Friday, June 23, 2017

ഒരു ഈഡിസ് ഈജിപ്തി കൊതുകച്ഛൻ മകൾക്കയച്ച കത്ത്

                                                                              
                                                                 
                                                                                                                                                                                                                
തിരുവനന്തപുരം, 23 ജൂൺ 2017. 

പ്രിയപ്പെട്ട മകളെ,

നിനക്കു സുഖം തന്നെയെന്നു കരുതുന്നു. ഞങ്ങളിപ്പോൾ ഇന്ത്യയിൽ 'കേരള' സംസ്ഥാനത്താണ്. ഞങ്ങൾക്കിവിടെ സുഖം എന്നല്ല പരമസുഖമാണ്. ആ സന്തോഷം പങ്കിടാൻ കൂടിയാണ്, 'ചാകര' സമയമാണെങ്കിലും അൽപ്പം സമയം കണ്ടെത്തി അച്ഛനിപ്പോൾ ഈ കത്തെഴുതുന്നത്.

മോളെ, ഭൂമിയിൽ ഒരു സ്വർഗ്ഗം ഉണ്ടെന്നു മനുഷ്യർ പറഞ്ഞു നമ്മൾ കേട്ടിട്ടുണ്ടെങ്കിലും ഞാനതു തീർത്തും വിശ്വസിച്ചിരുന്നില്ല. പക്ഷെ, കഴിഞ്ഞ ചില വർഷങ്ങളായി ഈ നാട്ടിൽ ജീവിച്ചപ്പോൾ മനസ്സിലായി, അത് വെറും വാക്കല്ല. സത്യമാണ്. അനുഭവിച്ചറിയാൻ കഴിയുന്ന സത്യമാണ്.

ലോകത്തെവിടെ ചെന്നാലും നമ്മളെ വിരട്ടി ഓടിക്കാനും നശിപ്പിക്കുവാനുമല്ലേ അവിടങ്ങളിലെ മനുഷ്യർ ശ്രമിച്ചിട്ടുള്ളത്? പക്ഷെ മഹാമനസ്കരായ ഇന്നാട്ടിലെ ജനങ്ങൾ അത്തരക്കാരല്ല, അവർ നമ്മളെ സ്നേഹിക്കുന്നവരും നമ്മുടെ വളർച്ചയെ സഹായിക്കാൻ ഏതറ്റം വരെ പോകാൻ മടിയില്ലാത്തവരുമാണ്. ചരാചരങ്ങളിലെല്ലാം ഈശ്വരൻ വസിക്കുന്നു എന്ന വിശ്വാസപ്രമാണത്തിൽ ജീവിക്കുന്ന ജനതയാകുന്നതിനാലാകാം, ക്ഷുദ്രജീവികളായ നമ്മോടു പോലും ഇങ്ങനെ പെരുമാറാൻ ഇവർക്കു കഴിയുന്നത്. നമ്മുടെ ഭാഗ്യം.

