Friday, November 15, 2013

അയ്യപ്പദർശനത്തിന്റെ അകപ്പൊരുൾ


കാനനാന്തർഭാഗത്ത്  നിലകൊള്ളുന്ന താരതമ്യേന ചെറിയ ഒരു ക്ഷേത്രമാണ് ശബരിമല ക്ഷേത്രം. ഇവിടുത്തെ പ്രധാന ദേവൻ ശ്രീ അയ്യപ്പനും. ബ്രഹ്മവിഷ്ണുമഹേശ്വരന്മാരെപ്പോലെയോ ഭഗവതിയെപ്പോലെയോ പുരാണേതിഹാസങ്ങളിൽ വർണ്ണിക്കപ്പെട്ടിട്ടുള്ള ഒരു ദേവസങ്കല്പ്പമല്ല ശ്രീ അയ്യപ്പൻ. പക്ഷെ ശബരിമല ക്ഷേത്രവും അയ്യപ്പദേവനും ഇന്നു വിശ്വം മുഴുവൻ അറിയപ്പെടുകയും ആരാധിക്കപ്പെടുകയും ചെയ്യുന്നു. എത്തിപ്പെടാൻ കഷ്ട്ടങ്ങൾ ഏറെയാണെങ്കിലും ശബരിമലദർശനത്തിനു വരുന്ന അയ്യപ്പഭക്തന്മാരുടെ എണ്ണം വർഷം തോറും സീമാതീതമായി വർദ്ധിച്ചു കൊണ്ടിരിക്കുന്നു. ലോകത്തിന്റെ പലഭാഗങ്ങളിലും പുതിയ പുതിയ അയ്യപ്പക്ഷേത്രങ്ങൾ ഉയർന്നു വരുന്നു. എന്തായിരിക്കാം ഇതിനു കാരണം? എന്താണ് അയ്യപ്പദേവനും ശബരിമല ദർശനത്തിനും ഉള്ള പ്രത്യേകത? വിശ്വാസത്തിനും ഐതിഹ്യങ്ങൾക്കും ഉപരിയായി ആത്മീയവും യുക്തിപരവുമായ ഒരു മാനം ഈ വിഷയത്തിനുണ്ടോ എന്നൊരന്വേഷണമാണ് ഈ  ലേഖനത്തിലൂടെ നടത്തുന്നത്.

ഒരു ദേവന്റെ ജനനത്തിന്റെയും സൃഷ്ടിസ്ഥിതിവിനാശകർമ്മങ്ങളുടെയും 'ചരിത്ര' കഥകൾ നമുക്കു മുൻപിൽ ഉണ്ടാകാം. പക്ഷെ ഇങ്ങനെ ഒരു വിഷയത്തെക്കുറിച്ചുള്ള 'ചരിത്രം' യാഥാർഥ്യവുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്നു പറയുക പ്രയാസമുള്ള കാര്യമാണ്. തലമുറകളിലൂടെ പറഞ്ഞു പറഞ്ഞ് സമൂഹത്തിൽ  വേരൂന്നിയിട്ടുള്ള  'ചരിത്ര' കഥകളിലും ഐതിഹ്യങ്ങളിലും വേർതിരിച്ചെടുക്കാൻ കഴിയാത്ത വിധം സത്യവും മിഥ്യയും കലർന്നു കിടപ്പുണ്ടാകണം. അതാതു കാലഘട്ടങ്ങളിൽ  ജീവിച്ചിരുന്ന മനുഷ്യരുടെ ചിന്തകളുടെയും സാമൂഹ്യ വ്യവസ്ഥിതികളുടെയും നിറങ്ങൾ ഈ കഥകളിൽ ഉണ്ടാകാം. ഉത്കൃഷ്ടമായ തത്വചിന്താബോധനാശയങ്ങളും സമൂഹനന്മയെക്കരുതിയുള്ള അടയാളവാക്യങ്ങളും ഇങ്ങനെയുള്ള കഥകളിൽ ഉണ്ടാകാം. അയ്യപ്പകഥകളുടെയും കാര്യം മറ്റൊന്നാകാൻ തരമില്ല. പക്ഷെ അയ്യപ്പസംസ്കൃതിയുടെ യുക്തിഭദ്രമായ ഒരു വിശകലനത്തിന് അയ്യപ്പചരിത്രത്തിലെ ചില പരാമർശങ്ങളെ  ഉപയോഗിക്കാം എന്നു തോന്നുന്നു.

