Sunday, August 14, 2016

രാമായണമാസക്കുറിപ്പ് - ഭാഗം 16 മുതൽ 20 വരെ

രാമായണമാസക്കുറിപ്പ് -16

മറ്റു മതങ്ങളിൽ നിന്നും ഹിന്ദുമതത്തിനു (സനാതനമതത്തിനു) മൗലികമായ വ്യത്യാസങ്ങൾ ഉണ്ട്. മറ്റു മതങ്ങളിലെ, പ്രത്യേകിച്ചും സെമിറ്റിക് മതങ്ങളിലെ ഈശ്വരൻ ഒരു ആചാര്യനോ പ്രവാചകനോ ആയിരിക്കും. അവരുടെ ഉപദേശനിർദ്ദേശങ്ങളെ ചോദ്യം ചെയ്യാൻ വിശ്വാസികൾക്ക് അവകാശമില്ല. അവരുടെ അരുളപ്പാടുകൾ വിശ്വാസികൾ അതേപടി അനുസരിക്കേണ്ടതാണ്. അല്ലാത്തപക്ഷം അത് മതനിന്ദയാകും. പക്ഷെ ഹിന്ദുമതത്തിന് പ്രത്യേകമായി ഒരു ആചാര്യനോ ദാർശനികനോ ഇല്ല. നിരവധി ദാർശനികരുടെയും ആചാര്യന്മാരുടെയും ഋഷികളുടെയും ഉപദേശങ്ങളും ദർശനങ്ങളും ഒന്നു ചേർന്നതാണ് ഹിന്ദുമതം. യുക്തിവാദത്തിനു പോലും സ്ഥാനമുള്ള ഹിന്ദുമതം ആരെയും തന്നെ അന്ധമായി വിശ്വസിക്കുവാൻ ഉപദേശിക്കുന്നില്ല. മറ്റു മതങ്ങൾ ആത്യന്തിക സത്യം എന്നുറപ്പിച്ചു പറയുന്നതു പോലെ ഹിന്ദുമതം പറയുന്നില്ല. ആത്യന്തിക സത്യത്തിലേക്കുള്ള മാർഗ്ഗങ്ങളാണ് ഹിന്ദുമതം നിർദ്ദേശിക്കുന്നത്. ഇപ്പറഞ്ഞതിൽ നിന്നും ബുദ്ധിപരമായ അന്വേഷണസ്വാതന്ത്ര്യം സനാതനമതത്തിന്റെ ആണിക്കല്ലാണെന്നു മനസ്സിലാക്കാം. വൈദികമതത്തിൽ തളച്ചിടപ്പെടുന്ന ഹിന്ദുമതത്തിന് ഈ ബൗദ്ധികസ്വാതന്ത്ര്യമാണ് പൂർണ്ണമായും നഷ്ടപ്പെടുന്നത്.

നോബൽ സമ്മാനജേതാവായ പ്രൊഫ. അമർത്യാസെൻ, അദ്ദേഹത്തിന്റെ 'The argumentative Indian (Penguin books)' എന്ന പ്രസിദ്ധമായ പുസ്‌തത്തിന്റെ പണിപ്പുരയിലിരിക്കുന്ന 2004 കാലത്ത് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പ്രഭാഷണം നടത്താനെത്തി. അവിടുത്തെ സെനറ്റ്ഹാളിൽ തിങ്ങിനിറഞ്ഞിരുന്ന കേൾവിക്കാർക്കിടയിൽ ഞാനുമുണ്ടായിരുന്നു. അന്നദ്ദേഹം അവിടെ പറഞ്ഞത് മുഴുവൻ ഭാരതത്തെയും അതിന്റെ സംസ്കാരമഹിമകളെയും കുറിച്ചായിരുന്നു. ബ്രിട്ടീഷുകാർ, പ്രത്യേകിച്ചും ബൗദ്ധികമായി ഉന്നത നിലവാരം പുലർത്തുന്ന ബ്രിട്ടീഷുകാർ, നിറഞ്ഞിരുന്ന ആ സദസ്സിൽ വച്ച് ഒരു ബ്രിട്ടീഷുകാരനും സങ്കൽപ്പിക്കാൻ പോലും കഴിയാത്ത തരത്തിൽ സംസ്കാരമഹിമകൾ നിറഞ്ഞ ഒരു രാജ്യമായിരുന്നു പഴയ ഭാരതം എന്ന് അദ്ദേഹം അസന്നിഗ്ദമായി പ്രഖ്യാപിച്ചു, തെളിവുകൾ നിരത്തി സ്ഥാപിച്ചു. "ഭാരതത്തിൽ ജനാധിപത്യചിന്തകൾ ഉടലെടുത്തത്‌ ക്രിസ്തുമതദർശനങ്ങളോടെ ബ്രിട്ടീഷുകാർ ഭാരതം ഭരിച്ചതു കൊണ്ടാണെന്നാണ് പലരും വിശ്വസിച്ചിരിക്കുന്നത്. പക്ഷേ ഭാരതത്തിന്റെ തെക്കേ മൂലയിൽ നിങ്ങളാരും അറിയാത്ത ഒരു ചെറിയ സംസ്ഥാനമുണ്ട്, കേരളം. ക്രിസ്തുമതം പതിനഞ്ചാം നൂറ്റാണ്ടിലാണ് ഇൻഗ്ലണ്ടിൽ എത്തിയതെങ്കിൽ അതിനും ഒരായിരം വർഷങ്ങൾക്കു മുൻപെങ്കിലും അതു കേരളത്തിൽ എത്തിയിരുന്നു എന്നതിനു ചരിത്രപരമായ തെളിവുകൾ ഉണ്ട്. അപ്പോൾ ഞങ്ങളാണോ ബ്രിട്ടീഷുകാരാണോ ജനാധിപത്യം ആദ്യം കണ്ടത്? ". അദ്ദേഹം അവിടെ കൂടിയിരുന്നവരോട് ചോദിച്ചു. വേദകാലം തൊട്ട് ഭാരതീയർ നടത്തിയിട്ടുള്ള ബൗദ്ധികാന്വേഷണങ്ങളെക്കുറിച്ചായിരുന്നു അദ്ദേഹം പ്രഭാഷണത്തിലുടനീളം പറഞ്ഞത്. ബുദ്ധിപരമായുള്ള വിശകലനത്തിലൂടെയല്ലാതെ ഒരു സിദ്ധാന്തത്തെയും ഭാരതം അംഗീകരിച്ചിട്ടില്ല, വേദങ്ങളും ഉപനിഷത്തുക്കളും ഭഗവത് ഗീതയും അതിന്റെ മഹനീയ ദൃഷ്ട്ടാന്തങ്ങളാണ് - അദ്ദേഹം പറഞ്ഞു.
നമ്മുടെ ഈ സംസ്കാരം എവിടെപ്പോയി? ഈശ്വരവിഷയത്തിൽ ആരെന്തു പറഞ്ഞാലും അത് അനുസരിക്കുന്നതാണ് ശരിയെന്ന നമ്മുടെ ചിന്ത ശരിയാണോ? ബുദ്ധിമാന്മാരെന്നഭിമാനിക്കുന്നവരോട് മാത്രമാണീ ചോദ്യം. സാധാരണ ഭക്തജനങ്ങളോട് ഈ ചോദ്യം ചോദിക്കുന്നതിൽ അർത്ഥമില്ല, അതു ശരിയും അല്ല.

