Sunday, August 14, 2016

രാമായണമാസക്കുറിപ്പ് - ഭാഗം 8 മുതൽ 11 വരെ

രാമായണമാസക്കുറിപ്പ് - 8

പുരാണങ്ങളുടെ ആത്മീയവിഷയ പ്രസക്തി ചർച്ച ചെയ്യുന്നതിനിടയിൽ കണ്ണനെ കണ്ടൽപ്പനേരം ഇരുന്നുപോയി. മഹനീയവും ഉൽകൃഷ്ടവുമായ സനാതന ദർശനങ്ങൾ ഉണ്ടായിട്ടും ആത്മീയവിഷയത്തിൽ ഹിന്ദുക്കൾ എങ്ങിനെയാണ് രണ്ടാം തരക്കാരാകുന്നത് എന്നാണ് ഞാൻ ചോദിച്ചു നിർത്തിയത്. അതിന്റെ ഉത്തരം നോക്കാം. വിശദമായി ഈ വിഷയം ചർച്ച ചെയ്യണമെങ്കിൽ ഒരു പത്തു കുറിപ്പുകൾ എങ്കിലും എഴുതണം. അതിപ്പം നടക്കുന്ന കാര്യമല്ല. അതുകൊണ്ടു 'കല്യാണസൗഗന്ധികത്തിലെ ഹനുമാൻ തന്റെ വിശ്വരൂപം അങ്ങേയറ്റം ചുരുക്കി ഭീമനെ' കാണിച്ചതുപോലെ, ഞാനും അങ്ങേയറ്റം ചുരുക്കുകയാണ്.

വേദങ്ങളും ഉപനിഷത്തുക്കളും ആണ് സനാതനധർമ്മത്തിന്റെയും അത് അടിസ്ഥാനമാക്കുന്ന ഹിന്ദുമതത്തിന്റെയും അസ്ഥിവാരം എന്ന് നേരത്തെ പറഞ്ഞു കഴിഞ്ഞു. വേദങ്ങളുടെ കർമ്മകാണ്ഡത്തിൽ പ്രകൃതിശക്തികളെ ദേവതകളായിക്കണ്ടു അവയുടെ പ്രീതിക്കായി ചെയ്യേണ്ട പൂജകളും ഹോമങ്ങളും യജ്ഞങ്ങളും അതിന്റെയൊക്കെ ആചാരാനുഷ്ഠാന ക്രമങ്ങളും പ്രതിപാദിച്ചിരിക്കുന്നു. വേദങ്ങളുടെ ജ്ഞാനകാണ്ഡത്തിൽ ഇതൊക്കെ ചെയ്ത മനുഷ്യന് ഉണ്ടാകേണ്ട ഉന്നത ദർശനങ്ങളെ, മൂല്യങ്ങളെ, ബോധ തലത്തെക്കുറിച്ചു വിശദമായി പ്രതിപാദിക്കുന്നു. വേദ (അറിവ്) ത്തിന്റെ അന്ത്യം അല്ലെങ്കിൽ വേദപഠനം കൊണ്ട് ഉണ്ടാകേണ്ടത് ഉൽകൃഷ്ടമായ ജ്ഞാനം ആണെന്നതിനാൽ ഈ ഉൽകൃഷ്ട ആശയങ്ങളെ വേദാന്തം അല്ലെങ്കിൽ ഉപനിഷത്തുക്കൾ എന്നറിയപ്പെടുന്നു. മനുഷ്യന് മനഃ പരിവർത്തനം ഉണ്ടാകാൻ ഈ ഉപനിഷദ് ജ്ഞാനം ആണ് ആവശ്യം. കുരുക്ഷേത്രയുദ്ധത്തിൽ ബന്ധുമിത്രാദികളെ കണ്ടു തളർന്നു തേർത്തട്ടിലിരുന്ന അർജ്ജുനനെ മന:പരിവർത്തനം ചെയ്തുണർത്തി ധർമ്മയുദ്ധം ചെയ്യിക്കാൻ ഭഗവാൻ കൃഷ്ണൻ (വ്യാസൻ) പ്രയോഗിക്കുന്നത് ഈ ഉപനിഷദ് ജ്ഞാനമാണ്. ഭഗവത് ഗീതയിൽ നിറഞ്ഞു നിൽക്കുന്നത് ഉപനിഷദ്ജ്ഞാനം തന്നെയാണെന്ന് ഗീതയുടെ ധ്യാനശ്ലോകത്തിൽ പറഞ്ഞിട്ടുണ്ട്.

