Saturday, April 1, 2017

സുദർശനം - ഭഗവത് ഗീതാ പഠനം (special edition)

പുതിയ സാമ്പത്തിക വർഷം തുടങ്ങിയിരിക്കയല്ലേ. 'സുദർശന'ത്തിന്റെ ഒരു സ്പെഷ്യൽ എഡിഷൻ ആയിക്കളയാം; ഒരു സ്റ്റോക്ക് എടുപ്പ്. ഗീതയ്ക്ക് വെളിയിലെ ചില കാര്യങ്ങൾ പറയാനും ഉണ്ട്. ഇതൊക്കെ എഴുതണമെന്നു കരുതിയതല്ല, പക്ഷെ സാഹചര്യം വന്നതു കൊണ്ട് എഴുതുന്നുവെന്നു മാത്രം. 

നാല് ആമുഖ ലേഖനങ്ങൾ ഉൾപ്പെടെ ഇന്നോളം മുപ്പത്തിയൊന്നു കുറിപ്പുകൾ ഞാൻ 'സുദർശന'ത്തിൽ പ്രസിദ്ധീകരിച്ചു. ചില സ്നേഹിതരുടെ സ്‌നേഹപൂർവമായ നിർബന്ധത്തിനു വഴങ്ങിയാണ് ഈ പരമ്പര എഴുതാൻ തുടങ്ങിയതിതെന്നു മുൻപും ഞാൻ പറഞ്ഞിട്ടുള്ളതാണ്. ആത്മീയമായ അറിവ് മറ്റുള്ളവർക്ക് പകർന്നു കൊടുത്തു നല്ല സംസ്കാരമുള്ള സമൂഹത്തെ വാർത്തെടുക്കാൻ സഹായിക്കുന്നതിനേക്കാൾ വലുതായി മറ്റൊരു മഹനീയ കർമ്മവും മനുഷ്യനു ചെയ്യാനില്ലെന്ന വിവേകാനന്ദസ്വാമികളുടെ സന്ദേശവും എനിക്കീ കാര്യത്തിൽ പ്രചോദനമായി. ചെറിയ പ്രായം മുതൽ ആത്മീയ വിഷയങ്ങളിൽ താല്പര്യമുണ്ടായിരുന്ന എനിക്ക് ഇതൊക്കെ പഠിക്കാൻ ഒരവസരം കൂടിയാകുമല്ലോ എന്നും ചിന്തിച്ചു. വളരെ ഭാരിച്ചതും ഉത്തരവാദിത്തമുള്ളതുമായ കർമ്മമാണു ചെയ്യുന്നതെന്നു മനസ്സിലാക്കിക്കൊണ്ട് തന്നെയാണ് ഇതിലേക്ക് ഞാൻ ഇറങ്ങിത്തിരിച്ചത്. മനുഷ്യന് ആത്മജ്ഞാനം പകർന്നു നൽകേണ്ടുന്ന മഹത് കർമ്മമാകയാൽ എന്നാൽ ചെയ്യാൻ കഴിയുന്ന ഹോം വർക്കുകൾ എല്ലാം ചെയ്തിട്ടു മാത്രമേ ഞാൻ ഓരോ കുറിപ്പുകളും എഴുതാറുള്ളൂ. സ്വദേശീയരും വിദേശീയരുമായ ഗീതാവ്യാഖ്യാതാക്കളുടെ മുപ്പതിൽപ്പരം വ്യാഖ്യാനങ്ങളും ലേഖനങ്ങളും പഠിച്ചശേഷം