Friday, September 19, 2014

ഏവൂർ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കഥകളി - ഭാഗം 3 - ഗോപിയാശാന്റെ കുചേലൻ

അഷ്ടമിരോഹിണി ദിനമായ സെപ്റ്റംബർ 15 തിങ്കളാഴ്ച ഏവൂർ ക്ഷേത്രസന്നിധിയിൽ അരങ്ങേറിയത് കുചേലവൃത്തവും നളചരിതം രണ്ടാം ദിവസവും (കാട്ടാളനും ദമയന്തിയും) പ്രഹ്ലാദചരിതവുമായിരുന്നു. അഷ്ടമി രോഹിണിക്ക് വൈഷ്ണവ പ്രാധാന്യമുള്ള  കുചേലവൃത്തവും പ്രഹ്ലാദചരിതവും വഴിപാടായി നടത്തുന്നതു മനസ്സിലായി. ഗോപിയാശാന്റെ കുചേലനു വഴിമാറിയ നെല്ലിയോടു തിരുമേനിയെ accomodate ചെയ്യാനായിരിക്കും രണ്ടു ഭക്തി കഥകൾക്കിടയിൽ നളചരിതം കാട്ടാളരംഗം വയ്ച്ചത്‌ എന്നു കരുതുന്നു.


അന്നത്തെ പരിപാടികളുടെ highlight ഗോപിയാശാൻ ഇദംപ്രഥമമായി കുചേലവേഷം കെട്ടി എന്നതാണ്. സമകാലിക  കഥകളിയുടെ മുഖവും പച്ചയുടെ super specialist ഉം ആയ ആശാന്റെ ആ മിനുക്ക്‌ വേഷം ഒന്നു കാണാൻ കലാലോകം സ്വാഭാവികമായും കാത്തിരുന്നു. അത് സംഭവിച്ചത് ഏവൂർ ക്ഷേത്രനടയിലായിരുന്നു എന്നത് ഞങ്ങൾ എവൂർക്കാർക്കെല്ലാം ഏറെ അഭിമാനത്തിനു വക നൽകുന്നതായി. ഈ വേഷം കെട്ടാൻ ഒരാഴ്ചയായി മാനസികമായി തയ്യാറെടുക്കുകയായിരുന്നു ഗോപിയാശാൻ എന്നു പറഞ്ഞു കേട്ടപ്പോൾ അതിലധികം സന്തോഷം തോന്നി. താൻ പത്തറുപതു വർഷങ്ങളായി വേഷമിട്ടാടുന്ന ആ തിരുനടയിൽ തന്റെ കലാസപര്യയുടെ മറ്റൊരു ഭാവം തന്നാൽ കഴിയും വണ്ണം  ഭംഗിയായി സമർപ്പിക്കാൻ കാണിച്ച ആ മനോഭാവം ശ്ളാഘനീയം തന്നെ.