സർവോപനിഷദോ ഗാവോ ദൊഗ്ദ്ധാ ഗോപാലാനന്ദന:
പാർഥോ വത്സ: സുധീർ ഭോക്താ ദുഗ്‌ദ്ധം ഗീതാമൃതം മഹത്.

(പശുക്കളാകുന്ന എല്ലാ ഉപനിഷത്തുക്കളെയും പശുക്കിടാവായ അർജുനന്റെ സാന്നിദ്ധ്യത്തിൽ ഭഗവാൻ ശ്രീകൃഷ്ണൻ കറക്കുന്നു. ഗീതാമൃതം എന്ന മഹത്തായ പാൽ വിദ്വാൻമാർ ഭുജിക്കുന്നു).

അതായത് വേദത്തിന്റെ കർമ്മകാണ്ഡത്തിലല്ല, ജ്ഞാനകാണ്ഡത്തിലാണ് മനുഷ്യനെ സംസ്കാരചിത്തനാക്കാനുള്ള വിദ്യകൾ നിറഞ്ഞിരിക്കുന്നത് എന്നർത്ഥം. വേദത്തിലെ കർമ്മകാണ്ഡം വേദാന്തത്തിലേക്കുള്ള വഴി മാത്രമാണ്. പക്ഷെ ഹിന്ദുമതത്തിന്റെ ആചാരാനുഷ്ട്ടാനങ്ങളായി സ്വീകരിച്ചിട്ടുള്ളതെല്ലാം തന്നെ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ കാണുന്ന മന്ത്രതന്ത്രങ്ങളെ മാത്രമാണ്. അതായത് നാളീകേരത്തിൻറെ തൊണ്ടും ചിരട്ടയും സ്വീകരിച്ചിട്ട് വെണ്മയാർന്ന ഫലത്തെ ദൂരെക്കളഞ്ഞതുപോലെ. ഇതു ചെയ്താൽ അതു കിട്ടും എന്നു പറഞ്ഞു വച്ചിരിക്കുന്ന വേദഭാഗത്തെ നാം സ്വീകരിച്ചു, അതിൻറെ മേലെയുള്ള ജ്ഞാനഭാഗത്തെ ദൂരെയും കളഞ്ഞു. നമ്മുടെ ആത്മീയവിഷയത്തിന്റെ അപചയത്തിന്റെ തുടക്കമിവിടെയാണ്.