രാമായണമാസക്കുറിപ്പ് -17

സകാമകർമ്മങ്ങളിൽ ആസക്തരായ മൂഢജനങ്ങളുടെ ബുദ്ധിയെ വിദ്വാൻ ഒരിക്കലും ഇളക്കരുത് എന്ന് ഭഗവത് ഗീത (3:26) പറയുന്നു. നിങ്ങളാരും മൂഢരോ ഞാൻ വിദ്വാനോ അല്ലാത്തതുകൊണ്ട് ഇതു നമ്മളെ ബാധിക്കുന്ന പ്രസ്താവം അല്ലെന്നു കരുതാം. സാധാരണ ജനങ്ങളെ ഈശ്വരവിഷയത്തിൽ മൂഢന്മാരെന്നാണ് ഭഗവാൻ വിളിക്കുന്നതെങ്കിലും സത്യത്തിൽ അവർ ആത്മീയവിഷയത്തിനു വലിയ ദ്രോഹമൊന്നും ചെയ്യുന്ന കൂട്ടരല്ല. സ്വന്തം കൊച്ചു കൊച്ചു ദുഖങ്ങളുമായി ഭഗവാനെ പോയിക്കണ്ടു, തങ്ങളാൽ കഴിയുന്ന വഴിപാടും നടത്തി, തൊഴുതു പറഞ്ഞു സമാധാനം കണ്ടെത്താൻ മാത്രമാണവർ ശ്രമിക്കുന്നത്. അവരുടെ മന:സ്സമാധാനത്തിനായി തങ്ങൾക്കറിയാവുന്നതും തങ്ങൾ വിശ്വസിക്കുന്നതുമായ ഈശ്വരനോട് പ്രാർത്ഥിക്കുന്ന സാധുക്കളായ വൈദികബ്രാഹ്മണരരും ആത്മീയവിഷയത്തിനു യാതൊരു ദ്രോഹവും ചെയ്യുന്നവരല്ല. ഈ ഭക്തജന-വൈദിക ബന്ധം സനാതനധർമ്മസംസ്ഥാപനത്തിന് വലിയ ഗുണമൊന്നും ചെയ്യുന്നില്ലെങ്കിലും കുടുംബങ്ങളിലെ സമാധാനവും സന്തോഷവും നിലനിർത്താൻ ഒരു പരിധിവരെ സഹായകരമാണ്. പക്ഷേ ആത്മീയവിഷയത്തിൽ അറിവൊന്നുമില്ലെങ്കിലും വിദ്വാൻമാർ ആണെന്നു നടിച്ചു, തങ്ങളുടെ അൽപ്പജ്ഞാനം സാധുഭക്തജനങ്ങളിൽ അടിച്ചേൽപ്പിച്ചു അവരെ ചൂഷണം ചെയ്തു ജീവിക്കുന്ന ഒരു പറ്റം ആളുകൾ നമ്മുടെ ഇടയിലുണ്ട്. നമ്മുടെ ആത്മീയമണ്ഡലം ഭരിച്ചു വികലമാക്കിക്കൊണ്ടിരിക്കുന്ന ഇവരിൽ സനാതനധർമ്മബോധം ഉണർത്തേണ്ടത് ഹിന്ദുമതത്തിന്റെ നിലനിൽപ്പിന് ആവശ്യമാണ്.

ദൈവസങ്കൽപ്പങ്ങൾ ഉടലെടുക്കുന്നത് മനുഷ്യന്റെ ഭയത്തിൽ നിന്നാണ്. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്തതും നിയന്ത്രിക്കാൻ കഴിയാത്തതുമായ പ്രപഞ്ചശക്തികളെക്കണ്ട് ഭയവിഹ്വലരായ പ്രാചീന മനുഷ്യർ അവരുടെ രക്ഷക്കായി പ്രപഞ്ച ശക്തികളെ ദൈവങ്ങളായിക്കണ്ട് പൂജിക്കാനും നേർച്ചകളിലൂടെ പ്രീതിപ്പെടുത്താനും തുടങ്ങി. ഇങ്ങനെ ദേവതാരാധന നിലവിൽ വന്നപ്പോൾ തന്നെ മറ്റു കുറേപ്പേർ ബൗദ്ധികമായി ചിന്തക്കാൻ തുടങ്ങി. എന്താണീ പ്രപഞ്ചം? ഇതെങ്ങനെയായിരിക്കും സൃഷ്ടിക്കപ്പെട്ടത്? നമ്മളൊക്കെ എവിടെ നിന്നു വന്നു? എവിടേക്കു പോകുന്നു? മരണശേഷം നമുക്കെന്തു സംഭവിക്കും?........ ഋഷിമാരും ദാർശനികരും ചിന്തകരും ഇങ്ങനെ നൂറു കണക്കിന് ചോദ്യങ്ങൾ ചോദിച്ചു, ബുദ്ധിപരമായി ഓരോ ചോദ്യങ്ങളേയും വിശകലനം ചെയ്‌തു മനസ്സിലാക്കാൻ ശ്രമിച്ചു. അങ്ങിനെ അവർ നേടിയ ജ്ഞാനസമ്പത്താണ് വേദാന്തം. വേദാന്തത്തിൽ ജ്ഞാനമേ ഉള്ളൂ, വിശ്വാസമോ അന്ധവിശ്വാസമോ അതിന്റെ പരിധിയിൽ വരുന്ന വിഷയങ്ങളല്ല. പിന്നെങ്ങനെയാണ് ഹിന്ദുമതം മറ്റു മതങ്ങളെപ്പോലെ വിശ്വാസത്തിന്റെ മതമായി മാറിയത് ?

