Monday, February 24, 2014

മാതാ അമൃതാനന്ദമയി വിവാദം: ഒരു വേറിട്ട ചിന്ത
മാതാ അമൃതാനന്ദമയിദേവിയുടെ ആശ്രമത്തെ ചുറ്റിപ്പറ്റി ചില വിവാദങ്ങൾ ഉയർന്നിരിക്കയാണല്ലോ? 'ഇന്ത്യവിഷൻ' തുടങ്ങി വച്ച ചർച്ചകൾ മറ്റു മാധ്യമങ്ങളിലും വരികയും ഇന്നലെ  ആദ്യമായി ഈ വിവാദത്തെക്കുറിച്ച് മാതാ അമൃതാനന്ദമയി പ്രതികരിക്കുന്നതും ടീവിയിൽ കണ്ടു. കേരള മുഖ്യമന്ത്രിയും സി.പി.എം സെക്രട്ടറിയും അവരവരുടേതായ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചതും ടീവിയിൽ കണ്ടു. ഇക്കാര്യത്തിൽ കൂടുതൽ അറിവ് കിട്ടാൻ നെറ്റും ഒന്ന് പരതി നോക്കി. ഇതെല്ലാം കണ്ടും കേട്ടും കഴിഞ്ഞപ്പോൾ ഒരഭിപ്രായം പറയണം എന്ന് എനിക്കും തോന്നി. അതാണിവിടെ എഴുതുന്നത്‌. ഞാൻ ഏതെങ്കിലും ഒരു മതത്തിന്റെയോ കൾട്ടിന്റെയൊ ആളല്ല. മാതാ അമൃതാനന്ദമയിയുടെ ആരാധകനോ വിരോധിയോ അല്ല. ഹിന്ദുവാണെങ്കിലും ആ മതത്തിന്റെ പേരിൽ നടക്കുന്ന പല കാര്യങ്ങളോടും താത്പര്യം ഇല്ലാത്തയാളും ആണ്. ക്ഷേത്രത്തിലോ ആൾദൈവങ്ങളുടെ ആശ്രമങ്ങളിലോ മാത്രം ദൈവം വസിക്കുന്നു എന്ന വിശ്വാസം ഇല്ലാത്തയാൾ. ചരാചരങ്ങളിൽ പ്രകാശിച്ചു നില്ക്കുന്ന ആത്മാവാണ് ഈശ്വരനെന്ന സനാധനധർമ്മ പ്രമാണത്തിൽ മാത്രം വിശ്വസിക്കുന്ന ഒരാൾ. ഈ ദൈവത്തിനെ  കാണാൻ  അവനവൻ തന്നെ ശ്രമിക്കയല്ലാതെ മറ്റുള്ളവർക്ക് അത് നേടിക്കൊടുക്കാൻ കഴിയില്ലായെന്നു ഉറച്ചു  വിശ്വസിക്കുന്നയാളാണെങ്കിലും ഞാൻ കണ്ടു വളര്ന്ന എന്റെ സംസ്കാരത്തിന്റെ ഭാഗമായ മതവിശ്വാസങ്ങളെയും ആചാരങ്ങളെയും കഴിയുന്നിടത്തോളം ആദരവോടെ നോക്കിക്കാണാൻ ഞാൻ ശ്രമിക്കാറുണ്ട്. ഇന്നത്തെ വിവാദ വിഷയത്തിൽ കക്ഷി ചേരാൻ എനിക്ക് പ്രത്യേക കാരണം ഒന്നുമില്ലാ എന്ന് പറയാൻ വേണ്ടി മാത്രം എന്നെക്കുറിച്ച്  ഇത്രയൊക്കെ എഴുതിയെന്നെ ഉള്ളൂ. ഈ നാട്ടിൽ ജീവിച്ചിരിക്കുന്ന ഒരു പൌരനെന്ന നിലയിൽ വിവാദവിഷയത്തിൽ തോന്നിയ സ്വതന്ത്രാഭിപ്രായം മാത്രമാണ് ഞാൻ പ്രകടിപ്പിക്കുന്നത്.


