Saturday, May 27, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 23)

ഭഗവാന്റെ സ്ഥിതപ്രജ്ഞലക്ഷണഭാഷ്യം തുടരുകയാണ്. ശ്ലോകം 56ൽ സ്ഥിതപ്രജ്ഞന്റെ പ്രകൃതം എങ്ങിനെയാണെന്നും ശ്ലോകം 57ൽ സ്ഥിതപ്രജ്ഞൻറെ ആന്തരികവ്യക്തിത്വം എങ്ങിനെയാണെന്നും പറഞ്ഞുകഴിഞ്ഞു. സ്ഥിതപ്രജ്ഞനായ വ്യക്തി എങ്ങിനെയാണ് ലോകവുമായി ബന്ധപ്പെടുന്നത് എന്നാണ് 57-)o  ശ്ലോകത്തിൽ പറയുന്നത്. 'സ്ഥിതപ്രജ്ഞനായ യോഗി എങ്ങിനെ നടക്കും' എന്ന അർജ്ജുനന്റെ ചോദ്യത്തിനുള്ള ഉത്തരമാണിത്. 'എങ്ങിനെ നടക്കും' എന്നതിനെ 'എങ്ങിനെ ലോകവുമായി ബന്ധപ്പെട്ടു നിൽക്കുന്നു' എന്നാണു നമ്മൾ മനസ്സിലാക്കേണ്ടത്. കഴിഞ്ഞ രണ്ടു ശ്ലോകങ്ങളുടെ വ്യാഖ്യാനത്തിലും ഈ വിഷയം നമ്മൾ ചർച്ച ചെയ്തതാണ്. സ്ഥിതപ്രജ്ഞനായ കർമ്മയോഗി, സമൂഹത്തിനോടും തന്റെ ബാദ്ധ്യസ്ഥമായ കർമ്മങ്ങളോടും മുഖം തിരിച്ചു നിൽക്കുന്നയാളല്ല, മറിച്ചു ഇതിനോടൊക്കെ ഊർജ്ജ്വസ്വലതയോടെ ബന്ധപ്പെട്ടു നിൽക്കുന്നയാളാണെന്നു നമ്മൾ കണ്ടുകഴിഞ്ഞതാണ്. സാധാരണക്കാരായ മനുഷ്യർ, തങ്ങൾ ചെയ്യുന്നതെന്തിലും സ്വാർത്ഥപരമായി ഒട്ടിപ്പിടിച്ചു നിന്നു (selfish attachment) അതിന്റെ ഫലമായ കർമ്മബന്ധങ്ങളും അതുകൊണ്ടുണ്ടാകുന്ന വിഷമതകളും അനുഭവിച്ചു കഴിയേണ്ടിവരുമ്പോൾ  കർമ്മയോഗിയുടെ കർമ്മങ്ങളിൽ ഈ ഒട്ടിപ്പിടിക്കലും അതുകൊണ്ടുണ്ടാകാവുന്ന ദുരിതങ്ങളും ഉണ്ടാകുന്നില്ലെന്നതാണ് വ്യത്യാസം. കർമ്മം നൽകുന്ന സമാധാനവും സംതൃപ്തിയും ആവോളം അനുഭവിക്കുന്നവരാണവർ. വിപരീതഭാവങ്ങളെ സമമായി കാണുന്ന സ്ഥിതപ്രജ്ഞന് ശുഭവും അശുഭവും ഒന്നുപോലെ തന്നെ. ശുഭമായിട്ടുള്ളതു സംഭവിച്ചാൽ അതിരുകടന്ന ആഹ്ലാദമോ അശുഭമായിട്ടുള്ളതു സംഭവിച്ചാൽ അതിരുകടന്ന ദുഃഖമോ ഇക്കൂട്ടർക്ക് തോന്നില്ല. ശുഭമായതിനെ സ്നേഹിക്കുകയോ  അശുഭമായതിനെ വെറുക്കുകയോ ചെയ്യുന്നയാളല്ല സ്ഥിതപ്രജ്ഞൻ.

യഃ സർവത്രാനഭിസ്നേഹ: തത്തത് പ്രാപ്യ ശുഭാശുഭം
നാഭിനന്ദതി ന ദ്വെഷ്ടി തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാഃ   (ശ്ലോകം 2: 57)

(ഏതൊരുവൻ ഒന്നിലും ആസക്തിയില്ലാതെ ശുഭമോ അശുഭമോ എന്തുവന്നാലും അതിനെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്യുന്നില്ലയോ അവന്റെ ബുദ്ധി ഉറച്ചതാകുന്നു)

യദാ സംഹരതേ ചായം കൂർമോംഗാനീവ സർവശഃ
ഇന്ദ്രിയാണീന്ദ്രിയാർഥേഭ്യ തസ്യ പ്രജ്ഞാ പ്രതിഷ്ഠിതാ  (ശ്ലോകം 2: 58)

(ആമ അവയവങ്ങളെ എന്നപോലെ എപ്പോൾ യോഗി എല്ലാവിഷയങ്ങളിൽ നിന്നും ഇന്ദ്രിയങ്ങളെ പിൻവലിയ്ക്കുന്നുവോ അപ്പോൾ അവന്റെ പ്രജ്ഞ പ്രതിഷ്ഠിതമായിത്തീരുന്നു)


അർജ്ജുനന്റെ ചോദ്യങ്ങളിലെ അവസാനത്തേതിനുള്ള (യോഗി എങ്ങിനെ സംസാരിക്കും?) ഉത്തരമാണ് 58-)o ശ്ലോകത്തിൽ നൽകിയിരിക്കുന്നത്. 'എങ്ങിനെ സംസാരിക്കും' എന്നതിനെ 'how does he conducts himself in the world' എന്നു മനസ്സിലാക്കാം. യോഗിയുടെ പ്രവൃത്തി ആമയുടേതു പോലെയാകണം എന്നാണല്ലോ പറഞ്ഞിരിക്കുന്നത്? ഇതെന്താണെന്നു നോക്കാം.

