Saturday, March 25, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 19)

യോഗസ്ഥ: കുരു കർമ്മാണി സംഗം ത്വക്ത്വ ധനഞ്ജയഃ 
സിദ്ധസിദ്ധോ: സമോ ഭൂത്വ സമത്വം യോഗ ഉച്യതേ (ശ്ലോകം : 2:48)  

(അർജ്ജുനാ, യോഗനിഷ്ഠനായി ആസക്തി വെടിഞ്ഞു ഫലം ലഭിക്കുന്നതിലും ലഭിക്കാതിരിക്കുന്നതിലും സമചിത്തത പാലിച്ചു കർമ്മങ്ങൾ അനുഷ്ഠിക്കുക. സമചിത്തതയാണ് യോഗമെന്നു പറയപ്പെടുന്നത്).

ദൂരേണ ഹ്യവരം കർമ്മ ബുദ്ധിയോഗാധനഞ്ജയഃ  
ബുധൗ ശരണമന്വിച്ഛ കൃപണാ: ഫലഹേതവഃ  (ശ്ലോകം : 2:49)  

(അർജ്ജുനാ, ഫലാപേക്ഷയോടുകൂടി ചെയ്യുന്ന കർമ്മം കർമ്മയോഗത്തെക്കാൾ വളരെ നികൃഷ്ട്ടമാണ്. ബുദ്ധിയോഗത്തിൽ, അതായത് സമചിത്തതയോടുകൂടിയ കൂടിയ കർമ്മത്തിൽ ശരണം തേടുക. ഫലത്തിനു വേണ്ടി കർമ്മം ചെയ്യുന്നവർ ദീനന്മാരാണ്).  

ബുദ്ധിയുക്തോ ജഹാതീഹ ഉഭേ സുകൃതദുഷ്കൃതേ 
തസ്മാദ്യോഗായ യുജ്യസ്വ യോഗ:കർമ്മസു കൗശലം (ശ്ലോകം : 2:50)

(സമബുദ്ധിയുള്ളവൻ ഈ ലോകത്തു വച്ച് തന്നെ പുണ്യപാപങ്ങൾ രണ്ടും ത്യജിക്കുന്നു. അതുകൊണ്ടു കർമ്മയോഗത്തിനായി ഒരുങ്ങുക. യോഗം പ്രവൃത്തിയിലുള്ള സാമർഥ്യം തന്നെയാകുന്നു).

കർമ്മയോഗത്തെ (ബുദ്ധിയോഗത്തെ) ക്കുറിച്ചാണ് ഈ മൂന്നു ശ്ലോകങ്ങളും പ്രതിപാദിക്കുന്നത്. ഇവിടെ പറഞ്ഞിരിക്കുന്നതിൽ പലതും നമ്മൾ മുൻപു ചർച്ച ചെയ്തിട്ടുള്ളതാണ്. ബുദ്ധിപൂർവ്വമായും അല്ലാതെയും കർമ്മം ചെയ്യുന്നതിലുള്ള അന്തരം എന്തെന്ന് കഴിഞ്ഞ ചില ശ്ലോകങ്ങളിൽ നിന്നും നമ്മൾ മനസ്സിലാക്കിയിട്ടുണ്ട്. സ്വധർമ്മപരമായ കർമ്മം ബുദ്ധിയോടുകൂടി (intellectual discrimination) ചെയ്യുമ്പോൾ കർമ്മഫലത്തോടുള്ള ആസക്തിയും കർമ്മത്തിന്റെ  ഗുണദോഷഫലങ്ങളെക്കുറിച്ചുള്ള ചിന്തകളും ഇല്ലാതെ കർമ്മത്തിൽ മാത്രമായിരിക്കും ശ്രദ്ധ എന്നത് നമ്മൾ മനസ്സിലാക്കിയാണ്. വിപരീതഭാവങ്ങളെ സമമായിക്കാണുന്ന കർമ്മയോഗിയുടെ മനസ്സ് എപ്പോഴും സമചിത്തതയിലായിരിക്കും (equanimity). ഈ സമചിത്തതയാണ് യോഗമെന്നു ഗീത പറയുന്നത്. 

 ജീവിതത്തിൽ നമ്മെളെല്ലാവരും തന്നെ കർമ്മയോഗികളാകുന്ന ചില സമയങ്ങളുണ്ട്. നമുക്കിഷ്ടമുള്ള ജോലി ആസ്വദിച്ചു ചെയ്യുമ്പോൾ സമയം പോകുന്നതറിയില്ല. അവസാനം വാച്ചിൽ നോക്കുമ്പോഴാണ് 'സമയം പോയതറിഞ്ഞില്ല' എന്ന കാര്യം തന്നെ മനസ്സിലാകുന്നത്. എന്തുകൊണ്ടാണ് സമയം പോയതറിയാഞ്ഞത്‌? കാരണം നമ്മൾ ആ കർമ്മത്തിൽ അത്രത്തോളം മുഴുകിപ്പോയി. ആ ജോലികൊണ്ടു കിട്ടാവുന്ന ഗുണവും ദോഷവും അതു ചെയ്യാനെടുത്ത സമയവും ഒന്നും തന്നെ നമ്മുടെ ചിന്തയിലപ്പോൾ ഉണ്ടായിരുന്നില്ല. കർമ്മിയും കർമ്മവും മാത്രമേ അവിടെയുണ്ടായിരുന്നുള്ളൂ. മറ്റൊരുവിധത്തിൽപ്പറഞ്ഞാൽ ആ ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ നമ്മുടെ മനസ്സ് സമചിത്തതയിലായിരുന്നു. ഇതാണ് കർമ്മയോഗം. ഇനി ജോലിയൊക്കെക്കഴിഞ്ഞു നോക്കുമ്പോൾ അതിശയത്തോടു നാം തന്നെ നമ്മോടു ചോദിക്കും, ഞാനാണോ ഇതു ചെയ്തത്? എത്ര ഭംഗിയായിരിക്കുന്നു? കർമ്മയോഗപ്രകാരം കർമ്മം ചെയ്യുമ്പോൾ ശ്രദ്ധ മുഴുവൻ കർമ്മത്തിലേക്കു മാത്രം കേന്ദ്രീകരിക്കപ്പെടുന്നതിനാൽ ആ കർമ്മത്തിനു ലഭിക്കാവുന്ന ഏറ്റവും നല്ല ഫലമായിരിക്കും ലഭിക്കുക. ആ കർമ്മം തരുന്ന സന്തോഷവും സംതൃപ്തിയും അനിർവ്വചനീയവുമായിരിക്കും. ഈ മാനസികാവസ്ഥയെയാണ് സ്വർഗ്ഗപ്രാപ്തി എന്നതു കൊണ്ടു ഭഗവത് ഗീത ലക്ഷ്യമാക്കുന്നത്. നമ്മുടെ എല്ലാ കർമ്മങ്ങളും ഇങ്ങനെയായിരിക്കണം എന്നാണു ഭഗവത് ഗീത ആഹ്വാനം ചെയ്യുന്നത്. ഇതാണ് ഭഗവത് ഗീതയുടെ കർമ്മയോഗസിദ്ധാന്തം. 

