Wednesday, May 24, 2023

ഒരു കർമ്മയോഗ സമസ്യ

അദ്ധ്യായം 3 - കർമ്മയോഗം

അർജ്ജുന ഉവാച:  

ജ്യായസീ ചേത് കർമ്മണസ്തേ മതാ ബുദ്ധിർജനാർദ്ദന
തത് കിം കർമ്മണി ഘോരേ മാം നിയോജയസി കേശവ.                    3 :1

(
അർജ്ജുനൻ പറഞ്ഞു: കർമ്മത്തെ അപേക്ഷിച്ച്  ജ്ഞാനമാണ് ശ്രേഷ്ഠമെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കിൽ പിന്നെ എന്തിനാണ് ഘോരമായ ഈ കർമ്മത്തിൽ എന്നെ നിയോഗിക്കുന്നത്?)

 വ്യാമിശ്രേണേവ വാക്യേന ബുദ്ധിം മോഹയസീവ മേ                                             തദേകം വദ നിശ്ചിത്യ യേന ശ്രേയോƒഹമാപ്നുയാം.                               3:2

(പരസ്പര വിരുദ്ധമെന്നു തോന്നുന്ന വാക്കുകൾകൊണ്ട് എൻറെ ബുദ്ധിയെ അങ്ങ് ഭ്രമിപ്പിക്കുന്നതുപോലെ തോന്നുന്നു. അതുകൊണ്ട് ഏതൊന്നുകൊണ്ട് ഞാൻ ശ്രേയസ്സിനെ പ്രാപിക്കുമോ ആ ഒന്ന് ഉറപ്പിച്ചു പറഞ്ഞുതന്നാലും)

ഒന്നാം ശ്ലോകത്തിലെ ആദ്യത്തെ വരിയുടെ അർത്ഥം "കർമ്മത്തെ അപേക്ഷിച്ച് ജ്ഞാനമാണ് ശ്രേഷ്ഠമെന്നാണ് അങ്ങയുടെ അഭിപ്രായമെങ്കിൽ" എന്നാണ് മിക്ക ഗീതാ വ്യാഖ്യാനങ്ങളിലും കാണുന്നത്. ഇതിൻ പ്രകാരം ഇങ്ങനെയൊരു പ്രസ്താവം കഴിഞ്ഞ അദ്ധ്യായത്തിൽ കൃഷ്ണൻറെ ഭാഗത്തു നിന്നുണ്ടായിട്ടുണ്ടെന്നു വരുന്നു. എന്നാൽ രണ്ടാമദ്ധ്യായത്തിൽ ഇങ്ങനെയൊരു പ്രസ്താവം കൃഷ്ണൻ നടത്തിയിട്ടുള്ളതായി കാണുന്നില്ല. ആത്മസാക്ഷാത്ക്കാരത്തിനായി സാംഖ്യയോഗവും കർമ്മയോഗവും നിർദ്ദേശിച്ചശേഷം അദ്ധ്യായത്തിൻറെ അവസാന ഭാഗത്ത് സന്യാസത്തെയും ബ്രാഹ്മീസ്ഥിതിയെയും പരാമർശിച്ചിട്ടുണ്ടെന്നേയുള്ളൂ; ജ്ഞാനം കർമ്മത്തെക്കാൾ ശ്രേഷ്ഠമാണെന്ന് അവിടെയെങ്ങും പറഞ്ഞിട്ടില്ല. ശ്ലോകത്തിലെ 'ബുദ്ധി'യെ ജ്ഞാനമായി കണ്ട്‌ വ്യാഖ്യാനിച്ചതിൻറെ പ്രശ്നമാകാം ഇത്. ആചാര്യസ്വാമികളുടെ ശാങ്കരഭാഷ്യത്തിൽ ഇങ്ങനെ അർത്ഥം നല്കിയിട്ടുള്ളതിനാൽ പിൽക്കാലത്തെ വ്യാഖ്യാതാക്കളും അതു പിൻപറ്റി പോന്നതാണെന്നു കരുതാം. എന്നാൽ ബുദ്ധിയുടെ അർത്ഥം ജ്ഞാനമെന്നല്ല, യോഗബുദ്ധി (നിഷ്ക്കാമകർമ്മം, കർമ്മയോഗം) എന്നാണെന്ന് വിവക്ഷിച്ചുകൊണ്ടുള്ള ചുരുക്കം ചില വ്യാഖ്യാനങ്ങളും ഉണ്ടായിട്ടുണ്ട്. ഈ ശ്ലോകത്തിലെ കർമ്മംകാമ്യകർമ്മമാണെന്നും അതല്ല യോഗബുദ്ധിയിലൂന്നിയ നിഷ്ക്കാമകർമ്മമാണെന്നും (കർമ്മയോഗം) പറഞ്ഞുകൊണ്ടുള്ള വ്യത്യസ്ത വ്യാഖ്യാനങ്ങളും കാണാം. ഈ ഒന്നാം ശ്ലോകത്തിൻറെ വ്യാഖ്യാനം ഗ്രന്ഥങ്ങളിൽ തേടിപ്പോയാൽ പല തരത്തിലുമുള്ള വ്യാഖ്യാനങ്ങളിലും ചെന്നു ചാടി രണ്ടാംശ്ലോകത്തിലെ അർജ്ജുനൻറെ മാനസികാവസ്ഥയിൽ പഠിതാക്കളായ നമ്മളും എത്തിച്ചേരുമെന്നതു തീർച്ച! അതിനാൽ യുക്തിക്കു നിരക്കുന്ന ഒരു വ്യാഖ്യാനം നൽകി ഇവിടം തരണം ചെയ്യാൻ ശ്രമിക്കുന്നതായിരിക്കും ബുദ്ധിയെന്നു തോന്നുന്നു. 