ആമയുടെ ശരീരത്തിനു വളരെ കട്ടികൂടിയ ഒരു പുറന്തോടുണ്ട്. എടുത്തെറിഞ്ഞാൽപ്പോലും പൊട്ടാത്തത്ര കട്ടിയുള്ളതാണ്, ആകാശത്തിനഭിമുഖമായി നിൽക്കുന്ന ഈ പുറന്തോട്. ഇതിനുള്ളിലാണ് ആമയുടെ ശരീരം നിലകൊള്ളുന്നത്. നാലു കാലുകളും തലയും വാലും, അങ്ങിനെ ആറു ശരീര ഭാഗങ്ങൾ കൊണ്ട്, ആമ ഭൂമിയിൽ സ്പർശിച്ചു നിൽക്കുന്നു. എന്തെങ്കിലും ഒരപകട സാദ്ധ്യത തോന്നിയാലുടൻ തന്നെ ഈ ആറു ഭാഗങ്ങളെയും ആമ ഉള്ളിലേക്കു വലിച്ചു, കട്ടിയായ തോടിനുള്ളിൽ അതിന്റെ ശരീരത്തെ സംരക്ഷിച്ചു നിർത്തും. ഇങ്ങനെ ഒരു തോടുമാത്രമായിക്കാണുന്ന ആമയെ നമ്മൾ ഏതൊക്കെ വിധത്തിൽ ശല്യപ്പെടുത്തിയാലും, എടുത്തെറിഞ്ഞാൽപ്പോലും, അതിനൊരു ഇളക്കവും ഉണ്ടാകില്ല. സ്ഥിതപ്രജ്ഞനായ യോഗിയും ഇതുപോലെ തന്നെ സംരക്ഷിച്ചു നിർത്തുന്നവനായിരിക്കും. പഞ്ചേന്ദ്രിയങ്ങളും (കണ്ണ്, ചെവി, മൂക്ക്, നാക്ക്, ത്വക്ക്) മനസ്സും കൊണ്ട് ലോകവുമായി ബന്ധപ്പെട്ടു നിൽക്കുന്ന യോഗി, വിഷയസംബന്ധിയായ എന്തെങ്കിലും അപകട സൂചന തോന്നിയാലുടൻ തന്നെ ഇവയെയെല്ലാം തൻറെ ആത്മബലമെന്ന കവചത്തിനുള്ളിലേക്കു പിൻവലിച്ചു സുരക്ഷിതനാകണം. അതായത് യോഗി, സാധാരണ മനുഷ്യരെപ്പോലെ വിഷയങ്ങളിൽ ആസക്തിപൂണ്ട്, അവയുടെയൊക്കെ പിറകെപോയി ജീവിതം നശിപ്പിക്കുന്നയാളല്ല എന്നർത്ഥം. സ്ഥിതപ്രജ്ഞനായ യോഗിയുടെ ബുദ്ധിയ്ക്ക് അൽപ്പം പോലും ചാഞ്ചാട്ടമുണ്ടാകില്ല, അതു തീർത്തും ഉറച്ചതായിരിക്കും.

ആമ, താമര തുടങ്ങിയ രൂപങ്ങൾ ഭാരതീയ ആദ്ധ്യാത്മികതയുടെ അടയാളചിന്ഹങ്ങളായി ഉപയോഗിക്കാറുണ്ട്. പല ക്ഷേത്രങ്ങളിലും ആമയുടെ വിഗ്രഹങ്ങൾ ഉണ്ടാക്കി വച്ചിട്ടുള്ളത്, മേൽവിവരിച്ച ആദ്ധ്യാത്മിക തത്വത്തിലേക്കു ഭക്തന്റെ ശ്രദ്ധ തിരിക്കുന്നതിനു വേണ്ടിയാണ്. ഭക്തൻ, തന്നിലെ ദുഃഖദായകങ്ങളായ ആശാപാശങ്ങളെയൊക്കെ ഇറക്കിവച്ചു, തന്റെ സുരക്ഷിതകവചമായ ഈശ്വരനിലേക്കു ശ്രദ്ധ കേന്ദ്രീകരിച്ചു കഴിയണം എന്നാണീ ആമരൂപം നമ്മെ ഓർമ്മിപ്പിക്കുന്നത്. പക്ഷെ, നമ്മൾ ചെയ്യുന്നതെന്താണ്? ഈ ആത്മതത്വം മനസ്സിലാക്കാതെ ആമയെ മറ്റൊരീശ്വരനായി സങ്കൽപ്പിച്ചു പൂജയും അഭിഷേകവും നടത്തി കഴിയുമെങ്കിൽ ആമവിഗ്രഹത്തിന്റെ  ചെവിയിൽ ചെന്നു തങ്ങളുടെ ദുരിതങ്ങളൊക്കെ പറഞ്ഞു കരഞ്ഞു രക്ഷാമാർഗ്ഗവും തേടും! ഋഷീശ്വരന്മാർ ചിന്തിച്ചതെന്ത്‌, നാം പിന്തുടരുന്നതെന്ത്? ആമയെ, ദശാവതാരങ്ങളിൽ ഒന്നായിക്കണ്ടു പൂജിക്കുന്നതാണെങ്കിൽ, അതിനെ ഭഗവത് ഗീതയുടെ ആത്മവിചാരവുമായി ബന്ധിപ്പിക്കാൻ കഴിയുന്നതല്ല.

(തുടരും) 

Friday, May 12, 2017

സുദർശനം - ഭഗവത് ഗീതാ പഠനം - അദ്ധ്യായം രണ്ട് - സാംഖ്യയോഗം (ഭാഗം 22)

സമചിത്തനും കർമ്മകുശലനുമായ യോഗി പരമപദം പ്രാപിക്കുമെന്നു കൃഷ്ണൻ പറഞ്ഞതിൽ താൽപ്പര്യം പൂണ്ട്, അങ്ങിനെ ബ്രഹ്മാനുഭൂതിയിലമർന്ന, സമാധിസ്ഥനായ മഹാത്മാവിന്റെ ആന്തരികവും ബാഹ്യവുമായ പ്രകൃതങ്ങൾ എന്താണെന്നറിയാനുള്ള  ആകാക്ഷയോടെ അർജ്ജുനൻ ചോദിച്ച "സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ ..." എന്നു തുടങ്ങുന്ന ചോദ്യവും (ശ്ലോകം 2:54) അതിനുള്ള കൃഷ്ണന്റെ ഉത്തരങ്ങളുമാണ് (ശ്ലോകം 55, 56) കഴിഞ്ഞ കുറിപ്പിൽ ചർച്ച ചെയ്തു തുടങ്ങിയത്. ആ ശ്ലോകങ്ങളിലേക്കു തന്നെ നമുക്കു വീണ്ടും പോകാം.

അർജ്ജുന ഉവാച:

അർജ്ജുന സ്ഥിതപ്രജ്ഞസ്യ കാ ഭാഷാ സമാധിസ്ഥസ്യ കേശവഃ
സ്ഥിതധീം: കിം പ്രഭാഷേത കിമാസീത വ്രജതേ കിം (ശ്ലോകം 2:54)

(അർജ്ജുനൻ ചോദിച്ചു, ഹേ, കേശവാ, സമാധിസ്ഥനായ സ്ഥിതപ്രജ്ഞന്റെ ലക്ഷണമെന്താണ്? സ്ഥിതപ്രജ്ഞൻ എങ്ങിനെ സംസാരിക്കും? എങ്ങിനെ സ്ഥിതി ചെയ്യും? എങ്ങിനെ സഞ്ചരിക്കും?) 