                                       photo coutesy: Ajith Menon via facebook
ഇനി കളിയിലേക്ക് കടക്കാം. ഇന്നു  ജീവിച്ചിരിക്കുന്ന കലാകാരന്മാരിൽ കുചേലവേഷത്തിൽ അഗ്രഗന്യൻ  ബ്രഹ്മശ്രീ. നെല്ലിയോടു വാസുദേവൻ നമ്പൂതിരിയാണല്ലോ? ഗോപിയാശാനെപ്പോലൊരു സൂപ്പർ താരത്തെ നെല്ലിയോടുമായി മാത്രമേ തരതമ്യം ചെയ്യാൻ കഴിയൂ. പക്ഷെ അതിൽ അപാകതയുണ്ട് താനും. വർഷങ്ങളായി കുചേല വേഷം കെട്ടുന്ന ഒരനുഗ്രഹീത കലാകാരനോട്  ഇന്നാദ്യമായി ആ വേഷമിടുന്ന മറ്റൊരു കലാകാരനെ താരതമ്യം ചെയ്യുന്നതും ശെരിയല്ല. സാധാരണഗതിയിൽ കഥകളിയിലെ ഒരു വേഷം കെട്ടി 'ഗംഭീരം' എന്ന് പറയിപ്പിക്കണമെങ്കിൽ അനേക വട്ടം ആ വേഷം കെട്ടി തെളിയേണ്ടതുണ്ട്. എങ്കിലും രണ്ടു നാൾ മുൻപു് ഗോപിയാശാന്റെ പ്രേമലോലുപനായ രുക്മാംഗദനെയും ഇന്നലെ ക്ഷാത്രവീര്യം തുളുമ്പുന്ന അർജുനനെയും കണ്ട എന്നെപ്പോലെ ഒരാൾക്ക്‌ കുചേലനിലേക്കുള്ള ആശാന്റെ വേഷപ്പകർച്ചയെ സുന്ദരം എന്നു വിശേഷിപ്പിച്ചേ മതിയാകൂ. മുഖവും മുദ്രകളും കൊണ്ട് കഥകളി വിസ്മയങ്ങൾ തീർക്കുന്ന ഈ കലാകാരന്, വലിയൊരു പരിധി വരെ അവയൊക്കെ അപ്രസക്തമായ കുചേലവേഷത്തിലേക്കുള്ള യാത്ര അത്ര ആയാസരഹിതമാകാൻ കഴിയില്ലല്ലോ? ത്രിലോകങ്ങളിലെ എന്തിനെയും മുദ്രക്കൈകളിലൂടെ സൃഷ്ട്ടിക്കുന്ന ഊര്ജ്ജസ്വലനായ ഈ നടന് ഊര്ജ്ജവും മുദ്രകളും എല്ലാം വല്ലാതെ ചുരുക്കി നെല്ലിയോടിനെപ്പോലെ ശരീരമാസകലം പടർന്നു പിടിക്കുന്ന കുചേലദൈന്യഭാവത്തിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. നമ്മളൊക്കെ മനസ്സിൽ കൊണ്ടു നടക്കുന്ന കുചേലശരീരവും ഭാവഹാവാദികളും നെല്ലിയോടു തിരുമേനിയുടെ കുചേലാവതരണം എളുപ്പമാക്കുമ്പോൾ ഇതിന്റെയൊന്നും ആനുകൂല്യങ്ങളില്ലാതെ കുചേലനെ സ്വയം സൃഷ്ട്ടിക്കേണ്ടതുണ്ടായിരുന്നു ഗോപിയാശാന്. ആശാൻ നല്ലൊരു പരിധിവരെ ഇതിൽ വിജയിച്ചു എന്നും പറയാം. കുചേലനും പത്നിയും കുചേലനും കൃഷ്ണനുമായുള്ള രംഗങ്ങളും കുചേലന്റെ ഇളകിയാട്ടങ്ങളും നന്നായിരുന്നു. നെല്ലിയോടിൽ കൂടി ഗോപിയാശാനെ നോക്കുന്നതിനാലാകാം, കുചേലന് കുറച്ചുകൂടി ദൈന്യഭാവം ആവാം എന്നെനിക്കു പലപ്പോഴും തോന്നി. അങ്ങിനെ നെല്ലിയോടു സ്കെയിലിൽ (100) ഗോപിയാശാന്റെ കുചേലനു 70 മാർക്കിടാം. അദ്ദേഹത്തിലെ കലാകാരനോടുള്ള അദമ്യമായ സ്നേഹബഹുമാനവും എവൂരിനോട് അദ്ദേഹം കാണിക്കുന്ന സ്നേഹഭാവവും പരിഗണിച്ച് നൽകുന്ന 5 ഗ്രേസ് മാര്ക്ക് കൂടി കൂട്ടി മൊത്തം 100 ൽ 75 മാർക്ക്. ആദ്യത്തെ അവതരണത്തിൽ തന്നെ distinction വാങ്ങിയ സ്ഥിതിക്ക് കുറെ അരങ്ങുകൾ കഴിയുമ്പോൾ മറ്റു വേഷങ്ങളെപ്പോലെ ഗോപിയാശാന്റെ കുചേലനും എതിരില്ലാത്തതാകാം. കഥകളിക്ക് ആ ഭാഗ്യം ഉണ്ടാകട്ടെ എന്നാശംസിക്കുന്നു.