ഈ വ്യാഖ്യാനത്തിൽ ശ്ലോകത്തിലെ 'ബുദ്ധി'യെ ജ്ഞാനമെന്നല്ല യോഗബുദ്ധി എന്നാണ് ചിന്തിച്ചിരിക്കുന്നത്. അർജ്ജുനൻ നിശ്ചയമായും യുദ്ധം (അർജ്ജുനൻറെ ഭാഷയിൽ ഘോരകർമ്മം) ചെയ്യുകയാണ് വേണ്ടതെന്ന് ഉപദേശിച്ചിട്ട് ('തസ്മാദുത്തിഷ്ഠ കൗന്തേയ യുദ്ധായ കൃതനിശ്ചയഃ:', ശ്ലോകം: 2:37) ആത്മസാക്ഷാത്ക്കാര വഴിതെളിക്കുന്ന നിഷ്ക്കാമകർമ്മത്തിൻറെ മഹത്വത്തെത്തെക്കുറിച്ചും കൃഷ്ണൻ അർജ്ജുനനോട് കഴിഞ്ഞ അദ്ധ്യായത്തിൽ  വിസ്തരിച്ചു പറഞ്ഞിരുന്നു. ഇതാകാം അർജ്ജുനനെ ആശയക്കുഴപ്പത്തിലാക്കിയത്.  രാജ്യലാഭത്തെ ഉദ്ദേശിച്ചു ചെയ്യേണ്ടുന്ന യുദ്ധം എങ്ങനെയാണ് നിഷ്ക്കാമമായി ചെയ്യാൻ കഴിയുക? ധർമ്മത്തിൻറെ വിജയത്തിനായാണ് ഈ യുദ്ധം ചെയ്യേണ്ടതെന്ന് അർജ്ജുനനെ മനസ്സിലാക്കിക്കാൻ കൃഷ്ണൻ ശ്രമിച്ചുവെങ്കിലും അർജ്ജുനനെ സംബന്ധിച്ചിടത്തോളം ഈ യുദ്ധം ശത്രുവിൻറെ മുകളിൽ വിജയം നേടാൻ വേണ്ടിയുള്ളതാണ്, ആയതിനാൽ തന്നെ ഇതൊരു സ്വാർത്ഥ കർമ്മവുമാണ്‌ (യുദ്ധത്തിൽ മരിച്ചാൽ വീരസ്വർഗ്ഗം പ്രാപിക്കാം, ജയിച്ചാലോ ഭൂമിയെ അനുഭവിക്കാം എന്ന് ശ്ലോകം: 2:37ൽ പറഞ്ഞിട്ടുള്ളതും ഓർക്കാം). നിഷ്ക്കാമകർമ്മമാണ്‌ ശാന്തിയും സമാധാനവും നൽകി മോക്ഷപ്രാപ്തിക്കു യോഗ്യനാക്കുന്നതെങ്കിൽ അങ്ങനെയുള്ള കർമ്മമേതെങ്കിലും ചെയ്യാൻ ഉപദേശിക്കുന്നതിനു പകരം തൻറെയും മറ്റുള്ളവരുടെയും സമാധാനം നശിപ്പിക്കാൻ പോന്ന ഘോരകർമ്മം ചെയ്യാനെന്തിനാണ് കൃഷ്ണൻ ഉപദേശിക്കുന്നതെന്നാണ് അർജ്ജുനൻറെ സംശയം. കൃഷ്ണൻറെ പരസ്പരവിരുദ്ധങ്ങളെന്നു തോന്നിക്കുന്ന വാക്കുകളിൽ ഏതാണ് ശരിയെന്ന് അർജ്ജുനന്  മനസ്സിലാകുന്നില്ല. നിഷ്ക്കാമമായായാലും ഘോരമായ കർമ്മം (യുദ്ധം) ചെയ്ത്, അതിലൂടെ ഈശ്വരസാക്ഷാത്ക്കാരം നേടുന്നതിലും നന്ന്, താനും ഒരു സന്യാസിയെപ്പോലെ ജ്ഞാനവഴി സ്വീകരിച്ച് അത് നേടുന്നതാകില്ലേ ശരിയെന്ന് അർജ്ജുനൻ ചിന്തിക്കുന്നതായും ഈ ശ്ലോകത്തെ വ്യാഖ്യാനിക്കാം. ഇതെങ്ങനെയായാലും ഈ വ്യാഖ്യാനങ്ങളിൽ ജ്ഞാനം കർമ്മത്തെക്കാൾ ശ്രേഷ്ഠമാണെന്ന് ഗീത പറഞ്ഞിരിക്കുന്നതായി പറയുന്ന അർത്ഥം നിഴലിക്കുന്നില്ല എന്നതാണ് ശ്രദ്ധാർഹമായിട്ടുള്ളത്.

അർജ്ജുനനെന്നല്ല, നമ്മളാണെങ്കിലും ഇതുപോലൊരു സാഹചര്യത്തിൽ ഇങ്ങനെയല്ലേ ചിന്തിക്കൂകായംകുളത്തു പോയാൽ കാശു കിട്ടും എന്നു പറഞ്ഞിട്ട് ആലപ്പുഴക്കു പോകുന്നതാകും കുറേക്കൂടി നല്ലതെന്നു പറയുന്ന അമ്മാവൻ, നീ പക്ഷേ കായംകുളത്തു പോയാൽ മതി എന്നു പറഞ്ഞാൽ നമ്മളാകെ ആശയക്കുഴപ്പത്തിലാകില്ലേ? ഇതു തന്നെയാണ് ർജ്ജുനൻറെയും കാര്യം! പക്ഷേ, നമുക്ക് ശരിയായി തോന്നുന്നില്ലെങ്കിലും ബോധവാനായ അമ്മാവൻ പറയുന്നതിലെന്തെങ്കിലും കാര്യമുണ്ടാകുമെന്നതുപോലെ കൃഷ്ണനും ആ വാക്കുകൾ വെറുതെ പറഞ്ഞതല്ലെന്ന് ഇനി വരുന്ന ശ്ലോകങ്ങളിലൂടെ വ്യക്തമാക്കപ്പെടുന്നുണ്ട്

Wednesday, May 10, 2023

'സുദർശനം' - ശ്രീമദ് ഭഗവദ്‌ ഗീതാ പഠനം - അവതാരിക


ഉദ്ദേശം ബി.സി. 500നും 200നും ഇടയ്ക്കാണ് ഭഗവദ്‌ ഗീത  രൂപംകൊണ്ടതെന്നാണ് ആധുനിക പണ്ഡിതന്മാരുടെ  ഭൂരിപക്ഷാഭിപ്രായം. ഒട്ടനവധി അനുകരണങ്ങളും മാഹാത്മ്യങ്ങളും സ്വാധീനങ്ങളും പ്രസ്ഥാനങ്ങളും ഗീതാപ്രചോദനത്താൽ ഉടലെടുത്തിട്ടുണ്ട്. ഗീതാവ്യാഖ്യാനങ്ങളിൽ ഏറ്റവും പഴക്കമേറിയതായി നമ്മുടെ കയ്യിലുള്ളത് ശാങ്കരഭാഷ്യം എന്നറിയപ്പെടുന്ന ആദിശങ്കരാചാര്യരുടെ വ്യാഖ്യാനമാണ്. എന്നാൽ അദ്ദേഹം സ്വഗീതാവ്യാഖ്യാനത്തിൽത്തന്നെ പൂർവ്വസൂരികളായ ഒന്നിലധികം ഗീതാവ്യാഖ്യാതാക്കളെപ്പറ്റി പരാമർശിക്കുന്നുണ്ട്; പേരു പറയുന്നില്ലെങ്കിലും. ശങ്കരൻറെ കാലം പൊതുവേ അംഗീകരിക്കപ്പെട്ടിരിക്കുന്നത് 780 AD മുതൽ 812 AD വരെയാണ്. അപ്പോൾ കുറഞ്ഞത് ഒരു1300 വർഷം മുൻപു മുതൽ തന്നെ ഗീതയ്ക്ക് വ്യാഖ്യാനങ്ങൾ ഉണ്ടായി തുടങ്ങിയിരുന്നു എന്നു കരുതുന്നതിൽ തെറ്റില്ല. അന്നുതൊട്ട് ഇന്നുവരെ, അനുസ്യൂതമെന്നുതന്നെ പറയാം, ഗീതാവ്യാഖ്യാനങ്ങളുടെ ഒരു പരമ്പര തന്നെയാണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്. വിവിധ ഭാഷകളിൽ ധാരാളം തർജ്ജമകളും ഗീതയ്ക്ക് ഉണ്ടായിട്ടുണ്ട്, ലോകമെമ്പാടും.

