Tuesday, December 3, 2013

ഭഗവാനെ ചിരിപ്പിക്കുന്ന ഭക്തർ

പൂജ്യശ്രീ. ചിന്മയാനന്ദ സ്വാമികളുടെ ഒരു ഗീതാപ്രഭാഷണത്തിൽ പറയുന്നതു കേട്ടു, 'കല്ലിലും മാർബിളിലും തീര്‍ത്ത നമ്മുടെ ദൈവങ്ങള്‍ എല്ലാം ചിരിച്ച മുഖത്തോടെയാണിരിക്കുന്നത്‌'. ഇതിന്റെ കാരണവും അദ്ദേഹം പറഞ്ഞു. വിഗ്രഹത്തിന്റെ മുന്‍പില്‍ ചെന്നു നിന്ന് ഭക്തര്‍ പറയും,' അങ്ങു സര്‍വജ്ജനാണ്‌, സാര്‍വ്വവ്യാപിയാണ്, സർവ്വസാക്ഷിയാണ്. എന്റെ സങ്കടങ്ങൾ അങ്ങൊന്നു കേൾക്കണം'. അപ്പോൾ ഭഗവാൻ പറയും, 'കുഞ്ഞേ, നീ പറയാതെ തന്നെ എനിക്കെല്ലാം അറിയാം, അതല്ലേ നീ ഇപ്പോൾ പറഞ്ഞ വിശേഷണങ്ങളുടെ അർത്ഥം തന്നെ'. അപ്പോൾ ഭക്തൻ: 'ഞാൻ പറഞ്ഞത് ശരി തന്നെ ഭഗവാനേ, പക്ഷെ എന്റെ സങ്കടങ്ങൾ എല്ലാം അങ്ങ് അറിഞ്ഞിരിക്കണമെന്നില്ല, അതുകൊണ്ട് അതെല്ലാം ഒന്നു മനസ്സു  തുറന്നു പറയാൻ എന്നെ അനുവദിക്കണം'. ശരി, ഭഗവാൻ സമ്മതിച്ചു; ഭക്തൻ തന്റെ സങ്കടങ്ങൾ ഒന്നൊന്നായി ഭഗവാന്റെ മുൻപിൽ അവതരിപ്പിക്കാൻ തുടങ്ങി. ഇടതടവില്ലാതെ ഒഴുകുന്ന ആ കദനകഥയും പരിഭവവും ആഗ്രഹാഭിലാഷങ്ങളും എല്ലാം കേട്ടു ഭഗവാൻ പറഞ്ഞു; 'ഒന്നു നിർത്തിക്കോളൂ, ഇതുവരെ പറഞ്ഞതിനൊരു പരിഹാരം ഞാനൊന്നു ചിന്തിച്ചോട്ടെ'. അതു കേട്ടു ഭക്തൻ: 'വേണ്ട ഭഗവാനേ, എന്റെ കാര്യത്തിന്റെ ഗൌരവം അങ്ങേക്ക് ശരിക്കും പിടികിട്ടണമെങ്കിൽ, അതെല്ലാം ഒറ്റയടിക്ക് അങ്ങു കേൾക്കണം'. ഭക്തൻ വികാരഭരിതനായി വേവലാതികൾ നിരത്തി നിരത്തി മുന്നേറുമ്പോൾ ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചുപോയി. നിരന്തരമായ ഈ ചിരിയിൽ ഉറഞ്ഞുപോയ വിഗ്രഹം ചിരിച്ച മുഖത്തോടെയല്ലാതെ പിന്നെങ്ങനെയാകാൻ?