ഹരിയുടെയും ഹരന്റെയും പുത്രനായി പിറന്ന മണികണ്ഠൻ ഭൂമിയിൽ പന്തളരാജ്യത്ത്  പന്ത്രണ്ടു വർഷക്കാലം ജീവിച്ച്, ഒടുവിൽ അയ്യപ്പദേവനായി ശ്രീ ധർമ്മശാസ്താവിൽ വിലയം പ്രാപിച്ചു എന്നതാണ് അയ്യപ്പചരിത്രം. ഹരിഹരപുത്രനാണ് അയ്യപ്പനെന്നു പറയാൻ തക്ക ശാസ്ത്രീയമോ യുക്തിപരമോ പുരാണപരമോ ആയ തെളിവുകൾ ഒന്നും തന്നെ ഇല്ല. എ.ഡി. 900 -)o  ആണ്ടിനടുത്ത് പന്തളരാജ്യത്തു ജീവിച്ചിരുന്നുവെന്നു പറയപ്പെടുന്ന മണികണ്ഠനെ  (അയ്യപ്പനെ) ഹരിഹരപുരാണവുമായി ബന്ധിപ്പിക്കുമ്പോൾ യുക്തിരാഹിത്യം ഏറി വരുന്നു. എന്നാൽ എ.ഡി. 900 -)o ആണ്ടിനടുത്ത് പന്തളരാജ്യം നിലനിന്നിരുന്നു എന്നതിന് ചരിത്രരേഖകൾ ഉണ്ട്. എ.ഡി. 600 മുതൽ വളരെ പ്രബലമായ രണ്ടു ഹിന്ദുമതവിശ്വാസങ്ങൾ (വൈഷ്ണവമതവും ശൈവമതവും) ദക്ഷിണഭാരതത്തിൽ നിലനിന്നിരുന്നതായും ഇവർക്കിടയിൽ വലിയ ശത്രുതാമനോഭാവം നിലനിന്നിരുന്നുവെന്നും  അതു സമൂഹശൈഥില്യത്തിനു വഴിവെച്ചിരുന്നുവെന്നും ചരിത്രരേഖകൾ പറയുന്നുണ്ട്. ഈ ശൈവ-വൈഷ്ണവ സംഘർഷ കാലഘട്ടത്തിലാണ് ശ്രീ അയ്യപ്പൻ പന്തള ദേശത്തു ജീവിച്ചിരുന്നു എന്നു പറയപ്പെടുന്നത്. ആര്യവംശാധിപത്യത്തിന്റെ ഈ പോർവിളികൾ നടന്നിരുന്നത് സ്വദേശീയമായ ഗോത്രവർഗ്ഗസംസ്കാരം സജീവമായി നിലനിന്നിരുന്ന ദക്ഷിണഭാരത ദ്രാവിഡസംസ്കാരഭൂമികളിലായിരുന്നു. ദ്രാവിഡരുടെ കാണപ്പെട്ട ദൈവവും ഗ്രാമദേവനും ആയിരുന്നു 'അയ്യനാർ'. ഹിന്ദുമതത്തിന്റെ ആധുനിക കാലഘട്ടം (modern period of Hinduism ) എന്ന് വിശേഷിക്കപ്പെടുന്ന എ.ഡി. 250 മുതൽ എ.ഡി.1700 വരെയുള്ള  കാലഘട്ടത്തിനുള്ളിൽ ആണ് ഈ വിഷയങ്ങൾ എല്ലാം തന്നെ സംഭവിച്ചിട്ടുള്ളതായി പറയപ്പെടുന്നത്‌. വേദോപനിഷത്തുക്കളിലെ ദേവതാസങ്കൽപ്പങ്ങളുടെ ആരാധനയിലേക്കായി ഭാരതത്തിൽ അങ്ങോളം ഇങ്ങോളം ധാരാളം ക്ഷേത്രങ്ങൾ ഉയർന്നു വന്ന ഒരു കാലഘട്ടവുമായിരുന്നു ഇത്. ഓരോ സമൂഹത്തിനും അവരവർക്കു യോജിച്ച വിധത്തിൽ ദേവീദേവന്മാരെ രൂപകൽപ്പന ചെയ്ത് ക്ഷേത്രങ്ങൾ പണിത് പൂജ ചെയ്യാനുള്ള പുതിയ സ്വാതന്ത്ര്യം ഹിന്ദുമതത്തിനു ഈ കാലഘട്ടം മുതൽ ലഭിക്കുകയും ചെയ്തിരുന്നു.