ടീവീയിലെ സത്സംഗത്തിൽ ഒരു ദിവസം ഭൂമാനന്ദസ്വാമി പറഞ്ഞു. ഒരു കൊച്ചുകുഞ്ഞു പാലുകുടിക്കാൻ മടി കാണിക്കുമ്പോൾ ഹേമമാലിനിയുടെ ഫോട്ടോയുള്ള കലണ്ടർ ചൂണ്ടിക്കാണിച്ചു അമ്മ ചോദിക്കും ' മോളേ, ആ ചേച്ചിയുടെ സൗന്ദര്യം കണ്ടോ? മുടി കണ്ടോ? ഇതൊക്കെ എന്റെ മോൾക്കും വേണ്ടേ? വേണം എന്ന് കുഞ്ഞു പറയും. അപ്പൊ അമ്മ, "എങ്കിലീ പാല് മുഴുവൻ മക്കള് കുടിച്ചേ'. ഹേമമാലിനിയാകാൻ കൊതിച്ചു കുഞ്ഞു ഇഷ്ടമല്ലെങ്കിലും ആ പാലെല്ലാം കുടിക്കും. ഇതുപോലെ ഇന്ദ്രിയ വിഷയങ്ങളിൽ മാത്രം അഭിരമിച്ചു കഴിയുന്ന, സംസ്കാരരഹിതനായ മനുഷ്യനെ ആത്മീയ വിഷയത്തിലേക്ക് കൊണ്ടുവന്നു സംസ്കാരം മാറ്റിയെടുക്കാനുള്ള പദ്ധതിയുടെ ആദ്യപടി മാത്രമാണ് വേദത്തിലെ കർമ്മകാണ്ഡപരിപാടികൾ. ഹേമമാലിനിയുടെ ഫോട്ടോ കാണിച്ചു കുഞ്ഞിനെ പാലുകുടിപ്പിക്കുന്നപോലെ, അതു ചെയ്താൽ ഇതു കിട്ടും എന്നൊക്കെയുള്ള വേദഭാഗം കാണിച്ചും പരിശീലിപ്പിച്ചും ഒരുവനെ വിഷയത്തിലേക്കു കൊണ്ടുവരാൻ ശ്രമിക്കയാണ്. അതായത് ആത്മീയ വിഷയത്തിന്റെ primary level ആണ് വേദത്തിലെ കർമ്മകാണ്ഡം എന്നർത്ഥം. നമ്മൾ ഈ primary class ൻറെ മുകളിലുള്ളതൊന്നും മനസ്സിലാക്കിയിട്ടില്ല. പിന്നെങ്ങനെ മതം നന്നാകും, മനുഷ്യൻ നന്നാകും?
വേദത്തിലെ കർമ്മകാണ്ഡത്തിനു മുകളിൽ മറ്റൊന്നും ഇല്ലെന്നു പറയുന്നവരെ എത്ര നിശിതമായാണ് ഭഗവത് ഗീതയിൽ കൃഷ്ണൻ (വ്യാസൻ) വിമർശിക്കുന്നതെന്നു നോക്കാം, നാളെയാകട്ടെ .

രാമായണക്കുറിപ്പ് - 9

വേദങ്ങളെ (കർമ്മകാണ്ഡത്തെ) ക്കുറിച്ചു  ശ്രീകൃഷ്ണൻ (വ്യാസൻ)  ഭഗവത് ഗീതയിൽ പറയുന്നു:

യാമിമാം പുഷ്പ്പിതാം വാചം പ്രവദന്ത്യ വിപശ്ചിതഃ
വേദവാദരതാഃ പാർത്ഥ  നാന്യ ദസതീതി വാദിനഃ                (ഗീത 2 : 42  )
കാമാൽമാനഃ സ്വർഗ്ഗപരാ ജന്മകർമ്മഫലപ്രദാം
ക്രിയാവിേശഷബഹുലാം  ഭോഗൈശ്വര്യഗതിം പ്രതി        (ഗീത 2 : 43 )
ഭോഗൈശ്വര്യ പ്രസക്താനാം തയാപഹൃത ചേതസാം
വ്യാവസായാൽമികാ  ബുദ്ധി:  സമാധൗ ന വിധീയേത       (ഗീത 2 : 43 )

(പാർത്ഥാ, വേദത്തിൽ പറയുന്ന കോമള പദങ്ങളിൽ (flowery language ) തത്പരന്മാരും അതിൽ കവിഞ്ഞു മറ്റൊന്നുമില്ല എന്ന് പറയുന്നവരും ഭോഗചിത്തരും സ്വർഗ്ഗം കാംഷിക്കുന്നവരുമായവർക്കു ---------- വാക്കുകൾ കേട്ടിട്ട് മനസ്സ് അപഹരിക്കപ്പെട്ടിരിക്കയാൽ സമാധിയിൽ ഏകാഗ്രത ലഭിക്കുന്നില്ല).

കുറച്ചുകൂടി ലളിതമായിപ്പറഞ്ഞാൽ വേദത്തിന്റെ കർമ്മകാണ്ഡത്തിൽ പറഞ്ഞിരിക്കുന്നതു മാത്രം വിശ്വസിച്ചിരിക്കുന്നവർ അതിൽ പറഞ്ഞിരിക്കുന്നതൊക്കെ കിട്ടും എന്ന സ്വാർത്ഥചിന്തയിൽ മുഴുകി ഈശ്വരനിൽ നിന്നും അകന്നു നിൽക്കുന്നു എന്ന് സാരം.