ഇനി ഇഷ്ടമില്ലാതെ 'നശിച്ചുപോട്ടെ' എന്നു ചിന്തിച്ചൊരു കർമ്മം ചെയ്യുന്നുവെന്നു വിചാരിക്കുക. ജോലിയങ്ങോട്ടു നീങ്ങത്തില്ല. വാച്ചിലായിരിക്കും എപ്പോഴും ശ്രദ്ധ. നാലു മണിയായെങ്കിൽ മതിയായിരുന്നു, ഇതൊന്നു നിർത്തി സ്ഥലം വിടാമായിരുന്നു! ഇനി മറ്റു ചില ജോലികൾ ചെയ്യുമ്പോഴോ, ചിന്ത മുഴുവൻ അതു ചെയ്‌താൽ കിട്ടുന്ന ഫലത്തെക്കുറിച്ചായിരിക്കും. ജോലിയിൽ ശ്രദ്ധിക്കാതെ ഫലത്തിൽ ശ്രദ്ധിക്കുന്നതു കാരണം ആ കർമ്മം സന്തോഷവും സംതൃപ്തിയും നൽകില്ലെന്നു മാത്രമല്ല, കർമ്മഫലം നന്നായിരിക്കയുമില്ല. ചുരുക്കത്തിൽ ആ കർമ്മം നിങ്ങൾക്കു സമ്മാനിക്കുന്നത് ആത്മസംഘർഷത്തിന്റെയും അസംതൃപ്തിയുടെയും 'നരകം' മാത്രമാണ്. ഇങ്ങനെ കർമ്മഫലത്തിൽ മാത്രം താൽപ്പര്യം വച്ചുകൊണ്ട് കർമ്മം ചെയ്തു 'നരക' ജീവിതം നയിക്കുന്നവരെ ഗീത വിളിക്കുന്ന പേരാണ് ദീനന്മാർ (കൃപണർ). നമ്മുടെ സമൂഹത്തിൽ കൂടുതൽ പേരും ഇങ്ങനെയുള്ള ദീനന്മാരല്ലേ? സമൂഹം പിന്നെങ്ങിനെ നന്നാകും? "നമുക്ക് നാമേ പണിവതു നാകം (സ്വർഗ്ഗം) നരകവുമതുപോലെ"!


സ്വജനങ്ങളെ യുദ്ധത്തിൽ കൊല്ലുന്നതുമൂലം വന്നുഭവിക്കാവുന്ന പാപത്തെക്കുറിച്ചു,  ഒന്നാം അദ്ധ്യായത്തിൽ അർജ്ജുനൻ വ്യാകുലപ്പെടുന്നതു നമ്മൾ കണ്ടിരുന്നല്ലോ? അതിനുള്ള മറുപടിയാണ് ശ്ലോകം 2:50 ലെ ഭഗവാന്റെ പാപ പരാമർശം. മതഗ്രന്ഥങ്ങൾ സൃഷ്ട്ടിച്ചു വിട്ടിരിക്കുന്ന പുണ്യപാപങ്ങളും സ്വർഗ്ഗനരകങ്ങളും വിഷയമാകുന്നത് അതിന്റെയൊക്കെ പിറകെ കൂടുന്ന ദീനന്മാർക്കാണ്, അതൊന്നും തന്നെ സമചിത്തനായ കർമ്മയോഗിയുടെ വിഷയങ്ങളല്ല. വിപരീതഭാവങ്ങളെ സമമായിക്കാണുന്ന കർമ്മയോഗിക്കെന്തു പുണ്യവും പാപവും? അതിനാൽ കർമ്മയോഗി പുണ്യപാപങ്ങളെ ഈ ലോകത്തിൽ തന്നെ ഉപേക്ഷിക്കുന്നു എന്നു പറഞ്ഞിരിക്കുന്നു. അർജ്ജുനാ, നീ വിവേകപൂർവ്വം ചിന്തിച്ചു മഹനീയമായ കർമ്മയോഗത്തെ ആശ്ലേഷിക്കൂ, സാധാരണ മനുഷ്യരെപ്പോലെ വൈകാരികമായി ചിന്തിച്ചു ദീനനാകാതിരിക്കൂ. അർജ്ജുനാ, കർമ്മം അനുഷ്ഠിക്കുന്നതിലുള്ള സാമർഥ്യമാണ് യോഗം. ബുദ്ധിമാനായ നിന്റെ താൽപ്പര്യം അതിലായിരിക്കണം, മറ്റൊന്നിലുമല്ല. 