രണ്ടാമദ്ധ്യായത്തിന്റെ ആദ്യഭാഗത്തുള്ള കുറെ ശ്ലോകങ്ങളിൽ വരെ (ശ്ലോകം 9 വരെ) പ്രകടമായിരുന്നത് അർജ്ജുനവിഷാദത്തിന്റെ പാരമ്യതയായിരുന്നു. തൻറെ ഉറ്റവരോടും ഉടയവരോടും യുദ്ധം ചെയ്യാൻ തനിക്കാവില്ലെന്നും അതിനേക്കാൾ നല്ലതു സന്യസിക്കാൻ പോകുന്നതാണെന്നു വരെ അർജ്ജുനൻ പറഞ്ഞിരുന്നു. ഇതെല്ലാം കേട്ട കൃഷ്ണൻ, "പുഞ്ചിരിച്ചുകൊണ്ടെന്നവണ്ണ"മാണല്ലോ (പുഞ്ചിരിച്ചല്ല) ഉപദേശം തുടങ്ങിയത് (ശ്ലോകം 2:10, തമുവാച ഹൃഷീകേശ: പ്രഹസന്നിവ ഭാരത...)? അർത്ഥപൂർണ്ണമായ ആ ചിരിയുടെ ചില അർത്ഥതലങ്ങളെ ആ ശ്ലോകം വിശകലനം ചെയ്തപ്പോൾ വിശദീകരിക്കാൻ ശ്രമിച്ചിരുന്നു. ഇപ്പോൾ ചർച്ച ചെയ്യുന്ന ഭാഗത്തു നിന്നു തിരിഞ്ഞു നോക്കിയാൽ ആ പുഞ്ചിരിക്ക് മറ്റൊരർഥം കൂടി കിട്ടാം. "അർജ്ജുനാ, യുദ്ധം ചെയ്യാതെ സന്യസിക്കാൻ പോകുന്നതായിരിക്കും ഉചിതം എന്നല്ലേ നീ പറഞ്ഞത്? ബാധ്യസ്ഥമായ കർമ്മം ചെയ്യാൻ ശക്തിയില്ലാതെ ഒളിച്ചോടുന്നവന് അഭയം പ്രാപിക്കാനുള്ള സങ്കേതമല്ല സന്യാസം, അത് അസാമാന്യ ധൈര്യശാലികൾക്ക് അമർന്നിരുന്നുകൊണ്ട് ലോകക്ഷേമത്തിനായി കർമ്മം ചെയ്യാനുള്ള ഇടമാണ്. ഇതു ഞാൻ നിനക്കിനി മനസ്സിലാക്കിത്തരുന്നുണ്ട്''എന്ന കൃഷ്ണന്റെ കുസൃതിച്ചിന്ത ആ ചെറുപരിഹാസച്ചിരിയിൽ പതിഞ്ഞിരിക്കുന്നില്ലേ? ഉണ്ടെന്നാണ്, അതേ തുടർന്നു വരുന്ന 43 ശ്ലോകങ്ങളും അതുകേട്ടു മനം മാറിയ അർജ്ജുനന്റെ ചോദ്യങ്ങളും (ശ്ലോകം 54) കാണിക്കുന്നത്. കൃഷ്ണന്റെ വാക്കുകളിലൂടെ അർജ്ജുനമനസ്സിലെ വിഷാദകാർമേഘങ്ങൾ നീങ്ങിക്കിട്ടിയെങ്കിലും അദ്ദേഹം പറഞ്ഞ കർമ്മയോഗസിദ്ധാന്തത്തിലെ യോഗിയുടെ നിലയെക്കുറിച്ചുള്ള ചില സംശയങ്ങൾ ഇനിയും ബാക്കി നിൽക്കുന്നതാണ് ശ്ലോകത്തിൽ പ്രതിഫലിക്കുന്നത്. അർജ്ജുനനിൽ ഈ സംശയങ്ങൾ വെറുതെ ഉണ്ടായതല്ല, ഇതിനൊരു പശ്ചാത്തലമുണ്ട്. അതു ചിന്മയാനന്ദ സ്വാമികളുടെ വാക്കുകളിലൂടെ പറയാം. "ഉപനിഷത്തുക്കളിൽ ബ്രഹ്മനിഷ്ഠയെ വിവരിക്കുന്നത് ആദ്യമായി വായിക്കുന്നവനു തോന്നുക, ബ്രഹ്മനിഷ്ഠൻ ലൗകികവ്യവഹാരങ്ങൾക്ക് അയോഗ്യനാണെന്നായിരിക്കും. കഠിനപ്രയത്നം ചെയ്തു നേടിയ ബ്രഹ്മാനുഭൂതി ഒരുവനെ ലോകത്തിൽ ഒന്നിനും കൊള്ളാത്തവനാക്കുകയാണെങ്കിൽ അത് അഭിലഷണീയമല്ലല്ലോ? അതിനാൽ ആ വഴിക്കു ചരിക്കാൻ തുടങ്ങുന്നതിനു മുൻപ് സ്ഥിതപ്രജ്ഞന്റെ ശരിയായ നില എന്തെന്നറിയാനുള്ള അർജ്ജുനന്റെ ആഗ്രഹമാണ് ഈ ചോദ്യങ്ങളിൽ പ്രതിഫലിക്കുന്നത്". ഈ ചോദ്യങ്ങൾക്കു കൃഷ്ണൻ നൽകിയ ഉത്തരങ്ങളെ കുറെ മനുഷ്യരെങ്കിലും തെറ്റിദ്ധരിക്കുകയും അങ്ങിനെ ഒന്നിനും കൊള്ളരുതാത്തവരായി മാറിയിട്ടുണ്ടെന്നും കഴിഞ്ഞ കുറിപ്പിൽ പറഞ്ഞിരുന്നു. ഗീതയുടെ വികലമായ വ്യാഖ്യാനങ്ങളിലൂടെ ഹൈന്ദവധർമ്മത്തിനു ക്ഷതമേല്പിക്കാൻ മനുഷ്യർക്കു കഴിഞ്ഞിട്ടുണ്ട്.


ശ്രീ ഭഗവാനുവാച:

പ്രജഹാതി യദാ കാമാൻ സർവ്വാൻ പാർത്ഥ മനോഗതാൻ
ആത്മന്യേവാത്മന തുഷ്ട സ്ഥിതപ്രജ്ഞസ്തദൊച്യതേ   (ശ്ലോകം 2:55)

(ശ്രീ ഭഗവാൻ പറഞ്ഞു, ഹേ പാർത്ഥ, മനുഷ്യൻ തന്നാൽതന്നെ സന്തുഷ്ടനായി മനസ്സിലുള്ള എല്ലാ ആഗ്രഹങ്ങളെയും (വാസനകളെയും) എപ്പോൾ ഉപേക്ഷിക്കുന്നുവോ, അപ്പോൾ അയാളെ സ്ഥിതപ്രജ്ഞൻ എന്നു പറയുന്നു)

ദുഃഖേഷ്വനദ്വിഗ്നമനാ: സുഖേഷു വിഗതസ്പൃഹഃ 
വീതരാഗഭയക്രോധ: സ്ഥിതതീർമുനിരുച്യതേ  (ശ്ലോകം 2:56)

(ദുഖങ്ങളിൽ കുലുങ്ങാത്തവനും സുഖങ്ങളിൽ താത്പര്യമില്ലാത്തവനും, രാഗം, ഭയം, കോപം ഇവയില്ലാത്തവനുമായ പുരുഷൻ സ്ഥിതപ്രജ്ഞനായ മുനി എന്നറിയപ്പെടുന്നു)  