നമ്മുടെ ഈ ഭാഗ്യത്തിനനുകൂലമാകുന്ന മറ്റു പല ഘടകങ്ങളും ഇവിടെയുണ്ട്. നമുക്ക് മുട്ടയിട്ടു പെരുകാൻ വൃത്തിഹീനവും ഈർപ്പവുമുള്ള സ്ഥലങ്ങളാണല്ലോ വേണ്ടത്? അതെത്ര വേണമെങ്കിലും ഈ നാട്ടിലുണ്ട്. വേഷഭൂഷാദികളിൽ ഇന്നാട്ടുകാർ വളരെ വൃത്തിയും വെടിപ്പുമുള്ളവരാണെങ്കിലും അകമേ അത്ര വൃത്തിയുള്ളവരല്ല എന്നതാണു സത്യം. ഒരുദാഹരണം പറയാം. കയ്യിൽ കിട്ടുന്ന മിണ്ടാപ്രാണികളെയെല്ലാം കൊന്നുതിന്നുന്ന ഇവർ, അവശേഷിക്കുന്ന ചണ്ടിയെല്ലാം പ്ലാസ്റ്റിക്കു കവറിലാക്കി സൂക്ഷിച്ചുവച്ചു തക്കം നോക്കി അടുത്ത വീട്ടുകാരന്റെ പറമ്പിലേക്ക് വലിച്ചെറിയും. അതിനു സാധിക്കുന്നില്ലെങ്കിൽ BMW കാറിൽക്കയറി, പോകുന്ന വഴിയിൽ റോഡരികിൽ ആരും കാണാതെ വലിച്ചെറിയും. അതവിടെക്കിടന്നു ദുഷിച്ചുനാറി പുഴുവും പൂച്ചിയും അരിച്ചു മഴ വരുമ്പോൾ നമുക്കു മുട്ടയിട്ടു വളരാനൊരിനിടമാകും. പുഴയായ പുഴയെല്ലാം ഇവിടുള്ളവർ നശിപ്പിച്ചതു കാരണം ഇപ്പൊ ഇവിടെ പുഴയൊന്നുമില്ല, അങ്ങുമിങ്ങും കാണുന്ന വെള്ളക്കെട്ടുകളേയുള്ളൂ. അതും ചണ്ടി നിക്ഷേപസ്ഥലങ്ങളാണ്. അൽപ്പം പോലും ഒഴുക്കില്ലാത്ത ഈ വെള്ളക്കെട്ടുകളിൽ നമുക്കു മുട്ടയിട്ടു പെരുകാമെന്നുള്ള വലിയ ഗുണമുണ്ട്. ഇതൊക്കെ ചെയ്തതു മിടുക്കാണെന്നു കരുതി ജീവിക്കുന്നവരാണ്, സാക്ഷരതയിൽ ഒന്നാം സ്ഥാനക്കാരായ ഇന്നാട്ടുകാർ. നമ്മുടെ കടി കൊണ്ട് നാളെ ചാകാൻ പോകുന്നത് തങ്ങളാണെന്നറിയാനുള്ള വിവേകബുദ്ധി മാത്രം പക്ഷേ ഈ സാക്ഷരർക്കില്ല എന്നതാണ് അതിശയകരമായ സത്യം. ഇതൊക്കെ കാണുമ്പോൾ സാക്ഷരത എന്നത് നമ്മെപ്പോലെയുള്ള ക്ഷുദ്രജന്തുക്കളുടെയും ക്ഷുദ്രവാസനകളുടെയും വളർച്ചക്കനുകൂലമായ ഒരു ഘടകമാണോ എന്നു പോലും ചിന്തിക്കേണ്ടിയിരിക്കുന്നു.