ഈശ്വരനുമായുള്ള (പരമാത്മാവുമായുള്ള ) ജീവന്റെ (ജീവാത്മാവിന്റെ) സംയോഗത്തെയാണ് 'യോഗം' എന്ന പദം കൊണ്ട് ആത്മവിഷയത്തിൽ സാധാരണ ഉദ്ദേശിക്കാറുള്ളത്. പക്ഷെ ഭഗവത് ഗീത 'യോഗ'ത്തിനു നൽകിയിരിക്കുന്നത് മറ്റു രണ്ടു വ്യാഖ്യാനങ്ങളാണ് (i) സമചിത്തതയാണ് യോഗം, (ii) പ്രവൃത്തിയിലുള്ള സാമർഥ്യമാണ് യോഗം. ഈ മൂന്നു വ്യാഖ്യാനങ്ങളും എങ്ങിനെ ബബന്ധപ്പെട്ടു നിൽക്കുന്നുവെന്നു നോക്കാം. (i) ഉം (ii) ഉം അർത്ഥങ്ങൾ യോജിപ്പിക്കുമ്പോൾ "സമചിത്തതയോടും സാമർഥ്യത്തോടും കൂടി ചെയ്യുന്ന പ്രവൃത്തിയാണ് യോഗം" എന്നർത്ഥം വരുന്നു. ചിലർക്ക് കർമ്മം ചെയ്യാൻ നല്ല മിടുക്കുണ്ടായിരിക്കും, പക്ഷെ സമചിത്തത കാണില്ല, ഭാവി എന്താകും എന്ന വ്യാകുലതയായിരിക്കും എന്ത് ചെയ്യുമ്പോഴും. എന്നാൽ മറ്റു ചിലർ മറിച്ചാണ്, സമചിത്തരാണ്, ഒരു വ്യാകുലതയുമില്ല, പക്ഷെ ജോലിചെയ്യുന്നതിൽ യാതൊരു താൽപ്പര്യവും കാണിക്കില്ല. ഇതു രണ്ടും അഭിലഷണീയമായ സ്ഥിതിയല്ല എന്നാണു ഭഗവാൻ പറയുന്നത്. രണ്ടു കൂട്ടരിലും ഉള്ള നല്ല കർമ്മവശങ്ങൾ സമ്മേളിക്കുന്ന കർമ്മം മാത്രമേ യോഗം എന്ന വിശേഷണത്തിനർഹമാകൂ. ഈ കർമ്മയോഗം എങ്ങിനെയാണ് ജീവാത്മാ-പരമാത്മ യോഗമാകുന്നത്? 'കെട്ടുകളായതു കർമ്മം പുരുഷനു, കെട്ടുകളറ്റേ മുക്തിവരൂ ദൃഢം' എന്ന ഭാഗവത കീർത്തന ഭാഗം ശ്രദ്ധിക്കുക.  അതായത്‌ മനുഷ്യർ ചെയ്യുന്ന സാധാരണ കർമ്മങ്ങൾ, കർമ്മബന്ധനങ്ങൾ ഉണ്ടാക്കുമെന്നും ആ  കെട്ടുകളൊക്കെ അറ്റുപോയാൽ മാത്രമേ ആത്മാവിനു മുക്തി ലഭിക്കൂ എന്നും സാരം. പക്ഷെ കർമ്മയോഗപ്രകാരം കർമ്മം ചെയ്യുമ്പോൾ ഈ കെട്ടുകൾ ഉണ്ടാകില്ലെന്നതാണ് വ്യത്യാസം. കർമ്മയോഗിയുടെ മനസ്സ്, ഈശ്വരാർപ്പിതമായ കർമ്മമൊഴികെ മറ്റെല്ലാ ലൗകിക ചിന്തകളിൽ നിന്നും വിട്ടു നിൽക്കുന്നതിനാൽ, ജീവാത്മാവ് ശരീര-മനോ-ബുദ്ധി ബന്ധനങ്ങളിൽ നിന്നും മുക്തി നേടിയ അവസ്ഥയിലാകുന്നു. ഇങ്ങനെ കർമ്മത്തിലൂടെ ജീവാത്മ-പരമാത്മ സംയോഗത്തിനുള്ള സാഹചര്യം സൃഷ്ട്ടിക്കപ്പെടുന്നതിനാൽ ആത്മതലത്തിലുള്ള യോഗവും കർമ്മയോഗിയിൽ സംഭവിക്കുന്നുവെന്നു പറയാം. 

ഈശ്വരസാക്ഷാത്ക്കാരത്തിനായി വേദശാസ്ത്രങ്ങളിലുള്ള പാണ്ഡിത്യമോ സങ്കീർണ്ണമായ യജ്ഞാദികർമ്മാചരണമോ വനാന്തർഭാഗത്തു വസിച്ചുള്ള ഘോരതപസ്സോ ഒന്നും തന്നെ ആവശ്യമില്ല, ബാദ്ധ്യസ്ഥമായതും സ്വധർമ്മപരമായതുമായ കർമ്മം ആത്മാർത്ഥതയോടും ഫലേച്ഛ കൂടാതെയും ഈശ്വരാർപ്പിതമായും (യജ്ഞഭാവത്തിൽ) ചെയ്‌താൽ മാത്രം മതി എന്നാണ് ഭഗവത് ഗീത ഉദ്ഘോഷിക്കുന്നത്. അതായത് ഒരു മെക്കാനിക്കിന് തന്റെ വർക്ക്‌ക്ഷോപ്പിൽ പണിചെയ്‌തുകൊണ്ടും ഒരു ഡ്രൈവർക്കു വാഹനമോടിച്ചുകൊണ്ടും ഒരു വീട്ടമ്മയ്ക്കു അടുക്കളയിൽ ജോലി ചെയ്തുകൊണ്ടും നേടാവുന്ന ഒന്നു മാത്രമാണീ ഈശ്വരസാക്ഷാത്ക്കാരം എന്നർത്ഥം. ലോകം നിലനിൽക്കുന്നത് കർമ്മത്തിലാണ്. കർമ്മം നിലച്ചാൽ ജീവൻ നിലയ്ക്കും. അതായത് കർമ്മത്തെക്കാൾ വലുതായി ലോകത്തിൽ ഒന്നും തന്നെയില്ല. അപ്പോൾ കർമ്മം ചെയ്തുകൊണ്ട് ഈശ്വരനെ പ്രാപിക്കാം എന്നു പറയുന്നതിലെ തത്വചിന്ത എത്ര ഉദാത്തമാണ്? തികച്ചും മൗലികവും മഹനീയവും കർമ്മാധിഷ്ഠിതവുമായ ഈ ആത്മീയസന്ദേശമാണ് ഭഗവത് ഗീതയെ ഈ വിശ്വത്തിലെ ആത്മീയദർശനങ്ങളുടെ മൗലീരത്‌നമായി പരിലസിപ്പിക്കുന്നത്. അന്ധവിശ്വാസങ്ങളും യുക്തിരാഹിത്യവും അരങ്ങു വാഴുന്ന നമ്മുടെ ആദ്ധ്യാത്മികരംഗങ്ങളിൽ ഭഗവത് ഗീതക്ക്‌ അർഹമായ സ്ഥാനം ലഭിക്കുന്നില്ലെങ്കിൽ അതിനുള്ള പ്രധാന കാരണവും ഗീതയുടെ തികച്ചും വിപ്ലവകരമായ ഈ ആത്മീയസന്ദേശം തന്നെയാകണം. 

Saturday, March 11, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 18)

കർമ്മണ്യേവാധികാരസ്തേ  മാ ഫലേഷു കദാചനഃ
മാ കർമ്മഫലഹേതുർഭു മാ തേ സംഗോസ്ത്വകർമ്മണി   (ശ്ലോകം 2:47)

(കർമ്മം ചെയ്യുന്നതിനേ നിനക്കധികാരമുള്ളൂ; കർമ്മഫലത്തിനില്ല. ഫലം കിട്ടണമെന്ന ആശയോടെ കർമ്മം ചെയ്യുന്നവനാകരുത്. കർമ്മം ചെയ്യാതിരിക്കുന്നതിലും നിനക്ക് താൽപ്പര്യം ഉണ്ടാവരുത്).

ഭഗവത് ഗീതയിലെ വളരെ പ്രസിദ്ധമായതും ഏറെ ചർച്ചചെയ്യപ്പെട്ടിട്ടുള്ളതും അതുപോലെ തന്നെ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിട്ടുള്ളതുമായ ഒരു ശ്ലോകമാണിത്. ടീവീ സീരിയലുകളിലൂടെ ഈ ശ്ലോകം ഗീതാവിഷയത്തിലൊന്നും തൽപ്പരരല്ലാത്ത സാധാരണക്കാർക്കു പോലും പരിചിതമാണുതാനും.

