Friday, December 30, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 8)

ഇപ്പോൾ നാം ചർച്ച ചെയ്തു കൊണ്ടിരിക്കുന്നതും ഇനി വരാൻ പോകുന്നതുമായ ഭഗവത് ഗീതയിലെ ആത്‌മവിഷയങ്ങൾ ശരിയ്ക്കും മനസ്സിലാകണമെങ്കിൽ ഈ വിഷയങ്ങളുടെ ഒരേകദേശരൂപമെങ്കിലും മനസ്സിലാക്കിയിരിക്കണം എന്നു ഞാൻ കഴിഞ്ഞ ലേഖനത്തിൽ പറഞ്ഞുവല്ലോ? വളരെ ബൃഹത്തും ഗഹനവുമായ ആർഷഭാരത തത്വചിന്തകളെക്കുറിച്ചു വിശദമായി പറയാനുള്ള ഇടമോ അതിനുള്ള ആളോ അല്ല ഞാൻ. നമ്മുടെ ഗീത പഠനത്തിന്, പ്രത്യേകിച്ചും ഗീതയുടെ യുക്തിയ്ക്കും ശാസ്ത്രീയതയ്ക്കും ഊന്നൽ കൊടുത്തുകൊണ്ടുള്ള ഈ പഠനത്തിന്, അവശ്യം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ ഒന്നു പരാമർശിക്കുക എന്നതേ ഞാൻ ഉദ്ദേശിക്കുന്നുള്ളൂ. ഒരു ഭക്തി ഗ്രന്ഥമെന്നു മാത്രം ഭൂരിപക്ഷം ഹിന്ദുക്കളും കരുതുന്ന ഗീതയിലെ ആത്മവിഷയത്തിന്റെ അടിസ്ഥാനം എന്താണ്? ഗീതയിൽ പ്രതിപാദിക്കുന്ന തത്വവിഷയങ്ങളിൽ പലതും ഗീതാരചനയ്ക്കു  മുൻപ് തന്നെ ഇവിടെ നിലനിന്നതാണെന്നും ആ ഉൽകൃഷ്ട മനുഷ്യചിന്തകളുടെ (തത്വദർശനങ്ങളുടെ) അന്തസ്സത്ത ഒട്ടും തന്നെ ചോർന്നു പോകാതെയും എന്നാൽ അതിലൊക്കെ തന്നെ തന്റേതായ ചില കൈയൊപ്പുകൾ കൂടി ചാർത്തിയും മനോഹരമാക്കി വ്യാസഭഗവാൻ സൃഷ്ടിച്ചെടുത്ത ഒരാത്മീയഗ്രന്ഥമാണ് ഭഗവത് ഗീത എന്നതും നമ്മൾ ഓർക്കേണ്ടതുണ്ട്. ദൈവീകമെന്നു കരുതി നമ്മൾ വിശ്വസിക്കുന്ന ആത്മവിഷയങ്ങൾ യഥാർത്ഥത്തിൽ ദൈവത്തോളം വളർന്ന മനുഷ്യമനസ്സുകളുടെ ബൗദ്ധികാന്വേഷണ സ്വത്തുക്കളാണെന്നതും യുക്തിപരവും ശാസ്ത്രീയവുമായ ഈ ചിന്താപദ്ധതികളൊക്കെ തന്നെ മനുഷ്യമനസ്സുകളെ സ്വാധീനിക്കാനും പരിവർത്തനപ്പെടുത്താനും കഴിവുള്ളതാണെന്നും മനസ്സിലാക്കാവുന്നതാണ്. മറ്റു ഹിന്ദുമതഗ്രന്ഥങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി ലോകത്തിന്റെ മുഴുവൻ ആദരവും അംഗീകാരവും നേടാൻ ഭഗവത് ഗീതയ്ക്ക് കഴിയുന്നത് ദേശ-ഭാഷാ-വർണ്ണ വ്യത്യാസങ്ങൾക്കതീതമായി മനുഷ്യമനസ്സുകളെ സ്വാധീനിക്കാനുള്ള അതിന്റെ താത്വികവും പ്രായോഗികവുമായ ഈ ആത്മതലം ഒന്ന് കൊണ്ടാണ്. അത് സൃഷ്ടിച്ചെടുത്തതോ മനുഷ്യരായ ആർഷഭാരത തത്വദർശികളും.    

ഭഗവത് ഗീതയ്ക്ക് മുൻപുണ്ടായ വേദോപനിഷത്തുക്കൾ (വേദാന്തം), കപില മുനിയുടെ സാംഖ്യദർശനം, പതഞ്‌ജലി മഹിർഷിയുടെ യോഗശാസ്ത്രം, ബുദ്ധ-ജൈന ദർശനങ്ങൾ ഇവയെല്ലാം ഗീതയുടെ രചനയിൽ സമ്മേളിക്കുന്നുണ്ട്. ഈശ്വരസാക്ഷാത്ക്കാരത്തിനായി വേദോപനിഷത്തുക്കൾ  ഉദ്ഘോഷിക്കുന്ന കർമ്മ-ജ്ഞാനമാർഗ്ഗപദ്ധതികളിൽ, കർമ്മമാർഗ്ഗപ്രയോഗത്തിൽ അന്നത്തെ സമൂഹത്തിൽ നിലനിന്നിരുന്ന ചില അസ്വാരസ്വങ്ങളെ അകറ്റി, കർമ്മമാർഗ്ഗത്തിനു വ്യത്യസ്തവും മഹനീയവുമായ ഒരു ഈശ്വരതലം സൃഷ്ടിച്ചെടുക്കുകയായിരുന്നു ഗീതാകാരൻ ചെയ്തത്‌. കർമ്മത്തിന്റെ മഹത്വത്തെ ഉയർത്തിക്കാട്ടുകയും ഫലേച്ഛയില്ലാതെ ചെയ്യുന്ന കർമ്മം ഈശ്വരസാക്ഷാത്ക്കാരത്തിനു ഹേതുവാകും എന്നും വ്യാസഭഗവാൻ അരുളി ചെയ്തപ്പോൾ  ഭഗവത് ഗീതയുടെ സാർവലൗകികമായ അംഗീകാരത്തിനത് കാരണമായി. ചിന്താപരമായ ജ്ഞാനമാർഗ്ഗത്തിലൂടെ ഈശ്വരസാക്ഷാത്ക്കാരം നേടുക എന്നതു ഭൂരിപക്ഷം വരുന്ന സാമാന്യജനങ്ങൾക്കും സാദ്ധ്യമല്ലെന്നു കണ്ട് ഇവർക്കും കൂടി പ്രാപ്യമായ ഒരു ഈശ്വരസാക്ഷാത്ക്കാരപദ്ധതി ആവിഷ്‌കരിക്കുക എന്ന മഹനീയ കർമ്മമാണ്‌ ഗീതാരചനയിലൂടെ വ്യാസമുനി ചെയ്തത്. ഇതിലേക്കായി, സാധാരണ ജനങ്ങൾക്ക് അപ്രാപ്യമായ നിലയിൽ താത്വിക തലങ്ങളിൽ മാത്രം വിലസിയിരുന്ന പല ആർഷഭാരത ദർശനങ്ങളെയും സ്വാംശീകരിച്ചു ഭഗവത് ഗീതയുടെ ഊടും പാവുമാക്കിത്തീർത്തു ഗീതാകാരൻ. ഗീതാരചനയിൽ ഉപയോഗിച്ചിട്ടുള്ള ചില താത്വിക വിഷയങ്ങളിൽ കൂടി നമുക്കൊന്നു കണ്ണോടിച്ചു പോകാം.  

ഭഗവത് ഗീതയുടെ ആത്മതലത്തിനു കപിലമുനിയുടേതെന്നു പറയപ്പെടുന്ന 'സാംഖ്യദർശനത്തി'ന്റെ സ്വാധീനമുണ്ടെന്നു പറഞ്ഞല്ലോ? ഈ ദർശനശാസ്ത്ര പ്രകാരം പ്രപഞ്ചത്തിന്റെ അടിസ്ഥാനഘടകങ്ങൾ രണ്ടാണ്; പുരുഷനും പ്രകൃതിയും. ആത്മാവിനെക്കുറിച്ചു നേരത്തെ നാം ചർച്ച ചെയ്തല്ലോ? അവിടെ പറഞ്ഞതെല്ലാം പുരുഷന്റെ പ്രകൃതങ്ങളാണ്. നിർവചിക്കാൻ കഴിയാത്ത, പ്രത്യേക താത്പര്യങ്ങളൊന്നുമില്ലാത്ത, എല്ലാത്തിനെയും പ്രകാശിപ്പിക്കുന്ന എന്നാൽ  സ്വയം പ്രകാശിക്കാത്ത ശുദ്ധ ബോധം. പ്രകൃതിയോ ഇതിന്റെ നേരെ വിപരീതവും. പുരുഷൻ നാശരഹിതനും, നിത്യനും, നിർഗ്ഗുണനുമായിരിക്കുമ്പോൾ പ്രകൃതി ഈ പ്രപഞ്ചത്തിൽ കാണുന്ന അനിത്യങ്ങളായ സൃഷ്ട്ടി-സ്ഥിതി-വിനാശ കർമ്മങ്ങളുടെയെല്ലാം കാരണമാകുന്നു. പക്ഷെ ഒരു പ്രത്യേകതയുണ്ട്, പുരുഷന്റെ സാമീപ്യത്തിൽ മാത്രമേ പ്രകൃതിക്കു അതിൻറെ സ്വഭാവം പ്രകടമാക്കാൻ കഴിയൂ. പുരുഷനില്ലെങ്കിൽ പ്രകൃതിക്കൊന്നും ചെയ്യാൻ കഴിയില്ലെന്നർത്ഥം. പുരുഷന്റെ സാമീപ്യത്തിൽ മാത്രം പ്രചോദിതയാകുന്ന പ്രകൃതി സത്വരജസ്തമോഗുണങ്ങളിലൂടെ പ്രകൃതിയിൽ കാണുന്നതെല്ലാം സൃഷ്ടിയ്ക്കുന്നു. ആദിയിൽ ഈ ത്രിഗുണങ്ങൾ സാമ്യാവസ്ഥയിൽ ആയിരുന്നെന്നും പോകെ പോകെ അവയുടെ അനുപാതത്തിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടായെന്നും ത്രിഗുണങ്ങളിലെ ഈ അസന്തുലിതാവസ്ഥ സൃഷ്ടിയ്ക്കു കാരണമാകുന്നുവെന്നും 'സാംഖ്യദർശനം'. ചുരുക്കി പറഞ്ഞാൽ മാറ്റമില്ലാത്ത സദ്‌വസ്തുവായ പുരുഷനെ ചുറ്റി നിൽക്കുന്ന പ്രകൃതിയാണ് പ്രപഞ്ചത്തിലെ മാറ്റമുള്ള എല്ലാത്തിനും കാരണമെന്ന് സാരം. പുരുഷ-പ്രകൃതി dvaitha സിദ്ധാന്തത്തിൽ, ഇതെല്ലാം നിയന്ത്രിക്കുന്ന സർവ്വവ്യാപിയായ ഏകപുരുഷൻ അല്ലെങ്കിൽ ഈശ്വരൻ എന്നൊരു സങ്കല്പം ഇല്ല. ഈ ദർശനത്തിൽ പുരുഷന്മാർ അനേകമാണ്. ഇനി ഭഗവത് ഗീതയിലേക്കു പോയാൽ അവിടെ നമ്മൾ കണ്ട നിത്യനായ ആത്മാവ് 'സാംഖ്യദർശനത്തി'ലെ  പുരുഷനും അനിത്യമായ ശരീര-മനോ-ബുദ്ധികൾ ഈ ദർശനത്തിലെ 'പ്രകൃതി'യുമാണെന്നു മനസ്സിലാക്കാൻ വിഷമമില്ലല്ലോ? സാംഖ്യദർശനത്തിനും ഗീതയുടെ ആത്മവിഷയത്തിനും തമ്മിൽ ചില സൂക്ഷ്മവ്യത്യാസങ്ങൾ ഉണ്ടെങ്കിലും, അതൊന്നും നമ്മുടെ പഠനതലത്തിൽ പ്രസക്തമല്ല.