ഇത് മാത്രമല്ല, ഗീതാകാരൻ ഇനിയും പറയുന്നുണ്ട്,

യാവാനർഥ  ഉദപാനേ സര്വതഃ സംപ്ലൂദോതകേ
താവാൻ സർവേഷു വേദേഷു ബ്രാഹ്മണസ്യ വിജാനതഃ        (ഗീത 2 : 46)

(എല്ലായിടത്തും വെള്ളം കൊണ്ട് നിറഞ്ഞിരിക്കുമ്പോൾ കിണറുകൊണ്ട് എത്ര പ്രയോജനം ഉണ്ടാകുമോ അത്രക്കു പ്രയോജനം മാത്രമേ ബ്രാഹ്മണന് വേദങ്ങളാസകലവും കൊണ്ടുണ്ടാകൂ).

ഇതാണ് വേദങ്ങളെക്കുറിച്ചു ശ്രീകൃഷ്ണന്റെ (വ്യാസന്റെ) അഭിപ്രായം. വേദമല്ല, വേദാന്തദർശനങ്ങളാണ് പ്രധാനം എന്നതാണ് ഇപ്പറഞ്ഞതിന്റെയർത്ഥം. എന്നാൽ നമ്മുടെ ഹിന്ദുമതപണ്ഡിതന്മാരുടെ അഭിപ്രായവും  പോക്കുമോ,  ഇതിനു നേരെ എതിരും!  ഹിന്ദുമതവും ഉപനിഷത്തിലും ഗീതയിലും വർണ്ണിക്കുന്ന സനാതനഃധർമ്മവും മോരും മുതിരയും പോലെ ചേരാതെ കിടക്കുന്നത് ഇതുകൊണ്ടാണ്‌. ഹിന്ദുമതത്തിന്റെ അപചയത്തിന്റെ അടിസ്ഥാനകാരണങ്ങളിൽ ഒന്നാമത്തേതും പ്രധാനപ്പെട്ടതുമാണീ പറഞ്ഞത്. ഇനിയും വേറെ പല കാരണങ്ങളും പറയാം.  

രാമായണമാസക്കുറിപ്പ് - 10

ശ്രീകൃഷ്ണൻ വേദവിഷയത്തെക്കുറിച്ചു പറഞ്ഞതൊക്കെ അക്ഷരാർത്ഥത്തിൽ ശരിയാണെന്ന് പല സന്ദർഭങ്ങളിലും എനിക്കു തോന്നിയിട്ടുണ്ട്. വേദവിഷയത്തിൽ പണ്ഡിതനായി പറയപ്പെട്ടിരുന്ന ഒരു മനുഷ്യനുമായുള്ള എന്റെ ഒരനുഭവം താഴെ വിവരിക്കുന്നത് ഒന്നു വായിച്ചോളൂ.  ജീവിതം മുഴുവൻ വേദങ്ങൾ പഠിച്ചിട്ടും പഠിപ്പിച്ചിട്ടും എന്ത് ജ്ഞാനമാണ് ഈ മനുഷ്യനുണ്ടായത് എന്നോർത്തു എനിക്കു ദുഖമാണ് അന്നു തോന്നിയത്. ഇങ്ങനെയുള്ള വിഷയങ്ങളിൽ അർത്ഥം ശരിക്കും അറിയാതെ പഠിക്കയും പഠിപ്പിക്കുകയും ചെയ്യന്നതതിലല്ല കാര്യം; വിഷയത്തിലടങ്ങിയിരിക്കുന്ന മഹനീയ സന്ദേശങ്ങളെ മനസ്സിലേക്ക് ആവാഹിച്ചു സ്വയം സംസ്കാരചിത്തനാകുക എന്നതിലാണ്. വ്യക്തിക്കും സമൂഹത്തിനും അതുകൊണ്ടേ ഗുണമുണ്ടാകയുള്ളൂ.