പ്രാചീന മനുഷ്യരേക്കാൾ ഭയഭയവിഹ്വലരാണ് ഇന്നത്തെ ഭക്തജനങ്ങളിലേറെയും. തങ്ങൾക്കു മനസ്സിലാക്കാൻ കഴിയാത്ത പ്രകൃതിശക്തികളെയായിരുന്നു അന്നത്തെ മനുഷ്യർ ഭയന്നിരുന്നതെങ്കിൽ ഇന്നത്തെ മനുഷ്യരെ ഭയപ്പെടുത്തുന്നത് അവരുടെ സ്വാർത്ഥമോഹങ്ങളാണെന്നതവർ അറിയുന്നില്ല എന്നതാണ് കഷ്ടം. വലിയ കഷ്ടപ്പാടില്ലാതെ എല്ലാ സൗഭാഗ്യങ്ങളും നേടണം, അതും മറ്റുള്ളവരെക്കാൾ ഭംഗിയായി. സീതാദേവിയെക്കിട്ടാൻ സാക്ഷാൽ ശ്രീരാമനു പോലും, ഏതു ബലവാൻ പിടിച്ചാലും അനങ്ങാത്ത ത്രയംബകം വില്ലെടുത്തു കഷ്ട്ടപ്പെട്ടു കുലയ്‌ക്കേണ്ടി വന്നു എന്നത് നമ്മൾ കാണുന്നില്ല. ജനങ്ങളിൽ ഭയമുണ്ടാക്കുന്ന രണ്ടാമത്തെ കാര്യം കൈയ്യിലുള്ള സമ്പത്താണ്. സമ്പത്തു കൂടുന്നതിനനുസരിച്ചു മോഹങ്ങളും മോഹങ്ങൾ കൂടുന്നതിനനുസരിച്ചു ബാധകളും കൂടുന്നു. അടുത്തയിടെ കുറച്ചു സ്വർണ്ണവൂമായി എനിക്ക് യാത്ര ചെയ്യേണ്ടി വന്നു. സാധാരണ യാത്ര ചെയ്യുമ്പോൾ ഞാൻ സ്വതന്ത്രനും അതുകൊണ്ടുതന്നെ ചുറ്റും നടക്കുന്നതെല്ലാം കണ്ടു രസിക്കുന്നയാളും ആണ്. പക്ഷേ സ്വർണ്ണം ബാഗിൽ വന്നതോടെ എൻറെ ശ്രദ്ധ മുഴുവൻ ബാഗിലായി. എനിക്കുചുറ്റുമുള്ള ലോകവുമായുള്ള ബന്ധം നഷ്ട്ടപ്പെട്ടു. എന്റെ ബാഗിലേക്കാണ് മറ്റുള്ളവരുടെയെല്ലാം കണ്ണെന്നു തോന്നി അവരെയെല്ലാം സംശയദൃഷ്ടിയോടെ നോക്കാൻ തുടങ്ങി. ഒരു വിധത്തിൽ വീട്ടിൽ എത്തിച്ചേർന്നു എന്നു പറഞ്ഞാൽ മതിയല്ലോ? ഇതാണ് അധിക സമ്പത്തോ അനധികൃത സമ്പത്തോ കയ്യിലുള്ളവരുടെയും പ്രശ്നം. ടെൻഷൻ മൂത്തു അടുത്തുള്ള ജ്യോത്സ്നയെയും തിരുമേനിയെയും പ്രശ്നപരിഹാരത്തിനായി സമീപിക്കും. ഏതു പ്രശ്നത്തിനും പരിഹാരമായി പല വിധത്തിലും, പല നിരക്കിലുമുള്ള പരിഹാരക്രിയകൾ ഇന്ന് ലഭ്യമാണ്. ആഗ്രഹാഭിലാഷങ്ങളുടെയും ടെൻഷന്റെയും ലെവൽ പറഞ്ഞാൽ മതി, അതിനനുസരിച്ചുള്ള പൂജകളും തന്ത്രമന്ത്രങ്ങളും നടത്തി ഈശ്വരനെ സ്വാധീനിച്ചു കക്ഷികൾക്ക് സുഖവും ശാന്തിയും ഇവർ നേടിക്കൊടുക്കും. ഭാഗ്യത്തിന് ഇതെല്ലാം നടക്കുന്നത് സനാതനധർമ്മ വിധിപ്രകാരം തന്നെയാണെന്നതാണ് വലിയ ഒരാശ്വാസം!! ഈശ്വരോ രക്ഷതു.