സഹജീവികളെയും പ്രകൃതിയെയും സ്നേഹിക്കയും അതിന്റെയൊക്കെ നിലനിൽപ്പിന്‌  തന്നാൽ കഴിയാവുന്നത് ചെയ്തു ജീവിക്കുകയും ചെയ്യുന്ന ഒരാളിനെ   ആത്മീയവാദി എന്ന് വിളിക്കാം എന്നാണു എന്റെ പക്ഷം. മറ്റുള്ളവനെയും പ്രകൃതിയെയും ചൂഷണം ചെയ്തു ജീവിക്കുന്നയാൾ ഏതു സിദ്ധാന്തത്തിന്റെയൊ മതത്തിന്റെയോ സമൂഹത്തിന്റെയോ പിൻബലമുള്ള ആളാണെങ്കിലും അതുകൊണ്ടുതന്നെ ആത്മീയവാദി അല്ലാതാകയും ചെയ്യും. മാതാ അമൃതാനന്ദമയി ഇതിൽ ഏതു  ഗണത്തിൽ പെടും എന്നു നോക്കുന്നത് നന്നായിരിക്കും.

മാതാ അമൃതാനന്ദമയിയെക്കുറിച്ച് സംസാരിക്കുമ്പോൾ പലരും പറയുന്നത് കേട്ടിട്ടുണ്ട്, 'ഏതോ ഒരു വലിയ ഒരു കള്ളശ്രുംഗലയുടെ നേതാവാണവർ. അവിടെ നടക്കുന്നതിനൊക്കെ മറയാണ് ആശ്രമവും സന്യാസവും ഒക്കെ'. 1997ൽ എന്റെ അച്ഛന്റെ ചിതാഭസ്മം തിരുവല്ലത്തു സമർപ്പിച്ചതിനു ശേഷം തിരികെ എന്റെ വീട്ടിലേക്കു വരുന്ന വഴി എനിക്കൊരാഗ്രഹം തോന്നി, ഈ ലോകപ്രശസ്തമായ ആശ്രമം ഒന്ന് കാണണം. എന്റെ വീട്ടിൽ നിന്നും കൂടിയാൽ അരമണിക്കൂർ യാത്ര മാത്രമുള്ള വള്ളിക്കാവിലെ ആ ആശ്രമത്തിൽ ഞാൻ അതുവരെ പോയിട്ടുണ്ടായിരുന്നില്ല. NH 47 ല വള്ളിക്കാവ്  ജംഗ്ഷനിൽ നിന്നും ഏതാണ്ട് രണ്ടു കിലോമീറ്റർ പടിഞ്ഞാറോട്ട് സഞ്ചരിച്ചു അവിടെ നിന്ന് വള്ളത്തിൽ കായംകുളം കായലും കടന്നു മറുകരെ ആശ്രമം സ്ഥിതി ചെയ്യുന്നിടത്തെത്തി (ഇപ്പോൾ കായലിനു കുറുകെ പാലം ഉണ്ടെന്നു ടീവീ ദൃശ്യങ്ങളിൽ നിന്നും മനസ്സിലായി). നല്ല മോടിയിൽ പണിഞ്ഞ ഒരു meditation ഹാളും ഭക്തർക്ക്‌ താമസിക്കാനുള്ള ഒരു പലനില ഹോസ്റ്റൽ കെട്ടിടവും അന്നവിടെ ഉണ്ടായിരുന്നു. കായൽ  മാര്ഗ്ഗം കിഴക്ക് നിന്നുള്ള വഴിയല്ലാതെ പടിഞ്ഞാറു നിന്നും ആശ്രമത്തിലേക്കു വാഹനത്തിൽ വരാൻ സാധിക്കുമായിരുന്നു. പക്ഷെ പടിഞ്ഞാറുള്ള