നമ്മളിങ്ങനെ വളർന്നു പെരുകുമ്പോൾ നമ്മളെയെല്ലാം കൊന്നു നശിപ്പിച്ചു നാടു സുന്ദരമാക്കും എന്നും മറ്റും പറഞ്ഞു ഭരണസംവിധാനങ്ങളും രാഷ്ട്രീയക്കാരും വാളും പരിചയുമായി ഇറങ്ങിത്തിരിക്കും. പൊതുജനത്തിനെ കളിപ്പിക്കാനായി എന്തെങ്കിലുമൊക്കെ കാട്ടിക്കൂട്ടുമെന്നല്ലാതെ, നമ്മുടെ ജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ അവരൊന്നും ചെയ്യാറില്ല എന്നതാണ് സത്യം. നമ്മുടെ പേരും പറഞ്ഞു ഇവരെല്ലാം കൂടി തലതല്ലിക്കീറുന്നതു കാണുമ്പോൾ, ഞാൻ പലപ്പോഴും തലതല്ലിച്ചിരിച്ചു പോയിട്ടുണ്ട്‌ മോളേ. എന്റെ നോട്ടത്തിൽ, അൽപ്പം നർമ്മബോധം ഉള്ളിലുണ്ടെകിൽ ചിരിച്ചുകൊണ്ട് വളരാൻ നമുക്കു പറ്റിയ ഇതിലും നല്ലൊരിടം ഭൂമിയിൽ മറ്റെവിടെങ്കിലും കാണുമെന്നു തോന്നുന്നില്ല. എതിർ കക്ഷിക്കാരന്റെ വംശനാശത്തിനു നമ്മളെ എങ്ങിനെ ഉപയോഗിക്കാം എന്നുപോലും ചില രാഷ്രീയക്കാർ ചിന്തിക്കുന്നുണ്ടോ എന്നെനിക്കു സംശയമുണ്ട്. മഴക്കാലത്തെ അപ്പാവി പനികൾ പോലും ഭീകരരായ നമ്മുടെ തലയിൽ കെട്ടിവച്ചു, ഭിഷഗ്‌വരന്മാരും ലാബുകളും കൊയ്ത്തു തുടങ്ങിയിട്ടുണ്ടെന്നും കേൾക്കുന്നു. ഒരു 'ഡെങ്കി ടെസ്റ്റി'നു ആയിരത്തിലേറെ രൂപയാണ് ചാർജ്ജത്രെ! പാവങ്ങൾക്കു കഷ്ട്ടം വരുന്ന കാര്യമാണെങ്കിലും 'ക്ഷുദ്രജീവി'കളാണു നമ്മളെന്നു പറഞ്ഞു പുശ്ചിക്കുന്ന ഈ മനുഷ്യമാന്യന്മാർ നമ്മളെക്കൊണ്ടു നാലു കാശു സമ്പാദിക്കുന്നുണ്ടെങ്കിൽ അതിൽ സന്തോഷിക്കുകയാണ് വേണ്ടത്; കാരണം അതിനൊരു മധുരപ്രതികാരത്തിന്റെ മണമുണ്ട്. 

ഇതുവരെ നമ്മളിൽ ഒരാളിനു നാലുപേരെ വരെയേ ഒരു ദിവസം കടിക്കാൻ കഴിയുമായിരുന്നുള്ളൂ. ഇവിടുത്തെ പ്രത്യേക കാലാവസ്ഥയും രാഷ്ട്രീയവും കാരണം നമ്മുടെ ശരീരത്തിന്റെ ഭാരം കുറഞ്ഞുവരുന്നുണ്ടെന്നും അതിനാൽ കൂടുതൽ ദൂരം അനായാസമായിപ്പറന്നു ചെന്ന് ഏഴുപേരെ വരെ കടിക്കാവുന്ന തരത്തിലായിട്ടുണെന്നും ശാസ്ത്രജ്ഞന്മാർ അടുത്തിടെ കണ്ടുപിടിച്ചിട്ടുണ്ട്. അപ്പോൾ ഒരു വ്യായാമവും ചെയ്യാതെ കൃശഗാത്രരാകുന്ന നമുക്കിനി ബഹുനിലക്കെട്ടിടങ്ങൾക്കു മുകളിലും പറന്നെത്തി, അവിടെ അത്യന്തം സുരക്ഷിതരാണെന്നു കരുതി ജീവിക്കുന്ന മനുഷ്യരുടെ ചോരയും കുടിക്കാം. നമ്മൾ ഈഡിസുകൾ മാത്രമല്ല, നമ്മുടെ വംശത്തിലുള്ള മറ്റെല്ലാ കൊതുകുവർഗ്ഗങ്ങളും അതുപോലെ ബഹുവിധരോഗങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന ബാക്റ്റീരിയകളും വൈറസുകളും എല്ലാം തന്നെ ഈ സ്വർഗ്ഗരാജ്യത്തിലേക്കു സഹർഷം വന്നെത്തിക്കൊണ്ടിരിക്കയാണിപ്പോൾ. ആഹാരത്തിനു പഞ്ഞമില്ലാതെ, ആവശ്യത്തിലധികം കൊളസ്ട്രോളും രക്തവും പേറി നടക്കുന്ന, മടി കാരണം നമ്മൾ കടിച്ചാൽ  കൈപൊക്കി ഒന്നടിക്കാൻ പോലും താൽപ്പര്യം കാണിക്കാത്ത മനുഷ്യരുടെ ഈ നാട്, ദൈവം നമുക്കായി കനിഞ്ഞനുഗ്രഹിച്ചു നൽകിയതല്ലെങ്കിൽ പിന്നെയെന്താണ്? ഇതിനു നാമെല്ലാം ദൈവത്തിനു സ്തുതി ചൊല്ലേണ്ടിയിരിക്കുന്നു. 'ഇനി വരുന്നതു നമ്മുടെ കാലമാണെന്ന്' മുൻപൊരിക്കൽ അച്ഛൻ പറഞ്ഞപ്പോൾ നിനക്കു വിശ്വാസം വന്നില്ലല്ലോ? ഇപ്പോൾ എങ്ങിനെ തോന്നുന്നു? ദൈവം നമ്മുടെ കൂടെയാണ് മോളെ. നമ്മുടെ അജയ്യശക്തി ലോകത്തിനു ബോദ്ധ്യമാക്കിക്കൊടുക്കാനുള്ള അവസരം സമാഗതമാകുകയാണ്. വർദ്ധിതവീര്യത്തോടെ നാം പ്രവർത്തിക്കേണ്ടിയിരിക്കുന്നു. ഇതിൽപ്പരം ആഹ്ലാദകരമായ മറ്റെന്തുണ്ടു നമുക്കു സ്വപ്നം കാണാൻ ?