രാമായണമാസക്കുറിപ്പ് -18

ഇന്നത്തെ കുറിപ്പ് എഴുതാനിരുന്നപ്പോഴേക്കും രണ്ടു കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടു. ഒന്ന് എന്റെ സുഹൃത്ത് 'പുൽപ്പള്ളിയിലെ വാല്മീകിയുടെ പർണ്ണശാല' കാട്ടിത്തന്നത്. രണ്ട്; അമ്പലത്തിൽ പോയി ആണും പെണ്ണും ചെരിപ്പിട്ടവനും ചെരിപ്പിടാത്തവനും എങ്ങിനെ വ്യത്യസ്തമായി തൊഴണമെന്നും തൊഴുമ്പോൾ കൈകൾ മാറിടത്തിൽ നിന്നും എത്ര ഡിഗ്രി ചരിഞ്ഞിരിക്കണം എന്നുമൊക്കെ 'ശാസ്ത്രീയ'മായി വിശദീകരിക്കുന്ന ഒരു ശാസ്ത്രജ്ജന്റെ വീഡിയോ ഇവിടെ കണ്ടത്. ആദ്യത്തേക്കാഴ്ച നിരുപദ്രവകരമാണെങ്കിൽ രണ്ടാമത്തെക്കാഴ്ച വളരെ ദയനീയവും ആൻറണിസാറിന്റെ ഭാഷയിൽപ്പറഞ്ഞാൽ 'പൈശാചിക'വുമാണ്. എനിക്കീ പ്രതിയെയും അദ്ദേഹത്തിൻറെ 'ശാസ്ത്രീയ' ആദ്ധ്യാത്മിക വീക്ഷണങ്ങളെയും നേരിട്ട് അറിയാൻ കഴിഞ്ഞിട്ടുള്ളത് കൊണ്ട് വീഡിയോ മൊത്തം കാണാൻ മിനക്കെട്ടില്ല. അതുകണ്ടിരിക്കാനുള്ള മനഃക്കട്ടി എനിക്കില്ല എന്ന് പറയുന്നതാകും കുറേക്കൂടി ശരി. ഇതൊക്കെയാണ് ഹിന്ദുവിൻറെ സനാതനധർമ്മം എന്ന് വിശ്വസിച്ചിരിക്കുന്ന ബുദ്ധിമാന്മാരോടാണ് എനിക്കു പറയാനുള്ളത്; കഷ്ട്ടം. ഇത്ര അസംബന്ധജടിലമാണോ നമ്മുടെ സംസ്കാരം? വീഡിയോയിൽ കാണുന്ന തരത്തിലുള്ള വിവരദോഷങ്ങൾ കേട്ട് പഠിച്ചാൽ, നിങ്ങൾ ചെന്നു പതിക്കുന്നത് അജ്ഞാനാന്ധകാരത്തിന്റെ പടുകുഴികളിലേക്കായിരിക്കും. അതു ബോധമുള്ള ഹിന്ദുവിനു ചേർന്നതല്ല. അതുകൊണ്ട് ആ വിഷയം ഇനി ചർച്ച ചെയ്യണ്ടാ.

പുരാണ കഥകളിലെയും ഇതിഹാസങ്ങളിലെയും പല സ്ഥലങ്ങളും മറ്റടയാളങ്ങളും ഭാരതത്തിന്റെ വിവിധ പ്രദേശങ്ങളിൽ കാണാൻ കഴിയും എന്നു നമ്മൾ വിശ്വസിക്കുന്നു. ശ്രീരാമൻ, ശ്രീകൃഷ്ണൻ, ഹനുമാൻ തുടങ്ങിയ പല പുരാണപുരുഷന്മാരും നമുക്കു ദൈവങ്ങളാകുന്നതു കൊണ്ട് ഇവരുടെയൊക്കെ കഥകളുമായി ബന്ധപ്പെടുത്തി പറയുന്ന സ്ഥലങ്ങളും അടയാളങ്ങളും നമുക്ക് ആരാദ്ധ്യവുമാണ്. പക്ഷേ വിശ്വാസവും ശാസ്ത്രവും രണ്ടും രണ്ടാണ്. 'വേദങ്ങളുടെ ഗൂഢമായ അർത്ഥം പുരാണകഥകളിലൂടെ പ്രകീർത്തിച്ചിരിക്കുന്നു (വേദാദിഷു നിഗൂഢാർത്ഥ:, പുരാണേഷു പ്രകീർത്തിതാ:)' എന്നു പറയുന്നത് പ്രമാണമായി എടുത്താൽ, നമ്മൾ വിശ്വസിക്കുന്ന പുരാണപുരുഷന്മാരെല്ലാം തന്നെ ആ സോദ്ദേശ കഥയിലെ കഥാപാത്രങ്ങൾ മാത്രമാകും. അതായത് വൈവിദ്ധ്യ സ്വഭാവമുള്ള കഥാപാത്രങ്ങളിലൂടെ കഥാകാരൻ വേദത്തിന്റെ ഗൂഢാർത്ഥം പറയുകയാണ്. ഇത് ശരിയാണെങ്കിൽ ഈശ്വരവിഷയത്തിൽ നമ്മൾ വിശ്വസിക്കുന്ന പല കാര്യങ്ങളും തലമുറ തലമുറകളായി പറഞ്ഞും കേട്ടും നമ്മൾ അന്ധമായി അനുവർത്തിച്ചു പോകുന്ന കേവല വിശ്വാസങ്ങൾ മാത്രമാണെന്ന് കരുതേണ്ടി വരും. തലമുറകളായി കൈമാറ്റം ചെയ്യപ്പെടുന്ന ഈ വിശ്വാസങ്ങൾക്കു ശാസ്ത്രീയമായ അടിത്തറ ഒന്നുമില്ലെങ്കിലും അത് നമ്മുടെ രക്തത്തിൽ അലിഞ്ഞു ചേർന്നു കഴിഞ്ഞ സ്ഥിതിക്ക് അത് സത്യമായി തന്നെ നാം അനുഭവിക്കുന്നു എന്നുമാത്രം. കഥകൾ സത്യങ്ങളല്ലെങ്കിലും അതിൽ നിറഞ്ഞിരിക്കുന്ന ഉപനിഷദ് സന്ദേശങ്ങൾ മനുഷ്യരാശിക്കാകമാനം പ്രകാശം നല്കാനുദ്ദേശിച്ചുള്ളതാണെന്നത് നാം തിരിച്ചറിയണം. അതാണ് നമ്മുടെ ശക്തി. പക്ഷേ ആ തിരിച്ചറിവാണ് നമുക്കില്ലാത്തതും.
ഭാഗവതത്തിന്റെ അവസാനം ശുകമുനി പരീക്ഷിത്തിനോട് അവതാരകഥകളെല്ലാം പറഞ്ഞശേഷം ഈ കഥകളൊന്നും യാഥാർഥ്യമല്ലെന്നും കല്പിതകഥകളാണെന്നും വ്യക്തമായിപ്പറയുന്നുണ്ട്,