ബസ്‌റൂട്ടിൽ നിന്നും ആശ്രമത്തിലേക്കു വരാൻ ഉണ്ടായിരുന്നത് ഒരു ചെറിയ ഇടവഴി മാത്രമായിരുന്നു. അങ്ങേയറ്റം രണ്ടു മീറ്റർ വീതിയുള്ള ഒരു വഴി. എനിക്കതിശയം തോന്നി. ലോകപ്രശസ്തമായ ഈ ആശ്രമത്തിലേക്കു ഒരു കാർ പോകാനുള്ള വഴി ഇല്ലെന്നോ? ആശ്രമത്തിന്റെ മുൻപിൽ ഉണ്ടായിരുന്ന ബുക്ക്‌ സ്ടാളിൽ നിന്ന ആളോട് എന്റെ സംശയം ചോദിച്ചു. അദ്ദേഹത്തിനെ മറുപടി ഇതായിരുന്നു; "സാറേ, നിങ്ങളെപ്പോലെ  ലോകത്തിന്റെ പല ഭാഗത്ത് നിന്നും വരുന്നവർക്ക് അമ്മയുടെ മഹത്വം അറിയാം. പക്ഷെ അമ്മയുടെ നാടുകാർക്കതറിയത്തില്ല. അമ്മ പറയുന്നതൊന്നും മനസ്സിലാകാത്തതിനാലാകാം, അമ്മ ഏതോ മാജിക്ക് കാണിച്ചു മനുഷ്യരെ വശത്താക്കി കളിപ്പിക്കയാനെന്നാണ് അവർ പറയുന്നത്. ആശ്രമത്തിലേക്കു വഴി നല്കുന്നത് ഇവരെല്ലാം കൂടി തടസ്സപ്പെടുത്തിയിരിക്കയാണ്‌'. 'ഇന്ത്യൻ പ്രധാനമന്ത്രി പോലും വന്നു പാദനമസ്കാരം ചെയ്യുന്ന അമ്മക്ക് ഇതൊക്കെ മറികടന്നു ഒരു നല്ല റോഡുണ്ടാക്കാൻ കഴിയില്ലേ'- ഞാൻ ചോദിച്ചു. 'സാറ് പറഞ്ഞത് ശരിയാണ്, അമ്മ വിചാരിച്ചാൽ ഒരു ദിവസം കൊണ്ടത്‌ നടന്നു കിട്ടും.പക്ഷേ നാട്ടുകാരെ എതിർത്തു അങ്ങിനെ ഒരു റോഡു വേണ്ടാ എന്നാണു അമ്മ പറയുന്നത്. ഞാൻ പറയുന്നത് മനസ്സിലാക്കി സ്നേഹഭാവത്തൊടെ അവർ തന്നെ മുൻപോട്ടു വന്നു റോഡ്‌ ഉണ്ടാക്കി തരും. അതുവരെ നമ്മൾ കാത്തിരിക്കണം എന്നാണു അമ്മ പറയുന്നത്. ഇപ്പൊൾ ഇവിടങ്ങളിലെ പല വീട്ടുകളിൽ നിന്നും കുട്ടികൾ അമ്മയുടെ സംഭാഷണം കേൾക്കാൻ  വരാറുണ്ട്. അവര്ക്ക് അമ്മ പറയുന്നത് ഇഷ്ട്ടപ്പെട്ടിട്ടു വീട്ടിലും നാട്ടിലും പറഞ്ഞു നാട്ടുകാരുടെ മനോഭാവം പതുക്കെ പതുക്കെ മാറാൻ തുടങ്ങിയിട്ടുണ്ട്".  ആശ്രമത്തിനടുത്തായി സ്ഥിതി ചെയ്യുന്ന അമ്മയുടെ കുടുംബ വീടും ഞാൻ അന്ന് കണ്ടിരുന്നു. 


