Sunday, June 4, 2017

കലാമണ്ഡലം ഗോപിയാശാന് അശീതി ആശംസകൾ

കലാമണ്ഡലം ഗോപിയുടെ 80-)o പിറന്നാളാഘോഷങ്ങൾ തൃശ്ശൂരിൽ നടക്കുകയാണ്. പേരു പറയുമ്പോൾ അതിൽ ബഹുമാനം കലർത്തുന്നതു ശരിയല്ലെന്നതു കൊണ്ടു മാത്രം 'ഗോപി' എന്നു വിളിച്ചെന്നേയുള്ളൂ. വിളിക്കേണ്ടത് 'ഗോപിയാശാൻ' എന്നാണ്. ലോകം മുഴുവൻ അങ്ങിനെയാണ് വിളിക്കുന്നത്. ആ വിളിക്ക് അങ്ങേയറ്റം അർഹനായ സമുന്നതനായ കലാകാരനാണദ്ദേഹം. കഥകളിയരങ്ങിന്റെ ഊർജ്ജമായി വിളങ്ങുന്ന കളിവിളക്കിനോളം വളർന്നു നിൽക്കുന്ന ഈ മഹനീയ കലാപ്രതിഭയ്ക്കു അശീതിയാശംസകളും പ്രണാമങ്ങളും നേരുന്നു.

ഇതു വായിക്കുന്നവരിൽ എത്രപേർക്കു കഥകളിയുമായി ബന്ധമുണ്ടെന്നെനിക്കറിയില്ല. കഥകളിയുമായി എന്തെങ്കിലും ബന്ധമുള്ളവർക്കും സൗന്ദര്യത്തെ ആസ്വദിക്കാൻ കഴിവുള്ളവർക്കും ഗോപിയാശാന്റെ കഥകളി മുഖം പരിചിതമായിരിക്കണം. നൃത്ത-വാദ്യ-സംഗീതാദി സമ്മോഹനകലകളുടെ സമജ്ജസസമ്മേളനകലയായ കഥകളിയുടെ സമസ്തസൗന്ദര്യവും ആവാഹിച്ചെടുത്തൊരു ഉടൽരൂപമാണ് ഗോപിയാശാൻ. ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള പത്തു വസ്തുക്കൾ തിരഞ്ഞെടുക്കുകയാണെങ്കിൽ അതിലൊന്ന് കലാമണ്ഡലം ഗോപിയുടെ പച്ചവേഷമായിരിക്കുമെന്ന് ആർട്ടിസ്റ്റ് നമ്പൂതിരി പറഞ്ഞതിൽക്കൂടുതൽ ഞാനെന്തു പറയാൻ? ആഹാര്യത്തിന്റെ സൗന്ദര്യം പോലെ തന്നെ പത്തരമാറ്റു സൗന്ദര്യമുള്ളതാണ് അദ്ദേഹത്തിൻറെ കഥകളി അവതരണമെന്നതും അതനുഭവിച്ചിട്ടുള്ളവർക്ക് അറിവുള്ളതാണ്.


