്റൊരു വഴിയായ 'ബുദ്ധിയോഗം' ഉപദേശിക്കാം എന്നാണു കൃഷ്ണൻ പറയുന്നത്. ഇനി തുടർന്നു വരുന്ന ചില ശ്ലോകങ്ങളിൽ നിന്നും ഫലാകാംക്ഷ കൂടാതെ കർമ്മം ചെയ്യുന്ന ശാസ്ത്രത്തെയാണ് 'ബുദ്ധിയോഗം' അല്ലെങ്കിൽ 'യോഗബുദ്ധി' എന്നു ഭഗവാൻ വിശേഷിപ്പിക്കുന്നതെന്നു മനസ്സിലാക്കാം. ബുദ്ധിയും കർമ്മവും തമ്മിൽ എന്താണ് ബന്ധം? കർമ്മഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യാൻ കഴിയണമെങ്കിൽ കർമ്മഫലത്തെ ത്യജിക്കാൻ കഴിയണം. ഈ വിവേചനശക്തി നൽകുന്നത് ബുദ്ധി (intellectual discrimination ) യാകയാൽ കർമ്മയോഗത്തെ ബുദ്ധിയോഗമെന്നും പറഞ്ഞിരിക്കുന്നു. മുകളിൽ പരാമർശിച്ച 'വിപരീതഭാവങ്ങളെ സാമ്യാവസ്ഥയിൽ കാണാനുള്ള കഴിവും' നൽകുന്നത് ബുദ്ധിയാണ്. കർമ്മയോഗത്തെക്കുറിച്ചുള്ള അറിവ് കർമ്മബന്ധനങ്ങളിൽ നിന്നും അർജ്ജുനനെ (നമ്മളേവരെയും) മുക്തമാക്കുമത്രേ. ഈ അറിവോടെയുള്ള ധർമ്മത്തിന്റെ അല്പമാത്രമായ ആചരണം പോലും വലിയ ഭയത്തിൽ നിന്നും ഒരുവനെ രക്ഷിക്കാൻ പോന്നതാകുന്നു എന്നാണ് അടുത്ത ശ്ലോകത്തിൽ കൃഷ്ണൻ പറയുന്നത്.

(സാംഖ്യം, യോഗം, ബുദ്ധിയോഗം, കർമ്മയോഗം..മുതലായ ഗഹനമായ വിഷയങ്ങളെ സംബന്ധിച്ച് പല വ്യത്യസ്ത വ്യാഖ്യാനങ്ങളും പണ്ഡിതർക്കിടയിലുണ്ട്. ഇതിലേക്കൊന്നും പോകാതെ ആത്മവിഷയ ജിജ്ഞാസുക്കളായ സാധാരണക്കാർക്കു മനസ്സിലാകുന്ന ഒരു പൊതുരീതിയിലാണ് ഞാൻ എഴുതുന്നത്. ഈ വിഷയങ്ങളിൽ കൂടുതൽ താത്പര്യമുള്ളവർക്ക് തുടർ അന്വേഷണങ്ങൾക്കുള്ള സാദ്ധ്യതകളേറെയാണ്).

മനുഷ്യരുടെ വലിയ ഭയം എന്താണ്? എങ്ങിനെയാണ് നിഷ്ക്കാമകർമ്മം ഭയത്തിൽ നിന്നും മനുഷ്യരെ രക്ഷിക്കുന്നത്? പഠിക്കാം, അടുത്തയാഴ്ചയാട്ടെ.