"ഫലം പ്രതീക്ഷിക്കാതെ കർമ്മം ചെയ്യണം" എന്ന ഗീതാസന്ദേശം, കർമ്മം ചെയ്യാനുള്ള താത്പര്യത്തെ (motivation) തന്നെ ഇല്ലാതാക്കുന്നതാണെന്നാണ് വലിയൊരു വിഭാഗം ആളുകളുടെയും അഭിപ്രായം. ഇവരെ സംബന്ധിച്ചിടത്തോളം കർമ്മഫലമാണ്, കർമ്മം ചെയ്യാൻ മനുഷ്യരെ പ്രേരിപ്പിക്കുന്ന ഘടകം (motivation factor) തന്നെ. അപ്പോൾ ഫലം പ്രതീക്ഷിക്കേണ്ടെങ്കിൽ പിന്നെയെന്തിനാണ് കർമ്മം ചെയ്യുന്നത്?ഫലാകാംക്ഷ പാടില്ലെങ്കിൽ കർമ്മം ചെയ്യുന്നതിനുള്ള motivation പിന്നെയെന്താണ്? "കർമ്മം ചെയ്യാനേ നിനക്കധികാരമുള്ളൂ" എന്നു പറഞ്ഞിരിക്കുന്നതു ജാതീയമായ കർമ്മങ്ങളിൽ മനുഷ്യരെ തളച്ചിട്ടു സമൂഹത്തിലെ  ഉച്ചനീചത്വങ്ങൾ നിലനിർത്താൻ വേണ്ടിയാണെന്നാണ് മറ്റൊരു കൂട്ടർ വിശ്വസിച്ചിരിക്കുന്നത്. ജാതി വ്യവസ്ഥയെ ഇവിടെ ഉറപ്പിച്ചു നിർത്തി, ദരിദ്രരെ ദരിദ്രരായിത്തന്നെ നിലനിർത്താനുള്ള മതതന്ത്രത്തിന്റെ ഭാഗമാണ് ഈ ഭഗവത് ഗീതാശ്ലോകമെന്ന ആക്ഷേപം പോലും ചിലർ ഉന്നയിച്ചിട്ടുണ്ട്. ഇവരൊക്കെ കഥയറിയാതെ ആട്ടം കാണുകയാണെന്നേ പറയാൻ കഴിയൂ. ശ്ലോകത്തിന്റെ പൊരുൾ മനസ്സിലാക്കാത്തതാണ് കാരണം.

ഗീതയിലെ ബുദ്ധിയോഗത്തിന്റെ ഭാഗമായ ഈ ഗീതാശ്ലോകം ബുദ്ധിപൂർവം പഠിക്കാൻ ശ്രമിക്കുമ്പോൾ  മനസ്സിലാകും നമ്മൾ ഉദ്ദേശിച്ചതൊന്നുമല്ല കൃഷ്ണൻ  ഉദ്ദേശിച്ചതെന്ന്. ഏതു കർമ്മം ചെയ്യുന്നതിനും ആ കർമ്മത്തിന്റെ ലക്ഷ്യത്തെക്കുറിച്ചുള്ള വ്യക്തമായ ധാരണയും അതിനു വേണ്ടതായ പ്ലാനിങ്ങും അതിന്റെ ഫലത്തെക്കുറിച്ചുള്ള സാമാന്യചിന്തയും വേണം. ഇല്ലെങ്കിൽ ആർക്കും തന്നെ ഒരു കർമ്മവും ചെയ്യാൻ കഴിയില്ല. നമുക്കിതറിയാമെങ്കിൽ പിന്നെ ഭഗവാനിതറിയില്ലേ? അപ്പോൾ പിന്നെ ഭഗവാൻ പറയുന്നതിന്റെ അർത്ഥമെന്താണ്? അർഥം ഇതാണ്; ലക്ഷ്യവും ഫലാകാക്ഷയും രണ്ടും രണ്ടാണ്. ലക്ഷ്യത്തിലായിരിക്കണം ശ്രദ്ധ. കർമ്മം ചെയ്യുന്നത് ഫലത്തോടുള്ള ആശകൊണ്ടു മാത്രമാകരുത്. താഴെപ്പറയുന്ന ഉദാഹരണങ്ങളിൽ നിന്നും കർമ്മഫലം, നമ്മുടെ പൂർണ്ണ നിയന്ത്രണത്തിലല്ലാത്തതും  മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതുമാണെന്നും നമുക്കു  മനസ്സിലാകും. നമ്മുടെയൊക്കെ ജീവിതാനുഭവങ്ങളെ പരിശോധിച്ചു നോക്കിയാലും ഈ സത്യം മനസ്സിലാക്കാവുന്നതേയുള്ളൂ. അങ്ങിനെ തീർത്തും ഉറപ്പിച്ചു പറയാൻ കഴിയാത്ത ഫലത്തിൽ ആശവച്ചു കർമ്മം ചെയ്യരുതെന്നാണ് ഭഗവാൻ പറയുന്നത്. വ്യക്തിയെ നിർവീര്യനാക്കാനും കർമ്മത്തോടുള്ള താൽപ്പര്യം തന്നെ കുറയാനും അതു കരണമായേക്കാം. ഫലാകാംക്ഷ ഇല്ലാതെ കർമ്മം ചെയ്യാൻ കഴിയുമോ? അങ്ങിനെയുള്ള കർമ്മങ്ങൾക്കെന്തെങ്കിലും മഹത്വമുണ്ടോ? സാധാരണതലത്തിലും താത്വികതലത്തിലും ഈ വിഷയത്തെ ഒന്നപഗ്രഥിക്കാൻ ശ്രമിക്കാം.