ഏതാണ്ട് ഇതേ ഒരു സാഹചര്യത്തിൽ ഭഗവാൻ പണ്ടും ചിരിച്ചിട്ടുണ്ട് - ഗീതോപദേശവേളയിൽ കുരുക്ഷേത്രഭൂമിയിൽ വച്ച്. സമാധാനത്തിനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടു കഴിഞ്ഞ് ധർമ്മ സംസ്ഥാപനത്തിനായി യുദ്ധം ചെയ്യാൻ ഭഗവാൻ തെളിച്ച തേരിൽ അർജുനൻ കുരുക്ഷേത്രത്തിൽ എത്തി. തന്നെപ്പോലൊരു ലോകൈകവീരനെ ജയിക്കാൻ കെൽപ്പുള്ള ആ സേനയെ ഒന്നു കാണണമല്ലോ എന്ന സാമാന്യം ഹുങ്കോടെ 'രഥം രണ്ടു സേനകളുടെയും മദ്ധ്യത്തിൽ കൊണ്ടുപോയി നിർത്തിയാട്ടെ കൃഷ്ണാ' (സേനയോരുഭയോർമദ്ധ്യേ രഥം സ്ഥാപയമേച്യുതാ: ഗീത:1:21) എന്നു പറഞ്ഞതനുസരിച്ച് കൃഷ്ണൻ രഥം രണ്ടു സൈന്യങ്ങൾക്കും മദ്ധ്യത്തിലായി കൊണ്ടു നിർത്തി. കൃഷ്ണൻ തങ്ങളോടൊപ്പം ഉണ്ടെന്നുള്ള അഹങ്കാരത്തോടെ കൌരവസേനയെ നോക്കിക്കാണാൻ വന്ന അര്ജുനൻ പക്ഷെ കണ്ടത് രണ്ടു സേനകളിലുമായി യുദ്ധസന്നദ്ധരായി നില്ക്കുന്ന തന്റെ ആചാര്യന്മാരെയും ബന്ധുമിത്രാദികളെയും സ്നേഹിതരെയും ആണ്; തന്റെ എതിരാളികളെ അല്ല. സ്നേഹപാശത്താൽ ബന്ധിതനായ അർജുനൻ, കുരുക്ഷേത്രത്തിൽ താൻ  എങ്ങിനെയാണ്, എന്തിനാണ് എത്തിയതെന്ന് മറന്നു. 'കൃഷ്ണാ, യുദ്ധം ചെയ്യാൻ തയ്യാറായി നില്ക്കുന്ന എന്റെ ബന്ധുജനങ്ങളെ കണ്ടിട്ട് എന്റെ ശരീരത്തിൽ വിറയലും രോമാഞ്ചവും ഉണ്ടാകുന്നു, എന്റെ കൈകാലുകൾ തളരുന്നു, എന്റെ കൈയ്യിൽ നിന്നും ഗാണ്ടീവം താഴെപ്പോകുന്നു, എന്റെ ശരീരം ആസകലം പോള്ളൂന്നപോലെ....' തുടങ്ങിയ വേവലാതികൾ പറഞ്ഞു കരയാൻ തുടങ്ങി. ഈ കരച്ചിൽ പോരാഞ്ഞിട്ട്, ലോകസ്വഭാവത്തെക്കുറിച്ചും യുദ്ധത്തിന്റെ അർത്ഥമില്ലായ്മയെക്കുറിച്ചുമൊക്കെ തനിക്കുള്ള വിവരം കൃഷ്ണനോട് വിളമ്പാനും തുടങ്ങി. 'കൃഷ്ണാ, യുദ്ധത്തിൽ സ്വന്തം ആളുകളെ ഹനിച്ചിട്ട് യാതൊരു നന്മയും ഉണ്ടാകാനില്ല, ഇവരെയൊക്കെ കൊന്നിട്ട് നേടുന്ന രാജ്യം കൊണ്ട് എന്ത് പ്രയോജനം?, ഞാനിവരെ കൊല്ലുന്നതിനേക്കാൾ അഭികാമ്യം ഇവരുടെ കൈകളാൽ ഞാൻ മരിക്കുന്നതായിരിക്കില്ലേ?, യുദ്ധം ചെയ്‌താൽ കുലക്ഷയം സംഭവിക്കും, അങ്ങിനെയായാൽ നമ്മുടെ സ്ത്രീകൾ ദുഷിച്ചു മിശ്രജാതികൾ ഉണ്ടായി കുലനാശം സംഭവിക്കും, കുലധർമ്മം നശിപ്പിച്ച ഞങ്ങൾക്കു നരകവാസമായിരിക്കും ഫലം ......' എന്നിങ്ങനെ പലതും പുലമ്പി ദുഖത്താൽ മനസ്സിടിഞ്ഞവനായി തളർന്നു തേർത്തട്ടിൽ ഇരുപ്പുമായി. ഇതു കണ്ട കൃഷ്ണൻ പറഞ്ഞു, 'ഹേ  അർജുനാ, ഭീരുത്വത്തെ പ്രാപിക്കാതെ, നിസ്സാരമായ ദുർബ്ബലതയെ ത്യജിച്ചിട്ട് എഴുന്നേൽക്കൂ ('ക്ലൈബ്യം മാസ്മ ഗമ, പാർത്ഥ നൈതത്ത്വയ്യുപപദ്യതേ, ക്ഷുദ്രം ഹ്രുദയദൗർബല്യം ത്യക്ത്വോത്തിഷ്ഠ പരന്തപ' - ഗീത 2:3). ആര്യന്മാർക്കു യോജിക്കാത്ത ഈ മനക്കുഴപ്പം നിനക്കെങ്ങിനെയുണ്ടായി.......? ഇതൊന്നും കേട്ടിട്ടും അർജുനൻ വിട്ടു കൊടുക്കാൻ കൂട്ടാക്കാതെ തന്റെ നിലപാടുകൾക്കുള്ള ന്യായീകരണങ്ങൾ ഒന്നൊന്നായി വീണ്ടും നിരത്താൻ തുടങ്ങി. ഗത്യന്തരമില്ലാതെ ഭഗവാൻ ചിരിച്ചു പോയി; അർത്ഥഗർഭമായി
 ('തമുവാച ഹൃഷീകേശ, പ്രഹസന്നിവ ഭാരത '(ഗീത: 2 :10).