അതിൽ യുക്തിപരവും ശാസ്ത്രബോധത്തിനു നിരക്കുന്നതുമായ അംശങ്ങളെ മനസ്സിൽ വച്ചുകൊണ്ട്, എന്റെ ശാസ്ത്രബോധത്തിന്റെയടിസ്ഥാനത്തിൽ അതിനെയൊക്കെ വിചിന്തനം ചെയ്താണ് ഞാനെഴുതിക്കൊണ്ടിരിക്കുന്നത്‌. മുൻപും പലവട്ടം പറഞ്ഞിട്ടുള്ളതുപോലെ ആത്മവിഷയത്തിൽ ജിജ്ഞാസുക്കളും എന്നാൽ അതെന്താണെന്നറിയാൻ സാഹചര്യമുണ്ടായിട്ടില്ലാത്തതുമായ സാധാരണക്കാരെയാണ് ഞാൻ കൂടുതലായും ലക്‌ഷ്യം വയ്ക്കുന്നതെന്നതിനാൽ എനിക്കു കിട്ടുന്ന അറിവുകളെ അവരുടെ തലത്തിലേക്ക് എത്തിക്കുന്നതിലേക്കായി എന്റേതായ ഒരു എഴുത്തു ശൈലി ഉപയോഗിക്കുന്നുവെന്നു മാത്രം. കാലാകാലങ്ങളായി ആത്മവിഷയങ്ങളെക്കുറിച്ചു ചിന്തിക്കുന്നതു പോലും പാപമാണെന്നു ചിന്തിക്കുന്ന, ആത്മീയമായ അടിമത്തം ജന്മസ്വത്തായി ഏറ്റുവാങ്ങാൻ നിർബന്ധിതരായ മനുഷ്യസമൂഹങ്ങളിലെ സാധാരണക്കാരോട് വേദാന്തത്തിന്റെ വലിയ ഭാഷയൊക്കെ സംസാരിച്ചാൽ അതവർക്ക് മനസ്സിലാക്കാൻ പ്രയാസമായിരിക്കും. അതുകൊണ്ട് ആർഷഭാരത ദർശനങ്ങളുടെ ഒരംശമെങ്കിലും അവരിൽ എത്തിക്കാൻ, നടൻ മോഹൻലാൽ ഏതോ സിനിമയിൽ പറഞ്ഞപോലെ 'മുൻപു പലരും സഞ്ചരിച്ചിട്ടില്ലാത്ത വഴികളിലൊക്കെ കൂടി ഞാൻ സഞ്ചരിച്ചെന്നു വരും'. യാഥാസ്ഥികരായ ഗീതാഭക്തർക്കു ഇതത്ര ഇഷ്ട്ടപ്പെടുന്ന സമീപനമല്ലായിരിക്കാം. അതെന്റെ പ്രശ്നമല്ല. നൂറോളം വായനക്കാരിൽ തുടങ്ങിയ 'സുദർശന' ത്തിന്റെ കഴിഞ്ഞ ലക്കത്തിനു 3200 ൽപ്പരം reads ഉണ്ടെന്നു കാണുമ്പോൾ എന്റെ സദുദ്ദേശത്തിനു ഫലമുണ്ടാകുന്നുവെന്നാണ് ഞാൻ മനസ്സിലാക്കുന്നത്. നിങ്ങളുടെയെല്ലാം മാന്യമായ സഹകരണത്തിനു നന്ദി പറയാൻ കൂടി ഈ സന്ദർഭം വിനിയോഗിക്കട്ടെ.