മറ്റു മതഗ്രന്ഥങ്ങൾക്കൊന്നിനും തന്നെ ഇത്രമാത്രം വ്യാഖ്യാനങ്ങൾ, അതും വ്യത്യസ്തമായ വീക്ഷണങ്ങൾ കൊണ്ടുവരുന്ന വ്യാഖ്യാനങ്ങൾ ഉണ്ടായിട്ടില്ല. ബൈബിളിന് വളരെ കൂടുതൽ തർജ്ജമകൾ ഉണ്ട്, പക്ഷേ വ്യാഖ്യാനങ്ങൾ ഇതുപോലെ ഇല്ല. ഖുറാനോ ഗുരുഗ്രന്ഥസാഹിബിനോ ധർമ്മപാതയ്‌ക്കോ വേദോപനിഷത്തുക്കൾക്കോ പുരാണങ്ങൾക്കോ ഒന്നിനും ഇല്ല.

ഗീതയുടെ പിറവി മുതൽത്തന്നെ അത് ഇംഗ്ലീഷിൽ enigma എന്നു പറയുന്ന ഒരു പ്രഹേളികയാണ്, സമസ്യയാണ്, ആരും കയറാൻ കൊതിക്കുന്ന എവറസ്റ്റ് കൊടുമുടിയാണ്.

ഗീത എന്തുകൊണ്ട് ഒരു പ്രഹേളികയാകുന്നു? എൻറെ അഭിപ്രായത്തിൽ മനുഷ്യരാശിയുടെ തന്നെ ഉത്തരം കിട്ടാത്ത ചോദ്യമാണ്, അസ്തിത്വത്തിൻറെ മഹൽപ്രശ്നമാണ് അർജ്ജുനനിൽകൂടി അവതരിപ്പിക്കപ്പെടുന്നതും ശ്രീകൃഷ്ണനാൽ ഉത്തരം നല്കപ്പെടുന്നതും. ഒരിക്കലും പൂർണ്ണമായി പരിഹരിക്കാൻ കഴിയാത്ത സമസ്യകളുടെ സമാധാനത്തിനുള്ള ആത്മാർത്ഥ ശ്രമമാകുന്നതുകൊണ്ടാണ് ഗീത ഇത്ര ആകർഷണീയമാകുന്നതെന്നു തോന്നുന്നു.

രണ്ടാമതായി അനേകം വർഷങ്ങളായി വികസിച്ചു വന്ന ഭാരതീയ തത്വചിന്തയുടെ, സത്യാന്വേഷണത്തിൻറെ സത്തും പാരമ്യവുമാണ് ഗീതയിലൂടെ പ്രകാശിക്കപ്പെടുന്നത്. വിവിധ ധാരകളുടെ സമഞ്ജസനത്തിനുവേണ്ടി പരിശ്രമിക്കുന്നതുകൊണ്ട് ഈ മഹൽഗ്രന്ഥത്തിൻറെ ചില ഭാഗങ്ങളിൽ പരസ്പര വൈരുദ്ധ്യം കാണാനിടയാകുന്നു; കൂലങ്കഷമായി പരിശോധിക്കുമ്പോൾ ഇവ പരിഹരിക്കാൻ കഴിയുമെങ്കിലും.

മൂന്നാമതായി കാവ്യശൈലികൊണ്ടും കാവ്യഭംഗികൊണ്ടുതന്നെയും ഗീതാകാരൻ പ്രത്യേകം വ്യക്തതയ്ക്കു ശ്രമിക്കാതിരിക്കുന്നതുകൊണ്ടും ഗീതാശ്ലോകങ്ങൾ പലതരം വ്യാഖ്യാനങ്ങൾക്ക് ഇടനല്കുന്നുണ്ട് എന്നു പറയാതെ വയ്യ. നാലാമതായി, ചിലഭാഗങ്ങൾ വലിയ കീറാമുട്ടികളായി അവശേഷിക്കുന്നു.

അഞ്ചാമതായി, വിവിധ ആചാര്യന്മാർ അവരുടെ ദർശനത്തിൻറെ ചട്ടക്കൂട്ടിലേക്ക് ഗീതയെ ബലമായി പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നു.

ഇനിയും കാരണങ്ങൾ പലതും നമുക്കു കണ്ടെത്താൻ കഴിഞ്ഞേക്കും.