പ്രകൃതിയുമായി ബന്ധപ്പെട്ടു നിൽക്കുന്ന പുരുഷൻ, ആ ബന്ധനത്തിലകപ്പെട്ടു, അതിന്റെ ശുദ്ധസത്വമായ പ്രകൃതത്തിൽ നിന്നും വ്യതിചലിക്കുന്നു. ശുദ്ധബോധമായിരുന്ന പുരുഷനെ അതിന്റെ പ്രകൃതത്തിലേക്കു എത്തിക്കേണ്ടതുണ്ട്. സ്വപ്രകൃതം കൈവരിക്കും വരെ ജീവൻ ദുരിതപൂർണ്ണമായ പല പല ജന്മങ്ങളിൽ കൂടി കടന്നു പോകേണ്ടി വരും എന്നതിനാൽ എത്രയും വേഗത്തിൽ അത് സാധിക്കുമോ, അത്രയും നന്ന്. പ്രകൃതിബന്ധനത്തിൽ നിന്നും പുരുഷൻ സ്വതന്ത്രമാകുന്നതാണ് മോക്ഷം (liberation). പുരുഷന്റെ ഈ സ്വതന്ത്രാവസ്ഥയെ കൈവല്യം എന്നും പറയപ്പെടുന്നു. പ്രകൃതിജന്യമായ ശരീരത്തിനെ നശിപ്പിച്ചു പോലും കൈവല്യം നേടുന്നതിനായി മനുഷ്യർ ശ്രമിച്ചിട്ടുണ്ട്. അതിന്റെയൊന്നും ആവശ്യമില്ല, യോഗസാധനകളിലൂടെ,അതായത് ചിത്ത വൃത്തി നിരോധത്തിലൂടെ മനുഷ്യജന്മത്തിൽ തന്നെ ഈ മോക്ഷം സാധ്യമാക്കാം എന്നു യോഗശാസ്ത്രം പറയുന്നു.  ഇനി ഭഗവത് ഗീത പറയുന്ന ആത്മാവ് (soul) - ദേഹി(embodied soul)  വിഷയം നോക്കാം. നിർഗ്ഗുണമായ, നിത്യമായ, സർവ്വവ്യാപിയായ, സദ് വസ്തുവായ ആത്മാവിൽ നിന്നും വ്യത്യസ്തമാണ് ശരീരത്തിൽ അധിവസിക്കുന്ന ആത്മാവ് (ദേഹി അല്ലെങ്കിൽ  ജീവൻ). ദേഹത്തിൽ അധിവസിക്കുന്നതിനാൽ ജീവൻ ദേഹാഭിമാനിയായിത്തീരുന്നു. അതായത് ഇന്ദ്രിയങ്ങളിലൂടെ സ്വായത്തമാക്കിയ ദേഹസംസ്കാരമാകുന്ന വാസനകളുടെ കറകൾ ജീവനിൽ നിഴലിയ്ക്കുന്നു. ഈ വാസനാമാലിന്യം തീർത്തും നീക്കിയാൽ മാത്രമേ ജീവൻ, സദ്‌വസ്തുവായ ആത്മാവായിത്തീരുകയുള്ളൂ. ഒരു ജീവശരീരത്തിലൂടെയേ ജീവന്റെ ഈ വാസനാമാലിന്യത്തെ അകറ്റുവാൻ കഴിയൂ. അതിനായി ജീവൻ പല പല ജന്മങ്ങളെടുത്തു അതിലൂടെ ഈ വാസനാമാലിന്യത്തെ പൂർണ്ണമായി അകറ്റി, സദ്‌വസ്തുവായ ആത്മാവായി ഭവിച്ചു പരബ്രഹ്മത്തിൽ വിലയം പ്രാപിച്ചതിന്റെ ഭാഗമായി തീരുന്നു. പതഞ്‌ജലി മഹർഷിയുടെ യോഗശാസ്ത്രത്തിൽ പ്രകൃതിയുടെ ബന്ധനത്തിൽ നിൽക്കുന്ന പുരുഷനെ യോഗസാധനകളിലൂടെ സ്വതന്ത്രമാക്കുന്നു എന്ന തത്വം തന്നെയാണ് ഭഗവത് ഗീതയിലെ ജീവാത്മ-പരമാത്മ വിഷയത്തിലും സ്വീകരിച്ചിരിക്കുന്നതെന്നു സാരം. സാംഖ്യദർശനത്തിൽ പ്രപഞ്ച നിയന്താവായ ഈശ്വരൻ എന്നൊരു സങ്കൽപ്പം ഇല്ലാത്തതിനാൽ മോക്ഷം ലഭിച്ച ആത്മാവ് പ്രപഞ്ച നിയന്താവായ പരബ്രഹ്മത്തിൽ വിലയം പ്രാപിക്കുന്നു എന്നു ഗീതയിൽ പറയുന്നത് advaitha ദർശനത്തിലെ (വേദാന്ത) ഈശ്വര സങ്കൽപ്പം കൂടി കടം കൊണ്ടാണെന്നു മനസ്സിലാക്കേണ്ടിയിരിക്കുന്നു. 

 ധർമ്മം കർമ്മത്തിന്റെ സ്വഭാവവിശേഷമാണെന്നും ഗീത രണ്ടാം അദ്ധ്യായത്തിലെ പല ശ്ലോകങ്ങളും  ബുദ്ധദർശനത്തിന്റെ അഭാവത്തിൽ അസാധ്യമായിത്തീരുന്നുവെന്നും രണ്ടാം അധ്യായത്തിലും അഞ്ചാം അധ്യായത്തിലും കാണുന്ന ബ്രഹ്മനിർവ്വാണസങ്കൽപ്പം ബുദ്ധദർശനത്തിലെ കർമ്മഫലത്തിൽ നിന്ന്‌ മുക്തമാവുന്ന അഭികാമ്യാവസ്ഥയാണെന്നും  'മിത്തും യാഥാർഥ്യവും' എന്ന ലേഖനത്തിൽ  ഡി.ഡി.കൊസാംബി രേഖപ്പെടുത്തിയിട്ടുണ്ട്. ഗീത രണ്ടാം അദ്ധ്യായം അവസാനിപ്പിയ്ക്കുന്നത് സ്ഥിതപ്രജ്ഞലക്ഷണത്തോടെയാണ്. ശ്രീ ബുദ്ധൻ മുന്നോട്ടു വച്ച ബോധോദയം (enlightenment) എന്ന ആശയമാണ് സ്ഥിതപ്രജ്ഞലക്ഷണമായി ഗീതയിൽ അവതരിപ്പിച്ചിട്ടുള്ളത് എന്നുള്ള അഭിപ്രായവും ഉണ്ടായിട്ടുണ്ട്.  

ഭഗവത് ഗീത ആധാരമാക്കുന്ന മേൽപ്പറഞ്ഞ തത്വദർശനങ്ങളിൽ മിക്കതും ഈശ്വരന്റെ അസ്തിത്വം മാനിച്ചിരുന്നില്ലയെന്നും അവയിൽ ഈശ്വരവിശ്വാസം കടന്നു കൂടിയത് പിൽക്കാലത്തുണ്ടായ കൂട്ടിച്ചേരലുകളിലൂടെയാണെന്നും പണ്ഡിതമതം. ഋഷീശ്വരന്മാരുടെ ബൗദ്ധികാന്വേഷണത്തിന്റെ ഫലമായുണ്ടായ നിസ്വാർത്ഥമായ തത്വദർശനങ്ങൾ മനുഷ്യരാശിയുടെ  മുന്നോട്ടുള്ള പ്രയാണത്തിനു വലിയ മുതൽക്കൂട്ടാകുമ്പോൾ, അതിലൊക്കെ സ്വാർത്ഥമനുഷ്യർ നടത്തുന്ന കലർപ്പുകൾ മനുഷ്യരാശിയെ പിറകോട്ടു വലിയ്ക്കുകയാണ് ചെയ്യുന്നതെന്ന് ചരിത്രം പഠിപ്പിയ്ക്കുന്നു. ഗീത രചിച്ച മഹാത്മാക്കളും (പല വ്യാസന്മാർ 200 ൽപ്പരം വർഷങ്ങൾ കൊണ്ടാണ് ഗീതാരചന പൂർത്തിയാക്കിയിട്ടുള്ളതെന്ന അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ) മനുഷ്യരാശിയെ മുന്നോട്ടു നയിയ്ക്കാനാനുദ്ദേശിച്ചായിരിക്കണം ഈ  ഗ്രന്ഥം രചിച്ചതെന്നാണ് എന്റെ വിശ്വാസം. വിശ്വാസത്തിലുപരിയായി യുക്തിപരവും ശാസ്ത്രീയവുമായ ഒരു പഠനത്തിലൂടെയേ ഗീതയുടെ ഈ ലോകക്ഷേമതലത്തെ നമുക്കു മനസ്സിലാക്കാൻ കഴിയൂ. ഇങ്ങിനെ നോക്കുമ്പോൾ, വിശ്വാസപൂർവ്വം നോക്കുമ്പോൾ കാണുന്നതിൽ നിന്നും വ്യത്യസ്ഥമായൊരു പശ്ചാത്തലം ഗീതയ്ക്കില്ലേ എന്ന് പലപ്പോഴും തോന്നിപ്പോകുന്നു.

ഗീതോപദേശത്തിനായി ശബ്ദായമാനമായ ഒരു യുദ്ധക്കളം എന്തിനായിരിക്കാം ഗീതാകാരൻ തിരഞ്ഞെടുത്തത് എന്നു ഞാൻ കഴിഞ്ഞ ഭാഗത്തിൽ ചോദിച്ചിരുന്നു. ബോധപൂർവം ചിന്തിച്ചാൽ ഇതിനു കിട്ടാവുന്ന ഒരു ഉത്തരം, ആ യുദ്ധക്കളം നമ്മൾ ചിന്തയ്ക്കുന്നതുപോലെയുള്ള ഒരു യുദ്ധക്കളം ആയിരിയ്ക്കില്ലയെന്നാണ്. പഞ്ചേന്ദ്രിയങ്ങളാകുന്ന കുതിരകൾ വലിയ്ക്കുന്ന ശരീരമാകുന്ന രഥത്തിൽ വിഷാദമഗ്നനായി ജീവൻ (അർജ്ജുനൻ) ഇരിയ്ക്കുന്നതും മനസ്സാകുന്ന കടിഞ്ഞാണുകളിലൂടെ ഇന്ദ്രിയാശ്വങ്ങളെ ബുദ്ധിയാകുന്ന സാരഥി (കൃഷ്ണൻ) നയിയ്ക്കുന്നതുമായ ഭഗവത് ഗീതാ സങ്കല്പം, കഠോപനിഷത്തിലെ 'രഥസങ്കല്പ' ത്തിൽ നിന്നും കടം കൊണ്ടതാണെന്നു ഈ പരമ്പരയുടെ ആമുഖത്തിൽ പറഞ്ഞിരുന്നത് ഓർക്കുമല്ലോ? ഇതാണ് ഗീതാ സങ്കൽപ്പമെങ്കിൽ ഗീതയിൽ പറയുന്നതെല്ലാം തന്നെ മനുഷ്യനെ സംബന്ധിയ്ക്കുന്ന ആത്മ-ശരീര-മനോ-ബുദ്ധി തത്വവിഷയങ്ങളാകാതെ തരമില്ല. മനുഷ്യനു സദ്‌വാസനകൾ എണ്ണത്തിൽ കുറവും ദുർവാസനകൾ എണ്ണത്തിൽ കൂടുതലുമാണ്. അഞ്ചു സദ്‌വാസനകളെ (പഞ്ചപാണ്ഡവർ) നൂറ്റിയൊന്നു ദുർവാസനകൾ (കൗരവർ) എതിർക്കുന്നു. മനസ്സാണിവിടെ യുദ്ധക്കളം. ആത്യന്തികമായ ജയം സദ്‌വാസനകൾക്കാണ് (സത്യത്തിനാണ്). അപ്പോൾ "തസ്മാത് യുദ്ധ്യസ്വ ഭാരത - Therefore fight O Arjuna' എന്നതിനെ 'മടിച്ചു നിൽക്കാതെ അധാർമ്മികതയോട്, നീതികേടിനോട്, തെറ്റിനോട് സമരം ചെയ്യൂ' എന്നു നമ്മുടെ ബുദ്ധി, ജീവനു (മനഃസ്സാക്ഷി നമുക്കു) നൽകുന്ന നിർദ്ദേശമായിചിന്തിക്കേണ്ടി വരും. ദൃശ്യതലത്തിൽ നാം കണ്ട യുദ്ധക്കളവും യുദ്ധവും ഒന്നും ഗീതയിലില്ലെങ്കിൽ പിന്നെ ഏതു ഹിംസാത്മകമായ യുദ്ധത്തിന്റെ കാര്യമാണ് നമ്മൾ പറഞ്ഞുകൊണ്ടിരിയ്ക്കുന്നത്‌? സനാതനധർമ്മത്തിൽ ഹിംസയ്ക്കു സ്ഥാനമില്ല. ഗീത പറയുന്നത് ഋഷിമനസ്സുകൾ കണ്ടെത്തിയ വലിയ തത്വശാസ്ത്രങ്ങളാണ്, പ്രപഞ്ച സത്യങ്ങളാണ്. സത്യങ്ങൾ വിശ്വസിക്കാനുള്ളതല്ല, അറിഞ്ഞനുഭവിക്കാനുള്ളതാണ്. തത്വവിചാരത്തെ ലൗകിക വിഷയങ്ങളുമായി ബന്ധപ്പെടുത്താൻ ശ്രമിക്കുമ്പോഴുണ്ടാകാവുന്ന ബുദ്ധിമുട്ടുകൾ ഗീതാവ്യാഖ്യാനങ്ങളിൽ പലയിടങ്ങളിലും നിഴലിക്കുന്നതായി എനിക്ക് തോന്നാറുണ്ട്. തോന്നലുകൾ എല്ലാഴ്‌പ്പോഴും ശരിയാകണമെന്നില്ല എന്നതും കൂടി പറഞ്ഞുകൊള്ളട്ടെ.

ശരി, ഇപ്പറഞ്ഞതിന്റെയൊക്കെ വെളിച്ചത്തിൽ അടുത്തയാഴ്ച (അടുത്ത വർഷം) മുതൽ നമുക്കു ഗീതാ പഠനം തുടരാം.

ഭഗവത് ഗീതയുടെ പേരിൽ നിങ്ങളേവർക്കും ധന്യമായ ഒരു പുതുവത്സരം നേരുന്നു.