ഒരു ശാസ്ത്രഗവേഷകനായ എന്റെ സ്വധർമ്മമെന്നത് കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചു ഗൗരവമായി പഠിച്ചു, അതിലെ നെല്ലും പതിരും തിരിച്ചു, സത്യത്തെ അനാവരണം ചെയ്യാൻ ശ്രമിക്കുക എന്നതാണ്. ഭഗവത് ഗീതയുടെ കാര്യത്തിലും ഞാൻ ചെയ്യുന്നത് ഇതു തന്നെയാണ്. ഭഗവത് ഗീത വായിക്കുമ്പോൾ അതൊരു ഉത്തമ ശാസ്ത്രഗ്രന്ഥമായിട്ടാണ് എനിക്ക് അനുഭവപ്പെടാറുള്ളത്. 'യോഗശാസ്ത്ര'മാണു ഗീതയെന്ന് ഗീതയിൽ തന്നെ ആവർത്തിച്ചു പറയുന്നുമുണ്ട് (ബ്രഹ്മവിദ്യായാം യോഗശാസ്ത്രേ...). നിരീക്ഷണപരീക്ഷണങ്ങളിലൂടെ വ്യവച്ഛേദിച്ചറിയാൻ കഴിയുന്ന സത്യമാണ് ശാസ്ത്രം എന്നതിനാൽ ശാസ്ത്രം വിശ്വസിക്കാനുള്ളതല്ല, അറിഞ്ഞനുഭവിക്കാനുള്ളതാണെന്നു വരുന്നു. അറിയാനും അനുഭവിക്കാനും കഴിയാത്തതിനെ മാത്രമേ വിശ്വസിക്കേണ്ടതായിട്ടുള്ളൂ. ഇങ്ങിനെ ചിന്തിക്കുന്നതിനാൽ, എന്റെ ഗീതാവിശകലനങ്ങൾ ചിലപ്പോൾ നിങ്ങൾ സാധാരണ പരിചയപ്പെട്ടിട്ടുള്ള വിശകലനങ്ങളിൽ നിന്നും വ്യത്യസ്തമായി തോന്നാം. പക്ഷെ, വിഷയജ്ഞാനം കൂടുന്നതിനനുസരിച്ചു ഞാൻ എഴുതിയതും മറ്റുള്ളവർ എഴുതിയതും എല്ലാം ഒന്നു തന്നെയാണെന്നു നിങ്ങൾക്കു മനസ്സിലാകും. എന്റെ കുറിപ്പുകൾ അന്യൂനമാണെന്നോ പൂർണ്ണമാണെന്നോ ഞാൻ ഒരിക്കലും പറഞ്ഞിട്ടില്ല. ഇവിടെ എഴുതുന്നതു മാത്രമാണ് ശരിയെന്നോ ഇതിൽക്കൂടുതലൊന്നും മനസ്സിലാക്കാനില്ലെന്നോ ദയവായി ആരും ചിന്തിക്കരുത്. ഇതൊരു കടലാണ്. അതിലെ ഒരു കൈക്കുമ്പിൾ ജലമെടുക്കാൻ മാത്രമാണ് ഞാൻ ശ്രമിക്കുന്നതെന്നു ആമുഖത്തിൽ തന്നെ പറഞ്ഞിട്ടുള്ളതാണ്. കൂടുതൽ പഠിക്കാൻ ആഗ്രഹമുള്ളവർക്കു അതിനായി എത്ര സാഹചര്യങ്ങൾ വേണമെങ്കിലും നമുക്കു ചുറ്റുമുണ്ട്. അവയൊക്കെ പ്രയോജനപ്പെടുത്താം.