ഈ സന്തോഷത്തിനിടയിലും ചെറിയൊരു ദുഃഖം തോന്നുന്നുണ്ട് മോളെ. ആഡംബരത്തിലും തോന്ന്യാസങ്ങളിലും പ്രകൃതിദോഷ പ്രവർത്തികളിലുമൊന്നും പങ്കാളികളാകാതെ ഉള്ളതുകൊണ്ട് അടങ്ങി ഒതുങ്ങിക്കഴിയുന്ന, ഒരു വലിയ വിഭാഗം സാധാരണ ജനങ്ങളും ഇന്നാട്ടിലുണ്ട്. ഇവരുടെ രോഗപ്രതിരോധശേഷി കുറവാണ്, വലിയ ആശുപത്രികളിലൊന്നും പോയി ചികിത്സ നടത്താനുള്ള കഴിവും ഇവർക്കില്ല. കാറും ജീപ്പും വായു പോലും കയറാത്ത വിധത്തിൽ അടച്ചുപൂട്ടിയ രമ്യഹർമ്മ്യങ്ങളുമൊന്നുമില്ലാത്ത ഇവരാണ് തുറന്ന സ്ഥലങ്ങളിലും റോഡിലും ബസ്സിലുമൊക്കെ കൂടുതലായി കാണപ്പെടുന്നത്. അതുകൊണ്ടു തന്നെ നമ്മുടെ കടിയേറ്റു കഷ്ട്ടപ്പെടുന്നതും മരിക്കുന്നതും കൂടുതലും ഇവരാണ്. നമ്മുടെ വളർച്ചക്ക് വലിയ സഹായമൊന്നും ചെയ്യുന്ന കൂട്ടരല്ല ഇവരെങ്കിലും ഇവരോടൽപ്പം സഹാനുഭൂതി നമ്മൾ കാണിക്കേണ്ടതാണ്. അതുകൊണ്ടു വരും നാളുകളിൽ ഇവരെ വിട്ട്, നമ്മളെ വളർത്താൻ സഹായിക്കുന്നവരെ തിരഞ്ഞു പിടിച്ചു കടിക്കാനായിരിക്കണം നാം ശ്രമിക്കേണ്ടത്. അതെങ്ങനെ സാധിക്കാം എന്നു നമ്മൾ ആലോചിക്കേണ്ടതുണ്ട്. 