മാതാ അമൃതാനന്ദമയി ദേവി എന്ന്  ഇന്നു  ലോകം മുഴുവൻ അറിയപ്പെടുന്ന സുധാമണി ജനിച്ചത്‌ കേരളത്തിന്റ വളരെ പിന്നോക്കാവസ്ഥയിൽ നിലനിന്നിരുന്ന, ഒരു പക്ഷെ ഇന്നും നിലനില്ക്കുന്ന, കടലോരപ്രദേശമായ വള്ളിക്കാവ് എന്ന പ്രദേശത്തെ ഒരു അരയഗൃഹത്തിലാണ്. അടിസ്ഥാനപരമായ വിദ്യാഭ്യാസമോ ജീവിത സാഹചര്യങ്ങളോ അവര്ക്ക് ലഭിച്ചിരുന്നില്ല. വളരെ കഷ്ട്ടപ്പാടു നിറഞ്ഞ ഒരു ജീവിതം ആയിരുന്നു അവരുടെതെന്ന് ഞാൻ വായിച്ചറിഞ്ഞിട്ടുണ്ട്. ലോകം കീഴടക്കാൻ പോന്ന വശ്യസൌന്ദര്യത്തിനു ഉടമയൊന്നും അല്ല അവരെന്നും നമുക്ക് ഏവര്ക്കും അറിയാം. കാര്യങ്ങൾ ഇങ്ങനെയാണെന്നിരിക്കെ ഇങ്ങനെയൊരു വ്യക്തിക്ക് എങ്ങിനെയാണ്  ഇത്രമാത്രം ലോകാംഗീകാരം ലഭിക്കുന്നത്? United Nations ന്റെ spiritual conference നെ അഭിസംബോധന ചെയ്യാൻ ക്ഷണിക്കപ്പെടുന്നത്? ലോകത്തിലുള്ള പല സർക്കാരുകളും ആത്മീയസംഘടനകളും ഇവരെ ആദരിക്കുന്നത് എന്തുകൊണ്ടാണ്? ഉമ്മാക്കിയും ചെപ്പടിവിദ്യയും ഗ്രൂപ്പിസവും മതവും രാഷ്ട്രീയവും ഒക്കെ വച്ചു കളിച്ചു കേരളത്തിൽ വല്ലതും ഒക്കെ ആകാൻ കഴിയുമെന്നല്ലാതെ ലോകരെ മുഴുവൻ കബളിപ്പിക്കാൻ കഴിയുമോ? ബോധമുള്ളവർ ചിന്തിക്കണം. ആൾ ദൈവങ്ങൾ, ദൈവം അല്ല എന്നിരിക്കെ തന്നെ ഇവരിൽ ചിലരെങ്കിലും ശിലാദൈവങ്ങളേക്കാൾ പ്രഭാവം ഉള്ളവർ ആണെന്നല്ലേ  ഇതിനര്ത്ഥം? മനുഷ്യന് ദേവഭാവത്തിലേക്ക് ഉയരാൻ കഴിയുമെന്നു മഹാത്മാ ഗാന്ധിയും മദർ തെരേസയും പോലെയുള്ള ചിലർ ഭാരതത്തിൽ ഇതിനു മുൻപും തെളിയിച്ചിട്ടുണ്ട്.  ഭഗവാൻ സത്യസായിബാബയും മാതാ അമൃതാന്ദമയിയും ആ ഗണത്തിൽപ്പെടുന്ന ആദ്ധ്യാത്മചൈതന്യം നിറഞ്ഞ മനുഷ്യരാണെന്നാണു എനിക്ക് തോന്നിയിട്ടുള്ളത് (ഞാൻ ഇവരെ രണ്ടു പേരെയും ഒരിക്കൽ പോലും കാണുകയോ ആശീർവാദം വാങ്ങുകയോ ചെയ്തിട്ടില്ല. അവരുടെ നല്ല കര്മ്മങ്ങളെ ദൂരെ നിന്ന് ബഹുമാനിക്കാൻ ഇഷ്ട്ടമാണെങ്കിലും സ്വന്തം സുഖം കാംക്ഷിച്ചു കൊണ്ട് ഇങ്ങനെയുള്ളവരെ കാണുന്നതിൽ ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല).