തൊണ്ണൂറുകളുടെ അവസാനത്തിൽ കാറൽമണ്ണ വാഴേങ്കട കുഞ്ചുനായർ ട്രൂസ്റ്റിന്റെ കാർമ്മികത്വത്തിൽ നടന്ന  ഏഷ്യാനെറ്റ് 'കഥകളി സമാരോഹം'(ഒന്നാം ഭാഗം) സംപ്രേക്ഷണം ചെയ്തു കൊണ്ടിരുക്കുമ്പോൾ, ഭാവി തലമുറയ്ക്കായി സൂക്ഷിച്ചുവയ്ക്കുന്നതിലേക്കായി നളചരിതം നാലുദിവസങ്ങളും ഗോപിയാശാനെക്കൊണ്ടു തന്നെ അവതരിപ്പിച്ചു സംപ്രേക്ഷണം ചെയ്യണം എന്നു ഞാൻ ട്രസ്റ്റ് ഭാരവാഹികളോടഭ്യർത്ഥിച്ചിരുന്നു. എന്റെ അഭ്യർത്ഥന മാനിച്ചോ അല്ലയോ എന്നെനിക്കറിയില്ല, 'സമാരോഹ'ത്തിലെ നളചരിതം നാലുദിവസങ്ങളിലും ഗോപിയാശാൻ തന്നെ വേഷമിട്ടു. കലാമണ്ഡലം കൃഷ്ണൻ നായരാശാൻറെ നളചരിതാവതരണം മുഴുവൻ റെക്കോർഡ് ചെയ്തു കലാലോകത്തിനു ലഭിക്കാതിരുന്നതുപോലെയുള്ളൊരു വലിയ നഷ്ട്ടം ഉണ്ടാകരുതെന്ന ആഗ്രഹത്തിന്റെ പേരിലാണ് അന്നു ഞാനതു ചെയ്തത്. കൃഷ്ണൻ നായരാശാനെയും ഗോപിയാശാനെയും പോലെയുള്ള കഥകളി പ്രതിഭകൾ എന്നുമുണ്ടാകുന്നതല്ല, ഒരു നൂറ്റാണ്ടിൽ ഒന്നോ രണ്ടോ മാത്രമേ ഉണ്ടാകാറുള്ളൂ. അവരുടെ കലാസപര്യകൾ അതീവ ജാഗ്രതയോടെ സൂക്ഷിച്ചു വെക്കേണ്ടത് കലാലകത്തിന്റെ കടമയാണ്.

കഥകളിയുടെ തെക്കൻ-വടക്കൻ വേർതിരുവകളെക്കുറിച്ചുള്ള ഇന്റർനെറ്റ് സംവാദങ്ങളിൽ ഒരു കാലത്തു സജീവമായി പങ്കെടുത്തിട്ടുള്ളയാളാണ് ഞാൻ. ആ വിഷയങ്ങളൊന്നും ചർച്ച ചെയ്യാനുള്ള ഇടമല്ല ഇത്.  എങ്കിലും തെക്കൻ കേരളത്തിനു കഥകളി ആസ്വദിക്കാനറിയില്ലെന്നും തെക്കു നിന്നുണ്ടായ 'നളചരിതം ആട്ടക്കഥ' കളിക്കാൻ കൊള്ളാത്തതാണെന്നും മറ്റും വ്യാഖ്യാനിച്ചു, പൊതുഖജനാവിൽ നിന്നു പണം പറ്റുന്ന കലാമണ്ഡലത്തിൽ നിന്നു പോലും അതിനെ വെളിയിൽ നിർത്താൻ ഉത്സാഹം കാണിച്ചവർക്കുള്ള നല്ല മറുപടിയാണ് കലാമണ്ഡലം ഗോപിയെന്നു പറയാതെ തരമില്ല. ഇന്നലെ തൃശ്ശൂരിൽ നടന്ന കഥകളി സെമിനാറിൽ സംസാരിച്ചവരിൽ ഭൂരിഭാഗം പേർക്കും പറയാനുണ്ടായിരുന്നത് ഗോപിയാശാൻറെ നളനെയും ബാഹുകനെയും കുറിച്ചായിരുന്നു എന്നത് എന്നിൽ കൗതുകമുണർത്തി. നളചരിതം എന്നൊരു കഥയില്ലായിരുന്നെങ്കിൽ ഗോപിയാശാനെന്നൊരു കഥകളിപ്രതിഭ ഉണ്ടാകുമായിരുന്നില്ല എന്നാണു പണ്ഡിതസദസ്സു പറഞ്ഞുവച്ചതെന്ന് തോന്നിപ്പോയി. കഥ ഏതെന്നുള്ളതെന്നല്ല, അതു രംഗത്തവതരിപ്പിച്ചു ഫലിപ്പിക്കാനുള്ള വൈഭവമാണ് കഥകളി നടനു വേണ്ടതെന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന ഗോപിയാശാന് സഹൃദയലോകത്തിന്റെ ആദരവുകൾ മാത്രമല്ല, മനം നൊന്തു നിൽക്കുന്ന ഉണ്ണായി വാരിയരുടെ ആത്മാവിന്റെ അനുഗ്രഹാശിസ്സുകളും ആവോളം ഉണ്ടാകും എന്നതു തീർച്ച. ഗോപിയാശാന് ഒരിക്കൽ കൂടി എന്റെ പ്രണാമം.

No comments:

Post a Comment