Friday, December 23, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 7)

ആത്മാവിന്റെ സവിശേഷതകളെക്കുറിച്ചാണ് നാം ചർച്ച ചെയ്തുകൊണ്ടിരിക്കുന്നത്. ആത്മാവ് നാശരഹിതനും നിത്യനും അപ്രമേയനും അജനും ശാശ്വതനും പുരാണനുമാണെന്നും ഇക്കാണുന്ന പ്രപഞ്ചമെല്ലാം അതിനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നുവെന്നും നാം കണ്ടു കഴിഞ്ഞു. ഇങ്ങെനെയുള്ള ആത്മാവ് ആരെയും കൊല്ലുന്നില്ല, ആത്മാവിനെയും ആരും കൊല്ലുന്നില്ല, ആത്മാവിനുള്ള ശരീരങ്ങൾ മാത്രമാണ് നശിയ്ക്കുന്നത്, അതുകൊണ്ടു ആരെയെങ്കിലും കൊല്ലുന്നുവെന്നോർത്തു നീ ദുഖിക്കേണ്ടതില്ല അർജ്ജുനാ, അതിനാൽ യുദ്ധം ചെയ്യുക എന്നും ഭഗവാൻ പറഞ്ഞു കഴിഞ്ഞു. ഹിംസാത്മകമായ യുദ്ധമെന്നല്ല, ബാദ്ധ്യസ്ഥമായ കർമ്മമെന്നാണ് 'തസ്മാദ്യുദ്ധ്യസ്വ (therefore fight)' എന്ന വാക്കുകളെ നാം മനസ്സിലാക്കേണ്ടതെന്നു കഴിഞ്ഞഭാഗത്തിൽ പറഞ്ഞിരുന്നു. അതായത് ഭഗവത് ഗീതയുടെ യുദ്ധപശ്ചാത്തലത്തിൽ 'തസ്മാദ്യുദ്ധ്യസ്വ' യിലെ 'യുദ്ധം' എന്നവാക്കിനെ "ക്ഷത്രിയധർമ്മം' എന്ന അർത്ഥത്തിൽ മനസ്സിലാക്കണമെന്നു സാരം. വിവാദപരമായ ഈ ഗീതാസന്ദേശത്തെക്കുറിച്ചു കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കാൻ കഴിഞ്ഞാൽ അതു നന്നായിരിക്കുമെന്നെനിക്കു തോന്നുന്നു. ഭക്തിതലത്തിൽ നിന്നുകൊണ്ട് വിശദീകരിക്കാൻ കഴിയാത്ത പല ആത്മീയവിഷയങ്ങളും യുക്തിതലത്തിൽ വിശദീകരിക്കാൻ കഴിയുന്നതായി കാണാറുണ്ട്. ഭാരതീയ ആത്മീയദർശനങ്ങൾ കേവല ഭക്തിവിശ്വാസപ്രമാണങ്ങളല്ല, മറിച്ചു തികച്ചും യുക്തിപരവും ശാസ്ത്രീയവുമായ ചിന്താപദ്ധതികളാണെന്ന് മനസ്സിലാക്കുമ്പോൾ, ഉപനിഷൽ സാരമായ ഭഗവത് ഗീതയും യുക്തിസഹമാകാതെ തരമില്ല. ഭഗവത് ഗീതയ്ക്ക് 'ഹിംസാത്മകമായ യുദ്ധപ്രേരണയുടെ ഒരു തീവ്രവാദമുഖമുണ്ട്‌' എന്ന വാദത്തെ യുക്തിഭദ്രമായി ഖണ്ഡിക്കണമെങ്കിൽ 'തസ്മാദ്യുദ്ധ്യസ്വ ഭാരത' എന്ന ശ്ലോകഭാഗത്തിൻറെ യുക്തിസഹമായ വ്യാഖ്യാനത്തിലേക്ക് തന്നെ എത്തിച്ചേരേണ്ടതുണ്ട്. ഇതിലേക്കായുള്ള ഒരു ശ്രമമാണ് ഞാൻ കഴിഞ്ഞഭാഗത്തിൽ നടത്തിയത്. അതിന്റെ തുടർച്ചയാണ് ഇതടക്കം ഇനി വരുന്ന രണ്ടു ലേഖനങ്ങളിലൂടെ ഉദ്ദേശിക്കുന്നത്.

അനശ്വരമായ ആത്മാവിന്റെ താത്ക്കാലിക വാസസ്ഥലമാണ് നശ്വരമായ ശരീരമെന്നും ശരീരത്തിന് ജീവൻ നൽകുന്ന ആത്മാവാണ് യാഥാർത്ഥമായുള്ളതെന്നും ആത്മാവിനു മരണമില്ലാത്തതിനാൽ ആരും ആരെയും കൊല്ലുന്നില്ലെന്നുമാണല്ലോ ഭഗവാൻ പറഞ്ഞത്? പ്രായോഗിക തലത്തിൽ ഇതെത്രമാത്രം ശരിയാണ്? ഒരാളെ കൊന്നതിനു ശേഷം പോലീസ് സ്റ്റേഷനിൽ പോയി 'ഞാനാരെയും കൊന്നിട്ടില്ല, ശരീരമല്ല, ആത്മാവാണ് പ്രധാനം, ആത്മാവിനു മരണമില്ലെന്നു ഞങ്ങളുടെ ഭഗവാൻ പറഞ്ഞിട്ടുണ്ടെന്നു' പറഞ്ഞാൽ മതിയാകുമോ? എന്തൊക്കെ ഗീതയും ഭഗവാനും പറഞ്ഞാലും ഇഹലോക ജീവിതം ശരീരസംബന്ധിതന്നെയാണ്. അല്ലേ? നമ്മളിക്കാണുന്ന പെടാപ്പാടെല്ലാം പെടുന്നതു തന്നെ ബന്ധുമിത്രാദികളുമായി ചേർന്ന് ഇവിടെ ലഭിക്കാവുന്ന ഒരു 'നല്ല' ജീവിതത്തിനു വേണ്ടിയാണ്. അർജ്ജുനനും ഇതു തന്നെയല്ലേ ആഗ്രഹിച്ചത്? അപ്പോൾ കണ്ണിൽ ചോരയില്ലാത്തവിധത്തിൽ ഭഗവാൻ ഇങ്ങനെയൊക്കെ പറയുന്നതു ശരിയാണോ? അർജ്ജുനനോട് കൃഷ്ണൻ പറഞ്ഞതാണു സത്യം എന്ന് വിചാരിച്ചു ഭക്തർ ആരെയെങ്കിലും പോയി കൊന്നാൽ  ശിഷ്ടജീവിതം ഇരുമ്പഴിക്കുള്ളിലായതു തന്നെ. സർവ്വസംഗപരിത്യാഗയായ ഒരു സന്യാസിക്ക് ഇതു കൊണ്ട് കുഴപ്പമില്ലായിരിക്കാം. പക്ഷെ, നമ്മൾ സാധാരണ മനുഷ്യന്മാരുടെ കഥ അതല്ലല്ലോ? അപ്പോൾ, ലോകജീവിതവുമായി യാതൊരു ബന്ധവുമില്ലാത്ത കുറെ തത്വങ്ങളും പറഞ്ഞു, എന്ത് ഇഷ്ടജനപരിപാലനമാണീ ഭഗവാൻ നടത്തുന്നത്? എന്താണീ ഗ്രന്ഥത്തിൽ എഴുതി പിടിപ്പിച്ചിരിക്കുന്നത്? ഇതൊക്കെ എഴുതിപിടിപ്പിച്ചവർ ബോധഹീനരായിരുന്നോ? നമ്മളെപ്പോലെ ലൗകികജീവിതം ആസ്വദിക്കാൻ കഴിയാഞ്ഞതുകാരണം അവർക്കുണ്ടായ ഭ്രാന്തൻ ചിന്തകളാണോ ഇതൊക്കെ? നമ്മുടെ ലൗകിക ജീവിതത്തിൻറെ ഭംഗി കുറയ്ക്കുന്നതും പ്രാവർത്തികമല്ലാത്തതുമായ ഈ തത്വചിന്തകൾകൊണ്ട് എന്തു ഗുണം?

ഭഗവത് ഗീതയിൽ ഭഗവാൻ അർജ്ജുനനു നൽകുന്നത് മഹത്തായ തത്‍വോപദേശങ്ങളാണല്ലോ? ആൾ ബഹളമില്ലാത്ത, ശാന്തമായ സ്ഥലമാണ് മനഃ പരിവർത്തനം ലക്ഷ്യമാക്കിയുള്ള തത്‍വോപദേശത്തിനു പറ്റിയ സ്ഥലമെന്ന് നമുക്കെല്ലാം അറിയാം. ചന്ത പോലെ ശബ്ദായമാനമായ സ്ഥലത്ത് ഒരു സ്വാമിയും ആശ്രമം സ്ഥാപിക്കാൻ ആഗ്രഹിക്കില്ല. ഇപ്പഴല്ലേ നമ്മൾ കാടെല്ലാം വെട്ടിത്തെളിച്ചു നാടാക്കിയത്? പണ്ടാണെങ്കിൽ ഒരു മനുഷ്യപ്രാണിപോലും കടന്നു ചെല്ലാത്ത ശാന്തഗംഭീരമായ കാനനപ്രദേശങ്ങൾ എത്രയോ ഉണ്ടായിരുന്നു? അർജ്ജുനനെ അവിടെവിടെയെങ്കിലും വിളിച്ചുകൊണ്ടുപോയി സൗകര്യമായി തത്‍വോപദേശം നൽകാമായിരുന്നില്ലേ കൃഷ്ണന്? പിന്നെന്തേ, വ്യാസമഹർഷി വളരെ മഹത്തായ ഗീതോപദേശത്തിനു മനുഷ്യരാരും ചിന്തിക്കാൻ പോലും മടിക്കുന്ന ഒരു യുദ്ധക്കളം തിരഞ്ഞെടുത്തു? ഇതിൽ അപാകതയില്ലേ? സാമാന്യബോധത്തിൽ ചിന്തിച്ചാൽ അപാകതയുണ്ട് എന്നത് തന്നെയാണുത്തരം. അപ്പോൾ പൂർണ്ണനെന്നും ബോധസ്വരൂപനെന്നും മറ്റും നമ്മൾ വിശ്വസിക്കുന്ന ഭഗവാനും ബുദ്ധിയില്ലേ? ഒന്നുകിൽ ഭഗവൽ വിഷയമല്ലേയെന്നോർത്തു അതിലെ അബദ്ധവും സുബദ്ധവും ഒന്നും ചിന്തിക്കാതെ 'ഭക്തിപൂർവ്വം'കണ്ണുമടച്ചങ്ങു വിശ്വസിക്കുക, അല്ലെങ്കിൽ ഇതൊക്കെ അബദ്ധപഞ്ചാംഗങ്ങളായിക്കണ്ട് വ്യാസമുനിയെ വിവരദോഷിയായും ഭഗവാൻ കൃഷ്ണനെ ഹിംസാത്മകമായ യുദ്ധം ചെയ്യാൻ അർജ്ജുനനെ പ്രേരിപ്പിച്ച തീവ്രവാദിയായും ഭഗവത് ഗീതയെ തീവ്രവാദഗ്രന്ഥമായും ചിത്രീകരിക്കുക. ഈ രണ്ടു കൂട്ടരും കഥയറിയാതെ ആട്ടം കാണുന്നവരാണ്. ഇപ്പറയുന്നതിന്റെയൊക്കെ സാംഗത്യമെന്താണ്?


ബോധപൂർവം ചിന്തയ്ക്കുന്ന എല്ലാ ഗീതാഭക്തരും ചോദിക്കേണ്ട ചോദ്യങ്ങളാണ് മുകളിൽ ഉദ്ധരിച്ചതൊക്കെ. ഇങ്ങിനെ ചോദ്യങ്ങൾ ചോദിക്കുമ്പോൾ മാത്രമേ ശരിയായ ഉത്തരങ്ങൾ ലഭിക്കൂ. ആത്മവിഷയത്തിൽ ചോദ്യങ്ങൾ ചോദിക്കുമ്പോൾ വെറും ഉത്തരങ്ങൾ മാത്രമല്ല, ഉൾക്കാഴ്ചയും ലഭിക്കുമെന്നതാണതിന്റെ പ്രത്യേകത. അങ്ങിനെ സ്വയം ചോദ്യം ചോദിച്ചു തേടി ലഭിയ്ക്കുന്ന ഉത്തരങ്ങളേ മനസ്സിൽ തങ്ങി നിൽക്കൂ. അവ മാത്രമേ മനസ്സിനെ സ്പർശിച്ചു ബോധത്തിന്റെ ഭാഗമായി മാറി നമ്മളെ പരിവർത്തനത്തിനു പ്രേരിപ്പിക്കൂ. ചോദ്യം ചോദിക്കാൻ കഴിയുന്നില്ലെങ്കിൽ, ആദ്ധ്യാത്മിക പ്രഭാഷണങ്ങൾ അനേകം കേട്ടതുകൊണ്ടോ ആത്മീയഗ്രന്ഥങ്ങൾ അനവധി വായിച്ചതുകൊണ്ടോ, ബഹുമാന്യരായ സന്യാസി വര്യന്മാരെ പൂജിച്ചതു കൊണ്ടോ ഒന്നും ഒരു പ്രയോജനവും ഉണ്ടാവില്ല എന്നതാണ് സത്യം. കാരണം സത്യത്തെ അറിയണമെങ്കിൽ അന്വേഷിക്കുക തന്നെ വേണം. അന്വേഷണത്തിനു മനസ്സ് തയ്യാറാണെങ്കിൽ മുകളിൽ പറഞ്ഞതെല്ലാം തന്നെ അതിനവശ്യമായ ഉപകരണങ്ങളായി മാറുകയും ചെയ്യും. നമ്മുടെ പൂർവ്വികരായ തത്വദർശികൾ ഈ പ്രപഞ്ചത്തെക്കുറിച്ചിങ്ങനെ നൂറു കണക്കിനു ചോദ്യങ്ങൾ ചോദിച്ചു, അന്വേഷിച്ചു കണ്ടെത്തിയ ഉത്തരങ്ങളാണ് നമ്മുടെ പൈതൃക സ്വത്ത്‌ തന്നെ. അതു നമ്മൾ വേണ്ട വിധത്തിൽ നോക്കിക്കണ്ടു മനസ്സിലാക്കി അനുഭവിക്കുന്നുണ്ടോ എന്നുള്ളതാണ് പ്രശ്നം.