മേൽപ്പറഞ്ഞ സാഹചര്യങ്ങൾ എല്ലാം കൂടി കൂട്ടി വായിക്കുമ്പോൾ അയ്യപ്പൻ എന്ന ദേവസങ്കൽപം ആ കാലഘട്ടത്തിന്റെ ഒരു സൃഷ്ടി ആയിരുന്നില്ലേ എന്ന ചോദ്യം സ്വാഭാവികമായും ഉയർന്നു വരുന്നു. ഹിന്ദുമതത്തിൽ എല്ലാ വിഭാഗക്കാർക്കും സമ്മതമായ ഒരു ദേവസങ്കൽപ്പം അന്നത്തെ സമൂഹത്തിന്റെ കെട്ടുറപ്പിന് അനിവാര്യമായിരുന്നിരിക്കാം. മറ്റ് ഹൈന്ദവ ആരാധനാശീലങ്ങളിൽ കാണാൻ കഴിയാത്തതും  എന്നാൽ അയ്യപ്പവിഷയത്തിൽ കാണുന്നതുമായ ജാതിമത-ഉച്ചനീച ഭേദമില്ലായ്മ   ഇങ്ങിനെയൊരു സാദ്ധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു കാലഘട്ടത്തിന്റെ അനിവാര്യത ആയി ഹൈന്ദവസമൂഹത്തിൽ ഉത്ഭൂതമായ ഈ ദേവസങ്കൽപ്പത്തെ ലോകഷേമം കാംഷിച്ച നല്ല മനുഷ്യർ ഹൈന്ദവദേവാരാധനയുടെ മഹനീയതലങ്ങളിലേക്ക്  ഉയർത്താൻ  ഉദ്ദേശിച്ചുണ്ടാക്കിയതല്ലേ അയ്യപ്പകഥകൾ എന്നു തോന്നിപ്പോകുന്നു. ഏതു വിശ്വാസപ്രമാണങ്ങളെയും ഉൾക്കൊള്ളാൻ കഴിയുന്ന ഒരു മഹാസാഗരമാണ്  ഹൈന്ദവദേവസങ്കൽപ്പങ്ങൾ എന്ന സത്യത്തെ അടിവരയിട്ടു കാണിക്കാനുള്ള ശ്രമങ്ങളുടെ ഭാഗവും ഇതിലുണ്ടാകാം. എന്തു തന്നെ ആയാലും ഭൌതികവും ആദ്ധ്യാത്മികവും ആയ വളർച്ച നേടാനുള്ള മനുഷ്യാഭിലാഷങ്ങളുടെ പ്രതീകാത്മകരൂപം ആണ് അയ്യപ്പദേവൻ എന്നു പറയുന്നതാകും ശരി എന്നു തോന്നുന്നു. ഇങ്ങനെ നോക്കുമ്പോൾ ഒരു വിശ്വദേവൻ [Universal God] എന്ന നിലയിലേക്ക് ശ്രീഅയ്യപ്പൻ ഉയരുന്നതായി കാണാം. കാരണം ഈ ദേവതാസങ്കല്പത്തിൽ ജാതിമതവർണ്ണദേശഭാഷാപരമായ സങ്കുചിത ചിന്തകൾക്ക് സ്ഥാനമില്ല എന്നത് തന്നെ. ഉച്ചനീചത്വങ്ങളും വർണ്ണവ്യത്യാസങ്ങളും ഇല്ലാത്ത, എല്ലാവരും സമഭാവനയോടെ വർത്തിച്ച് ലോകഹിതാനുകാരിയായ കർമ്മങ്ങൾ മാത്രം ചെയ്തു കഴിയുന്ന ഒരു സമൂഹത്തിനെ സ്വപ്നം കണ്ട സനാതനധർമ്മവിശ്വാസങ്ങളുടെ  ദേവതാരൂപമല്ലേ  അയ്യപ്പസ്വാമി?