ഏതാണ്ടെല്ലാ ഗീതാഗ്രന്ഥങ്ങളും ഗീതാശ്ലോകങ്ങളുടെ അർഥം പറഞ്ഞു വ്യാഖ്യാനിക്കുന്ന രീതിയാണ് അവലംബിച്ചിട്ടുള്ളത്. ഗീതയെ ഒരു ഭക്തിഗ്രന്ഥമെന്ന നിലയിൽ വ്യാഖ്യാനിക്കാനാണ് ഇതിൽ തന്നെ മിക്കവരും ശ്രമിച്ചിട്ടുള്ളത്. നമ്മുടെ 'ഭക്തി'വിഷയങ്ങൾ ഏതാണ്ടെല്ലാം തന്നെ 'വിശ്വാസ'ത്തിൽ അധിഷ്ഠിതമാകയാൽ ഭഗവത് ഗീതയേയും ഒരു വിശ്വാസാധിഷ്ഠിതമായ ആത്മീയഗ്രന്ഥമായി കരുതാനാണ് ഇങ്ങനെയുള്ള വ്യാഖ്യാനങ്ങൾ പ്രേരിപ്പിക്കുന്നത്. എന്റെ അഭിപ്രായത്തിൽ ഗീതപഠനത്തിൽ വിശ്വാസത്തിനു സ്ഥാനമില്ലെന്നു മുകളിൽ പറഞ്ഞല്ലോ? പല ഗീതാവ്യാഖ്യാനഗ്രന്ഥങ്ങളിലെയും ഭാഷയുടെയും വ്യാഖ്യാനങ്ങളുടെയും ക്ലിഷ്ടത കാരണം ആത്മവിഷയത്തിൽ  താൽപ്പര്യമുള്ള സാധാരണക്കാർക്ക് ഗീതയിലെ ആശയങ്ങൾ മനസ്സിലാക്കുവാൻ പ്രയാസവുമാണ്. ഈ ഒരു പശ്ചാത്തലം മനസ്സിൽ വച്ചുകൊണ്ടാണ് ഞാൻ 'സുദർശന'ത്തിന്റെ കുറിപ്പുകൾ തയ്യാറാക്കാറുള്ളത്. ഗീത പഠിക്കാൻ താൽപ്പര്യമുള്ള ഏതൊരാൾക്കും അതിൽപ്പറഞ്ഞിരിക്കുന്ന വിഷയങ്ങൾ ഒരു പരിധിവരെയെങ്കിലും മനസ്സിലാക്കാൻ കഴിയണം. അതിനു ഗീതാശ്ലോകങ്ങളുടെ അർഥം പറഞ്ഞു വ്യാഖ്യാനിച്ചു പോയാൽ മാത്രം പോരാ, മറ്റു പല ഘടകങ്ങളും അതിൽ യോജിപ്പിക്കേണ്ടതുണ്ട്. ആത്മവിഷയം ചർച്ചചെയ്യാനുപയോഗിക്കുന്ന ഭാഷക്ക് അതിന്റേതായ ഒരു നിലവാരം വേണമെങ്കിലും അതെത്രമാത്രം ലളിതമാക്കാൻ കഴിയുമോ അത്രമാത്രം ലളിതമാക്കേണ്ടതുണ്ട്. ഗഹനമായ തത്വവിഷയങ്ങളെ സാധാരണക്കാർക്കു മനസ്സിലാകുന്ന തരത്തിലുള്ള ഉദാഹരണങ്ങളിലും സന്ദർഭങ്ങളിലും കൂടി വിശദീകരിക്കേണ്ടതുണ്ട്. ഗീത രചിക്കപ്പെടുവാനുണ്ടായ സാമൂഹിക സാഹചര്യങ്ങളെ  അവതരിപ്പിക്കേണ്ടതുണ്ട്. ആത്മീയ സന്ദേശങ്ങളോടൊപ്പം തന്നെ ഗീതയിൽ പരാമർശിക്കുന്ന സാമൂഹികവിഷയങ്ങളെയും സത്യസന്ധമായി എടുത്തുപറയേണ്ടതുണ്ട്. ഭഗവത് ഗീതയുടെ സന്ദേശങ്ങൾ ലൗകിക ജീവിതത്തിൽ എങ്ങിനെയാണ് പ്രായോഗികമായി പ്രയോജനപ്പെടുത്താൻ കഴിയുക എന്നു പറയേണ്ടതുണ്ട്.  ഗീതാപഠനത്തിലൂടെ  ഗീതാകാരന്റെ മനസ്സിലേക്കും അത് രചിക്കപ്പെട്ട കാലഘട്ടത്തിലേക്കും സവിശേഷമായ ആർഷഭാരത തത്വചിന്തകളിലേക്കും മറ്റു ബന്ധപ്പെട്ട വിഷയങ്ങളിലേക്കും ഒരെത്തിനോട്ടമെങ്കിലും സാധ്യമാകണം. അതുകൊണ്ടു തന്നെ, പരമ്പരാഗത രീതിയിൽ ഭക്തിഗ്രന്ഥമായിക്കരുതി ഗീതാശ്ലോകങ്ങൾ വ്യാഖ്യാനിച്ചു മാത്രം പോകുന്ന ഒരു പഠനരീതിയല്ല ഇവിടെ അവലംബിച്ചിരിക്കുന്നതെന്നു പറയട്ടെ. ഇവിടെ കുറിക്കപ്പെടുന്ന കുറിപ്പുകളുടെ പ്രത്യേകത തന്നെ ഇതാണെന്നു പറയാം.

