Wednesday, August 10, 2016

ഒരു A T M തട്ടിപ്പ് കഥ

രണ്ടു ദിവസങ്ങളായി തിരുവനന്തപുരത്തു നടന്ന A T M തട്ടിപ്പാണ് വാർത്തകളിൽ നിറയുന്നത്. തട്ടിപ്പുകാർ റുമേനിയക്കാർ ആണെന്ന് ഇന്നത്തെ പാത്രത്തിൽ കണ്ടു. ഇതൊക്കെ വായിച്ചപ്പോൾ ഏതാണ്ട് സമാനസ്വഭാവത്തിൽ എനിക്കുണ്ടായ ഒരു തട്ടിപ്പ് അനുഭവമാണ് ഓർമ്മ വന്നത്.

സംഭവം നടക്കുന്നത് 2005 ൽ ചെക്കോസ്ലോവാക്കിയയുടെ തലസ്ഥാനമായ പ്രാഗിൽ വച്ച്. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ നിന്നും ഒരു കോൺഫെറെൻസിൽ പങ്കെടുക്കാൻ അവിടെ പോയതാണ്. എന്റെ കൂടെ ലീഡ്സ് യൂണിവേഴ്സിറ്റിയിലെ മലയാളി ഗവേഷക ഡോ. മേരിയും ഉണ്ട്. 

ട്രെയിനിൽ പ്രാഗ് മെട്രോസ്റ്റേഷനിൽ ഇറങ്ങി കോൺഫറൻസ് നടക്കുന്ന ടെക്നിക്കൽ യൂണിവേഴ്സിറ്റിയിലേക്കാണ് ഞങ്ങൾ പോകുന്നത്. ചുറ്റും വാഹനങ്ങളും ധാരാളം കാൽനടക്കാരുമുള്ള നഗരമദ്ധ്യ ത്തിലെ ഒരു പാർക്കു വഴിയാണ് ഞങ്ങൾ നടക്കുന്നത്. വളരെ തുറസ്സായ പാർക്കിലെ നടപ്പാതക്കു രണ്ടു വശങ്ങളിലും കുറെ വലിയ മരങ്ങൾ ഉണ്ടെന്നത് മാത്രമാണു് ഒരു മറവായുള്ളത്. ഞങ്ങൾ നടക്കുമ്പോൾ ഒരു മരത്തിനു പിറകിൽ നിന്നും രണ്ടുപേർ ചാടി മുന്നിൽ വന്നു നിന്നു. ചില ഹിന്ദി സിനിമകളിലൊക്കെ കാണുന്നതുപോലെ ലെതർ ജാക്കറ്റു ധരിച്ച ഫ്രോഡ് ലുക്കുള്ളവർ. അതിൽ പ്രധാനിയുടെ കഴുത്തിൽ ചുറ്റിക്കിടക്കുന്ന സ്റ്റീൽ ചെയിനിന്റെ വലിയ ലോക്കറ്റിൽ 'പ്രാഗ്  പോലീസ് ഇന്റലിജൻസ്' എന്ന് വെണ്ടക്കാ അക്ഷരത്തിൽ എഴുതിയിട്ടും ഉണ്ട്. അത് കയ്യിലെടുത്തു കാണിച്ചു അയാൾ പറഞ്ഞു, 'ഞങ്ങൾ ചെക്ക് പോലീസ് ഇന്റലിജൻസ് ഡിപ്പാർട്മെൻറ്റിലെ  ഉദ്യോഗസ്ഥരാണ്. ഈ നഗരത്തിൽ വരുന്ന എല്ലാ വിദേശികളുടെയും ഞങ്ങൾ നിരീക്ഷിക്കുന്നുണ്ട്. നിങ്ങളുടെ കയ്യിലുള്ള പാസ്പോർട്ട്, കറൻസികൾ, A T M കാർഡുകൾ, ഇവിടെ വന്നത് എന്തിണെന്നതിനുള്ള രേഖകൾ എല്ലാം എടുക്കു, വേഗം, വേഗം". അവരുടെ ചോദ്യവും ഭാവവും കണ്ടാൽ കാര്യം സത്യമാണെന്നേ ആർക്കും തോന്നൂ. രേഖകൾ എടുക്കാനുള്ള സാവകാശം പോലും നൽകാതെയാണ് അവർ ആക്രോശിക്കുന്നത്. ഡോ. മേരി ശരിക്കും ഭയന്നു പോയി. കയ്യിലുള്ള പാസ്സ്പോർട്ടും അഞ്ചെട്ടു കാർഡുകളും  കറൻസികളും എല്ലാം എടുത്തു അവരുടെ കയ്യിൽ കൊടുത്തു. കറൻസികലും പാസ്പോർട്ടും ഒന്നു നോക്കി തിരികെ കൊടുത്തു. ക്രെഡിറ്റ് കാർഡുകൾ എടുത്തു ചെറിയ പെൻടോർച്ചു മാതിരിയുള്ള സ്കാനർ കൊണ്ടു സ്കാൻ ചെയ്തു ഒന്നൊന്നായി തിരികെ നൽകി.  എന്റെ കയ്യിൽ പാസ്പോർട് ഉണ്ടെങ്കിലും ഇല്ല എന്നു പറഞ്ഞു കയ്യിലുണ്ടായിരുന്ന barclays bank card മാത്രം കൊടുത്തു. അതും സ്കാൻ ചെയ്തു തിരികെ തന്നു. രണ്ടോ മൂന്നോ മിനിറ്റുകൾക്കുള്ളിൽ ഈ നാടകം അവസാനിപ്പിച്ചു, സുരക്ഷിതമായി യാത്ര ചെയ്യണം എന്ന ഉപദേശവും നൽകി ഇന്റലിജൻസ് ഓഫീസർമാർ സ്ഥലവും വിട്ടു. അവർ ഫ്രോഡുകളായിട്ടാണ് എനിക്ക് തോന്നിയതെങ്കിലും മേരിക്ക് അങ്ങനെ തോണിയില്ല. നല്ല ഇംഗ്ലീഷിൽ സംസാരിച്ചു, കൊടുത്ത കറൻസികൾ അടക്കം പ്രധാനപ്പെട്ട യാത്രാരേഖകൾ ഒന്നും തന്നെ എടുക്കാതെ തിരികെ ഏൽപ്പിച്ച അവർ മാന്യന്മാരല്ലേ?