ഹൈന്ദവധർമ്മത്തിന്റെ കാതലായ അദ്വൈതസിദ്ധാന്തത്തിന്റെ അന്ത:സാരം അക്ഷരാർത്ഥത്തിൽ തന്നെ അയ്യപ്പദർശനത്തിൽ പ്രതിഫലിക്കുന്നുണ്ടെന്നു കാണാം. അദ്വൈതസിദ്ധാന്ത പ്രകാരം ദേവനും ഭക്തനും രണ്ടല്ല,ഒന്നാണ്. ഒരു യഥാർത്ഥ ഹിന്ദു, ചരാചരങ്ങളിൽ ഈശ്വരനെ ദർശിക്കുന്നയാളാണ്. എന്തിലും എവിടെയും ഈശ്വരനെ ദർശിച്ച്, 'എന്നുള്ളിലുള്ളതു തന്നെയാണ് നിന്നുള്ളിലുള്ളതെന്നും' തിരിച്ചറിഞ്ഞ് വിവേകപൂർവ്വം കഴിയുന്ന മനുഷ്യന് ഭേദഭാവചിന്തകൾ ഇല്ലാതെ എല്ലാത്തിനെയും ഒരു പോലെ സ്നേഹിക്കാനും ബഹുമാനിക്കാനും കഴിയും. ദ്വന്ദഭാവം അകന്ന മനസ്സ് ശാന്തമായിരിക്കും . ഇങ്ങനെ സംഘർഷം ഇല്ലാത്ത മനസ്സിന് ഉടമയായിത്തീരുന്നയാൾ  മറ്റുള്ളവരേക്കാൾ ശക്തനും ലോകഹിതാനുകാരിയായ കർമ്മങ്ങളിൽ മുഴുകാൻ ഉൽസുകനും ആയിരിക്കും. അയ്യപ്പദർശനത്തിൽ നിബന്ധിച്ചിരിക്കുന്ന കാര്യങ്ങൾ എല്ലാം തന്നെ മനുഷ്യമനസ്സിന്റെ നിയന്ത്രണത്തിലും അതിലൂടെ സാധ്യമാകുന്ന അനന്തമായ ലോകഷേമചിന്തകളിലേക്കുമാണ്  വിരൽ ചൂണ്ടുന്നത്.