ഈ പ്രഹേളികയുടെ സമാധാനത്തിനായി ഈ കൊടുമുടിയിലേക്കു സധൈര്യം കയറി വന്ന ഒരു പ്രതിഭയാണ് ഉന്നത ശാസ്ത്രജ്ഞനായി വിരമിച്ച ഡോ. ഏവൂർ മോഹൻദാസ്. സ്വന്തമായ ഒരു കൊടി അവിടെ നാട്ടാൻ അദ്ദേഹത്തിനു തീർച്ചയായും കഴിഞ്ഞിട്ടുണ്ട്. ഗഹനങ്ങളായ കുറെ പഠനങ്ങളും വ്യാഖ്യാനങ്ങളും, പ്രധാനമായും പൂജ്യ ചിന്മയാനന്ദസ്വാമിജിയുടെയും സ്വാമിവിവേകാനന്ദൻറെയും സ്വാമിപാർത്ഥസാരഥിയുടെയും അടിസ്ഥാനമാക്കി, എന്നാൽ സ്വന്തം മൂശയിലിട്ടു കശക്കി, സ്വന്തം കണ്ടുപിടുത്തങ്ങൾ കൂട്ടിച്ചേർത്താണ് ഈ ശാസ്ത്രവിശാരദൻ ഭഗവദ് ഗീതാ ശാസ്ത്രത്തെ വെളിവാക്കുന്നത്. സാധാരണ ഭഗവദ് ഗീതാ വ്യാഖ്യാനങ്ങളിലോ പഠനങ്ങളിലോ കാണാൻ കഴിയാത്ത, ആർഷഭാരതപരമ്പര്യത്തെയും ഭഗവദ്‌ഗീതാരചനയുടെ പശ്ചാത്തലത്തെയും വിശദമാക്കുന്ന, ദീർഘവും വിജ്ഞാനപ്രദവുമായ ആമുഖവും ഈ ഗീതാപഠനത്തിൻറെ പ്രത്യേകതയാണ്. ആമുഖത്തിൽ പറയുന്ന പല ആത്മീയചരിത്രവിഷയങ്ങളെയും ഗീതാശ്ലോകങ്ങളുമായി യുക്തിസഹമായി ബന്ധിപ്പിച്ച് അവതരിപ്പിക്കാനും ഡോ. മോഹൻദാസ്‌ ശ്രമിച്ചിട്ടുണ്ട്. എൻറെ സഹപാഠിയും സുഹൃത്തുമായ ഡോ. മോഹൻദാസ്, അദ്ദേഹത്തിൻറെ ഈ ഉദ്യമത്തിൻറെ അവതാരിക എഴുതാൻ എന്നെ തിരഞ്ഞെടുത്തത് എൻറെ ഭാഗ്യാതിരേകം മാത്രമല്ല, ഭഗവദ് പ്രസാദവുമാണെന്ന് ഞാൻ വിശ്വസിക്കുന്നു. "പ്രപഞ്ചരൂപരേഖ ഗീതയിൽ നിന്ന്" എന്ന ഒരു ഗ്രന്ഥം എനിക്ക് എഴുതാനും ഡി.സി.ബുക്സ് അത് 2006ലും 2007ലും പ്രസിദ്ധീകരിക്കാനും ഇടവന്നതാകാം മോഹൻദാസ് ഇങ്ങനെ തീരുമാനിക്കാൻ കാരണം. എന്തായാലും എന്നിൽ അർപ്പിക്കപ്പെട്ട ഈ കർത്തവ്യത്തിലേക്ക് എളിമയോടെ, ഈശ്വരസ്മരണയോടെ കടക്കാൻ ഞാൻ ശ്രമിക്കട്ടെ.

സ്വാനുഭവത്തിൽ നിന്നും ചുറ്റുപാടുകളിൽ നിന്നും കണ്ടെടുത്തു നൽകുന്ന ഉദാഹരണങ്ങളിലൂടെ സങ്കീർണ്ണമായ വേദാന്ത വിഷയത്തെ അവതരിപ്പിക്കുന്ന ശ്രീ. മോഹൻദാസിൻറെ രീതി അദ്ദേഹത്തിൻറെ ഗീതാപഠനത്തെ ഉദാത്തമാക്കുന്നു. ഉദാഹരണത്തിന് അദ്ധ്യായം 2, ശ്ലോകം 9നു (ശ്ലോകം 2:9) ശേഷമുള്ള ചർച്ച നോക്കുക. അയ്യപ്പൻ നായരെന്ന സ്വന്തം നാട്ടുകാരനായ കാരണവരുടെ, താൻ കൂടി നേരിട്ടു കണ്ട അനുഭവത്തെ, തക്കസമയത്ത്‌ സ്ഥാനത്തു കൊള്ളുന്ന അടി മനുഷ്യരിൽ ഇതിവാചകങ്ങളായ മാറ്റങ്ങളെ ഉണ്ടാക്കാൻ ഉതകും എന്ന തത്വം വ്യക്തമാക്കാനായി, "ക്ളൈബ്യം മാ സ്മ ഗമ  പാർത്ഥ..." എന്ന ശ്ലോകാർത്ഥ ചർച്ചയിൽ അദ്ദേഹം ഉപയോഗിക്കുന്നു. 

ഈ ശ്ലോകാർദ്ധത്തിൻറെ അർത്ഥം ഒമ്പതു രീതികളിൽ ശ്രീ. മോഹൻദാസ് വ്യാഖ്യാനിക്കുന്നു (പിന്നീടുള്ള ചർച്ചകളിൽ ഇതിൽ കൂടുതൽ അർത്ഥങ്ങളും അദ്ദേഹം കണ്ടെത്തുന്നുണ്ട്). വാത്മീകിരാമായണത്തിലെ 'രാമം ദശരഥം വിദ്ധി' എന്ന ഏറ്റവും മഹത്തരമെന്നു കരുതപ്പെടുന്ന ശ്ലോകത്തെ പല രീതികളിൽ പറച്ചിപെറ്റപന്തിരുകുലത്തിൻറെ പിതാവായ വരരുചി വ്യഖ്യാനിച്ചതാണ് എനിക്കിപ്പോൾ ഓർമ്മവരുന്നത്. ഡോ. മോഹൻദാസ് കണ്ടുപിടിച്ച ഓരോ അർത്ഥവും ശ്രദ്ധിക്കപ്പെടേണ്ടതും അദ്ദേഹത്തിൻറെ നൈസർഗ്ഗിക നർമ്മചാതുരിയുടെ നിദർശനവുമാണ്.  

ഗ്രന്ഥകാരൻ മൗലികതയുള്ള ലളിത ഉദാഹരണങ്ങൾകൊണ്ടാണ് ക്ളിഷ്ടത എറെയുള്ള വേദാന്തതത്വത്തെ അനുവാചകരിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. നിത്യജീവിതത്തിൽ നിന്നും അടർത്തിയെടുത്തതാണ് ഇവയൊക്കെത്തന്നെ. ശ്ലോകം 2:16 ൻറെ വ്യാഖ്യാനത്തിൽ കുട്ടികൾക്ക് പ്രിയങ്കരമായ പക്ഷിമൃഗാദികളുടെ രൂപത്തിലുള്ള ബിസ്‌ക്കറ്റുകളുടെയെല്ലാം ഉണ്മയായ ഗോതമ്പുമാവിനെ രൂപങ്ങൾ പലതാകുമ്പോഴും അതിലെല്ലാം മാറ്റമില്ലാതെ, എല്ലാത്തിൻറെയും ഉണ്മയായി, നിലകൊള്ളുന്ന ആത്മാവിൻറെ പൊരുൾ വെളിവാക്കാനായി അദ്ദേഹം ഉപയോഗിക്കുന്നതു ശ്രദ്ധിക്കുക. ഇത്തരം ഉദാഹരണങ്ങൾ ഗ്രന്ഥത്തിലുടനീളം കാണാം.