കുറെ നേരം കഴിഞ്ഞു, കോൺഫറൻസ് സ്ഥലത്തു വച്ച് ഒരുൾവിളി തോന്നി ഞാൻ മേരിയോട് കാർഡെല്ലാം തിരികെ കിട്ടിയോ എന്നു ഒന്നു കൂടി നോക്കാൻ പറഞ്ഞു. അതെ, ഒരു കാർഡ് കാണാനില്ല.  വളരെ വേഗത്തിലുള്ള കൊടുക്കലും വാങ്ങലും സ്‌കാനിങ്ങും ഒക്കെ നടത്തുന്നതിനിടയിൽ ആ മിടുക്കന്മാർ കാർഡിലൊരെണ്ണം അങ്ങു മുക്കി !

ഞാൻ ഉടൻ തന്നെ കേംബ്രിഡ്ജിലെ എന്റെ ബാങ്കിലേക്ക് വിളിച്ചു കാര്യം പറഞ്ഞു. എന്റെ കാർഡ് അവരുടെ കയ്യിൽ ഇല്ലാതിരുന്നതിനാലാകാം തുക ഒന്നും അവർ എടുത്തിരുന്നില്ല, കാർഡ് ബ്ലോക്കും ചെയ്യിച്ചു (കാർഡ് സ്കാൻ ചെയ്ത ഡേറ്റ ഉപയോഗിച്ച് പുതിയ കാർഡ് ഉണ്ടാക്കിയെടുത്താൽ മാത്രമേ അതുപയോഗിച്ചു പണം  എടുക്കാൻ കഴിയൂ). മേരിയും ബാങ്കിലേക്ക് വിളിച്ചു. പക്ഷെ അതിനുള്ളിൽ അക്കൗണ്ടിൽ നിന്നും 900 പൗണ്ടുകൾ  (~ 75000 രൂപ) പോയ്ക്കഴിഞ്ഞിരുന്നു. പരാതിപ്പെടണമെങ്കിൽ കാർഡ് നഷ്ട്ടപ്പെട്ട സ്ഥലത്തെ പോലീസ് സ്റ്റേഷനിൽ  നിന്നുള്ള  എഫ്.ഐ.ആർ വേണം. ഒരു ദിവസം മുഴുവൻ പ്രാഗ് പോലീസ് സ്റ്റേഷൻ നിരങ്ങി എഫ്.ഐ.ആർ സംഘടിപ്പിച്ചു. പരാതിയൊക്കെ കൊടുത്തുവെങ്കിലും നഷ്ട്ടപ്പെട്ട പണമൊന്നും തിരികെ കിട്ടിയില്ലെന്നു പിന്നീടൊരിക്കൽ മേരിയെ കണ്ടപ്പോൾ അറിഞ്ഞു.

2 comments:

  1. മിസ്റ്റർ: മോഹൻദാസ്, ഏതായാലും താങ്കളുടെ കാർഡ് ആ മാന്യ കള്ളന്മാർ ഉപയോഗിക്കാഞ്ഞത് ആശ്വാസം തന്നെ.

    ReplyDelete