മുകളിൽ നൽകിയിട്ടുള്ള പശ്ചാത്തലം മനസ്സിൽ വച്ച് കൊണ്ട് താഴെ എഴുതിയിട്ടുള്ളതു വായിക്കുവാൻ അഭ്യർത്ഥിക്കുന്നു.

"സാധാരണക്കാരിൽ  സാധാരണക്കാരായ മനുഷ്യർക്കും തങ്ങളുടേതായ കർമ്മങ്ങൾ ആത്മാർത്ഥതയോടെ ചെയ്തുകൊണ്ട് ഈശ്വരനെ പ്രാപിക്കാം" എന്നു കഴിഞ്ഞ പോസ്റ്റിൽ (ഗീത) ഞാനെഴുതിയതുണ്ടാക്കിയ പ്രതികരണങ്ങൾ നിങ്ങളൊക്കെ കണ്ടുകാണുമെന്നു വിശ്വസിക്കുന്നു (കണ്ടിട്ടില്ലെങ്കിൽ എന്റെ fb പേജിലെ ഇതിനുമുമ്പുള്ള പോസ്റ്റിന്റെ കമന്റുകൾ വായിക്കുക). ഭഗവത് ഗീതയിൽ ഭഗവാൻ കൃഷ്ണൻ പറഞ്ഞതു വളരെ ലളിതമാക്കി ഞാൻ എഴുതിയെന്നേയുള്ളൂ. പക്ഷെ അതുണ്ടാക്കിയ അസഹിഷ്ണുതയും വെറുപ്പും കമന്റുകളിൽ വളരെ പ്രകടമാണ്. ഞാനേതോ അബദ്ധസിദ്ധാന്തമുണ്ടാക്കി എഴുന്നള്ളിച്ചു എന്ന വിധത്തിലാണ് പ്രതികരണം. ഈശ്വരസാക്ഷാത്ക്കാരം സമൂഹത്തിലെ നിസ്സാരന്മാർക്കും എളുപ്പത്തിൽ ലഭിക്കാവുന്നതാണെന്നു പറഞ്ഞതാകണമല്ലോ ഈ കലിക്കു കാരണം? പക്ഷെ, ഇതിൽ ഞാനെന്തു ചെയ്യാനാണ്? ഭഗവത് ഗീതയാണിതു പറഞ്ഞിരിക്കുന്നത്. ഒന്നുകിൽ ഇത്തരക്കാരെ സന്തോഷിപ്പിക്കാൻ ഭഗവത് ഗീത പറയുന്ന സത്യങ്ങൾ മറച്ചു പിടിച്ചു കൊണ്ട് എങ്ങും തൊടാതെ സംസാരിക്കണം. അതായിരിക്കാം പലരും ഇവിടെ ചെയ്തുകൊണ്ടിരിക്കുന്നത്. അല്ലെങ്കിൽ, ആ മഹനീയ ഗ്രന്ഥത്തോടു നീതി പുലർത്തി, അതിൽപ്പറഞ്ഞിരിക്കുന്ന എല്ലാ വിഷയങ്ങളെയും ലോകസമക്ഷം അവതരിപ്പിക്കണം. ഇതിൽ രണ്ടാമത്തെ വഴിയാണ് ശരിയായിട്ടെനിയ്ക്കു തോന്നിയിട്ടുള്ളത്. 'ആത്മവിഷയം പോലെയുള്ള വലിയ കാര്യങ്ങൾ പറയാൻ ഞങ്ങളിവിടെയുള്ളപ്പോൾ ഇതൊക്കെ എഴുതി ജനങ്ങളെ ബോധവൽക്കരിക്കാൻ താനാരാ?" എന്നാണു ധാർഷ്ട്യത്തോടെയുള്ള ചോദ്യം. പ്രഗത്ഭരായ പല പണ്ഡിതന്മാരുടെയും ഗീതാവ്യാഖ്യാനങ്ങൾ പഠിച്ചു ഗ്രഹിച്ച ആത്മീയപണ്ഡിതനാണു താനെന്നാണ് ചോദിക്കുന്നയാൾ സ്വയം പരിചയപ്പെടുത്തിയിരിക്കുന്നത്. ആത്മീയപണ്ഡിതന്റെ ഭാഷയും ലക്ഷണങ്ങളും സംസ്കാരവുമാണോ കമന്റുകളിൽ നിഴലിക്കുന്നത്? ഈ ചോദ്യം ഞാൻ വായനക്കാർക്കു വിടുന്നു. അന്തസ്സായ വിഷയം കൈകാര്യം ചെയ്യുന്ന ഒരു ഫേസ്ബുക് പേജ് ഈ മനുഷ്യർ എത്ര മലീമസമാക്കിയിരിക്കുന്നു! ധാർഷ്ട്യത്തോടെ ഈ ആത്മീയപരമ്പരയുടെ വായനക്കാരെ അന്ധരെന്ന് അടച്ചാക്ഷേപിച്ചിരിക്കുന്നു! ധിക്കാരപൂർവം ഇനിയും ആക്ഷേപിക്കുമെന്നു ഭീഷണി മുഴക്കുന്നു! ഇതിനേക്കാൾ വലിയൊരു പണ്ഡിതനെ കുറെ വർഷങ്ങൾക്കു മുൻപ് ഞാൻ കണ്ടുമുട്ടിയ രസകരമായ സംഭവം ഈ ബ്ലോഗിൽ എഴുതിയിട്ടുണ്ട് (ഒരു കമ്പിയുടെ മനഃശ്ശാ സ്ത്രം:  http://dhanyaasi.blogspot.in/2014/06/blog-post.html). അവിടെ ഞാൻ എഴുതിയിട്ടുള്ള രണ്ടു വരികൾ പ്രത്യേകം ശ്രദ്ധിക്കുക,