കഥാ ഇമാസ്തേ കഥിതാ മഹീയസാം
വിതായ ലോകേഷു: യശഃ പരേയുശാം
വിഞ്ജാന വൈരാഗ്യ വിവക്ഷയാ വിഭോ
വചോ വിഭുതീർ ന തു പാരമാർഥ്യം (ഭാഗവതം: 12 -13 -14)

(ലോകത്തിൽ കീർത്തി അവശേഷിപ്പിച്ചുപോയ മഹാന്മാരുടെ ഇപ്പറഞ്ഞ കഥകളെല്ലാം അങ്ങേക്ക് ജ്ഞാനവും വൈരാഗ്യവും ഉളവാക്കാൻവേണ്ടി കെട്ടിച്ചമച്ചവയാണ്. ഒന്നും സത്യമല്ല).

ഇനി ഞാനെന്തു പറയാൻ? വ്യാസൻ പറയുന്നത് വിശ്വസിക്കണോ അതോ ക്ഷേത്രക്കമ്മിറ്റിക്കാരും അല്പജ്ഞാനികളും മുകളിൽ പരാമർശിച്ച ശാസ്ത്രജ്ജന്മാരെപ്പോലുള്ള "അതിബുദ്ധി"മാന്മാരും പറയുന്നതു വിശ്വസിക്കണോ? ജ്ഞാനികളായ മുനീശ്വരന്മാർ പറയുന്നതു് വിശ്വസിക്കാനാണ് എന്നിലെ ശാസ്ത്രബോധം നിർബന്ധിക്കുന്നത്. നിങ്ങളിൽ പലർക്കും ഇതിൽ യോജിപ്പില്ലായിരിക്കാം. ഇനി വരുന്ന ജന്മങ്ങളിലെങ്കിലും നിങ്ങൾക്കു വ്യാസനെയും കൃഷ്ണനെയും രാമനെയും കാണാൻ കഴിയട്ടെ എന്നാശംസിക്കാനല്ലാതെ എനിക്കെന്തു ചെയ്യാൻ കഴിയും?

മറ്റാരും വേദോപനിഷത്തുക്കളൊന്നും പഠിക്കരുതെന്ന് വൈദികമതക്കാർ പണ്ടേ പറഞ്ഞത് എന്തുകൊണ്ടാണെന്ന്‌ ഇപ്പോൾ മനസ്സിലാകുന്നുണ്ടോ? വിദ്യാഭ്യാസം നിരസിക്കുക എന്നതാണ് അടിമകളെ സൃഷ്ടിക്കുവാനുള്ള ഏറ്റവും എളുപ്പമാർഗ്ഗം. അത് ശരിക്കും മനസ്സിലാക്കിയിരുന്നവരായിരുന്നു നമ്മുടെ പൂർവ്വിക വേദവിത്തുക്കൾ. ഇന്നു വ്യാസനും കൃഷ്ണനും നേരിട്ടു വന്നു പറഞ്ഞാൽപ്പോലും സനാതനധർമ്മം വേണ്ടാ എന്ന് പറയാൻ നമുക്ക് തോന്നുന്നത് നൂറ്റാണ്ടുകളായുള്ള ഈ ആദ്ധ്യാത്മിക അടിമത്വം ഒന്നുകൊണ്ടാണ്.

രാമായണമാസക്കുറിപ്പ് -19 

ഈ പരമ്പരയിലെ പതിനെട്ടു കുറിപ്പുകൾ കഴിഞ്ഞു. ബ്രഹ്മസംഖ്യയായ പതിനെട്ടിനു നമ്മുടെ ശാസ്ത്രങ്ങളിൽ  വലിയ സ്ഥാനമാണുള്ളത്. പുരാണങ്ങൾ 18, ഭഗവത് ഗീതക്ക് അദ്ധ്യായങ്ങൾ 18 ,ശബരിമല പടികൾ 18............ പടി പതിനെട്ടും കയറിയാൽ കാണുന്നതെന്താണെന്നറിയാമല്ലോ? തത്വമസി-തത്-ത്വം-അസി.ഇംഗ്ലീഷിൽ thou art you, you are that (പല മലയാളികൾക്കും ഇംഗ്ലീഷിൽ പറഞ്ഞാലേ ഇപ്പം മലയാളം മനസ്സിലാകൂ!). അതായത് ഭക്തനും അയ്യപ്പനും ഒന്നാണെന്ന്. പലരും വിചാരിച്ചിരിക്കുന്നത് സന്നിധാനത്തിന് ഒരു ഭംഗിക്ക് വച്ചിരിക്കയാണ് ആ ബോർഡെന്നാണ്. അല്ല, അതിനു വലിയ അർത്ഥമുണ്ട്. ഉപനിഷദ് ജ്ഞാനം മുഴുവൻ ആ ഒരു വാക്കിലുണ്ട്. അതു മനസ്സിലാക്കി കഴിയുമ്പോൾ ബോധം തെളിയും. അത് മനസ്സിലാക്കിയാൽ തിരിച്ചിറങ്ങി വരുമ്പോൾ അങ്ങോട്ട് കേറിയതിനേക്കാൾ നല്ലൊരു മനുഷ്യനായി മാറിയിരിക്കണം. ഇങ്ങനെ പത്തു പതിനെട്ടു പ്രാവശ്യം ശബരിമല പോയി വന്നു കഴിയുമ്പോൾ നാട്ടുഭാഷയിൽ പറഞ്ഞാൽ നല്ല തങ്കപ്പെട്ട ഒരു മനുഷ്യനാകണം. 'സർവഭൂതദയാപരനായ' അയ്യപ്പനെപ്പോലെ ചുറ്റും കാണുന്ന എല്ലാത്തിനോടും സ്നേഹത്തോടും ദയയോടും പെരുമാറുന്ന ഈശ്വരതുല്യനായ മനുഷ്യനായി. ഈ പരിവർത്തനം ഭക്തനിൽ സംഭവിക്കുന്നുണ്ടെങ്കിൽ ആ ഭക്തനെ സനാതനമതാനുസാരിയായ ഹിന്ദുവായി കരുതാം. അതല്ല, ഓരോ മലകയറ്റം കഴിയുമ്പോഴും സ്വാർത്ഥതയും സ്വജനപക്ഷപാതവും അഴിമതിയും അഹങ്കാരവും വർദ്ധിക്കുകയാണെങ്കിൽ തീർച്ചയായും ഉറപ്പാക്കാം, സനാതനമതവുമായി നിങ്ങൾക്കു യാതൊരു ബന്ധവുമില്ല. എന്തെക്കെയോ സ്വാർത്ഥമോഹങ്ങൾ നേടാൻ വേണ്ടി, ആരൊക്കെയോ പറയുന്നതും വിശ്വസിച്ചു വർഷാവർഷം അവിടെ പോയി വരുന്ന ടൂറിസ്റ്റുകൾ മാത്രം. വൈദികമതസംസ്കാരത്തിൽ വളരുന്ന ഹിന്ദുക്കളിൽ ഏറെപ്പേർക്കും സംഭവിക്കുന്നതിതാണ്.