നമ്മൾ ചർച്ച ചെയ്യുന്നത് ആത്മവിഷയമാണ്; അതായത് നമ്മെ നിലനിർത്തുന്ന ആത്മാവിനെ സംബന്ധിക്കുന്ന വിഷയം. നമ്മുടെ പൂർവികരായ തത്വദർശികൾ നിരീക്ഷണ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ സത്യങ്ങൾ. ഈ ലോകത്തു മറഞ്ഞു കിടക്കുന്ന ഒരു ശാസ്ത്രസത്യത്തെ ഒരു ഭൗതിക ശാസ്ത്രജ്ഞൻ നിരീക്ഷണപരീക്ഷണങ്ങളിലൂടെ എങ്ങിനെയാണോ അനാവരണം ചെയ്തു വെളിപ്പെടുത്തുന്നത് ഏതാണ്ട് അതുപോലെ തന്നെയാണ് തത്വദർശികളും ആത്മവിഷയത്തിൽ കണ്ടെത്തലുകൾ നടത്തുന്നത്. ആദ്യത്തേത് വെളിയിലുള്ള അന്വേഷണമാണെങ്കിൽ രണ്ടാമത്തേത് അകമേയുള്ള അന്വേഷണമാണ് എന്നുള്ളതാണ് വ്യത്യാസം. ഭൗതിക ശാസ്ത്രജ്ജന്റേതിൽ നിന്നും വ്യത്യസ്തമായി, തത്വദർശിയുടെ പരീക്ഷണശാല മനസ്സും ബുദ്ധിയും (യോഗ) ആണെന്ന വ്യത്യാസവും ഉണ്ട്. ഭൗതികമായി അനാവരണം ചെയ്യപ്പെടുന്ന ശാസ്ത്രസത്യങ്ങളെ ലോകത്തിനു പ്രയോജനപ്പെടുന്നതിലേക്കായി ശാസ്ത്രജ്ജർ പല വിധങ്ങളിലും ഉപയോഗിക്കുന്നത് പോലെ, ആന്തരിക ഗവേഷണത്തിലൂടെ തത്വദർശികൾ കണ്ടെത്തിയ സത്യങ്ങളെയും മനുഷ്യമനസ്സുകളുടെ പരിവർത്തനത്തിനും തദ്വാര ലോകക്ഷേമത്തിനും പ്രയോജനപ്പെടുത്താൻ കഴിയുന്നതാണ്. ആർഷഭാരത ദർശനങ്ങളെല്ലാം ബൗദ്ധികാന്വേഷണത്തിലൂടെ കണ്ടെത്തിയിട്ടുള്ള സത്യങ്ങളാണ്. യുക്തിയ്ക്കു നിരക്കാത്തതിനെ ഒന്നും ശാസ്ത്രം അംഗീകരിക്കില്ല; അത് ഭൗതിക വിഷയത്തിലായാലും ആത്മവിഷയത്തിലായാലും. ആയതിനാൽ തന്നെ ആത്മവിഷയങ്ങൾ ഒന്നും തന്നെ കണ്ണുമടച്ചു വിശ്വസിക്കേണ്ട കാര്യങ്ങളല്ല, മറിച്ചു ബോധപൂർവം ചിന്തിച്ചു, അറിവിന്റെ ഭാഗമാക്കി അനുഭവിക്കാനുള്ളതാണ് എന്ന് നാം മനസ്സിലാക്കണം. ഭഗവത് ഗീതയിൽ പറയുന്ന ആത്മവിഷയങ്ങൾ എല്ലാം തന്നെ ഇങ്ങനെ യുക്തിഭദ്രമായി രൂപപ്പെട്ടിട്ടുള്ളതാണെന്നും അതിനാൽ തന്നെ അതൊന്നും കേവല വിശ്വാസവിഷയങ്ങളോ അബദ്ധപഞ്ചാംഗങ്ങളോ അല്ല എന്നും പറയാൻ വേണ്ടി ഇത്രമാത്രം പറഞ്ഞുവെന്നേയുള്ളൂ. തത്വദർശികൾ കണ്ടെത്തി ലോകക്ഷേമത്തിനായി നൽകിയ ആത്മതത്വങ്ങളെ സ്വാർത്ഥലാഭങ്ങൾക്കായി മനുഷ്യർ കാലാകാലങ്ങളായി ഉപയോഗിക്കുകയും അങ്ങിനെ അവയുടെ ശോഭ ഒരു പരിധി വരെ കെടുത്തുകയും ചെയ്തിട്ടുണ്ടെന്നുള്ളത് ഒരു വസ്തുതയാണ്. ഒരു കാലഘട്ടത്തിന്റെ ആത്മീയ (ഈശ്വര) ചിന്താപദ്ധതികളുടെ ആകെത്തുകയെന്നു വിശേഷിപ്പിക്കാവുന്ന ഭഗവത് ഗീതയിൽ ആത്മവിഷയങ്ങളോടൊപ്പം തന്നെ ഇങ്ങിനെയുമുള്ള മാനുഷിക ഇടപെടലുകളെക്കുറിച്ചുള്ള പരാമർശങ്ങളും അതിനാൽ തന്നെ ഉണ്ടാകുന്നുമുണ്ട്. 

ഭഗവത് ഗീതയുടെ തികച്ചും യുക്തിപരമായ ആത്മതലം മനസ്സിലാക്കണമെങ്കിൽ ഭാരതീയ ദർശനശാസ്ത്രങ്ങളുടെ ഏകദേശരൂപമെങ്കിലും അറിഞ്ഞിരിക്കണം. ഈ പ്രപഞ്ചം എങ്ങനെയുണ്ടായി? ആരാണ് നമ്മൾ? എന്താണ് നമ്മുടെ സ്വത്വം? നാം എന്തിനാണിവിടെ ജനിച്ചത്? ഇവിടെ നിന്നും നാം എങ്ങോട്ടാണ് പോകുന്നത്? മരണത്തിനുശേഷം എന്തു സംഭവിയ്ക്കും?....ഇങ്ങനെ അനേകം അനേകം ചോദ്യങ്ങളും അതിനു തത്വദർശികൾ കണ്ടെത്തിയ ഉത്തരങ്ങളുമാണ് ആത്മവിഷയം എന്നതു കൊണ്ടുദ്ദേശിക്കുന്നത്. ഈ ആത്മഗവേഷണത്തിൽ ഈശ്വര സങ്കൽപ്പത്തെ പൂർണ്ണമായി നിരാകരിച്ചും സ്വീകരിച്ചും ഉള്ള പല തത്വശാസ്ത്രങ്ങളും ഭാരതത്തിൽ ഉണ്ടായിട്ടുണ്ട്. പക്ഷെ ഇതിലൊന്നിലും തന്നെ നമുക്കിന്നു സുപരിചിതമായ ഭക്തിപരമായ 'ഈശ്വരവിശ്വാസം' എന്നൊരു കാര്യം കാണാൻ കഴിയില്ല എന്നതാണ് അതിശയം (കാലം മാറിയപ്പോൾ കോലവും മാറി). അന്വേഷണങ്ങൾക്ക് വിശ്വാസവുമായി ബന്ധമൊന്നുമില്ല എന്നതാണതിന്റെ കാര്യം. ഈ ലേഖന പരമ്പരയുടെ പൂർവഭാഗങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ, വൈവിദ്ധ്യമാർന്ന തത്വദർശനങ്ങളും അക്കാലത്തെ സമൂഹത്തിൽ അതൊക്കെ സൃഷ്ടിച്ചിട്ടുള്ള പ്രശ്നങ്ങളും എല്ലാം കണ്ടറിഞ്ഞ ഋഷിമനസ്സുകളാണ് അവയെല്ലാം ക്രോഡീകരിച്ചും ശുദ്ധീകരിച്ചും ലോകക്ഷേമത്തെ ലക്ഷ്യമാക്കി ഭഗവത് ഗീതാ രചന നടത്തിയിട്ടുള്ളത്. ഞാൻ ഇപ്പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി, ആത്മീയേതരലക്ഷ്യങ്ങൾ നേടാനായി ഭരണവർഗ്ഗം സൃഷ്ട്ടിച്ച ഒരു ഗ്രന്ഥമാണ് ഭഗവത് ഗീത എന്നുള്ള ഗൗരവതരമായ ആക്ഷേപങ്ങളും ഉന്നയിക്കപ്പെട്ടിട്ടുണ്ട്. അതെന്തു തന്നെയായാലും ആർഷഭാരത ദർശനങ്ങൾ ഭഗവത് ഗീതയുടെ അവിഭാജ്യ ഘടകമാണെന്നുള്ളതിൽ രണ്ടഭിപ്രായം ഉണ്ടെന്നെനിക്കു തോന്നുന്നില്ല. നമ്മൾ ഇപ്പോൾ ചർച്ച ചെയ്തുകൊണ്ടിരിക്കുന്ന 'സാംഖ്യയോഗ'മെന്ന രണ്ടാം അദ്ധ്യായത്തിൽ കാണുന്ന ആത്മവിഷയം തന്നെ കപിലമുനിയുടെ 'സാംഖ്യദർശന'ത്തെയും ഉപനിഷത് (വേദാന്ത) ചിന്തകളെയും ആധാരമാക്കിയുള്ളതാണ്. സാംഖ്യദർശനത്തിനു പുറമേ, പതഞ്‌ജലി മഹർഷിയുടെ യോഗശാസ്ത്രം, ബുദ്ധ-ജൈന ദർശനങ്ങൾ, വേദാന്ത ദർശനങ്ങൾ....അങ്ങിനെ പല തത്വചിന്താധാരകളും ഭഗവത് ഗീതയിൽ സമന്വയിക്കുന്നുണ്ട്. ഇതൊക്കെ തന്നെ വളരെ യുക്തിപൂർവ്വമായ മനുഷ്യചിന്തകളാണുതാനും. ഈ മനുഷ്യചിന്തകളെ മനസ്സിലാക്കാൻ നമ്മൾ ശ്രമിക്കണം എന്നു മാത്രം. അപ്പോൾ മാത്രമേ ആത്മവിദ്യ ലക്ഷ്യമാക്കുന്ന 'മാനവനിൽ നിന്നും മാധവനിലേക്കുള്ള മാറ്റം' നമുക്കു സാധ്യമാകൂ.

ഭഗവത് ഗീതാപഠനം എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് ഗീതാശ്ലോകങ്ങളുടെ വ്യാഖ്യാനം എന്നതു മാത്രമല്ല, ഗീതയെ സാർവ്വലൗകികമാക്കാൻ സഹായിക്കുന്ന അതിന്റെ പശ്ചാത്തലഭംഗികളിലേക്കുള്ള ഒരെത്തിനോട്ടം കൂടിയാണ്. അതുകൊണ്ട് തന്നെ ഇന്നത്തെപ്പോലെ ചിലപ്പോഴെങ്കിലും ശ്ലോകവ്യാഖ്യാനങ്ങളിൽ നിന്നും വിട്ടു മാറി മറ്റു പ്രസക്ത വിഷയങ്ങളേയും പരാമർശിക്കേണ്ടതായി വരുന്നു. ഇന്നു പരാമർശിച്ച വിഷയങ്ങളെക്കുറിച്ചു കുറച്ചു കൂടി ആഴത്തിൽ ചിന്തിക്കുകയും ഉന്നയിക്കപ്പെട്ട ചോദ്യങ്ങൾക്ക് യുക്തിസഹമായ ഉത്തരങ്ങൾ കണ്ടെത്തുകയും വേണം. അടുത്ത ഒരു ഭാഗത്തിലൂടെ ഇതു ചെയ്ത ശേഷം കൂടുതൽ വ്യക്തതയോടെ നമുക്കു ഗീതാപഠനം തുടരാം.

Friday, December 16, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 6)

നമ്മുടെ ശരീരമനോബുദ്ധികളെല്ലാം തന്നെ മാറ്റമുള്ളതാണെന്നും (അസത്ത്, unreal) മാറ്റമില്ലാത്തതായുള്ളത് (സത്ത്, real) ആത്മാവു മാത്രമാണെന്നും ധീരരായുള്ളവർ ഈ തിരിച്ചറിവോടെ ആത്മബോധത്തിൽ അമർന്നു ജീവിക്കുന്നവരാകുന്നുവെന്നും ഭഗവാൻ പറഞ്ഞു കഴിഞ്ഞു. ഈ ആത്മാവിന്റെ സ്വരൂപമെന്താണ്? അതാണിനി പറയാൻ പോകുന്നത്.   

അവിനാശി തു  തദ്വിദ്ധി യേന സർവമിദം തതം
വിനാശ മവ്യയസ്യാസ ന കശ്ചിത് കർതുമർഹതി (ശ്ലോകം 2:17)  

(ഏതൊന്നിൽ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാൻ ആർക്കും കഴിയില്ല). 

അന്തവന്ത ഇമേ ദേഹാ നിത്യ സ്യോക്താ: ശാരീരിണ:
അനാശിനോ പ്രമേയസ്യ തസ്മാദ്യുദ്ധ്യസ്വ  ഭാരത   (ശ്ലോകം 2:18)  

(നിത്യനും അവിനാശിയും അവിജ്ഞേയനുമായ ആത്മാവിനുള്ള ഈ ദേഹങ്ങൾ നാശമുള്ളവയാണെന്നു പറയപ്പെടുന്നു. അതുകൊണ്ട് അർജ്ജുനാ, നീ യുദ്ധം ചെയ്യുക).

യ  ഏനം  വേത്തി ഹന്താരം യശ്ച്ചയിനം മന്യതേ ഹതം  
ഉഭൗ  തൗ ന വിജാനീതോ നായം ഹന്തി ന ഹന്യതേ  (ശ്ലോകം 2:19) 

(യാതൊരാൾ ഈ ആത്മാവിനെ കൊല്ലുന്നവനെന്നു ധരിക്കുന്നുവോ യാതൊരാൾ ഇവനെ കൊല്ലപ്പെട്ടവനെന്നു ഗണിക്കുന്നുവോ, ആ  രണ്ടു പേരും വാസ്തവം അറിയുന്നില്ല. ആത്മാവ് ആരെയും കൊല്ലുന്നില്ല, ആത്മാവിനെ ആരും കൊല്ലുന്നുമില്ല).

ന ജായതേ മൃയതേ വാ കദാചിത്
നായം  ഭൂത്വാ ഭവിതാ ന ഭൂയഃ 
അജോ നിത്യ: ശാശ്വതോയം പുരാണോ 
ന ഹന്യതേ ഹന്യമാനേ ശരീരേ  (ശ്ലോകം 2:20)  

(ഈ ആത്മാവ് ഒരിക്കലും ജനിക്കുന്നുമില്ല, മരിക്കുന്നുമില്ല. ജനിച്ചിട്ട് വീണ്ടും ജനിക്കാതിരിക്കുന്നുമില്ല. ജനനമില്ലാത്തവനും സ്ഥിരനും പണ്ടേ ഉള്ളവനുമായ ഇവൻ ശരീരം ഹതമാകുമ്പോൾ ഹനിക്കപ്പെടുന്നുമില്ല).

ആത്മാവ് നാശരഹിതമാണ്. നിത്യനാണ്. അപ്രമേയനാണ് (അറിവിന് വിഷയമല്ലാത്തവൻ). അജനാണ്  (ജനനമില്ലാത്തവൻ). മരണമില്ലാത്തവനാണ്. ശാശ്വതനാണ് (എന്നുമുള്ളവൻ). പുരാണനാണ് (പണ്ട് പണ്ടേയുള്ളവൻ). ഇക്കാണുന്ന പ്രപഞ്ചമെല്ലാം അതിനാൽ വ്യാപിക്കപ്പെട്ടിരിക്കുന്നു. എന്താണിപ്പറഞ്ഞതിന്റെയൊക്കെ അർത്ഥം? നമുക്കു നോക്കാം.