അദ്ധ്യായം 2 ലെ ശ്ലോകം 33നെ വിശദമായ പരിശോധനയ്‌ക്ക്‌ അദ്ദേഹം വിധേയമാക്കുന്നുണ്ട്.  എന്നിട്ട് പറയുകയാണ്; "വേദമന്ത്രങ്ങൾ വ്യാഖ്യാനിച്ചുകൊണ്ടുള്ള ബ്രാഹ്മണങ്ങളിൽ തുടങ്ങിയതാണ് നിസ്വാർത്ഥ ഋഷിചിന്തകളിൽ സ്വാർത്ഥമനുഷ്യരുടെ വിഷംകലർത്തൽ....ഉൽകൃഷ്ടമായ ഒരു സംസ്കാരത്തെ സ്വാർത്ഥ തല്പരരായ ഒരു ന്യൂനപക്ഷം കൈപ്പിടിയിലൊതുക്കിയപ്പോൾ തകർന്നത് ഈ  നാടിൻറെ എക്കാലത്തെയും സന്തോഷവും സമാധാനവുമാണ്. ഈ അസമാധാനം മുതലെടുത്താണ് വിദേശശക്തികൾ അനേക നൂറ്റാണ്ടുകൾ ഇവിടെ ഉറഞ്ഞാടിയത്. അവരൊക്കെ ഇവിടം വിട്ടുപോയെങ്കിലും നന്മകളെ തമസ്കരിക്കുന്ന ഇരുട്ടിൽത്തന്നെയാണ് നമ്മളിന്നും ജീവിക്കുന്നത്". ഉജ്ജ്വലമായ വാക്കുകളിൽകൂടി ഉദാത്തമായ ഒരു വീക്ഷണമാണിവിടെ ശ്രീ.മോഹൻദാസ് പങ്കുവയ്ക്കുന്നത്. ആ വീക്ഷണമാകട്ടെ ഭാരതത്തിലെ ആദ്ധ്യാത്മിക-സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയതലങ്ങളെയെല്ലാം, ഭാരതചരിത്രത്തിൻറെ യാഥാർഥ്യങ്ങളെയെല്ലാം, അനാവരണം ചെയ്യുന്നതുമാണ്.

ശാസ്ത്രജ്ഞനായതുകൊണ്ടാകാം സാങ്കേതിക പദങ്ങളുടെ നിർവ്വചനം അദ്ദേഹം കൊടുക്കുന്നത് വളരെ ഉചിതമായാണ്, മിതവും സാരവുമായാണ്. ഒരു ഉദാഹരണം മാത്രം പറയാം. ശ്ലോകം 2:41ൻറെ (ശ്ലോകം 2:39ൻറെയും) ചർച്ചയിൽ അദ്ദേഹം പറയുന്നു; "കർമ്മത്തിൽനിന്നും കർമ്മഫലത്തെ മാറ്റിനിർത്തിക്കൊണ്ടു കർമ്മം ചെയ്യാൻ ബുദ്ധിയുടെ പ്രേരണയും നിയന്ത്രണവും അനിവാര്യമാകുന്നതിനാലാണ് കർമ്മയോഗത്തെ ബുദ്ധിയോഗമെന്നു വിളിക്കുന്നത്". വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കിയ കവിതയാണ് ഇവിടെ ഓർമ്മയിൽ വരുന്നത്.

വളരെ നല്ല ഭാഷാശൈലിയാണ് ഡോ. മോഹൻദാസിന്റേതെന്നു പ്രത്യകം പറയേണ്ടിയിരിക്കുന്നു. ശ്ലോകം 2:69ൻറെ കീഴിൽ അദ്ദേഹം എഴുതിയിരിക്കുന്നതെന്താണെന്നു നോക്കുക; "അജ്ഞനായ ഭോഗിയുടെയും വിജ്ഞനായ യോഗിയുടെയും കാഴ്ചപ്പാടുകൾ വ്യത്യസ്തമാണ്". വിശ്വപ്രസിദ്ധമായ ഒരു ആത്മീയകൃതിയെ പൊതുജനമദ്ധ്യത്തിൽ അവതരിപ്പിക്കുമ്പോൾ പാലിക്കേണ്ടതായ ഭാഷാനിലവാരം ഉറപ്പാക്കുമ്പോൾത്തന്നെ സാധാരണക്കാരായ വായനക്കാർക്കുപോലും മനസ്സിലാക്കാൻ കഴിയുന്ന വിധത്തിൽ ലളിതമായാണ് ഗ്രന്ഥകർത്താവ് ഭാഷാപ്രയോഗം നടത്തിയിരിക്കുന്നതെന്നത്‌ ശ്രദ്ധേയമാണ്.

ശാസ്ത്രീയമാനങ്ങളുള്ള ഉദാഹരണങ്ങളിൽക്കൂടി വേദാന്തവിഷയത്തെ സമർത്ഥിക്കാൻ ശ്രീ. മോഹൻദാസ് കാണിക്കുന്ന താൽപ്പര്യം എടുത്തുപറയേണ്ടതുണ്ട്. ‘ഈ ലോകത്തിലെ നമ്മുടെ കാഴ്ചക്ക് ഇപ്പുറവും അപ്പുറവും എന്താണെന്നു നമുക്കു വ്യക്തമല്ല’ എന്ന ഗീതാശ്ലോകാർത്ഥത്തെ (ശ്ലോകം 8:19) സ്പഷ്ടമാക്കാനായി "പ്രോജക്ടറിൽക്കൂടി വെള്ളിത്തിരയിലേക്കു  പതിക്കുന്നതുവരെ സിനിമയിലെ രംഗങ്ങളും കഥാപാത്രങ്ങളും ഗാനങ്ങളും എന്നുവേണ്ട എല്ലാം തന്നെ ഫിലിംറോളിൽ ലയിച്ചിരിക്കുകയാണ്, സിനിമ തുടങ്ങിയാൽ, എല്ലാം വ്യക്തഭാവത്തിൽ നമുക്ക് അനുഭവവേദ്യമാകും, സിനിമ കഴിഞ്ഞാൽ ഇക്കണ്ടതെല്ലാം വീണ്ടും ഫിലിംറോളിൽ ലയിച്ചു കിടക്കും, അടുത്ത സിനിമപ്രദർശനം (സൃഷ്ടി) തുടങ്ങുന്നതുവരെ" എന്ന ഉദാഹരണം ശ്രദ്ധിക്കാം. വളരെ ഉദാത്തവും ഉചിതവും തനിമയുള്ളതുമായ ഉപമ. അലങ്കാരത്തിനു വേണ്ടിയോ, അതിഭാവുകത്വമോ അല്ല, അനുവാചകരിൽ സ്പഷ്ടമായ ഒരു ചിത്രം പോലെ ആശയത്തെ എത്തിക്കുവാൻ വേണ്ടിയുള്ള, ഗ്രന്ഥകാരൻറെ ശാസ്ത്രദൃഷ്ടിയാണിവിടെ കാണാൻ കഴിയുക.

.........................................................................................................................................

.........................................................................................................................................