ആൾദൈവങ്ങളുടെ ആശ്രമങ്ങളും അതിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ട്. ലക്ഷക്കണക്കിന്‌ ആരാധാകരും കോടിക്കണക്കിനു രൂപ ആസ്തിയും ഉള്ള ഇതുപോലെയുള്ള പ്രസ്ഥാനങ്ങളിൽ പല തെറ്റുകളും അരുതാഴ്മകളും സംഭവിക്കാം. ആത്മീയമായ ചിന്തകളിൽ മുഴുകി നില്ക്കുന്ന ഒരു വ്യക്തിക്ക് (ശരിക്കും ആത്മീയവാദിക്കു) ഇങ്ങനെയുള്ള വലിയ സംവിധാനങ്ങളുടെ മേല്നോട്ടം വഹിക്കാനുള്ള കഴിവോ താത്പര്യമോ ഉണ്ടാകില്ല. ഇവരെ ചുറ്റിപ്പറ്റി നില്ക്കുന്ന ചുരുക്കം ചിലര്ക്കോ ബന്ധുമിത്രാദികൾക്കൊ ആയിരിക്കും ഇങ്ങനെയൊക്കെയുള്ള കാര്യങ്ങളിൽ കൂടുതൽ   താത്പര്യം. ഇവരൊക്കെ ശരിക്കും ആത്മീയമായ കാഴ്ചപ്പാടുള്ളവർ ആയിരിക്കണം എന്നില്ല. അമിതമായ സമ്പത്തും അധികാരവും കയ്യേറുന്ന ഇവർ  കാലക്രമേണ ആത്മീയകേന്ദ്രത്തിനെക്കാൾ ശക്തരാകയും അവരുടെ താൽപ്പര്യങ്ങൾക്കൊപ്പിചു കാര്യങ്ങൾ നടത്തുകയും ചെയ്യുന്നതോടെ പ്രസ്ഥാനത്തിന്റെ  അന്തസ്സിനു ചേരാത്ത പല കാര്യങ്ങളും അവിടങ്ങളിൽ നടക്കാനുള്ള സാധ്യതയും ഉണ്ട്. ആശ്രമ വിഷയത്തിൽ മാത്രമല്ല ഇത് പ്രസക്തമായിട്ടുള്ളത്.  രാഷ്ട്രീയം ഉൾപ്പെടെ ജനനന്മ ഉറപ്പാക്കേണ്ട പല തുറകളിലും ഇന്ന് സ്ഥിതിയിതാണ്. ഇത് നിയന്ത്രിക്കേണ്ടത് നിയമ വ്യവസ്ഥയിലൂടെയാണ്. തലയ്ക്കു രോഗം വന്നാൽ പരിഹാരം തല വെട്ടിക്കളയുക അല്ലല്ലോ? ലോകനന്മക്ക് വേണ്ടി പ്രവര്ത്തിക്കുന്ന ഒരു ആത്മീയവാദിക്കോ സംഘടനക്കോ അപചയം സംഭവിച്ചിട്ടുണ്ട് എന്ന വാര്ത്ത വന്നാൽ  അത് കാര്യഗൗരവപൂർവം പരിശോധിച്ച് അതിനു വേണ്ട പരിഹാരം തേടി മുൻപോട്ടു പോകുന്നതാണ് അഭികാമ്യം. ഇതിനു നിയമവ്യവസ്ഥക്കുള്ളിൽ നിന്ന് കൊണ്ട് വേണ്ടതു ചെയ്യാൻ ഭരണകൂടത്തിനു കഴിയണം. അല്ലാതെ കാളപെറ്റെന്നു പറയുമ്പോൾ കയറെടുത്തെന്നു പറയുമ്പോലെ ഇങ്ങനെയുള്ള വിഷയങ്ങളെക്കണ്ട്,  ഇവരെയൊക്കെ ചെളിവാരി തേച്ചു നിഷ്ക്രിയരാക്കൻ ശ്രമിക്കുമ്പോൾ വിജയിക്കുന്നത് ഇങ്ങനെയുള്ള പ്രസ്ഥാനങ്ങളുടെ പതനം ആഗ്രഹിക്കുന്ന ഒരു കൂട്ടം ആളുകളായിരിക്കും. ഇങ്ങനെയുള്ള ആത്മീയ പ്രസ്ഥാനങ്ങളിൽ നടക്കുന്നതെല്ലാം ശരിയാണ് എന്ന അഭിപ്രായം എനിക്കില്ല; തെറ്റുകൾ ഉണ്ടാകയും ചെയ്യാം. പക്ഷെ ലോകം ഒട്ടാകെ ലക്ഷക്കണക്കിന്‌ ആളുകൾക്ക് ആശ്വാസം പകരാൻ കഴിയുന്ന ഒരു മനസ്സ് ഒരാൾക്കുണ്ടെങ്കിൽ അത് ഒരു കാരണവശാലും നശിപ്പിക്കരുത്, മറിച്ച്  കെടാവിളക്ക് പോലെ അത് ജ്വലിപ്പിച്ചു നിര്ത്തണം. ഇന്നുലോകത്തെ ആകമാനം ഗ്രസിച്ചിരിക്കുന്ന അന്ധകാരത്തിൽ നാം തപ്പിതടയുമ്പോൾ ഒരു കൈത്തിരി കയ്യിലിരിക്കുന്നതല്ലേ നന്ന്; അതെത്ര ശോഭാകുറഞ്ഞതാണെങ്കിലും.  