ശരീരത്തിന്റെ (ഏതിൻറെയും) തുടക്കം എന്നാൽ ജനനവും ഒടുക്കമെന്നാൽ മരണവുമാണെന്നു നമുക്കെല്ലാം അറിയാം. അതായത് ശരീരം സ്ഥിരമായുള്ളതല്ല. പക്ഷെ, ആത്മാവ് അങ്ങിനെയല്ല, അതിനു തുടക്കവും ഒടുക്കവുമില്ല. തുടക്കം എന്നാണെന്നു പറയാൻ കഴിയാത്തതിനാൽ അത് പണ്ടു പണ്ടേയുള്ളതാണെന്നു പറഞ്ഞിരിക്കുന്നു. ഒടുക്കം ഇല്ലാത്തതാകയാൽ അത്  ഇനിമേലിലും ഉള്ളതാണെന്ന് വരുന്നു. തുടക്കവും ഒടുക്കവും ഇല്ലാത്ത എന്തും സ്ഥിരമായുള്ളതായിരിക്കണമല്ലോ? അങ്ങിനെ നാശരഹിതനായുള്ള  ആത്മാവ്  നിത്യനും (eternal) ശാശ്വതനുമാകാതെ (changeless) തരമില്ല. ആത്മാവിൽ ആരോപിച്ചിരിക്കുന്ന ഈ സവിശേഷഗുണങ്ങൾക്ക് ശാസ്ത്രീയമായ അടിത്തറയെന്തെങ്കിലുമുണ്ടോ? അതോ ഇതൊക്കെ വെറും കാവ്യഭാവനയാണോ? ആത്മാവിന്റെ പ്രകൃതത്തെ പരിശോധിക്കുകയാണ് ഇതിനുള്ള മാർഗ്ഗം. 

'യാതൊന്നിനാൽ ഇതൊക്കെ (പ്രപഞ്ചമെന്നർത്ഥം) വ്യാപ്തമായിരിക്കുന്നുവോ അതാണ് ആത്മാവെന്നും അനശ്വരമായ അതിനെ ആർക്കും നശിപ്പിക്കാൻ കഴിയുന്നതല്ലയെന്നും' ശ്ലോകം 17ൽ പറഞ്ഞിട്ടുണ്ടല്ലോ?(ശരീരവിഷയത്തിൽ 'ആത്മാവ് (atman)' എന്നു പറയുന്നത്, പ്രപഞ്ചവിഷയത്തിലാകുമ്പോൾ 'ബ്രഹ്മം (brahman)' എന്നാകുന്നു. രണ്ടും ഒന്നു തന്നെയാണ്. The world is pervaded by brahman or God as layman understand). ഈ ആത്മപ്രകൃതത്തെ ഒന്നു രണ്ടുദാഹരണങ്ങളിലൂടെ മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.

ഒരേ മണ്ണു കൊണ്ടുണ്ടാക്കിയിട്ടുള്ള പല രൂപങ്ങളിലുള്ള മൺപാത്രങ്ങളെ സങ്കൽപ്പിക്കുക. പാത്രത്തിന്റെ രൂപം പല കാരണങ്ങളാൽ നശിയ്ക്കാം. പക്ഷെ പാത്രമുണ്ടാക്കിയ മണ്ണു നശിക്കുന്നില്ല. പല രൂപങ്ങളിലുള്ള സ്വർണ്ണാഭരണങ്ങൾ ഉണ്ടല്ലോ? ഉരുക്കിയാൽ അതിന്റെയൊക്കെ രൂപങ്ങൾ നഷ്ടപ്പെടും. പക്ഷെ സ്വർണ്ണത്തിനൊന്നും തന്നെ സംഭവിക്കുന്നില്ല. അതായത് അസ്ഥിരമായ (unreal) പാത്രരൂപങ്ങൾക്കു ജീവൻ നൽകിയത് സ്ഥിരമായ, നാശരഹിതമായ മണ്ണെന്ന ഉണ്മ (real) യായിരുന്നു എന്നർത്ഥം. ഇനി ശരീരവിഷയത്തിലേക്കു പോയാൽ നശ്വരമായ ശരീരങ്ങൾക്ക് ജീവൻ നൽകുന്നത് അനശ്വരമായ ആത്മചൈതന്യമാണെന്നു കാണാം.  അതായത് മണ്ണിനാൽ മൺപാത്രങ്ങളും സ്വർണ്ണത്തിനാൽ സ്വർണ്ണാഭരണങ്ങളും ആത്മാവിനാൽ ശരീരങ്ങളും വ്യാപ്തമായിരിക്കുന്നു. പ്രപഞ്ചം ബ്രഹ്മത്താൽ വ്യാപ്തമായിരിക്കുന്നു. അതായത് ഇക്കാണുന്നതെല്ലാം ബ്രഹ്മത്തിന്റെ പ്രഭാവത്താൽ മാത്രം സ്വത്വമാർജ്ജിക്കുന്നതാണ്. സമുദ്രത്തിൽ നിന്നുണ്ടായി സമുദ്രത്തിൽ തന്നെ വിലയം പ്രാപിക്കുന്ന തിരമാലകളെപ്പോലെ ബ്രഹ്മത്തിൽ നിന്നുദയം കൊണ്ട്, അതിൽ തന്നെ നിലനിന്ന്, അതിലേക്കു തന്നെ ലയിച്ചു ചേരുന്നതാണ് പ്രപഞ്ചത്തിൽ കാണുന്ന ചരാചര വസ്തുക്കളെല്ലാം തന്നെ. അതായത് സർവ്വം ബ്രഹ്മമയം. അനശ്വരമായ ഒന്നിനാലേ നശ്വരമായതിനു നിലനിൽപ്പുള്ളൂ എന്നർത്ഥം; അതു താത്ക്കാലികമാണെങ്കിൽപ്പോലും. 


ആത്മാവ് അപ്രമേയൻ (അളക്കാൻ കഴിയാത്തത്, അറിവിന്നു വിഷയമല്ലാത്തത്) ആണെന്ന് പറഞ്ഞല്ലോ? എന്താണ് ഇതിന്റെയർത്ഥം? ഏതൊന്നിനെയും അറിയുവാനുള്ള നമ്മുടെ ഉപകരണങ്ങളാണ് മനസ്സും ബുദ്ധിയും. എന്നാൽ ഇവ രണ്ടും സ്ഥിരസ്വഭാവമില്ലാത്തതാണ്. അതായത് മാറ്റമുള്ളതാണ്, ജഡമാണ്. ഇവയെ രണ്ടിനെയും സചേതനമാക്കുന്നത് ആത്മചൈതന്യമാണ്. ആത്മചൈതന്യത്താൽ പ്രവർത്തിതമാകുന്ന  ജഡോപകരണങ്ങൾക്ക് ആ ചൈതന്യത്തെ എങ്ങിനെ അളക്കാൻ കഴിയും, അറിയാൻ കഴിയും? കഴിയില്ല തന്നെ. ആത്മാവിനെ അറിയാൻ ഇന്ദ്രിയ മനോബുദ്ധികൾ അസമർത്ഥങ്ങളാണ്.

അർജ്ജുനാ, ഇങ്ങനെയുള്ള ആത്മാവിനെ കൊല്ലുന്നവനെന്നോ കൊല്ലപ്പെട്ടവനെന്നോ ആരെങ്കിലും ധരിക്കുന്നുണ്ടെങ്കിൽ അത് ആത്മജ്ഞാനമില്ലായ്മ കാരണമാണ്. ആത്മാവ് ആരെയും കൊല്ലുന്നില്ല, ആത്മാവിനെ ആരും കൊല്ലുന്നുമില്ല. അർജ്ജുനാ, നീ ഭീക്ഷ്മദ്രോണാദികളെ കൊല്ലേണ്ടിവരുമല്ലോ എന്നോർത്താണണല്ലോ ദുഖിക്കുന്നതും അതിന്റെ പേരിൽ യുദ്ധം ചെയ്യാൻ മടിയ്ക്കുന്നതും? മമതാബന്ധനം കാരണം ആത്മബോധം മറഞ്ഞു നിൽക്കുന്ന നിനക്ക് അവരുടെ നശ്വരമായ ശരീരങ്ങളെ മാത്രമേ കാണാൻ കഴിയുന്നുള്ളൂ; അവയെ ജീവസ്സുള്ളതാക്കുന്ന ആത്മാവിനെ കാണാൻ കഴിയുന്നില്ല. നാമരൂപങ്ങളായ ആ ശരീരങ്ങളാണ് അവരെന്നു നീ തെറ്റിദ്ധരിച്ചിരിക്കയാണ്. ഇന്നല്ലെങ്കിൽ നാളെ ആ ശരീരങ്ങളെല്ലാം നശിയ്‌ക്കാൻ പോകുകയാണ്. പക്ഷേ, ആ ആത്മാക്കളോ നശിയ്ക്കുകയും ഇല്ല. അതുകൊണ്ട് നീ ആരെയും കൊല്ലുകയോ അവർ നിന്നാൽ കൊല്ലപ്പെടുകയോ ചെയ്യാൻ പോകുന്നില്ല എന്നതാണ് സത്യം. പിന്നെന്തിനാണ് നീ ദുഖിക്കുന്നത്? നിന്റെ ദുഃഖത്തിനു യാതൊരു അടിസ്ഥാനവുമില്ല. അതുകൊണ്ടു ഭാരതവംശജനായ അർജ്ജുനാ, നീ യുദ്ധം ചെയ്തോളൂ (തസ്മാദ്യുദ്ധ്യസ്വ  ഭാരത). അർജ്ജുനനിലെ ക്ഷാത്രവീര്യത്തെ ഉണർത്തുവാനുദ്ദേശിച്ചാണ് കീർത്തിപെറ്റ ഭരതവംശത്തിൽ പിറന്നവനേ എന്ന് അർജ്ജുനനെ ഭഗവാൻ ഇവിടെ അഭിസംബോധന ചെയ്യുന്നത്.  

ഹിംസാത്മകമായ യുദ്ധം ചെയ്യാൻ മടി കാണിച്ച അർജ്ജുനനെ അതിനായി ശ്രീകൃഷ്ണൻ നിർബന്ധപൂർവം  പ്രേരിപ്പിച്ചു എന്നൊരാക്ഷേപം 'തസ്മാദ്യുദ്ധ്യസ്വ  ഭാരത - therefore fight, O Arjuna' എന്ന ശ്ലോകഭാഗം കൊണ്ടുണ്ടായിട്ടുണ്ട്. ഇതിന്റെ പേരിൽ ശ്രീകൃഷ്ണനെ ഒരു തീവ്രവാദിയായും ഭഗവത് ഗീതയെ തീവ്രവാദ നിലപാടിനെ പ്രൊത്സാഹിപ്പിക്കുന്ന ഗ്രന്ഥമായും ചിത്രീകരിക്കാൻ കാലാകാലങ്ങളായി പല ഗീതാ (ഹിന്ദുമത) വിരോധികളും  ശ്രമിച്ചിട്ടുണ്ട്. ഇങ്ങനൊരാക്ഷേപം ഈ ലേഖനപരമ്പരയുടെ വായനക്കാരിൽ ഒരാളും മുൻപ് ഉന്നയിച്ചിരുന്നു. എന്നാൽ ഇത് തികച്ചും തെറ്റായ ഒരാക്ഷേപമാണ്; അജ്ഞതയാണിതിന്റെ അടിസ്ഥാനം. വ്യാസമുനിയ്ക്കല്ല, വ്യാഖ്യാതാക്കൾക്കാണ് തെറ്റ് പറ്റുന്നത്. യുദ്ധക്കളത്തിൽ ക്ഷത്രിയന്റെ ധർമ്മം യുദ്ധം ചെയ്യലാണ്; വൈകാരികമായ കാരണങ്ങളാൽ അതിൽ നിന്നും ഒളിച്ചോടുന്നത് അധാർമ്മികമായ പ്രവൃത്തിയാണ്. യുദ്ധമുഖത്ത് നിന്നു വികാരാധീനനായി ഒരു പട്ടാളക്കാരൻ ഒളിച്ചോടാൻ ശ്രമിച്ചാൽ നമുക്കയാളോടു എന്ത് വികാരമാണു തോന്നുക? പുശ്ചo. അല്ലേ? ആ സന്ദർഭത്തിൽ ധർമ്മബോധമുള്ള  ഒരു മിലിട്ടറി കമ്മാൻഡർ എന്തായിരിക്കും ചെയ്യുക? തന്നിൽ നിക്ഷിപ്തമായ കഴിവുകൾ ഉപയോഗിച്ച് ആ പട്ടാളക്കാരനെ വികാരലോകത്തുനിന്നും തിരിച്ചു പിടിച്ചു വർദ്ധിതവീര്യവാനാക്കി യുദ്ധമുഖത്തേക്കു തിരിച്ചു വിടും. പട്ടാളക്കാരന്റെ മനോനിലയ്ക്കനുസരിച്ചായിരിക്കും കമ്മാൻഡർ തന്റെ മാനേജ്മെന്റ് തന്ത്രം മെനയുക. ഭരതവംശത്തിലെ ഏറ്റവും സമർത്ഥനും തന്റെ പ്രിയസുഹൃത്തുമായ അർജ്ജുനനെ കൃഷ്ണന് നന്നായറിയാം. യുദ്ധക്കളത്തിൽ നിന്നും ഒളിച്ചോടിപ്പോയ ഒരു ഭീരുവായി അർജ്ജുനനെ ലോകം പുശ്ചിക്കാൻ പാടില്ല. വില്ലാളി വീരനായ അർജ്ജുനൻ അങ്ങിനെ അധഃപതിക്കേണ്ടവനല്ല. മറ്റുള്ളവർക്ക് ചിന്തിക്കാൻ പോലും കഴിയാത്ത കാര്യങ്ങൾ ഒറ്റയ്ക്കു പൊരുതി നേടാൻ കഴിവുള്ള ക്ഷത്രിയവീരനാണവൻ. ബോധമുള്ളവനാണ് അർജ്ജുനൻ; അതിപ്പോൾ താത്ക്കാലികമായി ഒന്നു മറഞ്ഞു നിൽക്കുന്നുവെന്ന് മാത്രം. ബോധത്തെ മറയ്ക്കുന്ന മായാന്ധകാരത്തെ നീക്കി അർജ്ജുനനെ കർമ്മനിരതനാക്കുകയാണിപ്പോൾ വേണ്ടത്. അർജ്ജുനനെപ്പോലൊരു ജ്ഞാനസ്ഥനെ ഊർജ്വസ്വലനാക്കാൻ പറ്റിയ ഏറ്റവും നല്ല മാർഗ്ഗം തത്വോപദേശമാണെന്ന് കൃഷ്ണനറിയാം. ആ മാനേജ്മന്റ് തന്ത്രമാണ് ശ്രീകൃഷ്ണൻ ഇവിടെ പ്രയോഗിക്കുന്നത്. അർജ്ജുനനോട് മാത്രമല്ല, വൈകാരികമായ  കാരണങ്ങളാൽ കർമ്മരംഗത്തു നിന്നും ഓടിയൊളിക്കാൻ ശ്രമിയ്ക്കുന്ന കർമ്മ-ധർമ്മ വിമുഖരായ എല്ലാ മനുഷ്യരോടുമായാണ് ഗീതാകാരൻ ഇപ്പറയുന്നതെന്നോർക്കണം. മനുഷ്യരാശിയുടെ നിലനിൽപ്പിനും ഉന്നമനത്തിനും വേണ്ടി ഒരു ഋഷിഹൃദയം നൽകുന്ന ആഹ്വാനമാണത്. ഈ മഹനീയമായ ഗീതാസന്ദേശത്തെ നന്നായി മനസ്സിലാക്കാൻ ശ്രമിച്ചാൽ ഇതിനെ ആക്ഷേപിക്കുകയല്ല; അങ്ങേയറ്റം ആദരവോടു കൂടി കാണുകയാണ് വേണ്ടതെന്നാർക്കും ബോദ്ധ്യമാകും. അർജ്ജുനൻ ക്ഷത്രിയ യോദ്ധാവായതുകൊണ്ടാണ് അയാളുടെ ധാർമ്മികബാദ്ധ്യതയായ 'യുദ്ധം' ചെയ്യാൻ കൃഷ്ണൻ അനുജ്ഞ നൽകുന്നത്. അർജ്ജുനന്റെ സ്ഥാനത്ത് നമ്മളാ രെങ്കിലുമായിരുന്നുവെങ്കിൽ  "മകനേ, മടിച്ചു നിൽക്കാതെ നീ ചെയ്യാൻ ബാദ്ധ്യസ്ഥമായ കർമ്മം ചെയ്യൂ'' എന്നായിരുന്നേനെ ഭഗവാൻ ഉപദേശിക്കുമായിരുന്നത്. ഹിംസാത്മകമായ യുദ്ധമെന്നല്ല, ബാദ്ധ്യസ്ഥമായ കർമ്മമെന്നാണ് 'തസ്മാദ്യുദ്ധ്യസ്വ  ഭാരത' എന്ന വാക്കുകളെ അറിവുള്ളവർ മനസ്സിലാക്കേണ്ടത്. ക്ഷത്രിയനായ അർജ്ജുനന്റെ കാര്യത്തിൽ അതു ഹിംസാത്മകമായ യുദ്ധമാകുന്നുവെന്നു മാത്രം. ഹിംസയും അഹിംസയുമൊന്നുമല്ല, ധർമ്മമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്.  