 റോഡിന്റെ അപ്പുറത്തെ സൈഡിൽ ബസ്സു വന്നു നിന്നു. റോഡ് മുറിച്ചു കടന്നുചെന്നു ബസ്സു പിടിക്കണം. നിങ്ങൾക്കു ചെയ്യാനുള്ളത് ഒന്നേയുള്ളൂ. വേഗത്തിൽ ബസ്സിനടുത്തേക്കെത്താൻ ശ്രമിക്കുക. ശ്രമിച്ചില്ലെങ്കിൽ ബസ്സു കിട്ടില്ല എന്നതുറപ്പാണ്. ബസ്സു കിട്ടുമോ എന്ന ആശങ്കയിൽ ശ്രമം നടത്താതിരിക്കയുമരുത്. ശ്രമിച്ചാലും ബസ്സു കിട്ടണം എന്നുമില്ല. കാരണം വഴിയിൽ നിങ്ങൾ കാലിടറി വീഴാം, അപകടത്തിൽപ്പെടം, നിങ്ങളെത്തുമ്പോഴേക്കും ബസ്സു വിട്ടെന്നിരിക്കാം. അതെ, ബസ്സു കിട്ടുമെന്നുള്ളത് നിങ്ങളുടെ അധികാരപരിധിയിലുള്ള കാര്യമല്ല. നിങ്ങളുടെ ശ്രമത്തിനു പുറമെ, നിങ്ങളുടെ നിയന്ത്രണത്തിലുള്ളതല്ലാത്ത മറ്റു പല ഘടകങ്ങളും കൂടി ചേർന്നാണ് അത് നിർണ്ണയിക്കപ്പെടുന്നത്. നിങ്ങൾക്കാകെ ചെയ്യാനുള്ളത് ഒന്നേയുള്ളൂ, ബസ്സു പിടിക്കാനായി ആത്മാർത്ഥമായി ശ്രമിക്കുക. കിട്ടിയാൽ സന്തോഷിക്കാം, കിട്ടിയില്ലെങ്കിലും സന്തോഷിക്കാം. കാരണം, ഇക്കാര്യത്തിൽ നിങ്ങൾക്കു ചെയ്യാൻ കഴിഞ്ഞത് നിങ്ങൾ ചെയ്തു. ആത്മാർത്ഥമായാണ് നിങ്ങൾ ശ്രമിച്ചതെങ്കിൽ നിങ്ങൾക്കാ ബസ്സു  കിട്ടാനാണ് ഏറെ സാധ്യത. ബസ്സു വിട്ടെങ്കിലും, നിങ്ങളുടെ തീവ്രശ്രമം കണ്ടു യാത്രക്കാർ കണ്ടക്ടറോട് പറഞ്ഞു ബസ്സു നിർത്തിക്കാൻ പോലും സാധ്യതയുണ്ട്. പക്ഷെ, നിങ്ങളുടെ അധികാരത്തിലുള്ള ശ്രമം നടത്തിയില്ലായിരുന്നുവെങ്കിൽ ഈ സാദ്ധ്യത ഒരിക്കലും തെളിഞ്ഞു വരികയുമില്ലായിരുന്നു.

വിത്തു വിതച്ചാൽ വിളവ് കിട്ടുമോ എന്നാശങ്കപ്പെട്ട് കർഷകൻ വിത്തു വിതക്കാതിരുന്നാൽ ഭൂമിയിൽ ജീവനില്ലാതാകും. ബുദ്ധിയോഗം അറിയുന്ന കർഷകൻ, ഈശ്വരാർപ്പിതമായി തന്റെ അധികാര പരിധിയിലുള്ള വിത്തു വിതക്കുകയും കൃഷി സംരക്ഷണം നടത്തുകയും ചെയ്യും. അതേ അയാൾക്ക് ചെയ്യാൻ കഴിയൂ. വിത്തു വിളഞ്ഞു ഫലമാകും എന്നാശിക്കാം. അത്രമാത്രം. ഓരോ കർഷകനും ചെയ്യുന്നതിതാണ്.


മുകളിലെ ശ്ലോകത്തിന്റെ താത്പര്യം ഇത്രേയുള്ളൂ. ഉന്നതമായ ലക്ഷ്യത്തിനായി കർമ്മം ചെയ്യുക. ഫലത്തെക്കുറിച്ചു ചിന്തിക്കാൻ പോയാൽ കർമ്മം ചെയ്യാനുള്ള കുശലതയെ തന്നെ അതു ബാധിക്കും. അങ്ങിനെ കർമ്മം ചെയ്‌താൽ ചിന്തിക്കുന്ന ഫലത്തിനനുസരിച്ചു കർമ്മം ചുരുങ്ങിപ്പോയി, ആ കർമ്മത്തിനുണ്ടാകാമായിരുന്ന ഏറ്റവും നല്ല ഫലം ഉണ്ടാകാതെ പോകാനാണ് സാദ്ധ്യത. അത് പാടില്ല. ഒരു വിദ്യാർത്ഥി algebra പഠിക്കുന്നുവെന്നു ചിന്തിക്കുക. പരീക്ഷക്ക് നല്ല മാർക്ക് കിട്ടണം എന്ന ഫലത്തിൽ കണ്ണും നട്ട് പഠിക്കുമ്പോൾ, പരീക്ഷക്കാവശ്യമുള്ള തലത്തിലേക്ക് algebra പഠനം ചുരുങ്ങിപ്പോകും. പരീക്ഷയിൽ പ്രതീക്ഷിക്കാത്ത വിധത്തിലുള്ള ചോദ്യങ്ങൾ വന്നാൽ അവൻ ആ വിഷയത്തിൽ പരാജിതനാകാൻ പോലും സാധ്യതയുണ്ട്. എന്നാൽ പരീക്ഷാ ചിന്തയൊന്നുമില്ലാതെ അവൻ ആ വിഷയം ആസ്വദിച്ചു പഠിക്കുന്നുവെന്നു വിചാരിക്കുക. അങ്ങിനെ പഠിച്ചാൽ  algebra  അവന്റെ മനസ്സിൽ നിറയും. ജീവിതത്തിലൊരിക്കലും അവൻ അൽജിബ്ര  മറക്കുകയില്ല എന്നു തന്നെയല്ല അതവന് ഏറ്റവും ഇഷ്ട്ടപ്പെട്ട വിഷയങ്ങളിൽ ഒന്നായിത്തീരുകയും ചെയ്യും. അവനാകും algebra പരീക്ഷയിൽ എന്നും ഒന്നാമൻ; കാരണം ആ വിഷയത്തിന്റെ മർമ്മം അറിഞ്ഞാസ്വദിച്ചു പഠിച്ചുട്ടുള്ളവനാണവൻ. അവനറിയാത്തതായി ആ വിഷയത്തിലൊന്നുമില്ല. അതായത്, പരീക്ഷയെക്കുറിച്ചു (കർമ്മഫലത്തെക്കുറിച്ചു) ചിന്തിക്കാതെ  പഠിച്ചതു (കർമ്മം ചെയ്തതു) കാരണം അവൻ പരീക്ഷയിൽ ഒന്നാമനായിരിക്കുന്നു! അറിവ് നേടുക എന്ന ഉന്നത ലക്ഷ്യത്തിലേക്കായി കർമ്മം ചെയ്തപ്പോൾ അതിന്റെ ഫലവും ഗംഭീരമായിരിക്കുന്നു!  പഠനം കഴിയുമ്പോൾ കിട്ടാവുന്നതോ കിട്ടാൻ സാധ്യതയില്ലാത്തതോ ആയ ജോലിയെക്കുറിച്ചല്ല പഠിക്കുമ്പോൾ ചിന്തിക്കേണ്ടത്, പഠനത്തെക്കുറിച്ചാണ്. ശരിക്കു പഠിച്ചാൽ അതിന്റെ ഫലം വഴിയേ കിട്ടിക്കോളും. കർമ്മത്തിന്റെ ഈ സവിശേഷതയെയാണ് ഗീതാകാരൻ ഉയർത്തിക്കാണിക്കാൻ ശ്രമിക്കുന്നത്. ഇതിൽ  ജാതിയും മതവും ധനികനും ദരിദ്രനും ഒന്നുമില്ല. അതൊക്കെ നമ്മുടെ അജ്ഞാനത്താലുണ്ടാകുന്ന അബദ്ധചിന്തകൾ മാത്രമാണ്. പാവം ഗീതാകാരൻ അതിനെന്തു പിഴച്ചു?