വളരെ തനിമയുള്ള ഒരു പ്രതിരൂപം കൂടി. അദ്ധ്യായം 11 ലെ ഭഗവാൻറെ വിശ്വരൂപവർണ്ണന, പരമാത്മാവിൻറെ ബഹുമുഖത്വത്തെയും സർവവ്യാപിത്വത്തെയും അർജ്ജുനന് ഭാവനയിൽ കാണാനായി ഗീതാകാരൻ നടത്തുന്ന ഒരു ചിത്രീകരണ ശ്രമമാണ് എന്നു പറയുന്ന ശ്രീ. മോഹൻദാസ്, "ചക്കരപ്പന്തലിൽ തേന്മഴ ചൊരിയും ചക്രവർത്തി കുമാരാ' എന്ന വയലാറിൻറെ കാവ്യകല്പനയിലെ ചക്കരപ്പന്തലും തേന്മഴയുമൊന്നും യാഥാർത്ഥമല്ലെന്നും നായികയുടെ മാനസികാവസ്ഥയെ പ്രതിഫലിപ്പിക്കാനായി കവി ഉപയോഗിച്ചിട്ടുള്ള കാവ്യബിംബങ്ങളാണ് അവയെല്ലാമെന്ന് ആർക്കാണറിയാത്തത്?" എന്നു കൂടിചോദിക്കുന്നു (ശ്ലോകം11:17). കവിതയുടെ ബാഹ്യരൂപമല്ല, ആന്തരികാർത്ഥമാണ് കാണേണ്ടത് എന്നു ശ്രീ. മോഹൻദാസ് നമ്മെ ഓർമ്മിപ്പിക്കുന്നു. 

ജ്ഞാനതലത്തിൽ എത്തിയ വ്യക്തിപോലും ലോകസംഗ്രഹത്തിനായി കർമ്മംചെയ്യേണ്ടതുണ്ടെന്നു  ഗീതയിൽ അസന്നിഗ്ധമായി പ്രസ്താവിച്ചിരിക്കേ, ചിന്താശീലരായിട്ടുള്ളവർ കർമ്മമൊന്നുംഅനുഷ്ഠിക്കേണ്ടതില്ല, ചിന്തിച്ചുകൊണ്ടിരുന്നാൽ മാത്രം മതി, മോക്ഷം ലഭിക്കും എന്നു തോന്നുംവണ്ണമുള്ള അഭിപ്രായങ്ങൾ ചില ഗീതാവ്യാഖ്യാതാക്കളെങ്കിലും പ്രകടിപ്പിച്ചിട്ടുണ്ട്. ഗീതയിലെ വളരെ വളച്ചൊടിക്കപ്പെട്ട ഈ കർമ്മസിദ്ധാന്തത്തിലെ തർക്കവിതർക്കങ്ങളെ ശ്ലോകം 3:14 മുതൽ 3:18 വരെയുള്ളതിൻറെ വ്യാഖ്യാനത്തിലൂടെ എത്ര മനോഹരമായാണ് ശ്രീ. മോഹൻദാസ്‌ പരിഹരിക്കുന്നതെന്നു നോക്കുക. 

"സൃഷ്ടിപരമായി എല്ലാ ജീവികളും തന്നെ ജീവൻ നിലനിർത്താൻ എന്തെങ്കിലും കർമ്മം ചെയ്യേണ്ടതുണ്ടെന്നു പറയുമ്പോഴും സാധാരണ ഗതിയിൽ മനുഷ്യൻ കർമ്മം ചെയ്യേണ്ടിവരുന്നത് രണ്ടുതരം ഉത്ക്കണ്ഠകൊണ്ടാണ്, (1) കർമ്മംകൊണ്ട് എന്തെങ്കിലും നേടാമെന്നുള്ള ആഗ്രഹം, (2) കർമ്മം ചെയ്യുന്നില്ലെങ്കിൽ ലാഭം നഷ്ടപ്പെടുമോ എന്നുള്ള ഭയം. അതായത്, സാധാരണ മനുഷ്യകർമ്മങ്ങളുടെ ചാലകശക്തി സ്വാർത്ഥതയാണ്. ഈ നിർവ്വചനം വെച്ചുകൊണ്ട് നിസ്വാർത്ഥനായ ഒരു ജീവന്മുക്തനു കർമ്മമൊന്നുംചെയ്യേണ്ടതായിട്ടില്ല. ഇതാണ് ശ്ലോകം 3:17ലും 3:18ലും ഉദ്ദേശിച്ചിട്ടുള്ളത്. 

പക്ഷേ എല്ലാവരുംതന്നെ കർമ്മം ചെയ്യേണ്ടതുണ്ടെന്നും ലോകത്തിൻറെ നിലനിൽപ്പുതന്നെ നിഷ്ക്കമാകർമ്മത്തിലൂന്നിയതാണെന്നും (യജ്ഞം) നേരത്തേ ഭഗവാൻ പറഞ്ഞു കഴിഞ്ഞതാണ് (ശ്ലോകം 3:7- 3:9). കൂടാതെ അജ്ഞാനികൾ കർമ്മത്തിൽ സക്തരായിട്ട് എപ്രകാരം കർമ്മം ചെയ്യുന്നുവോ അപ്രകാരം ജ്ഞാനി അസക്തനായിട്ട്, ലോകനന്മയെ ഉദ്ദേശിച്ചു കർമ്മം ചെയ്യണമെന്നു ശ്ലോകം 3:21ലും നിർദ്ദേശിക്കുന്നുണ്ട്. ചുരുക്കത്തിൽ ജീവന്മുക്തൻമാർ കർമ്മമൊന്നും ചെയ്യേണ്ടതില്ല എന്നു പറയുന്നതിനെ അയാൾ കാമ്യകർമ്മങ്ങളൊന്നും ചെയ്യേണ്ടതില്ല എന്നാണെന്നും ലോകഹിതത്തിനായിക്കൊണ്ട് നിഷ്ക്കാമകർമ്മങ്ങളിൽ ഏർപ്പെട്ടു ജീവിക്കുക തന്നെ വേണമെന്നും മനസ്സിലാക്കേണ്ടിയിക്കുന്നു"എന്നു ശ്രീ. മോഹൻദാസ്‌ വ്യാഖ്യാനിക്കുന്നു. ഗീതയുടെ കർമ്മസിദ്ധാന്തത്തിൻറെ മർമ്മം അറിഞ്ഞ ഒരു വ്യാഖ്യാതാവിനേ ഇങ്ങനെ എഴുതാൻ കഴിയൂ. നമോവാകം സുഹൃത്തേ, വിനീതമായ നമോവാകം. ശ്ലോകം 3:17ൽ "തസ്യ കാര്യം ന വിദ്യതേ" എന്നാണ് "തസ്യ കർമ്മം ന വിദ്യതേ" എന്നല്ല പറഞ്ഞിരിക്കുന്നതെന്നതു നാം പ്രത്യേകം ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.