                                        photo courtesy: Jayaraj photo elite 

ഉൽസാഹഭരിതനായ കൃഷ്ണനെയാണ് ഡോ. ഏറ്റുമാനൂർ കണ്ണൻ അവതരിപ്പിച്ചത്. പക്ഷേ ചിലപ്പോഴെങ്കിലും ഉത്സാഹം കുറച്ചു കൂടിപ്പോയില്ലേ എന്നു തോന്നിപ്പോയി. ഗോപിയാശാനെപ്പോലൊരു കലാകേസരിയുടെ കുചേലനോടൊപ്പം വേഷം കെട്ടാൻ ഭാഗ്യം കിട്ടുമ്പോൾ കുറച്ച് ഉത്സാഹമൊക്കെ ആർക്കും വരും. പക്ഷെ ഇത് അതിലും അധികമായിരുന്നു (ബഹളവും ഉത്സാഹവും തമ്മിലുള്ള വ്യത്യാസം എന്തെന്ന് അറിയണമെങ്കിൽ  M.P.S. നമ്പൂതിരിയും നെല്ലിയോടും ചേർന്നു ചെയ്തിട്ടുള്ള കുചേലവൃത്തം ഒന്നു കാണുക. ഈ സീ.ഡീ. എന്റെ പക്കൽ ഉണ്ട്). നല്ല പല അഭിനയ മുഹൂർത്തങ്ങളും ഡോ. കണ്ണന്റെ ആട്ടത്തിലുണ്ടായിട്ടുണ്ട് എന്ന വസ്തുത മറന്നുകൊണ്ടല്ല ഇപ്പറയുന്നത്‌.  New generation 'കലയാമി' പത്തിയൂർ ശങ്കരൻ കുട്ടിയും കലാമണ്ഡലം വിനോദും കൂടി ആലപിച്ചു തുടങ്ങിയപ്പോൾ ഡോ.കണ്ണന്റെ ഉത്സാഹം ഇരട്ടിച്ചു,രംഗം ശരിക്കും ശബ്ദായമാനമായി; new generation കഥകളി കണ്ടു ഞാൻ തരിച്ചിരുന്നു. മനോഹരമായ കുചേലവൃത്തപദമാണ് 'കലയാമി'. കളി കാണാതെ കണ്ണടച്ചിരുന്നാൽ പോലും കലിതാനന്ദം ഉള്ളിൽ നിറയ്ക്കുന്ന കാവ്യസുധ. കഥകളിയുടെ മഹാഗായകർ പാടി പാടി കോട്ടം തീർത്ത്  ഇവിടെ വിട്ടിട്ടുപോയ കീർത്തനപുണ്യം. അതിങ്ങനെയാണോ പാടേണ്ടത്? പാടിയ രണ്ടു പേരും പാട്ട് ശരിക്കും പാടാൻ കഴിവുള്ള ഗായകപ്രതിഭകളാണ്. നടന്റെ new generation ആട്ടത്തിനനുസരിച്ചു പാടിക്കൊടുത്ത് ആ നല്ല പദത്തെ വികലമാക്കിയതാണോ അതോ new generation പാട്ടിനനുസരിച്ച് നടനെക്കൊണ്ട് അങ്ങിനെ ആടിച്ചതാണോ? എന്തായാലും ആ രംഗം നശിപ്പിച്ചു എന്ന് പറഞ്ഞാൽ മതിയല്ലോ? ശങ്കരൻകുട്ടിയോടും വിനോദിനോടും ഒരപേക്ഷയുണ്ട്; ദൈവത്തെയോർത്ത്‌ കുചേലവൃത്തപദങ്ങളെ വികലമാക്കരുത്. നിങ്ങളുടെ ഗുരുസ്ഥാനീയർ, പ്രത്യേകിച്ച് യശശ്ശരീരരായ എംബ്രാന്തിരിയും ഹരിദാസും ആ പദങ്ങളുടെ ആത്മാവു കണ്ടെത്തി ഞങ്ങൾക്കു സമ്മാനിച്ചു പോയിട്ടുള്ളതാണ്. മാങ്കുളം തിരുമേനിയും ചെന്നിത്തലയും (കൃഷ്ണൻ) നെല്ലിയോടും കൃഷ്ണൻ നായരാശാനും മങ്കൊമ്പും (കുചേലൻ) അത് ആടിതിമിർത്ത അരങ്ങുകളിൽ  കോരിത്തരിച്ചിരുന്നവരാണ് ഞങ്ങൾ. ആ പാട്ട് പാടാൻ നിങ്ങൾക്കറിയാം. അതുമതി ഞങ്ങൾക്ക്. ഇതിൽ new generation ഇറക്കരുത്.