ഈ വിഷയത്തെക്കുറിച്ചിനിയും അൽപ്പം കൂടി ചിന്തിക്കേണ്ടതുണ്ട്. അത് അടുത്ത ആഴ്ചയിലാകട്ടെ.

Friday, December 9, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 5)

ദേഹം (ശരീരം) - ദേഹി (ആത്മാവ്) വിഷയത്തെയും ആത്മാവിന്റെ പ്രത്യേക സവിശേഷതകളെയും (unique attributes) കുറിച്ച് ഭഗവാൻ കൃഷ്ണൻ അർജ്ജുനനോട് പറയുന്ന ഗീതോപദേശത്തിന്റെ ആദ്യഭാഗമാണ് നമ്മൾ ചർച്ച ചെയ്തു കൊണ്ടിരിക്കുന്നത്. രണ്ടാം അദ്ധ്യായത്തിലെ 11 മുതൽ 30 വരെയുള്ള 20 ശ്ലോകങ്ങളിലും ഇതേ വിഷയം തന്നെയാണ് പ്രതിപാദിക്കുന്നത്. ആത്മമഹിമയെയാണ് ഈ ശ്ലോകങ്ങളൊക്കെ തന്നെ വർണ്ണിക്കുന്നതെങ്കിലും, അർജ്ജുനന്റെ വിഷാദചിന്തകൾക്കുള്ള താത്വികമായ മറുപടികളും അവയ്ക്കുള്ളിൽ അടക്കം ചെയ്തിട്ടുണ്ടെന്നു കാണാവുന്നതാണ്. നാം നശ്വരമായ ശരീരമല്ല, മറിച്ചു അനശ്വരമായ ചൈതന്യമാണെന്നും ഇന്ദ്രിയസൃഷ്ടവും അസ്ഥിരവുമായ ദ്വന്ദഭാവങ്ങളിൽ ആകൃഷ്ടനാകാതെ ആത്മബോധത്തോടെ വർത്തിക്കൂ എന്നുമാണ് കൃഷ്ണൻ ഇതുവരെ പറഞ്ഞത്. ഭഗവാൻ തുടർന്നു പറയുന്നത് ശ്രദ്ധിക്കാം.  

യം ഹി ന വ്യഥയന്ത്യേതേ പുരുഷം പുരുഷർഷഭ ദ 
സമദുഖഃ സുഖം ധീരം സോമൃതത്വയ കൽപ്പതേ (ശ്ലോകം 2:15)

(പുരുഷശ്രേഷ്ഠാ, സുഖദുഃഖങ്ങളെ സമമായി വിചാരിക്കുന്നവനും  ധീരനുമായ ഏതൊരു പുരുഷനെ ഇവ ദുഖിപ്പിക്കയില്ലയോ അവൻ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു)

നാസതേ വിദ്യതേ ഭാവോ നാഭാവോ വിദ്യതേ സത:
ഉഭയോരപി ദൃഷ്ടോന്തസ്ത്വനയോസ്തത്ത്വദർശിഭിഃ  (ശ്ലോകം 2:16)   

(ഇല്ലാത്തതിന് (അസത്തിന്) ഉണ്മയില്ല, ഉള്ളതിന് (സത്തിന്) അഭാവവും അറിയപ്പെടുന്നില്ല. ഈ രണ്ടിൻറെയും യാഥാർഥ്യം തത്വദർശികൾ കണ്ടറിഞ്ഞിട്ടുണ്ട്).  

അവിനാശി തു  തദ്വിദ്ധി യേന സർവമിദം തതം
വിനാശ മവ്യയസ്യാസ ന കശ്ചിത് കർതുമർഹതി  (ശ്ലോകം 2:17)  

(ഏതൊന്നിൽ ഇതെല്ലാം വ്യാപ്തമായിരിക്കുന്നുവോ അത് നാശരഹിതമാണെന്നറിയുക. അനശ്വരമായ അതിനെ നശിപ്പിക്കുവാൻ ആർക്കും കഴിയില്ല). 

(ടൈപ്പ് ചെയ്തെടുക്കുമ്പോൾ ശ്ലോകങ്ങളിൽ അക്ഷരത്തെറ്റുകൾ വരുന്നുണ്ട്. അതിനാൽ ഏതെങ്കിലും ഗീതാഗ്രന്ഥത്തിൽ നിന്നും ശ്ലോകങ്ങളെ തെറ്റില്ലാതെ ഗ്രഹിക്കാൻ ഏവരും ശ്രമിക്കണം എന്നഭ്യർത്ഥിക്കുന്നു).

'അർജ്ജുനവിഷാദയോഗ'ത്തിലെ കേവലമായ ലൗകികതയിൽ നിന്നും ഗഹനമായ തത്വദർശനങ്ങൾ ഉൾക്കൊള്ളുന്ന ആത്മീയതയിലേക്കുള്ള ഒരു quantum leap ആണ് 'സാംഖ്യയോഗ'ത്തിൽ നാം കാണുന്നത്. ഇതുകൊണ്ടു തന്നെ ആത്മവിഷയവുമായി സാമാന്യപരിചയമെങ്കിലും ഇല്ലാത്ത ഒരാൾക്ക് രണ്ടാം അദ്ധ്യായം മനസ്സിലാക്കുവാൻ അൽപ്പം പ്രയാസം നേരിട്ടേക്കാം. ആ പ്രയാസം സാദ്ധ്യമാകുന്നിടത്തോളം ലഘൂകരിക്കാനാണ് എന്റെ ശ്രമം. മുകളിൽ എഴുതിയ ശ്ലോകങ്ങളെ മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.


ഇന്ദ്രിയങ്ങളും (senses) വിഷയങ്ങളുമായുള്ള (external objects) സ്പർശനത്താലാണ് സുഖം-ദുഃഖം, ശീതം-ഉഷ്ണം തുടങ്ങിയ ദ്വന്ദഭാവങ്ങൾ ഉണ്ടാകുന്നതെന്നും എന്നാൽ സ്ഥിരതയില്ലാത്ത അവയൊക്കെ തന്നെ ജീവിതത്തിന്റെ ഭാഗമാണെന്നും അതുകൊണ്ടു തന്നെ അവയോടോന്നും അനാവശ്യ വിദ്വെഷമൊ പ്രേമമോ വച്ച് പുലർത്താതെ വികാരരഹിതനായി അതൊക്കെ സഹിച്ചു ജീവിച്ചുകൊള്ളൂ എന്നുമാണല്ലോ ശ്ലോകം14 ൽ പറഞ്ഞത്. അതായത് ജീവിതത്തിന്റെ ഭാഗം തന്നെയായ ദ്വന്ദഭാവങ്ങളിൽ കൂടി കടന്നുപോകുമ്പോൾ തന്നെ അതിനെ രണ്ടിനെയും സമമായി (നിർവികാരതയോടെ) കാണാനും അതേസമയം ആത്മബോധത്തിൽ അമർന്നു നിന്നുകൊണ്ട് ശാശ്വതമായ ലക്ഷ്യങ്ങൾക്കായി ജീവിക്കാൻ ശ്രമിക്കണം എന്നും സാരം. സുഖ-ദുഖങ്ങളെയും ലാഭ-നഷ്ട്ടങ്ങളെയും സമബുദ്ധിയോടെ നോക്കിക്കണ്ടു നിർവികാരനായി ജീവിക്കുക എന്നതത്ര അയാസരഹിതമായ കാര്യമൊന്നും അല്ല. അങ്ങിനെ ചെയ്യാൻ കഴിയുന്നവനെയാണ് ധീരൻ എന്നിവിടെ വിളിച്ചിരിക്കുന്നത്. 'ധീരൻ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു' എന്നാണു ഭഗവാൻ പറയുന്നത്. അമൃതത്വം (immortality) എന്ന വാക്കുകൊണ്ട് സാധാരണ നമ്മൾ ഉദ്ദേശിക്കുന്നത് ശരീരത്തിന്റെ മരണമില്ലാത്ത അവസ്ഥയെന്നാണ്. പക്‌ഷേ ഇവിടെ പരാമർശിക്കുന്ന അമൃതത്വം അതല്ല; മാറ്റമില്ലാത്ത അവസ്ഥയെന്നേ (changeless,eternal) ഇതിനർത്ഥമുള്ളൂ. ജനനം മുതൽ മരണം വരെ നമ്മളിൽ പല മരണങ്ങളും സംഭവിക്കുന്നുണ്ട്. ബാല്യം മരിച്ചു കൗമാരം ജനിക്കുന്നു. കൗമാരം മരിച്ചു യൗവനം ജനിക്കുന്നു. യൗവനം മരിച്ചു വാർദ്ധക്യം ജനിക്കുന്നു..... പ്രഭാതം മരിച്ചു മദ്ധ്യാഹ്നം ജനിക്കുന്നു. മദ്ധ്യാഹ്നം മരിച്ചു സായംകാലം ജനിക്കുന്നു....സുഖം മരിച്ചു ദുഃഖം ജനിക്കുന്നു, ദുഃഖം മരിച്ചു സുഖം ജനിക്കുന്നു....ഇങ്ങനെ ജനനമരണങ്ങളുടെ, മാറ്റങ്ങളുടെ ഒരു ഘോഷയാത്രയാണ് ജീവിതം. അനിത്യങ്ങളായ ഈ ജനനമരണങ്ങളിൽ കൂടി കടന്നു പോകുമ്പോൾ തന്നെ അവ സമ്മാനിക്കുന്ന സുഖകരവും അസുഖകരവുമായ അനുഭവങ്ങളിൽ ഒട്ടിപ്പിടിച്ചു സമനില തെറ്റാതെ അനശ്വരമായ (മാറ്റമില്ലാത്ത) ആത്മബോധത്തിൽ ആരാണോ അമർന്നിരിക്കുന്നത് അവൻ അമൃതത്വത്തിനു അധികാരിയായിത്തീരുന്നു എന്നാണു ഭഗവാൻ പറഞ്ഞത്. മാറ്റമില്ലാത്ത ആത്മബോധത്തിൽ അമർന്നിരിക്കുകയാൽ മാറ്റമുള്ള ജനനമരണങ്ങൾ അവനെ ബാധിക്കുന്നില്ല. അങ്ങിനെ അസ്ഥിരമായ മരണത്തെ അതിജീവിച്ചവൻ സ്ഥിരമായതു (അമൃതത്വം) നേടുന്നു.