ഇതേ അദ്ധ്യായത്തിലെ ശ്ലോകം 7 മുതൽ 9 വരെയുള്ളതിൻറെ ചർച്ചയിൽ കർമ്മത്തെയും യജ്ഞത്തെയും ഇതേപോലെ തന്നെ ഉജ്ജ്വലമായി, ഗഹനോത്തരമായി, ഉചിത വാചകങ്ങൾ മാത്രം ഉപയോഗിച്ച്, ലളിതമായി ശ്രീ. മോഹൻദാസ് നിർദ്ധാരണം ചെയ്തു നമുക്കു വെളിവാക്കിത്തരുന്നുണ്ട്.

..............................................................................................................................................

...............................................................................................................................................

സ്ഥാപിത താല്പര്യക്കാർക്കു ചുട്ട മറുപടി:  

ഭഗവദ് ഗീത എഴുതപ്പെട്ട സാമൂഹിക - സാംസ്‌കാരിക സാഹചര്യങ്ങളെപ്പറ്റി വിശദമായി ആമുഖത്തിലും ആദ്ധ്യായം 9, ശ്ലോകം 32, 33 ൻറെ വ്യാഖ്യാനത്തിലും അന്യത്രയും ഗ്രന്ഥകാരൻ പ്രതിപാദിക്കുന്നുണ്ട്. ഗീതയെന്നു കേൾക്കുമ്പോൾത്തന്നെ ‘ജാതിവ്യവസ്ഥയെ നിലനിർത്താൻവേണ്ടി ബ്രാഹ്മണമേധാവിത്വം രചിച്ച ഗ്രന്ഥ’മെന്ന അഭിപ്രായം പറയുന്ന ഒരു വിഭാഗം ബുദ്ധിജീവികളുണ്ട്. ഈ ശ്ലോകങ്ങളും ശ്ലോകം (4:13) ഉം ശ്ലോകം (18:44) ഉം ഉദ്ധരിച്ചാണ് അവർ ഇങ്ങനെ സമർത്ഥിക്കുന്നത്. 

യജ്ഞത്തിനെന്നപോലെ വർണ്ണത്തിനും വളരെ ആഴത്തിലുള്ള, പുതുതായ, മാനവികതയിൽ ഉറപ്പിച്ച ഒരു അർത്ഥമാണ് ഗീതയിൽ കല്പിക്കപ്പെടുന്നത് (ശ്ലോകം 4:13ൻറെ വ്യാഖ്യാനത്തിൽ ഗ്രന്ഥകാരൻ ഇതു  വിശദമായി ചർച്ച ചെയ്യുന്നുണ്ട്). ഗീതാ സന്ദേശത്തിൻറെ വിശാലതയും സമഗ്രതയും മനസ്സിലാക്കാതെ, സ്വന്തം തത്വശാസ്ത്രത്തിൻറെയും മതത്തിൻറെയും പ്രചാരണത്തിനും ആധിപത്യത്തിനും ഗീത ഒരു തടസ്സമായേക്കുമെന്ന ചിന്തകൊണ്ടാണ്‌ ഇക്കൂട്ടർ ഇപ്രകാരം ഒരു മുൻവിധിയിലെത്തുന്നത്; പ്രചാരണം നടത്തുന്നത്. ഈ പ്രവണതയെ വളരെ ശക്തമായ ഭാഷയിലും വസ്തുതകൾ നിരത്തിക്കൊണ്ടും ഡോ. മോഹൻദാസ് വിമർശിക്കുന്നുണ്ട്. ഇതു വളരെ ശ്‌ളാഖ്യവും ഈ ഗ്രന്ഥത്തിൻറെ മാറ്റു വർദ്ധിപ്പിക്കുന്നതുമാണ്. അതുപോലെതന്നെ ഭഗവദ് ഗീതയുടെ സമൂഹോന്മുഖമായ പല വീക്ഷണങ്ങളെയും ശരിയായ രീതിയിൽ വ്യാഖ്യാനിച്ചവതരിപ്പിക്കുന്നതിൽ വ്യാഖ്യാതാക്കൾ കാട്ടിയിട്ടുള്ള വിമുഖത ഗീതയ്‌ക്കെതിരായ പല വിമർശനങ്ങൾക്കും കാരണമായിട്ടുണ്ടെന്നും ഗ്രന്ഥകാരൻ അഭിപ്രായപ്പെടുന്നുണ്ട്. ഉദാഹരണത്തിന്, 2:42 മുതൽ 2:44 വരെയുള്ള മൂന്നു ശ്ലോകങ്ങളെ വ്യാഖ്യാനിക്കുന്ന ഭാഗത്ത് ഡോ. മോഹൻദാസ് പറയുന്നത് ശ്രദ്ധിക്കുക. "ഭഗവദ് ഗീത, അത് രചിക്കപ്പെട്ടതിനും അതിനു മുൻപും ഉണ്ടായിരുന്ന കാലഘട്ടങ്ങളിലെ ഭാരതീയ സമൂഹത്തിനു നേരേ പിടിക്കുന്ന ഒരു കണ്ണാടിയാണെന്നു കാണാം. ഹൈന്ദവസമൂഹത്തിൽ പ്രകടമായിക്കണ്ട ബോധരാഹിത്യത്തെയും തിന്മകളെയും നിശിതമായി വിമർശിക്കുന്നതിൽ ഗീതാകാരൻ തെല്ലും മടികാണിച്ചിട്ടില്ല എന്നു കാണിക്കുന്നതാണ് മേലുദ്ധരിച്ച മൂന്നു ശ്ലോകങ്ങളും. എന്നാൽ ഗീതയുടെ ഈ സാമൂഹിക വിമർശനങ്ങളെയും അതിൽ നിഴലിക്കുന്ന സാമൂഹിക പ്രതിബദ്ധതയെയും അവയർഹിക്കുന്ന തരത്തിൽ വ്യാഖ്യാനിച്ചു ജനങ്ങളിൽ എത്തിക്കുന്നതിൽ ഗീതാവ്യാഖ്യാതാക്കളിൽ പലരും വേണ്ടത്ര ശുഷ്ക്കാന്തി കാണിച്ചിട്ടുണ്ടോയെന്ന സംശയമാണ് പല ഗീതാവ്യാഖ്യാനങ്ങളും വായിച്ചപ്പോൾ തോന്നിയത്".

......................................................................................................................................

......................................................................................................................................