ഇനി ഈ വിഷയത്തെപ്പറ്റി താത്വികമായി ഒന്നു ചിന്തിച്ചു നോക്കാം. കർമ്മഫലം, നമ്മുടെ പൂർണ്ണ നിയന്ത്രണത്തിലല്ലാത്തതും മറ്റു പല ഘടകങ്ങളെയും ആശ്രയിച്ചിരിക്കുന്നതുമാണെന്നും കണ്ടല്ലോ? നമ്മൾ ഉദ്ദേശിക്കുന്നത് പോലെയല്ലെങ്കിലും എല്ലാ കർമ്മങ്ങൾക്കും എന്തെങ്കിലും ഫലങ്ങൾ നിശ്ചയമായും ഉണ്ടായിരിക്കുമല്ലോ? ഇങ്ങനെയുള്ള കർമ്മഫലങ്ങളെല്ലാം കൂടിച്ചേർന്നാണ് ലോകത്തെ നിലനിർത്തുന്നതു തന്നെ. നമ്മുടെ ശരീരത്തിലെ അവയവങ്ങളെല്ലാം പ്രവർത്തിച്ചു നമ്മെ നിലനിർത്തുന്നത് എന്തെങ്കിലും ഫലം പ്രതീക്ഷിച്ചു കൊണ്ടാണോ? മരങ്ങൾ, നാം ശ്വസിച്ചു തള്ളുന്ന കാർബൺ ഡയോക്സൈഡിനെ നമ്മുടെ ജീവൻ നിലനിൽക്കാനാവശ്യമായ ഓക്സിജനായി മാറ്റി ഭൂമിയിലേക്ക് വിടുന്നത് എന്തെങ്കിലും ഫലം പ്രതീക്ഷിച്ചു കൊണ്ടാണോ? അല്ല. അവയെല്ലാം അവയുടെ ധർമ്മം അനുഷ്ഠിക്കുന്നു. അത്രമാത്രം. പ്രകൃതിയിലേക്ക് നോക്കിയാൽ ഇങ്ങനെ ഫലം ആശിക്കാതെ ചെയ്യപ്പെടുന്ന ധാരാളം കർമ്മങ്ങൾ നമുക്കു കാണാൻ കഴിയും. അതൊക്കെയാണ് നമ്മെ ഇവിടെ നിലനിർത്തുന്നത്. ചിന്തിക്കാൻ കഴിയാത്ത മനുഷ്യേതര ജീവജാലങ്ങൾക്കു നിഷ്ക്കാമകർമ്മം ചെയ്യാൻ കഴിയുമെങ്കിൽ, ചിന്താശക്തിയുള്ള മനുഷ്യനിതു ചെയ്യാൻ കഴിയില്ലേ?  അതുകൊണ്ടു വിധിച്ചിട്ടുള്ള കർമ്മം ആത്മാർത്ഥതയോടെ ചെയ്യൂ എന്നാണു ഭഗവാൻ ഉപദേശിക്കുന്നത്. അത് ഈ ലോകത്തിന്റെ നിലനിനിൽപ്പിനാവശ്യമാണ്. താല്പര്യപൂർവ്വം തന്നെ കർമ്മം ചെയ്യണമെന്നു ഭഗവാൻ ഉപദേശിക്കുന്നത് അതുകൊണ്ടാണ്.

ബുദ്ധിയോഗ (കർമ്മയോഗം) ത്തിന്റെ ചർച്ചയിലാണ് ഈ ശ്ലോകം വരുന്നതെന്ന് നാം മനസ്സിലാക്കണം. ഈ ശ്ലോകത്തിനു മുൻപിലെ ചില ശ്ലോകങ്ങളിൽ കർമ്മയോഗത്തെപ്പറ്റി പറഞ്ഞ പല കാര്യങ്ങളും ഇതിൽ പ്രതിഫലിക്കുന്നുമുണ്ട്. മതപരമായ നരകാദിഭയചിന്തകളും യുദ്ധം ജയിക്കുമോ എന്ന ആശങ്കയുമാണ് അർജ്ജുനനെ യുദ്ധം ചെയ്യാൻ വിമുഖനാക്കുന്നതെന്നു കൃഷ്ണനറിയാം. അർജ്ജുനാ, രാജ്യരക്ഷക്കാണ് നിനക്കധികാരമുള്ളത്. അതു മറന്നുകൊണ്ടു നീ, നിന്റെ അധികാരപരിധിയിലല്ലാത്ത (നിയന്ത്രണത്തിലല്ലാത്ത) യുദ്ധഫലത്തെയോർത്തു ദുഖിച്ചു യുദ്ധം ചെയ്യാതിരിക്കുന്നത് എത്ര മൂഢത്വമാണ്? നീയെന്നല്ല, മനുഷ്യരാരും ഇങ്ങനെ ചെയ്യാൻ പാടില്ല. ബാധ്യസ്ഥമായ കർമ്മം ആത്മാർത്ഥതയോടു കൂടി ചെയ്യുക മാത്രമാണ് ഒരുവനു ചെയ്യാൻ കഴിയുക.  കർമ്മമാണ് ആനന്ദം നൽകുന്നത്, കർമ്മഫലമല്ല. കർമ്മം അനുഷ്ഠിക്കുന്നതിലുള്ള ആത്മാർത്ഥതക്കനുസരിച്ചാവും കർമ്മഫലവും ഉണ്ടാകുന്നതെന്നും ഈ ശ്ലോകത്തിൽ നിന്നും നമുക്കു വായിച്ചെടുക്കാം.

Friday, March 3, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 17)

കഴിഞ്ഞ ഭാഗത്തിൽ 2: 42 മുതൽ 2: 44 വരെയുള്ള ശ്ലോകങ്ങളാണ് പഠിച്ചത്. ഈ മൂന്നു ശ്ലോകങ്ങളുടെയും അതിനു മുൻപിലെ കർമ്മയോഗത്തെ സംബന്ധിക്കുന്ന മറ്റു ശ്ലോകങ്ങളുടെയും ആത്യന്തികമായ താത്പര്യം ഇതാണ്; ഫലേച്ഛ കൂടാതെ ചെയ്യുന്ന കർമ്മം മഹത്തരമാണ്. അതിനായിട്ടാണ് മനുഷ്യർ ശ്രമിക്കേണ്ടത്. ഭാഗ്യം വാഗ്ദാനം ചെയ്യുന്ന പലവിധ പ്രലോഭനങ്ങൾ ചുറ്റിലുമുണ്ടാകും. ഈശ്വരസാക്ഷാത്ക്കാരം ലക്ഷ്യമാക്കുന്നവർ ഈ പ്രലോഭനങ്ങളിലൊന്നും ചെന്നു വീണ് ജീവിതം നരകസമാനമാക്കരുത്. സ്വാർത്ഥമോഹപ്രേരിതമായ കർമ്മം ആത്മസംതൃപ്തി നൽകില്ല, ആത്മസംഘർഷമേ നൽകൂ. ഒന്നും തന്നെ വെറുതെ കിട്ടില്ല. അർപ്പണ മനോഭാവത്തോടെയുള്ള കർമ്മമാണാവശ്യം. ഈശ്വരാർപ്പിതമായ നിഷ്ക്കാമകർമ്മമാണ്‌ ആനന്ദത്തിന്റെ ആണിക്കല്ല്.