അതേ, സ്നേഹനിധിയായ ഭഗവാനെ കളിയാക്കി ചിരിപ്പിക്കാൻ പ്രേരിപ്പിക്കുന്ന അർജുനത്വം നമ്മൾ 'ഭക്ത'രുടെ മുഖമുദ്രയായിക്കഴിഞ്ഞു. നാം ചെയ്യേണ്ടത് ചെയ്യാതെ അമ്പലത്തിൽ പോയി പ്രാർഥിച്ചും വഴിപാടുകൾ കഴിച്ചും ഭഗവാനെ പ്രീതിപ്പെടുത്തി തന്റെ കാര്യങ്ങൾ (തന്റെയും കുടുംബത്തിന്റെയും മാത്രം) നേടിയെടുക്കാം എന്ന മൂഡചിന്തയിൽ അഭിരമിച്ചു കഴിയുകയാണ് ഭക്തരിലേറെയും ഇന്ന്. സ്വന്തമായി അദ്ധ്വാനിക്കുന്നതിനെ നമുക്കു മടിയുള്ളൂ; ആരെങ്കിലും അദ്ധ്വാനിച്ചു നമുക്കു വേണ്ടതെല്ലാം നേടിത്തന്നാൽ പരമ സന്തോഷം. അതിനായി എത്ര പണം മുടക്കാനും നമ്മൾ തയ്യാർ. ഈ ഹെൽപ്പർ ലിസ്റ്റിൽ ഇപ്പോൾ ഭഗവാനാണ് മുകളിൽ. ഇവിടെയാണ്‌ ഭഗവത് ഗീത പ്രസക്തമാകുന്നത്. 

'ഉദ്ധരേദാത്മനാത്മാനം നാത്മാനമവസാദയേത് 
ആത്മൈവ ഹ്യാത്മനോ ബന്ധു: ആത്മൈവ രിപുരാത്മന:' (ഗീത:6:5)
  
(ആത്മാവിനെ ആത്മാവിനെക്കൊണ്ടു തന്നെ ഉദ്ധരിക്കണം, ആത്മാവിനെ അധ:പതിപ്പിക്കരുത്. എന്തെന്നാൽ താൻ തന്നെയാണ് തന്റെ ബന്ധു, താൻ തന്നെയാണ് തന്റെ ശത്രുവും). 

അതെ, നമ്മുടെ ജീവിതത്തിന്റെ ഉത്തരവാദികൽ നമ്മൾ തന്നെ. അതിനു ഈശ്വരനും (നമ്മൾ ചിന്തിക്കുന്ന വിധത്തിലുള്ള) ജ്യോത്സനും ഒന്നും പങ്കില്ല എന്നാണല്ലോ ഭഗവാൻ തന്നെ ഇപ്പറഞ്ഞതിന്റെ അർത്ഥം. ഭഗവാൻ പറഞ്ഞിട്ടു പോലും കേൾക്കാൻ കൂട്ടാക്കാതെ അദ്ദേഹത്തെ നിരന്തരമായി ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന ഭക്തരെ നോക്കി ഇളിച്ചു ചിരിക്കുകയല്ലാതെ  മറ്റെന്തു ചെയ്യാൻ കഴിയും അദ്ദേഹത്തിന്? 

ഭഗവാനെ ശരിക്കും സന്തോഷിപ്പിക്കാൻ നമുക്കു കഴിയുമോ? അതിലൂടെ സ്വയം ഉയരുവാൻ നമുക്കു കഴിയുമോ?  ഭക്തിയുടെ ഈ മണ്ഡലകാലത്ത് ചിന്തിക്കേണ്ട വിഷയമാണിത്. ചിന്തിക്കാം; അടുത്ത ലക്കത്തിലാവട്ടേ.  

2 comments:

  1. ദൈവത്തെ കരയിപ്പിക്കാതെ ശ്രദ്ധിച്ചാൽ നന്ന്.

    ReplyDelete
  2. thank u uncle....your articles are highly respected........this article of spriritual sarcasm of modern human beings was absolutely timely....

    ReplyDelete