ശ്രുതി(വേദം)-സ്‌മൃതി ശാസനങ്ങൾ അടിസ്ഥാനമാക്കി വ്യക്തിരൂപത്തിലുള്ള ഈശ്വരനെ കാട്ടിത്തരുന്ന വൈദികമതം, യുക്തിചിന്തയിൽ അധിഷ്ഠിതമായ ഈശ്വരചിന്തയും അതിലൂടെ മനുഷ്യനുണ്ടാകാമായിരുന്ന മന:പരിവർത്തനവും അസാധ്യമാക്കിയിരിക്കയാണ്. തത്വചിന്താപരമായ ഉപനിഷദ് ദർശനങ്ങളുടെ പ്രായോഗിക വ്യാഖ്യാനമായ ഭഗവത് ഗീത കാണിച്ചു തരുന്ന പ്രകാശമാനമായ രാജപാതയിൽ കൂടി ആത്മീയയാത്ര നടത്താൻ അതുകൊണ്ടു തന്നെ കെൽപ്പില്ലാത്തവരായി ഭാരതീയർ അധ:പതിച്ചിരിക്കുന്നു.  ഇത് പണ്ടേയുള്ള കാര്യമാണ്. ഇതറിഞ്ഞു കൊണ്ട് തന്നെയാണ് ശ്രുതി-സ്മൃതി ശാസനങ്ങളെ വിമര്ശിച്ചുകൊണ്ടും ഉപനിഷദ് ദർശനങ്ങളെ ഉയർത്തിപ്പിടിച്ചുകൊണ്ടും വ്യാസൻ ഭഗവത് ഗീത രചിച്ചിരിക്കുന്നത്. അത് ജഗദ്‌ഗുരുവായ കൃഷ്‌ണനെക്കൊണ്ടു പറയിക്കുന്നത് തന്നെ അതിന്റെ ആധികാരികത വർദ്ധിപ്പിക്കാനും അങ്ങിനെ മനുഷ്യരാശിയെ ബന്ധനങ്ങളിൽ നിന്ന് മോചിപ്പിച്ചു കർമ്മശേഷിയുള്ളവരാക്കി തീർക്കാനുമാണ്. ബോധപൂർവം ചിന്തിക്കുന്ന മനുഷ്യസമൂഹങ്ങളിൽ ഭഗവത് ഗീത ആരാധ്യമാകുന്നത് ഇതുകൊണ്ടാണ്.

കുരുക്ഷേത്രഭൂമിയിൽ തൻറെ ഗുരുക്കന്മാരോടും ബന്ധുമിത്രാദികളോടും യുദ്ധം ചെയ്യാൻ വയ്യെന്ന് പറഞ്ഞു തേർത്തട്ടിൽ തളർന്നിരിക്കുന്ന അർജ്ജുനനെ ഭഗവാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി ധർമ്മയുദ്ധത്തിനു സന്നദ്ധനാക്കുന്നതാണല്ലോ ഭഗവത് ഗീതയുടെ ഉള്ളടക്കം. ബന്ധുമിത്രാദികളോടുള്ള സ്നേഹപാശവും അവരെ കൊന്നാലുണ്ടാകാവുന്ന പാപവും മാത്രമാണോ അർജ്ജുനനെ യുദ്ധഭൂമിയിൽ നിർവീര്യനാക്കുന്നത്? അത് മാത്രമാണെങ്കിൽ ജ്ഞാനമാർഗ്ഗത്തിലൂടെ അതിനുള്ള പരിഹാരമാർഗ്ഗം കൃഷ്ണൻ, അർജ്ജുനന് ഉപദേശിച്ചാൽ പോരേ? എന്തിനാണ് ശ്രുതി-സ്മൃതികളെയും ഇതിലൊക്കെ വിശ്വസിച്ചു ജീവിക്കുന്നവരെയും നിശിതമായി വിമർശിക്കുന്നത്?  ഇവയൊക്കെ അർജ്ജുനനെപ്പോലെയൊരു ലോകൈകവീരനെപ്പോലും അനാവശ്യമായി ഭയപ്പെടുത്തി, തളർത്തി കർമ്മവിമുഖനാക്കാൻ പ്രേരിപ്പിക്കുന്നു എന്നു കൃഷ്ണൻ മനസ്സിലാക്കുന്നുണ്ടോ? ഗീത പഠിച്ചാൽ അങ്ങിനെ തോന്നും (ഈ ഹൃസ്വകുറിപ്പിൽ വിശദമായി എഴുതാൻ കഴിയുന്നില്ല).