ശ്ലോകം 16 ലും ഇതു തന്നെ മറ്റൊരു വിധത്തിൽ പറഞ്ഞിരിക്കുകയാണ്. "The unreal has no being; there is no non-being of the real; the truth about both these has been experienced by Seers of the Essence - അസത്തിനു (unreal) നിലനിൽപ്പില്ല, സത്തിനു (real) നിലനിൽപ്പില്ലായ്മയും ഇല്ല. ഇത് തത്വദർശികൾ കണ്ടറിഞ്ഞിട്ടുണ്ട്". മുൻപ് ഇല്ലാത്തതും മേലിൽ ഇല്ലാതായിത്തീരുന്നതും എന്നാൽ ഇപ്പോൾ ഉള്ളതായി കാണപ്പെടുന്നതും എന്തോ അതാണ് അസത്ത്. മൂന്നു കാലത്തും മാറ്റമില്ലാതെ നിൽക്കുന്നതെന്തോ അത് സത്ത്. ഈ ശ്ലോകത്തെ മനസ്സിലാക്കാനായി ഒരുദാഹരണമെടുക്കാം. കുട്ടികൾക്കു പ്രിയങ്കരമായ മൃഗങ്ങളുടെയും പക്ഷികളുടെയും രൂപത്തിലുള്ള ബിസ്കറ്റുകൾ ഉണ്ടല്ലോ? തൻറെ ഇഷ്ടമൃഗത്തിന്റെയോ പക്ഷിയുടെയോ രൂപത്തിലുള്ള ബിസ്കറ്റായിരിക്കും ഒരു കുട്ടിക്കിഷ്ടം. അതേ കഴിക്കൂ എന്നവൻ നിർബന്ധം പിടിക്കും. വായിലിട്ടാൽ അപ്പോൾ മറയുന്ന ആ അയഥാർത്ഥമായ (unreal) രൂപമാണ് ബിസ്‌കറ്റ് എന്നവൻ ധരിച്ചിരിക്കയാണ്. എന്നാൽ പ്രായം ചെന്ന ഒരാളിന് ബിസ്കറ്റിന്റെ രൂപങ്ങളിലൊന്നും വലിയ താത്പര്യം കാണില്ല. ഏതു രൂപത്തിലുള്ളത് കഴിച്ചാലും ഉള്ളിൽ ചെല്ലുന്നതു അതിലെല്ലാത്തിലും ഉള്ള ഗോതമ്പ് മാവാണെന്നയാൾക്കു തിരിച്ചറിയാം എന്നതാണ് അതിനു കാരണം. അതായത് കുട്ടികൾക്കില്ലാത്ത തിരിച്ചറിവും ബോധവും ഉള്ളതു  കാരണം പ്രായമായ ഒരാൾക്ക് സത്യത്തെയും മിഥ്യയെയും തിരിച്ചറിയാൻ കഴിയുന്നു. ഈ ഉദാഹരണം നമ്മുടെയൊക്കെ വ്യാവഹാരിക ജീവിതത്തിലേക്ക് എടുത്തു നോക്കാം. കുട്ടികൾ ബിസ്കറ്റിന്റെ unreal ആയ രൂപങ്ങളെ ബിസ്‌ക്കറ്റ് എന്ന വസ്തുവായി അനുഭവിക്കുന്നതുപോലെ നാമെല്ലാം unreal ആയ നാമരൂപങ്ങളെ അതിനൊക്കെ ഉണ്മ നൽകുന്ന ചൈതന്യമായി തെറ്റിദ്ധരിച്ചു അനുഭവിക്കയാണ്. രൂപമാണ് ബിസ്‌ക്കറ്റെന്നു തെറ്റിദ്ധരിച്ചിരിക്കുന്ന കുട്ടികളെപ്പോലെയാണ് നാമെല്ലാം. രൂപമല്ല, മാവാണ് ബിസ്കറ്റിലെ മാറ്റമില്ലാത്ത സത്യം (ഉണ്മ) എന്നറിഞ്ഞു ഭുജിക്കുന്നതു പോലെ, നമ്മിലെ മാറ്റമില്ലാത്ത സത്യമാണ് ആത്മാവെന്നറിയുകയും അതിനനുസരിച്ചു ജീവിക്കുകയുമാണ് വേണ്ടത്. നമ്മൾ സാധാരണ മനുഷ്യർക്ക് ഈ തിരിച്ചറിവില്ലെങ്കിലും തത്വദർശികൾ ഇതെല്ലാം കണ്ടറിഞ്ഞിട്ടുള്ളവരാണ്. ചുരുക്കിപ്പറഞ്ഞാൽ,  അർജ്ജുനാ, നീ ബോധപൂർവം ചിന്തിച്ചു സത്യത്തെയും മിഥ്യയെയും വേർതിരിച്ചറിഞ്ഞു, അനശ്വരമായ സത്യത്തിന്റെ മാർഗ്ഗത്തിൽ പ്രവർത്തിക്കൂ എന്നാണു ശ്രീകൃഷ്ണൻ പറയുന്നത്.    

ഭഗവത് ഗീത, (ഗീതയെന്നല്ല ഏതു പുസ്തകവും, പ്രത്യേകിച്ചും ആത്മീയഗ്രന്ഥങ്ങൾ) വെറുതെ വായിച്ചു പോകുന്നതിൽ കാര്യമില്ല. അതിൽ പറയുന്നതിൽ നിന്നും നമ്മുടെ ലൗകിക ജീവിതം കൂടുതൽ അർത്ഥപൂർണ്ണമാക്കാനായി വല്ലതും ലഭിക്കുമോ എന്നു കൂടി ആരായേണ്ടതുണ്ട്. അപ്പോൾ മാത്രമാണ് ആത്മീയപഠനം വ്യക്തിയ്ക്ക്‌ പ്രയോജനപ്പെടുന്നത്. ഇന്ന് നമ്മൾ ചർച്ച ചെയ്ത വിഷയം തന്നെയെടുക്കാം. ദാർശനികമായി വലിയ ഉയർന്ന തലങ്ങളുള്ള ഈ വിഷയത്തെ തത്വജ്ഞാനികളല്ലാത്ത നമ്മൾ സാധാരണക്കാർക്കു പ്രായോഗികതലത്തിൽ മനസ്സിലാക്കുവാനായി ഒരുദാഹരണം പറയാം. "ലോകരേ, ദിവസേന വന്നും പോയുമിരിക്കുന്ന കൊച്ചു കൊച്ചു സുഖദുഃഖ വിഷയങ്ങളിലൊക്കെ ചെന്നു ചാടി ഊർജ്ജവും സമയവും കളയാതെ വലിയ ജീവിത ലക്ഷ്യങ്ങൾക്കായി പ്രയത്നിക്കൂ" എന്നാണു ഭഗവാൻ പറയുന്നത്. അർജ്ജുനനു പകരം, പഠിത്തത്തിൽ ശ്രദ്ധിക്കാത്ത ഇന്നത്തെ ഒരു കോളേജ് വിദ്യാർത്ഥിയോടായിരുന്നു ശ്രീകൃഷ്ണന്റെ ഉപദേശമെങ്കിൽ അതിങ്ങനെയാകാമായിരുന്നു; 'കുഞ്ഞേ, ക്ലാസിൽ പഠിപ്പിക്കുന്നതൊന്നും പഠിക്കാതെ, സിനിമയും കണ്ടു മൊബൈലും കളിച്ചു (unreal) സമയം കളഞ്ഞു അതിലൊക്കെ കിട്ടുന്ന ക്ഷണിക സുഖത്തിലൊക്കെ അഭിരമിച്ചു ജീവിതം കളയാതെ, അപരിമിതമായ ഈശ്വരചൈതന്യമാണ്‌ നീ എന്ന സത്യം (real) തിരിച്ചറിഞ്ഞു നിനക്ക് യോജ്യമായിട്ടുള്ള വലിയ കാര്യങ്ങളിലേക്കു ശ്രദ്ധ തിരിച്ചു, നിനക്കും സമൂഹത്തിനും ക്ഷേമവും ഐശ്വര്യവും ഉണ്ടാക്കാനായി പ്രയത്നിക്കൂ. അതു  മാത്രമേ എന്നും നിലനിൽക്കുന്നതായുള്ളൂ. ക്ഷണികമായ സുഖങ്ങൾ അനുഭവിച്ചോളൂ. വേണ്ട എന്നു പറയുന്നില്ല. പക്ഷെ വന്നുംപോയുമിരിക്കുന്ന (ആഗമാപായിനോ) അതിലെല്ലാം അഭിരമിച്ചു നീ നിനക്കും സമൂഹത്തിനും എക്കാലത്തും അഭിമാനവും കീർത്തിയും നൽകാൻ പോന്ന വിദ്യയെ കളഞ്ഞു കുളിക്കരുത്. വിദ്യയാണ് സത്യം, അതെന്നും നിന്നോടൊപ്പം ഉണ്ടാകും, മറ്റെല്ലാം മിഥ്യയാണ്. ഈ അമരത്വ പ്രാപ്തിക്കായിട്ടാണ്‌ നീ പ്രയത്നിയ്‌ക്കേണ്ടത്".  

 ഇന്നു രണ്ടു ശ്ലോകങ്ങളേ പഠിക്കാൻ കഴിഞ്ഞുള്ളു. സാരമില്ല. എത്ര പഠിച്ചു എന്നതിലല്ല, പഠിച്ചതെത്രമാത്രം  ഉള്ളിൽ കയറി എന്നതിലാണു കാര്യം. ആത്മവിഷയത്തിൽ ഇത് അതിപ്രധാനമാണുതാനും. അതുകൊണ്ടു ബാക്കി ശ്ലോകങ്ങൾ നമുക്ക് അടുത്തയാഴ്ച പഠിക്കാം. 

Friday, December 2, 2016

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 4)

യുദ്ധം ചെയ്യാൻ കഴിയില്ല എന്നു പറഞ്ഞു, അമ്പും വില്ലും താഴെയിട്ടു, 'എനിക്കൊന്നും അറിയില്ല, ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു, അങ്ങെനിക്കുപദേശം നൽകണം' എന്നു പറഞ്ഞു കരഞ്ഞപേക്ഷിക്കുന്ന അർജ്ജുനനു ഭഗവാൻ കൃഷ്ണൻ ഉപദേശം നൽകാൻ തുടങ്ങുകയാണ്. വിവിധ കാരണങ്ങളാൽ സ്വകർമ്മം (സ്വധർമ്മവും) അനുഷ്ഠിക്കാൻ കഴിയാതെ കർമ്മമണ്ഡലങ്ങളിൽ പകച്ചുനിൽക്കുന്ന നാമോരോരുത്തരോടും കൂടിയാണ് ഗീതോപദേശത്തിലൂടെ വ്യാസമഹർഷി സംവദിക്കാൻ പോകുന്നതെന്നു നാം മനസ്സിലാക്കണം. സാംഖ്യയോഗം പതിനൊന്നാം ശ്ലോകം മുതലാണ് ഗീതോപദേശം തുടങ്ങുന്നത്. ഇതുവരെ പഠിച്ചതു ലൗകിക വിഷയങ്ങളായിരുന്നുവെങ്കിൽ ഗീതോപദേശം അങ്ങിനെയല്ല. ഇത് ആത്മവിഷയമാണ്. ആത്മവിഷയം ശ്രദ്ധിച്ചു കേട്ട് മനനം ചെയ്തു പഠിക്കേണ്ടതാണ്. എങ്കിൽ മാത്രമേ അതുകൊണ്ടുദ്ദേശിച്ചിട്ടുള്ള ഗുണം പഠിതാവിനു ലഭിക്കൂ. മഹനീയമായ ഹൈന്ദവദർശനങ്ങളെ സ്വാംശീകരിക്കാൻ 'ശ്രദ്ധ' അനിവാര്യമാണ്.

ആത്മവിഷയം ഗ്രഹിച്ചാൽ ലൗകികസുഖങ്ങൾ ത്യജിയ്ക്കേണ്ടിവരുമെന്നും സന്യാസിയായിപ്പോകുമെന്നും മറ്റുമുള്ള ആശങ്ക പലരിലും ഉണ്ട്. ഇത് വെറും തോന്നലാണ്. അസാധാരണ ധൈര്യവും ബോധവും ഉള്ളവർക്കേ സർവ്വസംഗപരിത്യാഗിയായ സന്യാസിയാകാൻ കഴിയൂ. നമ്മളാരും അങ്ങിനെയുള്ളവരല്ല; ജീവിതസുഖങ്ങൾ അനുഭവിച്ചു ജീവിച്ചു മരിയ്ക്കാൻ ഇഷ്ടപ്പെടുന്നവർ മാത്രം. അങ്ങിനെയുള്ള നമുക്ക് ആത്മജ്ഞാനം കൊണ്ടെന്തു പ്രയോജനം എന്ന് ചോദിച്ചേക്കാം. പറയാം. ശരിയായ ഈശ്വരചിന്തകൊണ്ട് മനുഷ്യർ സംസ്കാരചിത്തരാകണം. പ്രകൃതിയെയും സഹജീവികളെയും സ്നേഹിക്കുന്നവരാകണം. സമൂഹത്തിന്റെ ക്ഷേമത്തിനും സമാധാനത്തിനും വേണ്ടി നിലകൊള്ളുന്നവരാകണം. പക്ഷെ ഇന്ന് നമ്മൾ കാണുന്നതിതൊന്നുമല്ല. ഇന്ന് കാണുന്ന ഈശ്വരചിന്തകളെല്ലാം തന്നെ സ്വാർത്ഥലാഭത്തെ ലക്ഷ്യമാക്കിയുള്ളതാണ്. ഭക്തരുടെ എണ്ണം അഭൂതപൂർവമായി  കൂടുമ്പോഴും സമൂഹം കൂടുതൽ അശാന്തമാകുന്നത് വികലമായ ഈശ്വരചിന്തകളാലാണ്. നമുക്കു ചുറ്റും കാണുന്ന മൂല്യച്യുതിയ്ക്കു കാരണം ആത്മബോധമില്ലായ്മയാണ്. വെട്ടിപ്പിടിക്കാനായുള്ള വിശ്വാസവും അന്ധവിശ്വാസവും എല്ലാം കൂടി സാമൂഹിക പുരോഗതിയ്ക്കു തടസ്സം സൃഷ്ടിയ്ക്കുകയാണ്. ഇതിന്റെയൊക്കെ കാരണങ്ങൾ തേടിപ്പോയാൽ ചെന്നെത്തുന്നത് മനുഷ്യമനസ്സുകളിലായിരിക്കും. ശുദ്ധീകരണം അല്ലെങ്കിൽ പരിവർത്തനം നടക്കേണ്ടത് അവിടെയാണ്. അതു നടന്നാൽ ബാക്കി എല്ലാം താനേ ശരിയായിക്കൊള്ളും. ആത്മീയപഠനം ലക്ഷ്യം വയ്ക്കുന്നതിതാണ്. ജീവിതത്തെക്കുറിച്ചു കുറേക്കൂടി നല്ലൊരു കാഴ്ചപ്പാട് ഉണ്ടാകാൻ ആത്മബോധം സഹായിക്കും. അതാണ് മോക്ഷം. അതു വേണ്ടന്നാർക്കും  അഭിപ്രായം ഉണ്ടാകില്ലല്ലോ? അതുകൊണ്ടു സന്യാസിയായിപ്പോകുമോ എന്നുള്ള പേടിയൊന്നും കൂടാതെ ഗീതയിലെ ആത്മവിഷയം നമുക്ക് പഠിക്കാം. ആത്മവിഷയത്തെപ്പറ്റി പലർക്കും ആശങ്കയും അതിലേറെ അജ്ഞതയും ഉണ്ടെന്നറിയാവുന്നതുകൊണ്ടു മാത്രം ഇത്രയും എഴുതിയെന്നേയുള്ളൂ.