മനസ്സിലുള്ള ആഗ്രഹങ്ങളെയെല്ലാം ഉപേക്ഷിക്കുന്നയാളാണ് സ്ഥിതപ്രജ്ഞൻ എന്നാണല്ലോ പറഞ്ഞത്? പക്ഷേ, ജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തിന് ആഗ്രഹങ്ങൾ ആവശ്യമാണ്. ഇല്ലെങ്കിൽ ജീവിതം നിശ്ചലമായി, മുരടിച്ചു പോകും. ആഗ്രഹങ്ങളെയെല്ലാം ഉപേക്ഷിക്കണം എന്നു പറഞ്ഞാൽ ജീവിതത്തിനോടു തന്നെ തിരിഞ്ഞു നിൽക്കണം എന്നാകുമല്ലോ അർത്ഥം? ജീവകല അഭ്യസിപ്പിക്കുന്ന ഗീതയിൽ ക്രാന്തദർശിയായ ഗീതാകാരൻ ഇങ്ങനെയൊരു വിവരദോഷമാണോ പറഞ്ഞു വച്ചിരിക്കുന്നത്? ആകാൻ തരമില്ല. നമ്മുടെ ചിന്തയിലുള്ള ആഗ്രഹങ്ങളിലെ   ചാലകശക്തിയെയല്ല, ആ ശക്തിയെത്തന്നെ നശിപ്പിക്കാൻ പോന്ന സ്വാർത്ഥതയെ ഉപേക്ഷിക്കണം എന്നാകണം ഗീത പറയുന്നത്. 'ആഗ്രഹങ്ങളെ ഉപേക്ഷിക്കണം' എന്നു പറഞ്ഞിരിക്കുന്നതോടൊപ്പം തന്നെ സ്ഥിതപ്രജ്ഞൻ 'തന്നിൽത്തന്നെ സന്തുഷ്ടനായിരിക്കണം' എന്നു പറയുന്നതു കൂടി ചേർത്തു വായിക്കുമ്പോൾ മനസ്സിലാക്കാവുന്നത് ഇതാണ്. എന്തോ ഒരു പോരായ്മയിൽ നിന്നാണല്ലോ അതു നികത്തണം എന്ന ആഗ്രഹം തന്നെ ഉണ്ടാകുന്നത്? ആത്മാവിൽത്തന്നെ രമിച്ചു ജീവിക്കുന്ന, ആത്മരതിയിൽ സായൂജ്യമടയുന്നു യോഗിക്ക് (സ്ഥിതപ്രജ്ഞന്) ഒന്നിന്റെയും തന്നെ കുറവ് അനുഭവപ്പെടുന്നില്ല; പിന്നെന്ത് ആഗ്രഹങ്ങൾ? ആഗ്രഹങ്ങൾ താനേ നിലയ്ക്കുകയാണ് ചെയ്യുന്നത്. ആഗ്രഹങ്ങളുടെ മേൽ കൃത്രിമമായി വിലക്ക് ഏർപ്പെടുത്തുന്നതും ആത്മസായൂജ്യത്തിൽ ആഗ്രഹങ്ങൾ താനേ നിലയ്ക്കുന്നതും രണ്ടും രണ്ടാണ്. ആഗ്രഹങ്ങൾക്കു വിലക്കേർപ്പെടുത്തി, സന്യസിക്കാൻ പോയാൽ, അനുകൂല സാഹചര്യമുണ്ടാകുമ്പോൾ  അവ അതീവ ശക്തിയോടെ തിരിച്ചു വരും. ഇതാണ് പല കപട സന്യാസികൾക്കും സംഭവിക്കുന്നത്. ഇതല്ല ഗീത ഉദ്ദേശിക്കുന്ന സ്ഥിതപ്രജ്ഞപ്രകൃതം. ഗീത ഉദ്ദേശിക്കുന്ന പ്രകൃതത്തിലെത്തിക്കഴിഞ്ഞാൽ പിന്നെയൊരു തിരിച്ചു പോക്കുണ്ടാകില്ല. ഈശ്വരനിലേക്കുള്ള ആകർഷണം കൂടുന്നതോടെ ജ്ഞാനിയുടെ ആഗ്രഹങ്ങൾ കുറഞ്ഞുവരികയും, ഈശ്വരസാക്ഷാത്ക്കാരം നേടുന്നതോടെ എല്ലാ ആഗ്രഹങ്ങളും തന്നെ നിലയ്ക്കുകയും ചെയ്യും. എന്തെങ്കിലും നേടാനുള്ള രാഗമോ, അതു കിട്ടുമോ, കിട്ടിയാൽ തന്നെ പിന്നീടതു നഷ്ടമാകുമോ എന്നുള്ള ഭയമോ, കിട്ടിയില്ലെങ്കിൽ അതിന്റെ പേരിൽ ക്രോധമോ ഒന്നും സ്ഥിതപ്രജ്ഞനായ മുനിക്കുണ്ടാകില്ല. അതേസമയം നമ്മുടെ ചിന്തകളിലെ ഈ 'ഇല്ലാഴ്മ'കളിലും സ്ഥിതപ്രജ്ഞൻ, സദാ സന്തോഷവാനും സംതൃപ്തനുമായിരിക്കും. സമൂഹത്തിൽ നിന്നും അകന്നുമാറി, സദാ ധ്യാനനിമഗ്നനായി, ഏകാന്തനായി കഴിയുന്നയാളെയാണ് സാധാരണ 'സന്യാസി'യായി നാം കണക്കാക്കാറുള്ളത്. പക്ഷേ, ഗീത പറയുന്ന സ്ഥിതപ്രജ്ഞനായ കർമ്മയോഗിക്കു ചേർന്നതല്ല ആ ജീവിതം. സമൂഹത്തിനു ഗുണകരമാകുന്ന ഏതു നല്ലകാര്യം ചെയ്യുന്നതിനും മുൻനിരയിലുണ്ടാകുന്നവനാകണം കർമ്മയോഗി. സമൂഹത്തിനു ദോഷം വരുത്തുന്ന പ്രവണതകളോട് പ്രതികരിക്കുന്നതിൽ കർമ്മയോഗിക്കു തെറ്റു ശങ്കയും ഉണ്ടാകില്ല. മറ്റുള്ളവരെക്കാൾ ചുറുചുറുക്കോടെയായിരിക്കും ഇങ്ങനെയുള്ളവർ സമൂഹത്തിൽ പ്രവർത്തിക്കുന്നത്. ആഗ്രഹങ്ങളും സ്വാർത്ഥചിന്തകളും ഇവരെ അലട്ടുന്നില്ല എന്നതിനാൽ സമൂഹത്തിന്റെ മുൻപോട്ടുള്ള പോക്കിനു ചാലകശക്തിയാകുന്ന കർമ്മത്തിൽ മാത്രമാണവരുടെ ശ്രദ്ധയെന്നതാണ് അവരെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തരാക്കുന്നത്. ഇങ്ങനെയുള്ളവർ നമ്മുടെ സമൂഹങ്ങളിൽ ധാരാളമായി ഉണ്ടായിരുന്നു, ഇന്നും കാണാം, എണ്ണം വളരെ കുറവാണെങ്കിലും.    