ശ്ലോകം 2:18ലെ 'തസ്മാദ്യുദ്ധ്യസ്വഭാരത’ (therefore fight, O Arjuna)' എന്ന പ്രസ്താവത്തെ മുൻനിർത്തി ശ്രീകൃഷ്ണൻ അർജ്ജുനനെ ഹിംസാത്മകമായ യുദ്ധത്തിന് പ്രേരിപ്പിക്കുകയാണെന്ന തെറ്റായ പ്രചാരണം സ്ഥാപിത താല്പര്യക്കാർ നടത്തിവരുന്നുണ്ട്. വളരെ യുക്തിസഹവും വിശദവുമായ ഒരപഗ്രഥനംകൊണ്ട്  ഡോ. മോഹൻദാസ് ഇതിനെ സമർത്ഥമായി നേരിടുന്നു. "യുദ്ധത്തിൽ ക്ഷത്രിയൻറെ ധർമ്മം യുദ്ധംചെയ്യലാണ്, അത് ബാദ്ധ്യസ്ഥകർമ്മമാണ്; ഹിംസാത്മകമായ യുദ്ധമെന്നല്ല, ബാദ്ധ്യസ്ഥമായ കർമ്മമെന്നാണ് 'തസ്മാദ്യുദ്ധ്യസ്വഭാരത' എന്ന വാക്കുകളെ നാം മനസ്സിലാക്കേണ്ടത്. അർജ്ജുനനോടു മാത്രമല്ല, വൈകാരികമായ കാരണങ്ങളാൽ കർമ്മരംഗത്തു നിന്നും ഓടിയൊളിക്കാൻ ശ്രമിക്കുന്ന കർമ്മ-ധർമ്മവിമുഖരായ എല്ലാ മനുഷ്യരോടും കൂടിയാണ് ഗീതാകാരൻ ഇപ്പറയുന്നത്. മനുഷ്യരാശിയുടെ നിലനിൽപ്പിനും ഉന്നമനത്തിനും വേണ്ടി ഒരു ഋഷിഹൃദയം നൽകുന്ന ആഹ്വാനമാണിത്. ഈ മഹനീയമായ ഗീതാസന്ദേശത്തെ ശരിയായി മനസ്സിലാക്കാൻ ശ്രമിച്ചാൽ ഇതിനെ ആക്ഷേപിക്കുകയല്ല; അങ്ങേയറ്റം ആദരവോടുകൂടി കാണുകയാണ് വേണ്ടതെന്നാർക്കും ബോദ്ധ്യമാകും”- ഡോ. മോഹൻദാസ്‌ എഴുതുന്നു. ഇതൊരു ധർമ്മയുദ്ധമാണ്. ധർമ്മത്തിൻറെ ത്രാസ്സ് പാണ്ഡവ പക്ഷത്തേയ്ക്കാണ്‌ താണു കിടക്കുന്നത്. ഒഴിവാക്കാൻ ആത്മാർത്ഥമായി പാണ്ഡവർ ശ്രമിച്ചിട്ടും വന്നു കൂടിയ യുദ്ധമാണ്. കൂടുതൽ ആഴത്തിലേക്കു പോകു മ്പോൾ മനസ്സാണിവിടെ യുദ്ധക്കളമെന്നും മനസ്സിനുള്ളിലെ അധാർമ്മികതയോടുള്ള സമരമാണീ യുദ്ധമെന്നും ഡോ. മോഹൻദാസ്‌ നമുക്കു മനസ്സിലാക്കിത്തരുന്നു.

ആമുഖത്തിൻറെ അവസാനം ഗ്രന്ഥകർത്താവ് പറയുന്നു; "വിവേകബുദ്ധിയോടുകൂടി ജീവിക്കുന്ന മനുഷ്യന് ശരിയും തെറ്റും വേണ്ടതും വേണ്ടാത്തതുമെല്ലാം തിരിച്ചറിഞ്ഞുകൊണ്ട് സംതൃപ്തകരമായ ജീവിതം നയിക്കാൻ കഴിയുന്നതേയുള്ളൂ. ശരിയായ ഗീതാപഠനം അതിനു സഹായിക്കുന്നതാണെന്നു നിസ്സംശയംപറയാം". ഈ ലക്ഷ്യത്തോടെയാണ്‌ ഗ്രന്ഥകാരൻ തൻറെ വ്യാഖ്യാനം നിർവ്വഹിച്ചിരിക്കുന്നതെന്നതു വ്യക്തമാണ്. ആത്മാർത്ഥമായ പരിശ്രമം അദ്ദേഹത്തിന് ഇക്കാര്യത്തിൽ വിജയം നൽകുന്നുണ്ടെന്നു നമുക്കും നിസ്സംശയം പറയാം.

അവസാനവാക്ക്:

..............ഇവിടെ ഗീതാകാരൻറെ മനസ്സിനുള്ളിലേക്കു ഡോ. മോഹൻദാസിനു കടന്നുകയറാൻ കഴിഞ്ഞിട്ടുണ്ട്; ഗീതയുടെ ഹൃദയാന്തർഭാഗത്തേക്കും. "അദ്ധ്യാത്മികതയിലൂന്നിയ ഭൗതികതകൊണ്ടേ പുരോഗമനാത്മകവും സംതൃപ്തവുമായ മനുഷ്യജീവിതം സാദ്ധ്യമാകൂ". ഇതു തന്നെയാണ്‌ ഡോ. മോഹൻദാസിൻറെ ഗീതാവ്യാഖ്യാനമെന്ന കിരീടത്തിൽ ചാർത്തിയിരിക്കുന്ന തിളക്കമേറിയ രത്നവും (Jewel in the Crown). ഗീത മാനവരാശിക്കു നൽകുന്ന മഹനീയ സന്ദേശമാണ് അദ്ദേഹത്തിൻറെ അവസാന വാക്ക്, ഗീതയുടെ അവസാന ശ്ലോകത്തിൻറെയും ഗീതയുടെ തന്നെയും രത്നച്ചുരുക്കവും. "ആത്മബോധത്തോടെ ഊജ്ജ്വസ്വലരായി കർത്തവ്യ കർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടു ജീവിക്കുമ്പോൾ അത്, മഹനീയമായ, നീതിയുക്തമായ ജീവിതമാകുന്നു". 

ഈ അവസാന വാക്ക് ആദ്യം വായിച്ച ശേഷം ഡോ. മോഹൻദാസിൻറെ ഗ്രന്ഥം തുടക്കം തൊട്ട് വായിച്ചു തുടങ്ങുമ്പോൾ ഇതെത്ര സത്യമാണ്, ഇതിനെ ഗീതയുടെ അവസാന വാക്കായി പറയുന്നതും എത്ര സത്യമാണ് എന്നു നമുക്കു ബോദ്ധ്യപ്പെടും.

സ്വസ്തി! സ്വസ്തി! സ്വസ്തി!


എം. ഹരിസേനവർമ്മ, IPS                                                                                                DGP (Retd.), West Bengal Cadre.


(അവതാരികയുടെ ചില പ്രസക്ത ഭാഗങ്ങളാണ് ഇവിടെ നൽകിയിട്ടുള്ളത്, പൂർണ്ണ രൂപമല്ല)