6 comments:

 1. ഫേസ് ബുക്കിൽ വന്ന ചില അഭിപ്രായങ്ങൾ :

  Chandrababu Sreedharannair ഞാൻ ഇവരെ രണ്ടു പേരെയും ഒരിക്കൽ പോലും കാണുകയോ ആശീർവാദം വാങ്ങുകയോ ചെയ്തിട്ടില്ല. അവരുടെ നല്ല കര്മ്മങ്ങളെ ദൂരെ നിന്ന് ബഹുമാനിക്കാൻ ഇഷ്ട്ടമാണെങ്കിലും സ്വന്തം സുഖം കാംഷിചുകൊണ്ട് ഇങ്ങനെയുള്ളവരെ കാണുന്നതിൽ ഒരിക്കലും താത്പര്യം തോന്നിയിട്ടില്ല).

  Chandrababu Sreedharannair: I like mohandas this comments and I respect that also

  ReplyDelete
 2. Sukumaran Thampi ജെ കൃഷ്ണമൂര്‍ത്തി,സത്യ സായിബാബ എന്നിവര്‍ക്കെതിരെയും കൂടുതല്‍ ആരോപണങ്ങള്‍ ഉന്നയിയച്ചത് വിദേശികളാണ്,ഇപ്പോഴത്തെ ആക്ഷേപവും വിദേശി ആണല്ലോ, ഇതൊന്നുമ്മ് നിലനില്‍ക്കില്ല,കുറച്ചു നാലുകള്‍ക്കുളില്‍ പരിഹരിക്കപ്പെടണം. സത്യം എന്നും വിജയിക്കും, അല്പം സമയമെടുത്താലും.

  ReplyDelete
 3. Gopinatha Kurup: Article vayichu, OK good

  ReplyDelete
 4. NEWS has become a commodity and the media barons shape the thought process. I believe articles like this is the remedy. Kudos Dr. Mohandas
  K P Kesavan Nair

  ReplyDelete
 5. Dr. Mohandas, കൊല്ലം ജില്ലയിലുള്ള കരുനാഗപ്പള്ളിയിൽ നിന്നും അഴീക്കൽ കടൽക്കരയ്ക്കു ധാരാളം ബസ് സൗകര്യം ഉണ്ട്. ഈ റൂട്ടിലുള്ള "പറയക്കടവ്" എന്ന കടൽക്കര ഗ്രാമമാണ് ഇന്ന് അമൃതപുരിയായി മാറിയിരിക്കുന്നത്. അഴീക്കൽ കടൽക്കരയിൽ നിന്നും വള്ളത്തിൽ കായൽ കടന്ന് മറുകരയിൽ എത്താം. അവിടെയാണ് വലിയഴീക്കൽ. വലിയഴീക്കൽ ആലപ്പുഴ ജില്ലയിലാണ്. കൊല്ലം ജില്ലയിലാണ് അഴീക്കലും ചെറിയഴീക്കലും. ഈ രണ്ടുജില്ലയും തമ്മിൽ ബന്ധിക്കുന്ന (വലിയഴീക്കൽ - അഴീക്കൽ) ഒരു പാലത്തിന്റെ പ്രാരംഭഘട്ടപണി നടന്നുകൊണ്ടിരിക്കുകയാണ്. ഈ കടൽക്കര ഗ്രാമങ്ങൾ കേരളത്തിന്റെ അങ്ങോളമിങ്ങോളമുള്ള ജനങ്ങളുടെ കണ്ണുകൾ പതിയാനുള്ള ഒരു സാഹചര്യം ഉണ്ടായത് തന്നെ മാതാ - അമൃതാനന്ദമയിയിലൂടെയാണ്. കായംകുളത്തു നിന്നും അഴീക്കലിനും അമൃതപുരിക്കും ബസുകൾ ഉണ്ട്. ഞാൻ അമൃതാനന്ദമയിയുടെ ആശ്രമമത്തിൽ പോയിട്ടില്ല. അതുവഴി യാത്രചെയ്തിട്ടുണ്ട്.