'കുചേലവൃത്ത'ത്തിന്റെ വിഷമം, ബാബു നമ്പൂതിരിയും കലാമണ്ഡലം കൃഷ്ണകുമാറും  ചേർന്നു പാടുന്ന 'കാട്ടാളപദ'ത്തിൽ മാറിക്കിട്ടുമല്ലോ എന്നോർത്തു ആശ്വസിച്ചിരിക്കുമ്പോൾ ഇടിത്തീ പോലെ അതാ വീണ്ടുംവരുന്നൂ, new generation!  പന്തുവരാളി, പുന്നാഗവരാളി രാഗങ്ങളിൽ ചെയ്തു വച്ചിട്ടുള്ള ആ പദങ്ങൾ മാറ്റി മറിച്ച് വികലമാക്കിയിരിക്കുന്നു. ശരി, പോട്ടെ, ഐശ്വര്യമായ 'മധ്യമാവതി'യിൽ 'അംഗനേ നീ അങ്ങു പോവതെങ്ങനെ' കേട്ട് മനം കുളിരാം എന്നു കരുതിയിരുന്നു. അയ്യോ, ഏതോ ഒരു ഭയങ്കരരാഗത്തിൽ സിനിമാപ്പാട്ടു പോലെ അതു കൂടി കേട്ടു കഴിഞ്ഞപ്പോൾ സഹിക്കവയ്യാതെ കളികാണൽ നിർത്തി അവിടുന്നു പോകാൻ മനസ്സു വെമ്പി. പക്ഷേ നെല്ലിയോട് തിരുമേനിയെപ്പോലൊരു വലിയ നടൻ അരങ്ങത്തു നിൽക്കുമ്പോൽ അതു പാടില്ല എന്നു മനസ്സ് വിലക്കി.  പ്രായാധിക്യവും ശാരീരികാവശതയും ഒന്നും തന്നെ തിരുമേനിയുടെ  കാട്ടാളനെ ബാധിച്ചില്ല. ഇപ്രായത്തിലും കാട്ടാളന്റെ ഉദ്ധത കലാശങ്ങൾഅദ്ദേഹം എടുക്കുന്നത് കണ്ടപ്പോൾ അതിശയവും ഒപ്പം ആദരവും തോന്നി. നല്ല ഗായകനായ ബാബു നമ്പൂതിരിയോട് ഒന്നു ചോദിച്ചോട്ടേ; എന്നു  മുതലാ നളചരിതം പാട്ടൊക്കെ ഇങ്ങനായത്? കഥകളിപദങ്ങൾ ആർക്കും എങ്ങിനെയും പാടാം എന്നായോ? ഇതിനൊക്കെ നിങ്ങൾക്കാരാ ലൈസൻസ് തരുന്നത്? ചില അഭിനവ ഉണ്ണായിമാരും അവരുടെ പാവ പാട്ടുകാരും ചേർന്ന് നളചരിതത്തിനെ ഇങ്ങനെ നശിപ്പിക്കുകയാണല്ലോ ഭഗവാനേ? കഥകളി പദങ്ങൾ compose ചെയ്തു വച്ചിരിക്കുന്നത് മഹാന്മാരായ പൂർവസൂരികളാണ്. കഥയെന്തെന്നും അതിലേ ഓരോ വികാരവിചാരങ്ങൾക്കും എന്തെന്തു രാഗങ്ങളാണ് ചേരുക എന്നും മനനം ചെയ്തു കണ്ടു പിടിച്ച മനീഷികൾ. നിങ്ങളൊക്കെ നല്ല പാട്ടുകാർ മാത്രമാണ്. മഹാന്മാർ ചെയ്തുവച്ചിരിക്കുന്നതിനെ ആദരപൂർവം കൊണ്ടു നടക്കേണ്ടവർ. തല മറന്ന് എണ്ണ തേക്കരുത്. അവിവേകമിതുകണ്ടാൽ അറിവുള്ളവർ പരിഹസിക്കും, വഴി പിഴയ്ക്കും. അതുണ്ടാകാതിരിക്കട്ടെ! ഇവര്ക്കൊക്കെ സൽബുദ്ധി കൊടുത്തു കഥകളിയെ രക്ഷിക്കണേ എന്റെ കൃഷ്ണാ !

ഇനി കുറച്ചുകാലത്തേക്ക് കഥകളിയേ കാണേണ്ട എന്ന് ചിന്തിച്ചിരുന്നപ്പോഴേക്കും 'പ്രഹ്ലാദചരിതം' തുടങ്ങി. കലാമണ്ഡലം കൃഷ്ണപ്രസാദിന്റെ ഹിരന്യകശിപുവും R.L.V.  മോഹൻകുമാറിന്റെ ശുക്രനും. പ്രസാദിന്റെ കത്തി വേഷവും ആട്ടവും സുന്ദരമായിരുന്നു. കഴിഞ്ഞ രണ്ടു നാളുകളിൽ കണ്ട പച്ച വേഷങ്ങളേക്കാൾ അദ്ദേഹത്തിന്റെ കത്തി എനിക്കിഷ്ട്ടപ്പെട്ടു. വിനോദിന്റെ പാട്ട് old generation ആയിരുന്നത്  ആശ്വാസകരമായി തോന്നി. അതിരാവിലെ യാത്ര പോകേണ്ടിയിരുന്നതിനാൽ കളി കുറച്ചു നേരം കണ്ടിട്ട്  പോന്നു.