കുട്ടിയായിരിക്കുമ്പോൾ കളിപ്പാട്ടങ്ങളോടു നമുക്കു തോന്നിയ ആഗ്രഹം പ്രായമായിക്കഴിയുമ്പോൾ തോന്നുമോ? ഇല്ല. ബോധം വികസിക്കുകയും അതിനനുസരിച്ചു ജീവിക്കുകയും ചെയ്യുമ്പോൾ താഴ്ന്ന നിലവാരത്തിലുള്ള ആഗ്രഹങ്ങളും ചിന്തകളും സ്വാഭാവികമായും അകലുകയും അവയുടെ സ്ഥാനത്തു ഉന്നതമൂല്യങ്ങൾ പ്രതിഷ്ഠിക്കപ്പെടുകയും ചെയ്യും. പൂവിൽ നിന്നും കായുണ്ടാകുമ്പോൾ പൂവിന്റെ ദളങ്ങൾ തനിയെ കൊഴിഞ്ഞു പോകും. അത് നഷ്ടമല്ല. കായെ സൃഷ്ട്ടിക്കുവാനുള്ള പൂവിന്റെ റോൾ കഴിഞ്ഞു എന്നുമാത്രം. കായുണ്ടാകുന്നതോടെ പൂവിന്റെ പരമമായ ലക്ഷ്യം നേടിക്കഴിഞ്ഞു. ഇതുപോലെ പ്രായമാകുന്നതിനനുസരിച്ചു മനുഷ്യരിൽ ഉന്നതമൂല്യങ്ങൾ ഉടലെടുക്കുകയും താഴ്ന്ന നിലവാരത്തിലുള്ള ചിന്തകൾ കൊഴിഞ്ഞു പോകുകയും വേണം. പ്രകൃതി നിയമങ്ങൾക്കു വിധേയമായാണ് ഒരു മൊട്ടു വിരിഞ്ഞു പൂവായി കായാകുന്നതെങ്കിൽ നമ്മൾ മനുഷ്യരുടെ കാര്യത്തിൽ ഇങ്ങനെയല്ല സംഭവിക്കുന്നത്. മനസ്സിൽ നിന്നുൽഭൂതമാകുന്ന സ്വാർത്ഥചിന്തകൾ, മനസ്സിന്റെ സ്വാഭാവികമായ വികാസത്തിനെ തടസ്സപ്പെടുത്തും. മനസ്സിനെ വളരാൻ സമ്മതിക്കില്ല. എത്ര പ്രായമായാലും പണം, പ്രശസ്തി, അധികാരം, സ്ഥാനമാനം, കീർത്തി, കുടുംബം തുടങ്ങി ജീവിതത്തിൽ പണ്ടു കണ്ടിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെ വിട്ടുപോകാൻ നമ്മുടെ മനസ്സനുവദിക്കില്ല. വിട്ടുപോകില്ലെന്നു മാത്രമല്ല, അവയിലേക്കൊക്കെ കൂടുതലായി ഒട്ടിപ്പിടിക്കാനാണ് മനസ്സു ശ്രമിക്കുക. അതുകൊണ്ടു തന്നെ ബഹുഭൂരിപക്ഷം മനുഷ്യരുടെയും കർമ്മങ്ങൾ ഗീത പറയുന്ന സമചിത്തബോധത്തിലമർന്ന യോഗമാകുന്നില്ല; നമ്മൾ സ്ഥിതപ്രജ്ഞരായ കർമ്മയോഗികളുമാകുന്നില്ല. അങ്ങിനെ സമൂഹത്തിൽ ആരെങ്കിലുമുണ്ടെങ്കിൽ അത് ആ സമൂഹത്തിന്റെ ഭാഗ്യമെന്നു കരുതാം. ഗീത പഠിക്കുന്നതിലൂടെ സാധാരണ മനുഷ്യർക്കും ഈ ഉന്നതജീവിതമൂല്യങ്ങളെയൊക്കെ ഒരു പരിധിവരെയെങ്കിലും സ്വാംശീകരിക്കാൻ കഴിയുന്നതാണ്. അതിനു കഴിയുന്നില്ലെങ്കിൽ പോട്ടെ, ഇങ്ങിനെയുള്ള ശ്രേഷ്ഠവ്യക്തികൾ സമൂഹത്തിന്റെ ചാലകശക്തിയാകുന്നത് എങ്ങിനെയെന്ന് ഗീതാപഠനത്തിലൂടെ നമുക്കു മനസ്സിലാക്കുകയെങ്കിലും ചെയ്യാം.

(തുടരും)             
--------------------------------------------------------------------------------------------------------------------------------       
ഈ  ഗീതാ പഠന പരമ്പര ആദ്യം മുതൽ  വായിക്കാൻ കഴിയാതെ പോയവർക്കായി ആത്മീയവിഷയങ്ങളുടെയും ഭഗവത് ഗീതയുടെയും ഒരു ഹൃസ്വപശ്ചാത്തലം താഴെ കൊടുത്തിരിക്കുന്നു. ഇവിടെ ചർച്ച ചെയ്യപ്പെടുന്ന വിഷയങ്ങളുടെ പ്രസക്തി ശരിക്കും മനസ്സിലാക്കാൻ ഈ അറിവു സഹായകമാകും. 
--------------------------------------------------------------------------------------------------------------------------