ശബരിമല യാത്രയുടെ ഭാഗമായുള്ള ഓരോ ആചാരാനുഷ്ടാനങ്ങളെയും വിശകലനം ചെയ്തുനോക്കിയാൽ മേൽപ്പറഞ്ഞ ലക്ഷ്യത്തിലേക്ക് ഭക്തനെ നയിക്കാനുള്ള ചിന്തകളാണ് അതിലെല്ലാം അടങ്ങിയിരിക്കുന്നതെന്നു  മനസ്സിലാകും. മുദ്ര (തുളസിമാല) ധരിച്ച അയ്യപ്പഭക്തൻ സ്വന്തം മനസ്സിനെ ചുറ്റുമുള്ള ഭൌതിക വിഷയങ്ങളിൽ നിന്നും സാദ്ധ്യമാകുന്നിടത്തോളം അകറ്റിനിർത്തി, ദൈവീക ചിന്തയിൽ ഉറപ്പിച്ചു നിർത്തുന്നു. സത്സംഗം, ബ്രഹ്മചര്യം, മിതഭോജനം, ശരീരശുദ്ധി, നിത്യവും ഉള്ള ക്ഷേത്രദർശനം.... എല്ലാം തന്നെ ഇതിലേക്കായി നിബന്ധിക്കപ്പെട്ടിട്ടുള്ളതാണ്. ചഞ്ചലമായ മനസ്സിനെ ഏകാഗ്രമാക്കി, ഈശ്വരോന്മുഖമാക്കി നിർത്താൻ ഉദ്ദേശിച്ചുള്ളതാണ് വൃതാനുഷ്ടാനങ്ങൾ. 41 ദിവസങ്ങളിലെ വൃതാനുഷ്ടാനങ്ങളിലൂടെ ശുദ്ധിയാർജ്ജിച്ച മനസ്സുമായി ഭക്തൻ, ഗുരുസ്വാമിയുടെ മേൽനോട്ടത്തിൽ  മലകയറാൻ പുറപ്പെടുന്നു. 'ഗുരു' എന്നാൽ ഇരുട്ടിനെ അകറ്റുന്നത് എന്നർത്ഥം. കാട്ടിലെ ഇരുൾമൂടിയ വഴിയിലൂടെയുള്ള യാത്ര, ഈശ്വരസാക്ഷാത്ക്കാരം നേടാൻ ആഗ്രഹിക്കുന്ന ഭക്തൻ അഭിമുഖീകരിക്കേണ്ടുന്ന കഠിനപരീക്ഷണങ്ങളുടെ പ്രതീകാത്മകരൂപമാണ്. വഴി അറിയാവുന്ന ഒരു ഗുരുവിന്റെ സാമീപ്യം ഈ ആദ്ധ്യാത്മികയാത്രക്കു  അനിവാര്യമാണ്‌. അങ്ങിനെ ഗുരുവിനോടൊപ്പം കഠിനയാത്രചെയ്തു ഭക്തൻ പതിനെട്ടാം പടിക്ക് മുൻപിൽ എത്തുന്നു. കൈയ്യിൽ തന്റെ സ്ഥൂലശരീരത്തിന്റെയും അതിനുള്ളിലെ സൂഷ്മമായ ഈശ്വരചൈതന്യത്തിന്റെയും പ്രതീകമായ നെയ്ത്തേങ്ങയും ശിരസ്സിൽ പ്രാരാബ്ദകർമ്മ പ്രതീകമായ ഇരുമുടികെട്ടുമായാണ്‌ ഭക്തൻ 18 പടികൾ കയറുന്നത്. ഭക്തനും അയ്യപ്പനും ഇടയിൽ നിൽക്കുന്നത് ഈ 18 പടികൾ മാത്രമാണ്. ഈ 18 പടികൾ താണ്ടിയാൽ മാത്രമേ ഭക്തന് ഈശ്വരദർശനം സാദ്ധ്യമാകൂ.