ഒരു  കമ്പിയുടെ മന:ശശാസ്‌ത്രം :  http://dhanyaasi.blogspot.in/2014/06/blog-post.html

രാമായണമാസക്കുറിപ്പ് - 11  

ഹിന്ദു മതത്തിന്റെ അപചയത്തിന്റെ രണ്ടാമത്തെ പ്രധാന കാരണം മനുഷ്യരെ മനുഷ്യരുടെ അടിമയാക്കുന്ന അതിലെ ജാതിവ്യവസ്ഥയാണ്. ഇന്നലത്തെ ന്യൂസിലും കേട്ടു; തമിഴ്‌നാടിന്റെ തെക്കൻ ജില്ലയിലെ ഒരു പ്രദേശത്തു 250 പേർ ഹിന്ദുമതം വിട്ടു ക്രിസ്തുമതത്തിലേക്ക് ചേക്കേറാൻ പോകുന്നുവെന്നും ഇതിൽ വേവലാതി പൂണ്ട ഹിന്ദുസംഘടനകൾ അതു തടയാനുള്ള തീവ്രശ്രമങ്ങൾ നടത്തുകയാണെന്നും. ഈ നാട്ടിൽ നടക്കുന്ന ഭൂരിഭാഗം മതം മാറ്റങ്ങളും എന്തെങ്കിലും ആദർശങ്ങളുടെയോ വിശ്വാസങ്ങളുടെയോ പേരിൽ നടക്കുന്നതല്ല, മറിച്ചു സ്വന്തം മതത്തിൽ അടിമകളായി കഴിയുന്നതിലും ഭേദം മറ്റൊരു മതത്തിലേക്ക് ചേക്കേറുന്നതല്ലേ എന്ന ചിന്തയിൽ നിന്നും ഉണ്ടാകുന്നതാണ്. പോകുന്നിടത്ത് സ്വർഗ്ഗം ഒന്നും കിട്ടാൻ പോകുന്നില്ല എന്നറിയാമെങ്കിലും ഈ നരകത്തിൽ നിന്നും രക്ഷപെടാനെങ്കിലും കഴിയുമല്ലോ എന്ന ചിന്തയാണ് ഇവരെ ഭരിക്കുന്നത്. ഇപ്പുറത്തു സ്വർഗ്ഗവാഗ്ദാനങ്ങളും കൂടിയാകുമ്പോൾ പിന്നെ ഒഴുക്കു കൂടുകയല്ലേ ഉള്ളൂ, കുറയില്ലല്ലോ? ഹിന്ദുക്കൾ തന്നെ ഹിന്ദുമതത്തിനേൽപ്പിച്ച ആഘാതത്തിന്റെ തിരിച്ചടിയാണിത്. തൊലിപ്പുറത്തെ ചികിത്സകൊണ്ടൊന്നും തടയാവുന്ന രോഗമല്ല ഇത്. ഇന്നത്തെ മതം മാറ്റം മാത്രമല്ല, ഈ നാടിന്റെ എക്കാലത്തെയും പുരോഗതിക്കു തടസ്സം സൃഷ്ട്ടിച്ചതും നൂറ്റാണ്ടുകളോളം ഭാരതത്തെ വിദേശ ശക്തികളുടെ അടിമയാക്കി നിർത്തിയതിനു പിന്നിൽ പ്രവർത്തിച്ചതും ഇവിടുത്തെ ജാതിവ്യവസ്ഥയും അതിന്റെ പേരിൽ ഹിന്ദുസമൂഹത്തിൽ ഉണ്ടായ ശൈഥില്യങ്ങളുമായിരുന്നു. സനാതന ധർമ്മത്തിന്റെ മഹനീയ ആദർശങ്ങളെ കുഴിച്ചു മൂടി അതിനുമുകളിൽ സ്വാർത്ഥമോഹങ്ങളുടെ കോട്ടകൊത്തളങ്ങൾ പണിതുയർത്തിയ സങ്കുചിതമനസ്കരായ കുറെ പൂർവികർ നമ്മുടെ നാടിനു സമ്മാനിച്ചിട്ടു പോയതാണ് ജാതിവ്യവസ്ഥ എന്ന തീരാശാപം.