ഭഗവത് ഗീതയിലെ അർജ്ജുനന്മാരാണ് നമ്മളൊക്കെ. നമ്മുടെ മനസ്സാണ്‌ കുരുക്ഷേത്ര ഭൂമി. അഞ്ചു നല്ലചിന്തകൾക്കെതിരേ നൂറ്റൊന്നു ദുഷ്ചിന്തകൾ യുദ്ധം ചെയ്യുന്നു? എണ്ണത്തിൽ കുറഞ്ഞ നന്മകൾക്ക്  എങ്ങിനെ ജയിക്കാൻ കഴിയും? ഈ ധർമ്മ-യുദ്ധത്തിൽ യോദ്ധാവിനു വേണ്ട ഗുണങ്ങൾ എന്തൊക്കെയാണ്?  ജയിക്കാൻ ഏതൊക്കെ ഭയങ്ങളെയാണ് മനസ്സിൽ നിന്നും മാറ്റേണ്ടത്?

വിശ്വവിഖ്യാത തത്വചിന്തകനായ മാക്സ് മുള്ളറും ആത്മജ്ഞാനിയായിരുന്ന നമ്മുടെ സുകുമാർ അഴീക്കോടു  സാറും മഹാത്മാഗാന്ധിയും ഡോ. അബ്ദുൾകലാമും അങ്ങിനെ പല ചിന്തകരും മാഹാത്മാക്കളും ഉപനിഷദ് ദർശനങ്ങളെയും ഭഗവത് ഗീതയേയും വണങ്ങിയത് അതിന്റെ ദർശനങ്ങളുടെ ഔന്നിത്യം ഒന്നുകൊണ്ടാണ്. പക്ഷെ ഇന്നത്തെ നമ്മുടെ ആത്മീയപദ്ധതികളിൽ ഈ ഗ്രന്ഥത്തിനു വലിയ സ്ഥാനമൊന്നും കിട്ടുന്നില്ലതാനും.

രാമായണമാസക്കുറിപ്പ് -20

ഇന്നു നമ്മൾ ഹിന്ദുക്കൾ ആദ്ധ്യാത്മികത എന്നു വിശ്വസിച്ചു ചെയ്തു കൂട്ടുന്ന കാര്യങ്ങളും ഉപനിഷത്തുക്കളിലും ഭഗവത് ഗീതയിലും പറയുന്ന അദ്ധ്യാത്മികതയും തമ്മിൽ ഒന്നു താരതമ്യം ചെയ്യാനേ എന്റെ കുറിപ്പുകൾ കൊണ്ട് ഞാൻ ഉദ്ദേശിച്ചിട്ടുള്ളൂ. ഈ മഹത് ഗ്രന്ഥങ്ങളിലെ തത്വചിന്തയെക്കുറിച്ചു ചർച്ച ചെയ്യണമെന്നു ചിന്തിച്ചിട്ടേയില്ല, അതിനുള്ള പാണ്ഡിത്യവും ഇല്ല. അറിയാവുന്നതു പറയാം എന്നു വച്ചാൽ വളരെ ഗഹനമായ ആത്മവിഷയം ചർച്ച ചെയ്യാൻ പറ്റിയ ഇടവും അല്ല ഇത്. ഇന്നലത്തെ പോസ്റ്റിനുള്ള കമന്റുകൾ കണ്ടപ്പോൾ തത്വചിന്ത ആസ്വദിക്കാനുള്ള താത്പര്യം കുറച്ചുപേർക്കെങ്കിലും ഉണ്ടെന്നു മനസ്സിലായി അത് നല്ലൊരു ലക്ഷണമാണ്. എങ്കിൽ ഒരൽപ്പം തത്വചിന്തയാകാം ഇന്ന്. ഇന്നൊരു ദിവസത്തേക്ക് മാത്രം.

ഭഗവത് ഗീതയുടെ അഞ്ചു കുതിരകളെ പൂട്ടിയ രഥത്തിന്റെ കാര്യം തന്നെ എടുക്കാം. നമ്മൾ മനുഷ്യരുമായി അതെങ്ങിനെ ബന്ധിച്ചു നിൽക്കുന്നു എന്നറിയുന്നതിൽ കൗതുകമുണ്ടാകുമല്ലോ ? അതിനുപരിയായി പത്തു മൂവായിരം വർഷങ്ങൾക്കു മുൻപ് മനുഷ്യനെ ഇത്രമാത്രം സമഗ്രമായി അപഗ്രഥിച്ചു പഠിച്ച നമ്മുടെ പൂർവികരായ ഋഷിമനസ്സുകൾക്കു മുൻപിൽ ബഹുമാനപുരസ്സരം ഒന്നു തലകുനിക്കാനുള്ള സന്ദർഭം കൂടിയാകും ഇത്.

ശിവകാശിയിലെ ചിത്രകാരന്മാർ അടിച്ചു പുറത്തിറക്കുന്ന ഭഗവത് ഗീതയുടെ പടം, സഹസ്രാബ്ദങ്ങൾക്കു മുൻപ് 'കഠോപനിഷത്' സൃഷ്ടിച്ച തത്വചിന്തകർ മനസ്സിൽ വരച്ചതാണ്. അഞ്ചു കുതിരകൾ വലിക്കുന്ന രഥത്തിൽ കടിഞ്ഞാണുകളേന്തിയ സാരഥിയായി ശ്രീ കൃഷ്ണൻ ഇരിക്കുന്നു. രഥത്തിനുള്ളതിൽ ഗാണ്ടീവം താഴെ ഉപേക്ഷിച്ച നിലയിൽ വിഷാദചിത്തനായി അർജ്ജുനനിരിക്കുന്നു.

ആത്മാനം രഥിനം വിദ്ധി
ശരീരം രഥമേവ ച
ബുദ്ധി തു സാരഥി വിദ്ധി
മനഃ പ്രഗ്രഹമേവ ച (കഠം 3 -3)

(ശരീരത്തെ ഒരു രഥമായിട്ടും ആത്മാവിനെ രഥത്തിന്റെ ഉടമയായിട്ടും ബുദ്ധിയെ സാരഥിയായിട്ടും മനസ്സിനെ കടിഞ്ഞാൺ ആയിട്ടും അറിയുക. ഇതിനെ തുടർന്നുള്ള ശ്ലോകത്തിൽ രഥത്തിലെ അഞ്ചു കുതിരകൾ ഇന്ദ്രിയങ്ങളാണെന്നും പറഞ്ഞിട്ടുണ്ട്). (ചില വാക്കുകൾ മലയാളത്തിൽ അടിക്കുമ്പോൾ തെറ്റുവരാം, ക്ഷമിക്കുക).