18 എന്നത് ബ്രഹ്മസംഖ്യ ആണ്. ഹൈന്ദവദേവവിഷയത്തിൽ ഈ സംഖ്യക്ക് വളരെ പ്രാധാന്യമുണ്ട്. ഭഗവത്  ഗീതയ്ക്കു 18 അദ്ധ്യായങ്ങൾ, പുരാണങ്ങൾ 18 ....... ആ അർത്ഥതലങ്ങളിലേക്കൊന്നും പോകാതെ തന്നെ  ഒരു ചെറിയ ഉദാഹരണത്തിലൂടെ ആ പടികളുടെ അർത്ഥതലങ്ങൾ മനസ്സിലാക്കാൻ നമുക്കു ശ്രമിക്കാം.  സാധാരണക്കാരനായ നിങ്ങൾക്ക് ഇന്ത്യൻ പ്രധാനമന്ത്രിയെ ഒന്നു നേരിൽ കണ്ടു സംസാരിക്കണം എന്നൊരാഗ്രഹം ഉണ്ടായി എന്നിരിക്കട്ടെ. ഇതെളുപ്പമാണോ? ഇക്കാര്യമൊന്നു സാധിച്ചു കിട്ടാൻ എത്ര കടമ്പകൾ കടക്കേണ്ടതുണ്ട്? ഒരു രാഷ്ട്രഭരണാധികാരിയെ കാണുന്നതു വലിയ കഷ്ട്ടപ്പാടുള്ള കാര്യമാണെങ്കിൽ അതിലും എത്രയോ വലിയ ബുദ്ധിമുട്ടുള്ള  കാര്യമായിരിക്കണം ഈശ്വരനെ കാണാൻ ശ്രമിക്കുമ്പോൾ ഉണ്ടാകുക? ഈശ്വരവിഷയമാകുമ്പോൾ അന്വേഷകനു ആന്തരികശുദ്ധിയും അനിവാര്യമാണെന്നു വരുന്നു.  ഉള്ളിൽ നിറയുന്ന ദിവ്യപ്രകാശത്തെ മറയ്ക്കുന്ന അഞ്ജതയുടെ അന്ധകാരാവരണങ്ങൾ ഓരോന്നോരോന്നായി വലിച്ചെറിയണം. അങ്ങിനെ അന്ത:കരണത്തിൽ പറ്റിയിരിക്കുന്ന വാസനാമാലിന്യങ്ങളെ മുഴുവൻ നീക്കികഴിയുമ്പോൾ ഉള്ളിലെ ദിവ്യമായ  പ്രകാശം വെളിപ്പെടും. ഇതിന്റെ വെളിയിലെ ഭൗതികരൂപമാണ് പ്രഭാപൂരം ചൊരിഞ്ഞു മുൻപിൽ കാണുന്ന അയ്യപ്പവിഗ്രഹം. പുഴ കടലിലേക്കൊഴുകി ചേർന്നു കഴിഞ്ഞാൽ പിന്നെ പുഴയില്ല, കടലേ ഉള്ളൂ. അതുപോലെ അയ്യപ്പദർശനം ലഭിച്ച ഭക്തൻ എന്നൊന്നില്ല, അയ്യപ്പനേ ഉള്ളൂ. യഥാർത്ഥ ഭക്തൻ അയ്യപ്പനിൽ വിലയിച്ചിരിക്കണം. ഭക്തനും ദൈവവും രണ്ടല്ല ഒന്നാണ്, അതായത്  'തത്വമസി" (അത് നീ ആകുന്നു - THOU ART YOU ] എന്ന ഉപനിഷദ് വാക്യപ്പൊരുളാണിവിടെ വെളിപ്പെടുന്നത്. ഭൌതികതലത്തിൽ 18 പടികളും കയറി ഈശ്വരനെ നേരിൽ കണ്ട ഭക്തൻ, തന്റെ ആത്മാവിലെ ഈശ്വരാംശത്തിന്റെ പ്രതീകമായ നെയ്യ് ദേവനിൽ സമർപ്പിക്കുന്നതോടെ, തന്നെത്തന്നെ ആ ദേവന്റെ ഭാഗമാക്കുകയാണ് ചെയ്യുന്നത്.  അനിത്യവസ്തുവായ, സ്വന്തം ശരീരമാകുന്ന  തേങ്ങയെ അഗ്നിയിൽ എറിഞ്ഞ് നശിപ്പിക്കുന്നതോടെ, ശബരീശദർശനം എന്ന ആത്മീയ യാത്ര അവസാനിക്കുന്നു. ഇന്ദ്രിയവിഷയങ്ങളായ കർമ്മങ്ങളിൽ മുഴുകി വീണ്ടും ജീവിതം തുടരേണ്ടിവരുന്ന ഭക്തൻ സ്വകർമ്മങ്ങളും കാലവും തന്റെ ഉള്ളിൽ നിറയ്ക്കുന്ന പാപക്കറകളെ കഴുകിക്കളയാൻ പിന്നെയും പിന്നെയും ശബരിമല കയറേണ്ടി വരുന്നു.