ജാതിവ്യവസ്ഥയുടെ വ്യക്താക്കൾ പറയുന്നത്, ഈശ്വരഹിതം നടപ്പിലാക്കുക മാത്രമാണവർ ചെയ്യുന്നതെന്നാണ്. ചാതുർവർണ്യം മനുഷ്യർക്കിടയിൽ നടപ്പാക്കണം എന്ന് വേദോപനിഷത്തുക്കളിലും പുരാണങ്ങളിലും എല്ലാം ഈശ്വരൻ കൽപ്പിച്ചിട്ടുണ്ടത്രേ ! ഇങ്ങനെ ചിന്തിച്ചു വായിച്ചാൽ ഇങ്ങനെ തന്നെ അർത്ഥം തോന്നുന്ന ചില ശ്ലോകങ്ങളും പരാമർശങ്ങളും ഇപ്പറഞ്ഞ ഗ്രന്ഥങ്ങളിലൊക്കെ ഉണ്ട് എന്നതൊരു സത്യമാണ്. ഉദാഹരണത്തിന് ഭഗവത് ഗീതയിൽ ഭഗവാൻ പറയുന്നത്,

ചാതുർവർണ്യം മായാസൃഷ്ടം ഗുണകർമ്മവിഭാഗശഃ
തസ്യ കർതാരമപി മാം വിദ്ധ്യാ കർതാരമവ്യയം

(ഗുണങ്ങളുടെയും കർമ്മങ്ങളുടെയും വിഭാഗം അനുസരിച്ചു് ചാതുർവർണ്യം ഞാൻ സൃഷ്ടിച്ചിരിക്കുന്നു. നിഷ്ക്രിയനും അനശ്വരനുമായ എന്നെത്തന്നെ അതിന്റെയും ചാതുർവർണ്യത്തിന്റെയും സൃഷ്ട്ടാവായി അറിയുക) എന്നാണ്‌.

ഈ ശ്ലോകത്തെ അവലംബമാക്കിയാണ് ഭഗവാനാണ് ഇവിടെ ജാതിവ്യവസ്ഥ നടപ്പിലാക്കാൻ ആഹ്വാനം ചെയ്തതെന്ന് പറയുന്നത്. ഇതേത്തുടർന്ന് മനുസ്മൃതിയടക്കം മറ്റു പലരും ഇതേ ലൈനിൽ ഭഗവാന്റെ പേരിൽ ചാതുർവർണ്യം നടപ്പാക്കാൻ ശ്രദ്ധ കാണിച്ചിട്ടുണ്ട്. എന്നാൽ 'പ്രകൃതിയിലെ സകല ചരാചരങ്ങൾക്കും സുഖവും സമാധാനവും നേരുന്ന' (ലോകസമസ്താ സൂഖിനോഭവന്തു), 'അജ്ഞാനാന്ധകാരത്തെ ജ്ഞാനദീപം കൊണ്ട് ഇല്ലാതാക്കാൻ' ആഹ്വാനം ചെയ്യുന്ന (അജ്ഞാന തിമിരാന്ധസ്യ ജ്ഞാനാജ്ഞാന ശലാകയാ), 'അസത്തിൽ നിന്നും സത്തിലേക്കും ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്കും മുന്നേറുവാൻ' (അസതോമാ സദ്ഗമയാ തമസ്സോമാ ജ്യോതിർഗമയാ) ലോകത്തോട് മുഴുവൻ ആഹ്വാനം ചെയ്യുന്ന ഒരു മഹനീയമായ സംസ്കാരത്തിന്റെ പ്രമാണഗ്രന്ഥങ്ങളാണ് ഇങ്ങിനെ മനുഷ്യനെ മനുഷ്യൻ അടിമയാക്കുന്ന ചാതുർവർണ്യം നടപ്പിലാക്കാൻ ഈശ്വരനാമത്തിൽ നിർദ്ദേശിക്കുന്നത് എന്നു പറയുമ്പോൾ അതിൽ എന്തോ ഒരു വലിയ അപാകത തോന്നുന്നില്ലേ? ബോധം തീർത്തും നശിച്ചിട്ടില്ലാത്ത ആർക്കും തോന്നണം. എനിക്കും അങ്ങിനെ തോന്നി. എവിടെയാണ് പ്രശ്നം, നമുക്ക് നോക്കാം.

No comments:

Post a Comment