തങ്ങളുടെ നിലനിൽപ്പിനു പ്രകൃതി കനിഞ്ഞു നൽകുന്ന സഹായത്തിനു നന്ദി പറഞ്ഞുകൊണ്ടും അതുപോലെ തന്നെ തങ്ങൾക്കു നിയന്ത്രിക്കാൻ കഴിയാത്ത പ്രകൃതിഭാവങ്ങളെക്കണ്ടു ഭയന്ന് അതിൽ നിന്നും രക്ഷ നേടാനുമായി പ്രാകൃത  മനുഷ്യർ ഈശ്വരസങ്കൽപ്പങ്ങളും അവയ്ക്കുള്ള ആരാധനാസമ്പ്രദായങ്ങളും സഹസ്രാബ്ദങ്ങൾക്കു മുൻപു തന്നെ സൃഷ്ടിച്ചു. ഇക്കാലത്തിന് ശേഷം ബോധപൂർവം ചിന്തിയ്ക്കുന്ന മനുഷ്യരുടെ കാലമായപ്പോൾ അവർ പ്രപഞ്ചത്തെയും അതിലെ പ്രതിഭാസങ്ങളെയും മനുഷ്യ ജീവിതത്തെയും ജീവിതത്തിനു ശേഷമുള്ള ലോകത്തെയും മറ്റും മറ്റും പറ്റി ചിന്തിക്കാൻ തുടങ്ങി. ഈ പ്രപഞ്ചാവലോകനമാണ് വേദോപനിഷത്തുക്കളിൽ നിറഞ്ഞു നിൽക്കുന്നത്. ഇന്ദ്രിയപരമായ കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു, അപരിഷ്കൃത ജീവിതം നയിക്കുന്ന മനുഷ്യരെ, ബോധപൂർവം ചിന്തിപ്പിച്ചു പരിഷ്കൃതചിത്തരായ സാമൂഹികമനുഷ്യരാക്കാനുദ്ദേശിച്ചുള്ള ചിന്തകളും പ്രയോഗരീതികളുമാണ് ഈ ജ്ഞാനസ്രോതസ്സുകളിൽ നിറഞ്ഞു നിൽക്കുന്നത്. വേദത്തിന്റെ അന്ത്യഭാഗവും വേദസാരവുമായ വേദാന്തത്തിൽ (ഉപനിഷത്തുക്കളിൽ), പ്രപഞ്ചകർത്താവെന്ന ഈശ്വരസങ്കൽപ്പം (ഏകദൈവസങ്കൽപ്പം) പ്രബലമായി പ്രതിഷ്ഠിക്കപ്പെട്ടിiട്ടുണ്ട്. വേദകാലത്തിനു ശേഷവും ഭാരതീയ തത്വചിന്തകന്മാർ ഈ പ്രപഞ്ച വിഷയങ്ങളെക്കുറിച്ചു ഗാഢമായി ചിന്തിക്കുകയും അവരവരുടേതായ കണ്ടെത്തലുകൾ നടത്തുകയും ചെയ്തിട്ടുണ്ട്. അങ്ങിനെയുണ്ടായ നിരവധി തത്വചിന്താശാഖകളിൽ ചിലതാണ് ചാർവാക മഹർഷിയുടെ ലോകായത മതം, കപിലമുനിയുടെ സാംഖ്യയോഗം, പതഞ്ജലി മഹർഷിയുടെ യോഗം, ശ്രീബുദ്ധന്റെ ബുദ്ധമതം, മഹാവീരന്റെ ജൈനമതം തുടങ്ങിയവ. ഈ തത്വചിന്തകളിലേറെയും ജഗന്നിയന്താവായ ഈശ്വരൻ എന്ന വേദാന്തദർശനത്തോടു യോജിക്കുന്നില്ല എന്നു തന്നെയല്ല ഈശ്വരസങ്കൽപ്പത്തെ നിരാകരിക്കുന്നുമുണ്ട്. വേദത്തിന്റെ അധികാരികളായി സ്വയം അവരോധിച്ച അക്കാലത്തെ കുറെ മനുഷ്യർ (പിൽക്കാലത്തു വൈദികമതം എന്നറിയപ്പെട്ടു) വേദത്തിന്റെ ലോകക്ഷേമകരമായ ഉദ്ദേശ്യലക്ഷ്യങ്ങൾക്കനുസൃതമല്ലാത്ത രീതിയിൽ വ്യാഖ്യാനങ്ങൾ നടത്തുകയും ചാതുർവർണ്യ വ്യവസ്ഥിതി സൃഷ്ടിച്ചു സമൂഹത്തെ വിഭജിക്കുകയും വേദവിധിപ്രകാരം മനുഷ്യർ എങ്ങിനെയാണ് സാമൂഹികജീവിതം നയിക്കേണ്ടതെന്നു നിർദ്ദേശിക്കുന്ന ധർമ്മശാസ്ത്രങ്ങൾ (ഉദാ: മനുസ്മൃതി, യാജ്ഞവല്ക്യസ്മൃതി) രചിച്ചു നടപ്പിൽ വരുത്തുകയും ചെയ്തു. ഈശ്വരന്റെ പേരിൽ  സമൂഹത്തിൽ നിരവധി അനാചാരങ്ങളും ജന്തുഹിംസയടക്കമുള്ള ദുരാചാരങ്ങളും ഇവർ നടപ്പിൽ വരുത്തുകയും അതെല്ലാം ജനങ്ങളിൽ  അടിച്ചേൽപ്പിക്കുകയും ചെയ്തതിന്റെ ഫലമായി ഹൈന്ദവമതം നാശോന്മുഖമാവുകയും അതിന്റെ സ്ഥാനത്തു ബുദ്ധമതവും ജൈനമതവും ഭാരതത്തിലുടനീളം വളർന്നു വികസിക്കുകയും ചെയ്തു. ഈ രണ്ട് അവൈദികമതങ്ങളും വേദങ്ങളിലെ യജ്ഞസംസ്കാരത്തെയും ഈശ്വരസങ്കൽപ്പത്തെയും നിരാകരിക്കുകയും സ്നേഹം, കരുണ  തുടങ്ങിയ മാനുഷിക വികാരങ്ങൾക്ക് ഊന്നൽകൊടുക്കുന്ന ചിന്തകൾക്ക് പ്രാമുഖ്യം കൊടുക്കുകയും ചെയ്തു. ഈ രണ്ടുമതങ്ങളും സ്വാഭാവികമായും വൈദികമതത്തിന്റെ കണ്ണിലെ കരടായിത്തീർന്നു. വൈദികമതത്തിന്റെ ഈ ദോഷകാലത്ത്, സനാതനധർമ്മത്തെ ഉയർത്തിപ്പിടിച്ചു സമൂഹത്തിൽ അതിനു സ്ഥാനമുണ്ടാക്കാനുള്ള നല്ല ശ്രമങ്ങളുടെ ഭാഗമായുണ്ടായിട്ടുള്ള കൃതികളാണ് രാമായണവും മഹാഭാരതവും. മഹാഭാരതത്തിന്റെ ഭാഗമാണ് ഭഗവത് ഗീത. ഇതേ ലക്ഷ്യത്തിലേക്കായി തന്നെ പിൽക്കാലത്ത് പുരാണങ്ങളും രചിക്കപ്പെട്ടു. ഇതിഹാസങ്ങളും പുരാണങ്ങളും കൂടി സനാതനധർമ്മത്തെ സമൂഹത്തിൽ സുസ്ഥിരമായി പ്രതിഷ്ഠിക്കുകയും ചെയ്തു.

ഉപനിഷദ് ദർശനങ്ങളാണ് ഭഗവത് ഗീതയുടെ വിഷയം എന്നു ഗീതയുടെ ധ്യാനശ്ലോകത്തിൽ പറയുന്നുണ്ട്. ഗീതയുടെ കാലഘട്ടത്തിനു മുൻപ് ഭാരതത്തിൽ ഉടലെടുത്തിട്ടുള്ള എല്ലാ തത്വദർശനശാഖകളുടെയും നല്ല വശങ്ങൾ, ഗീതയുടെ നിർമ്മിതിയിലേക്ക് ഗീതാകാരൻ ഉപയോഗിച്ചിട്ടുണ്ടെന്നു ഗീത ശ്രദ്ധാപൂർവം പഠിക്കുന്നവർക്കു മനസ്സിലാക്കാവുന്നതാണ്. അതായത് നിർഗ്ഗുണബ്രഹ്മമായ ഈശ്വരനെ ജഗന്നിയന്താവായി പ്രതിഷ്ഠിച്ച  ഉപനിഷദ് ദർശനങ്ങളോടൊപ്പം തന്നെ, ഈശ്വരസങ്കല്പത്തെ നിരാകരിക്കുന്ന തത്വചിന്തകളുടെ നല്ല വശങ്ങൾ കൂടി വിളക്കിച്ചേർത്തു സൃഷ്ട്ടിച്ച ആത്മീയകൃതിയാണ് ഭഗവത് ഗീത. പ്രപഞ്ചകർത്താവായി ഈശ്വരനെ പ്രതിഷ്ഠിക്കുന്ന വേദാന്തചിന്തകളിലടക്കം മേൽപ്പറഞ്ഞ ഒരു ഭാരതീയ ദർശനശാഖയിലും നാം ഇന്നറിയുന്ന വിധത്തിലുള്ള, നമ്മിൽ നിന്നന്യനായ, നിഗ്രഹാനുഗ്രഹശക്തിയുള്ള ഒരീശ്വരസങ്കൽപ്പം ഇല്ല. പുരാണകഥകളിൽ അങ്ങിനെയുള്ള ഈശ്വരസങ്കൽപ്പങ്ങളെ പ്രകീർത്തിക്കുന്ന നിരവധി കഥകൾ ഉണ്ടെങ്കിലും അവയൊക്കെ തന്നെ ഉപനിഷത്തുക്കൾ ഉദ്ഘോഷിക്കുന്ന ആത്മജ്ഞാനത്തിലേക്കു സാധാരണ മനുഷ്യരെ നയിക്കാൻ വേണ്ടിയുണ്ടാക്കിയ പദ്ധതികളുടെ ഭാഗമാണെന്ന് മനസ്സിലാക്കാവുന്നതേയുള്ളൂ. ആത്മബോധമുള്ള സമൂഹത്തെ വാർത്തെടുക്കാൻ വേണ്ടി ചിന്താശക്തിയുള്ള മനുഷ്യർ മെനഞ്ഞെടുത്ത കഥകളാണിതെല്ലാം എന്നർത്ഥം. ഇതിൽ തന്നെ പല കൃതികളുടെയും ഉദ്ദേശ്യം ചാതുർവർണ്യ വ്യവസ്ഥയെ സമൂഹത്തിൽ അരക്കിട്ടുറപ്പിക്കുകയായിരുന്നു എന്ന ആക്ഷേപവും പലരും  ഉന്നയിച്ചിട്ടുണ്ട്. നമുക്കു തൽക്കാലം ആ വിഷയത്തിലേക്കു പോകാതിരിക്കാം. പുരാണകഥകളിൽ രസിച്ചു, അവയിൽ അന്തർഭവിച്ചിരിക്കുന്ന ആത്മബോധപരമായ കാര്യങ്ങളെ മറന്നു ജീവിക്കുന്നവരാണ് കൂടുതൽ പേരും എന്നു മാത്രം ഇപ്പോൾ മനസ്സിലാക്കാം.