"കാടത്തത്തോടെതിർത്തു നിന്നവനേ   
ഗീതാർത്ഥസാരം ഗ്രഹിക്കുവാനാകൂ".

വിവേകാനന്ദ സ്വാമികളെക്കൊണ്ട് കേരളത്തെ 'ഭ്രാന്താലയം' എന്ന് വിളിപ്പിച്ച ഈ കാടത്തത്തോടാണ് വി.ടി.ഭട്ടതിരിപ്പാടും ചട്ടമ്പി സ്വാമികളും രൂക്ഷമായ ഭാഷയിലും ശ്രീ നാരായണ ഗുരുദേവൻ സൗമ്യഭാഷയിലും പ്രതികരിച്ചത്. ഗീതയുടെ ഊർജ്ജം മനസ്സിലാവാഹിച്ചു കൊണ്ട് കാടത്തത്തോടു പ്രതികരിച്ച ഗുരുവായിരുന്നു മഹാത്മാഗാന്ധി. നിങ്ങളും ഞാനും സ്വതന്ത്രരായി ഇന്നീ നാട്ടിൽ ജീവിക്കുന്നുണ്ടെങ്കിൽ അതിനു കാരണം ഈ  മാഹാത്മാക്കളും അയ്യങ്കാളിയടക്കമുള്ള സാമൂഹിക പരിഷ്ക്കർത്താക്കളും ഈ കാടത്തത്തെ അവരുടെ സകല ശക്തിയുമെടുത്ത് പ്രതിരോധിച്ചതു കൊണ്ടാണെന്നു മനസ്സിലാക്കണം. അതിനവർ ആയുധമാക്കിയത് അറിവാണ്, ബോധമാണ്. ബോധം കൊണ്ട് കാടത്തത്തെ എതിർക്കണമെന്നു തന്നെയാണ് ഭഗവത് ഗീതയും അർത്ഥശങ്കക്കിടയില്ലാത്തവിധം പറഞ്ഞു വച്ചിട്ടുള്ളത്; നിലനിൽപ്പിനെ ഭയന്നാകാം, ഗീതാപ്രഭാഷണങ്ങളിലും വ്യാഖ്യാനങ്ങളിലുമൊന്നും ഇതത്ര പ്രാധാന്യമുള്ള വിഷയമായി ആരും അവതരിപ്പിക്കാറില്ലെങ്കിലും. 