ഇവിടുത്തെ  ബഹുവിധ 'പനി'കളെക്കുറിച്ചു നീ അറിയുന്നുണ്ടായിരിക്കുമല്ലോ? എലിപ്പനി, ഡെങ്കിപ്പനി, പക്ഷിപ്പനി, പന്നിപ്പനി, ജപ്പാൻ പനി..... അങ്ങിനെ സകല 'പനി'കളുടെയും ഒരു മ്യൂസിയം തന്നെയാണിവിടം. നമ്മുടെ 'ഡെങ്കി' ക്കാണ് കൂടുതൽ പേരും പ്രശസ്തിയും. എന്റെ ഒരൂഹം വച്ചു നോക്കിയാൽ ഇനി വരുന്ന ചില വർഷങ്ങൾക്കുള്ളിൽ പത്രങ്ങളിൽ ഇങ്ങനെ ഒരു വാർത്ത വരാൻ സാദ്ധ്യതയുണ്ട്; 'സാംക്രമികരോഗങ്ങൾ കാരണം കേരളത്തിൽ നിന്നും ജനങ്ങൾ അന്യസംസ്ഥാനങ്ങളിലേക്കു പലായനം ചെയ്യുന്നു'. ദൈവത്തിന്റെ നാട്ടിൽ നിന്നും മനുഷ്യരെ നമ്മൾ തുരത്തുന്നു. എങ്ങിനെയുണ്ട് കഥ ? പണ്ട് അസുരന്മാരായിരുന്നു ഇതു ചെയ്തിരുന്നതെങ്കിൽ ഇനി വരും കാലങ്ങളിൽ  നമ്മളാണിതു ചെയ്യാൻ പോകുന്നതെന്നോർക്കുമ്പോൾ അതിയായ സന്തോഷവും അഭിമാനവും  തോന്നുന്നു, മോളെ. നമ്മളെ ഇങ്ങനെ ഓമനിച്ചു വളർത്തുന്ന മനുഷ്യരെത്തന്നെ തിരിഞ്ഞു കടിക്കുന്നതിലാണല്ലോ അതിന്റെ ഒരു രസം? 'ക്ഷുദ്രജീവി'എന്ന നമ്മുടെ പേരും അപ്പോഴേ അന്വർത്ഥമാകൂ. 'നാടു കടലിലാണ്ടു പോയാലും കുഴപ്പമില്ല, ഞാനും എന്റെ കുടുംബവും സുഖമായിരിക്കണം' എന്ന അബോധചിന്തയിൽ രമിച്ചു ജീവിക്കുന്ന ഇവിടുത്തെ മനുഷ്യരുള്ളിടത്തോളം കാലം നമുക്കിവിടം പറുദീസയായിരിക്കും മോളെ. നമ്മുടെ കടിയേറ്റു മരിക്കാൻ വിധിക്കപ്പെടുന്ന ഈ മനുഷ്യർ തന്നെ നമ്മുടെ രക്ഷകരായും വർത്തിച്ചു കൊള്ളും. ഇതിനെയാണ് മോളേ നിയോഗം എന്നു പറയുന്നത്.

ശരി, അച്ഛനിന്നിതുവരെ മൂന്നു പേരെയേ കടിക്കാൻ കഴിഞ്ഞുള്ളു. ഇവിടുത്തെ കണക്കനുസരിച്ചു രാത്രിയാകുന്നതിനു മുൻപ് നാലു പേരെ കൂടിയെങ്കിലും കടിക്കണം. ഭാഗ്യമുണ്ടെങ്കിൽ ഇപ്രാവശ്യം എഴുതിയതിലും നല്ല വിശേഷങ്ങളുമായി അടുത്തയാഴ്ച കാണാം.

സ്നേഹപൂർവ്വം  

കൊതുകച്ഛൻ 

No comments:

Post a Comment