ആത്മജ്ഞാനം സാക്ഷാത്കരിക്കയാൻ എന്തുചെയ്യണം എന്ന ഉപനിഷദ് ചർച്ചക്കിടെയാണ് ഈ പരാമർശങ്ങൾ വരുന്നത്. ഇതൊക്കെ വലിയ വിഷയങ്ങളായതു കൊണ്ട് അവിടെക്കൊന്നും പോകാതെ നമ്മുടെ രഥത്തിന്റെ കാര്യം മാത്രം വളരെ ലളിതമായി പറഞ്ഞു നിർത്താം.

ഇന്ദ്രിയങ്ങൾ അഞ്ച്. കണ്ണ്, മൂക്ക്, നാക്ക്, ത്വക്ക്, ചെവി. ഇവക്കെല്ലാം തന്നെ അവയുടേതായ സവിശേഷ പ്രകൃതങ്ങൾ ഉണ്ട്. ബഹിർമുഖമായി നിൽക്കുന്ന ഈ പഞ്ചേന്ദ്രിയങ്ങളിൽ കൂടി ലഭിക്കുന്ന അനുഭവങ്ങളിലാണ് മനസ്സ് സ്ഥിതിചെയ്യുന്നത്. വിഷയ സുഖങ്ങളുടെ പിറകേ പോകുന്ന, ഇന്ദ്രിയങ്ങളുടെ താത്‌പര്യത്തിൽ നിൽക്കുന്ന, മനസ്സിനു സ്ഥിരസ്വഭാവമില്ല. ഒരു കുരങ്ങൻ മരച്ചില്ലകൾ തോറും ചാടി മറിഞ്ഞു കൊണ്ടിരിക്കുന്നതുപോലെയുള്ള പ്രകൃതമാണ് അതിന്‌. ആ മനസ്സുകൊണ്ട് നമുക്കൊന്നും തന്നെ നിയന്ത്രിക്കാൻ കഴിയില്ല. മനോതലത്തിൽ ചെയ്യുന്ന കർമ്മങ്ങൾ പലതും അപക്വവും ദുഖഃദായകവും ആയിരിക്കും. അതുകൊണ്ടു മനസ്സിന്റെ നിയന്ത്രണം ബുദ്ധിക്കു നൽകണം. മനസ്സിനെയും ഇന്ദ്രിയങ്ങളാകുന്ന കുതിരകളെയും വേണ്ട വിധത്തിൽ നിയന്ത്രിച്ചു ഭഗവാനാകുന്ന ബുദ്ധി ശരീരത്തെ കാത്തു കൊള്ളും.

'ഐവരെയും അടക്കി മനക്കാമ്പിൽ ദിവ്യവിഷ്ണു ഭഗവാന്റെ രൂപത്തിൽ ചൊവ്വിൽ കാണുന്ന നേരമുണ്ടാനന്ദം കൈവരും നൂനം' എന്നു ഭാഗവതത്തിൽ പറയുന്നതും ഏതാണ്ടിതു തന്നെ. ഐവർ എന്നാൽ പഞ്ചേന്ദ്രിയങ്ങളെന്നും, വിഷ്ണുഭഗവാൻ എന്നാൽ ബുദ്ധിയെന്നും അർഥം. പഞ്ചേന്ദ്രിയങ്ങളെ അടക്കി നിർത്തി ബുദ്ധിയെ പ്രകാശിപ്പിച്ചാൽ ആനന്ദം കിട്ടും. ഇത് ചെയ്യുന്നില്ലെങ്കിൽ ചെയ്യന്ന കർമ്മങ്ങളിൽ നിന്നും ആനന്ദം ലഭിക്കുകയില്ല എന്ന് സാരം.

ഇത്രയും പറഞ്ഞത് ബുദ്ധിക്കും യുക്തിക്കും നമ്മുടെ സംസ്കാരം കൽപ്പിച്ചിരിക്കുന്ന സ്ഥാനം എന്താണെന്നു വ്യക്തമാക്കാനാണ്. അജ്ഞാനിയെ മനസ്സ് ഭരിക്കുമ്പോൾ, ജ്ഞാനിയെ ബുദ്ധി ഭരിക്കും. ആദ്ധ്യാത്മികം എന്ന് പറഞ്ഞു ഇന്ന് നമ്മൾ ചെയ്തു കൂട്ടുന്നതെല്ലാം ഇന്ദ്രിയ-മനോതലത്തിലുള്ള കർമ്മങ്ങൾ മാത്രമാണ്. ബുദ്ധിക്കും മനഃ സ്സാക്ഷിക്കും ഈ കർമ്മങ്ങളിൽ ഒന്നും ഒരു സ്ഥാനവുമില്ല. ദേവാലയങ്ങൾ ആയിരക്കണക്കിനുണ്ടെങ്കിലും, മനുഷ്യനും സമൂഹവും അശാന്തിയിലാകുന്നതിനും ജീവിതം നാൾക്കുനാൾ ഭയാവഹമായി മാറിക്കൊണ്ടിരിക്കുന്നതിനും പ്രധാന കാരണം ആത്മീയതയെക്കുറിച്ചുള്ള നമ്മുടെ വികലമായ കാഴ്ചപ്പാടുകളും പ്രവർത്തനങ്ങളും ആണ്. പുരാണ കഥകളുടെയും കൽപ്പനകളുടെയും ഉള്ളിൽ മറഞ്ഞിരിക്കുന്ന തത്വചിന്തകൾ എന്താണെന്ന് വെളിപ്പെടുത്തുന്ന നല്ലൊരുദാഹരണം കൂടിയാണ് മേൽപ്പറഞ്ഞ രഥകൽപ്പന. ഇതൊന്നും വെറുതെ വിശ്വസിച്ചു തൊഴുതു നമിക്കാനുള്ളതല്ല, ബുദ്ധികൊണ്ട് ചിന്തിച്ചു മനസ്സിനെ പരിഷ്‌ക്കരിക്കാനുദ്ദേശിച്ചുള്ളതാണ്.

No comments:

Post a Comment