ക്രിസ്തുവർഷത്തിന്റെ തുടക്കകാലത്തിനടുത്താണ് ഗീത രചിക്കപ്പെട്ടതെന്നാണു  പാശ്ചാത്യരും പൗരസ്ത്യരുമായ ഭൂരിഭാഗം ഗവേഷകരും അഭിപ്രായപ്പെടുന്നത്. ഗീതയ്ക്ക് 5000ൽപ്പരം വർഷത്തെ പഴക്കമുണ്ടെന്ന അഭിപ്രായപ്പെടുന്നവരും ഉണ്ട്. ഇതെന്തുതന്നെയായാലും ദ്വാപരയുഗത്തിൽ ജീവിച്ചിരുന്നതെന്നു ഹിന്ദുക്കൾ വിശ്വസിക്കുന്ന വാസുദേവകൃഷ്ണനു ഗീതയുടെ കാലത്തു ജീവിച്ചിരിക്കാൻ കഴിയില്ലല്ലോ? അതായത്, ഗീത അവതരിപ്പിക്കുന്നത് ഭഗവാൻ കൃഷ്ണനല്ല, കൃഷ്ണനെന്ന കഥാപാത്രമാണ്. ഗീതയുടെ കാലത്തിനു മുൻപു തന്നെ ഭാരതത്തിലെ ജനങ്ങൾ ആരാധിച്ചിരുന്ന തേജസ്വിയായ കൃഷ്ണനിലൂടെ, ലോകസമ്മതിയിലേക്കായി ഗീതാകാരൻ, ഗീതാശ്ലോകങ്ങളെ  അവതരിപ്പിക്കുകയാണ്. നല്ലൊരു സംരംഭം തുടങ്ങാൻ പോകുമ്പോൾ നാം സ്ഥലത്തെ പ്രധാനിയും പൊതുസമ്മതനുമായ ആളെക്കൊണ്ട് അതു നിർവഹിപ്പിക്കുന്നതുപോലെ. ഭാരതീയ തത്വചിന്താധാരകളിൽ നിന്നും ഗീതാകാരൻ എഴുതിയുണ്ടാക്കിയ ഗീതാശ്ലോകങ്ങൾ ഭഗവാൻ കൃഷ്ണനെക്കൊണ്ട് അവതരിപ്പിക്കുന്നതായി സങ്കല്പിച്ചിരിക്കുന്നു. അതായതു ഗീതയിൽ നാം കാണേണ്ടത് ദൈവമായ വാസുദേവകൃഷ്ണനെയോ ആ അവതാരപുരുഷന്റെ ദൈവീകശക്തികളെയോ അല്ല, മറിച്ചു ആർഷഭാരത ഋഷിമനസ്സുകളെയും അവർ പകർന്നുതരുന്ന ബൗദ്ധികമായ അറിവുകളെയുമാണ്. ഗീത പഠിക്കുമ്പോൾ ഭഗവാൻ എന്നോ കൃഷ്ണൻ എന്നോ ഉള്ള പ്രയോഗം കണ്ടാൽ  ജ്ഞാനിയായ ഒരു ഗുരു എന്നേ ചിന്തിയ്ക്കേണ്ടതുള്ളൂ. ആ ഗുരുവിനെ അന്ധമായി വിശ്വസിക്കേണ്ടതില്ല, ഗുരു പറയുന്നത് ബോധപൂർവം മനസ്സിലാക്കി കഴിയാവുന്നിടത്തോളം ജീവിതത്തിൽ പകർത്താൻ ശ്രമിക്കുക മാത്രമേ വേണ്ടൂ. നമ്മിൽ നിന്നന്യനായ ഒരു ദൈവം എന്ന ചിന്ത വേദാന്തദർശനത്തിലില്ല. നാമോരോരുത്തരിലും ദൈവീകത്വം ഉണ്ടെന്നും, പക്ഷെ അജ്ഞാനത്താൽ അതു മറഞ്ഞു നിൽക്കുകയാണെന്നും, അജ്ഞാനത്തെയകറ്റിയാൽ ഉള്ളിലെ ദിവ്യചൈതന്യം അനുഭവവേദ്യമാകുമെന്നുമാണ് ഹൈന്ദവതത്വ ശാസ്ത്രങ്ങളിൽ പറഞ്ഞിരിക്കുന്നത്. ആത്മീയമായ അറിവു നേടുന്നതിനനുസരിച്ചു അജ്ഞാനമാകുന്ന മൂടുപടം നേർത്തു നേർത്തു വരും, കാഴ്ചപ്പാടുകൾ മാറിത്തുടങ്ങും. തന്നെ നിലനിർത്തുന്ന ഈശ്വരൻ തന്നെയാണ് മറ്റുള്ളവയേയും നിലനിർത്തുന്നതെന്ന ബോധം ഉള്ളിലുദിക്കും. ഇതോടെ ഭേദഭാവചിന്തകൾ നമ്മളിൽ നിന്നകന്നുതുടങ്ങും. ഭേദഭാവമകന്ന മനുഷ്യർ ജീവിക്കുന്ന സമൂഹം സ്വർഗ്ഗമല്ലാതെ മറ്റെന്താണ്? വേദാന്തസാരമായ ഭഗവത് ഗീത ലക്‌ഷ്യം വയ്ക്കുന്നത് സമത്വത്തിന്റെയും സാഹോദര്യത്തിന്റേതുമായ ആ സുന്ദരലോകത്തെയാണ്. ഗീതയുടെ പഠനത്തിലൂടെ മനുഷ്യർ നേടുന്നത് ഈ  സമത്വബോധമാണ്, മറ്റൊന്നുമല്ല. ലോകാ സമസ്‌താ സുഖിനോ ഭവന്തു.