ഇനി ചിന്തിക്കാം, ഈ ഭഗവത്‌ ഗീതാ സന്ദേശം വച്ചു നോക്കിയാൽ നമ്മുടെ അദ്ധ്യാത്മികനിലവാരം എന്താണ് ? ഭഗവത് ഗീത എഴുതിയ കാലഘട്ടത്തിലെ സമൂഹത്തിന്റെ അപഥസഞ്ചാരങ്ങളെയാണ് മുകളിൽ പരാമർശിച്ച മൂന്നു ശ്ലോകങ്ങളിലും ഗീതാകാരൻ വിമർശിക്കുന്നതെങ്കിലും, മനുഷ്യന്റെ സ്വാർത്ഥതക്കും അതൊക്കെ നേടിയെടുക്കാൻ ഈശ്വരനെ കൂട്ടുപിടിക്കാം എന്നുമുള്ള വ്യാമോഹത്തിനും ഇന്നും കുറവൊട്ടും വന്നിട്ടില്ല. നമ്മുടെ ആരാധനാസമ്പ്രദായങ്ങളിലത്രയും നിഴലിക്കുന്നത് സ്വാർത്ഥതയാണ്. പ്രാർത്ഥനകളും വഴിപാടുകളും എല്ലാം തന്നെ സ്വാർത്ഥലാഭങ്ങൾ നേടാൻ വേണ്ടിയുള്ളതാണ്. ഗീത കാണിച്ചു തന്ന വഴിയിലൂടെയാണോ നാം നടക്കുന്നത്? സ്വാർത്ഥലക്ഷ്യങ്ങളോടെയല്ലാതെ, ഇത്രയെങ്കിലും സുഖത്തോടെയും സന്തോഷത്തോടെയും ഭൂമിയിൽ ജീവിക്കാനുള്ള ഭാഗ്യം കിട്ടിയതിന് ഭഗവാനു നന്ദി രേഖപ്പെടുത്തിക്കൊണ്ടു പൂജകളും വഴിപാടുകളും ദാനങ്ങളും കർമ്മങ്ങളും ചെയ്യാൻ നമുക്കാവുന്നുണ്ടോ? അതാണ് ലളിതമായിപ്പറഞ്ഞാൽ ഭഗവത് ഗീത പറയുന്ന കർമ്മയോഗം. ഭഗവത് ഗീതയാണ് നമ്മുടെ പ്രമാണഗ്രന്ഥമെങ്കിൽ നാം നമ്മുടെ കർമ്മങ്ങളുടെയും പ്രാർത്ഥനകളുടെയും ചിന്തകളുടെയും ശൈലി തന്നെ മാറ്റേണ്ടിയിരിക്കുന്നു. പ്രകൃതിയിൽ നിന്നും അകന്നുമാറിക്കൊണ്ടിരിക്കുന്ന നമ്മൾ പ്രകൃതിയിലേക്ക് കൂടുതലായി അടുക്കേണ്ടിയിരിക്കുന്നു. ഇനി വരുന്ന ഭാഗങ്ങളിൽ ഇതേക്കുറിച്ചൊക്കെ ഗീത വിശദമാക്കുന്നുതു നമ്മൾ പഠിക്കും.      

ശരി, നമുക്കിനി അടുത്ത ശ്ലോകത്തിലേക്കു കടക്കാം.

ത്രൈഗുണ്യ വിഷയാ വേദാ: നിസ്‌ത്രൈഗുന്യോ ഭവാർജ്ജുനാ
നിർദ്വാന്തോ നിത്യസത്വസ്ഥ: നിർയോഗക്ഷേമ ആത്മവാൻ (ശ്ലോകം 2:45)

(വേദങ്ങൾ ത്രിഗുണാത്മകങ്ങളാണ്. നീ ത്രിഗുണാതീതനും ദ്വാന്ദരഹിതനും സത്യനിഷ്ഠനും യോഗക്ഷേമങ്ങൾ ഗണിക്കാത്തവനും ആത്മനിഷ്ഠനുമായിത്തീരുക)


നശ്വരമായ ഈ പ്രപഞ്ചവും മനസ്സും ബുദ്ധിയുമെല്ലാം തന്നെ സത്വരജസ്തമോഗുണങ്ങളിൽ നിന്നുണ്ടായതാണെന്നു മുൻപു നമ്മൾ പഠിച്ചതാണ്. തമോഗുണം മാന്ദ്യത്തെയും ചിന്തയില്ലായ്മയെയും രജോഗുണം ആസക്തിയെയും ചുറുചുറുക്കിനെയും സത്വഗുണം അനാസക്തിയെയും ശാന്തിയെയും പ്രതിനിധാനം ചെയ്യുന്നു. എല്ലാവരിലും ഈ മൂന്നുഗുണങ്ങളും ഏറ്റക്കുറച്ചിലുകളോടെ സമ്മേളിക്കുന്നു. വേദങ്ങളിൽ (വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ എന്ന് വിവക്ഷ) പറയുന്ന വിധികളെല്ലാം തന്നെ ഈ ത്രിഗുണാത്മികമായ ഭൗതികവിഷയങ്ങൾ മാത്രമാണ്. ഈശ്വരസാക്ഷാത്ക്കാരത്തിനാഗ്രഹിക്കുന്നവർ വേദങ്ങളുടെ ഈ ത്രിഗുണാത്മകമായ തലം കടന്ന് ഇതിനപ്പുറമുള്ള (trans-satvic state) ആത്മതലത്തിൽ എത്തിച്ചേരേണ്ടതുണ്ട്. ആത്മീയതലത്തിൽ ഉയരണമെന്നാഗ്രഹിക്കുന്നവർ വേദങ്ങൾ വിധിക്കുന്ന ആചാരാനുഷ്ഠാനങ്ങളിലും അതുകൊണ്ടുണ്ടാകും എന്നു ചിന്തിക്കുന്ന ഗുണദോഷഫലങ്ങളിലൊന്നുമല്ല  ശ്രദ്ധിക്കേണ്ടത്; ആത്മജ്ഞാനപരമായ വേദാന്തത്തിലായിരിക്കണം എന്നു സാരം. പാർത്ഥാ, നീ അതിനായി ശ്രമിക്കൂ എന്നാണു കൃഷ്ണൻ പറയുന്നത്. ആത്മജ്ഞാനിക്കുണ്ടായിരിക്കേണ്ട ഗുണങ്ങൾ എന്തൊക്കെയാണെന്നാണ് ഭഗവാൻ അർജ്ജുനനെ ഓർമ്മിപ്പിക്കുന്നത്. ആത്മജ്ഞാനി, സത്യനിഷ്ഠനും ആത്മനിഷ്ഠനും വിപരീതഭാവങ്ങളെ സമമായി കാണുന്നവനും യോഗക്ഷേമങ്ങളിൽ താത്പര്യമില്ലാത്തവനും ആകണം.  ഈ വിഷയങ്ങളെക്കുറിച്ചൊക്കെ മുൻപു നമ്മൾ വിശദമായി ചർച്ച ചെയ്തിട്ടുള്ളതാണ്. കൈവശമില്ലാത്തതിനെ സമ്പാദിക്കുന്നതു യോഗം. കൈവശമുള്ളതിനെ സംരക്ഷിക്കുന്നതു ക്ഷേമം. അപ്പോൾ യോഗക്ഷേമം എന്നാൽ  acquisition & preservation എന്നർത്ഥം. ഈശ്വരസാക്ഷാത്ക്കാരം ആഗ്രഹിക്കുന്നവർ ഇവ രണ്ടിലും അതിരുകടന്ന ആഗ്രഹം വച്ചു പുലർത്തരുതത്രെ.