നമുക്കു ഗീതാ ചർച്ച തുടരാം

ശ്രീഭഗവാനുവാച :

അശോച്യാനന്വശോചസ്ത്വം പ്രജ്ഞാവാദംശ്ച ഭാഷസേ
ഗതാസൂനഗതാസൂശ്ച  നാനുശോചന്തി പണ്ഡിതാ: (ശ്ലോകം: 2 -11)  

(ശ്രീ ഭഗവാൻ പറഞ്ഞു: ദുഖിക്കേണ്ടാത്തവരെക്കുറിച്ചു ദുഖിച്ചു നീ പണ്ഡിതന്റെ വാക്കുകൾ പറയുകയും ചെയ്യുന്നു. പണ്ഡിതന്മാർ മരിച്ചവരെക്കുറിച്ചും മരിക്കാത്തവരെക്കുറിച്ചും അനുശോചിക്കുന്നില്ല)

ന ത്വേ വാഹം ജാതു നാസം ത്വം നേമേ  ജനാധിപാ:
ന ചൈവ ന ഭവിഷ്യാമഃ സർവ്വേ വയമത: പര  (ശ്ലോകം: 2 -12) 

(ഞാൻ ഒരിക്കലും ഇല്ലാതിരുന്നിട്ടില്ല, നീയും ഇല്ലാതിരുന്നിട്ടില്ല, ഈ രാജാക്കന്മാരും ഇല്ലാതിരുന്നിട്ടില്ല. ഇനി മേൽ നമ്മളെല്ലാവരും ഉണ്ടാകാതെയിരിക്കുകയുമില്ല) 

ദേഹിനോസ്മിന്യഥാ ദേഹേ കൗമാരം യൗവനം ജരാ 
തഥാ  ദേഹാന്തരപ്രാപ്തീർധീരസ്തത്ര ന മുഹ്യതി (ശ്ലോകം: 2 -13)  

(മനുഷ്യന് ഈ ദേഹത്തിൽ എങ്ങിനെയാണോ കൗമാരവും യൗവനവും ജരയും, അങ്ങിനെ തന്നെയാണ് ദേഹാന്തര പ്രാപ്തിയും ഉണ്ടാകുന്നത്. ധീരൻ അതിൽ മോഹിക്കുന്നില്ല)

മാത്രാസ്പർശാസ്തു കൗന്തേയ ശീതോഷ്ണ സുഖദുഃഖദാ:
ആഗമാപായിനോനിത്യാം സ്ത്വാം സ്തിതിക്ഷസ്വ  ഭാരത  (ശ്ലോകം: 2 -14)

(കുന്തീപുത്രാ, ഇന്ദ്രിയങ്ങളും വിഷയങ്ങളും തമ്മിലുള്ള സ്പർശങ്ങൾ ശീതോഷ്ണങ്ങളെയും സുഖദുഃഖങ്ങളെയും  നല്കുന്നവയും വന്നും പോയും ഇരിക്കുന്നവയും അനിത്യങ്ങളുമാണ്. ഭാരതവംശത്തിൽ ജനിച്ചവനേ, അത് നിർവികാരനായി നീ സഹിച്ചു കൊള്ളുക). കാണാൻ കഴിയുന്ന ഒരു ശരീരവും അതിൽ കാണാൻ കഴിയാതെ നിലകൊള്ളുന്ന ഒരു ചൈതന്യവും (matter & spirit) ചേർന്നതാണ് നാമെല്ലാം. പഞ്ചഭൂതങ്ങൾ (അഗ്നി, ഭൂമി, വായു, ആകാശം, ജലം) കൊണ്ടാണ് ശരീരം ഉണ്ടാക്കിയിരിക്കുന്നത്. ചൈതന്യം ശരീരത്തിൽ ഉള്ളിടത്തോളം കാലം ശരീരം സജീവമായി നിലനിൽക്കും. ചൈതന്യം അകലുന്നതോടെ (മരണം എന്ന് വിവക്ഷ) ജഡമാകുന്ന ശരീരം നശിച്ചു അതിന്റെ ഘടകങ്ങളായി ഈ പ്രപഞ്ചത്തിൽ ലയിച്ചു ചേരുന്നു. matter നാൽ നിർമ്മിതമായ ശരീരം ഇങ്ങനെ നശിക്കുമെങ്കിലും അതിനു ജീവൻ നൽകുന്ന ചൈതന്യം (ആത്മാവ് എന്ന് മനസ്സിലാക്കാം) നശിക്കുന്നതല്ല. ചൈതന്യം matter നാൽ നിർമ്മിക്കപ്പെട്ടതല്ല എന്നത് തന്നെ അതിനു കാരണം. അങ്ങിനെ നശ്വരമായ ശരീരവും അനശ്വരമായ ചൈതന്യവും കൂടി ചേർന്നതാണ് നമ്മളെല്ലാം. ശരീരത്തിനും ചൈതന്യത്തിനും തനിയെ നിലനിൽക്കാൻ കഴിയില്ല. ഇവ രണ്ടും കൂടി ചേർന്നിരിക്കുമ്പോഴാണ് രണ്ടിന്റെയും പ്രഭാവം ഒന്നായി ഭവിച്ചു പ്രവർത്തനക്ഷമമായ ജീവശരീരമാകുന്നത്. ഒരു ഇലക്ട്രിക്ക് ബൾബുമായി ഈ അവസ്ഥയെ താരതമ്യം ചെയ്യാം. വെറുമൊരു ബൾബ് പ്രകാശിയ്ക്കുന്നില്ല. അതിന്റെ ഫിലമെന്റിലൂടെ വൈദ്യുതി കടക്കുമ്പോൾ അതു പ്രകാശിക്കുന്നു. വെറും ബൾബിനോ വൈദ്യതിക്കോ തനിയെ പ്രകാശിയ്ക്കാൻ കഴിയില്ല. രണ്ടും ചേർന്നിരുന്നാലേ പ്രകാശം ഉണ്ടാകയുള്ളൂ. ചൈതന്യമാകുന്ന വൈദ്യുതിയ്ക്കു ബൾബിനെ മാത്രമല്ല, മറ്റു പല ഉപകരണങ്ങളെയും പ്രവർത്തനക്ഷമമാക്കാനും കഴിയും. ഇത് തന്നെയാണ് ആത്മാവിന്റെയും രീതി. അതിനു manifest ചെയ്യാൻ ഒരു ശരീരം ആവശ്യമാണ്. അത് മനുഷ്യശരീരം ആകണം എന്നില്ല. അത് നിലനിൽക്കുന്ന ശരീരത്തിനു ജീവനുണ്ടായി പ്രവർത്തനക്ഷമമാകുന്നു. ഈ അടിസ്ഥാനപ്രമാണം മനസ്സിലാക്കിയ സ്ഥിതിയ്ക്ക് നമുക്ക് ഭഗവാൻ കൃഷ്ണൻ പറയുന്നത് എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിയ്ക്കാം.

അർജ്ജുനാ, നീ നിന്റെ മുൻപിൽ കാണുന്ന ശരീരങ്ങളെ (ഭീക്ഷ്മർ, ദ്രോണർ, ദുര്യോധനാദികൾ ....) മാത്രമാണ് കാണുന്നത്. അതെല്ലാം നിന്റെ ബന്ധുമിത്രാദികളാണെന്നും അവരെ യുദ്ധത്തിൽ കൊല്ലാൻ കഴിയില്ല എന്നുമാണല്ലോ നീ പറയുന്നത്? നശ്വരമായ ആ ശരീരങ്ങളെ സചേതനമാക്കുന്ന അനശ്വരമായ ആത്മാവിനെ നീ കാണുന്നില്ലേ? "ഞാൻ" എന്നൊരുവൻ ശരീരത്തിലേക്ക് വിരൽ ചൂണ്ടിപ്പറയുമ്പോൾ എന്തിനെയാണത് ലക്ഷ്യമാക്കുന്നത്? ശരീരത്തെയോ അതോ ആത്മാവിനെയോ? ആത്മാവിനെയാണെന്ന് ബോധമുള്ളവർ മനസ്സിലാക്കുന്നു. നിത്യമായ ആത്മാവിനു മരണമില്ലെന്നു പണ്ഡിതന്മാർക്കറിയാം. ജനനമരണങ്ങൾ സംഭവിയ്ക്കുന്നത് പഞ്ചഭൂതാത്‌മകമായ ശരീരത്തിനു മാത്രമാണ്. അത് നിരന്തരമായ പ്രക്രിയയാണ്. പണ്ഡിതന്മാർ, ജനനത്തിൽ സന്തോഷിക്കുകയോ മരണത്തിൽ ദുഖിക്കുകയോ ചെയ്യുന്നില്ല. അതുകൊണ്ടു തന്നെ അവർ മരിച്ചവരെക്കുറിച്ചും മരിക്കാത്തവരെക്കുറിച്ചും ദുഖിക്കുന്നില്ല. പക്ഷേ മമതാബന്ധത്താൽ ബോധം മറഞ്ഞു നിൽക്കുന്ന നീ പണ്ഡിതന്മാർ കാണുന്ന പോലെയല്ല കാര്യങ്ങൾ കാണുന്നത്; എന്നാൽ സംസാരിയ്ക്കുന്നതോ വലിയ പണ്ഡിതന്മാരെപ്പോലെയും! അർജ്ജുനാ, ഞാനും നീയും ഈ രാജാക്കന്മാരും എല്ലാം എന്നും ഉണ്ടായിരുന്നു, ഇനി ഉണ്ടായിരിക്കുകയും ചെയ്യും. കാരണം നാമെല്ലാവരും അനശ്വരമായ ആത്മാക്കൾ മാത്രമാണ് എന്നത് തന്നെ.  ഒരു ശരീരത്തിൽ എങ്ങിനെയാണോ കൗമാരവും യൗവനവും ജരയും പ്രകടമാകുന്നത്, അതുപോലെയുള്ള ഒരു മാറ്റം മാത്രമാണ് ദേഹാന്തരപ്രാപ്തിയും (മരണം). ജനനം മുതൽ മരണം വരെ വിവിധ അവസ്ഥകളിലൂടെ ശരീരം കടന്നുപോകുമ്പോൾ നിന്റെയുള്ളിലെ ചൈതന്യത്തിന് എന്തെങ്കിലും മാറ്റം സംഭവിക്കുന്നുണ്ടോ? ഞാൻ എന്ന ഭാവം മാറുന്നുണ്ടോ? ഇല്ല. അതുപോലെ മരണത്തിലും ആത്മചൈതന്യത്തിനു ഒന്നും തന്നെ സംഭവിക്കുന്നില്ല. അത് ആ ശരീരം വിട്ട് മറ്റൊരു ശരീരത്തിൽ  പ്രവേശിക്കുന്നു എന്ന് മാത്രം. ചുരുക്കിപ്പറഞ്ഞാൽ, ആത്മാവാണ് നിത്യമെന്നതിനാൽ അതിനെ നശിപ്പിക്കാൻ കഴിയാത്ത സ്ഥിതിയ്ക്ക് നീ വിചാരിക്കുന്നതുപോലെ യുദ്ധത്തിൽ നീയാരെയും കൊല്ലാൻ പോകുന്നില്ല. ശരീരമാണ് അമ്പേറ്റു വീഴുന്നത്, ആത്മാവല്ല. നിത്യമല്ലാത്ത ഒരു വസ്തു നശിച്ചുപോകുന്നതിൽ നീയെന്തിനു വ്യാകുലപ്പെടണം? നശ്വരമായ ശരീരമാണ് ഒരുവൻ എന്ന തെറ്റായ ചിന്തയാണ് നിന്നിൽ ഈ ആശയക്കുഴപ്പമെല്ലാം സൃഷ്ടിയ്ക്കുന്നത്. അർജ്ജുനാ, ദുഃഖിക്കാൻ ഒരു കാരണവും ഇല്ലാത്ത ഒരു കാര്യത്തെക്കുറിച്ചു നീ വെറുതെ ദുഖിക്കുകയാണ്. ഈ തോന്നലൊക്കെ നിന്റെ ഇന്ദ്രിയങ്ങൾ ഉണ്ടാക്കുന്നതാണ്. ഇത് ഇന്ദ്രിയങ്ങളുടെ പ്രവർത്തനരീതിയാണ്. ഇന്ദ്രിയങ്ങൾ വിഷയങ്ങളെ സ്പർശിക്കുമ്പോൾ ശീതവും ഉഷ്ണവും സുഖവും ദുഃഖവും ലാഭവും നഷ്ടവും നല്ലതും ചീത്തയും അഭിമാനവും അപമാനവും ....(pair of opposites) ഉണ്ടാക്കുന്നു. പക്ഷെ ഇതിനൊന്നും ഒരു സ്ഥിരതയും ഇല്ലാത്തതാണ്. ഇതൊക്കെ വന്നും പോയും ഇരിക്കും. ഇന്ന് സുഖദായകമെന്നു തോന്നുന്ന കാര്യം നാളെ ദു:ഖദായകമായി തോന്നാം. ഇതെല്ലാം ഇന്ദ്രിയങ്ങളുടെയും അവ നിയന്ത്രിക്കുന്ന മനസ്സിന്റെയും കളിയാണ്. ഈ ദ്വന്ദഭാവങ്ങളെ ശരിയ്ക്കും മനസ്സിലാക്കി നിർവികാരനായി സഹിച്ചുകൊള്ളുക (ഇതിനൊന്നും അനാവശ്യമായ പ്രാധാന്യം കൊടുക്കരുത്. നിത്യമായതും കീർത്തിയുളവാക്കുന്നതുമായ കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിയ്ക്കൂ എന്ന് വ്യംഗ്യം).