അങ്ങിനെ ഏവൂരിലെ തുടർച്ചയായ മൂന്നു നാളുകളിലെ എന്റെ കളികാണലിനു തിരശ്ശീല വീണു. ആദ്യത്തെ രണ്ടു നാളുകളിലെ കളികൾ മനസ്സിനു സന്തോഷം പകർന്നെങ്കിൽ അവസാന ദിവസത്തെ കളികൾ ആ സന്തോഷം ഭാഗികമായി നശിപ്പിച്ചു. അതെന്തെങ്കിലുമാവട്ടെ, ഈ കല എന്റെ നാട് എനിക്ക് പകർന്നു തന്ന സംസ്കാരസൌഭാഗ്യമാണ്. അതിൽ നിന്നും കിട്ടുന്നതെന്തായാലും അതു സന്തോഷദായകം തന്നെ.

(കഥകളി എന്ന  മഹനീയ കലയുടെ നിലവാരം കുറയുന്നതൊന്നും സംഭവിക്കരുത് എന്ന ആത്മാർത്ഥമായ ആഗ്രഹം കൊണ്ട് ഞാൻ നടത്തിയിട്ടുള്ള വിമർശനം അതേ  spirit ൽ എല്ലാവരും ഉൾക്കൊള്ളണമെന്ന് അഭ്യര്ധിക്കുന്നു. ആരെയെങ്കിലും കുറ്റപ്പെടുത്തണം എന്നത് എന്റെ താത്പര്യമല്ല എന്ന് സവിനയം പറഞ്ഞുകൊള്ളട്ടെ).   

4 comments:

  1. ചില കഥകളി ഗ്രൂപ്പുകളിൽ വാഗ്വാദങ്ങൾ കണ്ട ശേഷമാണ് ഈ മൂന്ന് ലേഖനങ്ങൾ വായിക്കാൻ എടുത്തത്. ഏവൂരിലെ പാട്ട് കേൾക്കാത്തവർ അരയും തലയും മുറുക്കിയതിന്റെ സ്വാരസ്യമാണ് മനസ്സിലാവാത്തത്.
    ലേഖനങ്ങൾ മൂന്നും നന്നായിട്ടുണ്ട്. കലാകാരനെ സുഖിപ്പിക്കേണ്ടത് ആസ്വാദകന്റെ കടമയല്ല എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.

    ReplyDelete
  2. അഭിപ്രായത്തിന് നന്ദി, സർ. എന്ത് ചെയ്യാം, സ്ഥാപിത താല്പര്യങ്ങൽ സംരക്ഷിക്കുവാനുള്ള ആവേശം, ഞങ്ങൾ പറയുന്നതാണ് കഥകളി എന്ന ധിക്കാര മനോഭാവം, സങ്കുചിത മനോഭാവങ്ങൾ -- ഇതൊക്കെയാണ് കഥകളി ഗ്രൂപ്പുകളെ ഇന്ന് നയിക്കുന്നത്. തങ്ങൾ വിഗ്രഹങ്ങളായി കരുതുന്നവരെ ഒന്ന് പരാമർശിക്കാൻ പോലും മറ്റൊരുവന് അധികാരം ഇല്ലെന്നുള്ള ഈ മനോഭാവം കഥകളിയുടെ കടക്കൾ വയ്ക്കുന്ന കത്തിയാണെന്ന് ഇവർ തിരിച്ചറിയുന്നില്ല. വിമര്ശിക്കപ്പെടുന്ന കലാകാരൻ ആ വിമര്ശനം ഉൾക്കൊണ്ടു തന്റെ കലാപ്രവര്ത്തനം മികവുള്ളതാക്കി തീര്ക്കാൻ ശ്രമിക്കും. പക്ഷേ അവരെ പൊതിഞ്ഞു നിൽക്കുന്ന ഈ കഥകളി വിദ്വാന്മാർ അതിനു സമ്മതിക്കില്ല എന്നതാണ് ദൌർഭാഗ്യകരമായ കാര്യം.

    ReplyDelete