യാവാനർത്ഥ  ഉദപാനേ  സര്വത: സംപ്ലൂതോദകേ
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനത: (ശ്ലോകം 2:46)

(എല്ലായിടവും വെള്ളം നിറഞ്ഞിരിക്കുമ്പോൾ  കിണറുകൊണ്ട് എന്തു പ്രയോജനമുണ്ടാകുമോ അത്രക്ക് പ്രയോജനമേ ജ്ഞാനിയായ ബ്രാഹ്മണന് വേദങ്ങളെല്ലാം കൊണ്ടും ഉണ്ടാവുകയുള്ളൂ)  

കിണർ കുഴിക്കുന്നത് വെള്ളമെടുക്കാനാണ്. വെള്ളപ്പൊക്കം വന്നെല്ലായിടവും വെള്ളം നിറഞ്ഞു കഴിഞ്ഞാൽ പിന്നെ കിണറുകൊണ്ടെന്തു പ്രയോജനം? ഇതുപോലെയാണ് ബ്രഹ്മജ്ഞാനിക്ക് വേദങ്ങൾ കൊണ്ടുള്ള പ്രയോജനവും. വെള്ളത്തിനായി കിണറു കുഴിക്കണം എന്നപോലെ ജ്ഞാനമുണ്ടാകാനായി വേദങ്ങൾ  പഠിക്കണം. വേദങ്ങളെ ശരിയാംവണ്ണം പഠിച്ചു, ബ്രഹ്മജ്ഞാനം നേടിക്കഴിഞ്ഞാൽ പിന്നെ വേദങ്ങളെക്കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാകാനില്ല തന്നെ. വിദ്യ പഠിക്കുന്നതിനാണ് ഗ്രന്ഥങ്ങളുടെ ആവശ്യം വരുന്നത്. വിദ്യ ശരിക്കും പഠിച്ചു കഴിഞ്ഞാൽ പിന്നെ ആ ഗ്രന്ഥങ്ങളെക്കൊണ്ടു പഠിച്ചവനു യാതൊരു പ്രയോജനവും ഇല്ല തന്നെ. കുട്ടിയായിരിക്കുമ്പോൾ എഞ്ചുവടി ഉപയോഗിച്ച് ഗുണനവും ഹരണവുമൊക്കെ പഠിക്കും. പക്ഷേ ബിരുദമെടുത്തയാളിന് എഞ്ചുവടിയുടെ ആവശ്യമുണ്ടോ?

ഇവിടെ ഇതു പറയുന്നതിന്റെ സാംഗത്യമെന്താണ്? ത്രിഗുണാത്മകമായ, അതായത് ഭൗതികതലത്തിലുള്ള, വിഷയങ്ങളെക്കുറിച്ചാണ് വേദങ്ങൾ പറയുന്നതെന്നും അവിടം വിട്ട് അതിനു മുകളിലുള്ള ആത്മീയതലത്തിലേക്കാണ് അർജ്ജുനൻ പോകേണ്ടതെന്നുമാണല്ലോ കഴിഞ്ഞ ശ്ലോകത്തിൽ പറഞ്ഞത്. വേദങ്ങളും ധർമ്മശാസ്ത്രങ്ങളും പറയുന്നതൊക്കെ വിശ്വസിച്ചു നരകാദിഭയങ്ങളും പേറി, വിഷാദചിത്തനായി, ബാധ്യസ്ഥമായ കർമ്മം ചെയ്യാൻ മടിക്കുന്ന അർജ്ജുനനോടാണ് കൃഷ്ണൻ ഇപ്പറയുന്നതെന്നോർക്കണം. വികാരതലത്തിൽ നിൽക്കുന്നവരെയാണ് ഇങ്ങനെയൊക്കെയുള്ള ഭയാശങ്കകൾ അലട്ടുന്നത്. ആത്മീയതലത്തിൽ സമബുദ്ധിയോടെ നിലകൊണ്ടാൽ ഇമ്മാതിരി ചിന്തകൾക്ക് മനസ്സിൽ സ്ഥാനം പിടിക്കാൻ കഴിയില്ല. പാർത്ഥാ, ആത്മജ്ഞാനമെന്ന സമുദ്രം നിന്നിലാകെ നിറഞ്ഞു കഴിഞ്ഞാൽ പിന്നെ വേദങ്ങളിൽ നിന്നും നീയാർജ്ജിച്ച അറിവുകളാകുന്ന കിണറ്റുവെള്ളവും അതു നിന്നിലുളവാക്കുന്ന വിഷാദചിന്തകളും അപ്രസക്തമായിക്കൊള്ളും. നിന്നിലെ ബോധത്തെ, ആത്മീയതയെയാണ്‌ ഉണർത്തേണ്ടത്; അതു സംഭവിച്ചാൽ നിന്നെ കർമ്മവിമുഖനാക്കുന്ന ഇവ്വിധ ചിന്തകളെല്ലാം താനേ അടങ്ങിക്കൊള്ളും.

(കമ്പ്യൂട്ടറിൽ ടൈപ്പ് ചെയ്യുന്ന ശ്ലോകങ്ങളിൽ അക്ഷരത്തെറ്റുകൾ വന്നിട്ടുണ്ട്‌. നല്ലൊരു ഗീതാഗ്രന്ഥത്തിൽ നിന്നും അക്ഷരത്തെറ്റില്ലാതെ ശ്ലോകങ്ങളെ പഠിക്കണം എന്നഭ്യർഥിക്കുന്നു)