  "ആൾ ദൈവങ്ങൾ, ദൈവം അല്ല എന്നിരിക്കെ തന്നെ ഇവരിൽ ചിലരെങ്കിലും ശിലാദൈവങ്ങളേക്കാൾ പ്രഭാവം ഉള്ളവർ ആണെന്നല്ലേ ഇതിനര്ത്ഥം?" എന്ന താങ്കളുടെ അഭിപ്രായം അങ്ങേയറ്റം ശരിയാണ്. എന്റെ പിതാവിന് ഹൃദയ സംബന്ധമായ രോഗം ബാധിച്ചപ്പോൾ അദ്ദേഹത്തെയും കൂട്ടി ഞാൻ പുട്ടപർത്തിയിലെ സത്യസായി ആശ്രമത്തിലെ ആശുപത്രിയിൽ പോയിട്ടുണ്ട്. ജാതി മത ഭേദമന്യേ എത്രയോ രോഗികളാണ് ഒരു പൈസപോലും ആശുപത്രിയിൽ ചിലവിടാതെ ഹൃദയ ശസ്ത്രക്രിയ ചെയ്തു മടങ്ങുന്നത്. കേരളത്തിൽ നിന്നും ധാരാളം രോഗികൾ അവിടെ എത്തുന്നുണ്ട്. ഒരു ഗവണ്മെന്റ് ചെയ്യേണ്ട കുടിവെള്ള പദ്ധതികൾ വരെ സത്യസായിയുടെ ചുമതലയിൽ പുട്ടപർത്തിയെ ചുറ്റിയുള്ള ധാരാളം ഗ്രാമ പ്രദേശങ്ങളിൽ ചെയ്തു കൊടുത്തിട്ടുണ്ട്. പുട്ടപർത്തിയിൽ സൗജന്യ വിദ്യാഭ്യാസ പദ്ധതിയും നിലവിലുണ്ട്.

  ReplyDelete
 6. വൈവിദ്ധ്യങ്ങളുടെ നാടാണല്ലോ ഭാരതം. സമ്പന്നനും നിസ്വനും ബുദ്ധിമാനും മന്ദബുദ്ധിയുമെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു. പലപ്പോഴും ബുദ്ധിമാന്മാര്‍ ജനത്തെ തങ്ങളുടെ ഭാഷണങ്ങളിലൂടെ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നു. രണ്ടു്, ചിലര്‍ക്കു് ഒന്നും മനസ്സിലാക്കണമെന്നുമില്ല. അവര്‍ പരപ്രത്യയനേയ ബുദ്ധികള്‍. മൂന്നു് ബുദ്ധിജീവി നാട്യമുള്ളവര്‍. എന്തിനെയും എതിര്‍ത്തു സമൂഹത്തിലെ നാട്യകലാപ്രകടനത്തിന്റെ തലതൊട്ടപ്പന്മരായി അവര്‍ വിരാജിക്കുന്നു. തങ്ങളെപ്പോലെ മറ്റുള്ളവര്‍ വസ്ത്രധാരണം ചെയ്യമമെന്നും മറ്റും അതുകൊണ്ടാണു് അവര്‍ ശഠിക്കുന്നതു്. ഇയ്യിടെ ഹരിയാനയെ സംബന്ധിച്ചുണ്ടായ വിവാദം ഓര്‍മ്മിക്കുക. മുന്‍പു് കേരളത്തിലെ ഔദ്യോഗിക വസ്ത്രത്തെ കുറിച്ചു മാതൃഭൂമി പത്രത്തിലും മറ്റും നടന്ന ചര്‍ച്ചയും ഓര്‍മ്മിക്കുക. വിന്‍സ്റ്റന്‍ ചര്‍ച്ചില്‍ മഹാത്മാഗാന്ധിയെ അര്‍ദ്ധനഗ്നനായ ഫക്കീര്‍ എന്നേ വിളിച്ചുള്ളൂ. ഇന്നു് അദ്ദേഹം ജീവിക്കാഞ്ഞതു നമ്മുടെ ഭാഗ്യം. അങ്ങനെയെങ്കില്‍ അദ്ദേഹവും ശരവ്യനായേനേ. തീര്‍ച്ച!

  ReplyDelete