പണ്ടത്തെപ്പോലെയുള്ള  കാടത്തമല്ല ഇന്നത്തേതെങ്കിലും, ബോധരാഹിത്യവും അതുകൊണ്ടുണ്ടാകുന്ന ദോഷങ്ങളും നമുക്കു ചുറ്റും അനുദിനം പെരുകി വരികയാണെന്നു സാമൂഹിക മനസ്സാക്ഷിയുള്ളവരെങ്കിലും മനസ്സിലാക്കേണ്ടതാണ്. ഇതിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗമാണ് നമുക്ക് മുൻപേ നടന്നിട്ടുള്ളവർ കാണിച്ചു തന്നിട്ടുള്ളത്. പക്ഷേ, ആത്മീയമായ അറിവു നേടാൻ അൽപ്പം പോലും മിനക്കെടാൻ തയ്യാറാകാതെ, എളുപ്പവഴിയിൽ ഈശ്വരാനുഗ്രം തരപ്പെടുത്താൻ പരക്കം പാഞ്ഞു നടക്കുന്ന നമ്മൾ അറിയാതെയാണെങ്കിലും കാടത്തത്തിനു തിരിച്ചുവരാൻ വീണ്ടും വേദിയൊരുക്കിക്കൊടുക്കുകയാണെന്ന് ഓർക്കേണ്ടതുണ്ട്.

സദുദ്ദേശപരമായ ഈ ഗീതാപഠനത്തെ എല്ലാ ജാതിമതവിഭാഗങ്ങളിലുമുള്ള നല്ല മനുഷ്യരും സ്വാഗതം ചെയ്യുന്നതായിട്ടാണ് എനിക്കു കിട്ടാറുള്ള കമന്റുകളിലും അനുദിനം വർദ്ധിച്ചു വരുന്ന friend request കളിൽ നിന്നും മനസ്സിലാകുന്നത്. പക്ഷേ, ചില ദുഷ്ടബുദ്ധികൾ എവിടെയും കാണും. അവർ ഇതുപോലെയുള്ള സംരംഭങ്ങളെ അലങ്കോലപ്പെടുത്താൻ ശ്രമിക്കും. അതവരുടെ സ്വഭാവമാണ്. അവർ പലതും പറഞ്ഞു നിങ്ങളെ വിശ്വസിപ്പിക്കാൻ ശ്രമിക്കും. ആ കുരുക്കുകളിൽ ചെന്നു ചാടി ആത്മീയമായ അറിവു ലഭിക്കാനുള്ള സാഹചര്യം നഷ്ടമാക്കരുത്. സമൂഹത്തിനു ദോഷം ചെയ്യുന്ന ഇങ്ങനെയുള്ള പ്രതിലോമ ശക്തികളെ മാന്യമായ വഴികളിലൂടെ പ്രതിരോധിക്കുക തന്നെ വേണമെന്നാണ് മഹാത്മാക്കൾ നമ്മെ പഠിപ്പിച്ചിട്ടുള്ളത്. പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം ആത്മീയവാദിയുടേതല്ല, ലോകക്ഷേമം കാംക്ഷിക്കുന്ന ഊർജ്ജസ്വലനായ കർമ്മയോഗിയുടെ കൈപ്പുസ്തകവും പാരമ്പര്യവുമാണ് ശ്രീമദ് ഭഗവത് ഗീത. ഇതിലെ ഭഗവാന്റെ കയ്യിലിരിക്കുന്നതു മധുരസംഗീതം മുഴക്കുന്ന ഓടക്കുഴലല്ല, അനീതിക്കും അധർമ്മത്തിനുമെതിരെ ചുഴറ്റുന്ന ചമ്മട്ടിയാണ്. അറിവിന്റെ ഈ ചമ്മട്ടിയെ ആഭരണമാക്കുന്നവനാണ് യഥാർത്ഥ ഗീതാഭക്തൻ.  

     2 comments:

  1. A dignified defence for all the noble ideals you have stood for. We readers wholeheartedly welcomes the future articles to be written here. The criticism must be of decent language and personal indignification is highly condemned. Keep going uncle, take the valuable criticism and you have never claimed to be a spiritual guru but a good objective guide for further spiritual exploration. Wishing you all the very best and all my personal backing for you in this endeavour.

    ReplyDelete
  2. Thanks Mahi for the encouraging words.

    ReplyDelete