ശബരിമലയാത്ര എന്നത് കേവല ക്ഷേത്രസന്ദർശനം അല്ല, ദേവനാകാനുള്ള മനുഷ്യമനസ്സിന്റെ ഉൾവിളിയുടെ തീർത്ഥയാത്രയാണത്. തന്റെ നിലനിൽപ്പിനാധാരമായ, തന്റെ കണ്ണിനെ കാണാൻ സാധിപ്പിക്കുന്ന, തന്റെ ഹൃദയത്തെ നിരന്തരമായി ത്രസിപ്പിച്ചു ജീവൻ നിലനിർത്തിക്കൊണ്ടിരിക്കുന്ന, തന്റെ അന്തരാത്മാവിനെ അറിയാനുള്ള  യാത്രയാണത്.  അതുകൊണ്ട് തന്നെ വിശ്വാസിക്കും അവിശ്വാസിക്കും ആ മല കയറാം. കാരണം 'മനസാക്ഷി' എന്നുള്ളത് എല്ലാ മനുഷ്യരിലും ഉള്ളത് ആണെന്നെതു  തന്നെ. അതിനെ തൊട്ടുണർത്താനുള്ള ഏതു പദ്ധതിയും ലോകനന്മക്കു ഉപകരിക്കുന്നതായിരിക്കും.

 ശ്രദ്ധിച്ചു നോക്കിയാൽ  ആത്മീയ വിഷയങ്ങളിൽ കാണുന്ന പല ആചാരാനുഷ്ട്ടാനങ്ങൾക്കും പിറകിൽ ഇങ്ങിനെയുള്ള സനാതനധർമ്മാചാരതലങ്ങൾ ഉണ്ടെന്നുള്ളത് മനസ്സിലാകും.  ഇപ്പറഞ്ഞതൊക്കെ അറിഞ്ഞുകൊണ്ടാണോ ഭക്തർ ശബരിമല കയറുന്നത്? അല്ലായിരിക്കാം. പക്ഷേ ആചാരാനുഷ്ടാനങ്ങളോടെ വർഷാവർഷം ശബരിമല കയറുന്ന വിശ്വാസിയുടെ ആത്മീയതലം നിർബന്ധമായും മറ്റുള്ളവരെക്കാൾ ഒരു പടി മുകളിൽ ആയിരിക്കണം. ഈശ്വരനെ പലവട്ടം നേരിട്ടു കണ്ടവരിൽ ആ ഈശ്വരന്റെ ഗുണഗണങ്ങളിൽ ചിലതെങ്കിലും പ്രകടമാകേണ്ടതുണ്ട്. ചുരുക്കി പറഞ്ഞാൽ ശബരിമല കയറുന്നതിലൂടെ ഭക്തൻ, പ്രകൃതിയെയും ജീവജാലങ്ങളെയും  സ്നേഹിക്കുന്ന, ബഹുമാനിക്കുന്ന, നല്ലൊരു മനുഷ്യനായിത്തീരണം എന്നർത്ഥം. സമഭാവനയുടെ സുഗന്ധം പേറുന്നതായിരിക്കണം അയാളുടെ കർമ്മങ്ങൾ എല്ലാം തന്നെ.  അയ്യപ്പദർശനത്താൽ ശുദ്ധീകരിക്കപ്പെട്ട മനുഷ്യമനസ്സുകൾക്ക് സമൂഹത്തിനു വേണ്ടി പല നല്ല കാര്യങ്ങളും ചെയ്യാൻ കഴിയണം. ഇന്നത്തെ നമ്മുടെ കർമ്മങ്ങളിൽ പലതും പ്രകടനപരത നിറഞ്ഞു നിൽക്കുന്ന പൊള്ളയായ  ഘോഷയാത്രകൾ  മാത്രമാണ്. അതിൽ ഒന്നായി ശബരിമല യാത്രയും മാറാതിരുന്നാൽ  അതിന്റെ ഗുണം വ്യക്തിക്കും സമൂഹത്തിനും  ലഭിക്കുക തന്നെ ചെയ്യും.  മാനവികതയിലൂന്നിയുള്ള അയ്യപ്പദർശനത്തിന്റെ മഹനീയ സംസ്കാരം എല്ലാവർക്കും ശാന്തിയും സമാധാനവും പ്രദാനം ചെയ്യട്ടേ എന്നാശംസിക്കുന്നു. 

No comments:

Post a Comment