ഭഗവത് ഗീതയിൽ പ്രദിപാദിച്ചിരിക്കുന്ന ആത്മീയ വിഷയങ്ങളുടെ പൊതു പശ്ചാത്തലം മുകളിൽ എഴുതിയതിൽ നിന്നും മനസ്സിലാക്കാമെങ്കിലും ഗീതയുടെ രചനയിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ടെന്നു വിവേകാനന്ദ സ്വാമികളും പല ഗീതാഗവേഷകരും കരുതുന്ന ചില സാമൂഹ്യവിഷയങ്ങളെക്കൂടി ഇവിടെ പരാമർശിക്കേണ്ടതുണ്ട്. വേദങ്ങളെ ആധാരമാക്കിക്കൊണ്ടു, ചാതുർവർണ്യ വ്യവസ്ഥ നടപ്പിലാക്കി, സാമൂഹിക ജീവിതത്തെ നിയന്ത്രിച്ചിരുന്ന വൈദികബ്രാഹ്മണരുടെ ഇടയിൽത്തന്നെ അന്നു രണ്ടു പക്ഷക്കാരുണ്ടായിരുന്നു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പറഞ്ഞിട്ടുള്ള യജ്ഞാദികർമ്മങ്ങൾ അനുഷ്ഠിച്ചുകൊണ്ടുള്ള സാമൂഹികജീവിതമാണ് ശരിയെന്ന് ഒരു കൂട്ടർ വാദിച്ചപ്പോൾ, കർമ്മങ്ങളെല്ലാം തന്നെ സ്വാർത്ഥത ജനിപ്പിക്കുന്നതാണെന്നും ആയതിനാൽ കർമ്മബന്ധങ്ങളുണ്ടാക്കി പുനർജന്മ്മത്തിനു കാരണമാകാവുന്ന കർമ്മമാർഗ്ഗം ഉപേക്ഷിച്ചു വനത്തിൽ പോയി സന്യാസജീവിതം നയിക്കുകയാണ് വേണ്ടതെന്നായി രണ്ടാമത്തെ കൂട്ടർ. കാമ്യകർമ്മങ്ങളിൽ മുഴുകി ജീവിച്ച കൂട്ടരായിരുന്നു സ്വാഭാവികമായും അന്നത്തെ സമൂഹത്തിലെ പ്രബലർ. വേദത്തെച്ചൊല്ലിയുണ്ടായ ഈ രണ്ടു വീക്ഷണങ്ങളും സമൂഹത്തിൽ വലിയ സംഘർഷവും അശാന്തിയും സൃഷ്ട്ടിച്ചു കൊണ്ടിരുന്ന കാലത്താണ് ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ഈ രണ്ടു വീക്ഷണങ്ങളെയും ഉൾക്കൊണ്ടു കൊണ്ടു, സമന്വയത്തിന്റെ മാർഗ്ഗത്തിലാണ്‌ ഗീത രചിക്കപ്പെട്ടിട്ടുള്ളത്. ആദ്യത്തെ കൂട്ടർ വാദിച്ച കാമ്യകർമ്മമാർഗ്ഗത്തിലെ കാമത്തെ (desire) മാറ്റി നിഷ്ക്കാമമായാണ് കർമ്മം ചെയ്യേണ്ടതെന്നും നിസ്വാർത്ഥമായി കർമ്മം ചെയ്യുന്നതിലൂടെ കർമ്മബന്ധനങ്ങളും പുനർജന്മവും ഉണ്ടാകില്ലെന്നും ഉപനിഷദ് ദർശനങ്ങളുടെ അടിസ്ഥാനത്തിൽ ഗീത സമർത്ഥിച്ചപ്പോൾ അത് രണ്ടു കൂട്ടർക്കും സ്വീകാര്യമായി. സ്വാഭാവികമായും വേദങ്ങളുടെ കർമ്മകാണ്ഡത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ കാമ്യകർമ്മങ്ങളെയും ഗീത നിശിതമായി വിമർശിച്ചു. വേദങ്ങളെയല്ല, വേദങ്ങളെ മനുഷ്യർ ഉപയോഗിക്കുന്ന രീതിയെയാണ് ഗീത വിമർശിക്കുന്നത്. തികച്ചും മൗലികമായ കർമ്മയോഗസിദ്ധാന്തം ആഹ്വാനം ചെയ്യുമ്പോൾത്തന്നെ, ജാതിവ്യവസ്ഥയെ സമൂഹത്തിൽ നിലനിർത്തുന്നതിനു സഹായകരമാകുന്ന നിലപാടുകളാണ് പല ഗീതാശ്ലോകങ്ങളിലും നിഴലിക്കുന്നതെന്ന ഗൗരവപരമായ ആക്ഷേപവും പലരും ഉന്നയിച്ചിട്ടുണ്ട്. എല്ലാവരും പറയുന്ന എല്ലാം ശരിയാകണമെന്നില്ല. പഠിച്ചു പോകുന്ന വഴിയിൽ ഇപ്പറയുന്നതൊക്കെ ശരിയാണോ എന്നു നമുക്കും അന്വേഷിക്കാം.

ഹിന്ദുമതം എന്നൊരു മതമുണ്ടോ, അതോ ഹൈന്ദവസംസ്കാരം എന്നു പറയുന്നതാണോ ശരി തുടങ്ങിയ ചില ചോദ്യങ്ങൾ ഉന്നയിക്കപ്പെടാറുണ്ട്. ഒരു ആത്മീയപുരുഷനും അദ്ദേഹത്തിൻറെ വചനങ്ങൾ വിശ്വാസപൂർവം പിന്തുടരുന്ന ജനസമൂഹവും ചേർന്നതിനെയാണ് മതം എന്ന വാക്കുകൊണ്ട് സാധാരണ ലക്ഷ്യമാക്കുന്നത് (semitic religion). ഹൈന്ദവസംസ്കാരത്തിൽ ഒരു പ്രവാചകനോ, ദൈവപുരുഷനോ അല്ല ആത്മീയതയുടെ കേന്ദ്രം; അനേകം ഋഷിമാരുടെയും തത്വചിന്തകരുടെയും സംഭാവനകളിലാണ് ഈ സംസ്കാരം കെട്ടിപ്പടുത്തിരിക്കുന്നത്. അതിനാൽ ഹിന്ദുമതമെന്നല്ല, ഹൈന്ദവ സംസ്കാരം എന്നു പറയുന്നതാകും കൂടുതൽ ശരി. സെമിറ്റിക് മതങ്ങളിൽ ദൈവകൽപ്പനകൾ ചോദ്യം ചെയ്യപ്പെടാതെ വിശ്വസിക്കേണ്ടതും പിന്തുടരേണ്ടതുമാണെങ്കിൽ ഹൈന്ദവസംസ്കാരത്തിൽ അങ്ങിനെയല്ല, ഉപദേശങ്ങൾ വിമർശനബുദ്ധിയോടെ പഠിച്ചു ശരിയെന്നു തോന്നുന്നത് മാത്രമേ സ്വീകരിക്കേണ്ടതുള്ളൂ. ഈശ്വരനിൽ വിശ്വസിക്കണം എന്നുപോലുമില്ല. വിശ്വാസത്തിലല്ല, ബൗദ്ധികമായ അന്വേഷണത്തിലാണ് ഹൈന്ദവധർമ്മം നിലകൊള്ളുന്നത്. 'സിന്ധു'നദിക്കു പടിഞ്ഞാറു നിന്നു വന്ന പേർഷ്യൻ/ഗ്രീക്കു വംശജർ അവരുടെ സംസ്കാരത്തിൽ നിന്നും വ്യത്യസ്തമായ സംസ്കാരമുള്ളതും സിന്ധുനദിക്ക് കിഴക്കു വസിച്ചിരുന്നവരുമായ ഭാരതീയരെ അഭിസംബോധന ചെയ്യാൻ ഉപയോഗിച്ച  പേര് പരിണമിച്ചുണ്ടായതാണ് 'ഹിന്ദു' എന്നു പറയപ്പെടുന്നു.  -